ജീവിതസായാഹ്നത്തിൽ ആശ്വാസമായി അടുത്ത ബന്ധുക്കൾ ഉണ്ടാവുന്നത്
ഭാഗ്യമെന്ന് പറയാം. ഒരോ
വ്യക്തിക്കും അന്യന്റെ സഹായം ആവശ്യമായ നിർണ്ണായക ഘട്ടം വരുന്നത് രോഗിയായി
കിടക്കുമ്പോഴാണ്. ശാരീരികമായ അവശതയിൽ ഒരാളുടെ കൈതാങ്ങ്,
ഒരു തലോടൽ ഇവയെല്ലാം നൽകുന്ന ആശ്വാസം ചെറുതല്ല. മറ്റൊരാളുടെ പരിചരണവും നല്ല വാക്കുകളും രോഗാവസ്ഥയിൽ ഉള്ളവർക്ക് ആശ്വാസം
നൽകുക മാത്രമല്ല, ചിലപ്പോഴത് മരണത്തെ പോലും തോല്പിക്കാനുള്ള
കഴിവ് രോഗിയിൽ ഉണ്ടാക്കും. അതുപോലെ ജീവൻ നിലനിർത്തുന്ന
ആശ്വാസമാണ് പ്രതീക്ഷകൾ,, സ്നേഹിക്കാൻ എന്തെങ്കിലും
ഉണ്ടായിരിക്കുക, ആശിക്കാൻ എന്തെങ്കിലും ഉണ്ടായിരിക്കുക,
പ്രവർത്തിക്കാൻ എന്തെങ്കിലും ഉണ്ടായിരിക്കുക’ എന്ന്
ആത്മഹത്യ ചെയ്യുന്നതിനു മുൻപ് കവിയായ ഇടപ്പള്ളി രാഘവൻ പിള്ള എഴുതിയ വരികളാണ്.
പ്രതീക്ഷകൾ നശിക്കുമ്പോൾ മറ്റൊന്നും ചിന്തിക്കാത്ത ചില മനുഷ്യൻ
പതുക്കെ മരണത്തിലേക്ക് ഇറങ്ങി അങ്ങോട്ട് പോവുകയാണ്.
അങ്ങനെ ചിന്തിക്കുമ്പോൾ സ്ത്രീകൾ ആത്മഹത്യയുടെ കാര്യത്തിൽ പിന്നിൽ ആവേണ്ടതാണ്. ഈ മലയാള രാജ്യത്ത് വെറുതെ ഇരിക്കുന്ന വീട്ടമ്മമാർ വളരെ കുറവാണ്, എന്നുതന്നെ പറയാം. ഏത് കൊമ്പത്തുള്ള ഓഫീസർ ആയാലും സ്ത്രീ ആണെങ്കിൽ റിട്ടയർ ചെയ്തതിന്റെ പിറ്റേന്ന് അവൾക്കായി അടുക്കള തുറന്നിട്ടുണ്ടാവും. അങ്ങനെ ചോറും കറിയും വെക്കുന്നതിനിടയിൽ സ്വന്തം ജീവിതത്തെകുറിച്ച് അവൾ മറക്കും.
മനുഷ്യർ പലതരക്കാർ ഉണ്ടെങ്കിലും
ആകെമൊത്തം നോക്കിയാൽ ജീവിതം മുന്നോട്ടു പോകുന്നത് പല രീതിയിലാണ്. ഒരു വിഭാഗം അദ്ധ്വാനിച്ച് സ്വന്തം കഴിവിൽ ജീവിക്കുകയും മറ്റുള്ളവരെ
സഹായിക്കുകയും ചെയ്യുന്നു. മറ്റൊരു വിഭാഗത്തിന്
അദ്ധ്വാനിച്ച് ലഭിക്കുന്ന നേട്ടത്തോടൊപ്പം ഇത്തിരി ഭാഗ്യം കൂടി കടന്നുവരുന്നു.
ഒടുവിൽ രണ്ട് വിഭാഗവും ഒരു പോലെ സന്തോഷത്തോടെ ദിവസങ്ങൾ കഴിച്ചു
കൂട്ടുന്നു. ഇതിനിടയിൽ അസംതൃപ്തരായി ഒരു ജോലിയും ചെയ്യാത്ത
മനുഷ്യരുണ്ട്. അവരുടെ ജീവിതരീതികൾ മാറ്റിയാൽ ഏത് നരകവും
സ്വർഗമായി മാറും.
