“മിനിലോകം”

ഞാന്‍ മിനി... എന്റെ മനസ്സ് എന്റെ ലോകമാണ്. എന്റെ മനസ്സില്‍(ഓര്‍മ്മയില്‍) തങ്ങിനില്‍ക്കുന്ന കാര്യങ്ങള്‍,വേണ്ടതും വേണ്ടാത്തതും ഞാന്‍ ഇവിടെ പകര്‍ത്തുന്നു. ഇതു വായിക്കാം, അഭിപ്രായം എഴുതാം. ജീവിതത്തില്‍ നിന്നും ഞാന്‍ കണ്ടെത്തിയ ധാരാളം ചെറിയ‘വലിയ’ സംഭവങ്ങള്‍ ഉണ്ട്. അവയെല്ലാം ചിത്രങ്ങളോടൊപ്പം ഇവിടെ അവതരിപ്പിക്കുന്നു. എന്റെ ലോകത്തേക്ക് “മിനിലോക”ത്തിലേക്ക് ഞാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു... ചിരിക്കാം, കളിക്കാം, ചിന്തിക്കാം... എന്ന് നിങ്ങളുടെ: mini//മിനി

August 5, 2014

കർക്കിടകപേമാരിയിൽ അവർവന്നു,,, വേടൻ


                   പതിവുപോലെ കാലവർഷം ഉറഞ്ഞുതുള്ളുന്ന കർക്കിടക മാസത്തിൽ ആചാരം മുടക്കാതെ അവർ വന്നു വേടൻ. ഉത്തരമലബാറിലെ ആചാരമായി കെട്ടിയാടിയ വേടനും അകമ്പടിക്കാരും ചെണ്ടകൊട്ടിന്റെ താളത്തിൽ പാട്ടുപാടിയിട്ട് എന്റെ ഗ്രാമത്തിലെ വീടുകൾതോറും കയറിയിറങ്ങി.
അവർ വരുന്നു,,,

              വേടനെക്കുറിച്ച് ഏതാനും വർഷം മുൻപ് ഞാനെഴുതിയ ലേഖനം ഫോട്ടോസഹിതം “ഒറ്റമൂലി മാസിക ജൂലായ് ലക്കത്തിൽ” അച്ചടിച്ചു വന്നിട്ടുണ്ട് എന്ന സംഗതി സന്തോഷപൂർവ്വം അറിയിക്കുന്നു.
ഒറ്റമൂലിയിൽ വന്ന ലേഖനത്തിന്റെ ഫോട്ടോ


വേടെനെക്കുറിച്ച് ഇതേ ബ്ലോഗിൽ   എഴുതിയ പോസ്റ്റ് ഇവിടെ ഇവിടെ വീണ്ടും ആവർത്തിക്കുന്നു. ഇതുവരെ വായിക്കാത്തവർക്ക് വായിക്കാനും വായിച്ചവർക്ക് ഓർമ പുതുക്കാനും,,,
              “ഉത്തര മലബാറിലെ ഗ്രാമീണ കർഷകരുടെ ജീവിതവുമായി ബന്ധപ്പെട്ട ആചാരമാണ് വേടൻ കെട്ടിയാടൽ. കാലത്തിന്റെ കുത്തൊഴുക്കിൽ അപ്രത്യക്ഷമാവുന്ന ഈ ഗ്രാമീണകല, ഏതാനും ചില തുരുത്തുകളിൽ ഒരു ബാക്കിപത്രമായി ഇന്നും അവശേഷിക്കുന്നണ്ട്. പുതുമഴ പെയ്ത മണ്ണിൽ വിത്തിട്ട്, നട്ടുവളർത്തിയ വിളകൾ വളർന്ന് പൂവിട്ട് കായ്ച്ചതിനുശേഷം, വിളവെടുപ്പിന് പാകമാവുന്നതിന്റെ ഇടവേളയിൽ, മുറ്റത്തെ പെരുമഴയും നോക്കി വിശപ്പകറ്റാനായി ചക്കക്കുരു ചുട്ട്‌തിന്ന് വീട്ടിലിരിക്കുന്ന ഗ്രാമീണ കർഷകന്റെ വീടുകൾ‌തോറും, ചെണ്ടകൊട്ടിയുള്ള വേടന്റെ വരവ് ഒരു പുത്തനുണർവ്വ് പകരുന്നു.

                             കർക്കിടകത്തിലെ രോഗപീഡകൾ അകറ്റാനായുള്ള ഈ വേടൻ കെട്ടിയാടൽ ഒരു പ്രത്യേക ജനവിഭാഗത്തിന്റെ മാത്രം അവകാശമാണ്. കാർഷികസംസ്കൃതിയുടെ ഭാഗമായ മേലാളർ-കീഴാളർ ബന്ധം ഉറപ്പിക്കുന്ന കാലത്ത് രൂപംകൊണ്ട, ഈ ആചാരം വളരെ നല്ലൊരു കലാരൂപമാണ്. വേടൻ കെട്ടിയാടാൻ അവകാശമുള്ളവർ മറ്റുതൊഴിലുകൾ തേടുകയും ഗ്രാമീണർക്ക് കൃഷി അന്യമാവുകയും ഗ്രാമം പട്ടണങ്ങളുടെ വികലമായ രൂപം പ്രാപിക്കുക്കയും ചെയ്തതോടെ ഇതുപോലുള്ള ആചാരങ്ങൾക്കെല്ലാം വംശനാശം സംഭവിക്കുകയാണ്.

