“മിനിലോകം”

ഞാന്‍ മിനി... എന്റെ മനസ്സ് എന്റെ ലോകമാണ്. എന്റെ മനസ്സില്‍(ഓര്‍മ്മയില്‍) തങ്ങിനില്‍ക്കുന്ന കാര്യങ്ങള്‍,വേണ്ടതും വേണ്ടാത്തതും ഞാന്‍ ഇവിടെ പകര്‍ത്തുന്നു. ഇതു വായിക്കാം, അഭിപ്രായം എഴുതാം. ജീവിതത്തില്‍ നിന്നും ഞാന്‍ കണ്ടെത്തിയ ധാരാളം ചെറിയ‘വലിയ’ സംഭവങ്ങള്‍ ഉണ്ട്. അവയെല്ലാം ചിത്രങ്ങളോടൊപ്പം ഇവിടെ അവതരിപ്പിക്കുന്നു. എന്റെ ലോകത്തേക്ക് “മിനിലോക”ത്തിലേക്ക് ഞാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു... ചിരിക്കാം, കളിക്കാം, ചിന്തിക്കാം... എന്ന് നിങ്ങളുടെ: mini//മിനി

September 17, 2026

മരണാനന്തര വിശേഷങ്ങൾ

 

         നമ്മുടെ കടൽത്തീര ഗ്രാമത്തിലുള്ള സ്ത്രീജനങ്ങളുടെ നേതാവായ സീനിയർ മഹതി കുട്ടിയമ്മ അന്തരിച്ച വിവരം ഇന്നുരാവിലെ കേട്ടതുമുതൽ അങ്ങോട്ട് പോയി ആദരാഞ്ജലികൾ അർപ്പിച്ച് രണ്ടുതുള്ളി കണ്ണുനീർ പൊഴിച്ച് അനുശോചനം രേഖപ്പെടുത്താനുള്ള വെപ്രാളത്തിലാണ് ഞാൻ.

     രാവിലത്തെ ചായയും ചപ്പാത്തിയും കഴിച്ച് പുറപ്പെടാൻ നേരത്ത് അയല്പക്കത്തെ സുശീലയെ കൂട്ടിന് വിളിച്ചപ്പോഴാണ് കാര്യം അറിയുന്നത്, അമേരിക്കയിലുള്ള ഇളയമകനും ആസ്ട്രേലിയയിലുള്ള മുത്തമകനും സൗദിയിലുള്ള മകളും അമ്മയുടെ അന്ത്യ കർമ്മങ്ങളിൽ പങ്കെടുക്കാത്തതുകൊണ്ട് ഇന്ന് വൈകിട്ട് തന്നെ ശവസംസ്കാരം നടക്കും. സ്നേഹമുള്ള മക്കൾ,,

      തിരക്ക് കൂട്ടേണ്ട, ജോലികളെല്ലാം തീർത്ത് ഉച്ചഭക്ഷണം കഴിച്ചിട്ട് പോയാൽ മതി.

       കുട്ടിയമ്മക്ക് മൂന്ന് മക്കളാണ്, അച്ഛന്റെ വേർപാടിനുശേഷം അമ്മക്ക് ഒരു വിഷമവും ഇല്ലാതിരിക്കാൻ അവരെല്ലാം പരമാവധി ശ്രമിക്കുന്നുണ്ട്. ഒറ്റക്ക് വീട്ടിലിരിക്കുന്ന അമ്മയെ ശുശ്രൂഷിക്കാൻ സ്ഥിരമായി രണ്ട് ഹോംനേഴ്സിനെ ഏർപ്പെടുത്തിയ മക്കൾ സി.സി.ടി.വി. വഴി വീട്ടിലെ കാര്യങ്ങൾ 24 മണിക്കൂറും വിദേശത്തിരുന്ന് കാണുന്നുണ്ട്. ഇത്രയും കാര്യങ്ങൾ നാട്ടിൻപുറത്തുള്ളവർക്ക് അറിയുന്നതുകൊണ്ട് പെട്ടെന്ന് ശ്മശാനത്തിൽ കൊണ്ടുപോകാൻ ഒരു സാദ്ധ്യതയും ഇല്ലെന്നായിരുന്നു വിശ്വസിച്ചിരുന്നത്. അതായത് മക്കൾ വന്നില്ലെങ്കിലും സമയമായാൽ അമ്മയുടെ അന്ത്യയാത്ര സുഖമായി നടക്കും. അവർക്ക് സി.സി.ടി.വി. വഴി കാണുകയും കരയുകയും ചെയ്യാമല്ലോ,,

