“മിനിലോകം”

ഞാന്‍ മിനി... എന്റെ മനസ്സ് എന്റെ ലോകമാണ്. എന്റെ മനസ്സില്‍(ഓര്‍മ്മയില്‍) തങ്ങിനില്‍ക്കുന്ന കാര്യങ്ങള്‍,വേണ്ടതും വേണ്ടാത്തതും ഞാന്‍ ഇവിടെ പകര്‍ത്തുന്നു. ഇതു വായിക്കാം, അഭിപ്രായം എഴുതാം. ജീവിതത്തില്‍ നിന്നും ഞാന്‍ കണ്ടെത്തിയ ധാരാളം ചെറിയ‘വലിയ’ സംഭവങ്ങള്‍ ഉണ്ട്. അവയെല്ലാം ചിത്രങ്ങളോടൊപ്പം ഇവിടെ അവതരിപ്പിക്കുന്നു. എന്റെ ലോകത്തേക്ക് “മിനിലോക”ത്തിലേക്ക് ഞാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു... ചിരിക്കാം, കളിക്കാം, ചിന്തിക്കാം... എന്ന് നിങ്ങളുടെ: mini//മിനി

October 5, 2014

പി.എസ്.സി. മാഹാത്മ്യം




നഗരത്തിലെ അതിപ്രശസ്തമായ ഹയർ സെക്കന്ററി സ്ക്കൂൾ;

സർക്കാർജോലി ചെയ്യാൻ യോഗ്യതയുള്ളവരെ തെരഞ്ഞെടുക്കാനായി കേരളാ പബ്ലിക് സർവ്വീസ് കമ്മീഷൻ നടത്തുന്ന പരീക്ഷ ആരംഭിക്കുകയാണ്. സമയം 2മണി; പരീക്ഷാ സമയം തുടങ്ങാറായി, ഇനി ഒരു ബെല്ലടിച്ചാൽ ഒ.എം.ആർ. ഷീറ്റ് കൊടുത്തുതുടങ്ങും. അപ്പോഴാണ് ‘അവൾ’ തിരക്കിട്ട് നടന്നുവന്നത്; ഓരോ ക്ലാസ്സിന്റെ മുന്നിലും എഴുതിവെച്ച രജിസ്റ്റർനമ്പർ വായിച്ച് അതിൽ സ്വന്തംനമ്പർ ഉൾപ്പെട്ടിട്ടുണ്ടോ എന്നുനോക്കി, ഒടുവിൽ നമ്പറുള്ള ക്ലാസ്സ് കണ്ടുപിടിച്ച ആ പെൺകുട്ടി ആശ്വാസത്തോടെ ഹാൾടിക്കറ്റ് ഇന്വിജിലേറ്ററുടെ നേരെനീട്ടി. പരീക്ഷാഹാളിനുടമയായ ടീച്ചർ നമ്പർ നോക്കി അവളുടെ ഇരിപ്പിടം കാണിച്ചുകൊടുത്തതിനുശേഷം ഹാൾ‌ടിക്കറ്റ് ഒന്നുകൂടി നോക്കിയിട്ട് പറഞ്ഞു,

“ഇതിൽ ഫോട്ടോ ഒട്ടിച്ചില്ലല്ലൊ”

“ഫോട്ടോയോ? മാഡം ഹാൾടിക്കറ്റുമായി ഞാനിവിടെയുള്ളപ്പോൾ ഫോട്ടോ എന്തിനാണ്?”

“പരീക്ഷ എഴുതുന്ന വ്യക്തി ഫോട്ടോ ഒട്ടിച്ച് അതിൽ ഒപ്പിടണം’ എന്ന് അറിയില്ലെ?”

“മാഡം ഫോട്ടോ പെട്ടെന്നെടുക്കാൻ കഴിഞ്ഞില്ല, പിന്നെ നിർബന്ധമാണെങ്കിൽ എക്സാം കഴിഞ്ഞ് ഫോട്ടോ എടുത്തശേഷം കാണിക്കാം”

അവളുടെ പറച്ചിൽ കേട്ട ടീച്ചർ ആശ്ചര്യപ്പെട്ടു, ഇത്രയും അറിവില്ലാത്ത കുട്ടിയാണോ പി.എസ്.സി. പരീക്ഷ എഴുതാൻ വന്നത്?

“എക്സാം കഴിഞ്ഞ് ഫോട്ടോ എടുക്കാനൊ? ഹാൾടിക്കറ്റിൽ ഫോട്ടോ ഒട്ടിച്ച് അതിന്റെ മുകളിൽ ഒപ്പിടണം”

“മാഡത്തിന് അതൊന്ന് അഡ്‌ജസ്റ്റ് ചെയ്തുകൂടെ? ഫോട്ടോ വേണമെന്ന് അറിയില്ലായിരുന്നു”

“ഫോട്ടോ വേണമെന്ന് ഹാൾ‌ടിക്കറ്റിൽ തന്നെ എഴുതിയിട്ടുണ്ടല്ലൊ; ഫോട്ടോ ഒട്ടിച്ചില്ലെങ്കിൽ പരീക്ഷ എഴുതാൻപറ്റില്ല”

ഇൻ‌വിജിലേറ്റർ ഉറപ്പിച്ചുപറയുന്നത് കേട്ട് ആ കുട്ടിയുടെ ഭാവം മാറി,

“ടീച്ചർ പരീക്ഷ എഴുതാൻ വിട്ടില്ലെങ്കിൽ ഞാൻ പരീക്ഷാ കമ്മീഷന് പരാതികൊടുക്കും”

“ശരി ഇപ്പോൾ തന്നെ പോയി കൊടുക്കണം, അതിനുമുൻപ് ചീഫ് സുപ്രണ്ടിനെയും കാണുന്നത് നല്ലതാണ്”

നേരെ സ്ക്കൂൾ ഓഫീസിലേക്ക് അവൾ പോയി; പിന്നീട് ഗെയ്റ്റ് കടന്ന് വെളിയിലേക്കിറങ്ങി പോകുന്നതിനിടയിൽ ബല്ലടിച്ച് പരീക്ഷ ആരംഭിച്ചു.