സ്വന്തമായി അദ്ധ്വാനിക്കുന്നതോടൊപ്പം മറ്റുള്ളവർക്കും നേട്ടം ഉണ്ടാക്കി ജീവിക്കുന്നത് ചിലരുടെ ശീലങ്ങളാണ്. സഹായങ്ങൾ തിരികെ ഒന്നും പ്രതീക്ഷിച്ച് ആയിരിക്കരുത്. എല്ലാവരും അവരവരുടെ കടമകൾ ചെയ്യുന്നു,, അത്രമാത്രം. വീട്ടിലെ ഓരോ കാര്യങ്ങൾ ശ്രദ്ധിച്ചാലും ഇതുപോലെ കാണാൻ കഴിയും. മിക്കവാറും സ്ത്രീകൾ എല്ലാവർക്കും വേണ്ടി ഭക്ഷണം ഉണ്ടാക്കി വീട് വൃത്തിയാക്കി വസ്ത്രം അലക്കി കുഞ്ഞുങ്ങളെ വളർത്തി അങ്ങനെ എല്ലാം ചെയ്യുന്നു. ആ നേരത്ത് ആ വീട്ടിലെ മറ്റുള്ളവർ വീട്ടമ്മയുടെ അദ്ധ്വാനത്തെ സഹായിക്കുകയോ അവൾ ചെയ്യുന്ന ജോലിയുടെ ഭാരം കുറക്കുകയോ ചെയ്യുന്നില്ല. ഒടുവിൽ അവൾ തളർന്നു വീണാൽ മാത്രം മനുഷ്യത്വം ഉണരുന്നു. പിന്നെ ആശുപത്രി, പരിചരണം,, മരുന്ന്,, ഒടുവിൽ വീട്ടിലെത്തിയാൽ ആരോഗ്യം ഉണ്ടെങ്കിൽ അടുക്കള വീണ്ടും അവൾക്കായി തുറന്നിരിക്കും.
മുതിർന്നപ്പോൾ സ്വന്തം ജീവിതം സ്വന്തമായി മുന്നോട്ട് നയിച്ച വ്യക്തിയാണ്
ഞാൻ. മാതാ പിതാക്കളും ബന്ധുക്കളും അദ്ധ്യാപകരും എന്നെ
മുന്നോട്ടു നയിച്ചപ്പോൾ ഇഷ്ടമില്ലെങ്കിലും അതുവഴി ജീവിച്ചു. കരയുക,
തിന്നുക, കുടിക്കുക, ഓടുക,
വായിക്കുക, എഴുതുക, പഠിക്കുക,
അങ്ങനെ ഞാൻ മുതിർന്ന പെണ്ണായി മാറി.
ഒരു പെൺകുട്ടി മുതിർന്നവൾ ആവുന്നത് എപ്പോഴാണ്
എന്ന ചോദ്യത്തിന് ഉത്തരം,, ആർത്തവം മുതൽ എന്നാവും,, എനിക്കാണെങ്കിൽ എട്ടാം ക്ലാസ്സിൽ തുടങ്ങിയ ആർത്തവം ഒരുകൂട്ടം വേദന
ഉണ്ടാക്കിയതല്ലാതെ ഒരു തരത്തിലും മുതിർന്നവൾ ആക്കിയില്ല. ശരിക്കും
ഞാൻ മുതിർന്നത് കണ്ണൂർ ശ്രീ നാരായണ കൊളേജിൽ പ്രീ.ഡീഗ്രി
രണ്ടാം വർഷം പഠിക്കുമ്പോൾ ആയിരുന്നു.
: അക്കാലത്താണ് കൂട്ടുകാരില്ലാതെ ഞാൻ
ഒറ്റപ്പെട്ടത്,
: അക്കാലത്താണ് പരീക്ഷാദിവസം ഞാൻ മറന്നത്,
: അക്കാലത്താണ് ആദ്യമായി ഞാൻ തോൽക്കുന്നത്,
: അക്കാലത്താണ് എനിക്ക് ഞാൻ മാത്രമേ ഉള്ളൂ എന്ന് മനസ്സിലായത്.
