“മിനിലോകം”

ഞാന്‍ മിനി... എന്റെ മനസ്സ് എന്റെ ലോകമാണ്. എന്റെ മനസ്സില്‍(ഓര്‍മ്മയില്‍) തങ്ങിനില്‍ക്കുന്ന കാര്യങ്ങള്‍,വേണ്ടതും വേണ്ടാത്തതും ഞാന്‍ ഇവിടെ പകര്‍ത്തുന്നു. ഇതു വായിക്കാം, അഭിപ്രായം എഴുതാം. ജീവിതത്തില്‍ നിന്നും ഞാന്‍ കണ്ടെത്തിയ ധാരാളം ചെറിയ‘വലിയ’ സംഭവങ്ങള്‍ ഉണ്ട്. അവയെല്ലാം ചിത്രങ്ങളോടൊപ്പം ഇവിടെ അവതരിപ്പിക്കുന്നു. എന്റെ ലോകത്തേക്ക് “മിനിലോക”ത്തിലേക്ക് ഞാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു... ചിരിക്കാം, കളിക്കാം, ചിന്തിക്കാം... എന്ന് നിങ്ങളുടെ: mini//മിനി

October 31, 2013

തട്ടത്തിൻ മറയിൽ


                  മതിലുകളോ വേലിയോ ഇല്ലാത്ത പഴയകാലത്ത്, നമ്മുടെ സർക്കാർ സ്ക്കൂളുകളിൽ പലതും സാമൂഹ്യദ്രോഹികലുടെ വിളനിലമായിരുന്നു. അങ്ങനെ –തൊണ്ണൂറുകളുടെ ആദ്യപകുതിയിൽ- എന്റെ സർക്കാർ ഹൈ സ്ക്കൂളിൽ അദ്ധ്യാപകരും വിദ്യാർത്ഥികളും ഒന്നിച്ച് പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന ഒരു ദിവസം,,,
.. ആദ്യമായി ശബ്ദം കേട്ടത് ലീലാവതി ടീച്ചറാണ്; ഒന്നാമത്തെ പിരിയേഡിൽ വർക്കൊന്നുമില്ലാതെ സ്റ്റാഫ്‌റൂമിൽ ഇരിക്കുന്ന നമ്മുടെ വർക്ക് എക്സ്പീരിയൻസ് അദ്ധ്യാപികയാണ് മിക്കവാറും വാർത്തകൾ ആദ്യമായി കേൾക്കാറുള്ളത്. ടീച്ചർ ജനാലക്കരികിലേക്ക് നടന്നെത്തി ചെവിവട്ടം പിടിച്ച് സ്ക്കൂളിലേക്കുള്ള പ്രവേശനവഴിക്കുനേരെ ഓൺ ചെയ്തു; അപ്പോൾ അതാ ഒരുകൂട്ടം പ്രീയശിഷ്യന്മാൻ മുദ്രാവാക്യവുമായി മുഷ്ടിചുരുട്ടിഉയർത്തി കടന്നുവരുന്നു,
“വിദ്യാർത്ഥിഐക്യം സിന്ദാബാദ്,
ഹെഡ്‌മാസ്റ്റർ നീതിപാലിക്കുക,
വിട്ടുതരില്ല, വിട്ടുതരില്ല,
തട്ടം നമ്മൾ വിട്ടുതരില്ല.
തട്ടത്തിലൊന്ന് തൊട്ടുകളിച്ചാൽ,
അക്കളി തീക്കളി നോക്കിക്കൊ”
അവസാനവരികൾ കേട്ടപ്പോൾ ആകെയൊന്ന് ഞെട്ടിയ ടീച്ചർ സ്റ്റാഫ്‌റൂമിന്റെ ഇടതുവശത്തെ ബഞ്ചിലിരുന്ന് മനോരമയിൽ ലയിച്ചിരിക്കുന്ന കായികഅദ്ധ്യാപിക രമണിയെ വിളിച്ചു,
“ടീച്ചറെ ഒന്നോടിവാ,, ഏതോകുട്ടിയുടെ തട്ടം പിടിച്ചുവലിച്ചിരിക്കുന്നു”
“തട്ടമോ?”
                       മനോരമക്ക് ഇടവേളനൽകിയിട്ട് ജനാലക്കരികിലേക്ക് ഓടിയെത്തിയ കായികവും അത് ശ്രദ്ധിക്കാൻ തുടങ്ങിയപ്പോഴേക്കും നമ്മുടെ ശിഷ്യന്മാൻ സ്ക്കൂൾ ഓഫീസിന് സമീപം എത്തിയിരുന്നു; ആവേശം മൂക്കുമ്പോൾ നടത്തത്തിന് വേഗത കൂടുമല്ലൊ! തുടർന്ന് ഹെഡ്‌മാസ്റ്ററുടെ മുറിക്ക് വെളിയിൽ അണിനിരന്ന് മുദ്രാവാക്യം വിളിക്കാൻ തുടങ്ങി. ഹെഡ്‌മാസ്റ്റർ നീതിപാലിക്കാനും സ്ക്കൂൾ അടച്ചുപൂട്ടാനും വിളിച്ചുപറയുന്നുണ്ട്. ഒരു അവധികിട്ടിയാലെന്താ പുളിക്കുമോ? അക്കാര്യത്തിൽ ഗുരുശിഷ്യന്മാർ ഒരുപോലെയാണ്.