               ഒരു ജോലി ലഭിക്കാനുള്ള കൊതിയോടെ മത്സരിച്ച് പരീക്ഷ എഴുതുന്ന ആയിരക്കണക്കിന് ചെറുപ്പക്കാരുടെ ഇടയിൽ മത്സരപരീക്ഷയെ വളരെ ലാഘവത്തോടെ കാണുന്നവരും ഉണ്ട്, എന്ന് മേല്പറഞ്ഞ സംഭവം വ്യക്തമാക്കുന്നു.

         

                  കേരളത്തിൽ തെക്ക് വടക്കായി ചിതറിക്കിടക്കുന്ന സർക്കാർ ഒഫിസിലുള്ള ജീവനക്കാരുടെ തസ്തികയിൽ ഒഴിവ് വന്നാൽ ആ ഒഴിവിലേക്ക് യോഗ്യതയുള്ളവരെ കണ്ടെത്തിയിട്ട് അയക്കേണ്ട ചുമതലയാണ് പബ്ലിക്ക് സർവ്വീസ് കമ്മീഷൻ എന്ന് വിളിക്കുന്ന പൊതുജന സേവന വിഭാഗത്തിനുള്ളത്. അങ്ങനെ യോഗ്യതയുള്ളവരെ തെരഞ്ഞെടുക്കാൻ നടത്തുന്ന പരീക്ഷകൾ എഴുതുന്ന ഉദ്യോഗാർത്ഥികൾക്ക് അതിനുള്ള സൌകര്യം ഏർപ്പെടുത്തിയിട്ട് നേരാംവണ്ണം പരിക്ഷ എഴുതിക്കേണ്ട ഡ്യൂട്ടി വരുന്നത് അധികവും അദ്ധ്യാപക സമൂഹത്തിനാണ്.



                   ഒരു ജോലി ലഭിക്കണമെന്ന ‘അതിയായ ആഗ്രഹത്തോടെ’ പി.എസ്.സി. പരീക്ഷ എഴുതുന്ന വ്യക്തി വീട്ടിലുണ്ടെങ്കിൽ പരീക്ഷാദിവസം അടുക്കുമ്പോൾ അവിടെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കും. മണലാരണ്യത്തിലും മഞ്ഞുമലകളിലും ജോലി ചെയ്യുന്ന ഭർത്താവിനോട് പരീക്ഷ കഴിഞ്ഞിട്ട് വന്നാൽ‌മതി എന്ന് എസ്.എം.എസ് ചെയ്യും. പി.എസ്.സി പരീക്ഷ പ്രമാണിച്ച് പ്രസവം‌പോലും മാറ്റിവെച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അതായത് ഉദ്യോഗാർത്ഥി പ്രസവിക്കുമെന്ന് ഡോക്റ്റർ പറഞ്ഞതും പി.എസ്.സി. പരീക്ഷ നടക്കുന്നതും ഒരേദിവസം. എന്ത് ചെയ്തെന്നോ? ഒരാഴ്ച മുൻപെ സിസേറിയൻ നടത്തി കുഞ്ഞിനെ വെളിയിലെക്കെടുത്തു. അങ്ങനെ ഏതാനുംദിവസം മുൻപെ വെളിയിലിറക്കപ്പെട്ട കുഞ്ഞ്, പരീക്ഷാ സെന്ററിനടുത്ത് നിർത്തിയ കാറിനുള്ളിൽ മുത്തശ്ശിയുടെ മടിയിൽ കിടന്നുറങ്ങുമ്പോൾ അമ്മ പരീക്ഷ എഴുതി,,,, ജോലി കിട്ടി, സർക്കാർ സ്ക്കൂളിൽ ടീച്ചറായി.

                   പുതുമഴ പെയ്തപ്പോൾ വിടരുന്ന കൂണുകൾ‌പോലെ മുളച്ചുപൊങ്ങുന്ന കൊച്ചിംഗ് സെന്ററുകൾക്ക് പി.എസ്.സി. പരീക്ഷ വന്നാൽ ചാകര പെയ്തിറങ്ങുകയാണ്. ഈവിനിംഗ് ക്ലാസ്സ്, നൈറ്റ് ക്ലാസ്സ്, ഫുൾ ടൈം ക്ലാസ്സ് എന്നിവയിലെല്ലാം ഉദ്യോഗാർത്ഥികൾ നിറഞ്ഞുകവിഞ്ഞിരിക്കും. ഏതുവിധേനയും ഒരു സർക്കാർജോലി; അത് കിട്ടിക്കഴിഞ്ഞാൽ,,, പിന്നീട് ചിന്തിക്കാൻ ധാരാളം ഉണ്ട്,,, ശമ്പള വർദ്ധനവ്, ടി.എ., ഡി.എ., അലവൻസ്, പെൻഷൻ പ്രായം ആദിയായവ ഉണ്ടല്ലൊ,,,



                   ഒരു മണിക്കൂറും പതിനഞ്ച് മിനിറ്റും കൊണ്ട് എഴുതിതീർക്കുന്ന പി.എസ്.സി. പരീക്ഷാസമയത്ത് പരീക്ഷ നടത്താൻ ചുമതലപ്പെട്ട സ്ക്കൂളിലെ അദ്ധ്യാപകർക്ക് പലതരത്തിലുള്ള അനുഭവങ്ങൾ ഉണ്ടാവും. അങ്ങനെയുള്ള അനുഭവങ്ങളിൽ ചിലത് ഞാനിവിടെ പങ്കുവെക്കുകയാണ്,

