“മിനിലോകം”

ഞാന്‍ മിനി... എന്റെ മനസ്സ് എന്റെ ലോകമാണ്. എന്റെ മനസ്സില്‍(ഓര്‍മ്മയില്‍) തങ്ങിനില്‍ക്കുന്ന കാര്യങ്ങള്‍,വേണ്ടതും വേണ്ടാത്തതും ഞാന്‍ ഇവിടെ പകര്‍ത്തുന്നു. ഇതു വായിക്കാം, അഭിപ്രായം എഴുതാം. ജീവിതത്തില്‍ നിന്നും ഞാന്‍ കണ്ടെത്തിയ ധാരാളം ചെറിയ‘വലിയ’ സംഭവങ്ങള്‍ ഉണ്ട്. അവയെല്ലാം ചിത്രങ്ങളോടൊപ്പം ഇവിടെ അവതരിപ്പിക്കുന്നു. എന്റെ ലോകത്തേക്ക് “മിനിലോക”ത്തിലേക്ക് ഞാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു... ചിരിക്കാം, കളിക്കാം, ചിന്തിക്കാം... എന്ന് നിങ്ങളുടെ: mini//മിനി

December 18, 2017

കെട്ടിയോനോട് കളിക്കും‌പോലെ



           അന്നൊരു തിങ്കളാഴ്ച, നല്ല ദിവസം. പത്തു മണിക്ക് ക്ലാസ്സുകൾ ആരംഭിച്ചപ്പോൾ നിശബ്ദമായ വിദ്യാലയ അന്തരീക്ഷത്തിൽ അദ്ധ്യാപകരുടെ രജിസ്റ്റർ തുറന്ന് പരിശോധിക്കാൻ തുടങ്ങുന്ന ഞാൻ പെട്ടെന്നാണ് മുദ്രാവാക്യം  കേട്ടത്,

“കെട്ടിയോനോട് കളിക്കും പോലെ

കുട്ട്യോളോട് കളിച്ചാല്

അക്കളി തീക്കളി നോക്കിക്കോ,

മൂരാച്ചി ഹെഡ്‌ടീച്ചർ രാജി വെക്കുക,

ഹെഡ്‌ടീച്ചറുടെ ഗുണ്ടായിസം അവസാനിപ്പിക്കുക”

            എനിക്കാകെ രോമാഞ്ചം പടർന്നുകയറി,,, അദ്ധ്യാപന ജീവിതത്തിന്റെ അവസാനത്തെ വർഷം ഹെഡ്‌മിട്രസിന്റെ വേഷമണിഞ്ഞ് കണ്ണൂർ ജില്ലയിലെ എസ്.എസ്.എൽ.സി. വിജയശതമാനം ലാസ്റ്റാമതായ ഈ സർക്കാർ വിദ്യാലയത്തിൽ എത്തിയത് വലിയൊരു ഭാഗ്യമായെന്ന് തോന്നിയ നിമിഷം. അതുകൊണ്ടല്ലെ എനിക്കുനേരെ ഇതുപോലെയൊന്ന് കേൾക്കാനായത്,, വിദ്യാർത്ഥികളാണെങ്കിലും അനേകം വ്യക്തികൾ ചേർന്ന് ഞാനെന്ന ഒരു വ്യക്തിക്കെതിരായി മുദ്രാവാക്ക്യം മുഴക്കുമ്പോൾ മനസ്സിന്റെ ഉള്ളിൽ അനിർവചനീയമായ ഒരു സന്തോഷം. അത് പേടികൊണ്ടാണോ? ചമ്മൽ കൊണ്ടാണോ? അല്ല അല്ലേയല്ല,,

പിന്നെയോ?

   എന്റെ ഉള്ളിൽ ഞാൻ ആരോ ആണെന്നഭാവം ഉയരുകയാണ്,, അപ്പോൾ ഇതുതന്നെയായിരിക്കും ഓരോ നേതാക്കന്മാർക്കും തോന്നുന്നത്,, ഹൊ, എന്തൊരു രോമാഞ്ചം,, പിന്നെ,, ഈ പിള്ളേര് വിളിക്കുന്നതൊന്നും എന്റെ കെട്ടിയോൻ കേൾക്കാനിടയില്ലല്ലൊ?


