“മിനിലോകം”

ഞാന്‍ മിനി... എന്റെ മനസ്സ് എന്റെ ലോകമാണ്. എന്റെ മനസ്സില്‍(ഓര്‍മ്മയില്‍) തങ്ങിനില്‍ക്കുന്ന കാര്യങ്ങള്‍,വേണ്ടതും വേണ്ടാത്തതും ഞാന്‍ ഇവിടെ പകര്‍ത്തുന്നു. ഇതു വായിക്കാം, അഭിപ്രായം എഴുതാം. ജീവിതത്തില്‍ നിന്നും ഞാന്‍ കണ്ടെത്തിയ ധാരാളം ചെറിയ‘വലിയ’ സംഭവങ്ങള്‍ ഉണ്ട്. അവയെല്ലാം ചിത്രങ്ങളോടൊപ്പം ഇവിടെ അവതരിപ്പിക്കുന്നു. എന്റെ ലോകത്തേക്ക് “മിനിലോക”ത്തിലേക്ക് ഞാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു... ചിരിക്കാം, കളിക്കാം, ചിന്തിക്കാം... എന്ന് നിങ്ങളുടെ: mini//മിനി
Showing posts with label വിദ്യാലയ വിശേഷങ്ങള്‍. Show all posts
Showing posts with label വിദ്യാലയ വിശേഷങ്ങള്‍. Show all posts

November 4, 2025

**പാവാടപ്രായത്തിലേക്ക്**

 

       അഞ്ച് വിദ്യാലയങ്ങളിൽ പഠിക്കാൻ എനിക്ക് കഴിഞ്ഞതിൽ ഒന്നുമാത്രമാണ് സർക്കാർ സ്വന്തമായി നടത്തുന്ന സ്ഥാപനം. അദ്ധ്യാപന പരിശീലനമായ ബി.എഡ് എന്ന് വിളിക്കുന്ന ബാച്ച്ലർ ഓഫ് എഡ്യുക്കേഷൻ പഠനകാലത്ത് അതിനുള്ള അവസരം ലഭിച്ചു. ഗവണ്മെന്റ് ട്രെയിനിംഗ് കോളേജ് തലശ്ശേരിയിലെ പഠനം ഒരുകൊല്ലം മാത്രമാണെങ്കിലും എന്നും ഓർമ്മിക്കാൻ കഴിയുന്ന ഏതാനും അനുഭവങ്ങൾ അവിടെനിന്നും ലഭിച്ചു.

   അടിയന്തിരാവസ്ഥ എന്ന് അറിയപ്പെടുന്ന ഇന്ത്യാചരിത്രത്തിലെ സുവർണ്ണ/ഭീകര കാലത്താണ് എന്റെ ബി.എഡ്  പഠനം എന്നൊരു സവിശേഷതയുണ്ട്.

             കാര്യങ്ങൾ കണ്ടറിയാനും തന്റേടത്തോടെ രണ്ടുവാക്ക് പറയാനും തന്റേടം ലഭിച്ചത് ഡിഗ്രി കഴിഞ്ഞശേഷം ബി.എഡ് പഠിക്കുന്ന കാലത്താണ്. പ്രധാന സംഗതി എന്തെന്നാൽ ആഗസ്റ്റ് മാസം ബി.എഡ് റിസൽട്ട് വന്നതിന്റെ പിറ്റേന്നുതന്നെ ഞാൻ ഹരിശ്രീ കുറിച്ച കിഴുന്ന എൽ.പി സ്കൂളിൽ ടീച്ചറായി ചേർന്ന് പഠിപ്പിക്കാൻ കഴിഞ്ഞു. ഇക്കാര്യത്തിൽ സഹായം ആയത് ഞങ്ങൾക്ക് സ്വന്തമായി ഉള്ള പത്ത് സെന്റ് വിറ്റപ്പോൾ കിട്ടിയ പണമാണ്. നാലാം ക്ലാസിലെ ടീച്ചറായി ഞാൻ പഠിപ്പിക്കുമ്പോൾ മൂന്നിലും അഞ്ചിലും സഹോദരന്മാർ രണ്ടുപേർ പഠിക്കുന്നു. ഒപ്പം ബന്ധുക്കളും നാടുകാരുമായി അനേകം പേരുണ്ട്.


            തലശ്ശേരി ഗവ. ട്രെയിനിംഗ് കോളേജ് വിചിത്രമായ സ്ഥലമാണ്. അവിടെയുള്ള നിർമ്മിതി മുഴുവൻ ബ്രിട്ടീഷുകാർ ചെയ്തതാണ്. പ്രത്യേകതരം സിമന്റ് കൊണ്ടുള്ള തറയോട്, ഉയരമുള്ള മേൽക്കൂരയുടെ മുകളിലും താഴെയുമായി രണ്ട് തരം ഓടുകൾ. വലിയൊരു വീടിന് മാറ്റം വരുത്തി വിദ്യാലയം ആക്കിയതാണൊ എന്ന് തോന്നിപ്പോകും. ഓരോ വിഷയവും പഠിപ്പിക്കാനായി പ്രത്യേകം ഇടങ്ങളിൽ ആ വിഷയത്തിന്റെ ലൈബ്രറിയും ലബോററ്ററിയും ക്ലാസുകളും അദ്ധ്യാപകരും ഉണ്ട്. ഒരേ വിഷയക്കാർ അവിടെനിന്നും കറങ്ങിയാൽ മതി.

         എന്റെ വിഷയം നാച്ച്വറൽ സയൻസ് എന്ന് വിളിക്കുന്ന ബയോളജി ക്ലാസ്സിൽ 16 വിദ്യാർത്ഥികൾ ഉണ്ട്, 8 പെൺകുട്ടികളും 8 ആൺകുട്ടികളും. കുട്ടിപ്രായം കഴിഞ്ഞതിനാൽ അന്നത്തെ കാലത്ത് ഞങ്ങൾ വിളിക്കപ്പെടുന്നത് വിമൻ സ്റ്റൂഡൻസ്, മെൻ സ്റ്റൂഡൻസ് എന്നായിരുന്നു. ബയോളജി വിഷയത്തിന്റെ അദ്ധ്യാപകനായ ജി.പി കൃഷ്ണപ്പിള്ള സാർ സരസഗായകകവി കെ.സി കേശവപ്പിള്ളയുടെ അടുത്ത ബന്ധുവാണ്.


         1975ൽ തുടങ്ങി 1976ൽ അവസാനിക്കുന്ന എന്റെ ബി.എഡ് പഠനം അടിയന്തിരാവസ്ഥ കാലത്ത് ആയതിനാൽ യാത്രാബസുകൾ മാത്രമല്ല, സർക്കാർ ജീവനക്കാരും അദ്ധ്യാപകരും വിദ്യാർത്ഥികളും കൃത്യസമയം പാലിച്ചിരുന്നു. പഠിക്കേണ്ട വിഷയങ്ങളെല്ലാം ഞങ്ങൾക്ക് നന്നായി അറിയുന്നതിനാൽ കൃഷ്ണപ്പിള്ള സാർ പുതിയതായി ഒന്നും പഠിപ്പിച്ചിരുന്നില്ല. മിക്കദിവസവും ക്ലാസിൽ നടക്കുന്നത് അടിയന്തരാവസ്ഥയുടെ ഭീകരതയെ കുറിച്ചുള്ള ചർച്ചകളാണ്. പത്രങ്ങൾക്ക് സെൻസർഷിപ്പ് ഉള്ളതിനാൽ ഇന്ത്യയിലൊട്ടാകെ നടക്കുന്ന ആക്രമണങ്ങളുടെ വാർത്തകളെല്ലാം ഞങ്ങളെ അറിയിച്ചത് അദ്ധ്യാപകനായ കൃഷ്ണപ്പിള്ള സാർ ആയിരുന്നു. 

             പ്രധാന വിഷയമായ ബയോളജി കൂടാതെ സൈക്കോളജി ഫിലോസഫി, എഡ്യുക്കേഷൻ തുടങ്ങിയവയും ഞങ്ങൾക്ക് പഠിക്കണം. അവയെല്ലാം പഠിപ്പിച്ചത് അയ്യർ സാർ ആണ്, ഹരിഹരസുഭഅയ്യർ,, തീയറിയും പ്രാക്റ്റിക്കലും പരീക്ഷണങ്ങളും മറ്റു സ്കൂളുകളിൽ പോയിട്ടുള്ള ടീച്ചിംഗ് പ്രാക്റ്റീസും ചേർന്ന് അദ്ധ്യാപകപഠനം പൊടിപൊടിച്ചു.


             ഏതാണ്ട് 40 കൊല്ലം മുൻപുവരെ നമ്മുടെ സമൂഹം ഓരോ നാട്ടിലുമുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക ഡ്രസ് കോഡ് ഉണ്ടാക്കിയിരുന്നു. മറ്റുള്ള മനുഷ്യരിൽ നിന്നും വ്യത്യസ്ഥമായി വസ്ത്രങ്ങൾ അണിഞ്ഞാൽ കാണുന്നവരുടെ ശ്രദ്ധ ആകർഷിക്കപ്പെടുന്ന കാലം. പെൺകുട്ടികൾ ഉടുപ്പ് മാറ്റി പാവാട ആക്കിയാൽ പിന്നീട് ഒരിക്കലും ഉടുപ്പ് അണിയുകയില്ല. അതുപോലെയാണ് സാരിയുടെ കാര്യം,, പാവാട മാറ്റി സാരിക്കാരി ആയാൽ, പിന്നെ പാവാടയിലേക്ക് തിരികെ പോവുകയില്ല. ഇന്നത്തെപോലെ വീട്ടകത്തിലും വാഹനത്തിലും ഒതുങ്ങി ഒറ്റപ്പെടുന്നവരല്ല അന്നത്തെ സ്ത്രീകൾ. ദിവസങ്ങളുടെ ഏതാനും മണിക്കൂറുകൾ സമൂഹവുമായി ഇടകലർന്നാണ് പുരുഷനോടൊപ്പം സ്ത്രീയും ജീവിക്കുന്നത്. എന്ത് ധരിക്കണമെന്നും എന്ത് ധരിക്കേണ്ടയെന്നും സമൂഹം തീരുമാനിക്കും. ഇന്നും അതേപോലുള്ള ചിന്താഗതിയുമായി ജീവിക്കുന്ന അനേകം പേരുണ്ട്.