ആ നേരത്താണ് പ്യൂൺ കുട്ടിയമ്മ ഓടിക്കിതച്ച് സ്റ്റാഫ്‌റൂമിൽ എത്തിയത്,
“രമണിടീച്ചറെ, പെട്ടെന്ന് വാ,, ഹെഡ്‌മാസ്റ്റർ വിളിക്കുന്നു”
“ഇന്നെന്തിനാ സമരം? പത്രത്തിലൊന്നും കാണുന്നില്ലല്ലൊ;”
“പത്രത്തിൽ നോക്കിയാണോ പിള്ളേര് സമരം ചെയ്യുന്നത്? അവരെന്തെങ്കിലും കാരണം കണ്ടുപിടിക്കില്ലെ”
“ഏത് കുട്ടിയുടെ തട്ടമാ തൊട്ടുകളിച്ചത്? അത് ഇവിടെ പഠിക്കുന്ന കുട്ടി തന്നെയാണോ?”
“തൊട്ടുകളിച്ചത് നിങ്ങൾ ടീച്ചേർസ് അല്ലെ; അവർക്ക് തട്ടം വേണ്ടപോലും! നിങ്ങള് വേഗം വാ,, എച്ച്.എം. ആകെ പേടിച്ചിരിക്കയാ,,”
“അത് നന്നായി,,, കുറച്ചുനേരത്തേക്ക് അങ്ങേര് കുട്ടികളെയെങ്കിലും പേടിക്കട്ടെ”

                      സംസാരിക്കുന്നതിനിടയിലും കായിക അദ്ധ്യാപിക ഓടിയതിനാൽ പെട്ടെന്ന് സമരക്കാരുടെ മുന്നിലെത്തി. സ്ക്കൂളിലെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ അവർക്ക് മാത്രമേ കഴിയുകയുള്ളു. കുട്ടികൾ വിളിക്കുന്നതും പറയുന്നതും കേൾക്കാത്തമട്ടിൽ അവർക്കിടയിലൂടെ വഴിതെളിച്ച് നേരെ ഹെഡ്‌മാസ്റ്ററുടെ മുന്നിലെത്തിയ രമണിടീച്ചർ അദ്ദേഹത്തെ മുഖം‌കാണിച്ചു. നോട്ടുബുക്കിൽ നിന്ന് കീറിയെടുത്ത വരയുള്ള പേപ്പറിൽ കുട്ടികൾ എഴുതിക്കൊടുത്ത പുത്തൻ അവകാശം ഹെഡ്‌മാസ്റ്റർ കായികത്തിനുനേരെ വെച്ചുനീട്ടി. അവരത് വായിച്ചു,
“നമ്മുടെ പെൺകുട്ടികൾ ഇടുന്ന വെള്ളതട്ടം മാറ്റിയിട്ട് കളറുള്ള തട്ടം ഇടാനുള്ള പെർമിഷൻ തരണമെന്ന് ഹെഡ്‌മാസ്റ്ററെ അറിയിക്കുന്നു, എന്ന്, മുഹമ്മദ് സമദ് ഒപ്പ്”