        സംഗതി അവിടെ കിടക്കട്ടെ,, പെട്ടെന്ന് ഞാനെന്റെ തലക്കനം ഊരിമാറ്റിയിട്ട് വെറുമൊരു ഹെഡ്‌മിസ്ട്രസ് ആയിട്ട് ഇറങ്ങിവന്നു,, ഇരുന്നിടത്തുനിന്നും എഴുന്നേറ്റ് വാതിലിനുനേരെ നടന്ന് വെളിയിലേക്ക് നോക്കി. ഓഫീസ്‌റൂമിന്റെ വാതിലിനുമുന്നിൽ മുഷ്ടിചുരുട്ടി മുദ്രാവാക്യം വിളിക്കുന്നത് പതിനഞ്ചോളം ആൺ‌കുട്ടികൾ,, കൂട്ടത്തിൽനിന്നും മുന്നിലുള്ള ഒരുത്തനെ പിടിച്ച് അകത്തുകയറ്റിയിട്ട് ഞാൻ ചോദിച്ചു,

“എന്തിനാ സമരം? പത്രത്തിലൊന്നും കണ്ടിട്ടില്ലല്ലൊ?”

“ടീച്ചറെ ഇത് നമ്മളുടെ സ്വന്തം കാര്യമാണ്”

“എന്ത് കാര്യമായാലും സമരം ചെയ്യുമ്പോൾ മുൻ‌കൂട്ടി നോട്ടീസ് തരണമെന്ന് പറഞ്ഞിരുന്നല്ലൊ”

“കടലാസൊക്കെ നമ്മള് കൊണ്ടുവന്നിട്ടുണ്ട്,, ഇതാ ടീച്ചറെ”

അവൻ തന്ന കടലാസ് ഞാൻ തുറന്നു,, നോട്ടുപുസ്തകത്തിൽ നിന്നും കീറിയെടുത്ത വരയുള്ള കടലാസിൽ നീലമഷികൊണ്ട് എഴുതിയിരിക്കുന്നു,

‘ഇന്ന് സമരമാ,, ഒമ്പതാം ക്ലാസ്സിലെ ഷാജിയെ ഇന്നുരാവിലെ സ്ക്കൂളിൽ നിന്നും പൊറത്താക്കിയിരിക്കുന്നു. അവനെ സ്ക്കൂളിൽ കയറ്റണം’

വായിക്കുന്നതിനിടയിലും മുദ്രാവാക്യം തകർക്കുകയാണ്,

“വിദ്യാർത്ഥി ഐക്യം സിന്ദാബാദ്

പിരിച്ചു വിട്ടവനെ തിരിച്ചെടുക്കുക

ഹെഡ്‌ടീച്ചർ നീതി പാലിക്കുക”


പെട്ടെന്ന് വരാന്തയിലിറങ്ങിയ ഞാൻ അവരോട് പറഞ്ഞു,

“ഇന്നുരാവിലെ പൊറത്താക്കിയെന്നോ? അതിന് ഞാനിവിടെ വന്നതിനുശേഷം ഒരു കുട്ടിയോടും സംസാരിച്ചിട്ടില്ലല്ലൊ”

അതോടെ വിദ്യാർത്ഥിഐക്യം എന്നെ വളഞ്ഞു,

“ടീച്ചറ് നമ്മളെ യൂണിയനിലെ ഷാജിയെ പുറത്താക്കിയിട്ട് അവനോട് ഇനി സ്ക്കൂളിൽ വരണ്ടാന്ന് പറഞ്ഞല്ലൊ”

“ഷാജിയോ? എന്നിട്ട് അവനെവിടേ?”

“സ്ക്കൂളിന്ന് പൊറത്താക്കിയെന്ന് പറഞ്ഞിട്ട് അവനതാ ചായപ്പീടികയിൽ ഇരിക്കുന്നുണ്ട്. നമ്മള് വിളിച്ചിട്ടൊന്നും അകത്തു വരുന്നില്ല”

“അതിനാണോ സമരം?”