 

       ഉച്ചക്കുശേഷം മരണവീട്ടിൽ പോകാൻ തയ്യാറായ ഞാൻ ഭർത്താവിനോട് പറഞ്ഞ ശേഷം വീട്ടിൽനിന്നും ഇറങ്ങി. അദ്ദേഹം രാവിലെതന്നെ അവിടെ പോയതാണ്. അവിടേക്ക് ഇറങ്ങിയ ഞാൻ അടുത്ത വീട്ടിലെ സുശീലയുടെ വീടിനു മുന്നിലെത്തി. അവിടെന്ന് ഇറങ്ങിവന്നവളെ കണ്ടനിമിഷം ഞാനൊന്ന് ഞെട്ടി.

     അടിപൊളി പട്ടുസാരി ഉടുത്ത് സർണ്ണാഭരണങ്ങളായ രണ്ട് മാലയും ഒരു നെക്ലെയ്സും എട്ട് വളകളും അണിഞ്ഞിക്കുന്നു! ഒരു മരണവീടെന്ന് ഓർക്കാതെ,, ഇവൾക്കെന്ത് പറ്റി?

“എടി സുശീലേ, നമ്മളിപ്പോൾ പോകുന്നത് വിവാഹ സൽക്കാരത്തിനോ പിറന്നാൾ ആഘോഷത്തിനോ അല്ല. മരിച്ച വീട്ടിലേക്കാണ്”

“ഉം എന്ത് പറ്റി?”

“നീയീ പട്ടുസാരിയൊക്കെ ഉടുത്ത്; എന്തൊക്കെയാണ് കാണിക്കുന്നത്?”

“ആളുകൾ കൂടുന്നിടത്ത് എങ്ങനെയാ,, വേഷം മോശമാകാൻ പാടുണ്ടോ? നീയെന്താ ഇങ്ങനെ? രണ്ട് വളയും മാലയും ഇടാമായിരുന്നില്ലേ?”

“എന്നാലും ഇത്രക്ക് വേണോ”

       വിവരം തൊട്ട് തീണ്ടിയിട്ടില്ലാത്ത സുശീലയോട് പിന്നെന്ത് പറയാൻ,,

        കൂടുതലൊന്നും പറയാതെ ഞാൻ നടന്നു. പത്ത് മിനിട്ട് നടന്നപ്പോൾ അവിടേക്ക് പോകുന്ന ആളുകളെ കാണാൻ കഴിഞ്ഞു. മരണവീടിനെ സമീപിക്കുന്തോറും അടിപൊളി പാട്ട് കേട്ടപ്പോൾ എനിക്കാകെയൊരു സംശയം! കുട്ടിയമ്മയുടെ വീട് ഇതു തന്നെയല്ലേ?

 

        മരണ വീടിനു ചുറ്റം ആളും ആരവവും നിറഞ്ഞിട്ടുണ്ട്. അങ്ങോട്ടേക്ക് കടന്നപ്പോൾ മുറ്റത്ത് ഇറങ്ങുന്ന ഇടത്ത് സ്വാഗതം പറഞ്ഞ് ഭംഗിയായി വസ്ത്രം ധരിച്ച പെൺകുട്ടി കൈപിടിച്ച് അകത്തേക്ക് ക്ഷണിച്ചു. സാധാരണ വീടിൽ വരുന്നവരെ മുതിർന്നവർ വന്ന് സ്വീകരിക്കുന്നത് പതിവാണ്. എന്റെ ഓർമ്മയിൽ കുട്ടിയമ്മക്ക് ഈ കുട്ടിയെ പോലൊരു ബന്ധുവും ഇല്ല. എന്നിലാകെ സംശയങ്ങൾ നിഴൽവിരിച്ചു.

