“മിനിലോകം”

ഞാന്‍ മിനി... എന്റെ മനസ്സ് എന്റെ ലോകമാണ്. എന്റെ മനസ്സില്‍(ഓര്‍മ്മയില്‍) തങ്ങിനില്‍ക്കുന്ന കാര്യങ്ങള്‍,വേണ്ടതും വേണ്ടാത്തതും ഞാന്‍ ഇവിടെ പകര്‍ത്തുന്നു. ഇതു വായിക്കാം, അഭിപ്രായം എഴുതാം. ജീവിതത്തില്‍ നിന്നും ഞാന്‍ കണ്ടെത്തിയ ധാരാളം ചെറിയ‘വലിയ’ സംഭവങ്ങള്‍ ഉണ്ട്. അവയെല്ലാം ചിത്രങ്ങളോടൊപ്പം ഇവിടെ അവതരിപ്പിക്കുന്നു. എന്റെ ലോകത്തേക്ക് “മിനിലോക”ത്തിലേക്ക് ഞാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു... ചിരിക്കാം, കളിക്കാം, ചിന്തിക്കാം... എന്ന് നിങ്ങളുടെ: mini//മിനി

July 1, 2016

ഡിലീറ്റ് ചെയ്യപ്പെട്ട മണിക്കൂറുകൾ

എന്റെ ആദ്യത്തെ ബ്ലോഗ് പോസ്റ്റ് : 1.9.2009
മുൻ‌കുറിപ്പ്:
           കമ്പ്യൂട്ടറിൽ മലയാളം എഴുതാൻ പഠിച്ചതുമുതൽ എന്റെ സ്വന്തമായ എല്ലാ ബ്ലോഗുകളിലും മാസത്തിൽ രണ്ടോ മൂന്നോ പോസ്റ്റുകൾ ‘ലേഖനമായും കഥയായും നർമ്മമായും കവിതയായും ചിത്രങ്ങളായും’ ഇട്ടുകൊണ്ടിരുന്ന, ഒരു പാവമായ ഈ ഞാൻ അടുത്ത കാലത്തായി എന്നുവെച്ചാൽ ‘രണ്ട് വർഷത്തിൽ അധികം’ എഴുത്ത് നിർത്തിയതു പോലുള്ള സംഭവമാണ് ഉണ്ടായത്. ഇങ്ങനെയൊരു ഇടവേള ഉണ്ടാവാനുള്ള കാരണങ്ങൾ പലതാണെങ്കിലും അക്കൂട്ടത്തിൽ ഒന്നാണ് എന്റെയീ അനുഭവം. ‘ഇങ്ങനെയൊരു അനുഭവം പോസ്റ്റ് ചെയ്തതിനുശേഷം കൂടുതലായി എഴുതിയാൽ മതി’ എന്ന് ഒരിക്കൽ ഞാനങ്ങട്ട് തീരുമാനിച്ചു. എന്നാൽ മാനസ്സികമായ ഒരു പാകപ്പെടുത്തൽ ആവശ്യമായതുകൊണ്ട് എന്റെ ഈ അനുഭവം എഴുതാൻ വളരെയധികം വൈകിപ്പോയി. ഇടവേളകൾക്കിടയിൽ അത്യാവശ്യമായ ചിലതൊക്കെ എഴുതിയിട്ടുണ്ടെങ്കിലും ജീവിതത്തിൽ വലിയൊരു മാറ്റം ഉണ്ടാക്കിയ അനുഭവം ഇവിടെ പങ്കുവെക്കുന്നു.

            പത്രത്തിലും ടെലിവിഷനിലും മുഖം കാണിക്കാനുള്ള ഭാഗ്യം പലപ്പോഴായി എനിക്ക് ഉണ്ടായിട്ടുണ്ട്. ചിലപ്പോൾ വാർത്തകൾക്കിടയിൽ ചിലപ്പോൾ ജനക്കൂട്ടത്തിൽ ഒരാളായി,,, കൂടാതെ അഭിമുഖം ചർച്ച തുടങ്ങി ഒരു മണിക്കൂർ നീണ്ട പ്രാദേശികചാനൽ  പരിപാടിയിലും പങ്കാളി ആയിട്ടുണ്ട്. ഈ പരിപാടികളിലെല്ലാം കഥാപാത്രമായ ഞാൻ വേദിയിൽ പ്രവേശിച്ചത് നിന്നുകൊണ്ടും ഇരുന്നുകൊണ്ടും ആയിരുന്നു. എന്നാൽ ഒരു മണിക്കൂർ നീളുന്ന ഒരു ചാനൽ പരിപാടിയിലെ കഥാപാത്രമായി കിടന്നുകൊണ്ട് പങ്കെടുക്കുക; ആ ദൃശ്യം കേരളത്തിൽ അങ്ങോളമിങ്ങോളം ഉള്ളവർക്ക് ടീവിയിൽ കാണാൻ കഴിയുക,,,  അങ്ങനെയൊരു അവസരമാണ് ഒരു തവണ എനിക്ക് ഉണ്ടായത്,,,
അതേ, ആശുപത്രി കിടക്കയിൽ കിടന്നുകൊണ്ട് ഒരു ടീവി കാഴ്ച,,,

