“മിനിലോകം”

ഞാന്‍ മിനി... എന്റെ മനസ്സ് എന്റെ ലോകമാണ്. എന്റെ മനസ്സില്‍(ഓര്‍മ്മയില്‍) തങ്ങിനില്‍ക്കുന്ന കാര്യങ്ങള്‍,വേണ്ടതും വേണ്ടാത്തതും ഞാന്‍ ഇവിടെ പകര്‍ത്തുന്നു. ഇതു വായിക്കാം, അഭിപ്രായം എഴുതാം. ജീവിതത്തില്‍ നിന്നും ഞാന്‍ കണ്ടെത്തിയ ധാരാളം ചെറിയ‘വലിയ’ സംഭവങ്ങള്‍ ഉണ്ട്. അവയെല്ലാം ചിത്രങ്ങളോടൊപ്പം ഇവിടെ അവതരിപ്പിക്കുന്നു. എന്റെ ലോകത്തേക്ക് “മിനിലോക”ത്തിലേക്ക് ഞാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു... ചിരിക്കാം, കളിക്കാം, ചിന്തിക്കാം... എന്ന് നിങ്ങളുടെ: mini//മിനി

February 2, 2020

പാവക്ക പുത്തൻ വെറൈറ്റി, ഒരു ഞെട്ടിൽ മൂന്നെണ്ണം



          കേരളത്തിന്റെ വടക്കോട്ട് പോയാൽ കയ്‌പേറിയതു കാരണം കയ്പ എന്ന് അറിയപ്പെടുന്നതും തെക്കോട്ട് പോവുമ്പോൾ ഒരു പാവത്തെപോലെ തോന്നിയതിനാൽ പാവൽ എന്നും അറിയപ്പെടുന്ന പടർന്നുവളരുന്ന വള്ളിച്ചെടിയെ അറിയാത്തവരും ഉപയോഗിക്കാത്തതുമായ മലയാളികൾ കുറവാണ്. ഒരേ വള്ളികളിൽതന്നെ ആൺപൂക്കളും പെൺപൂക്കളും ഉണ്ടാവുന്നത് പാവൽ, പടവലം ഫേമലിയിലുൾപ്പെട്ട സസ്യങ്ങളുടെ പ്രത്യേകതയാണ്. പാവക്ക പാകം ചെയ്യാതെ പച്ചയായി കഴിക്കുന്നത് പലതരം രോഗങ്ങൾക്ക് പ്രതിവിധിയാണ്.
         നല്ല സൂര്യപ്രകാശം ലഭിച്ചാൽ പാവൽ വളരെ വേഗത്തിൽ പുഷ്പിക്കും. ആദ്യം വിടരുന്നത് ആൺ‌പൂക്കൾ മാത്രമായിരിക്കും. പാവലിന്റെ ഒരു പൂങ്കുലയിൽ ഒരു പൂവ് മാത്രമാണ് കാണപ്പെടുന്നത്. അപൂർവ്വമായി രണ്ടെണ്ണം കണ്ടേക്കാം. ഈ പൂവ് ആണോ പെണ്ണോ ആവാം.
         ഏതാനും ദിവസം കഴിഞ്ഞ് വിടരുന്ന പെൺ‌പൂക്കളിൽ കൊച്ചു പാവക്ക കാണാൻ കഴിയും. പെൺ‌പൂക്കളിൽ പരാഗണത്തിനുശേഷം വളരുന്ന പാവക്ക(കയ്പക്ക) പഴുത്ത് ഉൾവശം ചുവക്കുന്നതിനുമുൻപ് വിളവെടുക്കണം.
ഇനിയാണ് സംഭവം,,
           ഇന്നത്തെ കാലത്ത് കൃഷിചെയ്യുക എന്നത് കേരളത്തിലെ വിദ്യാലയങ്ങളിൽ സാധാരണമാണെങ്കിലും അങ്ങിനെയൊരു കാര്യത്തെക്കുറിച്ച് വാർത്തകൾ ഇല്ലാതിരുന്ന കാലത്തുതന്നെ എന്റെ വിദ്യാലയം പച്ചക്കറി കൃഷി തുടങ്ങിയിരുന്നു. ചീര, വെണ്ട, പടവലം, വഴുതന, കയ്പ, പയർ തുടങ്ങി പലതരം പച്ചക്കറികൾ നട്ടുവളർത്തുന്നതിന്റെ നേതൃത്വം കൊടുത്തത് സ്ക്കൂളിലെ ഒരു കണക്ക് അദ്ധ്യാപകൻ ആയിരുന്നെങ്കിലും പരിചരണം മൊത്തമായി ഏറ്റെടുത്തത് ജീവശാസ്ത്രം ആയ ഞാനും ഏതാനും കുട്ടികളും ആയിരുന്നു. അതോടൊപ്പം സ്ക്കൂൾ പറമ്പിലാകെ പലതരം മരങ്ങൾ നടാനും തുടങ്ങി.