                      പരീക്ഷനടക്കുന്ന സ്ക്കൂളിൽ പി.എസ്.സി. പരീക്ഷ എഴുതാനായി മണിയടിക്കുന്നതും ചോദ്യക്കടലാസ് തുറക്കുന്നതും ഒപ്പം സ്ക്കൂൾ ഗെയ്റ്റ് അടക്കുന്നതും ഒന്നിച്ചായിരിക്കും. പരീക്ഷക്ക് അരമണിക്കൂർ മുൻപ് ആദ്യമണിയടിയോടെ ചോദ്യക്കടലാസും ഉത്തരക്കടലാസും (ഇപ്പോൾ ഒ.എം.ആർ ഷീറ്റ്) പരീക്ഷാ ഹാളിലിരിക്കേണ്ടവരുടെ ലിസ്റ്റുമായി ഇൻവിജിലേറ്റർ ഹാളിലേക്ക് പ്രവേശിക്കുന്നു. അവിടെയിരിക്കുന്നവരുടെ ഫോട്ടോ ഒട്ടിച്ച ഹാൾടിക്കറ്റ് പരിശോദിച്ച് നമ്പർ ക്രമത്തിൽ വാങ്ങിയശേഷം കൈയിലുള്ള ലിസ്റ്റിൽ ഒപ്പിടുവിക്കുന്നു. അപ്പോഴേക്കും പരീക്ഷ എഴുതേണ്ടവരെല്ലാം നമ്പർ നോക്കി ക്ലാസ്സിൽ ഇരുന്നിട്ടുണ്ടാവും. പിന്നീട് അടുത്ത മണിയോടെ ഉത്തരക്കടലാസ്(ഒ.എം.ആർ) കൊടുത്തതിനുശേഷം ചോദ്യക്കടലാസിന്റെ കെട്ട് പൊട്ടിച്ച് നമ്പർനോക്കി ABCD ക്രമത്തിൽ വിതരണം ചെയ്യുന്നു. ഈ ചോദ്യക്കടലാസ് തുറക്കുന്നത് പരീക്ഷ ആരംഭിക്കുന്ന അടുത്ത മണിയടി കേൾക്കുമ്പോഴാണ്. അവസാന മണിയടിക്ക് മുൻപ് സ്ക്കൂൾ കോമ്പൌണ്ടിൽ പ്രവേശിക്കുന്നവർക്ക് പരീക്ഷ എഴുതാനുള്ള അവസരം മിക്കവാറും സ്ക്കൂളിൽ ചെയ്തുകൊടുക്കും. എന്നാൽ അവസാന മണിയടിച്ച് ഗെയ്റ്റ് അടക്കുന്നതോടെ വൈകി വരുന്നവർക്ക് പരീക്ഷ എഴുതാനുള്ള അവസരം നഷ്ടപ്പെടും. അതുവരെയുള്ള തയ്യാറെടുപ്പും സ്ക്കൂളന്വേഷിച്ചുള്ള യാത്രയും വെറുതെയാവും.



                       അങ്ങനെയൊരു ‘ജില്ലാതല ലാസ്റ്റ് ഗ്രെയ്ഡ് സെർവന്റ്’ പരീക്ഷ നടക്കുന്ന ദിവസം,, സമയം അതിരാവിലെ എട്ട് മണി. റോഡരികിലുള്ള ഹൈസ്ക്കൂളിൽ പരീക്ഷതുടങ്ങാൻ മണിയടിച്ചതോടൊപ്പം ഗെയിറ്റും അടച്ചുപൂട്ടി. അപ്പോഴാണ് അകലെനിന്നും ഒരു ചെറുപ്പക്കാരൻ ഓടിവന്നത്; മുന്നിൽ അടഞ്ഞ ഇരുമ്പ്‌ഗെയിറ്റ് കണ്ടപാടെ അവനത് തൊടാതെ ചാടിക്കടന്ന് സ്ക്കൂൾ ഓഫീസിനു മുന്നിലെത്തി. വെറും 2മിനിട്ട് വൈകിയാലും പരീക്ഷ എഴുതാൻ അനുവദിക്കണം എന്നുപറഞ്ഞ് അപേക്ഷിക്കുന്നവനെ പറഞ്ഞുവിടാൻ പരീക്ഷാസുപ്രണ്ട് വളരെയധികം പ്രയാസപ്പെടേണ്ടിവന്നു.

 എല്ലാ സ്ക്കൂളിലും പ്രവേശനമാർഗ്ഗം ആകെ ഒരു ഗെയ്റ്റ് മാത്രമാണോ? അല്ല,,

                      അങ്ങനെയുള്ള സ്ക്കൂളുകളിൽ നമ്പർ എഴുതിയ ബോർഡ് മാത്രമാണ് ആശ്രയം. ഉദ്യോഗാർത്ഥികളുടെ രജിസ്റ്റർ നമ്പറും അവർ ഇരിക്കേണ്ട റൂം നമ്പറും എഴുതിയ ബോർഡ് സ്ക്കൂൽ ഓഫീസിനു മുന്നിൽ എല്ലാവരും കാൺകെ ഉണ്ടാവും. പരീക്ഷ തുടങ്ങുന്ന മണിയടിയോടെ ആ ബോർഡ് എടുത്തുമാറ്റും. ഇരിക്കേണ്ട റൂം നമ്പർ വൈകി വരുന്നവർക്ക് ലഭ്യമാവുകയില്ല.



                       ഒരു വ്യക്തിയുടെ ഭാവി നിർണ്ണയിക്കുന്ന മത്സരപരീക്ഷ ആയതിനാൽ പി.എസ്.സി. പരീക്ഷക്ക് കോപ്പിയടികൾ വളരെ കുറവാണ്. ABCD ക്രമത്തിൽ നാല് തരം ചോദ്യക്കടലാസ് ഉള്ളതിൽ ഒരേയിനം ചോദ്യം തൊട്ടടുത്ത് വരാത്ത ക്രമത്തിലാണ് സീറ്റിംഗ് എറേഞ്ച്‌മെന്റ്. അപ്പോൾ അടുത്തിരിക്കുന്നവന്റേത് നോക്കി എഴുതാനാവില്ല. ചിലപ്പോൾ മറ്റൊന്ന് ഉണ്ടാവും, അടുത്തിരിക്കുന്നവനോടല്ല, ക്ലാസ്സിൽ നിൽക്കുന്ന സുപ്രവൈസറോട് സംശയം ചോദിക്കും. ഉത്തരം പറയുന്നതും പരീക്ഷാർത്ഥികളോട് സംസാരിക്കുന്നതും ആ ക്ലാസ്സിന്റെ ചുമതലയുള്ള വ്യക്തിക്ക് അപകടം ഉണ്ടാക്കും. ശരിയായ ഉത്തരം പറഞ്ഞുകൊടുത്താൽ പരീക്ഷ കഴിഞ്ഞ ഉടനെ പരീക്ഷാഹാളിലെ മറ്റുള്ളവർ പിടികൂടും. തെറ്റായ ഉത്തരമാണ് പറഞ്ഞതെങ്കിൽ അത് എഴുതിയവനടക്കം പരാതിയുമായി ഉടനെയെത്തും.