             വിലയേറിയ എന്റെ ജീവിതത്തിൽ പലപ്പോഴായി രോഗി ആയി മാറുകയും ആശുപത്രികളിൽ താമസിക്കാനുള്ള അവസരം ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. അതുപോലെ ആറുതവണ ശരീരത്തിന്റെ ഓരോ ഭാഗത്തായി ശസ്ത്രക്രീയ നടത്തിയിട്ടും ഉണ്ട്. അതിനിടയിൽ മിനിട്ടുകൾ, മണിക്കൂറുകൾ തുടങ്ങി ദിവസങ്ങൾവരെ അബോധാവസ്ഥയിൽ കിടന്നിട്ടും ഉണ്ട്. എന്നാൽ ബോധാവസ്ഥയിൽ പതിവുപോലെ എല്ലാം ചെയ്തിരുന്ന ‘ഇന്നലെയെ’ കുറിച്ച് ‘ഇന്ന്’ മറന്നുപോവുക. അതാണ് രണ്ടു വർഷം മുൻപുള്ള ഒരു വിഷുദിവസപിറ്റേന്ന് എനിക്ക് ഉണ്ടായത്. ‘ഇന്ന്’ നടത്തിയ സർജറിക്കുശേഷം ‘ഇന്നലെ’ സംഭവിച്ചതുമാത്രം പൂർണ്ണമായി മറന്നുപോവുകയും ചെയ്യുന്ന അവസ്ഥ. ഇത് ഓർമ്മയുടെ കോശങ്ങൾക്ക് നാശം സംഭവിക്കുന്ന അൾഷിമേഴ്സ് അല്ല. വെറും ഒന്നോ രണ്ടോ ദിവസം ഡിലീറ്റഡ് ആവുക മാത്രം.     

ഇനി ഞാൻ ഉണരട്ടെ,
ഏതോ തുരങ്കത്തിലൂടെ താഴോട്ട് പോവുകയാണ്,,
വളരെ പെട്ടെന്നാണ് ശബ്ദവും വെളിച്ചവും ഗന്ധവും എന്നിലേക്ക് പതിച്ചത്. തീവ്രമായ വെളീച്ചത്തോടൊപ്പം കടന്നുവന്ന അപരിചിതമായ ആശുപത്രി ഗന്ധം ശ്വസിക്കുമ്പോൾ വളരെ വ്യക്തമായി ഞാൻ കേട്ടു,
“ലിഫ്റ്റിന്ന് വെളിയിലിറക്കുമ്പോൾ ശ്രദ്ധിക്കണം, ശരീരം കുലുങ്ങരുത്”
പറഞ്ഞത് വെള്ളപ്രാവുകളാണ്,, തുരങ്കത്തിലൂടെ വണ്ടിയിൽ കിടക്കുന്ന എന്നെ കൊണ്ടുവരുന്ന പച്ചപ്രാവുകളോട് പറയുന്നതാണ് ഞാൻ കേട്ടത്. കഴിഞ്ഞ രംഗം മറന്നുപോയ ഒരു നാടകത്തിന്റെ തുടർച്ച പോലെ അതായത് ഒരുരംഗം പൂർത്തിയാക്കിയശേഷം അടുത്ത രംഗത്തിലേക്ക് പ്രവേശിക്കുന്നതായാണ്, ആ നേരത്ത് എനിക്ക് തോന്നിയത്. വെള്ളപ്രാവുകളെ നോക്കിയിട്ട് ഞാൻ ചോദിച്ചു,
“ഇതെവിടെയാ?”
“ആശുപത്രിയിൽ”
“ഏത്?”
“കൊയൊലി ഹോസ്പിറ്റൽ കണ്ണൂർ”
എനിക്കാകെ ആശ്ചര്യം,, കണ്ണൂരിലാണെങ്കിലും ആദ്യമായിട്ടാണ് ഞാനിവിടെ വരുന്നത്. എന്തായിരിക്കും സംഭവിച്ചത്? അവരോട് ഞാൻ ചോദിച്ചു,
“സമയം എന്തായി?”
“സമയം,, ഇപ്പോൾ മൂന്നര കഴിഞ്ഞു, കൃത്യമായി പറഞ്ഞാൽ രാത്രി മൂന്നേ മുപ്പത്തിമൂന്ന്”
കൈയിൽകെട്ടിയ വാച്ച്നോക്കി കൃത്യസമയം പറഞ്ഞത് ഭർത്താവ്; ഒപ്പം മകളുടെ ഭർത്താവും സഹോദരനും ഉണ്ട്. എന്റെ ആശ്ചര്യം ഇരട്ടിച്ചു, ഇവരൊക്കെ വരാൻ കാരണം? അപ്പോൾ കാര്യമായി എന്തൊക്കെയോ നടന്നുകാണുമല്ലൊ’.