                                    കർക്കിടകമാസം വീടുകൾ‌തോറും കയറിയിറങ്ങുന്നവരാണ് ‘വേടനും ആടിയും’. ഒന്നിച്ച് ‘ആടിവേടൻ’ എന്ന് പറയുന്നുണ്ടെങ്കിലും ‘വേടൻ’ മലയ സമുദായക്കാരും ‘ആടി’ വണ്ണാൻ സമുദായക്കാരും കർക്കിടകത്തിലെ വ്യത്യസ്ഥ ദിവസങ്ങളിൽ കെട്ടിയാടുന്നു. അതുപോലെ ‘കോതാമ്മൂരി, ഉച്ചാർ‌പൊട്ടൻ’ എന്നി ആചാര കലാരൂപങ്ങൾ കുട്ടിക്കാലത്ത് കാണാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും ‘ആടി’ കെട്ടിയാടുന്നതിനെ കുറിച്ച് എനിക്ക് കേട്ടറിവ് മാത്രമാണുള്ളത്. ‘കർക്കിടകത്തിലെ വേടൻ’, കാലഹരണപ്പെടാതെ ചില സ്ഥലങ്ങളിൽ ഇപ്പോഴും കാണാൻ കഴിയും.

                    വീട്ടിൽ വരുന്ന വേടൻ, മുഖത്തും ദേഹത്തും ചായം‌പൂശിയിട്ട് തിളങ്ങുന്ന കിരീടവും ചുവന്ന ആടയാഭരണങ്ങളും ധരിച്ചിരിക്കും. മുതിർന്ന പുരുഷനോടൊപ്പം ചെണ്ടമുട്ടിന്റെ അകമ്പടിയോടെ വീടിന്റെ മുറ്റത്ത് കടന്നുവരുന്ന വേടൻ സംസാരിക്കില്ല. വേടന്റെ വേഷമണിഞ്ഞ കുട്ടിയോടൊപ്പം ചെണ്ടക്കാരൻ കൂടാതെ ഒന്നോ രണ്ടോ സഹായികളും കാണും. വീട്ടിലെത്തിയാൽ കത്തിച്ച വിളക്കിനെയും ആവണിപ്പലകയിൽ അരി നിറച്ച നിറനാഴിയെയും വണങ്ങി വേടനെ മുന്നിൽ നിർത്തിക്കൊണ്ട്, ചെണ്ടകൊട്ടി പാട്ടുപാടുന്നു. തപസ്സുചെയ്യുന്ന അർജ്ജുനനെ പരീക്ഷിക്കാനായി വേടന്റെ രൂപത്തിൽ വന്ന പരമശിവന്റെ കഥയാണ് പാട്ടിലുള്ളത്.

                                  മഹാഭാരതം വനപർവ്വത്തിൽ പറയുന്ന ഈ കഥ പാണ്ഡവരുടെ വനവാസകാലത്ത് സംഭവിച്ചതാണ്. തപസ്സു ചെയ്യുന്ന അർജ്ജുനനെ പരീക്ഷിക്കാനായി പരമശിവൻ വേടനായും പാർവ്വതി വേടത്തിയായും ഭൂതഗണങ്ങൾ അനുചരന്മാരുമായി വെഷംമാറി കാട്ടിലൂടെ നടക്കുമ്പോൾ, മൂകൻ എന്ന അസുരൻ ഒരു കാട്ടുപന്നിയുടെ രൂപത്തിൽ അർജ്ജുനനെ ആക്രമിക്കാൻ മുന്നിലെത്തി. അവിടെയെത്തിയ ശിവനും, അർജ്ജുനനും ഒരേസമയം അമ്പെയ്തതോടെ കാട്ടുപന്നിയായ മൂകാസുരൻ മരിച്ച് അസുരരൂപത്തിലായി മാറുന്നു. തുടർന്ന് പന്നിയെ(അസുരനെ) കൊന്നതിന്റെ അവകാശത്തർക്കമായി. അവർ തമ്മിലുള്ള യുദ്ധത്തിൽ വേടന്റെ ദേഹത്ത് അമ്പ് കൊള്ളാത്തതിൽ മനം‌നൊന്ത അർജ്ജുൻ, തന്റെ മുന്നിൽ വന്നത് സാക്ഷാൽ പരമശിവനാണെന്ന് തിരിച്ചറിഞ്ഞ് മാപ്പ്‌ചോദിച്ച് സ്തുതിക്കുന്നു. തുടർന്ന് അർജ്ജുനന് പാശുപതാസ്ത്രം നൽകി പരമശിവൻ അനുഗ്രഹിക്കുന്നു.