                      സ്ക്കൂളിലെ പ്രവൃത്തിദിനത്തിൽ പി.എസ്.സി. പരീക്ഷ ഉണ്ടെങ്കിൽ നടക്കുന്നത് മിക്കവാറും എട്ട് മണി മുതൽ 9.15 വരെ ആയിരിക്കും. അങ്ങനെ പരീക്ഷ നടത്താൻ നമ്മൾ അദ്ധ്യാപകർ 7.30 നു മുൻപ് സ്ക്കൂളിൽ എത്തേണ്ടതുണ്ട്. അന്നൊരു ദിവസം എന്റെ വിദ്യാലയത്തിൽ എട്ട് മണിക്ക് പി.എസ്.സി. പരീക്ഷ ആരഭിച്ചത് 9.15 ന് അവസാനിച്ചു. പരീക്ഷ എഴുതിയവരെല്ലാം വെളിയിലേക്ക് ഇറങ്ങിയശേഷം ഉത്തരക്കടലാസ് (ഒ.എം.ആർ. അല്ല) നമ്പർ നോക്കി ക്രമീകരിക്കുന്നതിനിടയിൽ അതേ റൂമിൽ പരീക്ഷ എഴുതിയ ഒരു യുവാവ് എന്നെ സമീപിച്ചു പറയുന്നു,

“മാഡം എനിക്ക് നന്നായി അറിയുന്ന ഒരു ഉത്തരം എഴുതാൻ വിട്ടുപോയി, ആ ചോദ്യം കണ്ടില്ല”

“അതിന്”

“അതൊന്ന് തിരിച്ചുതന്നെങ്കിൽ എഴുതാമായിരുന്നു,,”

“സമയം കഴിഞ്ഞല്ലൊ, ഇനി എഴുതാനാവില്ല”

“ജസ്റ്റ് എ മിനിറ്റ്,, മാഡം എന്റെ ഉത്തരക്കടലാസ് തുറന്ന് കാണിച്ചാൽ മതി, പ്ലീസ്”

“അതൊന്നും പറ്റില്ല”

ചോദ്യക്കടലാസുകളും ഉത്തരക്കടലാസുകളും എണ്ണിത്തിട്ടപ്പെടുത്തിയിട്ട് വെളിയിലിറങ്ങുന്നതുവരെ ആ യുവാവ് അപേക്ഷിക്കുന്നുണ്ടായിരുന്നു,, ഒരിക്കൽ‌കൂടി ഉത്തരം എഴുതാൻ,,

എന്നാൽ,,,

അതോടൊപ്പം അതേ ക്ലാസ്സിൽ പരീക്ഷ എഴുതിയ ചിലർ എന്നെ വിടാതെ പിൻ‌തുടരുന്നുണ്ടായിരുന്നു,,

നിയമം തെറ്റിച്ച്, ഒരു വിദ്യാർത്ഥിക്ക് ഉത്തരക്കടലാസ് കൊടുക്കുന്നുണ്ടെങ്കിൽ,, എന്നെ ചോദ്യം ചെയ്യാൻ...



                    ഒരുകാലത്ത് സർക്കാർ ഗസറ്റിൽ ഇറങ്ങുന്ന വിജ്ഞാപനങ്ങളിൽ നിന്നും ആരംഭിച്ച പി.എസ്.സി. പരീക്ഷകളുമായി ബന്ധപ്പെട്ട എല്ലാ സംഗതികളും ഇപ്പോൾ നടക്കുന്നത് കമ്പ്യൂട്ടർ മുഖേനയാണ്. കടലാസ്സിൽ ഉത്തരങ്ങൾ എഴുതുന്ന രീതി മാറിയിട്ട് ഓ.എം.ആർ. ഷീറ്റിൽ ഉത്തരത്തിന്റെ നമ്പറിനുനേരെയുള്ള ബബിൾസ് കറുപ്പിച്ചിട്ട് കമ്പ്യൂട്ടർ വക മാർക്കിടുന്ന രീതിയാണ് ഇപ്പോഴുള്ളത്. ഈ ഒ.എം.ആർ ഷീറ്റ് ആദ്യകാലത്ത് പലർക്കും കൺഫ്യൂഷൻ ഉണ്ടാക്കിയിരുന്നു. പേരോ നമ്പറോ എഴുതാതെ വെറും ഉത്തരങ്ങൾ അടയാളപ്പെടുത്തിയ ഈ കടലാസിൽ നിന്ന് എങ്ങനെയാ വ്യക്തിയെ തിരിച്ചറിയുന്നത് എന്ന് പലരും സംശയിച്ചിരുന്നു. അതുപോലെ അശ്രദ്ധമായി ഒ.എം.ആർ. ഷീറ്റ് മുറിച്ചെടുക്കുക വഴി പലർക്കും പരീക്ഷ എഴുതിയതുകൊണ്ട് ഗുണം ലഭിക്കാതെ വന്നിട്ടുണ്ട്. എന്നാൽ ഒരു മത്സരാർത്ഥി ജോലിചെയ്യാൻ യോഗ്യനാവുന്നത് ഇങ്ങനെയുള്ള കാര്യങ്ങളിലുള്ള തിരിച്ചറിവുകൂടി ലഭിക്കുന്നതുകൊണ്ടാണ്.



