“മിനിലോകം”

ഞാന്‍ മിനി... എന്റെ മനസ്സ് എന്റെ ലോകമാണ്. എന്റെ മനസ്സില്‍(ഓര്‍മ്മയില്‍) തങ്ങിനില്‍ക്കുന്ന കാര്യങ്ങള്‍,വേണ്ടതും വേണ്ടാത്തതും ഞാന്‍ ഇവിടെ പകര്‍ത്തുന്നു. ഇതു വായിക്കാം, അഭിപ്രായം എഴുതാം. ജീവിതത്തില്‍ നിന്നും ഞാന്‍ കണ്ടെത്തിയ ധാരാളം ചെറിയ‘വലിയ’ സംഭവങ്ങള്‍ ഉണ്ട്. അവയെല്ലാം ചിത്രങ്ങളോടൊപ്പം ഇവിടെ അവതരിപ്പിക്കുന്നു. എന്റെ ലോകത്തേക്ക് “മിനിലോക”ത്തിലേക്ക് ഞാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു... ചിരിക്കാം, കളിക്കാം, ചിന്തിക്കാം... എന്ന് നിങ്ങളുടെ: mini//മിനി

April 20, 2010

എന്റെ കമ്പ്യൂട്ടർ പഠനം


                          അദ്ധ്യാപകർ ‘പഠിപ്പിക്കേണ്ടവരും വിദ്യാര്‍ത്ഥികൾ പഠിക്കേണ്ടവരുമാണ്’ എന്ന വിശ്വാസം എല്ലാകാലത്തും എല്ലാവര്‍ക്കും ഉള്ളതാണ്. ചിലപ്പോൾ ഞാൻ ഏതെങ്കിലും പുസ്തകം വായിക്കുന്നത് കണ്ടാൽ ഉടനെ എന്റെ അമ്മ ചോദിക്കും,
“ഒരു ടീച്ചറായിട്ടും നീയെന്തിനാ പഠിക്കുന്നത്?”
                          ഇതു പോലുള്ള പലതരം ചോദ്യങ്ങൾ പലപ്പോഴായി പലരിൽ നിന്നും ഞാൻ കേള്‍ക്കാറുണ്ട്. പഠനം അത് ശിഷ്യന്മാര്‍ക്ക് മാത്രം പോരാ; അദ്ധ്യാപകര്‍ക്കും ആവശ്യമാണ്. ഒരു നല്ല അദ്ധ്യാപകൻ, ഒരു നല്ല വിദ്യാര്‍ത്ഥി കൂടി ആയിരിക്കും.

                        ഇനി നമ്മുടെ കമ്പ്യൂട്ടർ കാര്യത്തിലേക്ക് കടക്കാം. കൂടുതൽ സ്ത്രീകൾ കമ്പ്യൂട്ടർ പഠിക്കുന്നുണ്ടെങ്കിലും അത് ജോലി സംബന്ധമല്ലാതെ, സ്വന്തമായി  ഉപയോഗിക്കുന്ന കാര്യത്തിൽ  സ്ത്രീകൾ വളരെ പിന്നിലാണ് എന്ന് പറയാം. സ്ത്രീകള്‍ക്ക് കഴിവ്  ഉണ്ടായിരിക്കാം; എന്നാൽ അത് പ്രയോജനപ്പെടുത്താറില്ല എന്നതാണ് സത്യം. കാലാകാലങ്ങളായി മുന്നിൽ വരാതെ അണിയറയിൽ ഒതുങ്ങിക്കൂടുന്ന ഈ ശീലം ചില സ്ത്രീകൾ ഇന്നും തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു.  പുരുഷന്മാർ പലപ്പോഴും കാണുന്നത് ഇങ്ങനെയുള്ള സ്ത്രീകളെയാണു‍. അമ്മ, സഹോദരി, ഭാര്യ, മകൾ എല്ലാം ഒരു പ്രത്യേക വിഭാഗം. സംവരണം ആവശ്യമുള്ള ഗണത്തിൽ ഉൾപ്പെട്ടത്. അത്കൊണ്ട് തന്നെ സ്ത്രീകൾ മുന്നിട്ടിറങ്ങി നടത്തുന്ന ജോലികൾ പ്രത്യേകം ശ്രദ്ധിക്കപ്പെടുന്നു. ഇങ്ങനെ ശ്രദ്ധിക്കുന്നതും കുറ്റങ്ങൾ കണ്ടുപിടിക്കുന്നതും പുരുഷന്മാർ മാത്രമല്ല, സ്ത്രീകളും കൂടി ഉണ്ടാവും.