“അതെ, നമ്മളിലൊരുത്തനെ തൊട്ടുകളിച്ചാൽ

അക്കളി തീക്കളി നോക്കിക്കോ”

“തീക്കളിയൊക്കെ ഒന്നു നിർത്തിയാട്ടെ,, ഇവിടെയിപ്പം ആരെയും പുറത്താക്കിയിട്ടില്ല. അങ്ങനെ ആരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ ആ കുട്ടിയെ ഇങ്ങോട്ട് കൂട്ടിവരിക”

“അതിന് ഓൻ വരുന്നില്ല ടീച്ചറെ”

“വന്നില്ലെങ്കിൽ അവനുവേണ്ടി സമരം ചെയ്യുന്ന നിങ്ങളെല്ലാവരെയും സ്ക്കൂളിന്ന് ഞാൻ പുറത്താക്കും. അപ്പോൾ അവൻ മാത്രം ക്ലാസ്സിലിരിക്കും”


        അതുവരെ എന്റെ കെട്ടിയോന്റെ കാര്യം പറഞ്ഞ എന്റെ ശിഷ്യന്മാർ അല്പസമയം കൂടിയാലോചന നടത്തി. അതിനിടയിൽ അവൻ വന്നു,, സ്ക്കൂളിൽ നിന്നും പുറത്താക്കിയെന്ന് പറയപ്പെടുന്ന ഷാജി,, രണ്ടുപേരുടെ അകമ്പടിയോടെ വന്ന് തലതാഴ്ത്തി നിൽക്കുന്നവനെ നോക്കിയിട്ട് മറ്റുള്ളവർ പറഞ്ഞു,

“ടീച്ചറ് ഇവനെയല്ലെ പൊറത്താക്കിയത്; ഇനിയിങ്ങോട്ട് വരണ്ടായെന്നും പറഞ്ഞില്ലെ?”

തലയുയർത്താതെ മുന്നിൽ നിൽക്കുന്നവന്റെ അടുത്തുപോയി ഞാൻ ചോദിച്ചു,

“ഇന്നുരാവിലെ സ്ക്കൂളിൽ നിന്നും ഷാജിയെ പുറത്താക്കിയോ?”

“പൊറത്താക്കി”

ഉത്തരം കേട്ടതോടെ ഞാനൊന്ന് ഞെട്ടി. ഉള്ളിലെ ചമ്മൽ ഒളിപ്പിച്ചുകൊണ്ട് ഞാൻ വീണ്ടും ചോദിച്ചു,

“ഞാനെപ്പോഴാണ് നിന്നെയിവിടെന്ന് പുറത്താക്കിയത്?”

“എന്നെ പൊറത്താക്കിയത് ടീച്ചറല്ല”

“പിന്നെയാരാണ്?”

“എന്നെ സ്ക്കൂളിന്ന് പൊറത്താക്കിയത് പി.ടി.എ. പ്രസിഡണ്ടാണ്”

“പി.ടി.എ. പ്രസിഡണ്ടോ? അതെങ്ങനെയാ?”

“ഇന്നുരാവിലെ ഞാൻ സ്ക്കൂളിൽ വന്നിട്ട് ഓഫീസ് റൂമിന്റെ മുന്നിൽ നിൽക്കുമ്പോഴാണ് പി.ടി.എ. പ്രസിഡണ്ട് വന്നിട്ട് എന്നോട് പറഞ്ഞത്, ‘നിന്നെ സ്ക്കൂളിൽ‌നിന്നും സസ്പന്റ് ചെയ്തിരിക്കുന്നു. പുസ്തകമെടുത്ത് വീട്ടിലേക്ക് പോയ്ക്കോ’ എന്ന്”

“അതെങ്ങനെ? എന്നിട്ട് നീയൊന്നും പറഞ്ഞില്ലെ?”

“പറഞ്ഞു, നിങ്ങളാരാ എന്നെ പൊറത്താക്കാൻ, ഇവിടെ എച്ച്.എം. ഉണ്ടല്ലൊ, എന്നു പറഞ്ഞു”

“എന്നിട്ട് പുസ്തകമെടുത്ത് നീയങ്ങ് ഇറങ്ങിപ്പോയിട്ടുണ്ടാവും”

“അല്ലാതെ ഇവിടെ നിൽക്കണ്ട എന്നു പറഞ്ഞാൽ ഞാനെന്ത് ചെയ്യാനാ?”

“നീയൊന്നും ചെയ്യേണ്ട,, പോയി ക്ലാസ്സിലിരുന്നാട്ടെ. ഉം എല്ലാവരും ക്ലാസ്സിലേക്ക് പോയ്ക്കോ”

“അപ്പോൾ പി.ടി.എ. പ്രസിഡണ്ട്?”

