“മിനിലോകം”

ഞാന്‍ മിനി... എന്റെ മനസ്സ് എന്റെ ലോകമാണ്. എന്റെ മനസ്സില്‍(ഓര്‍മ്മയില്‍) തങ്ങിനില്‍ക്കുന്ന കാര്യങ്ങള്‍,വേണ്ടതും വേണ്ടാത്തതും ഞാന്‍ ഇവിടെ പകര്‍ത്തുന്നു. ഇതു വായിക്കാം, അഭിപ്രായം എഴുതാം. ജീവിതത്തില്‍ നിന്നും ഞാന്‍ കണ്ടെത്തിയ ധാരാളം ചെറിയ‘വലിയ’ സംഭവങ്ങള്‍ ഉണ്ട്. അവയെല്ലാം ചിത്രങ്ങളോടൊപ്പം ഇവിടെ അവതരിപ്പിക്കുന്നു. എന്റെ ലോകത്തേക്ക് “മിനിലോക”ത്തിലേക്ക് ഞാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു... ചിരിക്കാം, കളിക്കാം, ചിന്തിക്കാം... എന്ന് നിങ്ങളുടെ: mini//മിനി

February 6, 2020

പൊതിഞ്ഞുകെട്ടിയത്


  വർഷങ്ങൾക്കു മുൻപൊരു ദിവസം, രാവിലെതന്നെ ഉറക്കമുണർന്ന ഞാൻ ആശുപത്രി മുറിയുടെ മേൽത്തട്ട് നോക്കി കിടക്കുകയാണ്. ചുറ്റുപാടും തമിഴിന്റെ ഒച്ചയും ഗന്ധവും നിറഞ്ഞിരിക്കുന്നു. ഗാന്ധിജയന്തി ദിവസം ആശുപത്രിയിൽ അഡ്‌മിറ്റ് ആയതിനാൽ അന്ന് ഒക്റ്റോബർ നാലാം തീയതി ആണെന്ന് എനിക്കറിയാം. ഓപ്പറേഷൻ തീരുമാനിച്ച ദിവസമായതിനാൽ ഇന്നുരാവിലെ ഭക്ഷണം പാടില്ലയെന്ന് തലേദിവസം‌തന്നെ സിസ്റ്റർമാർ വന്ന് തമിഴും ഇംഗ്ലീഷും കലർത്തിയിട്ട് ഓർമ്മിപ്പിച്ചതാണ്. മലയാളം അറിയാമെങ്കിലും ഒരക്ഷരവും പറയില്ലെന്ന വാശിയാണവർക്ക്,, ഭാഷ ഏതായാലും പറയുന്നത് മനസ്സിലായാൽ മതിയല്ലോ,,
     പെട്ടെന്ന് രണ്ട് സിസ്റ്റർ‌മാർ എന്തൊക്കെയോ പേശിക്കൊണ്ട് അകത്തേക്ക് എന്റെ സമീപം വന്നണഞ്ഞു. ടെമ്പറേച്ചറും പ്രഷറും കണ്ടെത്തിയിട്ട് അടയാളപ്പെടുത്തിയശേഷം വെളിയിലും ഉള്ളിലേക്കും പോയതിന്റെ കണക്കുകൾ ചോദിച്ചു. പോകേണ്ടതൊക്കെ വെളിയിൽ പോയെങ്കിലും നേരം പുലർന്നിട്ട് ഒരുതുള്ളി വെള്ളം പോലും അകത്തേക്ക് പോയില്ലെന്ന് അറിഞ്ഞപ്പോൾ അവർ സം‌തൃപ്തരായി. പിന്നീട് ആഭരണങ്ങൾ ഊരാൻ പറഞ്ഞു. ആകെയുള്ളത് താലിചെയിലും മോതിരവും കാതിലയും ആണ്. കാതിലും വിരലിലുള്ളതും ഊരിയിട്ട് താലി ഊരാൻ ശ്രമിച്ചപ്പോൾ കൂട്ടത്തിൽ ഒരുത്തി അത് തടഞ്ഞുകൊണ്ട് പറഞ്ഞു,
“നോ,, നവർ ഡൂ ഇറ്റ്,, അത് ചെയ്യകൂടാത്. തപ്പ്,”
   അപ്പോൾ എനിക്കാകെ സംശയം കടന്നുവന്നു,, ഊരിയതൊക്കെ എവിടെ വെക്കും,, കൂടെയുള്ള ഭർത്താവും സഹോദരനും പെട്ടെന്ന് വരാമെന്ന് പറഞ്ഞിട്ട് ചായ കുടിക്കാൻ പോയതാണ്. അവർ വരുന്നതുവരെ ഇവിടെ കാത്തുനിൽക്കാൻ വിടുമോ? അപ്പോഴേക്കും കൂട്ടത്തിലൊരു സിസ്റ്റർ ബെഡിന്റെ അടുത്തുള്ള എന്റെ ബാഗ് തുറന്നിട്ട് അതിനകത്ത് വെക്കാനുള്ള ആഗ്യം കാണിച്ചു. ബാഗിന്റെ ഉള്ളറയിൽ മോതിരവും ഇയറിം‌‌‌ഗ്‌സും വെക്കുമ്പോൾ എന്റെയൊരു സംശയം ബാക്കിയായി. ഒന്നര പവൻ തൂക്കമുള്ള എന്റെ താലിച്ചെയിൻ? അത് നേരിട്ട് ബന്ധുക്കളുടെ കൈയിൽ കൊടുക്കാനായിരിക്കും,,