ഒ.എം.ആർ. ഷീറ്റിൽ ഉത്തരക്കടലാസ് അടയാളപ്പെടുത്തുന്ന രീതി വന്നതിനുശേഷം നടക്കുന്ന പരീക്ഷ:

                പി.എസ്.സി. പരീക്ഷ കഴിഞ്ഞ നേരം,,, ഉത്തരം അടയാളപ്പെടുത്തിയ ഒ.എം.ആർ. ഷീറ്റും ചോദ്യക്കടലാസും തിരിച്ചുവാങ്ങിക്കൊണ്ടിരിക്കെ ഒരു ഉദ്യോഗാർത്ഥി അടയാളപ്പെടുത്തിയ ഉത്തരങ്ങൾ കണ്ട് ഇൻ‌വിജിലേറ്റർ ഞെട്ടി. അവൻ ഉത്തരം അടയാളപ്പെടുത്തിയത് ചോദ്യക്കടലാസ്സിലായിരുന്നു. മൾട്ടിപ്പിൾ ചോയ്സിലെ നാല് ഉത്തരങ്ങളിൽ ശരിയായത് കണ്ടെത്തിയിട്ട് നേരെ ‘ശരി` അടയാളം ഇട്ടിരിക്കുന്നു. ഒ.എം.ആർ. കടലാസ്സിലെ ബബിൾസ് കറുപ്പ് പതിയാതെ അതേപടി കിടക്കുന്നു.



                      ഇടയ്ക്കിടെ സർക്കാർ പരീക്ഷകൾ നടക്കുന്ന ഏതാനും ചില വിദ്യാലയങ്ങളിലെ അദ്ധ്യാപകർക്ക് പരീക്ഷാഡ്യൂട്ടി ഒരു വരുമാന മാർഗ്ഗമാണ്. സീനിയോറിറ്റി മറികടന്ന് ഡ്യൂട്ടികൊടുത്തു എന്ന പരാതി മുൻ‌കാലങ്ങളിൽ പല വിദ്യാലയങ്ങളിലും ഉണ്ടാവാറുണ്ട്. ചീഫ് സുപ്രണ്ടിന്റെ ‘യൂണിയനിൽ ഉൾപ്പെട്ടവർക്ക് ഡ്യൂട്ടി കൊടുത്തു’ എന്ന പരാതിയോടൊപ്പം ഡ്യൂട്ടി ലഭിക്കാത്തതിന്റെ പേരിൽ ആത്മഹത്യാ ഭീഷണി മുഴക്കിയ സംഭവങ്ങളും ഉണ്ടായിരുന്നു.  



                      പബ്ലിക്ക് സർവ്വീസ് കമ്മീഷൻ നടത്തുന്നതല്ലെങ്കിലും കേരളസർക്കാർ നടത്തുന്ന പൊതുപരീക്ഷ എഴുതാൻ ഞങ്ങളുടെ വിദ്യാലയത്തിലെ ഒരു അദ്ധ്യാപകൻ, ഞായറാഴ്ച ദിവസം അകലെയുള്ള വിദ്യാലത്തിൽ പോയി. പിറ്റേന്ന് അദ്ദേഹത്തെ കണ്ടപ്പോൾ സഹപ്രവർത്തകർ ചോദിച്ചു,

“പരീക്ഷയൊക്കെ എങ്ങനെയുണ്ട്?”

“ഞാൻ പരീക്ഷ എഴുതിയില്ല?”

“എന്ത് പറ്റി?”

“പരീക്ഷ എഴുതാനായി സ്ക്കൂളിൽ എത്തി ഹാളിൽ കയറിയപ്പോഴാണ് മനസ്സിലായത് ‘ഹാൾ‌ടിക്കറ്റ്’ വീട്ടിലെ മേശപ്പുറത്താണെന്ന്, പിന്നെങ്ങനെ പരീക്ഷ എഴുതും?”

അനേകം തവണ പരീക്ഷാഡ്യൂട്ടി ചെയ്ത അദ്ധ്യാപകനാണ് ഇങ്ങനെയൊരു അബദ്ധം പിണഞ്ഞത്.



                     ഇനിയൊരു സ്വന്തം കാര്യം പറയട്ടെ,, ജോലിനേടാനായി പി.എസ്.സി. നടത്തിയ എഴുത്തുപരീക്ഷയിൽ ഇതുവരെ ഞാൻ പങ്കെടുത്തിട്ടില്ല. ചോദ്യങ്ങൾ ചോദിച്ച് മാർക്കിടുന്ന ഇന്റർവ്യൂ ആയിരുന്നു ആനേരത്ത് ഉണ്ടായത്. ജില്ലാ പി.എസ്.സി. ഓഫീസിൽ‌വെച്ച് അവർ ചോദ്യം ചോദിച്ചു; ഞാൻ ഉത്തരം പറഞ്ഞു, കിട്ടിയത് മൂന്നാം റേങ്ക്,,, അദ്ധ്യാപികയായി,,, പെൻഷനായി,,, ഇപ്പോൾ വീട്ടിലിരുന്ന് അവയെക്കുറിച്ച് എഴുതുന്നു

*************************************

August 5, 2014

കർക്കിടകപേമാരിയിൽ അവർവന്നു,,, വേടൻ


                   പതിവുപോലെ കാലവർഷം ഉറഞ്ഞുതുള്ളുന്ന കർക്കിടക മാസത്തിൽ ആചാരം മുടക്കാതെ അവർ വന്നു വേടൻ. ഉത്തരമലബാറിലെ ആചാരമായി കെട്ടിയാടിയ വേടനും അകമ്പടിക്കാരും ചെണ്ടകൊട്ടിന്റെ താളത്തിൽ പാട്ടുപാടിയിട്ട് എന്റെ ഗ്രാമത്തിലെ വീടുകൾതോറും കയറിയിറങ്ങി.
അവർ വരുന്നു,,,