“അതൊക്കെ ഞാൻ ശരിയാക്കാം. ആരൊക്കെ ക്ലാസ്സിലിരിക്കണമെന്നും ഇരിക്കേണ്ടയെന്നും തീരുമാനിക്കുന്നത് ഹെഡ്‌ടീച്ചറായ ഞാനാണ്. ക്ലാസിലിരിക്കേണ്ട എന്നുള്ളവർ മാത്രം ഇപ്പോൾ ഇവിടെ നിൽക്കുക. മറ്റുള്ളവരെല്ലാം പോവുക”


      സമരവും അവധിയും അതോടൊപ്പം ഒരു ദിവസത്തെ ആഘോഷവും പ്രതീക്ഷിച്ച ശിഷ്യഗണങ്ങൾ ഓരോരുത്തരായി ക്ലാസ്സിലേക്ക് നടന്നപ്പോൾ അവർക്കു പിന്നാലെ സമരം പ്രതീക്ഷിച്ച് കൊതിയോടെ ഇറങ്ങിയ അദ്ധ്യാപകരും നടന്നു. പെട്ടെന്ന് ഫോണിന്റെ മണിയടി കേട്ടപ്പോൾ അകത്തുകടന്ന ഞാൻ റിസീവർ ഉയർത്തി ചെവിയിൽ വെച്ചു,

“ഹലോ?”

“ഹലോ, ഇത് ഹൈസ്ക്കൂളല്ലെ? ഹെഡ്‌ടീച്ചറാണോ?”

“അതെ ആരാണ്?”

“ഇത് യൂണിയൻ ഓഫീസാണ്,, ടീച്ചറെന്തിനാ നമ്മളെയൊരു കുട്ടിയെ സ്ക്കൂളിന്ന് പൊറത്താക്കിയത്?”

“ഇവിടെ ആരെയും പൊറത്താക്കിയിട്ടില്ലല്ലൊ”

“എന്നിട്ടാണോ കുട്ടികൾ സമരം ചെയ്യുന്നത്?”

“ഇവിടെയാരും സമരം ചെയ്യുന്നില്ലല്ലൊ,, ഇതാ ബെല്ലടിക്കുന്ന ശബ്ദം കേൾക്കുന്നില്ലെ”

“എന്നിട്ട് ഹൈസ്ക്കൂളിന്ന് ഒരു കുട്ടിയെ സസ്പെന്റ് ചെയ്തിട്ടുണ്ട്. ഇന്ന് സമരമാണെന്നൊക്കെ ഇവിടെ അറിയിച്ചിട്ടുണ്ടല്ലൊ”

“അതിനിവിടെ സമരമൊന്നും ഇല്ലല്ലൊ”

“നിങ്ങളുടെ കുട്ടികളാണ് പറഞ്ഞത്, ഒരുത്തനെ അകാരണമായി പൊറത്താക്കിയെന്നും അതിന് സമരമാണെന്നും,, പിന്നെ ഇക്കാര്യം നമ്മളെ എം.എൽ.എ. യെ അറിയിച്ചിട്ടുണ്ട്. അവരിപ്പോൾ ടീച്ചറെ വിളിക്കും”

“എം.എൽ.എ. എന്റെ നാട്ടുകാരനും പരിചയക്കാരനുമാണ്. അദ്ദേഹം വിളിക്കുമ്പോൾ ഞാൻ കാര്യം പറഞ്ഞോളാം”

  ടെലിഫോൺ റിസീവറിൽ വെച്ച് കസാരയിൽ അമർന്നിരിക്കുമ്പോഴാണ് അയാൾ ഓടിവന്നത്. ആരാണെന്നോ? നമ്മുടെ പി.ടി.എ. പ്രസിഡണ്ട്. വന്ന ഉടനെ ഒച്ചവെച്ചു സംസാരിക്കാൻ തുടങ്ങി,

“എനിക്കൊരു വിലയും ഇല്ലെ? ഈ സ്ക്കൂളിൽ പി.ടി.എ. പ്രസിഡണ്ടായിട്ട് ഞാനൊരാൾ ഉണ്ടെന്ന വിചാരം ടീച്ചർക്ക് വേണ്ടെ,, എന്നാലും”

“അതിനിപ്പോൾ എന്തുപറ്റി?”