                       സംഗതി വായിച്ച കായിക അദ്ധ്യാപിക ഒന്നും മനസ്സിലാവാതെ ഹെഡ്‌മാസ്റ്ററെ നോക്കി. സ്ക്കൂൾ തുറക്കുന്നതിന് മുൻപ് നമ്മുടെ സർക്കാർ വിദ്യാലയത്തിലും യൂനിഫോം വേണമെന്ന തീരുമാനം പി.ടി.എ. ചേർന്ന് തീരുമാനിച്ചതാണ്. അതുവരെ പഴയ സിനിമയിൽ കാണുന്നതുപോലെ പലനിറങ്ങളിൽ പലതരം വേഷങ്ങളിൽ വരുന്ന ഹൈസ്ക്കൂൾ വിദ്യാർത്ഥികളെ യൂനിഫോമിൽ അണിനിരത്താൻ താല്പര്യം കാണിച്ചത് അവരുടെ രക്ഷിതാക്കൾതന്നെ ആയിരുന്നു. അങ്ങനെയാണ് ആൺ‌കുട്ടികൾക്ക് വെള്ളയും കറുപ്പും പെൺകുട്ടികൾക്ക് വെള്ളയും പച്ചയും തീരുമാനിച്ചത്. അതോടൊപ്പം ‘മുണ്ട്’ ഉടുക്കുന്നവർക്ക് ‘വെള്ളമുണ്ട്’ ഉടുക്കാം. പിന്നെ തട്ടം അണിയുന്നവർ വെള്ളത്തട്ടം തന്നെ ആയിരിക്കണം, എന്നും തീരുമാനമായി. അതെല്ലാം രക്ഷിതാക്കൾ കൈഅടിച്ച് പാസാക്കിയതാണ്. എന്നിട്ട് ഈ പിള്ളേർക്ക് എന്ത് പറ്റി? കായികം ഹെഡിനെ നോക്കിയിട്ട് പറഞ്ഞു,
“നമ്മളെല്ലാരും രക്ഷിതാക്കളടക്കം ചേർന്ന് തീരുമാനിച്ചിട്ടല്ലെ തട്ടം വെള്ളനിറത്തിലാക്കിയത്. അതിന് ഇവരെന്തിനാ സമരം ചെയ്യുന്നത്?”
“അവർക്ക് സ്ക്കൂൾ വിടണം‌പോലും, നിങ്ങള് വരുന്നതുവരെ അവരെ വെളിയിൽ നിർത്തിയിരിക്കയാ”
“അപ്പോൾ കളർ എന്ന് പറയുന്നത്?”
“വെള്ളനിറം ഒഴികെയുള്ള ഏത് നിറവും ആവാം; കളർ എന്നുപറഞ്ഞാൽ വെള്ള ഒഴികെയുള്ള നിറം. കറുപ്പും കളറാണ്”
“ഇതിപ്പം ഏത് പെൺകുട്ടിയാ ആവശ്യം പറഞ്ഞത്?”
“അതൊക്കെ അവരോട് ചോദിക്കാം, നേതാവിനെ വിളിക്കു,”