              വേടനെക്കുറിച്ച് ഏതാനും വർഷം മുൻപ് ഞാനെഴുതിയ ലേഖനം ഫോട്ടോസഹിതം “ഒറ്റമൂലി മാസിക ജൂലായ് ലക്കത്തിൽ” അച്ചടിച്ചു വന്നിട്ടുണ്ട് എന്ന സംഗതി സന്തോഷപൂർവ്വം അറിയിക്കുന്നു.
ഒറ്റമൂലിയിൽ വന്ന ലേഖനത്തിന്റെ ഫോട്ടോ


വേടെനെക്കുറിച്ച് ഇതേ ബ്ലോഗിൽ   എഴുതിയ പോസ്റ്റ് ഇവിടെ ഇവിടെ വീണ്ടും ആവർത്തിക്കുന്നു. ഇതുവരെ വായിക്കാത്തവർക്ക് വായിക്കാനും വായിച്ചവർക്ക് ഓർമ പുതുക്കാനും,,,
              “ഉത്തര മലബാറിലെ ഗ്രാമീണ കർഷകരുടെ ജീവിതവുമായി ബന്ധപ്പെട്ട ആചാരമാണ് വേടൻ കെട്ടിയാടൽ. കാലത്തിന്റെ കുത്തൊഴുക്കിൽ അപ്രത്യക്ഷമാവുന്ന ഈ ഗ്രാമീണകല, ഏതാനും ചില തുരുത്തുകളിൽ ഒരു ബാക്കിപത്രമായി ഇന്നും അവശേഷിക്കുന്നണ്ട്. പുതുമഴ പെയ്ത മണ്ണിൽ വിത്തിട്ട്, നട്ടുവളർത്തിയ വിളകൾ വളർന്ന് പൂവിട്ട് കായ്ച്ചതിനുശേഷം, വിളവെടുപ്പിന് പാകമാവുന്നതിന്റെ ഇടവേളയിൽ, മുറ്റത്തെ പെരുമഴയും നോക്കി വിശപ്പകറ്റാനായി ചക്കക്കുരു ചുട്ട്‌തിന്ന് വീട്ടിലിരിക്കുന്ന ഗ്രാമീണ കർഷകന്റെ വീടുകൾ‌തോറും, ചെണ്ടകൊട്ടിയുള്ള വേടന്റെ വരവ് ഒരു പുത്തനുണർവ്വ് പകരുന്നു.

                             കർക്കിടകത്തിലെ രോഗപീഡകൾ അകറ്റാനായുള്ള ഈ വേടൻ കെട്ടിയാടൽ ഒരു പ്രത്യേക ജനവിഭാഗത്തിന്റെ മാത്രം അവകാശമാണ്. കാർഷികസംസ്കൃതിയുടെ ഭാഗമായ മേലാളർ-കീഴാളർ ബന്ധം ഉറപ്പിക്കുന്ന കാലത്ത് രൂപംകൊണ്ട, ഈ ആചാരം വളരെ നല്ലൊരു കലാരൂപമാണ്. വേടൻ കെട്ടിയാടാൻ അവകാശമുള്ളവർ മറ്റുതൊഴിലുകൾ തേടുകയും ഗ്രാമീണർക്ക് കൃഷി അന്യമാവുകയും ഗ്രാമം പട്ടണങ്ങളുടെ വികലമായ രൂപം പ്രാപിക്കുക്കയും ചെയ്തതോടെ ഇതുപോലുള്ള ആചാരങ്ങൾക്കെല്ലാം വംശനാശം സംഭവിക്കുകയാണ്.

                                    കർക്കിടകമാസം വീടുകൾ‌തോറും കയറിയിറങ്ങുന്നവരാണ് ‘വേടനും ആടിയും’. ഒന്നിച്ച് ‘ആടിവേടൻ’ എന്ന് പറയുന്നുണ്ടെങ്കിലും ‘വേടൻ’ മലയ സമുദായക്കാരും ‘ആടി’ വണ്ണാൻ സമുദായക്കാരും കർക്കിടകത്തിലെ വ്യത്യസ്ഥ ദിവസങ്ങളിൽ കെട്ടിയാടുന്നു. അതുപോലെ ‘കോതാമ്മൂരി, ഉച്ചാർ‌പൊട്ടൻ’ എന്നി ആചാര കലാരൂപങ്ങൾ കുട്ടിക്കാലത്ത് കാണാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും ‘ആടി’ കെട്ടിയാടുന്നതിനെ കുറിച്ച് എനിക്ക് കേട്ടറിവ് മാത്രമാണുള്ളത്. ‘കർക്കിടകത്തിലെ വേടൻ’, കാലഹരണപ്പെടാതെ ചില സ്ഥലങ്ങളിൽ ഇപ്പോഴും കാണാൻ കഴിയും.

                    വീട്ടിൽ വരുന്ന വേടൻ, മുഖത്തും ദേഹത്തും ചായം‌പൂശിയിട്ട് തിളങ്ങുന്ന കിരീടവും ചുവന്ന ആടയാഭരണങ്ങളും ധരിച്ചിരിക്കും. മുതിർന്ന പുരുഷനോടൊപ്പം ചെണ്ടമുട്ടിന്റെ അകമ്പടിയോടെ വീടിന്റെ മുറ്റത്ത് കടന്നുവരുന്ന വേടൻ സംസാരിക്കില്ല. വേടന്റെ വേഷമണിഞ്ഞ കുട്ടിയോടൊപ്പം ചെണ്ടക്കാരൻ കൂടാതെ ഒന്നോ രണ്ടോ സഹായികളും കാണും. വീട്ടിലെത്തിയാൽ കത്തിച്ച വിളക്കിനെയും ആവണിപ്പലകയിൽ അരി നിറച്ച നിറനാഴിയെയും വണങ്ങി വേടനെ മുന്നിൽ നിർത്തിക്കൊണ്ട്, ചെണ്ടകൊട്ടി പാട്ടുപാടുന്നു. തപസ്സുചെയ്യുന്ന അർജ്ജുനനെ പരീക്ഷിക്കാനായി വേടന്റെ രൂപത്തിൽ വന്ന പരമശിവന്റെ കഥയാണ് പാട്ടിലുള്ളത്.