മാതാപിതാക്കളും
ബന്ധുക്കളും ഇല്ലേ? എന്ന
സംശയം തോന്നാം. അതിന് മറുപടിയുണ്ട്; ഞാൻ
ജീവിക്കുന്നത് കടൽതീര ഗ്രാമത്തിൽ ആണ്. അവിടെ ആദ്യമായി
കോളേജിൽ പഠിക്കുന്നത് ഞാൻ ആയിരുന്നു. പിന്നെ പണവും സ്വത്തും
ഉണ്ടായിട്ടും അതെല്ലാം കച്ചവടം ചെയ്ത് പാപ്പരായ അച്ഛന്റെ മകളാണ് ഞാൻ,, അങ്ങനെ സഹായിക്കാൻ ആരും ഇല്ലാത്ത അവസ്ഥയാണ്. എന്റെ
ജീവിതത്തിന് വേണ്ടതെല്ലാം ഞാൻതന്നെ പരിശ്രമിച്ച് കണ്ടെത്തണം. സഹോദരങ്ങൾ നാലുപേരും എന്നെക്കാൾ ഇളയവർ. എന്നെപോലെ അവരെല്ലാം
സ്വന്തം ബുദ്ധികൊണ്ടും കൈകൊണ്ടും അദ്ധ്വാനിച്ച് ജീവിക്കാൻ പഠിച്ചു. ഡിഗ്രി കഴിഞ്ഞതിന്റെ പിറ്റേന്നുമുതൽ മറ്റുള്ളവരെ പഠിപ്പിച്ച്
ജീവിക്കാനുള്ള വക എല്ലാവരും കണ്ടെത്തി. അതൊരു വലിയ
നേട്ടമാണെന്ന് പറയാം,,
സാധാരണക്കാരായ വിദ്യാഭ്യാസപരമായി ഉന്നതങ്ങളിൽ
എത്താത്ത, നാലിലും ആറിലും മാത്രം പഠിച്ച രക്ഷിതാക്കളുടെ അഞ്ച്
മക്കൾ ഡിഗ്രിയും പി.ജി.യും കഴിഞ്ഞ് പി.എസ്.സി. വഴി സർക്കാർ സർവ്വീസിൽ
ജോലിചെയ്യുക എന്നത് വലിയ നേട്ടമാണ്. സ്വന്തമായി ബിസിനസ്
നടത്തി നഷ്ടം വന്ന് കൂലിവേല ചെയ്യുന്ന ആളാണ് എന്റെ അച്ഛൻ. അതോടൊപ്പം
അച്ഛന് നന്നായി കൃഷി ചെയ്യുന്ന ശീലവും ഉണ്ട്.
മുതിർന്നപ്പോൾ ഞങ്ങൾ അഞ്ച് പേരും വിവാഹിതരാവുകയും അടുത്ത തലമുറയുടെ
രക്ഷിതാക്കൾ ആവുകയും ചെയ്തു. കൂട്ടത്തിൽ
ഞാനും അനുജത്തിയും അമ്മുമ്മമാർ ആയി മാറി. ജോലിയിൽ നിന്നും
വിരമിച്ചവർ വീട്ടിൽ വിശ്രമിക്കാതെ മറ്റു തൊഴിലുകൾ ചെയ്യാറുണ്ട്. അദ്ധ്യാപന ജോലിയിൽനിന്നും വിരമിച്ചപ്പോൾ എന്റെ ഹോബി സാഹിത്യരചന ആണ്. എന്റെ രണ്ട് പെൺമക്കൾ ഉന്നത വിദ്യാഭ്യാസം നേടിയശേഷം വിവാഹിതരായി
ഭർതൃവീട്ടിൽ പോവുകയും പിന്നീട് സ്വന്തമായി വീട് വെക്കുകയും ചെയ്ത് അവരുടെ
മക്കളോടൊപ്പം താമസിക്കുന്നു. മൂത്ത മകൾ സർക്കാർ സ്കൂളിൽ
അദ്ധ്യാപിക ആണ്. ഇളയവൾ ഭർത്താവിന്റെ ജോലിസ്ഥലമായ മസ്കറ്റിൽ
ആണ്.
*******