        മുറ്റത്ത് അലങ്കരിച്ച പന്തലിൽ ആകെ ശബ്ദവും വെളിച്ചവും. ഒരു വശത്തെ സ്റ്റേജിൽ ആരൊക്കെയോ പാട്ട് പാടുന്നനൊപ്പം ഡാൻസ് ചെയ്യുന്നു. മറ്റൊരു വശത്തെ വലിയ ടീവി സ്ക്രീനിൽ വരുന്നവരുടെയും പോകുന്നവരുടെയും ചിത്രത്തോടൊപ്പം കുട്ടിയമ്മയുടെയും കുടുംബത്തിന്റെയും വിവിധതരം ഫോട്ടോകൾ കാണിക്കുന്നതോടൊപ്പം വിദേശത്തുള്ള മക്കൾ അമ്മയുടെ കാര്യം പറഞ്ഞ് കരയുന്നത് ലൈവ് ടെലികാസ്റ്റ് ചെയ്യുന്നുണ്ട്.

       നിരത്തിവെച്ച ചെയറിൽ ഇരുന്നപ്പോൾ കുടിക്കാനുള്ള പാനീയവുമായി സുന്ദരിയായ പെൺകുട്ടി മുന്നിൽ വന്നതിനു പിന്നാലെ ലഘുഭക്ഷണവുമായി മറ്റൊരാൾ.

       ഞാനും സുശീലയും മുഖത്തോട് മുഖം നോക്കി,, മാറിയ കാലത്ത് എല്ലാവരും ട്രന്റിനോടൊപ്പം ആണല്ലോ? ഒരു നിമിഷം, പാട്ട് നിന്നപ്പോൾ മൈക്കിലൂടെ കിളിനാദം,

“പ്രീയപ്പെട്ടവരെ നമ്മുടെയല്ലാം സ്വന്തമായ കുട്ടിയമ്മ ഇന്ന് മരണപ്പെടിരിക്കുന്നു. അതായത് അവർ ഇവിടം വിട്ട് സ്വർഗത്തിൽ എത്തിച്ചേർന്നിരിക്കുന്നു. ഈ അവസരത്തിൽ അവരുടെ ആത്മാവിന്റെ ശാന്തിക്കായി എല്ലാവർക്കും പ്രാർത്ഥിക്കാം. അതോടൊപ്പം നമുക്ക് ആഘോഷിക്കുകയും ചെയ്യാം. നിങ്ങൾ എല്ലാവരും തയ്യാറല്ലേ?”

“ഞങ്ങൾ തയ്യാറാണ്”

       ഇരിക്കുന്നവരും നിൽക്കുന്നവരും ഒന്നിച്ച് വിളിച്ചുപറഞ്ഞു, പെട്ടെന്ന് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ആർത്തലർച്ച് ഒരു പാട്ട് പൊട്ടിത്തെറിച്ചു.

 

       ചുറ്റും നോക്കിയ ഞാൻ കണ്ടത് കൂട്ടത്തിൽ മുന്തിയഇനം വസ്ത്രങ്ങളും ആഭരണങ്ങളും അണിഞ്ഞ മനുഷ്യരെയാണ്. കൂട്ടത്തിൽ ചേരാത്ത പഴഞ്ചൻ സാരിയിൽ എനിക്കാകെ നാണക്കേട് തോന്നി. ആ നേരത്ത് കുട്ടിയമ്മയുടെ കുടുംബമഹിമയും അവർ തന്റെ ജീവിതത്തിൽ ചെയ്ത നല്ല കാര്യങ്ങളും മൈക്കിലൂടെ എല്ലാവരെയും കേൾപ്പിക്കുകയാണ്. ഇതുവരെ അറുത്ത കൈക്ക് ഉപ്പ് തേക്കാത്തവൾ മരണം കൊണ്ട് മഹതി ആയിരിക്കുന്നു.

       പെട്ടെന്നാണ് മരണം കൈപിടിച്ച് കൊണ്ടുപോയ ആളുടെ ബോഡി കാണുന്ന കാര്യം ഓർമ്മവന്നത്. ഇവിടെയുള്ള പാട്ടും കൂത്തും കേട്ട് ശവം കാണുന്ന കാര്യം മറന്നുപോയി. സുശീലയുടെ കൈ പിടിച്ച് അകത്തേക്ക് പ്രവേശിച്ചപ്പോൾ അവിടമാകെ മരണത്തിരക്ക്. തിരക്കുകൾക്കിടയിലൂടെ ഞങ്ങൾ ഊളിയിട്ട് മുന്നോട്ടു പോയപ്പോൾ ആരൊക്കൊയോ ചേർന്ന് പിച്ചുകയും തള്ളുകയും ചെയ്തു.