“കുരുത്തം‌കെട്ട ഒരുത്തനെ ഞാൻ പൊറത്താക്കിയിട്ട് അവനെയെങ്ങിനെയാ ടീച്ചറ് കയറ്റി ഇരുത്തുന്നത്?”

“അവനെന്താ കൊഴപ്പം ഉണ്ടാക്കിയത്?”

“അവൻ ആളത്ര ശരിയല്ല ടീച്ചറെ,, പൊറത്താക്കുന്നതാ സ്ക്കൂളിന് നല്ലത്”

“ആളെത്ര ശരിയല്ല, എന്നു പറഞ്ഞിട്ട് ഒരു കുട്ടിയെ സ്ക്കൂളിൽ നിന്ന് പുറത്താക്കാൻ നിയമമുണ്ടോ?”

“നിങ്ങളുടെ ഒരു നിയമം,, ഇവിടെ എന്റെ വാക്കിനൊരു വിലയും ഇല്ലെ? ടീച്ചർക്ക് സ്ക്കൂളിനെപറ്റി വല്ലതും അറിയാമോ? ഇങ്ങനെയാണെങ്കിൽ ഞാനൊന്നും പറയുന്നില്ല”

    വന്നു കയറുമ്പോൾ ഉണ്ടായിരുന്ന ദേഷ്യം ഇരട്ടി ആയതിനുശേഷം നമ്മുടെ പി.ടി.എ. പ്രസിഡണ്ട് ഇറങ്ങിപ്പോയി. അതാ വീണ്ടും ഫോൺ,,

“ഹലോ?”

“ഹലോ ഇത് എം.എൽ.എ.യാണ്. ഞങ്ങളെ കുട്ടികളെ,,,”

എ.എൽ.എ. തുടരുകയാണ്,,,

അതാണ് എന്റെ വിദ്യാലയം,,, പ്രധാന അദ്ധ്യാപിക ആയി ഒരു വർഷം ഭരിച്ച എന്റെ പ്രീയപ്പെട്ട വിദ്യാലയം.

September 20, 2017

‘വിചാരണ’ മാതൃഭൂമി ചോക്കുപൊടിയിൽ

മാതൃഭൂമി ചോക്കുപൊടിയിൽ എന്റെ അദ്ധ്യാപന അനുഭവം


          കണ്ണൂർ ജില്ലയിലെ ചേലോറ ഗവ. ഹയർ‌സെക്കന്ററി സ്ക്കൂളിൽ ജീവശാസ്ത്രം അദ്ധ്യാപികയായി  നിയമനം‌ ലഭിച്ച്, ഏതാനും വർഷങ്ങൾ കഴിഞ്ഞപ്പോൾ വിദ്യാർത്ഥി‌കളോടുള്ള ബന്ധങ്ങൾക്ക് ആഴവും‌‌പരപ്പും വർദ്ധിച്ചു. സർക്കാർ വിദ്യാലയ‌ങ്ങളിൽ വിദ്യാർത്ഥികളുടെ എണ്ണത്തിൽ കുറവ് വന്നെങ്കിലും പഠനനിലവാരം വർദ്ധിച്ചു കൊണ്ടിരിക്കുന്ന ഇരുപത് വർഷം മുൻപുള്ള കാലത്ത് കുട്ടികളെല്ലാം അദ്ധ്യാപകരോട് കൂടുതൽ അടുപ്പം കാണിച്ചിരുന്നു. എനിക്ക് ക്ലാസ്‌ചാർജുള്ള എട്ടാം‌തരം ഏ ഡിവിഷനിലെ കുട്ടികളുടെ കൊച്ചുകൊച്ചു പ്രശ്നങ്ങൾ പങ്കുവെക്കുമ്പോൾ അവരെന്നിൽ കണ്ടത് അമ്മയുടേയും മുതിർന്ന ചേച്ചിയുടെയും സ്ഥാനമായിരുന്നു. വീട്ടിലെ കാര്യങ്ങ‌ളൊക്കെ എന്നോട്‌പറയാൻ വിദ്യാർത്ഥികൾ സമയം കണ്ടെത്തിയിരുന്നു.