      എന്നെ കിടക്കയിൽ നിന്നും എഴുന്നേൽ‌പ്പിച്ച് ഇറക്കിയിട്ട് വീൽ‌ചെയറിൽ ഇരിക്കാൻ പറഞ്ഞു. അപ്പോൾ ഇവിടെയുള്ള എന്റെ ബാഗും വസ്ത്രങ്ങളും,, അതൊക്കെ പറയാൻ ബന്ധുക്കൾ വരാതെയാണോ എന്നെയവർ ഓപ്പറേഷൻ തീയറ്ററിൽ എഴുന്നെള്ളിക്കുന്നത്. വർദ്ധിച്ച ധൈര്യത്തോടെ സന്തോഷത്തോടെ വീൽചെയറിൽ ഇരിക്കുമ്പോൾ എവിടെനിന്നാണെന്ന് അറിയില്ല, നിറയെ ചന്ദനം പൂശിയൊരു അമ്മച്ചി ഓടിവന്നിട്ട് എന്റെ നെറ്റിയിൽ ചന്ദനവും കുങ്കുമവും ചാർത്തിയിട്ട് ഒരു നിമിഷം പ്രാർത്ഥിച്ചു,
“അമ്മാ സൌഖിയമായി വന്തിരുന്താലും,,”
ഏതായാലും എല്ലാം മം‌ഗളമായി തീരുമല്ലോ,,
      വിശാലമായ മുറിയിൽ‌നിന്നും ഞാനിരിക്കുന്ന വീൽചെയർ ഉരുട്ടിക്കൊണ്ട് നേരെ പിൻ‌വശത്തെ ആൾ‌സഞ്ചാരം കുറഞ്ഞ ഇടനാഴിയിൽ എത്തിച്ചേർന്നു. അവിടെയതാ ഞങ്ങളെ പ്രതീക്ഷിച്ച് നാലുചക്രമുള്ള വണ്ടിയുമായി മൂന്ന് നേഴ്സുമാർ. എന്നെ അവർക്ക് കൈമാറിയിട്ട് അതുവരെ വന്നവർ വീൽ‌ചെയറുമായി സ്ഥലം വിട്ടു. എന്നോട് അതിന്റെ മുകളിൽ കയറി കിടക്കാൻ പറഞ്ഞു. അതിൽ ഇരുണ്ട പച്ച നിറത്തിലുള്ള രണ്ട് ബെഡ്‌ഷീറ്റുകളിൽ ഓരോന്നും രണ്ടായി മടക്കി നിവർത്തിയിട്ടിരിക്കുന്നു. അതിനു മുകളിൽ കിടക്കാനാണ് പറഞ്ഞത്. കിടന്നപ്പോൾ ആദ്യം പറഞ്ഞത് സാരിയും പാവാടയും അടിവസ്ത്രവും അഴിക്കാനാണ്. അവയെല്ലാം ഓരോന്നായി അഴിച്ചപ്പോൾ ഞാൻ കിടന്ന ബെഡ്‌ഷീറ്റിൽ ഒന്ന് എന്റെ പകുതി ദേഹത്തെ പൊതിഞ്ഞു മൂടി മുറുക്കിക്കെട്ടി. പിന്നീടവർ ബ്ലൌസും ബ്രായും അഴിക്കാൻ പറഞ്ഞു. അതും അഴിച്ചപ്പോൾ എന്നെ കിടത്തിയ മുകളിലത്തെ ബെഡ്‌ഷീറ്റ്‌ മടക്കിയിട്ട് കൈകൾ ഉൾ‌വശത്താക്കി നന്നായി മുറുക്കിയിട്ട് പൊതിഞ്ഞു. അഴിച്ച വസ്ത്രങ്ങളെല്ലാം മൂന്നാമത്തെ സിസ്റ്റർ എടുത്തുകൊണ്ട് എങ്ങോട്ടോ പോയി. കൈയും കാലും ചലിപ്പിക്കാനാവാതെ കിടക്കുന്ന ഞാൻ അപ്പോഴും ഒരു സംശയം ചോദിച്ചു,
