അഞ്ച്
വിദ്യാലയങ്ങളിൽ പഠിക്കാൻ എനിക്ക് കഴിഞ്ഞതിൽ ഒന്നുമാത്രമാണ് സർക്കാർ സ്വന്തമായി
നടത്തുന്ന സ്ഥാപനം. അദ്ധ്യാപന പരിശീലനമായ ബി.എഡ് എന്ന് വിളിക്കുന്ന ബാച്ച്ലർ ഓഫ്
എഡ്യുക്കേഷൻ പഠനകാലത്ത് അതിനുള്ള അവസരം ലഭിച്ചു. ഗവണ്മെന്റ് ട്രെയിനിംഗ് കോളേജ്
തലശ്ശേരിയിലെ പഠനം ഒരുകൊല്ലം മാത്രമാണെങ്കിലും എന്നും ഓർമ്മിക്കാൻ കഴിയുന്ന ഏതാനും
അനുഭവങ്ങൾ അവിടെനിന്നും ലഭിച്ചു. 
   അടിയന്തിരാവസ്ഥ എന്ന് അറിയപ്പെടുന്ന ഇന്ത്യാചരിത്രത്തിലെ സുവർണ്ണ/ഭീകര
കാലത്താണ് എന്റെ ബി.എഡ്  പഠനം എന്നൊരു
സവിശേഷതയുണ്ട്.
കാര്യങ്ങൾ കണ്ടറിയാനും തന്റേടത്തോടെ രണ്ടുവാക്ക് പറയാനും തന്റേടം ലഭിച്ചത് ഡിഗ്രി കഴിഞ്ഞശേഷം ബി.എഡ് പഠിക്കുന്ന കാലത്താണ്. പ്രധാന സംഗതി എന്തെന്നാൽ ആഗസ്റ്റ് മാസം ബി.എഡ് റിസൽട്ട് വന്നതിന്റെ പിറ്റേന്നുതന്നെ ഞാൻ ഹരിശ്രീ കുറിച്ച കിഴുന്ന എൽ.പി സ്കൂളിൽ ടീച്ചറായി ചേർന്ന് പഠിപ്പിക്കാൻ കഴിഞ്ഞു. ഇക്കാര്യത്തിൽ സഹായം ആയത് ഞങ്ങൾക്ക് സ്വന്തമായി ഉള്ള പത്ത് സെന്റ് വിറ്റപ്പോൾ കിട്ടിയ പണമാണ്. നാലാം ക്ലാസിലെ ടീച്ചറായി ഞാൻ പഠിപ്പിക്കുമ്പോൾ മൂന്നിലും അഞ്ചിലും സഹോദരന്മാർ രണ്ടുപേർ പഠിക്കുന്നു. ഒപ്പം ബന്ധുക്കളും നാടുകാരുമായി അനേകം പേരുണ്ട്.
           