      അങ്ങനെയുള്ള പഴയൊരു കാലം ഓർമ്മയിൽ തെളിയുകയാണ്,

         എന്റെ ഗ്രാമത്തിലുള്ള കിഴുന്ന സൗത്ത് യൂ.പി. സ്കൂളിൽ പഠിക്കുന്ന കാലം, ആറാം ക്ലാസിൽ ചേർന്നിട്ട് ഒരുമാസം കഴിഞ്ഞ് ഒരുദിവസം. രാവിലെ ക്ലാസിൽ കടന്ന് പുസ്തകസഞ്ചി ഡസ്കിൽ വെക്കുന്നനേരത്ത് ആരൊക്കെയോ ഓടുന്നശബ്ദം കേട്ടപ്പോൾ ഞാൻ തലയുയർത്തി. നേരത്തെവന്ന കുട്ടികളെല്ലാം സ്കൂളിന്റ കിഴക്കു ഭാഗത്ത് ഓടുന്ന ദൃശ്യം കണ്ടപ്പോൾ അടുത്തിരിക്കുന്ന വൈജയന്തിമാലയോട് ചോദിച്ചു,

“വൈജേ അതെവിടെയാ എല്ലാരും കീഞ്ഞി പായുന്നത്?”

         ചോദ്യം കേട്ട വൈജ വെളിയിലിറങ്ങി കാര്യം തിരക്കിയശേഷം എന്നോട് പറഞ്ഞു,

“ആട ഒന്നാംക്ലാസില് പുതിയൊരു കുട്ടി വന്നിട്ടുണ്ട്. അവള് ബോംബെക്കാരിയാ”

“അതിനെനെന്തിനാ എല്ലാരും പായുന്നത്? ഓളെക്കാണാനാണോ?”

“ഓളെക്കാണാൻ നല്ല രസമുണ്ട് പോലും, ഓളിട്ടത് നമ്മളെപ്പോലത്തെ കുപ്പായമല്ല”

“പിന്നെ അതെന്താ?”

“അനക്കറീല്ല”

“നീ വാ, നമ്മക്ക് പോയിനോക്കാം”


           അങ്ങനെ വൈജയന്തിയും ഞാനും ഒത്തുചേർന്ന് ഓടിയപ്പോൾ കണ്ടത് ഒന്നാം ക്ലാസിന്റെ ഇരുണ്ട മൂലയിൽ പേടിച്ച് പതുങ്ങിയിരിക്കുന്ന വെളുത്തു മെലിഞ്ഞ പെൺകുട്ടിയെ ആണ്. അവളിട്ടത് കൈനീളമുള്ള മിന്നുന്ന മേലുടുപ്പ്, അടിയിലാണെങ്കിൽ ആണുങ്ങൾ ഇടുന്ന കാൽസ്രായി പോലെ രണ്ട് കാലും വേറെ വേറെ കാണുന്നത്,, അതായത് പാന്റ്. ചുറ്റുമുള്ള കുട്ടികൾ ആവേശം മൂത്ത് ആ കുട്ടിയെ വലിക്കുകയും നുള്ളുകയും ചെയ്യുമ്പോൾ അവൾ വേദനകൊണ്ട് കരഞ്ഞ് കണ്ണിരൊഴുക്കുന്നു. മറ്റു കുട്ടികളെല്ലാം അവളെ നോക്കി ഉച്ചത്തിൽ കൂവിയാർക്കുകയാണ്. ബഹളത്തിന്റെ ഇടയിൽനിന്നും തിരികെ പോകുമ്പോൾ ഞാൻ വൈജയന്തിയോട് പറഞ്ഞു,

“ഓളിട്ട കുപ്പായം കാണാൻ നല്ല രസമുണ്ട്, ബോംബെലൊക്കെ ഇതാകും. അതിന്റെ പേരറിയോ?”

“കുട്ടികള് പറീന്ന കേട്ടില്ലേ, പൈജാമയും ജുബ്ബയും എന്നാണ് പോലും”

“ഓളെ പേരെന്താ?”

“ജയശ്രീ”

            അന്ന് അങ്ങനെയൊക്കെ ആയിരുന്നു. പെൺകുട്ടികൾ അണിയുന്ന ചൂരീദാറും പൈജാമയും നമ്മുടെ ഗ്രാമങ്ങളിൽ പ്രചരിച്ച ആദ്യകാലങ്ങളിൽ അതെല്ലാം അണിയുന്നവർ പലതരം പരിഹാസങ്ങൾക്ക് ഇരയായിട്ടുണ്ട്. ഇന്നാണെങ്കിൽ ട്രെന്റിനോടൊപ്പം നിന്ന് എന്തും ഏതും അണിയാമെന്ന അവസ്ഥയാണ്.


            അച്ഛൻ കൃഷി ചെയ്യുന്നതുകൊണ്ട് ഭക്ഷണക്ഷാമം എന്നത് അറിഞ്ഞില്ലെങ്കിലും ജീവിതത്തിന്റെ വലിയൊരു കാലയളവിൽ എനിക്ക് വസ്ത്രത്തിനും പണത്തിനും നല്ലൊരു വീടിനും ക്ഷാമം നേരിട്ടിരുന്നു. പ്രായവും രോഗവും തളർത്തിയപ്പോൾ ഉപയോഗിക്കാൻ കഴിയാത്ത എന്റെ വസ്ത്രങ്ങൾ അലമാര നിറയെ കാണുമ്പോൾ വലിയദുഃഖം തോന്നുന്നു. വസ്ത്രധാരണവുമായി ബന്ധപ്പെട്ട് രസകരമായ ഏതാനും അനുഭവങ്ങൾ ഉണ്ടായിരുന്നു. അതിലൊന്ന് അദ്ധ്യാപന പരിശീലന കാലത്താണ്.

           അടിയന്തിരാവസ്ഥയുടെ കാലമാണെങ്കിലും സ്കൂൾ പരിപാടികൾക്ക് മാറ്റമൊന്നും ഉണ്ടായിരുന്നില്ല. ആഘോഷപൊലിമ കുറവാണെങ്കിലും കലാമേള, കായികമേള തുടങ്ങിയവ നല്ലനിലയിൽ നടത്തി. സ്വതന്ത്രരായ മുതിർന്ന അദ്ധ്യാപക വിദ്യാർത്ഥികൾ അവയിലെല്ലാം പങ്കാളികളാണ്.


           എന്റെ ജീവിതത്തിൽ ആദ്യമായി സ്പോർഡ്സ് മൽസരത്തിൽ പങ്കെടുത്തത് ബി.എഡ് പഠിക്കുമ്പോഴാണ്. പ്രീ.ഡിഗ്രി രണ്ടാം വർഷം മുതൽ വീട്ടിലും വിദ്യാലയത്തിലും സാരി ഉടുക്കാൻ തുടങ്ങിയ ഞാൻ അതേ വേഷത്തിലാണ് ആദ്യദിവസം ഓടാനും ചാടാനും തുടങ്ങിയത്. സാരി ആരോഗ്യത്തിന് നല്ലതാണെങ്കിലും ഓട്ടത്തിനും ചാട്ടത്തിനും ഹാനികരമാണെന്ന കാര്യം അപ്പോഴാണ് മനസ്സിലാക്കിയത്. കൂടെയുള്ളവരിൽ രണ്ടുപേർ പാവാടയിൽ വന്നിട്ടുണ്ട്. എല്ലാ മത്സരങ്ങളിലും ഈസിയായി അവർ ജയിക്കുന്നു. പാവാട വീട്ടിലില്ലെങ്കിൽ കടം വാങ്ങിയെങ്കിലും അണിയണമെന്ന് സാരി അണിയുന്ന താരങ്ങൾക്ക് തോന്നാൻ തുടങ്ങി. 

        ഒരു പ്രധാന കാര്യം,,

            അക്കാലത്ത് സ്ത്രീകൾക്കുള്ള വസ്ത്രം, ഉടുപ്പ് കഴിഞ്ഞാൽ പാവാടയും ബ്ലൗസും അത് കഴിഞ്ഞാൽ സാരിയും ബ്ലൗസും. അതല്ലാതെ ഇന്നത്തെ ന്യൂജെൻ വസ്ത്രങ്ങൾ കണ്ണുർ പട്ടണത്തിലോ ഗ്രാമത്തിലോ കടന്നു വന്നിട്ടില്ല. അന്നത്തെ സാമൂഹ്യ ജീവിതത്തിൽ എന്റെ വസ്ത്രം എന്റെ ഇഷ്ടം എന്ന് പറയുന്ന കാര്യം നാട്ടിൻപുറത്തുള്ളവർക്ക് ചിന്തിക്കാനേ വയ്യ.