              കഴിഞ്ഞ സംഭവങ്ങൾ ഓരോന്നായി ഓർക്കാർ ശ്രമിച്ചപ്പോൾ ആകെയൊരു അവ്യക്തത. ഏത് രോഗം വന്നാലും കണ്ണൂരിൽ തന്നെയുള്ള ധനലക്ഷ്മി ആശുപത്രിയെ ആശ്രയിക്കുന്ന ഞാനെങ്ങനെ കൊയിലി ആശുപത്രിയിൽ എത്തി? അല്പസമയം മുൻപുവരെ ഞാൻ ഉറങ്ങിയിരുന്നില്ല എന്നൊരു തോന്നൽ,, അപ്പോൾ പാതിരാനേരത്തൊക്കെ എന്തായിരിക്കും എനിക്ക് സംഭവിച്ചത്? ഞാൻ ചോദിച്ചു,,
“ഇന്നെത്രയാ തീയ്യതി?”
“ഇപ്പോൾ ഏപ്രീൽ പതിനാറ്”
               ഓർമ്മകൾ എവിടെയൊക്കെയോ മുറിഞ്ഞുപോകുന്നു,, ഏപ്രിൽ പതിനാലാം തീയ്യതി വിഷുക്കണി ഒരുക്കി കൈനീട്ടം കൊടുത്തും വാങ്ങിയും ഉച്ചനേരത്ത് സദ്യയുണ്ടതും രാത്രി ഉറങ്ങിയതും അവ്യക്താമായെങ്കിലും ഓർമ്മയിലുണ്ട്. പിറ്റേന്ന് ഏപ്രിൽ പതിനഞ്ച്,, അന്നേദിവസം എവിടെപ്പോയി,, ഓർമ്മയുടെ ആഴങ്ങളിൽ മുങ്ങാനുള്ള എന്റെ പരിശ്രമത്തിനിടയിൽ വിശാലമായ ഒരു ഹാളിൽ എത്തിച്ചേർന്നു. വെളിച്ചം വാരി വിതറിയ ആ മുറിയിൽ കടന്നതോടെ എയർ കണ്ടീഷനറിന്റെ തണുപ്പ് ശരീരത്തിൽ അരിച്ചിറങ്ങി. കിടക്കുന്ന അവസ്ഥയിൽ കണ്ണുകൾകൊണ്ട് പരതിയപ്പോൾ അവിടവിടെയായി ബെഡ്ഡിൽ കിടക്കുന്ന രോഗികളെ കാണാൻ കഴിഞ്ഞു. അവർക്കിടയിലൂടെ നടന്നുകൊണ്ട് എന്തൊക്കെയോ ചെയ്യുന്ന വെള്ളപ്രാവുകൾ.

എന്നെ കൊണ്ടുവന്ന ഉന്തുവണ്ടി ഒരു കട്ടിലിനുസമീപം നിർത്തിയിട്ട് ഒപ്പമുള്ള ആൾ പറഞ്ഞു,
“ശരീരം അനക്കാതെ ഉയർത്തിയിട്ട് കിടക്കയിൽ കിടത്തണം”
പറഞ്ഞതുപോലെ അവർ ചെയ്തു; എന്നെ കിടത്തിയ ബെഡ്ഷീറ്റിന്റെ ഓരോ മൂലകളും പിടിച്ച് രണ്ടുപേർ കട്ടിലിനു മുകളിൽ കയറിയപ്പോൾ രണ്ടുപേർ മറുവശത്ത് താഴെ നിന്നു. തുടർന്ന് ബെഡ്ഷീറ്റിന്റെ മൂലകൾ പിടിച്ചുയർത്തിയിട്ട് അല്പം പോലും ചലിപ്പിക്കാതെ എന്നെയവർ കിടക്കയിൽ ഇറക്കിവെച്ചു. തല അനങ്ങാതിരിക്കാൻ കൂടെയുള്ളവരെല്ലാം പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. അങ്ങനെ കിടന്നപ്പോൾ ആകെയൊരു സുഖം തോന്നി.

               ഏതാനും മണിക്കൂറുകൾക്കിടയിൽ ശരീരത്തിന് എന്തൊക്കെയോ സംഭവിച്ചിട്ടുണ്ട്. അത് പലപ്പോഴായി താളംതെറ്റുന്നതും റിപ്പയറിന് വിധേയമാവുകയും ചെയ്ത ഹൃദയത്തിന് ആണെങ്കിൽ ധനലക്ഷ്മി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആവാനാണ് സാദ്ധ്യത. തലയുടെ ഇടതുഭാഗത്ത് എന്തോ ഉണ്ടെന്ന ഒരു തോന്നൽ; പത്ത് വർഷം മുൻപ് 2004ൽ സംഭവിച്ചതുപോലെ സംഗതി തലയിലാവാനാണ് സാദ്ധ്യത. തല ചലിപ്പിക്കാതെ കണ്ണുകൾകൊണ്ട് ചുറ്റുപാടും പരതിയപ്പോൾ ചില കാര്യങ്ങൾ എനിക്ക് മനസ്സിലായി. കിടക്കുന്നത് ആശുപത്രിയിലെ ഐ.സി യൂനിറ്റിൽ, അവിടെ ഓരോ കിടക്കയിലും എന്നെപ്പോലെ കിടക്കുന്ന അഞ്ചാറ് മനുഷ്യർ; സർജറി കഴിഞ്ഞവരാവാം. അവരുടെ ഇടയിൽ ഒട്ടും ഉറക്കച്ചടവില്ലാതെ സിസ്റ്റർമാർ തിരക്കിട്ട് നടക്കുന്നുണ്ട്. തലയിൽ സർജ്ജറി നടത്തിയിട്ട് എന്നെയിവിടെ നിരീക്ഷണത്തിനായി കിടത്തിയിരിക്കയാണ്. എന്റെ ആരോഗ്യ സംരക്ഷണത്തിനായി ഒരു വശത്ത് തൂക്കിയിട്ട കുപ്പിയിൽനിന്നും ഗ്ലൂക്കോസ് പതുക്കെ ഇറങ്ങിവന്ന് കൈത്തണ്ടയിലൂടെ സിരകളിൽ കയറുന്നുണ്ട്. ചുറ്റുപാടും പകൽ വെളിച്ചത്തെ തോല്പിക്കുന്ന പ്രകാശം നിറഞ്ഞിരിക്കയാണ്.
എങ്കിലും എനിക്ക് ഉറക്കം വരുന്നല്ലോ,,

