“മിനിലോകം”

ഞാന്‍ മിനി... എന്റെ മനസ്സ് എന്റെ ലോകമാണ്. എന്റെ മനസ്സില്‍(ഓര്‍മ്മയില്‍) തങ്ങിനില്‍ക്കുന്ന കാര്യങ്ങള്‍,വേണ്ടതും വേണ്ടാത്തതും ഞാന്‍ ഇവിടെ പകര്‍ത്തുന്നു. ഇതു വായിക്കാം, അഭിപ്രായം എഴുതാം. ജീവിതത്തില്‍ നിന്നും ഞാന്‍ കണ്ടെത്തിയ ധാരാളം ചെറിയ‘വലിയ’ സംഭവങ്ങള്‍ ഉണ്ട്. അവയെല്ലാം ചിത്രങ്ങളോടൊപ്പം ഇവിടെ അവതരിപ്പിക്കുന്നു. എന്റെ ലോകത്തേക്ക് “മിനിലോക”ത്തിലേക്ക് ഞാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു... ചിരിക്കാം, കളിക്കാം, ചിന്തിക്കാം... എന്ന് നിങ്ങളുടെ: mini//മിനി

December 15, 2016

A B പോസിറ്റീവ്                  ഭാര്യയും ഭർത്താവും കുട്ടിയും മാത്രമുള്ള അണുകുടുംബം. രണ്ടാമത് ഗർഭിണിയായ ഭാര്യ പ്രസവിച്ചത് ഒരു സ്വകാര്യ ആശുപത്രിയിൽ വെച്ചാണ്. ഡിസ്ചാർജ് ചെയ്യാൻ നേരത്ത്  അമ്മയെയും കുഞ്ഞിനെയും  ഹോം നേഴ്സിന്റെ കൂടെ നിർത്തിയിട് ഭർത്താവ് പണം അടക്കാൻ പോയി. ആ തിരക്കിനിടയിൽ അമ്മ കുഞ്ഞിന്റെ ബയോഡാറ്റ വിശദമായി വായിച്ചു,, പെട്ടെന്ന് വായന നിർത്തിയിട്ട് അവർ ഭർത്താവിനെ വിളിച്ചു,

“ഹലോ, നിങ്ങൾ പണം അടച്ചൊ?”
“അടച്ചു, ഡിസ്ചാർജ് വാങ്ങിയില്ല”
“അതു വാങ്ങാനായിട്ടില്ല, ഇവിടെ ഒരു പ്രശ്നം ഉണ്ട്”
“എന്ത് പ്രശ്നം?
“നിങ്ങളും ഞാനും ഒ പോസിറ്റീവ്, എന്നാൽ നമ്മുടെ മകൻ ഏബി പോസിറ്റീവ്”
“ അതെങ്ങനെ? അങ്ങനെ ആവില്ലല്ലൊ?”            ആശുപത്രി ബില്ല് അടച്ചു,, ഡിസ്ചാർജ്ജ് വാങ്ങിയില്ല. അറിയപ്പെടുന്ന ആ സ്വകാര്യ ആശുപത്രിയിലെ ഓഫീസ് സ്റ്റാഫ് അതൊന്നും നമ്മളറിയേണ്ടതില്ല എന്നുപറഞ്ഞു സ്ഥലം കാലിയാക്കാൻ തിരക്കുകൂട്ടി. ഭർത്താവ് എല്ലാ ഡിറ്റെയിൽ‌സും എടുത്ത് അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫിനെ കാണാൻ പോയി. കടലാസുകളെല്ലാം പരിശോധിച്ചതിനുശേഷം അവർ പറഞ്ഞു ,

“ഇക്കാര്യത്തിൽ ഞങ്ങൾക്കൊന്നും പറയാനില്ല”

അതുകേട്ടപ്പോൾ ഭർത്താവ് മൊബൈൽ കാണിച്ചുകൊണ്ട് പറഞ്ഞു,

“അങ്ങനെയാണെങ്കിൽ ഞാനിപ്പോൾ പോലീസിനെയും ചാനലുകാരെയും വിളിക്കും. ഏത് സ്റ്റേഷനിലേക്ക് ഞാൻ വിളിച്ചാലും ഏതാനും സമയത്തിനുള്ളിൽ പോലീസ് ഇവിടെ വരും, അതുപോലെ ചാനലുകാരും”

  
ഒറ്റക്ക് ആണെങ്കിലും പറയുന്നവൻ ചില്ലറക്കാരനല്ലെന്ന് തോന്നിയതിനാൽ മേനേജ്‌മെന്റിന്റെ ആൾ അല്പം അയഞ്ഞു. എന്നിട്ട് ചോദിച്ചു,
“നിങ്ങൾക്ക് എന്താണ് വേണ്ടത്?”