            അങ്ങനെ കായികമേളയുടെ ഒടുവിലത്തെ ദിവസം പാവാടയിൽ മത്സരിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു. വീട്ടിൽനിന്ന് പാവാട ഉടുക്കുന്നതിന് പകരം കോളേജിൽ എത്തിയിട്ട് ഡ്രസ് മാറ്റിയാൽ മതിയാവും. എട്ടാം ക്ലാസുകാരി ആയ സഹോദരി ചെറുപ്പം ആയതിനാൽ പാവാട ചെറുതാണ്. അതിനെന്താ,, എന്നോളം ഉയരമുള്ള ചെറുപ്പക്കാരികൾ അടുത്തവീട്ടിൽ നിരന്നു നിൽക്കുന്നുണ്ട്, രജിത, ബീന, റീന,, ഇതിൽ ബീനയെ ആ വർഷത്തെ ടീച്ചിംഗ് പ്രാക്റ്റീസ് സമയത്ത് തോട്ടട ഹൈ സ്കൂളിൽ വെച്ച് ഞാൻ പഠിപ്പിച്ചിട്ടുണ്ട്.

           അമ്മയോട് കാര്യം പറഞ്ഞശേഷം അടുത്ത വീട്ടിൽപോയി ഒന്നിനുപകരം രണ്ട് പാവാടകൾ കടം വാങ്ങി. ഒന്ന് ഹാഫ് സ്കേർട്ട്, പിന്നെ കാല് മുഴുവമായി മുടുന്ന ഒരു ഫുൾ സ്കേർട്ട്. രണ്ട് പാവാടകളും പൊതിഞ്ഞെടുത്ത ഞാൻ അതൊരു സഞ്ചിയിലാക്കിയിട്ട് പിറ്റേദിവസം കോളേജിൽ പോയി.

           തലശ്ശേരിയിൽ ബസ്സിറങ്ങി കോളേജിൽ കടന്നപ്പോൾ കൂട്ടുകാർ പലരും സാരിയിൽ നിന്നും പാവാടയിലേക്ക് മാറുന്നത് കണ്ടു. കൂട്ടത്തിൽ ഞാനും സാരിമാറ്റി പാവാടയിൽ കയറി. ഹാഫ് സ്കേർട്ട് അണിഞ്ഞപ്പോൾ ഇതുവരെയില്ലാത്ത മാറ്റങ്ങൾ എന്റെ ദേഹമൊട്ടാകെ പടർന്നുകയറി. ആവേശം മൂത്ത ഞാൻ മറ്റുള്ളവരോടൊപ്പം കോളേജിന്റെ മുന്നിലുള്ള റോഡ് മുറിച്ചുകടന്ന് അല്പം നടന്നപ്പോൾ മേള നടക്കുന്ന തലശ്ശേരി സ്റ്റേഡിയത്തിൽ എത്തി.


           മത്സരങ്ങൾ ഓരോന്നായി കഴിഞ്ഞപ്പോൾ ഒരുകാര്യം ഞാൻ തിരിച്ചറിഞ്ഞു,, ഓട്ടത്തിനും ചാട്ടത്തിനും വേണ്ടത് പാവാട മാത്രമല്ല; നല്ല ശക്തിയും സ്റ്റാമിനയും വേണം. മഴകൊണ്ടാലും വെയിലുകൊണ്ടാലും കടലിൽ കളിച്ചാലും, ശ്വാസതടസ്സം വരുന്ന എന്റെ ദേഹം കായിക മൽസരങ്ങൾക്ക് പറ്റിയതല്ല. കാര്യമായ സമ്മാനമൊന്നും കിട്ടിയില്ലെങ്കിലും മറ്റുള്ളവരോട് ചേർന്നുള്ള കമ്പവലി (വടംവലി) മത്സരത്തിൽ ചായകുടിക്കാൻ യോജിച്ച ചെറിയൊരു ചില്ലുഗ്ലാസ് കിട്ടി. ഇന്നെന്റെ വീടിലുള്ള അനേകം ട്രോഫികളെക്കാൾ വലുതായി തോന്നിയത് അന്ന് കിട്ടിയ ചില്ലുഗ്ലാസാണ്.

           മത്സരങ്ങളുടെ ആവേശം ഒടുങ്ങിയ നേരത്ത് അര/പാവാട മാറ്റിയ ഞാൻ മുഴുവൻ പാവാടയിലേക്ക് പ്രവേശിച്ചിരുന്നു. അഞ്ച് മണി കഴിഞ്ഞപ്പോൾ വീട്ടിലേക്ക് പോകാൻ സമയമായി. ആ നേരത്ത് പാവാട മാറ്റി സാരിയിലേക്ക് പ്രവേശിക്കണം. ഒപ്പമുള്ള പലരും വീട്ടിൽ പോകാൻ തുടങ്ങിയനേരത്ത് കോളേജിലെ ക്ലാസ്സ്മുറിയിൽ കടന്ന് സാരിയിലേക്ക് മാറാൻ എന്റെകൂടെ സ്ത്രീജനങ്ങളാരും തയ്യാറായില്ല. മറ്റൊരു വഴിയും ഇല്ലാതായതോടെ അതേ വേഷത്തിൽതന്നെ വീട്ടിലേക്ക് പോകുന്ന കാര്യം ഓർത്തപ്പോൾ എനിക്കാകെ വിഷമം. രാത്രി വരികയാണ്, ഏതായാലും പോവുകതന്നെ,,


           തലശ്ശേരിയിൽനിന്നും കണ്ണൂർ ബസിൽ കയറിയ ഞാൻ ചിന്തിക്കാൻ തുടങ്ങി. അര മണിക്കൂർ കഴിഞ്ഞ് ഇറങ്ങാനുള്ള തോട്ടട എത്തുമ്പോൾ ആറുമണി കഴിയും. ആ നേരത്ത് സൂര്യൻ അസ്തമിച്ച് ഇരുട്ടാവുമ്പോൾ എന്റെ പാവാടവേഷം പരിചയക്കാരായ നാട്ടുകാർ കാണുകയില്ല.  മങ്ങിയ ഇരുട്ടിൽ അരമണിക്കൂർ നടന്ന് സുഖമായി വീട്ടിലെത്താം.

           ഞാൻ കയറിയ ത്രിവേണി ബസ് തോട്ടട എത്തിയപ്പോൾ അതിൽനിന്നും വെളിയിലിറങ്ങി പാവാടയിൽ നിവർന്ന് നിന്നുകൊണ്ട് ചുറ്റും നോക്കി. വെള്ളിവെളിച്ചവുമായി സൂര്യൻ തിളങ്ങുകയാണ്. മാർച്ച് മാസത്തെ ആദ്യപകുതിയിൽ സൂര്യൻ അസ്തമിച്ച് ഇരുട്ട് വീഴാൻ ഏഴ് മണി ആവുമെന്ന് ആ നേരത്ത് ചിന്തിച്ചിരുന്നില്ല.

           ചുറ്റുപാടും ഉള്ളവരിൽ അധികവും പരിചയക്കാരാണ്. ചോദ്യങ്ങൾക്ക് ഇട നൽകാതെ മറ്റുള്ളവർക്ക് മുഖം കൊടുക്കാതെ വേഗത്തിൽ ഞാൻ നടന്നു. വീട്ടിലെത്താൻ അര മണിക്കൂർ നടക്കണം. വാഹനങ്ങൾ പോകുന്ന വഴിയെ പോകാതെ ഇടവഴി കടന്ന് വയലിൽ ഇറങ്ങിയിട്ട് നേരെ നടന്നാൽ വീട്ടിലെത്തും. ഹാഫ് സ്കേർട്ട് മാറ്റി ഫുൾ സ്കേർട്ട് അണിഞ്ഞത് ഭാഗ്യംതന്നെയെന്ന് ആനേരത്ത് ഞാൻ ഓർമ്മിച്ചു.

           പുതിയ വേഷത്തിൽ എന്നെ കാണുമ്പോൾ മറ്റുള്ളവർ എന്ത് വിചാരിക്കും, അവർക്കെന്ത് തോന്നും എന്നത്, എനിക്കുണ്ടായ അപകർഷതാബോധം മാത്രമാണെന്ന് പിന്നീട് ഞാൻ തിരിച്ചറിഞ്ഞു. അതുപോലെ അവനവനെ കുറിച്ചുള്ള വിശ്വാസക്കുറവാണ് ഓരോ വ്യക്തിയുടെയും ജീവിതത്തെ പരാജയത്തിലേക്ക് നയിക്കുന്നത്.