                         എന്റെ സ്ക്കൂളിൽ ഏതാനും വര്‍ഷം മുന്‍പ് ആദ്യമായി മൂന്ന് കമ്പ്യൂട്ടർ എത്തിച്ചേര്‍ന്നപ്പോൾ ഒരു വലിയ വിഭാഗം അദ്ധ്യാപകർ അതിനോട് സഹകരിച്ചില്ല. എന്നാൽ ചില സമര്‍ത്ഥന്മാരായ അദ്ധ്യാപകർ കമ്പ്യൂട്ടർ പഠനം അവര്‍ക്ക് മാത്രം അറിയുന്നതാക്കി മാറ്റി. കമ്പ്യൂട്ടർ പഠനത്തിൽ നിന്ന് അദ്ധ്യാപികമാർ എല്ലാവരും മാറിനിന്നു. എല്ലാ അദ്ധ്യാപകരും ക്ലാസ്സിൽ ‘ഇൻഫർമേഷൻ ടെക്ക്നോളജി’ പഠിപ്പിക്കണമെന്ന നിയമം വന്നിട്ടും കമ്പ്യൂട്ടർ ലാബിൽ നിന്നും സ്ത്രീകളെ മാറ്റിനിര്‍ത്താൻ ചില പുരുഷ അദ്ധ്യാപകർ പരമാവധി പരിശ്രമിച്ചു. ഇൻ‌സർവീസ് കോഴ്സുകൾ എത്ര കിട്ടിയാലും ചില അദ്ധ്യാപികമാർ സ്ക്കൂളിലെത്തിയാൽ മാത്രമല്ല, വീട്ടിൽ കമ്പ്യൂട്ടർ ഉള്ളവർ‌പോലും മൌസ് തൊടാൻ മടികാണിച്ചു.

                    എന്നാൽ കുട്ടികളുടെ കൂടെ ഞാനും കമ്പ്യൂട്ടർ പഠിക്കാൻ തുടങ്ങി. നിസ്സഹകരണം കാണിച്ച പുരുഷന്മാരെ അവഗണിച്ച്‌കൊണ്ട് സ്വന്തമായി എന്റെ പഠനം ആരംഭിച്ചു. സഹ അദ്ധ്യാപികമാർ എന്നോട് ആശ്ചര്യത്തോടെ പറയും,
“പുരുഷന്മാർ കുത്തകയാക്കി വെച്ച കമ്പ്യൂട്ടർ ലാബിൽ പോകാൻ നിങ്ങൾക്ക് എങ്ങനെ കഴിഞ്ഞു?”
ഞാൻ അതിനു മറുപടിയൊന്നും പറയാതെ എന്റെ ഒഴിവ് സമയം മുഴുവൻ കമ്പ്യൂട്ടർ ലാബിൽ ചെലവഴിച്ചു.

                   ഒടുവിൽ പഠിച്ചപ്പോൾ എനിക്ക് നേട്ടങ്ങൾ മാത്രം. കുട്ടികളുടെ പേരും മാർക്കും പ്രമോഷൻ ലിസ്റ്റും എല്ലാം എന്റേത് കമ്പ്യൂട്ടർ പ്രിന്റ്. മടിച്ചു നിന്നവർക്ക് അതെല്ലാം ചെയ്യാൻ പരസഹായം തേടുന്ന അവസ്ഥയായി.
                         
                    ഇന്ന്, വീട്ടിലിരുന്ന്കൊണ്ട് ഫയലുകൾ നിറഞ്ഞ എന്റെ കമ്പ്യൂട്ടർ ഓപ്പറെറ്റ് ചെയ്യുമ്പോഴും ഇന്റർ‌നെറ്റിൽ ഓടിക്കളിക്കുമ്പോഴും  ഒരു അദ്ധ്യാപികയായിരിക്കെ സ്ക്കൂളിൽ വെച്ച് കമ്പ്യൂട്ടർ പഠിച്ച ആ കാലം ഞാൻ  ഓർക്കുകയാണ്.   

24 comments:

 1. ആ കമ്പ്യൂട്ടർ അറ്റ്‌ ലീസ്റ്റ്‌ ഒന്നു തുടച്ചിട്ട്‌ ഫോട്ടോ എടുക്കാമായിരുന്നു..ഭയങ്കര പൊടി...ഇനി അതല്ല ഗൂഗിളിൽ ആണ്ടിയതാണെങ്കിൽ ഒന്നൂല്യ...

  ReplyDelete
 2. പഴയ കാര്യം പറയുമ്പോൾ പഴയ കീബോർഡിന്റെ ഫോട്ടോ എടുത്ത് പോസ്റ്റിയതാ, ഏറക്കാടനു നന്ദി.