      വീടിന്റെ അകത്ത് ഒന്നാം നിലയിലും രണ്ടാം നിലയിലും ആയി നാട്ടുകാരായ സ്ത്രീകൾ ഓടിനടക്കുകയാണ്. അവർക്കിതൊരു ഗോൾഡൻ ചാൻസാണ്. കുട്ടിയമ്മ ജീവിച്ചിരുന്ന കാലത്ത് അവരുടെ വീടിന്റെ അകമൊന്ന് എത്തിനോക്കാൻ പോലും അയൽക്കാർക്ക് ചാൻസ് ലഭിച്ചിരുന്നില്ല. മരണത്തോടെ മരിച്ച ആളും വീടും സമൂഹത്തിന്റെത് ആവുകയാണ്.

 

        മൊത്തം പരതിയിട്ടും ശവത്തിന്റെ പൊടിപോലും കാണാനില്ല. ശവം ആശുപത്രിയിലെ ഫ്രീസറിൽ വെച്ചിരിക്കയാണോ? ഒടുവിൽ കണ്ണിലൂടെയും മൂക്കിലൂടെയും കരയുന്ന അയൽക്കാരി ശ്രീകുമാരിയെ കണ്ടപ്പോൾ സംശയം ചോദിച്ചു,

“കുട്ടിയമ്മ നിങ്ങളുടെ ബന്ധുവാണോ? നിങ്ങളെ സങ്കടം കണ്ടതുകൊണ്ട് ചോദിച്ചതാണ്”

“ബന്ധുക്കളെക്കാൾ അനക്കിഷ്ടം കുടിയമ്മയെ ആണ്. അന്റെ അമ്മ ചത്തപ്പോൾ പോലും അനക്കിത്ര സങ്കടം വന്നിട്ടില്ല”

         ഒരാഴ്ച മുൻപ് കുട്ടിയമ്മ ലോക പിശുക്കത്തി ആണെന്ന് എന്നോട് പറഞ്ഞത് ഇതേ ശ്രീകുമാരി തന്നെയാണ്. ഏത് പിശുക്കിയെയും ദാനശീല ആക്കി മാറ്റുന്ന മാന്ത്രികവിദ്യയാണ് മരണം. ഇനിയും എന്തെല്ലാം കാണാൻ കിടക്കുന്നുണ്ടാവാം.

“ശ്രീകുമാരിക്ക് അറിയോ ബോഡി എവിടെയാണെന്ന്? ഫ്രീസറിൽ ആക്കിയിട്ട് ആശുപത്രിയിലാണോ സൂക്ഷിക്കുന്നത്?”

“കുറച്ചു സമയം അകത്ത് ഉണ്ടായിരുന്നു. ഇപ്പോൾ കുളിപ്പിക്കാൻ കൊണ്ടുപോയിരിക്കും”

“ഏതായാലും കുളിപ്പിച്ച് കിടത്തിയശേഷം ബോഡി കണ്ടിട്ട് പോകാം”

       കുട്ടിയമ്മയുടെ വീട്ടിലെ ബെഡ്റൂമുകളിലും ബാത്ത് റൂമുകളിലും ലിവിംഗ് റൂമിലും സ്റ്റഡി റൂമിലും കിച്ചണിലും വർക്ക് ഏറിയയിലും എല്ലാം കയറിയിറങ്ങിയ ശേഷം ഞാനും സുശീലയും സ്വീകരണ മുറിയിൽ മറ്റുള്ളാരുടെ കൂട്ടത്തിൽ നിന്നു. അപ്പോഴാണ് എനിക്കൊരു കാര്യം മനസ്സിലായത്. ഞാനൊഴികെ എല്ലാവരും അടിപൊളി വേഷത്തിലാണ് അവിടെ വന്നത്. ഒത്തുകൂടാൻ ഒത്തുവന്ന അവസരങ്ങളെല്ലാം ഇന്നത്തെ ആളുകൾ ആഘോഷമാക്കി മാറ്റുന്നു. ഇവിടെ ജനനവും മരണവും ഒരുപോലെ, വിവാഹവും വിരഹവും ഒരുപോലെ.