*******

February 2, 2020

പാവക്ക പുത്തൻ വെറൈറ്റി, ഒരു ഞെട്ടിൽ മൂന്നെണ്ണം



          കേരളത്തിന്റെ വടക്കോട്ട് പോയാൽ കയ്‌പേറിയതു കാരണം കയ്പ എന്ന് അറിയപ്പെടുന്നതും തെക്കോട്ട് പോവുമ്പോൾ ഒരു പാവത്തെപോലെ തോന്നിയതിനാൽ പാവൽ എന്നും അറിയപ്പെടുന്ന പടർന്നുവളരുന്ന വള്ളിച്ചെടിയെ അറിയാത്തവരും ഉപയോഗിക്കാത്തതുമായ മലയാളികൾ കുറവാണ്. ഒരേ വള്ളികളിൽതന്നെ ആൺപൂക്കളും പെൺപൂക്കളും ഉണ്ടാവുന്നത് പാവൽ, പടവലം ഫേമലിയിലുൾപ്പെട്ട സസ്യങ്ങളുടെ പ്രത്യേകതയാണ്. പാവക്ക പാകം ചെയ്യാതെ പച്ചയായി കഴിക്കുന്നത് പലതരം രോഗങ്ങൾക്ക് പ്രതിവിധിയാണ്.
         നല്ല സൂര്യപ്രകാശം ലഭിച്ചാൽ പാവൽ വളരെ വേഗത്തിൽ പുഷ്പിക്കും. ആദ്യം വിടരുന്നത് ആൺ‌പൂക്കൾ മാത്രമായിരിക്കും. പാവലിന്റെ ഒരു പൂങ്കുലയിൽ ഒരു പൂവ് മാത്രമാണ് കാണപ്പെടുന്നത്. അപൂർവ്വമായി രണ്ടെണ്ണം കണ്ടേക്കാം. ഈ പൂവ് ആണോ പെണ്ണോ ആവാം.
         ഏതാനും ദിവസം കഴിഞ്ഞ് വിടരുന്ന പെൺ‌പൂക്കളിൽ കൊച്ചു പാവക്ക കാണാൻ കഴിയും. പെൺ‌പൂക്കളിൽ പരാഗണത്തിനുശേഷം വളരുന്ന പാവക്ക(കയ്പക്ക) പഴുത്ത് ഉൾവശം ചുവക്കുന്നതിനുമുൻപ് വിളവെടുക്കണം.
ഇനിയാണ് സംഭവം,,
           ഇന്നത്തെ കാലത്ത് കൃഷിചെയ്യുക എന്നത് കേരളത്തിലെ വിദ്യാലയങ്ങളിൽ സാധാരണമാണെങ്കിലും അങ്ങിനെയൊരു കാര്യത്തെക്കുറിച്ച് വാർത്തകൾ ഇല്ലാതിരുന്ന കാലത്തുതന്നെ എന്റെ വിദ്യാലയം പച്ചക്കറി കൃഷി തുടങ്ങിയിരുന്നു. ചീര, വെണ്ട, പടവലം, വഴുതന, കയ്പ, പയർ തുടങ്ങി പലതരം പച്ചക്കറികൾ നട്ടുവളർത്തുന്നതിന്റെ നേതൃത്വം കൊടുത്തത് സ്ക്കൂളിലെ ഒരു കണക്ക് അദ്ധ്യാപകൻ ആയിരുന്നെങ്കിലും പരിചരണം മൊത്തമായി ഏറ്റെടുത്തത് ജീവശാസ്ത്രം ആയ ഞാനും ഏതാനും കുട്ടികളും ആയിരുന്നു. അതോടൊപ്പം സ്ക്കൂൾ പറമ്പിലാകെ പലതരം മരങ്ങൾ നടാനും തുടങ്ങി.
പച്ചക്കറികൾ വിളവെടുപ്പ് നടന്നുകൊണ്ടിരിക്കെ ഒരു അറിയിപ്പ്:
നമ്മുടെ വിദ്യാലയം ബ്ലോക്ക് തലത്തിൽ കൃഷിക്ക് രണ്ടാം സ്ഥാനം നേടിയിരിക്കുന്നു,,
       സമ്മാനമൊക്കെ വാങ്ങിയതിനുശേഷം വാർത്തയും ഫോട്ടോയും പത്രത്തിൽ കൊടുത്തു. ഫോട്ടോ കൊടുത്തത് പാവലിന്റെ തോട്ടത്തിന് സമീപം വിദ്യാർത്ഥികളും അദ്ധ്യാപകരും നിൽക്കുന്നതാണ്. വെള്ളനിറത്തിൽ ധാരാളം പാവക്ക പന്തലിൽ‌നിന്നും തൂങ്ങിക്കിടക്കുന്ന ബ്ലാക്ക്&വൈറ്റ് കിടിലൻ ഫോട്ടോ.
മാർച്ച് മാസം കഴിഞ്ഞു,
SSLC പരീക്ഷ കഴിഞ്ഞു,
ഉത്തരക്കടലാസ് നോക്കി മാർക്കിടുന്ന സമയം,
വിഷയം: ജീവശാസ്ത്രം എന്ന ബയോളജി
ഒരു ദിവസം സമീപത്തെ സ്ക്കൂളിലെ അദ്ധ്യാപകനൊരു സംശയം,
“ടീച്ചറേ നിങ്ങളുടെ സ്ക്കൂളിലെ കയ്പക്ക പുതിയ വെറൈറ്റി ആണോ? വിത്ത് വേണം”
“അല്ലല്ലോ,, എന്താ?”
“എന്നിട്ട്,, അതെങ്ങിനെയാ ഒരു ഞെട്ടിൽ രണ്ടും മൂന്നും കയ്പക്ക ഉണ്ടായത്?”
“ഒരു ഞെട്ടിൽ ഒന്നല്ലെ ഉണ്ടാവുന്നത്?”
“അതാണ് ഞാനും ചോദിക്കുന്നത്, പത്രത്തിൽ വന്ന സ്ക്കൂൾ പച്ചക്കറി തോട്ടത്തിന്റെ ഫോട്ടോയിൽ പാവലിന്റെ പന്തലിൽ കായ്ച്ചു നിൽക്കുന്നത് ഒരു ഞെട്ടിൽ രണ്ടും മൂന്നും പാവക്ക ആണല്ലോ”
“അയ്യോ,, അതെങ്ങിനെ?”
“വീട്ടിൽ പോയിട്ട് അന്നത്തെ പത്രമെടുത്ത് നോക്ക്”
സംശയം പറഞ്ഞത് അന്നും ഇന്നും പരിസ്ഥിതി പ്രവർത്തകനായ അദ്ധ്യാപകനാണ്.
പത്രത്തിലെ ഫോട്ടോ ശ്രദ്ധിച്ചപ്പോഴാണ് അമളി മനസ്സിലായത്. പാവക്ക തൂങ്ങിക്കിടക്കുന്നത് രണ്ട് വീതം മൂന്ന്, മൂന്ന് വീതം രണ്ട്, ഒന്ന് വീതം നാല്!!!
അപ്പോൾ,,
എല്ലാം കണക്ക് അദ്ധ്യാപകന്റെ തട്ടിപ്പ്,,
@ഫോട്ടോ എടുക്കാൻ ക്യാമറയുമായി ഫോട്ടോഗ്രാഫർ വന്നപ്പോൾ പന്തലിന്റെ ഉൾ‌വശത്തുള്ള പാവക്കകൾ പറിച്ചെടുത്ത് ഫോട്ടോയിൽ പതിയുന്ന തരത്തിൽ മുൻ‌വശത്തായി നൂലുകൊണ്ട് രണ്ടും മൂന്നുമായി ഒന്നിച്ച് കെട്ടിയിട്ടു.
അത് കണക്ക് അദ്ധ്യാപകനാണ്,,
കണക്ക് ശരിയാക്കുന്ന നേരത്ത്,,
ഒരു ഞെട്ടിൽ ഒരു പാവക്ക മാത്രമാണെന്ന്,,
അറിയുന്ന ജീവശാസ്ത്രം അദ്ധ്യാപിക നോക്കിനിൽക്കുന്നുണ്ടായിരുന്നു,,
*******