  ReplyDelete
 3. “സ്ത്രീകള്‍ക്ക് കഴിവ് ഉണ്ടായിരിക്കാം; എന്നാൽ അത് പ്രയോജനപ്പെടുത്താറില്ല എന്നതാണ് സത്യം.“ ശരിയാ ടീചറെ, എന്റെശ്രീമതിയെ ഈ മെയിൽ ചെയ്യാനും ചാറ്റുചെയ്യാനും ഒക്കെ പഠിപ്പിക്കാൻ കുറെ സമയം ഞാൻ ചെലവഴിച്ചു. ഇപ്പോൾ അവൾമിടുക്കിയാണ് ചാറ്റിംഗിന്റെ കാര്യത്തിൽ.

  ReplyDelete
 4. പുതിയ എന്ത് വന്നാലും മുഖം തിരിച്ചു നില്‍ക്കുന്ന ആള്‍ക്കാര്‍ ഉണ്ട്. കേരളത്തില്‍ ഈ സ്വഭാവം അല്‍പ്പം കൂടുതലാ.

  ഞാന്‍ കോളേജില്‍ പഠിക്കുമ്പോള്‍ സ്ഥിരം സമരമായിരുന്നു. കമ്പ്യൂട്ടര്‍ നിരോധിക്കുക, ജോലി സ്ഥിരത ഉറപ്പാക്കുക എന്നൊക്കെ പറഞ്ഞ്. അന്ന് ശരിക്കും പേടിയുണ്ടായിരുന്നു, എന്തെകിലും പണി കിട്ടുമോ എന്ന്... (തമാശയതല്ല, ഞങ്ങളുടെ ക്ലാസ്സിലെ (computer science and engineering) ചില പിള്ളേരും അതില്‍ പങ്കു ചേര്‍ന്നു, എനിക്കും ഉള്ളില്‍ അവരോടു സ്വല്പം അനുഭാവമായിരുന്നെന്നു കൂട്ടിക്കോ. അച്ഛന്റെയും അമ്മയുടെയും ജോലിക്കാര്യം വിചാരിച്ച്!).

  പുതിയ സാഹചര്യങ്ങള്‍ പുതിയ ജോലികള്‍ ഉണ്ടാക്കും. അവയെ സ്വീകരിക്കാന്‍ പഠിക്കുകയാണെങ്കില്‍ മാത്രമേ നമുക്ക് കാലത്തിന്റെ ഒഴുക്കില്‍ പിടിച്ചു നില്ക്കാന്‍ പറ്റൂ

  ടീച്ചറെ സമ്മതിച്ചിരിക്കുന്നു. പലരും പുതിയതൊന്നും പഠിക്കില്ല.
  ആദ്യം തന്നെ കമ്പ്യൂട്ടര്‍ പഠിച്ചതിന്, അഭിനന്ദനങ്ങള്‍. ഒരു ബഹുമുഖ പ്രതിഭ തന്നെ.

  ReplyDelete
 5. എറക്കാടൻ, വെള്ളത്തൂവൽ, വഷളൻ എല്ലാവർക്കും നന്ദി.
  കമ്പ്യൂട്ടർ പഠനം വഴി എനിക്ക് അനേകം നേട്ടങ്ങൾ ഉണ്ടായിട്ടുണ്ട്. സ്ക്കൂളിൽ വിദ്യാർത്ഥികളുടെ പേരുകൾ മുഴുവൻ കമ്പ്യൂട്ടറിൽ എന്റർ ചെയ്ത് അവരുടെ മാർക്കും ഫീസ് കണക്കുകളും ഒക്കെ അതിലായിയിരുന്നു ഞാൻ തയ്യാറാക്കിയത്.
  സ്പ്രെഡ് ഷീറ്റിൽ മാർക്ക് ചേർത്താൽ ഉടൻ ഗ്രെയ്ഡ് വരുന്ന് പേജുകൾ ഉണ്ടാക്കി. പരീക്ഷകളുടെ സീറ്റിങ്ങ് എറേയ്ഞ്ച്മെന്റ് നമ്പർ എല്ലാം എന്റെ കമ്പ്യൂട്ടറിൽ ആയിരുന്നു.

  ഒരു വർഷം ഹെഡ്‌മിസ്ട്രസ്സ് ആയിരിക്കെ, മാസങ്ങളായി ക്ലാർക്കില്ലാത്ത ആ ഹൈസ്ക്കൂളിൽ ഞാനും കമ്പ്യൂട്ടറും ചേർന്നാണ് എല്ലാ ജോലികളും ചെയ്തത്.
  ഇപ്പോൾ മൻസ്സ് ഒന്നു തുറക്കുന്നതും ജീവിതത്തിൽ ഞാൻ സ്വതന്ത്രയാവുന്നതും ഈ കമ്പ്യൂട്ടറിനു മുന്നിലാണ്. നന്ദി; നന്ദി; ഒരുപാട് നന്ദി.