 

        പെട്ടെന്നുണ്ടായ വലിയൊരു തിരക്കിൽ ഞാനും സുശീലയും ഒരു വശത്തെക്ക് മാറി. സംഗതി മറ്റൊന്നുമല്ല, കുളിപ്പിച്ച ബോഡി കൊണ്ടുവന്ന് മുന്നിലെ മേശപ്പുറത്ത് കിടത്തുകയാണ്. ഓരോരുത്തരായി ശവത്തെ വലംവെച്ച് കാലിൽ നമസ്കരിച്ച് വെളിയിലേക്ക് ഇറങ്ങാൻ തുടങ്ങി. കൂട്ടത്തിൽ ജീവനില്ലാത്ത കുട്ടിയമ്മയെ സമീപിക്കാൻ ഞാനും നടന്നു.

       കൊട്ടും പാട്ടും നിറഞ്ഞിരിക്കുന്ന വീടിന്റെ പരിസരമാകെ കൊതിപ്പിക്കുന്ന സുഗന്ധം പരക്കുകയാണ്. സ്വീകരണ മുറിയിൽ ഉറങ്ങുന്നതു പോലെ നീണ്ടുനിവർന്നു കിടക്കുന്ന ശവം കണ്ടപ്പോൾ ഞെട്ടി. എനിക്കാകെ സംശയം,

‘ഇവിടെ കിടത്തിയത് കുട്ടിയമ്മയുടെ ശവം തന്നെയല്ലേ?’

       അടിപൊളി കസവുസാരി അണിഞ്ഞ് കണ്ണടച്ച് ഉറങ്ങിയമട്ടിൽ കിടക്കുന്ന ശവത്തിന് കുട്ടിയമ്മയുടെ ഒരു ഛായയും ഇല്ല. ഇതിപ്പോൾ ശവങ്ങളും ട്രന്റിനൊപ്പം മാറിയോ? മൃതദേഹം AI ആക്കുന്ന സൂത്രവിദ്യ കണ്ടുപിടിച്ചോ? സുശീലയുടെ കൈപിടിച്ചുകൊണ്ട് ഞാൻ അടുക്കള ഭാഗത്തുകൂടി വെളിയിലിറങ്ങുമ്പോൾ അയൽക്കാരി രശ്മി പറയുന്നത് കേട്ടു,

“ശവസംസ്കാരം ഇവന്റ് മാനേജുമെന്റ് ‘സംസ്കാര’ ആണ് നടത്തുന്നത്. ശവത്തിന് ബ്യൂട്ടീഷനെ കൊണ്ടുവന്നത് അവർ തന്നെയാണ്. നാട്ടുകാർ ഇവിടെവന്ന് ഭക്ഷണം കഴിച്ചാൽ മതി”

      ബിരിയാണിയുടെ കൊതിപ്പിക്കുന്ന മണത്തിനിടയിൽ അവിടെനിന്നും പെട്ടെന്ന് ഇറങ്ങണോ എന്ന് സംശയിച്ചു നിൽക്കുമ്പോൾ ഞാൻ സുശീലയോട് ചോദിച്ചു,

“ജീവിച്ചിരിക്കെ തന്നെ ഇവന്റ് മാനേജുമെന്റിനെ കണ്ടുപിടിച്ച് ശവസംസ്കാരം ഏർപ്പാടാക്കാൻ ഇനിയങ്ങോട്ട് പ്രായമുള്ളവർ ചിന്തിക്കണം”

    മാറിയ കാലത്തോടൊപ്പം മുന്നോട്ട് പോയില്ലെങ്കിൽ പുത്തൻ തലമുറ പ്രായമുള്ളവരെ ചവിട്ടി താഴെയിടും. ട്രെന്റിനൊപ്പം നമ്മൾ മുന്നോട്ട് പോകണം.