January 23, 2020

അപകടം വരാത്ത മകൾ


            സ്വന്തം ഗ്രാമത്തിലെ ഹയർ സെക്കണ്ടറി സ്ക്കൂളിൽ പ്രിൻസിപ്പാളായി പ്രമോഷനോടൊപ്പം ട്രാൻസ്‌ഫർ ലഭിച്ച് ചാർജ്ജെടുത്തപ്പോൾ സുധർമ്മ ടീച്ചർ സന്തോഷിച്ചു. 20 വർഷത്തിലധികം അതെ വിദ്യാലയത്തിൽ ഹൈ സ്ക്കൂൾ വിദ്യാർത്ഥികളെ പഠിപ്പിച്ച ടീച്ചറാണ്. നാട്ടുകാരായ ചെറുപ്പക്കാരും മുതിർന്നവരുമായി അവർക്ക് ശിഷ്യഗണങ്ങൾ അനേകം പേരുണ്ട്. കൂട്ടത്തിൽ സ്വന്തം മക്കൾ ഒഴികെ ധാരാളം ബന്ധുക്കളും വീട്ടുകാരും ഉണ്ട്. അവർക്ക് സ്വന്തമായി മക്കളില്ലെങ്കിലും എല്ലാ കുട്ടികളും അവരുടെ മക്കളാണ്. സഹോദരങ്ങളുടെ മക്കളെ കൂടെ നിർത്തി സ്വന്തമാക്കി വളർത്തുന്നും ഉണ്ട്.
ഇനി കഥയിലേക്ക്,, അല്ല സംഭവത്തിലേക്ക് വരാം,,
ഒരു തിങ്കളാഴ്ച,, മഴ ചിന്നം ചിന്നം പെയ്യുന്ന ദിവസം,,
ക്ലാസ് തുടങ്ങി ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ,,
പ്ലസ് ടു ക്ലാസ്സിൽ പഠിക്കുന്ന ഒരു പെൺ‌കുട്ടി പരിഭ്രമിച്ചുകൊണ്ട് പ്രിൻസിപ്പാളിന്റെ മുറിയിൽ വന്നു. പ്രിൻസിപ്പാൾ ചോദിച്ചു,
“എന്തുപറ്റി, ഇപ്പോൾ ക്ലാസ്സില്ലേ?”
“മാഡം, എനിക്ക് വീട്ടിൽ പോകണം”
“അതിനുമാത്രം എന്തുണ്ടായി?”
“പ്രതിക്ഷിക്കാതെ മെൻസസ് ആയി,, മുൻ‌കരുതൽ എടുത്തിട്ടില്ല”
“അതൊന്നും പ്രശ്നമില്ല, ഇപ്പോൾ തന്നെ പാഡ് വരുത്തിതരാം. നമ്മുടെ ലത ടീച്ചറുടെ കൈയിലുണ്ടാവും, കുട്ടി ഇവിടെ ഇരിക്ക്”
   ലത നമ്മുടെ പി.ഇ.ടി. ആണ്,, കുട്ടികൾക്ക് അത്യാവശ്യമായ മരുന്നുകളുടെയും ഫസ്റ്റ് എയിഡുകളുടെയും സൂക്ഷിപ്പുകാരി കൂടിയാണ്. പക്ഷെ നമ്മുടെ ശിഷ്യക്ക് അതിലൊന്നും തൃപ്തി വന്നില്ല. അവൾക്ക് ഒരേ വാശി,,
“ഈ സമയത്ത് എനിക്ക് വീട്ടിൽ പോയാൽ മതി. ഞാൻ പോയ്ക്കോളാം”
“അതെങ്ങിനെയാ തനിച്ച് പോകാമോ? വേദനയോ മറ്റോ?”
“വേദനയൊന്നുമില്ല മാഡം, ഞാൻ ബസ്സിന് പോയ്ക്കോളും”
“വീട്ടിൽ ആരാണുള്ളത്? അമ്മക്ക് നൈറ്റ് ഡ്യൂട്ടിയാണോ?,,”
“അമ്മയും അച്ഛനും ജോലിക്ക് പോയി. പിന്നെ വീട് തുറക്കാനുള്ള കീ എന്റെ കൈയിലും ഉണ്ട്”
“അങ്ങിനെ ഒറ്റക്ക് വീട്ടിലിരിക്കാനോ? ഏതായാലും ഞാൻ പെർമിഷൻ നൽകില്ല”
  കുട്ടിയുടെ അമ്മയും അച്ഛനും സർക്കാർ ജീവനക്കാർ ആണെന്ന് പ്രിൻസിപ്പാളിന് അറിയാം. പകൽ നേരത്ത് വീട്ടിലാരും ഉണ്ടാവില്ലെന്ന ചിന്ത അവരെ അലട്ടി. അവർ പ്ലസ് ടൂ കാരിയോട് പി.ടി ടീച്ചറായ ലതയെ കണ്ടതിനുശേഷം ക്ലാസ്സിൽ പോകാൻ പറഞ്ഞെങ്കിലും കുട്ടി നേരെ ക്ലാസിൽ പോയി ഇരുന്നു.
  പിറ്റേദിവസം കൃത്യം പതിനൊന്ന് മണി ആയപ്പോൾ പ്ലസ് ടൂ കാരിയുടെ അമ്മ വന്നു. പ്രിൻസിപ്പാളിനുനേരെ എല്ലാവരും കേൾക്കെ പരാതി പറഞ്ഞു,
“ടിച്ചറൊരു പെണ്ണല്ലേ,, ഒരു പെണ്ണിന്റെ വിഷമം അറിയാഞ്ഞിട്ടാണോ എന്റെ കുട്ടിയെ വീട്ടിൽ വിടാഞ്ഞത്? അവളെത്ര വിഷമിച്ചിട്ടുണ്ടാവും?”
പ്രിൻസിപ്പാൾ വിട്ടുകൊടുത്തില്ല. അവർ പറഞ്ഞു,
“നിങ്ങളൊരു അമ്മയല്ലേ,, അടച്ചുപൂട്ടിയ വീട്ടിൽ വയ്യാത്ത അവസ്ഥയിൽ തനിച്ചൊരു കുട്ടിയെ വിടാൻ പറ്റുമോ? ഇന്നത്തെ കാലത്ത് പെൺ‌കുട്ടിക്ക് എന്തെങ്കിലും പറ്റിയാൽ”
“എന്റെ മകൾക്ക് ഒന്നും പറ്റുകയില്ല. അവൾക്കതിന് തന്റേടം ഉണ്ട്. ബ്ലീഡിംഗ് ആയ കുട്ടിയെ അവളുടെ ഇഷ്ടത്തിന് വീട്ടിൽ വിടുകയല്ലേ ചെയ്യേണ്ടത്. ടീച്ചർ ചെയ്തത് ശരിയായില്ല”
രണ്ടുപേരും തമ്മിലുള്ള തർക്കം തുടരുന്നതിനിടയിൽ ആ അമ്മ പറഞ്ഞു,
“ടീച്ചർക്ക് കുട്ടികളെപറ്റി എന്തറിയാം,, മക്കളെ പ്രസവിക്കാത്ത നിങ്ങൾക്ക് മക്കളോട് സ്നേഹം ഉണ്ടാവുകയില്ലല്ലോ”
സുധർമ്മ ടീച്ചർ ഞെട്ടി,, മർമ്മത്തിലാണ് രക്ഷിതാവ് കൊത്തിയത്.
  നട്ടുച്ച നേരത്ത് അടച്ചുപൂട്ടിയ വീട്ടിലേക്ക് പതിനേഴ് വയസുള്ള പെൺ‌കുട്ടിയെ പറഞ്ഞു‌വിടാത്ത കുറ്റപ്പെടുത്തലിന്റെ വേദനയിൽ പ്രിൻസിപ്പാൾ മിണ്ടാതിരുന്നു.
പിൻ‌കുറിപ്പ്:
  ഇതുപോലെ എന്റെ മർമ്മത്തിലും പലപ്പോഴായി രക്ഷിതാക്കൾ കൊത്തിയിട്ടുണ്ട്. കൊത്ത് ഏൽക്കുന്നില്ലെന്ന് വന്നപ്പോൾ വീണ്ടും വീണ്ടും കൊത്തി മുറിവേല്പിച്ചിട്ടുണ്ട്.

November 10, 2018

തൂങ്ങിമരിക്കാൻ കൊതിക്കുന്ന കുട്ടി


നാലാം തവണയും മാതൃഭൂമി ചോക്കുപൊടിയിൽ:‌- അദ്ധ്യാപന അനുഭവം:       ‘തൂങ്ങിമരിക്കാൻ കൊതിക്കുന്നകുട്ടി’


      സ്ക്കൂൾ യുവജനോത്സവം,, അത് വിദ്യാർത്ഥികളുടെ മാത്രം ഉത്സവമല്ല, അദ്ധ്യാപകരുടേതും രക്ഷിതാക്കളുടേതും നാട്ടുകാരുടേതും കൂടിയാണ്. കണ്ണൂർ ജില്ലയിലെ സർക്കാർ ഹൈ‌സ്ക്കൂളുകളിൽ അദ്ധ്യാപിക ആയിരുന്ന കാലത്ത് നടന്നിരുന്ന യുവജനോത്സവങ്ങൽ പലതും മറക്കാനാവത്ത അനുഭവങ്ങളാണ് എനിക്ക് നൽകിയത്. അതുവരെ അദ്ധ്യാപകരെ പേടിച്ചിരിക്കുന്ന വിദ്യാർത്ഥികൾ അക്കാലത്ത് സ്വതന്ത്രവായു ശ്വസിക്കുന്നത് ഇത്തരം മേളകളിൽ ആയിരുന്നു.

      അങ്ങിനെയുള്ളൊരു കാലത്ത് യുവജനോത്സവത്തിന്റെ ആദ്യപടിയായി ഹൈ‌സ്ക്കൂൾ ക്ലാസ്സുകളിലെ വിദ്യാർത്ഥികളെ ബ്ലൂ, ഗ്രീൻ, യലോ, റെഡ്, എന്നിങ്ങനെ നാല് ഹൌസുകളായി തരം തിരിച്ചശേഷം ഓരോ ഹൌസിന്റെ ചാർജ്ജും ഓരോ അദ്ധ്യാപകർക്ക് നൽകി. മത്സരത്തിൽ പങ്കെടുക്കുന്നവരെ കണ്ടെത്തുന്നതും അവരുടെ പ്രകടനം മനസ്സിലാക്കിയ‌ശേഷം സ്റ്റേജിൽ എത്തിക്കേണ്ടതും ഹൌസ് ചാർജ്ജുള്ളവരുടെ ഡ്യൂട്ടിയാണ്. സ്റ്റേജിൽ കളിച്ചിട്ടില്ലെങ്കിലും കളിപ്പിക്കാനറിയുന്ന എനിക്ക് ഒരു ഹൌസിന്റെ ചാർജ്ജ് കിട്ടിയപ്പോൾ വളരെയധികം സന്തോഷിച്ചു.                

           മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ള വിദ്യാർത്ഥികൾ ഓരോരുത്തരായി പേര് തരാൻ തുടങ്ങി. ചില ഐറ്റങ്ങളിൽ ധാരാളം കുട്ടികൾ ഉണ്ടാവും ചിലതിന് ഒന്നോ രണ്ടോ പേർ മാത്രം. ധാരാളം കുട്ടികളുണ്ടെങ്കിൽ അവരുടെ പ്രകടനം വിലയിരുത്തിയിട്ട് ഏതാനും പേരെ ഒഴിവാക്കേണ്ടി വരും. അന്നത്തെ കാലത്ത് കുട്ടികൾക്ക് താല്പര്യമുള്ളൊരു മത്സരമാണ് ഫേൻ‌സി ഡ്രസ്, അതായത് പ്രച്ഛന്നവേഷം. അതിന് മത്സരിക്കാനായി എന്റെ ഹൌസിലുള്ള എട്ട് കുട്ടികൾ തയ്യാറായി വന്നെങ്കിലും നാലുപേർക്ക് മാത്രമാണ് മത്സരിക്കാനുള്ള അവസരം ലഭിക്കുന്നത്. 
   യുവജനോത്സവത്തിന് ഒരാഴ്ച മുൻപാണ് എന്റെ ഹൌസിലുള്ള കുട്ടികൾ ഫേൻസിഡ്രസ്സിന് അണിയുന്ന വേഷത്തെക്കുറിച്ച് പറഞ്ഞത്. ആദ്യം എട്ടുപേരുണ്ടെങ്കിലും ഇപ്പോൾ നാലുപേരാണുള്ളത്. അഭിനയിക്കുന്ന വേഷത്തെകുറിച്ച് മൂന്നുപേരും പറഞ്ഞത് ഞാൻ അംഗീകരിച്ചു. എന്നാൽ നാലാമനായ എട്ടാം ക്ലാസ്സുകാരൻ രതീഷ് പറഞ്ഞതുകേട്ട് ഞെട്ടി, അവന്റെ ഐറ്റം,, ‘തൂങ്ങി മരിക്കുന്ന കുട്ടി’,,,  ഞാൻ ചോദിച്ചു,
“സ്റ്റേജിൽ തൂങ്ങിമരിക്കാനോ?”

“അതേ ടീച്ചറേ,, തൂങ്ങി മരിക്കുന്നതായി അഭിനയിക്കുക,,”

“അഭിനയമായാലും ആ വേഷമൊന്നും വേണ്ട”

“ഒരു കുഴപ്പവുമില്ല ടീച്ചറെ,, വെറും അഭിനയമാണ്. എന്റെ കുപ്പായത്തിനുള്ളിൽ അരയിലുള്ള ബെൽട്ടിൽ ഉറപ്പിച്ച കയർ രണ്ട് കൈകൾക്കിടയിലൂടെ സ്റ്റേജിലെ കൊളുത്തിൽ തൂക്കുന്നു. അതിൽ കിടന്ന് ഞാൻ തൂങ്ങിമരിക്കുന്നതായി അഭിനയിക്കുന്നു. ആളുകൾ കാൺകെ മറ്റൊരു കയർ മുറുകാതെ എന്റെ കഴുത്തിൽ കുരുക്കിയിട്ടിരിക്കും. മുന്നിലുള്ളവർ കാണുന്നത് ഞാൻ തൂങ്ങിമരിക്കുന്നു എന്നായിരിക്കും”

         എന്റെ ദേഹത്തിലൊട്ടാകെ ഒരു വിറയൽ,, സ്ക്കൂൾ സ്റ്റേജിൽ കോൺക്രീറ്റ് മേൽക്കൂരയി‌ലുള്ള ഇരുമ്പ് കൊളുത്തുകൾ മനസ്സിലേക്കോടിയെത്തി. ഞാൻ പറഞ്ഞു,

“ഇതുപോലുള്ള അപകടകരമായതൊന്നും അഭിനയിക്കാൻ പാടില്ലെന്നാണ് നിയമം. ഞാൻ സമ്മതിക്കില്ല”

“അപകടമൊന്നും ഇല്ല ടീച്ചറെ,, നാട്ടിലുള്ള ക്ലബ്ബിന്റെ വാർഷികത്തിന് മൂന്നു തവണ ഞാനീ ഐറ്റം ചെയ്തിട്ടുണ്ട്. സഹായിക്കാൻ എന്റെയൊരു ഫ്രന്റ് വരും”

“ഏതായാലും ഈ സ്ക്കൂളിൽ വെച്ച് തൂങ്ങിമരണം അഭിനയിക്കാൻ ഞാൻ സമ്മതിക്കില്ല”

“ഇതുപോലെയാണ് സിനിമയിലൊക്കെ അഭിനയിക്കുന്നത്, ടീച്ചർ പേടിക്കേണ്ട”

“എനിക്ക് പേടിയാണ്,, ഇതല്ലാതെ മറ്റെന്തെങ്കിലും കണ്ടുപിടിച്ചാൽ നിനക്ക് മത്സരിക്കാം”


          കുട്ടികളെല്ലാം പോയപ്പോൾ ഞാൻ ചിന്തിച്ചത് രതീഷിന്റെ ഫേൻസിഡ്രസ്സിനെ കുറിച്ചാണ്. അഭിനയം നല്ലതുതന്നെ,, പക്ഷെ? അപകടം പറ്റിയാൽ,, പിന്നീട് വിദ്യാലയത്തോടൊപ്പം എന്റെയും ഭാവി എന്തായി മാറും? ആ നേരത്ത് പൊതുസമൂഹം ഒറ്റക്കെട്ടായി മാറിയിട്ട് ആദ്യം‌തന്നെ അടിക്കാൻ വരുന്നത് എന്നെയായിരിക്കും. അതുകൊണ്ട് അഭിനയത്തിലുള്ള അപകടം അവനോട് പറഞ്ഞു മനസ്സിലാക്കാൻ തുടങ്ങി. ഓരോദിവസവും രതീഷ് എന്റെയരികിൽ വന്ന് അഭിനയമോഹം ആവർത്തിച്ചു പറഞ്ഞെങ്കിലും എന്റെ തീരുമാനത്തിൽ മാറ്റമൊന്നും ഉണ്ടായില്ല.  
 ദിവസങ്ങൾ കഴിഞ്ഞപ്പോൾ യുവജനോത്സവദിനം വന്നെത്തി. അണിയറയിൽ കുട്ടികളെ നിയന്ത്രിക്കുന്ന തിരക്കിനിടയിലാണ് രതീഷ് വന്നത്. ഒറ്റക്ക് ആയിരുന്നില്ല, സഹായിക്കാൻ അടുത്ത വീട്ടിലെ പയ്യനും ഉണ്ട്. ഉച്ചക്കുശേഷം നടക്കാൻ പോകുന്ന ഫേൻസി‌ഡ്രസ്സ് മത്സരത്തിൽ തൂങ്ങിമരണം അഭിനയിക്കണമെന്നും അപകടം വരില്ലായെന്നും ആവർത്തിച്ചു പറയാൻ തുടങ്ങി. നാട്ടിലൊക്കെ അഭിനയിച്ച് കൈയ്യടി വാങ്ങിയ ഐറ്റമായതിനാൽ തെറ്റ് പറ്റാനിടയില്ലെന്ന് വിശദീകരിച്ചു. മെയ്ക്കപ്പ് ചെയ്യാനായി കൊണ്ടുവന്ന ഡ്രസ്സുകളും കയറുകളും അവരെന്നെ കാണിച്ചു. എല്ലാം കേട്ടതിന്റെ ഒടുവിൽ ഞാൻ പറഞ്ഞു,

“നിങ്ങൾക്ക് പേടി തീരെ ഇല്ലായിരിക്കാം, എന്നാൽ എനിക്ക് പേടിയാണ്”

“അപകടം വരില്ലെന്ന് ഞാൻ ഉറപ്പു നൽകിയാൽ പോരെ?”

രതീഷിന്റെ കൂടെയുള്ളവൻ ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു,

“അത് സ്റ്റേജിൽ അപകടമുള്ള ഐറ്റങ്ങളൊന്നും ചെയ്യരുതെന്ന് സർക്കാർ നിയമം ഉണ്ട്. അതുപോലെ തീ കൊണ്ടുള്ള കളിയൊന്നും സ്റ്റേജിൽ അനുവദിക്കാറില്ല”

“അതേയോ,, എന്നാലും ടീച്ചറുടെയൊരു പേടി,,”

         നിരാശയോടെ അവർ നടന്നുപോയപ്പോൾ ഞാനോർത്തു,, ശരിക്കും എനിക്ക് പേടിയാണ്. തിരുവാതിരക്കളിക്ക് സ്റ്റേജിൽ നിലവിളക്ക് കൊളുത്തിയത് കെടുത്തുന്നതുവരെ പിന്നാലെ നടക്കുന്നവളാണ് ഞാൻ. വരാനിടയില്ലാത്ത അപകടങ്ങൾ‌പോലും മനസ്സിൽ കാണുന്ന എനിക്ക് തൂങ്ങിമരണം അഭിനയിക്കാനായി അനുവാദം കൊടുക്കാൻ ഒരിക്കലും കഴിയില്ല.


     വർഷങ്ങൾ കഴിഞ്ഞ് അദ്ധ്യാപന ജോലിയിൽ‌നിന്ന് വിരമിച്ചശേഷം ട്രഷറിയിൽനിന്ന് വരുമ്പോൾ സമീപമുള്ള ഇലക്ട്രിക്ക് പോസ്റ്റിൽ നിന്നും ഇറങ്ങിവന്ന യുവാവ് എന്റെ അടുത്തുവന്നു. പരിചയപ്പെടുത്തിക്കൊണ്ട് അവൻ പറഞ്ഞു,

“ടീച്ചറേ ഞാൻ രതീഷാണ്, എനിക്ക് ലൈൻ‌മാനായി ജോലികിട്ടി”

“നല്ലത്,, എനിക്ക് പരിചയം ഉണ്ടല്ലോ,,”

“ടീച്ചറെന്നെ ഓർക്കും, ഞാനൊരിക്കൽ യൂത്ത് ഫസ്റ്റിവെലിന് ഫേൻസിഡ്രസ് അഭിനയി‌ക്കാൻ വന്നപ്പോൾ ടീച്ചർ സമ്മതിച്ചില്ല”

“ഞാൻ സമ്മതിക്കാത്തതുകൊണ്ട് അഭിനയിച്ചില്ലെന്നോ?”