                ഓരോ മനുഷ്യനും ജീവിതത്തിൽ വലിയൊരു കാലം ഉറക്കത്തിനായി മാറ്റിവെക്കപ്പെട്ടിരിക്കയാണ്. ജീവിതത്തിരക്കിനിടയിൽ എനിക്ക് ശരിയായ ഉറക്കം അപൂർവ്വമാണ്. മനഃസ്സമാധാനത്തോടെ സുഖകരമായ ഉറക്കം എനിക്ക് ലഭ്യമാകുന്നത് പലപ്പോഴും ആശുപത്രി കിടക്കയിൽ വെച്ചായിരിക്കും. എന്നെ ശ്രദ്ധിക്കാൻ ആളുകളുണ്ടെന്ന തോന്നൽ വരുമ്പോൾ ബാഹ്യമായ സുരക്ഷിതത്വം ഉറപ്പുവരുത്തുന്ന നേരത്ത് എല്ലാം മറന്നുകൊണ്ടുള്ള ഉറക്കം. അത് ഉറക്കത്തിന്റെ ഏതോ തലങ്ങളിൽ എന്നെ എത്തിക്കുന്നു.
                 ഉറക്കം വിട്ട് ഉണരുമ്പോൾ എനിക്കുചുറ്റും ആളുകൾ വരികയും പോവുകയും ചെയ്യുന്നുണ്ട്. കൂട്ടത്തിൽ പരിചയമുള്ള ഏതെങ്കിലും മുഖം കാണാൻ കൊതിച്ചെങ്കിലും ലഭിച്ചില്ല. വെളിച്ചക്കുറവിൽ പരിസരം ശ്രദ്ധിച്ചപ്പോൾ പകൽനേരമായെന്ന് മനസ്സിലായി. അതോടൊപ്പം തലയിൽ ചെറിയൊരു വേദന,, ഓ തലയിൽ എന്തൊക്കെയോ ചെയ്ത് തുന്നിക്കെട്ടിയിട്ടുണ്ടല്ലൊ. ഓർമ്മകൾ ഏതാനും ദിവസങ്ങൾ മുന്നിലേക്ക് പോയി.

                  പതിവിനു വിപരീതമായി വീട്ടിലുള്ള വിഷു ആഘോഷത്തിന് തിളക്കം കുറവായിരുന്നു. മക്കളും ചെറുമക്കളും സ്വന്തം വീട്ടിൽ പോയതോടെ പ്രായമായ അച്ഛനും അമ്മയും നടത്തുന്ന ആഘോഷങ്ങളെല്ലാം വെറും ചടങ്ങായി മാറുന്ന അവസ്ഥയാണ്. രാവിലെ കണിവെച്ചത് നന്നായി ഓർക്കാം. പിന്നെ ഉച്ചക്ക് സദ്യ ഒരുക്കിയിരുന്നു. അന്നുരാത്രി ഉറങ്ങാൻ കിടന്നത് ഓർമ്മയുണ്ട്,,, പിന്നെന്ത് പറ്റി?
                  വിഷുദിവസം ഉറക്കത്തിലേക്ക് നടന്നുപോയ ഞാൻ ഓർമ്മയുടെ തലത്തിലേക്ക് വരുന്നത് ഒരു രാത്രിയും പകലും കഴിഞ്ഞ് പിറ്റേന്ന് പുലർച്ചെ മൂന്ന് മണിക്ക്! ഏതാണ്ട് 30 മണിക്കൂറുകൾക്ക് ശേഷം,,, അത്രയും മണിക്കൂറുകൾ എന്റെ ഓർമ്മയിൽ നിന്നും ഡിലീറ്റ് ചെയ്യപ്പെട്ടിരിക്കുന്നു! ഞാനറിയാത്ത ആ ദിവസം എന്തൊക്കെയാണ് ഉണ്ടായത്? അത്രയും മണിക്കൂർ ഞാൻ ഉറക്കത്തിൽ ആയിരുന്നോ? അതോ, ബോധമില്ലാതെ കിടക്കുകയാണോ? എന്റെ വിലയേറിയ 30 മണിക്കൂർ; അതിന് സാക്ഷികളായ ഭർത്താവും ബന്ധുക്കളും പറഞ്ഞത് കേൾക്കാമല്ലൊ,,  