*******


 


July 7, 2026

നിനക്ക് ഞാനും എനിക്ക് നീയും

 


     ജീവിതസായാഹ്നത്തിൽ ആശ്വാസമായി അടുത്ത ബന്ധുക്കൾ ഉണ്ടാവുന്നത് ഭാഗ്യമെന്ന് പറയാം. ഒരോ വ്യക്തിക്കും അന്യന്റെ സഹായം ആവശ്യമായ നിർണ്ണായക ഘട്ടം വരുന്നത് രോഗിയായി കിടക്കുമ്പോഴാണ്. ശാരീരികമായ അവശതയിൽ ഒരാളുടെ കൈതാങ്ങ്, ഒരു തലോടൽ ഇവയെല്ലാം നൽകുന്ന ആശ്വാസം ചെറുതല്ല. മറ്റൊരാളുടെ പരിചരണവും നല്ല വാക്കുകളും രോഗാവസ്ഥയിൽ ഉള്ളവർക്ക് ആശ്വാസം നൽകുക മാത്രമല്ല, ചിലപ്പോഴത് മരണത്തെ പോലും തോല്പിക്കാനുള്ള കഴിവ് രോഗിയിൽ ഉണ്ടാക്കും. അതുപോലെ ജീവൻ നിലനിർത്തുന്ന ആശ്വാസമാണ് പ്രതീക്ഷകൾ,, സ്നേഹിക്കാൻ എന്തെങ്കിലും ഉണ്ടായിരിക്കുക, ആശിക്കാൻ എന്തെങ്കിലും ഉണ്ടായിരിക്കുക, പ്രവർത്തിക്കാൻ എന്തെങ്കിലും ഉണ്ടായിരിക്കുക’ എന്ന് ആത്മഹത്യ ചെയ്യുന്നതിനു മുൻപ് കവിയായ ഇടപ്പള്ളി രാഘവൻ പിള്ള എഴുതിയ വരികളാണ്. പ്രതീക്ഷകൾ നശിക്കുമ്പോൾ മറ്റൊന്നും ചിന്തിക്കാത്ത ചില മനുഷ്യൻ പതുക്കെ മരണത്തിലേക്ക് ഇറങ്ങി അങ്ങോട്ട് പോവുകയാണ്.

             അങ്ങനെ ചിന്തിക്കുമ്പോൾ സ്ത്രീകൾ ആത്മഹത്യയുടെ കാര്യത്തിൽ പിന്നിൽ ആവേണ്ടതാണ്. ഈ മലയാള രാജ്യത്ത് വെറുതെ ഇരിക്കുന്ന വീട്ടമ്മമാർ വളരെ കുറവാണ്, എന്നുതന്നെ പറയാം. ഏത് കൊമ്പത്തുള്ള ഓഫീസർ ആയാലും സ്ത്രീ ആണെങ്കിൽ റിട്ടയർ ചെയ്തതിന്റെ പിറ്റേന്ന് അവൾക്കായി അടുക്കള തുറന്നിട്ടുണ്ടാവും. അങ്ങനെ ചോറും കറിയും വെക്കുന്നതിനിടയിൽ സ്വന്തം ജീവിതത്തെകുറിച്ച് അവൾ മറക്കും.

             മനുഷ്യർ പലതരക്കാർ ഉണ്ടെങ്കിലും ആകെമൊത്തം നോക്കിയാൽ ജീവിതം മുന്നോട്ടു പോകുന്നത് പല രീതിയിലാണ്. ഒരു വിഭാഗം അദ്ധ്വാനിച്ച് സ്വന്തം കഴിവിൽ ജീവിക്കുകയും മറ്റുള്ളവരെ സഹായിക്കുകയും ചെയ്യുന്നു. മറ്റൊരു വിഭാഗത്തിന് അദ്ധ്വാനിച്ച് ലഭിക്കുന്ന നേട്ടത്തോടൊപ്പം ഇത്തിരി ഭാഗ്യം കൂടി കടന്നുവരുന്നു. ഒടുവിൽ രണ്ട് വിഭാഗവും ഒരു പോലെ സന്തോഷത്തോടെ ദിവസങ്ങൾ കഴിച്ചു കൂട്ടുന്നു. ഇതിനിടയിൽ അസംതൃപ്തരായി ഒരു ജോലിയും ചെയ്യാത്ത മനുഷ്യരുണ്ട്. അവരുടെ ജീവിതരീതികൾ മാറ്റിയാൽ ഏത് നരകവും സ്വർഗമായി മാറും.       