“അതെ,, ടീച്ചർ അഭിനയിക്കാൻ വിട്ടില്ല,, കാരണം അത് തൂങ്ങിമരണം ആയിരുന്നു”

പഴയ ചിന്തകൾ ഓർത്തുകൊണ്ട് ഞാൻ പറഞ്ഞു,

“അന്ന് അഭിനയിച്ചില്ലെങ്കിലും അപകടമുള്ള ജോലിയൊക്കെ ചെയ്യാൻ നിനക്ക് കഴിയുമെന്ന് ഇപ്പോഴെനിക്ക് മനസ്സിലായി”

“അതേ ടീച്ചറേ,,,”

        പോസ്റ്റിൽ നിന്നും ഇറങ്ങിയശേഷം ചുരുട്ടിയ കേബിളുമായി നടന്നുപോകുന്ന രതീഷിനെ നോക്കിയിരിക്കെ പഴയ യുവജനോത്സവരംഗങ്ങൾ ഓർമ്മയിൽ കടന്നുവന്നു.

*******

December 18, 2017

കെട്ടിയോനോട് കളിക്കും‌പോലെ



           അന്നൊരു തിങ്കളാഴ്ച, നല്ല ദിവസം. പത്തു മണിക്ക് ക്ലാസ്സുകൾ ആരംഭിച്ചപ്പോൾ നിശബ്ദമായ വിദ്യാലയ അന്തരീക്ഷത്തിൽ അദ്ധ്യാപകരുടെ രജിസ്റ്റർ തുറന്ന് പരിശോധിക്കാൻ തുടങ്ങുന്ന ഞാൻ പെട്ടെന്നാണ് മുദ്രാവാക്യം  കേട്ടത്,

“കെട്ടിയോനോട് കളിക്കും പോലെ

കുട്ട്യോളോട് കളിച്ചാല്

അക്കളി തീക്കളി നോക്കിക്കോ,

മൂരാച്ചി ഹെഡ്‌ടീച്ചർ രാജി വെക്കുക,

ഹെഡ്‌ടീച്ചറുടെ ഗുണ്ടായിസം അവസാനിപ്പിക്കുക”

            എനിക്കാകെ രോമാഞ്ചം പടർന്നുകയറി,,, അദ്ധ്യാപന ജീവിതത്തിന്റെ അവസാനത്തെ വർഷം ഹെഡ്‌മിട്രസിന്റെ വേഷമണിഞ്ഞ് കണ്ണൂർ ജില്ലയിലെ എസ്.എസ്.എൽ.സി. വിജയശതമാനം ലാസ്റ്റാമതായ ഈ സർക്കാർ വിദ്യാലയത്തിൽ എത്തിയത് വലിയൊരു ഭാഗ്യമായെന്ന് തോന്നിയ നിമിഷം. അതുകൊണ്ടല്ലെ എനിക്കുനേരെ ഇതുപോലെയൊന്ന് കേൾക്കാനായത്,, വിദ്യാർത്ഥികളാണെങ്കിലും അനേകം വ്യക്തികൾ ചേർന്ന് ഞാനെന്ന ഒരു വ്യക്തിക്കെതിരായി മുദ്രാവാക്ക്യം മുഴക്കുമ്പോൾ മനസ്സിന്റെ ഉള്ളിൽ അനിർവചനീയമായ ഒരു സന്തോഷം. അത് പേടികൊണ്ടാണോ? ചമ്മൽ കൊണ്ടാണോ? അല്ല അല്ലേയല്ല,,

പിന്നെയോ?

   എന്റെ ഉള്ളിൽ ഞാൻ ആരോ ആണെന്നഭാവം ഉയരുകയാണ്,, അപ്പോൾ ഇതുതന്നെയായിരിക്കും ഓരോ നേതാക്കന്മാർക്കും തോന്നുന്നത്,, ഹൊ, എന്തൊരു രോമാഞ്ചം,, പിന്നെ,, ഈ പിള്ളേര് വിളിക്കുന്നതൊന്നും എന്റെ കെട്ടിയോൻ കേൾക്കാനിടയില്ലല്ലൊ?


        സംഗതി അവിടെ കിടക്കട്ടെ,, പെട്ടെന്ന് ഞാനെന്റെ തലക്കനം ഊരിമാറ്റിയിട്ട് വെറുമൊരു ഹെഡ്‌മിസ്ട്രസ് ആയിട്ട് ഇറങ്ങിവന്നു,, ഇരുന്നിടത്തുനിന്നും എഴുന്നേറ്റ് വാതിലിനുനേരെ നടന്ന് വെളിയിലേക്ക് നോക്കി. ഓഫീസ്‌റൂമിന്റെ വാതിലിനുമുന്നിൽ മുഷ്ടിചുരുട്ടി മുദ്രാവാക്യം വിളിക്കുന്നത് പതിനഞ്ചോളം ആൺ‌കുട്ടികൾ,, കൂട്ടത്തിൽനിന്നും മുന്നിലുള്ള ഒരുത്തനെ പിടിച്ച് അകത്തുകയറ്റിയിട്ട് ഞാൻ ചോദിച്ചു,

“എന്തിനാ സമരം? പത്രത്തിലൊന്നും കണ്ടിട്ടില്ലല്ലൊ?”

“ടീച്ചറെ ഇത് നമ്മളുടെ സ്വന്തം കാര്യമാണ്”

“എന്ത് കാര്യമായാലും സമരം ചെയ്യുമ്പോൾ മുൻ‌കൂട്ടി നോട്ടീസ് തരണമെന്ന് പറഞ്ഞിരുന്നല്ലൊ”

“കടലാസൊക്കെ നമ്മള് കൊണ്ടുവന്നിട്ടുണ്ട്,, ഇതാ ടീച്ചറെ”

അവൻ തന്ന കടലാസ് ഞാൻ തുറന്നു,, നോട്ടുപുസ്തകത്തിൽ നിന്നും കീറിയെടുത്ത വരയുള്ള കടലാസിൽ നീലമഷികൊണ്ട് എഴുതിയിരിക്കുന്നു,

‘ഇന്ന് സമരമാ,, ഒമ്പതാം ക്ലാസ്സിലെ ഷാജിയെ ഇന്നുരാവിലെ സ്ക്കൂളിൽ നിന്നും പൊറത്താക്കിയിരിക്കുന്നു. അവനെ സ്ക്കൂളിൽ കയറ്റണം’

വായിക്കുന്നതിനിടയിലും മുദ്രാവാക്യം തകർക്കുകയാണ്,

“വിദ്യാർത്ഥി ഐക്യം സിന്ദാബാദ്

പിരിച്ചു വിട്ടവനെ തിരിച്ചെടുക്കുക

ഹെഡ്‌ടീച്ചർ നീതി പാലിക്കുക”


പെട്ടെന്ന് വരാന്തയിലിറങ്ങിയ ഞാൻ അവരോട് പറഞ്ഞു,

“ഇന്നുരാവിലെ പൊറത്താക്കിയെന്നോ? അതിന് ഞാനിവിടെ വന്നതിനുശേഷം ഒരു കുട്ടിയോടും സംസാരിച്ചിട്ടില്ലല്ലൊ”

അതോടെ വിദ്യാർത്ഥിഐക്യം എന്നെ വളഞ്ഞു,

“ടീച്ചറ് നമ്മളെ യൂണിയനിലെ ഷാജിയെ പുറത്താക്കിയിട്ട് അവനോട് ഇനി സ്ക്കൂളിൽ വരണ്ടാന്ന് പറഞ്ഞല്ലൊ”

“ഷാജിയോ? എന്നിട്ട് അവനെവിടേ?”

“സ്ക്കൂളിന്ന് പൊറത്താക്കിയെന്ന് പറഞ്ഞിട്ട് അവനതാ ചായപ്പീടികയിൽ ഇരിക്കുന്നുണ്ട്. നമ്മള് വിളിച്ചിട്ടൊന്നും അകത്തു വരുന്നില്ല”

“അതിനാണോ സമരം?”

“അതെ, നമ്മളിലൊരുത്തനെ തൊട്ടുകളിച്ചാൽ

അക്കളി തീക്കളി നോക്കിക്കോ”

“തീക്കളിയൊക്കെ ഒന്നു നിർത്തിയാട്ടെ,, ഇവിടെയിപ്പം ആരെയും പുറത്താക്കിയിട്ടില്ല. അങ്ങനെ ആരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ ആ കുട്ടിയെ ഇങ്ങോട്ട് കൂട്ടിവരിക”

“അതിന് ഓൻ വരുന്നില്ല ടീച്ചറെ”

“വന്നില്ലെങ്കിൽ അവനുവേണ്ടി സമരം ചെയ്യുന്ന നിങ്ങളെല്ലാവരെയും സ്ക്കൂളിന്ന് ഞാൻ പുറത്താക്കും. അപ്പോൾ അവൻ മാത്രം ക്ലാസ്സിലിരിക്കും”


        അതുവരെ എന്റെ കെട്ടിയോന്റെ കാര്യം പറഞ്ഞ എന്റെ ശിഷ്യന്മാർ അല്പസമയം കൂടിയാലോചന നടത്തി. അതിനിടയിൽ അവൻ വന്നു,, സ്ക്കൂളിൽ നിന്നും പുറത്താക്കിയെന്ന് പറയപ്പെടുന്ന ഷാജി,, രണ്ടുപേരുടെ അകമ്പടിയോടെ വന്ന് തലതാഴ്ത്തി നിൽക്കുന്നവനെ നോക്കിയിട്ട് മറ്റുള്ളവർ പറഞ്ഞു,

“ടീച്ചറ് ഇവനെയല്ലെ പൊറത്താക്കിയത്; ഇനിയിങ്ങോട്ട് വരണ്ടായെന്നും പറഞ്ഞില്ലെ?”

