“മിനിലോകം”

ഞാന്‍ മിനി... എന്റെ മനസ്സ് എന്റെ ലോകമാണ്. എന്റെ മനസ്സില്‍(ഓര്‍മ്മയില്‍) തങ്ങിനില്‍ക്കുന്ന കാര്യങ്ങള്‍,വേണ്ടതും വേണ്ടാത്തതും ഞാന്‍ ഇവിടെ പകര്‍ത്തുന്നു. ഇതു വായിക്കാം, അഭിപ്രായം എഴുതാം. ജീവിതത്തില്‍ നിന്നും ഞാന്‍ കണ്ടെത്തിയ ധാരാളം ചെറിയ‘വലിയ’ സംഭവങ്ങള്‍ ഉണ്ട്. അവയെല്ലാം ചിത്രങ്ങളോടൊപ്പം ഇവിടെ അവതരിപ്പിക്കുന്നു. എന്റെ ലോകത്തേക്ക് “മിനിലോക”ത്തിലേക്ക് ഞാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു... ചിരിക്കാം, കളിക്കാം, ചിന്തിക്കാം... എന്ന് നിങ്ങളുടെ: mini//മിനി

February 18, 2013

ഇലയിൽ മുള്ള് വീണാലും!


“ആ പെൺകുട്ടിയോട് നീയെന്താണ് പറഞ്ഞത്?”
മറുപടി പറയാതെ തലകുനിച്ച് നിൽക്കുന്ന ആൺ‌കുട്ടിയോട് ശബ്ദംകുറച്ചുകൊണ്ട് വീണ്ടും അദ്ധ്യാപകൻ പറഞ്ഞു,
“സ്ക്കൂളിലുള്ളവരാരും നിന്നെ ഒരു തരത്തിലും ശിക്ഷിക്കില്ല, അവളോട് നീയെന്താണ് ചോദിച്ചത് എന്ന് മാത്രം പറഞ്ഞാൽ മതി,,”
എന്നിട്ടും മൌനം പാലിക്കുന്ന പത്താം തരക്കാരനെ നോക്കിയിട്ട് ഓഫീസ്‌റൂമിലെ സ്വന്തം ഇരിപ്പിടത്തിൽ ഇരിക്കുന്ന ഹെഡ്‌മിസ്ട്രസ് പറഞ്ഞു,
“നീയൊരു മുതിർന്ന കുട്ടിയല്ലെ, നിന്നെപ്പറ്റി ഒരു പെൺകുട്ടി പരാതിപറഞ്ഞാൽ അത് ശരിയാണോ എന്ന് അറിയാനല്ലെ മാഷ് ചോദിക്കുന്നത്”
പെട്ടെന്ന് അവൻ തലയുയർത്തി ഉച്ചത്തിൽ എല്ലാവരും കേൾക്കെ പറഞ്ഞു,
“ഓളാരാ എന്നെ കുറ്റം പറയാൻ,,, തെണ്ടി”
അത് കേട്ടപ്പോൾ വിദ്യാർത്ഥികളെ അടിക്കുന്നതിലും ഭീഷണിപ്പെടുത്തുന്നതിലും ഒന്നാമനായ കണക്ക് അദ്ധ്യാപകൻ അവനെ അടിക്കാനായി കൈ ഉയർത്തിയെങ്കിലും ഹെഡ്‌ടീച്ചറുടെ നോട്ടം കണ്ടപ്പോൾ കൈ താഴ്ത്തി. അദ്ദേഹം ദേഷ്യത്തെ ഉള്ളിലൊതുക്കിയിട്ട് അവനോട് പറഞ്ഞു,
“അവൾ ആരോ ആയ്‌ക്കോട്ടെ,, നീ അവളോട് എന്തോ ചോദിച്ചെന്നാണ് പരാതിയുള്ളത്. അത് ശരിയാണൊ എന്ന് അറിയണം. നിന്നെ ഞാനോ മറ്റ് അദ്ധ്യാപകരോ അടിക്കുകയില്ല”
അദ്ധ്യാപകന്റെ അനുനയത്തിലുള്ള വാക്കുകൾക്ക് വഴങ്ങിയ ശിഷ്യൻ ഒടുവിൽ പറയാൻ തുടങ്ങി,
“ഞാനവളോട് ഒന്ന് ചോദിച്ചു”
“എന്ത് ചോദിച്ചു?”
“അൻപത് ഉറുപ്പിയ തന്നാൽ ഒരിക്കൽ,,,,”
“ഒരിക്കൽ
“എന്റെ ഒപ്പരം വരുമോന്ന്”
പെട്ടെന്ന് അടി പൊട്ടാൻ തുടങ്ങി. അതുവരെ അടിക്കുകയില്ല എന്ന് പറഞ്ഞ അദ്ധ്യാപകൻ സ്വയം മറന്ന് അവന്റെ മുഖത്തും തലക്കുമായി അഞ്ചാറ് തവണ അടിച്ചപ്പോൾ രംഗം കണ്ടുനിന്നവരെല്ലാം ഞെട്ടി. ഞെട്ടിയത് അടിച്ചതുകൊണ്ടല്ല, പത്താം തരത്തിൽ ഞങ്ങൾക്ക് പഠിപ്പിക്കേണ്ടി വന്നത് ഇത്രയും നീചമായ സ്വഭാവമുള്ള പയ്യനെയാണല്ലൊ എന്നോർത്തായിരുന്നു. വളരെ പ്രധാനപ്പെട്ട ഒരു കേസ് ഹെഡ്‌മിസ്ട്രസ്സിന്റെ മുൻപാകെ വിചാരണ നടക്കുന്നത് നേരിട്ട് കാണാനായി ആ പരിസരത്ത് ചുറ്റിനിൽക്കുന്ന എന്നെപ്പോലുള്ള ടീച്ചർമാർ വിദ്വേഷം ഉള്ളിലൊതുക്കിയിട്ട് പതുക്കെ വെളിയിലേക്കിറങ്ങി.  