പച്ചക്കറികൾ വിളവെടുപ്പ് നടന്നുകൊണ്ടിരിക്കെ ഒരു അറിയിപ്പ്:
നമ്മുടെ വിദ്യാലയം ബ്ലോക്ക് തലത്തിൽ കൃഷിക്ക് രണ്ടാം സ്ഥാനം നേടിയിരിക്കുന്നു,,
       സമ്മാനമൊക്കെ വാങ്ങിയതിനുശേഷം വാർത്തയും ഫോട്ടോയും പത്രത്തിൽ കൊടുത്തു. ഫോട്ടോ കൊടുത്തത് പാവലിന്റെ തോട്ടത്തിന് സമീപം വിദ്യാർത്ഥികളും അദ്ധ്യാപകരും നിൽക്കുന്നതാണ്. വെള്ളനിറത്തിൽ ധാരാളം പാവക്ക പന്തലിൽ‌നിന്നും തൂങ്ങിക്കിടക്കുന്ന ബ്ലാക്ക്&വൈറ്റ് കിടിലൻ ഫോട്ടോ.
മാർച്ച് മാസം കഴിഞ്ഞു,
SSLC പരീക്ഷ കഴിഞ്ഞു,
ഉത്തരക്കടലാസ് നോക്കി മാർക്കിടുന്ന സമയം,
വിഷയം: ജീവശാസ്ത്രം എന്ന ബയോളജി
ഒരു ദിവസം സമീപത്തെ സ്ക്കൂളിലെ അദ്ധ്യാപകനൊരു സംശയം,
“ടീച്ചറേ നിങ്ങളുടെ സ്ക്കൂളിലെ കയ്പക്ക പുതിയ വെറൈറ്റി ആണോ? വിത്ത് വേണം”
“അല്ലല്ലോ,, എന്താ?”
“എന്നിട്ട്,, അതെങ്ങിനെയാ ഒരു ഞെട്ടിൽ രണ്ടും മൂന്നും കയ്പക്ക ഉണ്ടായത്?”
“ഒരു ഞെട്ടിൽ ഒന്നല്ലെ ഉണ്ടാവുന്നത്?”
“അതാണ് ഞാനും ചോദിക്കുന്നത്, പത്രത്തിൽ വന്ന സ്ക്കൂൾ പച്ചക്കറി തോട്ടത്തിന്റെ ഫോട്ടോയിൽ പാവലിന്റെ പന്തലിൽ കായ്ച്ചു നിൽക്കുന്നത് ഒരു ഞെട്ടിൽ രണ്ടും മൂന്നും പാവക്ക ആണല്ലോ”
“അയ്യോ,, അതെങ്ങിനെ?”
“വീട്ടിൽ പോയിട്ട് അന്നത്തെ പത്രമെടുത്ത് നോക്ക്”
സംശയം പറഞ്ഞത് അന്നും ഇന്നും പരിസ്ഥിതി പ്രവർത്തകനായ അദ്ധ്യാപകനാണ്.
പത്രത്തിലെ ഫോട്ടോ ശ്രദ്ധിച്ചപ്പോഴാണ് അമളി മനസ്സിലായത്. പാവക്ക തൂങ്ങിക്കിടക്കുന്നത് രണ്ട് വീതം മൂന്ന്, മൂന്ന് വീതം രണ്ട്, ഒന്ന് വീതം നാല്!!!
അപ്പോൾ,,
എല്ലാം കണക്ക് അദ്ധ്യാപകന്റെ തട്ടിപ്പ്,,
@ഫോട്ടോ എടുക്കാൻ ക്യാമറയുമായി ഫോട്ടോഗ്രാഫർ വന്നപ്പോൾ പന്തലിന്റെ ഉൾ‌വശത്തുള്ള പാവക്കകൾ പറിച്ചെടുത്ത് ഫോട്ടോയിൽ പതിയുന്ന തരത്തിൽ മുൻ‌വശത്തായി നൂലുകൊണ്ട് രണ്ടും മൂന്നുമായി ഒന്നിച്ച് കെട്ടിയിട്ടു.
അത് കണക്ക് അദ്ധ്യാപകനാണ്,,
കണക്ക് ശരിയാക്കുന്ന നേരത്ത്,,
ഒരു ഞെട്ടിൽ ഒരു പാവക്ക മാത്രമാണെന്ന്,,
അറിയുന്ന ജീവശാസ്ത്രം അദ്ധ്യാപിക നോക്കിനിൽക്കുന്നുണ്ടായിരുന്നു,,
*******

2 comments:

  1. ഫോട്ടോയിലെ വിദ്യാർത്ഥികളിൻ പലരും അതേ പ്രായത്തിലുള്ള മക്കളുടെ അച്ഛന്മാരും അമ്മമാരും ആയി. അദ്ധ്യാപകരെല്ലാം പെൻഷൻ വാങ്ങി വീട്ടിലിരുന്ന് ജോലി ചെയ്യുന്നു.

    ReplyDelete

എന്റെ മനസ്സിലെ ഈ കൊച്ചു മിനിലോകത്തിലേക്ക് എല്ലാവര്‍ക്കും സ്വാഗതം.