തലശ്ശേരി ഗവ. ട്രെയിനിംഗ് കോളേജ് വിചിത്രമായ സ്ഥലമാണ്. അവിടെയുള്ള
നിർമ്മിതി മുഴുവൻ ബ്രിട്ടീഷുകാർ ചെയ്തതാണ്. പ്രത്യേകതരം സിമന്റ് കൊണ്ടുള്ള തറയോട്, ഉയരമുള്ള
മേൽക്കൂരയുടെ മുകളിലും താഴെയുമായി രണ്ട് തരം ഓടുകൾ. വലിയൊരു വീടിന് മാറ്റം വരുത്തി
വിദ്യാലയം ആക്കിയതാണൊ എന്ന് തോന്നിപ്പോകും. ഓരോ വിഷയവും പഠിപ്പിക്കാനായി പ്രത്യേകം
ഇടങ്ങളിൽ ആ വിഷയത്തിന്റെ ലൈബ്രറിയും ലബോററ്ററിയും ക്ലാസുകളും അദ്ധ്യാപകരും ഉണ്ട്.
ഒരേ വിഷയക്കാർ അവിടെനിന്നും കറങ്ങിയാൽ മതി.
എന്റെ വിഷയം നാച്ച്വറൽ സയൻസ് എന്ന് വിളിക്കുന്ന ബയോളജി ക്ലാസ്സിൽ 16 വിദ്യാർത്ഥികൾ ഉണ്ട്, 8 പെൺകുട്ടികളും 8 ആൺകുട്ടികളും. കുട്ടിപ്രായം കഴിഞ്ഞതിനാൽ അന്നത്തെ കാലത്ത് ഞങ്ങൾ വിളിക്കപ്പെടുന്നത് വിമൻ സ്റ്റൂഡൻസ്, മെൻ സ്റ്റൂഡൻസ് എന്നായിരുന്നു. ബയോളജി വിഷയത്തിന്റെ അദ്ധ്യാപകനായ ജി.പി കൃഷ്ണപ്പിള്ള സാർ സരസഗായകകവി കെ.സി കേശവപ്പിള്ളയുടെ അടുത്ത ബന്ധുവാണ്.
         1975ൽ
തുടങ്ങി 1976ൽ അവസാനിക്കുന്ന എന്റെ ബി.എഡ് പഠനം അടിയന്തിരാവസ്ഥ കാലത്ത് ആയതിനാൽ
യാത്രാബസുകൾ മാത്രമല്ല, സർക്കാർ
ജീവനക്കാരും അദ്ധ്യാപകരും വിദ്യാർത്ഥികളും കൃത്യസമയം പാലിച്ചിരുന്നു. പഠിക്കേണ്ട
വിഷയങ്ങളെല്ലാം ഞങ്ങൾക്ക് നന്നായി അറിയുന്നതിനാൽ കൃഷ്ണപ്പിള്ള സാർ പുതിയതായി
ഒന്നും പഠിപ്പിച്ചിരുന്നില്ല. മിക്കദിവസവും ക്ലാസിൽ നടക്കുന്നത് അടിയന്തരാവസ്ഥയുടെ
ഭീകരതയെ കുറിച്ചുള്ള ചർച്ചകളാണ്. പത്രങ്ങൾക്ക് സെൻസർഷിപ്പ് ഉള്ളതിനാൽ
ഇന്ത്യയിലൊട്ടാകെ നടക്കുന്ന ആക്രമണങ്ങളുടെ വാർത്തകളെല്ലാം ഞങ്ങളെ അറിയിച്ചത്
അദ്ധ്യാപകനായ കൃഷ്ണപ്പിള്ള സാർ ആയിരുന്നു. 
             പ്രധാന
വിഷയമായ ബയോളജി കൂടാതെ സൈക്കോളജി ഫിലോസഫി, എഡ്യുക്കേഷൻ തുടങ്ങിയവയും ഞങ്ങൾക്ക് പഠിക്കണം. അവയെല്ലാം പഠിപ്പിച്ചത്
അയ്യർ സാർ ആണ്, ഹരിഹരസുഭഅയ്യർ,,
തീയറിയും പ്രാക്റ്റിക്കലും പരീക്ഷണങ്ങളും മറ്റു സ്കൂളുകളിൽ പോയിട്ടുള്ള ടീച്ചിംഗ്
പ്രാക്റ്റീസും ചേർന്ന് അദ്ധ്യാപകപഠനം പൊടിപൊടിച്ചു.
            