           സ്ക്കൂളിൽ എത്തിയാൽ ഒഴിവു സമയങ്ങളിൽ അധികവും ഞാൻ ചെലവഴിച്ചത് ക്ലാസ് ചാർജുള്ള എട്ടാം‌തരത്തിലെ വിദ്യാർത്ഥികൾക്കൊപ്പം ആയിരുന്നു. രാവിലെയും ഉച്ചഭക്ഷണത്തിനു‌‌ശേഷവും വൈകിട്ട് സ്ക്കൂൾ വിട്ടാലും ഏതാനും‌ നേരത്തേക്ക് കുട്ടികളു‌മായി ഇടപഴകാൻ എനിക്ക് കഴിഞ്ഞിരുന്നു.



        അങ്ങനെയുള്ള ഒരുദിവസം രാവിലെ മൂന്നാമത്തെ ബഞ്ചിൽ ഇരിക്കുന്ന ദീപയാണ് ഒരു പ്രശ്നം എന്നോട് പറഞ്ഞത്. അവൾ പുതിയതായി വാങ്ങിയ നോട്ടു‌പുസ്തകം കാണാതായിരിക്കുന്നു. കരയുന്നമട്ടിൽ മുന്നിൽ നിൽക്കുന്ന ദീപയോട് ഞാൻ ചോദിച്ചു,

“പുതിയ നോട്ട് ബുക്കാണോ? എപ്പോഴാണ് കാണാതായത്?”

“ടീച്ചറെ, ഞാനിന്നലെ സ്ക്കൂളിലെ സ്റ്റോറിൽ നിന്നും വാങ്ങിയതാണ്, 200 പേജ് വരയില്ലാത്ത പുസ്തകം. പേരൊന്നും എഴുതിയിട്ടില്ല”

“അതുപിന്നെ ഒരു പുസ്തകം വാങ്ങിയാൽ എത്രയും വേഗം അതിൽ സ്വന്തം പേര് എഴുതണം. അങ്ങനെയായാൽ കാണാതെ പോകുമ്പോൾ പെട്ടെന്ന് കണ്ടെത്താമല്ലൊ”

“അതൊന്നും ഞാനോർത്തില്ല ടീച്ചറെ, വാങ്ങിയ ഉടനെ ക്ലാസ്സിൽ വന്നിട്ട് എന്റെ ബാഗിൽ വെച്ചു. ഇന്നുരാവിലെ നോക്കിയപ്പോൾ പുസ്തകം കാണാനില്ല”

“അത് വീട്ടിൽ കൊണ്ടുപോയതല്ലെ, അവിടെ വെച്ചിട്ടുണ്ടാവും”

“അല്ല ടീച്ചറെ വീട്ടിലാകെ നോക്കി. ഇന്നലെതന്നെ കാണാതെ പോയിട്ടുണ്ട്”

“അപ്പോൾ ക്ലാസ്സിലുള്ള കുട്ടികളാരെങ്കിലും എടുത്തിട്ടുണ്ടാവും എന്നല്ലെ പറയുന്നത്”

“അതെനിക്കറിയില്ല ടീച്ചറെ”

       മറുപടി പറയുന്നതിന്റെ ഒടുക്കം കരച്ചിലിന്റെ ആരംഭമായപ്പോൾ രാവിലത്തെ അദ്ധ്യാപനം വഴിമുട്ടി. 40 ശിഷ്യന്മാരെയും നോക്കിയിട്ട് ഞാൻ പറഞ്ഞു,

“നിങ്ങളുടെ കൂട്ടുകാരി ദീപയുടെ 200 പേജ് വരയില്ലാത്ത നോട്ട് ബുക്ക് കാണാനില്ല. ചിലപ്പോൾ അറിയാതെതന്നെ ആരെങ്കിലും ബാഗിൽ എടുത്തുവെക്കാൻ ഇടയുണ്ട്. അതുകൊണ്ട് എല്ലാവരും പുസ്തകങ്ങൾ പരിശോധിച്ച് സ്വന്തമാണെന്ന് ഉറപ്പുവരുത്തണം”

പറയേണ്ടതാമസം കുട്ടികളെല്ലാം പുസ്തകസഞ്ചികൾ അഴിച്ച് ഓരോ പുസ്തകവും എടുത്ത് എന്നെ കാണിക്കാൻ തുടങ്ങിയപ്പോൾ ഞാൻ പറഞ്ഞു,