  ReplyDelete
 6. ടീച്ചർ പറഞ്ഞത് നൂറു ശതമാനവും ശരിയാണ്.
  പൂർണമായും യോജിയ്ക്കുന്നു.

  ReplyDelete
 7. പഠിച്ചത് നല്ലത്.. :)
  കീബോഡ് കൂതറ, അതു കണ്ടാല്‍ അറിയാം അതിന്റെ ഉപയോഗം

  ReplyDelete
 8. പഠിപ്പ് ഒരിക്കലും അവസാനിക്കുന്നില്ല.
  നല്ല കുറിപ്പ്.

  ReplyDelete
 9. സ്ത്രീകള്‍ക്ക് മാത്രമല്ല ചില പുരുഷന്മാരും ഇതൊന്നും നമുക്ക് പറ്റിയതല്ലെന്ന് പറഞ്ഞ് മാറിനില്‍കുന്നത് കണ്ടിട്ടുണ്ട് .എന്തായാലും ഒന്നു ശ്രമിച്ച് നോക്കുന്നതില്‍ എന്താ കുഴപ്പം .എന്തായാലും ടീച്ചറിന്റെ ശ്രമ നന്നായി .അതുകൊണ്ട് നമുക്ക് ഒരു നല്ല ബ്ലോഗറെ കൂടി കിട്ടിയല്ലൊ.

  ReplyDelete
 10. മിനിലോകം കാണാന്‍ വൈകി , തുടര്‍ന്ന് വായിച്ചോളാം....സന്തോഷം

  ReplyDelete
 11. ഉം.
  തുടരുക..
  കംബ്യൂട്ടിങ്ങ്..

  ആ പുഗ്ഗ് മാറ്റി ഒരു കമ്പൂട്ടറിന്റെ പോട്ടം കൊടുക്കാരുന്നു..

  ReplyDelete
 12. പൊടി പിടിച്ച കീബോര്‍ഡ് മാറ്റിയതെന്തിനാണ്.

  ReplyDelete
 13. നാടോടുമ്പോൾ നടുവേ ഓടണം മിനിച്ചേച്ചി...!!
  ആദ്യം ഓടാൻ തുനിഞ്ഞ മിനിച്ചേച്ചിക്ക് അഭിനന്ദനങ്ങൾ...

  ആദ്യം എന്തിനേയും കണ്ണടച്ച് എതിർക്കുക എന്നത് നമ്മുടെ രക്തത്തിൽ അലിഞ്ഞു ചേർന്നതാ.. അതു മാറ്റി എടുക്കാൻ അത്ര എളുപ്പമല്ല...!!

  ആശംസകൾ...

  ReplyDelete
 14. വൈകി വന്നത് കൊണ്ട് കീ ബോഡ് ദര്‍ശനം കിട്ടിയിട്ടില്ല..കഴിവുകള്‍ ഉപയോഗിക്കുന്നില്ല..വീട്ടില്‍ കംബ്യുടര്‍ ഉണ്ടായിട്ടും പലരും പ്രത്യേകിച്ച് നാരികള്‍ അത് ഉപയോഗിക്കുന്നില്ല എന്ന പൊയിന്റ് കൊണ്ടു വരാനാണല്ലൊ ഈ പോസ്റ്റ് ഇട്ടത് തന്നെ...അപ്പോള്‍ ആ പൊടി പിടിച്ച കീ ബോഡ് സിംബോളിക് ആയിട്ട് ഇട്ടതാണെന്ന യാഥാര്‍ഥ്യം മനസ്സിലാക്കാന്‍ കഴിയാതിരുന്ന ഒരു പുരുഷന്‍ കുറ്റം പറയാന്‍ കിട്ടിയ ഈ അവസരം മുതലാക്കി ഒരു കമന്റ് എല്ലാവരും കാണുന്ന എറക്കാലിയില്‍ തന്നെ കൊണ്ടു വന്നു വെച്ചു.(എറക്കാടന്‍ ചേട്ടാ, എന്റെ ബ്ലോഗില്‍ ആകെ കിട്ടുന്ന പത്ത് കമന്റുകളില്‍ ഒന്നു അങയുടേതാണ്, പതിവു മുടക്കരുതേ!!)
  (മിനിജി-സ്വകാര്യം-ആരോടും പറയരുത്-നമ്മള്‍ തമ്മിലുള്ള “കമന്റ് വശം“ കൊണ്ടു പറയുന്നതാ... നല്ല ഇഞ്ച,കാരം ഇതൊക്കെ അപ്പ് ളയ് ചെയ്ത് അക്ഷര കട്ടകളെ കുട്ടപ്പനാക്കി ഒരു പടം കൊടുക്കു...കാണാന്‍ കാത്തിരിക്കുന്നു...)