                       വർഷങ്ങൾക്ക് മുൻപ് എന്റെ ഹൈസ്ക്കൂളിലെ ഏതാനും വിദ്യാർത്ഥികൾ കൂടെ പഠിക്കുന്ന -ഒരേ ക്ലാസ്സിൽ തൊട്ടടുത്ത ബെഞ്ചിലിരിക്കുന്ന- സഹപാഠിനിയുടെ ചാരിത്ര്യത്തിന് വില പറഞ്ഞു. എത്രയെന്നോ?
വെറും അൻപത് രൂപ മാത്രം,,,
                       അന്ന്, പതിനഞ്ച് വർഷം മുൻപ് അൻപത് രൂപ അത്രക്ക് ചെറിയ തുകയൊന്നുമല്ല. ഏതാനും ദിവസങ്ങളായി ശരീരത്തിന് വിലപറഞ്ഞ് പിന്നാലെ നടക്കുന്ന ആൺകുട്ടികളുടെ ശല്യം സഹിക്കുന്ന ആ പെൺകുട്ടി അദ്ധ്യാപകരോടോ രക്ഷിതാക്കളോടോ പരാതി പറഞ്ഞിരുന്നില്ല. അദ്ധ്യാപകരോട് പറയാൻ ധൈര്യം കിട്ടിയില്ല എന്ന് വേണം പറയാൻ. പിന്നെ രക്ഷിതാവ് കൂലിവേല ചെയ്യുന്ന പാവപ്പെട്ട ഒരമ്മമാത്രം. അമ്മയോട് പറഞ്ഞാൽ അവർ പറയുമായിരിക്കും, ‘മോള് പഠിപ്പ് മതിയാക്കി നാളെമുതൽ അന്റൊപ്പരം കൂലിപ്പണിക്ക് വന്നോ’ എന്ന്. അപ്പൊൾ വീട്ടിൽ പറയുന്നത് ഗുണത്തേക്കാൾ ദോഷമായിരിക്കും.
                          അങ്ങനെയിരിക്കെ ഒരുദിവസം ക്ലാസ്സിൽ പഠിപ്പിച്ചുകൊണ്ടിരിക്കുന്ന ഹിന്ദി അദ്ധ്യാപിക അപ്രതീക്ഷിതമായാണ് ഒരു ശിഷ്യന്റെ ചെയ്തികൾക്ക് ദൃൿസാക്ഷി ആയത്. ടീച്ചർ പഠിപ്പിച്ചുകൊണ്ടിരിക്കെ പിൻ‌ബെഞ്ചിലിരിക്കുന്ന ഒരുത്തൻ ഒരു വശത്ത് മുൻ‌ബെഞ്ചിലിരിക്കുന്ന പെൺ‌കുട്ടിയുടെ നേരെ ചെറിയ കല്ലെടുത്ത് എറിയുന്നു. കൂടുതൽ നിരീക്ഷിച്ച് ചോദ്യം ചെയ്തപ്പോൾ കല്ലുകളും ഏറുകളും പലപ്പോഴായി ഉണ്ടെന്ന് തിരിച്ചറിഞ്ഞ് സംഭവം ക്ലാസ് അദ്ധ്യാപകന് റിപ്പോർട്ട് ചെയ്തു.