                   വിഷു കഴിഞ്ഞ പിറ്റേന്ന് ഞാൻ ഉണർന്നത് വളരെവൈകി ആയിരുന്നു. സാധാരണപോലെ അടുക്കളജോലികൾ ചെയ്യുമ്പോൾ ക്ഷീണമാണെന്ന് പറഞ്ഞ് അല്പസമയം കിടന്നു. ആശുപത്രിയിൽ പോവാമെന്ന് പറഞ്ഞപ്പോൾ ‘അതിന്റെ ആവശ്യമില്ല, എനിക്കൊരു വിഷമവും ഇല്ല’ എന്ന് പറഞ്ഞു. പിന്നീട് ഉച്ചഭക്ഷണം കഴിച്ചപ്പോൾ ചർദ്ദിക്കാൻ തുടങ്ങി. തുടർച്ചയായുള്ള ചർദ്ദികാരണം ക്ഷീണം തോന്നിയതിനാൽ കിടന്നുറങ്ങി. വൈകുന്നേരം ചായ കുടിച്ചപ്പോൾ വീണ്ടും ചർദ്ദിതന്നെ ഒപ്പം തലവേദനയും. ഒരു പ്രയാസവും ഇല്ല, ആശുപത്രിയിൽ പോവേണ്ടതില്ല, എന്ന് ഉറപ്പിച്ചു പറഞ്ഞതിനാൽ അത് കേൾക്കുന്ന ഭർത്താവിന് ഒന്നും തോന്നിയില്ല. ഒടുവിൽ,,, രാത്രി എട്ടുമണി നേരത്ത് അങ്ങേർക്ക് ഒരു ബോധോദയം,,,
ഇവളിത് ആകെ പ്രശ്നമാക്കുമോ?
സീരിയസ് ആയിട്ടും ആശുപത്രിയിൽ എത്തിച്ചില്ല എന്ന പഴി കേൾക്കേണ്ടി വരുമോ?
വരുന്നത് രാത്രിയാണ്, ആ നേരത്ത് സീരിയസ് ആയാൽ സഹായിക്കാൻ ആരെയെങ്കിലും കിട്ടുമോ?
അപ്പോൾപിന്നെ സ്വന്തം ഫേമലി ഹോസ്പിറ്റൽ ധനലക്ഷ്മിയിൽ പോവുകതന്നെ,,

ഈനേരത്ത് എന്നെ പരിചയമില്ലാത്തവർക്കായി അറിയിപ്പ്:
                  ഞാനൊരു ഹൃദയ രോഗി ആയിരുന്നു. 25 വർഷം മുൻപ് അതായത് 1990 ഒക്റ്റോബർ മാസം തമിഴ്നാട്ടിലെ കോയമ്പത്തൂരിലുള്ള ‘കുപ്പുസാമി മെമ്മോറിയൽ ഹോസ്പിറ്റലിൽ വെച്ച്, ഡോക്റ്റർ റിച്ചാർഡ് സെൽഡണ്ണ’ അദ്ദേഹത്തിന്റെ ഇടതുകൈകൊണ്ട് എന്റെ ഹൃദയം തുറന്ന് റിപ്പയർ ചെയ്തശേഷം പ്ലാസ്റ്റിക്ക് വാൽ‌വ് ഘടിപ്പിച്ചതാണ്. അങ്ങനെയൊരു വാൽ‌വ് ഉള്ളതുകൊണ്ട് അന്നും ഇന്നും ഞാൻ ജീവിക്കുകയും ഒപ്പം ഗുളികകൾ കഴിക്കുകയും ഇങ്ങനെ എഴുതുകയും ചെയ്യുന്നു. പിന്നീട് പലപ്പോഴായി കുറച്ചു കുറച്ചു പ്രശ്നങ്ങൾ ഉണ്ടായെങ്കിലും അതെല്ലാം നാട്ടിലുള്ള ഡോക്റ്റർമാർ ചേർന്ന് പരിഹരിക്കാറാണ് പതിവ്. അങ്ങനെയാണ് കണ്ണൂരിലുള്ള ധനലക്ഷ്മി ആശുപത്രിയിലെ അറിയപ്പെടുന്ന ഹൃദ്‌രോഗവിദഗ്ദൻ ഡോ.വിജയകുമാറിന്റെ സമീപം എത്തിച്ചേർന്നത്. അതിനുശേഷം എന്ത് പ്രശ്നമുണ്ടായാലും ആദ്യം എത്തിച്ചേരുന്നത് ധനലക്ഷ്മി ആശുപത്രിയിൽ ആയിരിക്കും.

                   രാത്രിനേരത്ത് സ്വന്തമായി അണിഞ്ഞൊരുങ്ങി ആശുപത്രിയിലേക്ക് പുറപ്പെട്ടു. അദ്ദേഹം വിളിച്ചുവരുത്തിയ ഓട്ടോയിൽ കയറുമ്പോഴും ‘നാളെ നേരം പുലർന്നിട്ട് പോയാൽമതി’ എന്ന് ഞാൻ പറഞ്ഞിരുന്നു. വഴിയിൽ വെച്ച് മകളുടെ ഭർത്താവ് കൂടെ വന്നപ്പോൾ ആശുപത്രിയിൽ എത്തുന്നതുവരെ ഞാൻ സംസാരിച്ചു. സംസാരിക്കുക എന്നുപറഞ്ഞാൽ ചോദ്യങ്ങൾക്കൊക്കെ മറുപടി പറയുക മാത്രം. ധനലക്ഷ്മി ആശുപത്രിയിൽ എത്തിയപ്പോൾ ഉറങ്ങാൻ പോയ ഡോക്റ്റർമാരെ വിളിച്ചുവരുത്തി പരിശോധനകൾ ആരംഭിച്ചു. എന്റെ തലയിൽ കാര്യമായ എന്തോ പ്രശ്നമുണ്ടെന്ന് കാർഡിയാക്ക് സർജൻ ഡോ: വിജയകുമാറിന് മനസ്സിലായി. പ്രശ്നം സീരിയസ് ആണ്, ‘പരിഹരിക്കാൻ ഒന്നുകിൽ പരിയാരം മെഡിക്കൽ കോളേജിൽ പോവണം, അല്ലെങ്കിൽ കൊയിലി ആശുപത്രിയിൽ പോയി തലയുടെ സ്പെഷ്യലിസ്റ്റിനെ കാണണം’. ഇനി ബാക്കിയുള്ളത് ഏതാനും മണീക്കൂർ മാത്രം. മെഡിക്കൽ കോളേജിൽ എത്തുമ്പോഴേക്കും സംഗതി കൈവിട്ട് പോവാൻ ഇടയുണ്ട്, അതുകൊണ്ട് തൊട്ടടുത്തുള്ള കൊയിലിയിൽ അഡ്മിറ്റ് ആയി. പിന്നെ എല്ലാം പെട്ടെന്ന് ആയിരുന്നു. തലയിൽ സ്കാൻ ചെയ്ത് രക്തം കട്ടപിടിച്ചത് കണ്ടെത്തുകയും താക്കോൽ ദ്വാര ശസ്ത്രക്രീയ നടത്തിയിട്ട് പ്രശ്നം പരിഹരിക്കുകയും ചെയ്തു.
                  സംഭവം ഏതാനും വാക്കിൽ പറഞ്ഞെങ്കിലും എന്റെ ഭർത്താവിനും മറ്റു ബന്ധുക്കൾക്കും വളരെയധികം പ്രയാസങ്ങൾ ഉണ്ടായിരുന്നു. ഉറക്കംപിടിച്ച സഹോദരന്മാരും സഹോദരിയും മക്കളും എത്തിച്ചേർന്നു. രാത്രിനേരത്ത് മരുന്നിനും രക്തത്തിനുമായി ആശുപത്രികളിലും മെഡിക്കൽ ഷോപ്പുകളിലും അവർ കയറിയിറങ്ങി. ഞാനറിയാതെ എന്തൊക്കെ പ്രശ്നങ്ങളാണ് അവർക്ക് ഉണ്ടായത്!