“എനിക്ക് കുഞ്ഞിന്റെ ബ്ലഡ് ടെസ്റ്റ് ചെയ്തതിൽ സംശയം ഉണ്ട്. ആ സംശയം തീർക്കണം”

അദ്ദേഹം പറഞ്ഞതുപ്രകാരം ലാബ് ടെക്നീഷ്യനെ വിളിച്ചു. വെള്ള യൂനിഫോമിൽ വന്ന ആ സ്ത്രീ പറഞ്ഞ മറുപടി പ്രശ്നം ഗുരുതരമാക്കി,

“അത് കുട്ടിയുടെ അമ്മയല്ലെ, ഓ പോസിറ്റീവ്,,, അപ്പോൾ കുട്ടി ഏബി പോസിറ്റീവ് ആവാനും ഇടയുണ്ട്”

തുടർന്നുള്ള അവരുടെ പരിഹാസ നോട്ടത്തിന്റെ ഉള്ളിൽ ഒളിഞ്ഞിരിക്കുന്ന സംഗതി  ആകെ കുളമാക്കി. അദ്ദേഹം പറഞ്ഞു,

“ഞാൻ പരാതി എഴുതിത്തരാം. കുട്ടിയുടെ രക്തം പരിശോധിച്ച് ഗ്രൂപ്പ് ഉറപ്പുവരുത്തണം”

“എന്നിട്ടോ”

“എന്നിട്ട് കുട്ടി ഒ ഗ്രൂപ്പ് ആണെങ്കിൽ ഇവിടത്തെ ഗൈനക്കോളജിസ്റ്റിനെ പിരിച്ചുവിടണം. കുട്ടി ഏബി ആണെങ്കിൽ ലാബ് ടെക്നീഷ്യനെ പിരിച്ചുവിടണം. ഇങ്ങനെയുള്ളവരെ വെച്ചുകൊണ്ടിരിക്കുന്നത് ആശുപത്രിക്ക് അപകടമാണ്”

 
            സമയം രാത്രി എട്ടുമണി; ഡോക്റ്ററെ വിളിക്കാൻ പറഞ്ഞപ്പോൾ അവർ സ്ഥലത്തില്ല. മൂന്ന് ദിവസം മുൻപ് പ്രസവിച്ച അമ്മയും കുഞ്ഞും ആശുപത്രിയിലെ രജിഷ്ട്രേഷൻ കൌണ്ടറിനടുത്ത് ചെയറിൽ ഇരിക്കുന്നതു കണ്ടപ്പോൾ ഒരു നേഴ്സ് പറഞ്ഞു,

“ഏതായാലും കുട്ടി നിങ്ങളുടേതു തന്നെയല്ലെ, പിന്നെ രക്തഗ്രൂപ്പ് മാറിയാലെന്താ?”

“അപ്പോൾ ഇനിയങ്ങോട്ട് എന്റെ മകന്റെ ഗ്രൂപ്പ് ഏതാണ്?”

“അത് എന്തെങ്കിലും പ്രശ്നം ഉണ്ടാവുമ്പോൾ പരിശോദിച്ചാൽ പോരെ?”

“സിസ്റ്ററെ എന്റെ കുട്ടി ഏത് ഗ്രൂപ്പ് ആയിരിക്കുമെന്ന് എനിക്കറിയാം. അതൊരിക്കലും ഏബി ആയിരിക്കില്ല”അവർ വിട്ടുപോവില്ലെന്ന് മനസ്സിലാക്കിയ ആശുപത്രി അഡ്മിനിസ്ട്രേറ്റർ കുട്ടിയുടെ അച്ഛനോട് പറഞ്ഞു,

“സമയം രാത്രി ആവാറായില്ലെ, ഇപ്പോൾ വീട്ടില്പോയിട്ട് പിന്നീട് ഇവിടെ വന്നിട്ട് വിശദമായി പരിശോധന നടത്തിയാൽ പോരെ?”