           സ്വന്തമായി അദ്ധ്വാനിക്കുന്നതോടൊപ്പം മറ്റുള്ളവർക്കും നേട്ടം ഉണ്ടാക്കി ജീവിക്കുന്നത് ചിലരുടെ ശീലങ്ങളാണ്. സഹായങ്ങൾ തിരികെ ഒന്നും പ്രതീക്ഷിച്ച് ആയിരിക്കരുത്. എല്ലാവരും അവരവരുടെ കടമകൾ ചെയ്യുന്നു,, അത്രമാത്രം. വീട്ടിലെ ഓരോ കാര്യങ്ങൾ ശ്രദ്ധിച്ചാലും ഇതുപോലെ കാണാൻ കഴിയും. മിക്കവാറും സ്ത്രീകൾ എല്ലാവർക്കും വേണ്ടി ഭക്ഷണം ഉണ്ടാക്കി വീട് വൃത്തിയാക്കി വസ്ത്രം അലക്കി കുഞ്ഞുങ്ങളെ വളർത്തി അങ്ങനെ എല്ലാം ചെയ്യുന്നു. ആ നേരത്ത് ആ വീട്ടിലെ മറ്റുള്ളവർ വീട്ടമ്മയുടെ അദ്ധ്വാനത്തെ സഹായിക്കുകയോ അവൾ ചെയ്യുന്ന ജോലിയുടെ ഭാരം കുറക്കുകയോ ചെയ്യുന്നില്ല. ഒടുവിൽ അവൾ തളർന്നു വീണാൽ മാത്രം മനുഷ്യത്വം ഉണരുന്നു. പിന്നെ ആശുപത്രി, പരിചരണം,, മരുന്ന്,, ഒടുവിൽ വീട്ടിലെത്തിയാൽ ആരോഗ്യം ഉണ്ടെങ്കിൽ അടുക്കള വീണ്ടും അവൾക്കായി തുറന്നിരിക്കും.

         മുതിർന്നപ്പോൾ സ്വന്തം ജീവിതം സ്വന്തമായി മുന്നോട്ട് നയിച്ച വ്യക്തിയാണ് ഞാൻ. മാതാ പിതാക്കളും ബന്ധുക്കളും അദ്ധ്യാപകരും എന്നെ മുന്നോട്ടു നയിച്ചപ്പോൾ ഇഷ്ടമില്ലെങ്കിലും അതുവഴി ജീവിച്ചു. കരയുക, തിന്നുക, കുടിക്കുക, ഓടുക, വായിക്കുക, എഴുതുക, പഠിക്കുക, അങ്ങനെ ഞാൻ മുതിർന്ന പെണ്ണായി മാറി.

         ഒരു പെൺ‌കുട്ടി മുതിർന്നവൾ ആവുന്നത് എപ്പോഴാണ് എന്ന ചോദ്യത്തിന് ഉത്തരം,, ആർത്തവം മുതൽ എന്നാവും,, എനിക്കാണെങ്കിൽ എട്ടാം ക്ലാസ്സിൽ തുടങ്ങിയ ആർത്തവം ഒരുകൂട്ടം വേദന ഉണ്ടാക്കിയതല്ലാതെ ഒരു തരത്തിലും മുതിർന്നവൾ ആക്കിയില്ല. ശരിക്കും ഞാൻ മുതിർന്നത് കണ്ണൂർ ശ്രീ നാരായണ കൊളേജിൽ പ്രീ.ഡീഗ്രി രണ്ടാം വർഷം പഠിക്കുമ്പോൾ ആയിരുന്നു.

: അക്കാലത്താണ് കൂട്ടുകാരില്ലാതെ ഞാൻ ഒറ്റപ്പെട്ടത്,

: അക്കാലത്താണ് പരീക്ഷാദിവസം ഞാൻ മറന്നത്,

: അക്കാലത്താണ് ആദ്യമായി ഞാൻ തോൽക്കുന്നത്,

: അക്കാലത്താണ് എനിക്ക് ഞാൻ മാത്രമേ ഉള്ളൂ എന്ന് മനസ്സിലായത്.