ഏതാണ്ട് 40 കൊല്ലം മുൻപുവരെ നമ്മുടെ സമൂഹം ഓരോ നാട്ടിലുമുള്ള സ്ത്രീകൾക്കും
പുരുഷന്മാർക്കും പ്രത്യേക ഡ്രസ് കോഡ് ഉണ്ടാക്കിയിരുന്നു. മറ്റുള്ള
മനുഷ്യരിൽ നിന്നും വ്യത്യസ്ഥമായി വസ്ത്രങ്ങൾ അണിഞ്ഞാൽ കാണുന്നവരുടെ ശ്രദ്ധ ആകർഷിക്കപ്പെടുന്ന
കാലം. പെൺകുട്ടികൾ ഉടുപ്പ് മാറ്റി പാവാട ആക്കിയാൽ പിന്നീട് ഒരിക്കലും ഉടുപ്പ്
അണിയുകയില്ല. അതുപോലെയാണ് സാരിയുടെ കാര്യം,, പാവാട മാറ്റി സാരിക്കാരി ആയാൽ, പിന്നെ പാവാടയിലേക്ക് തിരികെ പോവുകയില്ല. ഇന്നത്തെപോലെ വീട്ടകത്തിലും
വാഹനത്തിലും ഒതുങ്ങി ഒറ്റപ്പെടുന്നവരല്ല അന്നത്തെ സ്ത്രീകൾ. ദിവസങ്ങളുടെ ഏതാനും
മണിക്കൂറുകൾ സമൂഹവുമായി ഇടകലർന്നാണ് പുരുഷനോടൊപ്പം സ്ത്രീയും ജീവിക്കുന്നത്. എന്ത്
ധരിക്കണമെന്നും എന്ത് ധരിക്കേണ്ടയെന്നും സമൂഹം തീരുമാനിക്കും. ഇന്നും അതേപോലുള്ള
ചിന്താഗതിയുമായി ജീവിക്കുന്ന അനേകം പേരുണ്ട്.
     
അങ്ങനെയുള്ള പഴയൊരു കാലം ഓർമ്മയിൽ തെളിയുകയാണ്,
        
എന്റെ ഗ്രാമത്തിലുള്ള കിഴുന്ന സൗത്ത് യൂ.പി. സ്കൂളിൽ പഠിക്കുന്ന കാലം, ആറാം ക്ലാസിൽ ചേർന്നിട്ട്
ഒരുമാസം കഴിഞ്ഞ് ഒരുദിവസം. രാവിലെ ക്ലാസിൽ കടന്ന് പുസ്തകസഞ്ചി ഡസ്കിൽ
വെക്കുന്നനേരത്ത് ആരൊക്കെയോ ഓടുന്നശബ്ദം കേട്ടപ്പോൾ ഞാൻ തലയുയർത്തി. നേരത്തെവന്ന
കുട്ടികളെല്ലാം സ്കൂളിന്റ കിഴക്കു ഭാഗത്ത് ഓടുന്ന ദൃശ്യം കണ്ടപ്പോൾ
അടുത്തിരിക്കുന്ന വൈജയന്തിമാലയോട് ചോദിച്ചു,
“വൈജേ അതെവിടെയാ എല്ലാരും കീഞ്ഞി പായുന്നത്?”
        
ചോദ്യം കേട്ട വൈജ വെളിയിലിറങ്ങി കാര്യം തിരക്കിയശേഷം എന്നോട് പറഞ്ഞു,
“ആട ഒന്നാംക്ലാസില് പുതിയൊരു കുട്ടി
വന്നിട്ടുണ്ട്. അവള് ബോംബെക്കാരിയാ”
“അതിനെനെന്തിനാ എല്ലാരും പായുന്നത്? ഓളെക്കാണാനാണോ?”
“ഓളെക്കാണാൻ നല്ല രസമുണ്ട് പോലും, ഓളിട്ടത് നമ്മളെപ്പോലത്തെ
കുപ്പായമല്ല”
“പിന്നെ അതെന്താ?”
“അനക്കറീല്ല” 
“നീ വാ, നമ്മക്ക് പോയിനോക്കാം”
          