“സമയം വൈകിയാലും ഒരിക്കലും വരാനിടയില്ലാത്ത രക്തഗ്രൂപ്പാണ് എന്റെ മകന്റേത്. അത് പരിഹരിക്കാതെ ഇവിടെന്ന് പോവുന്ന പ്രശ്നം ഇല്ല”അച്ഛൻ കാര്യം ഉറപ്പിച്ച് പറഞ്ഞതോടെ ആശുപത്രിക്കാരും വിട്ടില്ല, പിന്നെ അവിടെ തർക്കമായി. സംഗതി കൈവിടുമെന്ന് ആയപ്പോൾ ആശുപത്രി അധികാരികൾ ചോദിച്ചു,

“നമ്മൾ ഇപ്പോൾ എന്താണ് ചെയ്യേണ്ടത്?”

“രക്തം പരിശോധിച്ച് ഗ്രൂപ്പ് ഉറപ്പുവരുത്തണം. എന്നിട്ട് ‘ഒ ഗ്രൂപ്പ്’ ആണെങ്കിൽ പ്രശ്നമില്ല”

“നമ്മുടെ ലാബ് കള്ളം കാണിക്കാറില്ല”

“പിന്നെ ഒരിക്കലും സാദ്ധ്യത ഇല്ലാത്ത രക്തഗ്രൂപ്പ് കുട്ടിക്ക് എങ്ങനെ വന്നു?”

“അത്,, പന്നെ?”

അവർ പറഞ്ഞതിന്റെ പരിഹാസം മനസ്സിലാക്കിയ അച്ഛൻ ഒച്ചവെച്ച് സംസാരിക്കാൻ തുടങ്ങി,,

“നിങ്ങൾ പറഞ്ഞതൊക്കെ എനിക്ക് മനസ്സിലാവുന്നുണ്ട്; പക്ഷെ ഒരു കാര്യം അറിയണം,,, എന്റെ ഭാര്യ ഒ പോസിറ്റീവ് ആണ്,, അപ്പോൾ കുട്ടിയുടെ അച്ഛൻ ‘ഞാനല്ല ഏത് @#$%^&*മോനായാലും അവളുടെ കുട്ടി ഒരിക്കലും ‘ഏ.ബി ഗ്രൂപ്പ്’ ആവില്ല”          ആശുപത്രി മാനേജ്മെന്റ് സ്ഥാനത്തിരിക്കുന്ന വ്യക്തിക്ക് അതൊന്നും പിടികിട്ടിയില്ല. അവർ ആരെയൊക്കെയോ ഫോൺ ചെയ്തു. ഒടുവിൽ പറഞ്ഞു,

“രക്തം ഒന്നുകൂടി പരിശോധിച്ച് ഉറപ്പുവരുത്താം”

“അതിന് നിങ്ങളെ ലാബിനെ എനിക്ക് വിശ്വാസമില്ല”

“അതിപ്പം രാത്രി വൈകിയ നേരത്ത് എവിടെ പോയി പരിശോധിക്കും?”

“രാത്രി വൈകിയത് നിങ്ങളുടെ കുഴപ്പം കൊണ്ടല്ലെ. അതിനുള്ള പരിഹാരവും നിങ്ങൾതന്നെ കാണണം.”

“നമ്മൾ എന്തു ചെയ്യാൻ?”

“ഞങ്ങൾ ഇവിടെനിന്ന് പോവുന്നില്ല,, പോവാൻ കഴിയുകയും ഇല്ല. ഒരാഴ്ച അടച്ചുപൂട്ടിയ വീട്ടിലേക്ക് രാത്രി പോകാനാവില്ല”

“അപ്പോൾ?”

“നേരത്തെയുള്ള റൂം വെക്കേറ്റ് ചെയ്തു,, അതുകൊണ്ട് മറ്റൊരു റൂം തരണം. നാളെ ഇവിടെനിന്ന് കൂടാതെ എനിക്ക് വിശ്വാസമുള്ള മറ്റൊരു ലാബിൽനിന്നും മകന്റെ രക്തം പരിശോധിക്കണം. അതിനുള്ള ചെലവെല്ലാം നിങ്ങൾ വഹിക്കണം”

അപ്പോൾ ആശുപത്രിയിലെ ലാബ് ടെക്ക്നീഷ്യന് ഒരു സംശയം,,

“അങ്ങനെ നാളെ പരിശോധിക്കുമ്പോൾ കുട്ടി ‘ഏബി’ ആയെങ്കിലൊ?”