  ReplyDelete
 15. ഈ പുതിയ കാലത്ത്‌ സാക്ഷരത എന്നാൽ കമ്പ്യൂട്ടറും കൂടി അറിഞ്ഞിരിക്കണം എന്നായിട്ടുണ്ട്‌.

  ReplyDelete
 16. സ്കൂളുകളിൽ സ്മാർട്ട് ക്ലാസ്സ് റൂമുകൾ സജ്ജീകരിച്ചു തുടങ്ങിയിരിക്കുന്ന ഇക്കാലത്തും നമ്മുടെ സ്കൂളുകളിലെ വനിതാ അദ്ധ്യാപകർക്ക് മാത്രമല്ല പുരുഷ അദ്ധ്യാപകർക്കും ഇന്നും കമ്പ്യൂട്ടറുകൾ വെറും കൌതുക വസ്തുക്കളാണ്. മൌസു പിടിയ്ക്കാൻ പോലും അറിയില്ല. കഷ്ടം എന്നല്ലാതെ എന്തു പറയാ‍ൻ.

  അദ്ധ്യാപകരായാൽ പിന്നെ എല്ലാം തികഞ്ഞു വെന്നും ഇനി ഒന്നും പഠിക്കേണ്ടതില്ലെന്നുമാണ് മിക്കവരുടെയും ധാരണ. സത്യത്തിൽ ജീവിത കാലം മുഴുവൻ വിദ്യാർത്ഥികളേക്കാൾ കൂടുതൽ നിരന്തരം പഠിച്ചുകൊണ്ടിരിക്കേണ്ടവരാണ് അദ്ധ്യാപകർ എന്ന വസ്തുത അവർ ഇനിയും മനസ്സിലാക്കേണ്ടിയിരിക്കുന്നു.

  ആ‍ർക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഇന്നത്തെ പുതിയ പാഠ്യ പദ്ധതികൾക്ക് അനുസൃതമായി അദ്ധ്യാപനം നടത്താൻ കഴിവും യോഗ്യതയും ഉള്ള അദ്ധ്യാപകർ വളരെ വിരളമാണെന്നു പറയേണ്ടിയിരിക്കുന്നു. ഒരു പൊതു യോഗത്തിൽ നേരെ ചൊവ്വേ ഒരു സ്വാഗതപ്രസംഗം നടത്താൻ പോലും കഴിയാത്തവരാണ് ഹയർ സെക്കണ്ടറിയിൽ അടക്കമുള്ള പ്രധാന അദ്ധ്യാപകർ (പ്രിൻസിപ്പാൾമാർ/ ഹെഡ്മാസ്റ്റർമാർ) പോലും. അവരാണ് കുട്ടികളുടെ സർവ്വതോന്മുഖമായ കഴിവുകളെ പരിഭോഷിപ്പിക്കേണ്ടവർ.

  പത്രം പോലും കൈകൊണ്ടു തൊടാത്ത നിരവധി അദ്ധ്യാപകരെ ഈയുള്ളവന് അറിയാം. പത്രപാരായണത്തിൽ പ്രത്യേകിച്ച് വനിതാ അദ്ധ്യാപകർക്കാണ് തീരെ താല്പര്യമില്ലാത്തതായി കാണുന്നത്. ലോകത്ത് നടക്കുന്ന പല സംഭവങ്ങളും അവർ അറിയുന്നതേയില്ല. പിന്നല്ലേ മറ്റു പുസ്തകങ്ങൾ ഒക്കെ വായിക്കുന്നത്. വനിതാ അദ്ധ്യാപകർ ഇന്നും സീരിയലുകൾക്ക് മുന്നിൽ തന്നെ!

  ഈ ബി.എഡും, റ്റി.റ്റി.സിയുമൊക്കെ ഒരു തരം ഉഡായിപ്പ് ഏർപ്പാടുകൾ മാത്രമാ‍ണ്. അവയിലെ മിക്ക വർക്കുകളും കൂലി കൊടുത്ത് ചെയ്യിക്കുന്നതാണ്. ബി.എഡിനും, റ്റി.റ്റി സിയ്ക്കും ഒക്കെ സമർപ്പിക്കേണ്ട സംഗതികൾ തയ്യാറാക്കിക്കൊടുക്കുന്നത് ഒരു തൊഴിലായി സ്വീകരിച്ചിട്ടുള്ളവർ തന്നെഉണ്ട് നമ്മുടെ നാട്ടിൽ. അവരിൽ പലരും പത്താം ക്ലാസ്സ് പാസ്സായിട്ടുമുണ്ടാകില്ല.