അങ്ങനെ വൈജയന്തിയും ഞാനും ഒത്തുചേർന്ന് ഓടിയപ്പോൾ കണ്ടത് ഒന്നാം ക്ലാസിന്റെ
ഇരുണ്ട മൂലയിൽ പേടിച്ച് പതുങ്ങിയിരിക്കുന്ന വെളുത്തു മെലിഞ്ഞ പെൺകുട്ടിയെ ആണ്.
അവളിട്ടത് കൈനീളമുള്ള മിന്നുന്ന മേലുടുപ്പ്, അടിയിലാണെങ്കിൽ ആണുങ്ങൾ ഇടുന്ന കാൽസ്രായി പോലെ രണ്ട് കാലും
വേറെ വേറെ കാണുന്നത്,, അതായത് പാന്റ്. ചുറ്റുമുള്ള കുട്ടികൾ
ആവേശം മൂത്ത് ആ കുട്ടിയെ വലിക്കുകയും നുള്ളുകയും ചെയ്യുമ്പോൾ അവൾ വേദനകൊണ്ട്
കരഞ്ഞ് കണ്ണിരൊഴുക്കുന്നു. മറ്റു കുട്ടികളെല്ലാം അവളെ നോക്കി ഉച്ചത്തിൽ
കൂവിയാർക്കുകയാണ്. ബഹളത്തിന്റെ ഇടയിൽനിന്നും തിരികെ പോകുമ്പോൾ ഞാൻ വൈജയന്തിയോട്
പറഞ്ഞു,
“ഓളിട്ട കുപ്പായം കാണാൻ നല്ല രസമുണ്ട്, ബോംബെലൊക്കെ ഇതാകും. അതിന്റെ
പേരറിയോ?”
“കുട്ടികള് പറീന്ന കേട്ടില്ലേ, പൈജാമയും ജുബ്ബയും എന്നാണ്
പോലും”
“ഓളെ പേരെന്താ?”
“ജയശ്രീ”
           
അന്ന് അങ്ങനെയൊക്കെ ആയിരുന്നു. പെൺകുട്ടികൾ അണിയുന്ന ചൂരീദാറും പൈജാമയും
നമ്മുടെ ഗ്രാമങ്ങളിൽ പ്രചരിച്ച ആദ്യകാലങ്ങളിൽ അതെല്ലാം അണിയുന്നവർ പലതരം
പരിഹാസങ്ങൾക്ക് ഇരയായിട്ടുണ്ട്. ഇന്നാണെങ്കിൽ ട്രെന്റിനോടൊപ്പം നിന്ന് എന്തും ഏതും
അണിയാമെന്ന അവസ്ഥയാണ്.
           
അച്ഛൻ കൃഷി ചെയ്യുന്നതുകൊണ്ട് ഭക്ഷണക്ഷാമം എന്നത് അറിഞ്ഞില്ലെങ്കിലും
ജീവിതത്തിന്റെ വലിയൊരു കാലയളവിൽ എനിക്ക് വസ്ത്രത്തിനും പണത്തിനും നല്ലൊരു വീടിനും
ക്ഷാമം നേരിട്ടിരുന്നു. പ്രായവും രോഗവും തളർത്തിയപ്പോൾ ഉപയോഗിക്കാൻ കഴിയാത്ത എന്റെ
വസ്ത്രങ്ങൾ അലമാര നിറയെ കാണുമ്പോൾ വലിയദുഃഖം തോന്നുന്നു. വസ്ത്രധാരണവുമായി
ബന്ധപ്പെട്ട് രസകരമായ ഏതാനും അനുഭവങ്ങൾ ഉണ്ടായിരുന്നു. അതിലൊന്ന് അദ്ധ്യാപന പരിശീലന കാലത്താണ്.
          