                  ആശുപത്രിയിൽ എത്തിയപ്പോഴും ശസ്ത്രക്രീയ നടത്തിയപ്പോഴും ആകെയൊരു മയക്കത്തിലായിരുന്നു ഞാൻ. അതിനിടയിൽ ഡോക്റ്റർമാർ ചോദിച്ച എല്ലാ ചോദ്യങ്ങൾക്കും ഞാൻ മറുപടി കൊടുത്തിരുന്നു. സ്കാൻ ചെയ്തപ്പോൾ തകരാറ് പറ്റിയത് തലയിലാണെന്ന് ന്യൂറോസർജൻ ഡോ: സുഹാസ് മനസ്സിലാക്കി. അവിടെ ചെറിയൊരു രക്തക്കുഴൽ പൊട്ടി രക്തം കട്ടപിടിച്ചതാനെന്ന് തിരിച്ചറിഞ്ഞു. സർജ്ജറി നടത്തേണ്ടത് തലയിലായതുകൊണ്ട് അനസ്തേഷ്യ നൽകിയിരുന്നില്ല. തലയുടെ ഇടതുവശത്ത് കീ ഹോൾ സർജറി നടത്തുന്ന ചുറ്റുപാടും മരവിപ്പിച്ചു,, അപ്പോൾ വേദന അറിയില്ലല്ലൊ!
പ്രശ്നങ്ങളെല്ലാം പരിഹരിച്ചു,,
മുറിവ് ഉണ്ടാക്കിയ ഭാഗം തുന്നിക്കെട്ടി ഒട്ടിച്ച് പൊതിഞ്ഞു,,
ബോധം കെടുത്താത്തതുകൊണ്ട് ബോധം വരുത്തേണ്ട ആവശ്യം വന്നില്ല,,
ശരീരത്തിൽ ചെറിയൊരു മുള്ള് തറച്ചത് എടുക്കുമ്പോൾ ബഹളം ഉണ്ടാക്കുന്ന ഞാൻ,,
എന്റെ സ്വന്തം തലയിൽ വലിയൊരു സുഷിരം നിർമ്മിച്ചപ്പോൾ വെറുതെ നോക്കിക്കിടന്നു,,
എല്ലാം അറിഞ്ഞെങ്കിലും എനിക്കൊന്നും അറിയില്ലായിരുന്നു,,
പിന്നെ എന്തിനീ വെപ്രാളം???

                  ആശുപത്രി കിടക്കയിൽ കിടന്നുകൊണ്ട് ചുറ്റുപാടും കാണുന്ന ഓരോന്നും നിരീക്ഷിക്കാൻ തുടങ്ങി. മരണത്തിൽ നിന്നും കരകയറി ജീവിതത്തിലേക്ക് തിരിച്ചുവന്ന സീരിയസ് ആയ രോഗികൾ. ബന്ധുക്കൾ ആരെയും അകത്തു കടത്താത്തതിനാൽ വല്ലതും പറയാൻ സിസ്റ്റർമാർ തന്നെ ആശ്രയം. രാത്രിയോ പകലോ വ്യത്യാസമില്ലാതെ ഓടിനടന്ന് രോഗികളെ പരിചരിക്കുകയാണവർ,, ഇതുപോലുള്ള ആശുപത്രി വാസം പലപ്പോഴായി ഉണ്ടായതിനാൽ അതുമായി ഞാൻ പൊരുത്തപ്പെട്ടിരിക്കയാണ്. ആശുപത്രിയുടെ ഗന്ധം, മരുന്ന്, കുത്തിവെപ്പ്, ഡോക്റ്റർമാർ, സിസ്റ്റർമാർ, ഇടയ്ക്കിടെ വരുന്ന ബന്ധുക്കൾ എല്ലാം പൊരുത്തപ്പെട്ട് മനസ്സിൽ സന്തോഷകരമായ ചിന്ത ഉണ്ടാക്കാൻ രോഗിയായിരിക്കെ ഞാൻ പഠിച്ചിരിക്കുന്നു. ശരീരത്തിൽ രോഗം പടർന്നുകയറുന്ന നേരത്ത് മനസ്സിൽ രോഗം വരാതിരിക്കാൻ പരിശ്രമിക്കുക. അങ്ങനെ ആയാൽ എല്ലാ രോഗവും തോറ്റ് പിന്മാറിയിട്ട് തനിയെ ഇറങ്ങിപ്പോവും.