“സിസ്റ്റർ ചെയിൻ അഴിക്കണ്ടേ?”
“നോ,, നോ,, പിളുതകൂടാത്, അത് മം‌‌ഗല്യസൂത്രമാ”
         എങ്കിൽ അങ്ങിനെയാവട്ടെയെന്ന് ഞാനും തീരുമാനിച്ചു. എന്തൊക്കെയോ മരുന്നുകൾ നിറച്ച സൂചികൾ എന്റെ ദേഹത്തിന്റെ പലയിടങ്ങളിലായി കുത്തിക്കയറ്റിയശേഷം അവർ പതുക്കെ വണ്ടി ഉരുട്ടാൻ തുടങ്ങി. വണ്ടിയുടെ ചക്രം കറങ്ങുന്നതിനിടയിൽ ഞാൻ പലതും ചിന്തിച്ചു. ഭർത്താവിനോടും അനുജനോടും ഒരു വാക്കുപോലും മിണ്ടാനാവാതെ ഓപ്പറേഷന് പോയാൽ അവരാകെ പരിഭ്രമിക്കില്ലേ? ഏതായാലും എല്ലാം ശുഭമായി പരിണമിച്ചാൽ മാസങ്ങൾക്കകം മറ്റുള്ളവരെപ്പോലെ ആരോഗ്യത്തോടെ ഓടിച്ചാടി എനിക്ക് നടക്കാനാവുമല്ലോ,, വെറുമൊരു ഹാർട്ട് ഓപ്പറേഷനല്ലേ,, കടലാസ്സൊക്കെ തലേദിവസം തന്നെ ഒപ്പിട്ടതാണല്ലോ,,
എന്നാലും?
         ഏതൊക്കെയോ വഴിയിലൂടെ തമിഴിന്റെ വായ്ത്താരികൾ കേട്ടുകൊണ്ട് സഞ്ചരിക്കുമ്പോൾ ഞാനെന്റെ കുഞ്ഞുമക്കൾ രണ്ടുപേരെയും മറന്നു,, ഒപ്പമുള്ള ഭർത്താവിനേയും അനുജനേയും മറന്നു, വീട്ടിലുള്ള അച്ഛനെയും അമ്മയേയും സഹോദരങ്ങളെയും മറന്നു, ബന്ധുക്കളെ മറന്നു, നാട്ടുകാരെ മറന്നു, പഠിപ്പിക്കുന്ന വിദ്യാലയത്തെ മറന്നു, ശിഷ്യന്മാരെയും അവർക്ക് തീരാനുള്ള പാഠഭാഗങ്ങളും മറന്നു, സുഹൃത്തുക്കളെ മറന്നു, കേരളത്തെയും മലയാളത്തേയും മറന്നു, അങ്ങിനെ അങ്ങിനെ,, എല്ലാം മറവിയിലേക്ക് ആഴ്ന്നിറങ്ങി. വെറും ശൂന്യത മാത്രം,,,