അടിയന്തിരാവസ്ഥയുടെ കാലമാണെങ്കിലും സ്കൂൾ പരിപാടികൾക്ക് മാറ്റമൊന്നും
ഉണ്ടായിരുന്നില്ല. ആഘോഷപൊലിമ
കുറവാണെങ്കിലും കലാമേള, കായികമേള തുടങ്ങിയവ നല്ലനിലയിൽ
നടത്തി. സ്വതന്ത്രരായ മുതിർന്ന അദ്ധ്യാപക വിദ്യാർത്ഥികൾ അവയിലെല്ലാം പങ്കാളികളാണ്.
           എന്റെ
ജീവിതത്തിൽ ആദ്യമായി സ്പോർഡ്സ് മൽസരത്തിൽ പങ്കെടുത്തത് ബി.എഡ് പഠിക്കുമ്പോഴാണ്.
പ്രീ.ഡിഗ്രി രണ്ടാം വർഷം മുതൽ വീട്ടിലും വിദ്യാലയത്തിലും സാരി ഉടുക്കാൻ തുടങ്ങിയ
ഞാൻ അതേ വേഷത്തിലാണ് ആദ്യദിവസം ഓടാനും ചാടാനും തുടങ്ങിയത്. സാരി ആരോഗ്യത്തിന്
നല്ലതാണെങ്കിലും ഓട്ടത്തിനും ചാട്ടത്തിനും ഹാനികരമാണെന്ന കാര്യം അപ്പോഴാണ്
മനസ്സിലാക്കിയത്. കൂടെയുള്ളവരിൽ രണ്ടുപേർ പാവാടയിൽ വന്നിട്ടുണ്ട്. എല്ലാ
മത്സരങ്ങളിലും ഈസിയായി അവർ ജയിക്കുന്നു. പാവാട വീട്ടിലില്ലെങ്കിൽ കടം
വാങ്ങിയെങ്കിലും അണിയണമെന്ന് സാരി അണിയുന്ന താരങ്ങൾക്ക് തോന്നാൻ തുടങ്ങി.  
        ഒരു പ്രധാന
കാര്യം,, 
           
അക്കാലത്ത് സ്ത്രീകൾക്കുള്ള വസ്ത്രം, ഉടുപ്പ് കഴിഞ്ഞാൽ പാവാടയും ബ്ലൗസും അത് കഴിഞ്ഞാൽ സാരിയും ബ്ലൗസും.
അതല്ലാതെ ഇന്നത്തെ ന്യൂജെൻ വസ്ത്രങ്ങൾ കണ്ണുർ പട്ടണത്തിലോ ഗ്രാമത്തിലോ കടന്നു
വന്നിട്ടില്ല. അന്നത്തെ സാമൂഹ്യ ജീവിതത്തിൽ എന്റെ വസ്ത്രം എന്റെ ഇഷ്ടം എന്ന്
പറയുന്ന കാര്യം നാട്ടിൻപുറത്തുള്ളവർക്ക് ചിന്തിക്കാനേ വയ്യ. 
            അങ്ങനെ
കായികമേളയുടെ ഒടുവിലത്തെ ദിവസം പാവാടയിൽ മത്സരിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു.
വീട്ടിൽനിന്ന് പാവാട ഉടുക്കുന്നതിന് പകരം കോളേജിൽ എത്തിയിട്ട് ഡ്രസ് മാറ്റിയാൽ
മതിയാവും. എട്ടാം ക്ലാസുകാരി ആയ സഹോദരി ചെറുപ്പം ആയതിനാൽ പാവാട ചെറുതാണ്.
അതിനെന്താ,, എന്നോളം ഉയരമുള്ള ചെറുപ്പക്കാരികൾ
അടുത്തവീട്ടിൽ നിരന്നു നിൽക്കുന്നുണ്ട്, രജിത, ബീന, റീന,, ഇതിൽ ബീനയെ ആ
വർഷത്തെ ടീച്ചിംഗ് പ്രാക്റ്റീസ് സമയത്ത് തോട്ടട ഹൈ സ്കൂളിൽ വെച്ച് ഞാൻ
പഠിപ്പിച്ചിട്ടുണ്ട്. 
           അമ്മയോട്
കാര്യം പറഞ്ഞശേഷം അടുത്ത വീട്ടിൽപോയി ഒന്നിനുപകരം രണ്ട് പാവാടകൾ കടം വാങ്ങി. ഒന്ന്
ഹാഫ് സ്കേർട്ട്, പിന്നെ കാല്
മുഴുവമായി മുടുന്ന ഒരു ഫുൾ സ്കേർട്ട്. രണ്ട് പാവാടകളും പൊതിഞ്ഞെടുത്ത ഞാൻ അതൊരു
സഞ്ചിയിലാക്കിയിട്ട് പിറ്റേദിവസം കോളേജിൽ പോയി. 
          
തലശ്ശേരിയിൽ ബസ്സിറങ്ങി കോളേജിൽ കടന്നപ്പോൾ കൂട്ടുകാർ പലരും സാരിയിൽ
നിന്നും പാവാടയിലേക്ക് മാറുന്നത് കണ്ടു. കൂട്ടത്തിൽ ഞാനും സാരിമാറ്റി പാവാടയിൽ
കയറി. ഹാഫ് സ്കേർട്ട് അണിഞ്ഞപ്പോൾ ഇതുവരെയില്ലാത്ത മാറ്റങ്ങൾ എന്റെ ദേഹമൊട്ടാകെ പടർന്നുകയറി.
ആവേശം മൂത്ത ഞാൻ മറ്റുള്ളവരോടൊപ്പം കോളേജിന്റെ മുന്നിലുള്ള റോഡ് മുറിച്ചുകടന്ന്
അല്പം നടന്നപ്പോൾ മേള നടക്കുന്ന തലശ്ശേരി സ്റ്റേഡിയത്തിൽ എത്തി. 
          
മത്സരങ്ങൾ ഓരോന്നായി കഴിഞ്ഞപ്പോൾ ഒരുകാര്യം ഞാൻ തിരിച്ചറിഞ്ഞു,, ഓട്ടത്തിനും ചാട്ടത്തിനും വേണ്ടത് പാവാട
മാത്രമല്ല; നല്ല ശക്തിയും സ്റ്റാമിനയും വേണം. മഴകൊണ്ടാലും
വെയിലുകൊണ്ടാലും കടലിൽ കളിച്ചാലും, ശ്വാസതടസ്സം വരുന്ന എന്റെ
ദേഹം കായിക മൽസരങ്ങൾക്ക് പറ്റിയതല്ല. കാര്യമായ സമ്മാനമൊന്നും കിട്ടിയില്ലെങ്കിലും
മറ്റുള്ളവരോട് ചേർന്നുള്ള കമ്പവലി (വടംവലി) മത്സരത്തിൽ ചായകുടിക്കാൻ യോജിച്ച
ചെറിയൊരു ചില്ലുഗ്ലാസ് കിട്ടി. ഇന്നെന്റെ വീടിലുള്ള അനേകം ട്രോഫികളെക്കാൾ വലുതായി
തോന്നിയത് അന്ന് കിട്ടിയ ചില്ലുഗ്ലാസാണ്.
          
മത്സരങ്ങളുടെ ആവേശം ഒടുങ്ങിയ നേരത്ത് അര/പാവാട മാറ്റിയ ഞാൻ മുഴുവൻ
പാവാടയിലേക്ക് പ്രവേശിച്ചിരുന്നു. അഞ്ച് മണി കഴിഞ്ഞപ്പോൾ വീട്ടിലേക്ക് പോകാൻ
സമയമായി. ആ നേരത്ത് പാവാട മാറ്റി സാരിയിലേക്ക് പ്രവേശിക്കണം. ഒപ്പമുള്ള പലരും
വീട്ടിൽ പോകാൻ തുടങ്ങിയനേരത്ത് കോളേജിലെ ക്ലാസ്സ്മുറിയിൽ കടന്ന് സാരിയിലേക്ക്
മാറാൻ എന്റെകൂടെ സ്ത്രീജനങ്ങളാരും തയ്യാറായില്ല. മറ്റൊരു വഴിയും ഇല്ലാതായതോടെ അതേ
വേഷത്തിൽതന്നെ വീട്ടിലേക്ക് പോകുന്ന കാര്യം ഓർത്തപ്പോൾ എനിക്കാകെ വിഷമം. രാത്രി
വരികയാണ്, ഏതായാലും പോവുകതന്നെ,,
          