                           വളരെ പാവപ്പെട്ട വീട്ടിൽ നിന്നും വരുന്ന ആ പെൺകുട്ടി ക്ലാസ് അദ്ധ്യാപകന്റെ മുന്നിൽ പൊട്ടിക്കരഞ്ഞുകൊണ്ട് രണ്ട്‌മാസത്തോളമായി അവൾ അനുഭവിക്കുന്ന പീഡനങ്ങൾ വിവരിച്ചു. ക്ലാസ്സിലെ മുതിർന്ന ആൺകുട്ടികൾ പലരും അവൾക്കുനേരെ അശ്ലീലപദങ്ങൾ പ്രയോഗിക്കുന്നു. വീട്ടിലേക്ക് പോകുന്ന വഴിയിൽ‌വെച്ച് അവളെ കല്ലെറിയുന്നു. രണ്ടും മൂന്നും വർഷങ്ങളായി പലക്ലാസ്സുകളിലും തോറ്റതിനുശേഷം പ്രായത്തിൽ മുതിർന്നവരാണെങ്കിലും പഠനത്തിൽ പിന്നിലായ ചിലരാണ് പ്രതികൾ. അദ്ധ്യാപകർ പറയുന്നത് പഠിക്കുന്നതിനുപകരം അദ്ധ്യാപകരെ പഠിപ്പിക്കാൻ നടക്കുന്ന തലതിരിഞ്ഞ കൂട്ടങ്ങൾ.
                      പെൺകുട്ടിയുടെ പരാതി ഹെഡ്‌മിസ്ട്രസിന്റെ മുന്നിലെത്തിയപ്പോൾ നടന്ന ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചപ്പോൾ പതിവ് നടപടികൾ അരങ്ങേറി. കൂട്ടത്തിൽ വലിയ വില്ലന്മാരായ മൂന്നുപേരെക്കൊണ്ട് പെൺകുട്ടിയോട് മാപ്പ് പറയിപ്പിച്ചു. ഇനി ഒരു പ്രശ്നവും ഉണ്ടാക്കുകയില്ലെന്ന് ഉറപ്പ് എഴുതി വാങ്ങിച്ചു.

                      പ്രശ്നങ്ങൾ അവസാനിച്ചെങ്കിലും സംഭവം സ്ക്കൂളിൽ മൊത്തമായി അറിയപ്പെട്ടു. എല്ലാവർക്കും അറിയേണ്ടത് ആ പെൺ‌കുട്ടി ആരാണെന്ന് മാത്രം. അതിനിടയിൽ അവളെ അപമാനിച്ച ആൺകുട്ടികളെക്കുറിച്ച് അദ്ധ്യാപകരോ വിദ്യാർത്ഥികളോ അറിയാൻ താല്പര്യം കാണിച്ചില്ല. ദിവസങ്ങൾ കഴിഞ്ഞപ്പോൾ കേസിൽ ഉൾപ്പെട്ട അവൾ പിന്നീട് അറിയപ്പെട്ടത് ‘അൻപത് ഉറുപ്പിയ’ എന്ന പേരിൽ. മറ്റു ക്ലാസ്സിലുള്ള ആൺകുട്ടികളടക്കം അവളെനോക്കി വിളിക്കുന്നു,,,, ‘അൻപത് ഉറുപ്പിയ’.