“പുസ്തകങ്ങൾ എന്നെ കാണിക്കേണ്ട. നിങ്ങൾ തന്നെ പരിശോധിച്ചിട്ട് നിങ്ങളുടേ‌തല്ലാത്തത് കൂട്ടത്തിലുണ്ടോ എന്ന് നോക്കിയാൽ മതി”

പരിശോധനയുടെ ഒടുവിൽ എല്ലാവരും ഒന്നിച്ച് പറഞ്ഞു,

“ടീച്ചറെ ഞങ്ങളാരും എടുത്തിട്ടില്ല. പിന്നെ,,”

“പിന്നെ ദീപ കളവുപറയുന്നു എന്നാണോ?”

“അല്ല ടീച്ചറെ ഇന്ന് ക്ലാസ്സിൽ‌വരാത്ത ആരെങ്കിലും എടുത്തതാണെങ്കിലോ”



        പറയുന്നതോടൊപ്പം കുട്ടികളുടെ നോട്ടം ഒന്നാമത്തെ ബെഞ്ചിൽ ഒന്നാം സ്ഥാനത്തേക്ക് പതിഞ്ഞു. അതോടെ എനിക്കാകെ പരിഭ്രമമായി. മുടുക്കന്മാർ മുൻ‌ബെഞ്ചിൽ ഇരിക്കും, എന്ന പതിവിന് വിപരീതമായി എന്റെ ക്ലാസ്സിൽ ഒന്നാമത്തെ ബെഞ്ചിലിരിക്കുന്ന കുട്ടികൾ പഠനത്തിൽ പിന്നിലായവരാണ്. പലപ്പോഴും അവർ സാമ്പത്തികമായി പാവപ്പെട്ടവരും ആയിരിക്കും. അപ്പോൾ,, ഇന്ന് വരാത്തവൻ, ഒന്നാം സ്ഥാനത്തിരിക്കുന്ന രജീഷിന് നേരെയാണ് സഹപാഠികളുടെ നോട്ടം. ക്ലാസ്സിലെ ഏറ്റവും പാവപ്പെട്ടവൻ,, വിശന്നപ്പോൾ രണ്ടുതവണ ഞാൻ‌തന്നെ അവന് ഭക്ഷണം വാങ്ങി‌ക്കൊടുത്തിട്ടുണ്ട്. അവനാണോ,, മോഷ്ടാവ്? നോട്ടുപുസ്തകം കട്ടെടുത്ത വകയിൽ ഒരുദിവസം ക്ലാസ്സിൽ വരാതിരിക്കാൻ അവന് കഴിയുമോ?

ചിന്തിച്ചിരിക്കെ കുട്ടികൾ പറയാൻ തുടങ്ങി,

“ടീച്ചറെ മുൻപൊരു ദിവസം സെമീറിന്റെ പത്തുരൂപ കാണാതെ പോയിരുന്നു.അതിന്റെ പിറ്റേദിവസവും രജീഷ് ക്ലാസ്സിൽ വന്നിട്ടില്ല”

കുട്ടികളുടെ നിരീക്ഷണപാടവത്തിൽ അത്ഭുതം തോന്നി. ഞാൻ പറഞ്ഞു,

“അത് അവനാണ് എടുത്തതെന്ന് ഉറപ്പിച്ച് പറയാൻ പറ്റുമോ?”

“ഇല്ല ടീച്ചറെ”

“നഷ്ടപ്പെട്ട സാധനം അവന്റെ കൈയിൽ നിന്നും കണ്ടെടുക്കുന്നതുവരെ അവൻ കുറ്റവാളിയല്ല”

“എന്നാലും ഇതങ്ങനെ വിടാൻ പറ്റില്ല. അടുത്തിരിക്കുന്നവന്റെ പുസ്തകമൊക്കെ രജീഷ് തുറന്നു നോക്കാറുണ്ട്”

“അങ്ങനെ നോക്കുന്നത് ഒരു കുറ്റമേയല്ല. നാളെ രജീഷ് ക്ലാസ്സിൽ വന്നാൽ അവന്റെ ബാഗിലുള്ള പുസ്തകം ഞാൻ പരിശോധിച്ചിട്ട് അവനോട് ചോദിച്ചുകൊള്ളും. അതുവരെ നിങ്ങളാരും ഇക്കാര്യം അവനോട് പറയരുത്. പിന്നെ ദീപയുടെ കാണാതെ പോയ പുസ്തകത്തിന് പകരം മറ്റൊന്ന് വാങ്ങിത്തരും”

വിചാരണക്ക് താൽക്കാലിക വിരാമം നൽകിയിട്ട് ഞാൻ പഠിപ്പിക്കാൻ തുടങ്ങി.