അതിന് അച്ഛന്റെ മറുപടി,

“അങ്ങനെ വന്നാൽ കുട്ടിയെ മാറിപ്പോവാനാണ് സാദ്ധ്യത,, അപ്പോൾ ആ ദിവസം പ്രസവിച്ച എല്ലാവരേയും വിളിച്ചുവരുത്തിയിട്ട് നിങ്ങളുടെ സ്വന്തം ചെലവിൽ ‘ഡി.എൻ.എ.’ ടെസ്റ്റ് ചെയ്ത് മാറിപ്പോയത് ഏതാണെന്ന് കണ്ടുപിടിക്കണം”             ആ നേരത്താണ് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം നേഴ്സ് അവിടെ വന്നത്. വാക്കുതർക്കങ്ങളൊക്കെ കേട്ട് സംശയങ്ങളൊക്കെ ചോദിച്ചശേഷം അവർ അമ്മയുടെ അരികെവന്നു. പിന്നീട് അവിടെ നടന്നത് ഒരു സ്റ്റഡി ക്ലാസ് ആയിരുന്നു,

“ചേച്ചിക്കും ചേട്ടനും ഈ രക്തഗ്രൂപ്പുകളെ കുറിച്ച് ഒന്നും അറിയാത്തതുകൊണ്ടാണ് ഇങ്ങനെയൊക്കെ പറയുന്നത്. ചേച്ചിയെങ്കിലും ഒരു കാര്യം മനസ്സിലാക്കണം,, ഒരോകുട്ടിയും ജനിക്കുന്നത് അവരുടെ മാതാപിതാക്കളുടെ സ്വഭാവത്തോടു കൂടിയാണ്. അതിനു കാരണം നമ്മുടെ ശരീരകോശങ്ങളിലെ ക്രോമസോമിൽ അടങ്ങിയ ജീനുകളാണ്. ഓരോ സ്വഭാവത്തെയും സൂചിപ്പിക്കുന്നതിന് രണ്ട് ജീൻ വീതം ഉണ്ടാവും. അതിലൊന്ന് അച്ഛനിൽ നിന്ന് വന്നതും മറ്റേത് അമ്മയുടേതും ആയിരിക്കും. ജീൻ രണ്ട് ഉണ്ടെങ്കിലും അതിൽ ഏതെങ്കിലും ഒന്നിന്റെ സ്വഭാവം മാത്രമേ വെളിയിൽ കാണിക്കയുള്ളു. നിങ്ങൾ രണ്ടുപേരുടേയും ജീനുകളിൽ അമ്മുമ്മയുടെയും അപ്പൂപ്പന്റേയും സ്വഭാവത്തെ സൂചിപ്പിക്കുന്ന ജീനുകളൊക്കെ ഉണ്ടാവും”

“അതുകൊണ്ട് ‘ഒ ഗ്രൂപ്പ് എങ്ങനെ ഏബി ആവും?”

“അത് ചേച്ചിക്കറിയോ,, രക്തഗ്രൂപ്പുകൾ നാലെണ്ണം ഉണ്ട്,, പിന്നെ അതിൽതന്നെ പോസിറ്റീവും നെഗറ്റീവും കാണും”

“അപ്പോൾ?”

“4 ഗ്രൂപ്പുകൾ ഏതൊക്കെ ആണെന്നറിയോ? A, B, AB, O,,, ഓരോ മനുഷ്യനും ഇതിൽ ഏതെങ്കിലും ഗ്രൂപ്പിൽ ആയിരിക്കും. അമ്മയുടെത് O ഗ്രൂപ്പും അച്ഛന്റേത് A, B, AB, O ഇവയിൽ ഏതെങ്കിലും ആയാൽ കുട്ടി അമ്മയുടേതൊ അച്ഛന്റെയോ ഗ്രൂപ്പ് ആവാം,,, ചിലപ്പോൾ മറ്റേതെങ്കിലും ഗ്രൂപ്പ് ആവാനും ഇടയുണ്ട്. ഒന്നും അറിയാത്തതുകൊണ്ടാണ് നിങ്ങളിങ്ങനെ വാശിപിടിക്കുന്നത്. ഇതെല്ലാം ധാരാളം പഠിക്കാനുണ്ട്”

ആ നേരത്ത് അമ്മക്കൊരു സംശയം,

“സിസ്റ്റർ ഇതൊക്കെ എവിടെ നിന്നാണ് പഠിച്ചത്?”