    മറവിയിലേക്ക് കുടിയേറിയ ഞാൻ വിശാലമായ വെളിച്ചം നിറഞ്ഞ മുറിയിലേക്ക് കടക്കുന്നതിനുമുൻപ് മുകളിൽ എഴുതിയത് വായിച്ചു,
‘കാർഡിയാക്ക് സർജറി യൂനിറ്റ്’
        അവിടെ ഏഴ് ബൾബുകൾ ഒന്നിച്ചുചേർത്ത തീവ്രമായ വെളിച്ചത്തിനു ചുവട്ടിലുള്ള ഓപ്പറേഷൻ ടേബിളിൽ എന്നെയവർ കിടത്തി. വെളിച്ചത്തിലേക്ക് നോക്കിനിൽക്കെ എന്റെ ഓർമ്മകൾ അതിലേക്ക് ലയിക്കാൻ തുടങ്ങി. അജ്ഞാതരഹസ്യങ്ങൾ ഉൾക്കൊള്ളുന്ന പ്രപഞ്ചരഹസ്യം തേടിയിട്ട് ആ പ്രകാശത്തിനോടൊപ്പം ഭൂമിയെക്കാൾ വേഗത്തിൽ ഞാനും കറങ്ങാൻ തുടങ്ങി. പ്രകാശത്തിന്റെ സാന്ദ്രതകാരണം അവിടെയൊരു ബ്ലാക്കുഹോൾ രൂപാന്തരപ്പെടുമ്പോൾ ഞാനതിൽ ലയിക്കാൻ പോവുകയാണ്,,
അതേ,,
ജിവനുള്ള എന്റെ ഹൃദയം തുറന്ന് റിപ്പയർ ചെയ്യാൻ പോവുകയാണ്,,
ഓപ്പൺ ഹാർട്ട് സർജറി,,
***************
         നാലാം തീയ്യതി നഷ്ടപ്പെട്ട ഓർമ്മകൾ തിരികെ എന്നിലേക്കെത്തിയത് പത്താം തീയതി,,
അതിനിടയിൽ,,
ചരിത്രപരമായ പലതും എന്നിൽ നടന്നിരുന്നു,,
പരലോകത്തേക്ക് തുറന്നിട്ട വാതിൽ കടക്കാനാവാതെ ഞാൻ തിരികെ വന്നു,,
അനുഭവിക്കാൻ ഇനിയും ധാരാളം ഉണ്ടല്ലോ,,
സാധാരണക്കാരുടെ വീടുകളിൽ ലാന്റ്‌ഫോൺ പോലും കടന്നുവരാത്ത ആ കാലത്തിൽ നിന്നും പുത്തൻ സാങ്കേതികവിദ്യകൾ അനുഭവിക്കാൻ ബാക്കിയുണ്ടല്ലോ,,
കടമകൾ ധാരാളം കിടക്കുകയാണല്ലോ,,
ഇതെല്ലാം എഴുതാൻ ബാക്കിയുണ്ടല്ലോ,,
*********
    ഓപ്പറേഷൻ കഴിഞ്ഞ രോഗികൾക്കൊപ്പം ജനറൽ വാർഡിലാണ് ഞാൻ കിടക്കുന്നത്. സാമ്പത്തികനില പരിതാപകരം ആയതിനാൽ അക്കാലത്ത് കൂടുതലൊന്നും പ്രതീക്ഷിക്കാനാവില്ല. എന്റെ ജീവിതത്തിൽ നന്നായി ഉറങ്ങിയ ദിവസങ്ങൾ ആയിരുന്നു. ഏത് നേരവും ഉറക്കം തന്നെയാണെങ്കിലും ഒരു ഇടവേളയിൽ ഞാനെന്റെ കട്ടിലിന്റെ വശത്ത് തൂക്കിയിട്ട മെഡിക്കൽ റിപ്പോർട്ട് അടങ്ങിയ ഫയൽ തുറന്നു വായിച്ചു. കൂട്ടത്തിൽ X-Ray ഫിലിം കണ്ടപ്പോൾ ഞാൻ ഞെട്ടി. (അന്നത്തെ കാലത്ത് ഉള്ളകം കാണാനുള്ള ഏകമാർഗം X-Ray മാത്രമായിരുന്നു) ഞാനറിയാതെ ബോധമില്ലാത്ത അവസ്ഥയിൽ എടുത്ത ആറ് X-Ray ഫിലിം. അതിൽ വാരിയെല്ല് ആരം‌ഭിക്കുന്നതിന് മുകളിൽ കഴുത്തിൽ പാമ്പ് ചുറ്റിയതുപോലെ ഒരു തിളക്കം. എന്റെ കഴുത്തിലെ താലിച്ചെയിൻ!!!
എന്റെ ദൈവമേ,,,???
ശരീരത്തിലൊട്ടാകെ വിവിധ യന്ത്രങ്ങളിൽ നിന്നുള്ള കേബിളുകളും, പലതരം ദ്രാവകങ്ങൾ അകത്തും പുറത്തുമായി കടന്നുപോകുന്ന കുഴലുകളും ചുറ്റപ്പെട്ട് കിടക്കുന്ന അവസ്ഥയിൽ X-Ray എടുക്കുമ്പോൾ അവരെന്റെ താലിചെയിൽ അഴിച്ചിട്ടില്ല,,
എന്റെ ദൈവമേ,,,???  
ഇതെന്ത് വിശ്വാസം?
വീട്ടിൽ എത്തിയാൽ താലി ഞാനെന്നും അഴിച്ചുവെക്കാറാണ് പതിവ്,,
അങ്ങിനെയുള്ള എന്റെ താലി സർജറി നേരത്ത് അഴിച്ചില്ല!!!
ഇതെന്ത് വിശ്വാസം?
അത് കണ്ടതോടെ, അതിനപ്പുറം വായിച്ചതോടെ
സമാധാനപൂർണ്ണമായ എന്റെ ഉറക്കം തീർന്നു.  
###രണ്ടാഴ്ച കഴിഞ്ഞപ്പോൾ
ഓപ്പറേഷൻ കഴിഞ്ഞവരുടെ വാർഡിൽ അടുത്ത ബെഡ്ഡിൽ കിടക്കുന്ന ഒറ്റപ്പാലത്തുകാരി ജമീല പറഞ്ഞു,
“എന്നാലും എന്റെ ടീച്ചറേ,, മയ്യത്ത് പൊതിഞ്ഞുകെട്ടി കൊണ്ടുപോകുന്നതു പോലെയല്ലേ അവര് നമ്മളെ കെട്ടിയെടുത്തത്?”
ആ നേരത്തും താലി അഴിച്ചില്ലല്ലോ,, എന്നായിരുന്നു എന്റെ ചിന്ത മുഴുവൻ,,,
**********

1 comment:

  1. ഫോട്ടോ എന്റേത് ആണെങ്കിലും ആ നേരത്ത് എടുത്തതല്ല,,

    ReplyDelete

എന്റെ മനസ്സിലെ ഈ കൊച്ചു മിനിലോകത്തിലേക്ക് എല്ലാവര്‍ക്കും സ്വാഗതം.