  ഈയുളളവനും എഴുതിക്കൊടുത്തിണ്ടുണ്ട് പലർക്കും അസൈന്മെന്റും മറ്റും. ഇത്തരത്തിൽ ബിരുദമെടുത്തുവരുന്നവരിൽ നിന്ന് കൂടുതൽ ഒന്നും നാം പ്രതീക്ഷിച്ചുകൂട. വിഷയം കാടു കയറുന്നതിനാൽ ഞാൻ ഈ കമന്റ് ചുരുക്കുന്നു.

  ReplyDelete
 17. my dear Teacher
  i am sorry മിനിടീച്ചര്‍
  പണ്ടൊരിക്കല്‍ എന്നോട് കേരളക്കരയിലെ ഒരു ഗീത ടീച്ചര്‍ ചോദിച്ചു.
  “എന്നെ എന്തിനാ ടീച്ചറെന്ന് വിളിക്കണേ...?
  ജെപി യെ ഞാന്‍ പഠിപ്പിച്ചിട്ടുണ്ടോ?
  “എനിക്ക്ക് പെട്ടെന്ന് ഉത്തരം പറയാനായില്ല. ആ സൌഹൃദം മുറിഞ്ഞാലോ എന്നാലോചിച്ചിട്ട്....”

  പിന്നീട് ഞാന്‍ പറഞ്ഞു.. എന്റെ മാതാവും ടീച്ചറായിരുന്നു. ആ ഗ്രാമത്തിലെ എല്ലാരും എന്റെ മാതാവിനെ ടീച്ചറ് എന്നാ വിളീച്ചിരുന്നത്...
  ++ ഞാന്‍ ഏതായാലും മിനിയെ ടീച്ചര്‍ എന്ന് തന്നെയാ വിളീക്കാന്‍ പോകുന്നത്...
  == മിനിടീച്ചറുടെ ഈ പോസ്റ്റ് നല്ല വായനാ‍സുഖം ഉണ്ട്.
  ആശംസകള്‍............
  തൃശ്ശൂര്‍ ബ്ലൊഗ് ക്ലബ്ബിന്റെ ഒരു മീറ്റിങ്ങ് 4/5/10 നു ഉണ്ട്. പങ്കെടുക്കാം.
  വിശദവിവരത്തിന് കാണുക
  trichurblogclub.blogspot.com

  ReplyDelete
 18. my dear Teacher
  i am sorry മിനിടീച്ചര്‍
  പണ്ടൊരിക്കല്‍ എന്നോട് കേരളക്കരയിലെ ഒരു ഗീത ടീച്ചര്‍ ചോദിച്ചു.
  “എന്നെ എന്തിനാ ടീച്ചറെന്ന് വിളിക്കണേ...?
  ജെപി യെ ഞാന്‍ പഠിപ്പിച്ചിട്ടുണ്ടോ?
  “എനിക്ക്ക് പെട്ടെന്ന് ഉത്തരം പറയാനായില്ല. ആ സൌഹൃദം മുറിഞ്ഞാലോ എന്നാലോചിച്ചിട്ട്....”

  പിന്നീട് ഞാന്‍ പറഞ്ഞു.. എന്റെ മാതാവും ടീച്ചറായിരുന്നു. ആ ഗ്രാമത്തിലെ എല്ലാരും എന്റെ മാതാവിനെ ടീച്ചറ് എന്നാ വിളീച്ചിരുന്നത്...
  ++ ഞാന്‍ ഏതായാലും മിനിയെ ടീച്ചര്‍ എന്ന് തന്നെയാ വിളീക്കാന്‍ പോകുന്നത്...
  == മിനിടീച്ചറുടെ ഈ പോസ്റ്റ് നല്ല വായനാ‍സുഖം ഉണ്ട്.
  ആശംസകള്‍............
  തൃശ്ശൂര്‍ ബ്ലൊഗ് ക്ലബ്ബിന്റെ ഒരു മീറ്റിങ്ങ് 4/5/10 നു ഉണ്ട്. പങ്കെടുക്കാം.
  വിശദവിവരത്തിന് കാണുക
  trichurblogclub.blogspot.com
  മീറ്റിങ്ങ് വെന്യു ഈസ് അറ്റ് ട്രിച്ചൂര്‍, നിയര്‍ മെട്രോ ഹോസ്പിറ്റല്‍.