         മാതാപിതാക്കളും ബന്ധുക്കളും ഇല്ലേ? എന്ന സംശയം തോന്നാം. അതിന് മറുപടിയുണ്ട്; ഞാൻ ജീവിക്കുന്നത് കടൽ‌തീര ഗ്രാമത്തിൽ ആണ്. അവിടെ ആദ്യമായി കോളേജിൽ പഠിക്കുന്നത് ഞാൻ ആയിരുന്നു. പിന്നെ പണവും സ്വത്തും ഉണ്ടായിട്ടും അതെല്ലാം കച്ചവടം ചെയ്ത് പാപ്പരായ അച്ഛന്റെ മകളാണ് ഞാൻ,, അങ്ങനെ സഹായിക്കാൻ ആരും ഇല്ലാത്ത അവസ്ഥയാണ്. എന്റെ ജീവിതത്തിന് വേണ്ടതെല്ലാം ഞാൻ‌തന്നെ പരിശ്രമിച്ച് കണ്ടെത്തണം. സഹോദരങ്ങൾ നാലുപേരും എന്നെക്കാൾ ഇളയവർ. എന്നെപോലെ അവരെല്ലാം സ്വന്തം ബുദ്ധികൊണ്ടും കൈകൊണ്ടും അദ്ധ്വാനിച്ച് ജീവിക്കാൻ പഠിച്ചു. ഡിഗ്രി കഴിഞ്ഞതിന്റെ പിറ്റേന്നുമുതൽ മറ്റുള്ളവരെ പഠിപ്പിച്ച് ജീവിക്കാനുള്ള വക എല്ലാവരും കണ്ടെത്തി. അതൊരു വലിയ നേട്ടമാണെന്ന് പറയാം,,

          സാധാരണക്കാരായ വിദ്യാഭ്യാസപരമായി ഉന്നതങ്ങളിൽ എത്താത്ത, നാലിലും ആറിലും മാത്രം പഠിച്ച രക്ഷിതാക്കളുടെ അഞ്ച് മക്കൾ ഡിഗ്രിയും പി.ജി.യും കഴിഞ്ഞ് പി.എസ്.സി. വഴി സർക്കാർ സർവ്വീസിൽ ജോലിചെയ്യുക എന്നത് വലിയ നേട്ടമാണ്. സ്വന്തമായി ബിസിനസ് നടത്തി നഷ്ടം വന്ന് കൂലിവേല ചെയ്യുന്ന ആളാണ് എന്റെ അച്ഛൻ. അതോടൊപ്പം അച്ഛന് നന്നായി കൃഷി ചെയ്യുന്ന ശീലവും ഉണ്ട്.

       മുതിർന്നപ്പോൾ ഞങ്ങൾ അഞ്ച് പേരും വിവാഹിതരാവുകയും അടുത്ത തലമുറയുടെ രക്ഷിതാക്കൾ ആവുകയും ചെയ്തു. കൂട്ടത്തിൽ ഞാനും അനുജത്തിയും അമ്മുമ്മമാർ ആയി മാറി. ജോലിയിൽ നിന്നും വിരമിച്ചവർ വീട്ടിൽ വിശ്രമിക്കാതെ മറ്റു തൊഴിലുകൾ ചെയ്യാറുണ്ട്. അദ്ധ്യാപന ജോലിയിൽ‌നിന്നും വിരമിച്ചപ്പോൾ എന്റെ ഹോബി സാഹിത്യരചന ആണ്. എന്റെ രണ്ട് പെൺ‌മക്കൾ ഉന്നത വിദ്യാഭ്യാസം നേടിയശേഷം വിവാഹിതരായി ഭർതൃവീട്ടിൽ പോവുകയും പിന്നീട് സ്വന്തമായി വീട് വെക്കുകയും ചെയ്ത് അവരുടെ മക്കളോടൊപ്പം താമസിക്കുന്നു. മൂത്ത മകൾ സർക്കാർ സ്കൂളിൽ അദ്ധ്യാപിക ആണ്. ഇളയവൾ ഭർത്താവിന്റെ ജോലിസ്ഥലമായ മസ്കറ്റിൽ ആണ്.

*******