                            ചെണ്ടകൊട്ടി പാടിയതിന്റെ ഒടുവിൽ വേടനും അകമ്പടി സേവിച്ചവർക്കും വീട്ടുകാർ നൽകേണ്ട കാർഷികവിളകളെ പരാമർശിക്കുന്നുണ്ട്. അരി, വെള്ളരിക്ക, തേങ്ങ, ഉപ്പ്, മുളക്, മഞ്ഞൾ ആദിയായവ കൂടാതെ വീട്ടിലുള്ള ഏത് പച്ചക്കറികളും പ്രത്യേകം ഉഴിഞ്ഞ്‌വെച്ച് നൽകാം. സഹായികളായി വന്നവർ ഇതെല്ലാം സ്വീകരിച്ച് തുണിയിൽ കെട്ടിവെക്കുന്നു. പഞ്ഞമാസമായ കർക്കിടകത്തിൽ ഭക്ഷണത്തിനുള്ള വക ഇങ്ങനെ അവർക്ക് ലഭിക്കുന്നു.

                           തുടർന്ന് ഓരോ പാത്രത്തിൽ ചുവപ്പും കറുപ്പും നിറമുള്ള ഗുരുസി കലക്കുന്നു. (വെള്ളത്തിൽ മഞ്ഞളും നൂറും ചേർത്താൽ ചുവപ്പ് ഗുരുസി, വെള്ളത്തിൽ കരിക്കട്ട കലക്കിയാൽ കറുപ്പ് ഗുരുസി) മാരിപോവാൻ ചുവന്നവെള്ളം വീടിന്റെ തെക്കുഭാഗത്തും ജേഷ്ഠപോകാൻ കറുത്തവെള്ളം വടക്കുഭാഗത്തുമായി, വീട്ടിലുള്ളവരെ ഉഴിഞ്ഞതിനുശേഷം ഒഴിക്കുന്നു. ഒടുവിൽ മണ്ണിനും കൃഷിക്കും കന്നുകാലികൾക്കും സന്താനങ്ങൾക്കും അനുഗ്രഹം ചൊരിഞ്ഞ് ദക്ഷിണയും വാങ്ങി വേടൻ അടുത്ത വീട്ടിലേക്ക് യാത്രയാവുന്നു”.

6 comments:

  1. പാലായിലൊന്നും ഈ വേടനെ കാണാറില്ല. മുമ്പും കണ്ടിട്ടില്ല

    ReplyDelete
  2. ഞങ്ങളുടെ നാട്ടിലും കണ്ടതായി ഓർമ്മയില്ല.

    ReplyDelete
  3. ഓരോരോ നാട്ടിലേ ഓരോരോ ആചാരങ്ങൾ
    ചെറുപ്പത്തിൽ നാം കണ്ടിരുന്ന ഓരോന്നിനും ഇപ്പോൾ ഓർക്കുമ്പോൾ മധുരം
    അവയിൽ പലതും കാണാനില്ലല്ലൊ എന്ന ഒരു വിഷമം
    പുതിയ പലതും വന്നെങ്കിലും ആ പഴയവയ്ക്കുള്ള മാധുര്യം ഇവയ്ക്ക് പകരാനാകുന്നില്ല എന്ന ഒരു തോന്നൽ.
    വേടനൊന്നും ഞങ്ങളുടെ നാട്ടിൽ കണ്ടിട്ടില്ല

    ഞങ്ങൾക്കുണ്ടായിരുന്നത് ഒന്നാം തീയതി ഉണർത്താൻ വരുന്ന പാട്ടുകാരായിരുന്നു

    ReplyDelete
  4. ഞങ്ങളുടെ നാട്ടിലും വേടൻ ഇല്ല. ഈ അറിവ് നല്കിയതിന്‌ നന്ദി!

    ReplyDelete
  5. ചെണ്ടകൊട്ടി പാടിയതിന്റെ ഒടുവിൽ വേടനും അകമ്പടി സേവിച്ചവർക്കും വീട്ടുകാർ നൽകേണ്ട കാർഷികവിളകളെ പരാമർശിക്കുന്നുണ്ട്. അരി, വെള്ളരിക്ക, തേങ്ങ, ഉപ്പ്, മുളക്, മഞ്ഞൾ ആദിയായവ കൂടാതെ വീട്ടിലുള്ള ഏത് പച്ചക്കറികളും പ്രത്യേകം ഉഴിഞ്ഞ്‌വെച്ച് നൽകാം. സഹായികളായി വന്നവർ ഇതെല്ലാം സ്വീകരിച്ച് തുണിയിൽ കെട്ടിവെക്കുന്നു. പഞ്ഞമാസമായ കർക്കിടകത്തിൽ ഭക്ഷണത്തിനുള്ള വക ഇങ്ങനെ അവർക്ക് ലഭിക്കുന്നു.

    ReplyDelete
  6. നല്ല അറിവ്. ഞങ്ങളുടെ നാട്ടിലും വേടനില്ല

    ReplyDelete

എന്റെ മനസ്സിലെ ഈ കൊച്ചു മിനിലോകത്തിലേക്ക് എല്ലാവര്‍ക്കും സ്വാഗതം.