                                  മഹാഭാരതം വനപർവ്വത്തിൽ പറയുന്ന ഈ കഥ പാണ്ഡവരുടെ വനവാസകാലത്ത് സംഭവിച്ചതാണ്. തപസ്സു ചെയ്യുന്ന അർജ്ജുനനെ പരീക്ഷിക്കാനായി പരമശിവൻ വേടനായും പാർവ്വതി വേടത്തിയായും ഭൂതഗണങ്ങൾ അനുചരന്മാരുമായി വെഷംമാറി കാട്ടിലൂടെ നടക്കുമ്പോൾ, മൂകൻ എന്ന അസുരൻ ഒരു കാട്ടുപന്നിയുടെ രൂപത്തിൽ അർജ്ജുനനെ ആക്രമിക്കാൻ മുന്നിലെത്തി. അവിടെയെത്തിയ ശിവനും, അർജ്ജുനനും ഒരേസമയം അമ്പെയ്തതോടെ കാട്ടുപന്നിയായ മൂകാസുരൻ മരിച്ച് അസുരരൂപത്തിലായി മാറുന്നു. തുടർന്ന് പന്നിയെ(അസുരനെ) കൊന്നതിന്റെ അവകാശത്തർക്കമായി. അവർ തമ്മിലുള്ള യുദ്ധത്തിൽ വേടന്റെ ദേഹത്ത് അമ്പ് കൊള്ളാത്തതിൽ മനം‌നൊന്ത അർജ്ജുൻ, തന്റെ മുന്നിൽ വന്നത് സാക്ഷാൽ പരമശിവനാണെന്ന് തിരിച്ചറിഞ്ഞ് മാപ്പ്‌ചോദിച്ച് സ്തുതിക്കുന്നു. തുടർന്ന് അർജ്ജുനന് പാശുപതാസ്ത്രം നൽകി പരമശിവൻ അനുഗ്രഹിക്കുന്നു.

                            ചെണ്ടകൊട്ടി പാടിയതിന്റെ ഒടുവിൽ വേടനും അകമ്പടി സേവിച്ചവർക്കും വീട്ടുകാർ നൽകേണ്ട കാർഷികവിളകളെ പരാമർശിക്കുന്നുണ്ട്. അരി, വെള്ളരിക്ക, തേങ്ങ, ഉപ്പ്, മുളക്, മഞ്ഞൾ ആദിയായവ കൂടാതെ വീട്ടിലുള്ള ഏത് പച്ചക്കറികളും പ്രത്യേകം ഉഴിഞ്ഞ്‌വെച്ച് നൽകാം. സഹായികളായി വന്നവർ ഇതെല്ലാം സ്വീകരിച്ച് തുണിയിൽ കെട്ടിവെക്കുന്നു. പഞ്ഞമാസമായ കർക്കിടകത്തിൽ ഭക്ഷണത്തിനുള്ള വക ഇങ്ങനെ അവർക്ക് ലഭിക്കുന്നു.

                           തുടർന്ന് ഓരോ പാത്രത്തിൽ ചുവപ്പും കറുപ്പും നിറമുള്ള ഗുരുസി കലക്കുന്നു. (വെള്ളത്തിൽ മഞ്ഞളും നൂറും ചേർത്താൽ ചുവപ്പ് ഗുരുസി, വെള്ളത്തിൽ കരിക്കട്ട കലക്കിയാൽ കറുപ്പ് ഗുരുസി) മാരിപോവാൻ ചുവന്നവെള്ളം വീടിന്റെ തെക്കുഭാഗത്തും ജേഷ്ഠപോകാൻ കറുത്തവെള്ളം വടക്കുഭാഗത്തുമായി, വീട്ടിലുള്ളവരെ ഉഴിഞ്ഞതിനുശേഷം ഒഴിക്കുന്നു. ഒടുവിൽ മണ്ണിനും കൃഷിക്കും കന്നുകാലികൾക്കും സന്താനങ്ങൾക്കും അനുഗ്രഹം ചൊരിഞ്ഞ് ദക്ഷിണയും വാങ്ങി വേടൻ അടുത്ത വീട്ടിലേക്ക് യാത്രയാവുന്നു”.