നേതാവിനോടൊപ്പം നാലുപേർകൂടി അകത്തുപ്രവേശിച്ചു. അവരിൽ നേതാവിനെ നോക്കിയിട്ട് രമണി എന്ന കായിക അദ്ധ്യാപിക ചോദിച്ചു,
“ഇവിടെ പഠിക്കുന്ന ഏത് കുട്ടിയാണ് വെള്ളത്തട്ടം വേണ്ട, എന്ന് നിങ്ങളോട് പറഞ്ഞത്?”
അതുവരെ മുദ്രാവാക്ക്യം വിളിച്ചവന് ശബ്ദമില്ലാതായി; അതുകണ്ട് തൊട്ടടുത്ത് നിൽക്കുന്നവൻ പറഞ്ഞു,
“ആരും പറഞ്ഞിട്ടില്ല”
“പിന്നെ, ഇതാര് തീരുമാനിച്ചു?”
“അതുപിന്നെ വെള്ള ആയാൽ പെട്ടെന്ന് ചേറ്‌പുരണ്ട് അഴുക്കാവില്ലെ? മറ്റുനിറമായാൽ,,, കാണാനൊരു ചന്തമുണ്ട്,,, പിന്നെ ചേറ് കാണുകയില്ലല്ലൊ”
“അപ്പോൾ ചേറ് പുരളുന്നതല്ല കാരണം, അത് കാണുന്നതാണ്. മറ്റുനിറങ്ങളിൽ ചേറ് ഉണ്ടായാലും അത് അലക്കിവെളുപ്പിക്കാതെ ഉപയോഗിക്കാം, എന്നായിരിക്കും,,”
“അതെ, നമ്മുടെ കുട്ടികൾക്ക് കളർ തട്ടം മതി”
“എന്ന് ആര് പറഞ്ഞു? നിന്റെ സഹോദരി ഇവിടെ പഠിക്കുന്നുണ്ടോ?”
“ഇല്ല, എന്നാലും അത് അലക്കുന്ന നേരത്ത് അവർക്ക് പഠിക്കാമല്ലൊ”
“അപ്പോൾ അവർ അലക്കുന്നതാണ് വിഷമം, അങ്ങനെ ഏതെങ്കിലും പെൺകുട്ടി പറഞ്ഞോ?”
“ആരും പറഞ്ഞിട്ടില്ല”
“നിങ്ങളുടെ രക്ഷിതാക്കളടക്കം തീരുമാനിച്ചതാണ് തട്ടത്തിന്റെ നിറം, അതിന് മാറ്റമില്ല”
പെട്ടെന്ന് ഹെഡ്‌മാസ്റ്റർ ചോദിച്ചു,
“അപ്പോൾ നിങ്ങളുടെ വെള്ളഷേർട്ട് നിറം മാറ്റണ്ടെ?”
“അതുവേണ്ട സാർ”
“അപ്പോൾ സ്വന്തം കാര്യത്തിൽ തീരുമാനമെടുക്കാത്ത ആൺകുട്ടികൾ പെൺകുട്ടികളുടെ തട്ടത്തിന്റെ നിറം മാറ്റാൻ നടക്കുന്നു. എല്ലാരും പോയി ക്ലാസ്സിലിരിക്കുന്നോ, അതോ രക്ഷിതാക്കളെ വിളിച്ചു വരുത്തി ഇവിടെനിന്ന് പറഞ്ഞയക്കണോ?”
                     കായിക അദ്ധ്യാപികയുടെ ഭീഷണി കേട്ട നമ്മുടെ ശിഷ്യന്മാർ ഇഷ്ടമില്ലാതെയാണെങ്കിലും അവരവരുടെ ക്ലാസ്സുകളിലെക്ക് പോയി; ഒപ്പം വലിയ നിരാശയോടെ സമരത്തെ കാത്തിരുന്ന മറ്റുള്ളവർ പഠിക്കാനും പഠിപ്പിക്കാനും തുടങ്ങി..