ഉറങ്ങിയും ഉണർന്നും ഒരു ദിവസം പിന്നിട്ടപ്പോൾ എന്റെ ചിന്തകൾ പിന്നോട്ട് പോയി,,,
1990ൽ അന്നു ഓർമ്മകളിൽ നിന്ന് അകന്നുപോയത് 6 ദിവസങ്ങൾ ആയിരുന്നു. ഓപ്പൺ ഹാർട്ട് സർജറിക്കായി ഒക്റ്റോബർ നാലാം തീയതി എന്നെ ബോധം കെടുത്തിയശേഷം ഉണർന്നത് ഒക്റ്റോബർ പത്താം തീയതി. ആ ദിവസങ്ങളിൽ ഞാൻ എവിടെ ആയിരുന്നു?
പിന്നീട് പത്ത് വർഷം മുൻപ് 2004 ജൂൺ മാസം,,
ഒരു വെള്ളിയാഴ്ച,,
അദ്ധ്യാപിക ആയ ഞാൻ വൈകുന്നേരം ബസ്സിൽനിന്നും ഇറങ്ങി വീട്ടിലേക്ക് നടന്നു വന്നതൊക്കെ നന്നായി ഓർമ്മയിലുണ്ട്. പിന്നീട് ഓർമ്മയിൽ വരുന്നത് തിങ്കളാഴ്ച ഉച്ചയ്ക്ക് ആശുപത്രി കിടക്കയിൽ വെച്ച്. അന്നും ഇതുപോലെ തലയിലൊരു സർജറി നടന്നിരുന്നു. ആ ദിവസങ്ങൾക്കിടയിൽ സംഭവിച്ചതൊന്നും എന്റെ ഓർമ്മയിൽ ഇല്ല. ഡിലീറ്റ് ചെയ്യപ്പെട്ട ആ ദിവസങ്ങളിൽ രണ്ട് തവണ ബസ്സിൽ കയറിയും നടന്നും ആശുപത്രിയിൽ പോയിരുന്നു. എന്റെ ഓർമ്മകളെ നിങ്ങൾ എവിടെയാണ് ഒളിച്ചത്?

                  ശസ്ത്രക്രീയ നടന്ന രോഗികളെ നിരീക്ഷണത്തിനായി അഡ്മിറ്റ് ചെയ്ത എയർ കണ്ടീഷൻ ചെയ്ത മുറിയിലാണ് ഞാൻ കിടക്കുന്നത്. അങ്ങനെ കിടക്കുന്നവരിൽ പലരെയും രണ്ടുദിവസത്തിനുശേഷം മറ്റുള്ള വാർഡുകളിൽ മാറ്റുകയാണ് പതിവ്. ബന്ധുക്കളും സുഹൃത്തുക്കളുമായി ധാരാളം ആൾക്കാർ വന്നെങ്കിലും ആർക്കും മുറിയിലേക്ക് കടക്കാനോ എന്നോട് സംസാരിക്കാനോ കഴിഞ്ഞില്ല. സിസ്റ്റർമാർ അനുവദിക്കുമ്പോൾ വരാന്തയിൽ വന്ന് വാതിലിലൂടെ അവർക്കെന്നെ എത്തിനോക്കാം. ശരീരം അനക്കാൻ അനുവാദം ഇല്ലെങ്കിലും എനിക്ക് നന്നായി സംസാരിക്കാം.

                   രണ്ടാമത്തെ ദിവസം രാവിലെയാണ് ആ വിവരം കേട്ടത്, ‘ഇന്ന് ചാനൽ പരിപാടി ഉണ്ടെന്ന്’. ഏത് ചാനലെന്നോ പരിപാടി എന്താണെന്നോ അറിയില്ലെങ്കിലും സിസ്റ്റർമാർ അന്യോന്യം പറഞ്ഞ് ഒരുങ്ങാൻ തുടങ്ങി. ഡോക്റ്റർ പറയുന്നത് അനുസരിച്ചാണ് എല്ലാം നടന്നത്. പതിനൊന്ന് മണി ആയപ്പോഴാണ് അവർ വന്നത്,, മീഡിയ വൺ ചാനൽ,, പ്രോഗ്രാമിന്റെ പേര് ‘സ്റ്റതസ്ക്കോപ്പ്’. ക്യാമറാ ഓപ്പറേറ്ററും പ്രോഗ്രാം കോഡിനേറ്ററും ഒപ്പം ഡോക്റ്റർമാരും. രോഗത്തേയും രോഗകാരണങ്ങളെയും കുറിച്ച് ഡോക്റ്ററുടെ ചോദ്യങ്ങൾക്കെല്ലാം ഞാൻ നന്നായി മറുപടി പറഞ്ഞു. ആശുപത്രി ജീവിതത്തിലുണ്ടായ നല്ലൊരു അനുഭവമായിരുന്നു അത്. ഒടുവിൽ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് രണ്ട് ആഴ്ച കഴിഞ്ഞപ്പോൾ മീഡിയവൺ ചാനലിൽ തലയിൽ ഉണ്ടാവുന്ന ക്ഷതങ്ങളെയും അതിനുള്ള ചികിത്സാമാർഗങ്ങളേയും കുറിച്ചുള്ള പരിപാടിയിൽ ഞാൻ കിടന്നുകൊണ്ട് പ്രവേശിച്ചു. ആ വീഡിയോ ദൃശ്യം പിന്നീട് യൂട്യൂബിലും കാണാൻ കഴിഞ്ഞു.