  ReplyDelete
 19. Echmukutty-,
  അതിപ്പൊ ഇവിടെ അടുക്കളയിൽ നിന്ന് സമയത്ത് കിട്ടിയില്ലെങ്കിൽ കുറ്റം ഈ കമ്പ്യൂട്ടറിനാണ്. അഭിപ്രായത്തിനു നന്ദി.
  കൂതറ/Hashim-, പട്ടേപ്പാടം റാംജി-, ജിവി കരിവെള്ളൂർ-, സിദ്ദിക്ക് തൊഴിയൂർ-, Suhruth-, മുഖ്താർ:udrampoyil-, Ravi-, വി കെ-,
  അഭിപ്രായം പറഞ്ഞ എല്ലാവർക്കും നന്ദി.
  poor-me/പാവം-ഞാൻ-,
  ഇനി ഏതായാലും വിന്റോസ് തന്നെ കിടക്കട്ടെ. പിന്നെ ഈ കീ ബോർഡ് മൂന്നാമത്തെയാ, എന്താ ചെലവ്?
  അഭിപ്രായത്തിനു നന്ദി.
  കാക്കര-,
  അഭിപ്രായത്തിനു നന്ദി.
  ഇ.എ.സജീം തട്ടത്തുമല-,
  പറഞ്ഞതെല്ലാം അപ്പടി ശരിയാണ്. പിന്നെ എന്റെ സ്ക്കൂളിലെ പെൺകുട്ടികളെ കമ്പ്യൂട്ടർ ലാബിൽ നിന്ന് പിടിച്ച് പുറത്തിറക്കാൻ പലപ്പോഴും അദ്ധ്യാപകർ എന്റെ സഹായം തേടാറുണ്ട്. അതൊക്കെ രസമുള്ള ഓർമ്മകളാണ്.അഭിപ്രായത്തിനു നന്ദി.
  പ്രകാശേട്ടന്-,
  ഇവിടെ വന്നതിനു വളരെ സന്തോഷം. നമ്മുടെ നാട്ടിൽ (കണ്ണൂർ) എന്നെങ്കിലും കുട്ടികളെ പഠിപ്പിച്ചിട്ടുണ്ടെങ്കിൽ അവർ ശമ്പളം വാങ്ങുന്നവരല്ലെങ്കിലും ടീച്ചറും മാഷും ആയി അറിയപ്പെടും. ഞാനിപ്പോൾ താമസിക്കുന്നിടത്ത് പലർക്കും എന്റെ പേര് അറിയില്ല; ടിച്ചർ എന്ന് എല്ലാവരും വിളിക്കുന്നു. ഇപ്പോൾ റിട്ടയർ ചെയ്തിരിക്കയാ. എന്റെ അമ്മയുടെ 2 പെണ്മക്കൾ പഠിപ്പിക്കുന്നവരാണെങ്കിലും 3 ആണ്മക്കളും ഇപ്പോൾ അദ്ധ്യാപകരല്ല, മറ്റു സർക്കാർ ജോലി ചെയ്യുന്ന അവർ, നാട്ടിൽ മാഷെമ്മാരാണ്. പിന്നെ രാവിലെ വീട്ടിന്നെറങ്ങിയാൽ വൈകുന്നേരം തിരിച്ചെത്തുന്ന ചെറിയ യാത്രകൾക്ക് മാത്രമേ പെർമിഷൻ ഉള്ളു. ധാരാളം പരിമിതികൾ ഉണ്ട്. ശരീരത്തിന് തന്നെ. അഭിപ്രായത്തിനു നന്ദി.
  തൃശ്ശൂർ മീറ്റിന് എന്റെ ആശംസകൾ.

  ReplyDelete
 20. എന്തന്ന്യായാലും അതോണ്ടാണല്ലോ ടീച്ചര്‍ ബ്ലോഗ്‌ എഴുതാനും ഞങ്ങള്‍ക്ക് പരിചയപ്പെടാനും നല്ല കഥകള്‍ വായിക്കാനുമൊക്കെ പറ്റിയത്... കമ്പ്യൂട്ടര്‍ യന്ത്രമേ നിനക്ക് നന്ദി...ടീച്ചര്‍ക്കും....