April 1, 2014

ഒടുക്കത്തെ പ്രേമം



ഹൈസ്ക്കൂൾ വിദ്യാർത്ഥിനി ആയിരുന്ന ആ പഴയ കാലം,
                  എന്നും രാവിലെ യൂനിഫോം ആണിഞ്ഞ് പുസ്തകഭാരവും ചുമലിലേറ്റി ബസ്സിൽ കയറാനായി നാട്ടിൻപുറത്തെ ഇടവഴിയിലൂടെ നടക്കുമ്പോൾ ഏതാനും ദിവസമായി എനിക്കൊരു സംശയം,,, അത് മറ്റൊന്നുമല്ല; ‘വഴിയിലുള്ള ഒരു വീട്ടിലെ ചെറുപ്പക്കാരൻ നോക്കുന്നത് എന്നെയാണോ?’ എന്ന്,,,
                പെൺപള്ളിക്കൂടമാണെങ്കിലും മിനിമം ഒന്നോ അതിലധികമോ പ്രേമം എന്റെ ക്ലാസ്സിലെ മിക്കവാറും പെൺകുട്ടികൾക്കും ഉണ്ട്; പ്രായം അതാണല്ലൊ, കൌമാരം. അപ്പോൾ ഞാൻ മാത്രം എന്തിന് ശുദ്ധസത്യജീവി ആയി മുന്നോട്ടുപോകണം. ഇതുവരെ ഒരുത്തനേയും പ്രേമിക്കാൻ കഴിയാത്തവളാണെന്ന കാരണത്താൽ തൊട്ടടുത്തിരിക്കുന്നവൾപോലും എന്നെ പരിഹസിക്കാൻ തുടങ്ങിയിരിക്കയാണ്. അപ്പോൾ എനിക്കും വേണ്ടേ ഒരു പ്രേമവും കാമുകനും!!! അങ്ങനെ പെട്ടെന്ന് മുന്നിൽ അവതരിച്ച അവനെ ഞാൻ ശ്രദ്ധിക്കാൻ തുടങ്ങി. വെളുത്ത് മെലിഞ്ഞ കാണാൻ സുന്ദരനായ ചുരുളമുടിക്കാരനെ എങ്ങനെ നോക്കാതെപോവും! ചിലപ്പോൾ അവൻ വീടിന്റെ വരാന്തയിലായിരിക്കും, ചിലപ്പോൾ തൊട്ടടുത്ത തുറക്കാത്ത കടയുടെ മുന്നിൽ, അതുമല്ലെങ്കിൽ വീട്ടിനുമുന്നിലെ പേരമരച്ചുവട്ടിൽ. എവിടെയായാലും ഞാൻ നടന്നുപോകുമ്പോൾ റോഡിലേക്ക് നോക്കി നിൽക്കുന്ന അവന്റെ മുഖത്ത് ചെറിയൊരു പുഞ്ചിരി വിടരുന്നുണ്ടാവും. ക്രമേണ ആ വീടിനു മുന്നിലെത്തിയാൽ എന്റെ കണ്ണുകൾ അവനെ തേടുമ്പോൾ അവന്റെ നോട്ടത്തിനായി എനിക്ക് കൊതിയാവാനും തുടങ്ങി.

                കൂടുതൽ അന്വേഷിച്ചപ്പോൾ അകലെയുള്ള പട്ടണത്തിലെ കോളേജിൽ പഠിക്കുന്നവനാണെന്നും അവധിക്ക് വീട്ടിൽ വന്നവനാണെന്നും അറിയാൻ കഴിഞ്ഞതോടെ മറ്റൊന്നും ചിന്തിക്കാതെ എന്റെ മനസ്സ് അവനെ കയറിയങ്ങ് പ്രേമിച്ചു. പരിശുദ്ധമായ പ്രേമം മൂത്ത എന്റെ മനസ്സ് പല നിറങ്ങളുള്ള സ്വപ്നങ്ങൾ കാണാൻ തുടങ്ങി. ഒന്നുരണ്ടു ദിവസമായി എന്നോടെന്തോ പറയാനാവണം, അവൻ റോഡരികിൽ വന്നുനിൽക്കാറുണ്ടെങ്കിലും കൂടെ മറ്റുകുട്ടികൾ ഉള്ളതുകൊണ്ട് ഒന്നും മിണ്ടാതെ ചിരിക്കുകമാത്രം ചെയ്യും. എനിക്കതുമതി,,,
                   ഇന്ന് രാവിലെ ആദ്യമായി അവനെന്നോട് സംസാരിച്ചു,, ഹൊ,, എന്റെ മനസ്സിൽ കുളിർമഴ പെയ്തു. പറഞ്ഞത് വെറും രണ്ട് വാക്കുകൾ മാത്രം; അതെ വെറും രണ്ട് വാക്കുകൾ, “വൈകുന്നേരം കാണണം”. സാധാരണ അവനെ വൈകിട്ട് കാണാറില്ല, എങ്കിലും ഇന്ന് അവനെ കാണും, നമ്മൾ സംസാരിക്കും,, അപ്പോൾ കൂടെ മറ്റാരും ഉണ്ടാവാൻ പാടില്ല.

                    അന്ന് പഠിപ്പിച്ചതൊന്നും എന്റെ തലയിൽ കയറിയില്ല, എങ്ങനെ കയറാനാണ്? തലയിൽ അവനല്ലെ പാർക്കുന്നത്,, ഊരുംപേരും അറിയാത്ത ഒരു ചെറുപ്പക്കാരൻ. സമയത്തെ എങ്ങനെയോ തള്ളിവിട്ട് കൂട്ടമണിയടി കേട്ടപ്പോൾ തിരക്കിട്ട് സ്ക്കൂളിൽ നിന്നിറങ്ങി ആദ്യത്തെ ബസ്പിടിച്ച് നാട്ടിലേക്കുള്ള സ്റ്റോപ്പിൽ ഇറങ്ങി കൂടെയാരും ഇല്ലെന്ന് ഉറപ്പുവരുത്തിയിട്ട് നടക്കാൻ തുടങ്ങി. അവന്റെ വീടിനെ സമീപിക്കുമ്പോൾ എനിക്കാകെ വെപ്രാളമായി, മനസ്സിലാകെ താളമേളം.

                   അകലെനിന്ന് തന്നെ അവനെ കാണാൻ കഴിഞ്ഞു, റോഡരികിൽ എന്റെ വരവും പ്രതീക്ഷിച്ച് നിൽക്കുകയാണ്. അവന്റെ ഇടതു കൈയിൽ ഒരു കവറുണ്ട്,,, എനിക്ക് തരാനുള്ള പ്രേമലേഖനം തന്നെ. അത് വായിച്ചിട്ട് കൂട്ടുകാരികളെ കാണിച്ച് കൊതിപ്പിക്കണം; കോളേജ് കുമാരൻ തന്ന പ്രേമലേഖനമാണെന്ന് പറയണം.
അടുത്തെത്തിയപ്പോൾ കൈയിലുള്ള കവർ എനിക്ക് തന്നിട്ട് അവൻ പതുക്കെ പറഞ്ഞു,

“കുട്ടിയുടെ അടുത്തവീട്ടിലെ വിലാസിനി ചേച്ചിക്ക് അവരുടെ ഭർത്താവ് എക്സ് മിലിറ്ററി രാഘവേട്ടൻ കാണാതെ ഈ കത്ത് കൊടുത്തിട്ട്, ‘നാളെ രാത്രി നേരിട്ട് കാണുമ്പോൾ ബാക്കി പറയാം’ എന്ന്, പറയണം”.
???