തലയുയർത്താതെ മുന്നിൽ നിൽക്കുന്നവന്റെ അടുത്തുപോയി ഞാൻ ചോദിച്ചു,

“ഇന്നുരാവിലെ സ്ക്കൂളിൽ നിന്നും ഷാജിയെ പുറത്താക്കിയോ?”

“പൊറത്താക്കി”

ഉത്തരം കേട്ടതോടെ ഞാനൊന്ന് ഞെട്ടി. ഉള്ളിലെ ചമ്മൽ ഒളിപ്പിച്ചുകൊണ്ട് ഞാൻ വീണ്ടും ചോദിച്ചു,

“ഞാനെപ്പോഴാണ് നിന്നെയിവിടെന്ന് പുറത്താക്കിയത്?”

“എന്നെ പൊറത്താക്കിയത് ടീച്ചറല്ല”

“പിന്നെയാരാണ്?”

“എന്നെ സ്ക്കൂളിന്ന് പൊറത്താക്കിയത് പി.ടി.എ. പ്രസിഡണ്ടാണ്”

“പി.ടി.എ. പ്രസിഡണ്ടോ? അതെങ്ങനെയാ?”

“ഇന്നുരാവിലെ ഞാൻ സ്ക്കൂളിൽ വന്നിട്ട് ഓഫീസ് റൂമിന്റെ മുന്നിൽ നിൽക്കുമ്പോഴാണ് പി.ടി.എ. പ്രസിഡണ്ട് വന്നിട്ട് എന്നോട് പറഞ്ഞത്, ‘നിന്നെ സ്ക്കൂളിൽ‌നിന്നും സസ്പന്റ് ചെയ്തിരിക്കുന്നു. പുസ്തകമെടുത്ത് വീട്ടിലേക്ക് പോയ്ക്കോ’ എന്ന്”

“അതെങ്ങനെ? എന്നിട്ട് നീയൊന്നും പറഞ്ഞില്ലെ?”

“പറഞ്ഞു, നിങ്ങളാരാ എന്നെ പൊറത്താക്കാൻ, ഇവിടെ എച്ച്.എം. ഉണ്ടല്ലൊ, എന്നു പറഞ്ഞു”

“എന്നിട്ട് പുസ്തകമെടുത്ത് നീയങ്ങ് ഇറങ്ങിപ്പോയിട്ടുണ്ടാവും”

“അല്ലാതെ ഇവിടെ നിൽക്കണ്ട എന്നു പറഞ്ഞാൽ ഞാനെന്ത് ചെയ്യാനാ?”

“നീയൊന്നും ചെയ്യേണ്ട,, പോയി ക്ലാസ്സിലിരുന്നാട്ടെ. ഉം എല്ലാവരും ക്ലാസ്സിലേക്ക് പോയ്ക്കോ”

“അപ്പോൾ പി.ടി.എ. പ്രസിഡണ്ട്?”

“അതൊക്കെ ഞാൻ ശരിയാക്കാം. ആരൊക്കെ ക്ലാസ്സിലിരിക്കണമെന്നും ഇരിക്കേണ്ടയെന്നും തീരുമാനിക്കുന്നത് ഹെഡ്‌ടീച്ചറായ ഞാനാണ്. ക്ലാസിലിരിക്കേണ്ട എന്നുള്ളവർ മാത്രം ഇപ്പോൾ ഇവിടെ നിൽക്കുക. മറ്റുള്ളവരെല്ലാം പോവുക”


      സമരവും അവധിയും അതോടൊപ്പം ഒരു ദിവസത്തെ ആഘോഷവും പ്രതീക്ഷിച്ച ശിഷ്യഗണങ്ങൾ ഓരോരുത്തരായി ക്ലാസ്സിലേക്ക് നടന്നപ്പോൾ അവർക്കു പിന്നാലെ സമരം പ്രതീക്ഷിച്ച് കൊതിയോടെ ഇറങ്ങിയ അദ്ധ്യാപകരും നടന്നു. പെട്ടെന്ന് ഫോണിന്റെ മണിയടി കേട്ടപ്പോൾ അകത്തുകടന്ന ഞാൻ റിസീവർ ഉയർത്തി ചെവിയിൽ വെച്ചു,

“ഹലോ?”

“ഹലോ, ഇത് ഹൈസ്ക്കൂളല്ലെ? ഹെഡ്‌ടീച്ചറാണോ?”

“അതെ ആരാണ്?”

“ഇത് യൂണിയൻ ഓഫീസാണ്,, ടീച്ചറെന്തിനാ നമ്മളെയൊരു കുട്ടിയെ സ്ക്കൂളിന്ന് പൊറത്താക്കിയത്?”

“ഇവിടെ ആരെയും പൊറത്താക്കിയിട്ടില്ലല്ലൊ”

“എന്നിട്ടാണോ കുട്ടികൾ സമരം ചെയ്യുന്നത്?”

“ഇവിടെയാരും സമരം ചെയ്യുന്നില്ലല്ലൊ,, ഇതാ ബെല്ലടിക്കുന്ന ശബ്ദം കേൾക്കുന്നില്ലെ”

“എന്നിട്ട് ഹൈസ്ക്കൂളിന്ന് ഒരു കുട്ടിയെ സസ്പെന്റ് ചെയ്തിട്ടുണ്ട്. ഇന്ന് സമരമാണെന്നൊക്കെ ഇവിടെ അറിയിച്ചിട്ടുണ്ടല്ലൊ”

“അതിനിവിടെ സമരമൊന്നും ഇല്ലല്ലൊ”

“നിങ്ങളുടെ കുട്ടികളാണ് പറഞ്ഞത്, ഒരുത്തനെ അകാരണമായി പൊറത്താക്കിയെന്നും അതിന് സമരമാണെന്നും,, പിന്നെ ഇക്കാര്യം നമ്മളെ എം.എൽ.എ. യെ അറിയിച്ചിട്ടുണ്ട്. അവരിപ്പോൾ ടീച്ചറെ വിളിക്കും”

“എം.എൽ.എ. എന്റെ നാട്ടുകാരനും പരിചയക്കാരനുമാണ്. അദ്ദേഹം വിളിക്കുമ്പോൾ ഞാൻ കാര്യം പറഞ്ഞോളാം”

  ടെലിഫോൺ റിസീവറിൽ വെച്ച് കസാരയിൽ അമർന്നിരിക്കുമ്പോഴാണ് അയാൾ ഓടിവന്നത്. ആരാണെന്നോ? നമ്മുടെ പി.ടി.എ. പ്രസിഡണ്ട്. വന്ന ഉടനെ ഒച്ചവെച്ചു സംസാരിക്കാൻ തുടങ്ങി,

“എനിക്കൊരു വിലയും ഇല്ലെ? ഈ സ്ക്കൂളിൽ പി.ടി.എ. പ്രസിഡണ്ടായിട്ട് ഞാനൊരാൾ ഉണ്ടെന്ന വിചാരം ടീച്ചർക്ക് വേണ്ടെ,, എന്നാലും”

“അതിനിപ്പോൾ എന്തുപറ്റി?”

“കുരുത്തം‌കെട്ട ഒരുത്തനെ ഞാൻ പൊറത്താക്കിയിട്ട് അവനെയെങ്ങിനെയാ ടീച്ചറ് കയറ്റി ഇരുത്തുന്നത്?”

“അവനെന്താ കൊഴപ്പം ഉണ്ടാക്കിയത്?”

“അവൻ ആളത്ര ശരിയല്ല ടീച്ചറെ,, പൊറത്താക്കുന്നതാ സ്ക്കൂളിന് നല്ലത്”

“ആളെത്ര ശരിയല്ല, എന്നു പറഞ്ഞിട്ട് ഒരു കുട്ടിയെ സ്ക്കൂളിൽ നിന്ന് പുറത്താക്കാൻ നിയമമുണ്ടോ?”

“നിങ്ങളുടെ ഒരു നിയമം,, ഇവിടെ എന്റെ വാക്കിനൊരു വിലയും ഇല്ലെ? ടീച്ചർക്ക് സ്ക്കൂളിനെപറ്റി വല്ലതും അറിയാമോ? ഇങ്ങനെയാണെങ്കിൽ ഞാനൊന്നും പറയുന്നില്ല”

    വന്നു കയറുമ്പോൾ ഉണ്ടായിരുന്ന ദേഷ്യം ഇരട്ടി ആയതിനുശേഷം നമ്മുടെ പി.ടി.എ. പ്രസിഡണ്ട് ഇറങ്ങിപ്പോയി. അതാ വീണ്ടും ഫോൺ,,

“ഹലോ?”

“ഹലോ ഇത് എം.എൽ.എ.യാണ്. ഞങ്ങളെ കുട്ടികളെ,,,”

എ.എൽ.എ. തുടരുകയാണ്,,,

അതാണ് എന്റെ വിദ്യാലയം,,, പ്രധാന അദ്ധ്യാപിക ആയി ഒരു വർഷം ഭരിച്ച എന്റെ പ്രീയപ്പെട്ട വിദ്യാലയം.