                    എന്റെ സ്വന്തമായ ആ ദിവസം 30മണിക്കൂർ എങ്ങോട്ടുപോയി? അന്നും ഇന്നും എന്റെ മനസ്സിൽ ചോദ്യമായി അവശേഷിക്കുന്നു. ബോധമനസ്സോടെ നടക്കുകയും തിന്നുകയും സംസാരിക്കുകയും ചെയ്ത എന്റെയാ ദിവസത്തിന്റെ ഓർമ്മ എങ്ങോട്ടാണ് അപ്രത്യക്ഷമായത്?
                   അടിയന്തര ഘട്ടത്തിൽ കീഹോൾസർജറി ചെയ്ത് എന്നെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത് ഡോ. സുഹാസിന്റെ സഹായം ലഭിച്ചതുകൊണ്ടാണ്. തന്നെ സമീപിക്കുന്ന രോഗികളോട് ഒരു സുഹൃത്തിനെപ്പോലെ സംസാരിക്കുന്ന വ്യക്തിയാണ് അദ്ദേഹം. ശസ്ത്രക്രീയക്കുശേഷം ഒരുമാസം കഴിഞ്ഞ് ഡോകറ്ററോട് സംശയം ചോദിച്ചു,
“ഡോക്റ്റർ എന്റെ ഓർമ്മശക്തിക്ക് ഒരുദിവസം എന്തുപറ്റി?”
ആ നേരത്ത് ഡോക്റ്റർ തന്ന മറുപടിയിൽ നിന്നും കാര്യം മനസ്സിലായി,
“അത് തലയിൽ കാര്യമായ എന്തെങ്കിലും തകരാറ് ഉണ്ടായാൽ ആ നേരത്തെ ഓർമ്മകളോന്നും ബ്രെയിനിൽ രേഖപ്പെടുത്തുകയില്ല. അതുകൊണ്ട്,,,”
“അതുകൊണ്ട്?”
“അതുകൊണ്ട് ശ്രദ്ധിക്കണം; ആർക്കെങ്കിലും പണം കൊടുക്കുന്നുണ്ടെങ്കിൽ അതൊക്കെ എഴുതിവെക്കുന്നത് നല്ലതാണ്”
ഡോക്റ്ററുടെ മറുപടി കേട്ട് ഞാൻ ചിരിച്ചു. സംഗതി ശരിയാണല്ലൊ,, എപ്പോഴാണ് ഓർമ്മ നശിക്കുന്നതെന്ന് അറിയാനാവില്ലല്ലൊ.
********************************************
  പിൻ‌കുറിപ്പ്:
എന്റെ ആശുപത്രി അനുഭവങ്ങൾ മുൻപ് ബ്ലോഗിൽ പബ്ലിഷ് ചെയ്തിട്ടുണ്ട്; അവയുടെ ലിങ്ക്,,,
  1. മുകളിൽ പറഞ്ഞ ശസ്ത്രക്രീയ കഴിഞ്ഞ് ചെറിയൊരു അനുഭവവും വീഡിയോ ലിങ്കും എന്റെ മറ്റൊരു ബ്ലോഗിൽ കൊടുത്തത്: ഡിലീലീറ്റ് ചെയ്യപ്പെട്ട മണിക്കൂറുകൾക്കുശേഷം  http://minilokanarmakathakal.blogspot.in/2014/06/blog-post.html
  2. നെഗറ്റീവ് തേടി ഒരു യാത്ര ഭാഗം1: http://mini-minilokam.blogspot.in/2009/07/28-1.html
  3. നെഗറ്റീവ് തേടി ഒരു യാത്ര ഭാഗം2: http://mini-minilokam.blogspot.in/2009/08/30-2.html
  4. ഡിലീറ്റ് ചെയ്യപ്പെട്ട ദിവസങ്ങൾ: http://mini-minilokam.blogspot.in/2009/06/23-delete.html
  5. വീഡിയൊ പാർട്ട് 2, രോഗിയായി കിടന്നുകൊണ്ട് ഞാൻ പ്രത്യക്ഷപ്പെടുന്നുണ്ട്. ചുവടെയുള്ള ലിങ്കിൽ click ചെയ്താൽ വീഡിയോദൃശ്യം ശരിക്കും കാണാം.
    ലിങ്ക്
    : Stethoscope, health travelogue - Episode 25-2 by mediaonetv 
  6. വീഡിയോ പാർട്ട് 1, സ്റ്റെതസ്ക്കോപ്പ് പരിപാടിയുടെ ഒന്നാം ഭാഗം: എന്റെ ബ്രെയിനിന്റെ ചിത്രം കാണിച്ച് ഡോക്റ്റർ വിവരിക്കുന്നു. ലിങ്ക്: Stethoscope, health travelogue - Episode 25-2 by mediaonetv