  ReplyDelete
 21. റ്റീച്ചര്‍ കുറച്ചുവര്‍ഷങ്ങള്‍ക്കുമുന്‍പ് പ്രധാനമന്ത്രിയുടെ റോഡ് വികസനപദ്ധതിയുടെ ഭാഗമായി ഇതില്‍ ഭാഗമാകുന്ന ഉദ്യോഗസ്ഥര്‍ക്ക് ഓണ്‍ലൈന്‍ വഴി എങ്ങിനെയാണ് അതിന്റെ രൂപരേഖ തയാറാക്കുന്നതെന്നും മറ്റുമ്മുള്ള പരിശീലനം നല്‍കാനായി കേരളത്തിലെ ഒരു പ്രമുഖ സര്‍ക്കാര്‍ പരിശീലന കേന്ദ്രത്തില്‍ വച്ചു നടക്കുകയുണ്ടായി, അതില്‍ പങ്കെടുക്കാനായി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഉദ്യോഗസ്ഥരും എത്തി, വനിതകള്‍ അവരുടെ ഭര്‍ത്താക്കന്മാരുടെ കൂടെയുമാണ് എത്തിയത്, അവര്‍ക്കുള്ള താമസസൌകര്യവും ഭക്ഷണവും എല്ലാം അവിടെയുണ്ടുതാനും, ഇതിന്റെ പരിശീലനം നല്‍കുന്നതിനായി സിഡിറ്റിന്റെ പൂനെ കേന്ദ്രത്തില്‍ നിന്നാണ് ആളെത്തിയത്, അവരാകട്ടെ ചെറുപ്പക്കാരും, ക്ലാസ് തുടങ്ങി അരമണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കും ഓരോരുത്തരായി ഓരോ കാരണം പറഞ്ഞ് പുറത്തിറങ്ങാന്‍ തുടങ്ങി ഒരുമണിക്കൂറിനുള്ളില്‍ ക്ലാസ്സില്‍ പരിശീലിപ്പിക്കാന്‍ വന്നവരും ഞാനും മാത്രം.
  കാരണം മറ്റൊന്നുമല്ല അവര്‍ക്കൊന്നും ഇതിനോട് ഒട്ടും താല്പര്യമില്ല, മറ്റൊന്ന് പഠിപ്പിക്കുന്നവര്‍ അവരേക്കാള്‍ പ്രായം കുറഞ്ഞവര്‍, പുറത്തുപോയവര്‍ എന്തുചെയ്യുന്നു എന്നുനോക്കിയപ്പോള്‍ അവര്‍ വെളിയിലിറങ്ങി കൂട്ടം കൂടി വര്‍ത്തമാനം പറഞ്ഞ്രിക്കുന്നു, പിന്നീട് സ്ഥാപനത്തിന്റെ ഡയറക്റ്ററുടെ ഉത്തരവ് വന്നു ക്ലാസ്സില്‍ കയറാത്തവര്‍ക്ക് TA ,ഇവിടെ വരാത്തതായി കണക്കാക്കി സാലറി കട്ടാകും എന്നൊക്കെപ്പറഞ്ഞ്, അതിനുശേഷം മാത്രമാണ് അവരൊക്കെ ക്ലാസ്സില്‍ കയറിയത്.

  ReplyDelete
 22. സുമേഷ്-,
  അഭിപ്രായത്തിനു നന്ദി.
  മോഹനം-,
  ഒരു രഹസ്യം പറയട്ടെ; അദ്ധ്യാപകരായാലും ക്ലാസ്സിൽ മര്യാദക്ക് ഇരുന്ന് പഠിക്കണമെങ്കിൽ കർശ്ശനമായ നിയന്ത്രണങ്ങൾ വേണ്ടിവരും. ഇത് പ്രായത്തെ നോക്കിയല്ല; ക്ലാസ് എടുക്കുന്നവർ ചിലപ്പോൾ കർശ്ശന നിലപാട് എടുക്കേണ്ടി വരും. എനിക്ക് അറിയുന്ന ഒരു ചെറുപ്പക്കാരനായ അദ്ധ്യാപകൻ നടത്തുന്ന കോഴ്സുകളിൽ എല്ലാവരും നിശബ്ദമായി ഇരിക്കും. കാരണം; ആ വ്യക്തി എടുക്കുന്ന ക്ലാസ്സിന്റെ വിഷയം മറ്റുള്ളവരെക്കാൾ നന്നായി പഠിച്ചിരിക്കും, പിന്നെ ക്ലാസ്സിൽ ആരെങ്കിലും സംസാരിക്കാൻ തുടങ്ങിയാൽ ആദ്യ അവസരത്തിൽ‌തന്നെ ക്ലാസ്സ് നിർത്തി നല്ല വഴക്ക് പറയുകയും ചെയ്യും. അഭിപ്രായത്തിനു നന്ദി.

  ReplyDelete
 23. ബ്ലോഗ്‌ കണ്ടു ... നന്നായിരിക്കുന്നു... ഒരിക്കലും കമ്പ്യൂട്ടര്‍ പഠനം ആരുടേയും കുത്തകയല്ല... പഠിക്കാനുള്ള മനസാണ് പ്രധാനം ....
  ആ മന്സുണ്ടായല്ലോ... അതെല്ലാവര്‍ക്കും ഒരു പ്രചോദനമാകട്ടെ ....
  കമ്പ്യൂട്ടര്‍ പഠനവുമായി ബന്ധപ്പെട്ട ഒരു ബ്ലോഗ്‌ എനിക്ക് സ്വന്തമായുണ്ട്...
  www.a4aksharam.blogspot.com
  അത് ടീച്ചര്‍ക്ക്‌ പ്രയോജനം ചെയ്യും എന്ന് വിശ്വസിക്കുന്നു ...

  ReplyDelete

എന്റെ മനസ്സിലെ ഈ കൊച്ചു മിനിലോകത്തിലേക്ക് എല്ലാവര്‍ക്കും സ്വാഗതം.