തലശ്ശേരിയിൽനിന്നും കണ്ണൂർ ബസിൽ കയറിയ ഞാൻ ചിന്തിക്കാൻ തുടങ്ങി. അര
മണിക്കൂർ കഴിഞ്ഞ് ഇറങ്ങാനുള്ള തോട്ടട എത്തുമ്പോൾ ആറുമണി കഴിയും. ആ നേരത്ത് സൂര്യൻ
അസ്തമിച്ച് ഇരുട്ടാവുമ്പോൾ എന്റെ പാവാടവേഷം പരിചയക്കാരായ നാട്ടുകാർ
കാണുകയില്ല.  മങ്ങിയ ഇരുട്ടിൽ അരമണിക്കൂർ
നടന്ന് സുഖമായി വീട്ടിലെത്താം.
           ഞാൻ
കയറിയ ത്രിവേണി ബസ് തോട്ടട എത്തിയപ്പോൾ അതിൽനിന്നും വെളിയിലിറങ്ങി പാവാടയിൽ
നിവർന്ന് നിന്നുകൊണ്ട് ചുറ്റും നോക്കി. വെള്ളിവെളിച്ചവുമായി സൂര്യൻ തിളങ്ങുകയാണ്.
മാർച്ച് മാസത്തെ ആദ്യപകുതിയിൽ സൂര്യൻ അസ്തമിച്ച് ഇരുട്ട് വീഴാൻ ഏഴ് മണി ആവുമെന്ന്
ആ നേരത്ത് ചിന്തിച്ചിരുന്നില്ല. 
          
ചുറ്റുപാടും ഉള്ളവരിൽ അധികവും പരിചയക്കാരാണ്. ചോദ്യങ്ങൾക്ക് ഇട നൽകാതെ
മറ്റുള്ളവർക്ക് മുഖം കൊടുക്കാതെ വേഗത്തിൽ ഞാൻ നടന്നു. വീട്ടിലെത്താൻ അര മണിക്കൂർ
നടക്കണം. വാഹനങ്ങൾ പോകുന്ന വഴിയെ പോകാതെ ഇടവഴി കടന്ന് വയലിൽ ഇറങ്ങിയിട്ട് നേരെ
നടന്നാൽ വീട്ടിലെത്തും. ഹാഫ് സ്കേർട്ട് മാറ്റി ഫുൾ സ്കേർട്ട് അണിഞ്ഞത്
ഭാഗ്യംതന്നെയെന്ന് ആനേരത്ത് ഞാൻ ഓർമ്മിച്ചു.
           പുതിയ
വേഷത്തിൽ എന്നെ കാണുമ്പോൾ മറ്റുള്ളവർ എന്ത് വിചാരിക്കും, അവർക്കെന്ത് തോന്നും എന്നത്, എനിക്കുണ്ടായ അപകർഷതാബോധം മാത്രമാണെന്ന് പിന്നീട് ഞാൻ തിരിച്ചറിഞ്ഞു. അതുപോലെ
അവനവനെ കുറിച്ചുള്ള വിശ്വാസക്കുറവാണ് ഓരോ വ്യക്തിയുടെയും ജീവിതത്തെ
പരാജയത്തിലേക്ക് നയിക്കുന്നത്.
*******




എഴുതിയപ്പോൾ ശരിയായി. അനുഭവം പകർത്തുന്നു.
ReplyDelete