“ഇതൊക്കെ പത്താം‌തരം പഠിച്ചവർക്ക് അറിയാവുന്നതാണ്. പിന്നെ കൂടുതലായി പഠിക്കുന്നത് പ്ലസ് 2 ക്ലാസ്സിൽ വെച്ചാണ്”

“എന്റെ സിസ്റ്ററെ,,, പ്ലസ് 2 ക്ലാസ്സിൽ‌ ഇതെല്ലാം പഠിപ്പിക്കുന്ന ടീച്ചറാണ് ഞാൻ. കണ്ണൂരിലുള്ള ഒരു ഗവണ്മെന്റ് ഹയർ‌സെക്കന്ററി സ്ക്കൂളിലെ സീനിയർ ടീച്ചർ,,, ഞാൻ പഠിപ്പിക്കുന്ന വിഷയം സുവോളജി, ഇനിയെന്തെങ്കിലും പറയാനുണ്ടോ?”

“ങെ!!!!!!,,, അപ്പോൾ ചേച്ചിയുടെ ഭർത്താവ്?”

“അദ്ദേഹം കണ്ണൂരിൽ ഗസറ്റഡ് റേങ്കിലുള്ള ഉദ്യോഗസ്ഥനാണ്”

“???,,,,”

??? 
            രാത്രി വൈകിയ നേരത്ത് അവർക്കായി പുതിയൊരു റും അനുവദിച്ചു. പിറ്റേദിവസം കുഞ്ഞിന്റെ രക്തം രണ്ട് ലാബുകളിൽനിന്ന് ടെസ്റ്റ് ചെയ്യാൻ തീരുമാനമായി. ഒന്ന് അതേ ആശുപത്രിയിലെ ലാബിലും മറ്റൊന്ന് രക്ഷിതാവ് നിർദ്ദേശിക്കുന്ന മറ്റൊരു ലാബിൽനിന്നും. അങ്ങനെ വീട്ടിലേക്ക് പോകാൻ തീരുമാനിച്ചവർ ആദിവസം ആശുപത്രിയിൽതന്നെ കഴിഞ്ഞുകൂടി,,, ‘അച്ഛനും അമ്മയും കുഞ്ഞും ഹോം നേഴ്സും കൂടെ മൂത്ത കുട്ടിയും’.

,,,

പിറ്റേദിവസം,,,

കുഞ്ഞിന്റെ രക്തം പരിശോധിച്ചു,,,

രണ്ട് ലാബുകളിലായി,,,

റിസൽട്ട് വന്നു,,,

രണ്ട് റിസൽട്ടും ‘ഒ പോസിറ്റീവ്,

*** ലാബ് ടെക്ക്നീഷ്യനെ പിരിച്ചുവിടാനായി പരാതി എഴുതിവാങ്ങാനുള്ള ആശുപത്രി അധികാരികളുടെ പരിശ്രമം നടന്നില്ല. ആരോടും പരാതിയില്ലാതെ അവർ വീട്ടിലെത്തി.


·   *നമ്മുടെ ആശുപത്രികളിൽ നടക്കുന്ന പരിശോധനകൾ ഓരോന്നും എത്ര അശ്രദ്ധയൊടെയാണ് കൈകാര്യം ചെയ്യുന്നത്, എന്ന് എല്ലാവരും ചിന്തിക്കുന്നത് നന്നായിരിക്കും.

·   *ആശുപത്രിയിൽ രോഗി ആയിട്ടോ അല്ലതെയോ അഡ്മിറ്റ് ആവുന്നവർ,,, എപ്പോഴും നല്ല വേഷത്തിൽ ആയിരിക്കില്ല. അതുകൊണ്ട് ആളെ തിരിച്ചറിയാതെ,,, രോഗി എന്ന ലേബലിൽ ‘ഒരു വിവരവും ഇല്ലാത്തവരാണ് എന്ന്, ധരിച്ചുവെച്ച്,,, ആശുപത്രി ഡോക്റ്റർമാരും സിസ്റ്റർ‌മാരും പെരുമാറിയ അനുഭവം,,, ധാരാളം ഉണ്ട്.

·   *ഇതൊരു ആശുപത്രി കഥയല്ല,, സംഭവം. ഒ നെഗറ്റീവ് ആയ ഞാൻ ഈ കഥയിലെ നായിക അല്ല.

********************************************