അടുത്ത ദിവസം,,,

ക്ലാസ്സിലെത്തിയ എന്നെ എതിരേറ്റത് ദീപയാണ്. പുതിയ 200 പേജ് നോട്ടുപുസ്തകം എന്നെ കാണിച്ചിട്ട് അവൾ പറഞ്ഞു,

“ടീച്ചറെ എന്റെ പുസ്തകം കിട്ടി”

“എവിടെന്ന്?”

“വീട്ടിൽ‌നിന്നും നാലാം ക്ലാസ്സിൽ പഠിക്കുന്ന അനുജത്തി എന്റെ ബാഗിലുള്ള പുസ്തകം ചോദിക്കാതെ എടുത്തിട്ട് അവളുടെ സ്ക്കൂളിൽ കൊണ്ടുപോയിരുന്നു”

“അപ്പോൾ?,,,”



             എന്റെ നോട്ടം ഒന്നാം സ്ഥാനത്തിരിക്കുന്ന രജീഷിലേക്ക് പതിഞ്ഞു, അവനെന്നെ നോക്കുകയാണ്. മെലിഞ്ഞ ശരീരവും കീറാൻ തുടങ്ങുന്ന മുഷിഞ്ഞ യൂനിഫോമിലും വരുന്ന കൂട്ടത്തിൽ‌ കുഞ്ഞിയായ എന്റെ ശിഷ്യനെ ഒറ്റ‌നോട്ട‌ത്തിൽ പാവമാണെന്ന് പറയാം. അങ്ങനെയുള്ളവനാണ് കള്ളൻ എന്ന് പറയുന്ന സമൂഹത്തിന്റെ അവസ്ഥയാണ് ഇവിടെ സംഭവിച്ചത്. ആനേരത്തെ ടെൻഷൻ കുറക്കാനായി കുട്ടികളോട് രണ്ടു‌തവണ എഴുന്നേക്കാനും ഇരിക്കാനും പറഞ്ഞു. പിന്നെ എല്ലാവരോടുമായി പറഞ്ഞു,

“ഇന്നലെ ദീപയുടെ പുസ്തകം അവളുടെ അനുജത്തിയാണ് എടുത്തത്. നിങ്ങളിൽ ആരുടേയെങ്കിലും പണമോ പുസ്തകമോ കാണാതെപോയാൽ ആദ്യം വീട്ടിലാണ് പരിശോധിക്കേണ്ടത്. എന്നിട്ട് സ്ക്കൂളിൽ എത്തിയാൽ അക്കാര്യം ആദ്യമായി ക്ലാസ്‌ടീച്ചറായ എന്നോട് പറയണം. ഇപ്പോൾ പുസ്തകം കിട്ടിയതുകൊണ്ട് അതിനെക്കുറിച്ച് മുൻപ് പറഞ്ഞ കാര്യങ്ങളെല്ലാം മറന്നുകളയുക. ക്ലാസ്സിലെ കുട്ടികളെല്ലാം നല്ല സുഹൃത്തുക്കളാവണം”



              കാര്യങ്ങൾ തിരിച്ചറിഞ്ഞ വിദ്യാർത്ഥികൾ തലേദിവസം നടന്നതൊന്നും അറിയാതെ പുസ്തകം തുറന്ന് വായിക്കുന്ന രജീഷിനെ നോക്കിയെങ്കിലും അതൊന്നും ശ്രദ്ധിക്കാതെ ഞാൻ പഠിപ്പിക്കാൻ തുടങ്ങി. പാവപ്പെട്ടവനെ കുറ്റവാളിയാക്കുന്ന സംഭവങ്ങളാണ് ഇന്നും നമുക്കിടയിൽ കാണാൻ‌കഴിയുന്നത്. അത്തരം വാർത്തകൾ വായിക്കുമ്പോൾ മുൻപ് എട്ടാം ക്ലാസ്സിൽ നടന്നസംഭവം ഓർത്തുപോവുകയാണ്.

*******