                     ഒരിക്കൽ ‘അൻപത് ഉറുപ്പിയ’ വിളികേട്ട മലയാളം അദ്ധ്യാപിക വിളിച്ചവനെ കൈയ്യോടെ പിടിച്ച് ഉപദേശിക്കാൻ തുടങ്ങി,
“മോനെ നിന്റെയൊക്കെ പെങ്ങളെപോലെയല്ലെ അവളും; സ്വന്തം സഹോദരിയെ അപമാനിക്കാൻ പാടുണ്ടോ?”
“ഓളെന്റെ പെങ്ങളൊന്നുമല്ല”
“പെങ്ങളല്ലെങ്കിലും അവൾ പെങ്ങളെപ്പോലെയല്ലെ?”
“എന്റെ പെങ്ങമ്മാരൊന്നു അവളെപ്പോലെയല്ല, എന്റെ പെങ്ങൾ നല്ലവളാണ്, അവൾ ചീത്ത”
“അതെങ്ങനെയാ? അവൾ ചീത്തയും നിന്റെ പെങ്ങൾ നല്ലവളും ആണെന്ന് പറയാൻ കാരണം?”
“ഓള് മോശമാണ്, വേശ്യയാണ്, ഓളെ എന്ത് ചെയ്താലും വീട്ടിലാരും ചോദിക്കാൻ വരില്ല. അതുപോലെയാണോ എന്റെ പെങ്ങൾ? ടീച്ചർ എന്റെ പെങ്ങമ്മാരെ കുറ്റം പറയുന്നത് ഞാൻ സഹിക്കില്ല”
ഉപദേശിക്കാൻ തോന്നിയ അദ്ധ്യാപികക്കും കേട്ടുനിൽക്കുന്നവർക്കും അവനോട് പറയാൻ ആ നേരത്ത് മറുപടിയൊന്നും ഇല്ലായിരുന്നു.
***************************
സ്ത്രീകളെക്കുറിച്ച് പുരുഷന്മാർ പലരുടെയും വിശ്വാസം അന്ന് ആ ശിഷ്യൻ പറഞ്ഞതുപോലെയാണെന്ന് ഇപ്പോഴും വിശ്വസിക്കേണ്ടി വരുന്നു,
ചോദിക്കാനും പറയാനും ആണുങ്ങൾ ഇല്ലാത്ത സ്ത്രീകളെല്ലാം ചീത്തയായിരിക്കും. അവരെ മറ്റുള്ളവർക്ക് എന്തും ചെയ്യാം, പറയാം, വിളിക്കാം, കല്ലെറിയാം.
എന്നാൽ,,,
അവരുടെ സ്വന്തം അമ്മ പെങ്ങൾ ഭാര്യ മകൾ തുടങ്ങിയ സ്ത്രീകളെല്ലാം നല്ലവരായിരിക്കും. അവരെ മറ്റുള്ളവർ കല്ലെറിയാനോ വിളിക്കാനോ നോക്കാനോ പാടില്ല. കാരണം അവർക്ക് ചോദിക്കാനും പറയാനും പടവെട്ടാനും തയ്യാറുള്ള ആണുങ്ങൾ ഉണ്ട്.
ഒരു സ്ത്രീ പുരുഷനോട് തെറ്റ് ചെയ്താൽ അത് അവളുടെ പേരിൽ അറിയപ്പെടും.
കൂടാതെ,
പുരുഷൻ ഒരു സ്ത്രീയോട് അക്രമം കാണിച്ചാൽ (തെറ്റ് ചെയ്താൽ) ആ സംഭവം അറിയപ്പെടുന്നതും സ്ത്രീയുടെ പേരിലായിരിക്കും. അല്ലാതെ അതൊരിക്കലും അവന്റെ പേരിൽ അറിയപ്പെടുകയില്ല.

പിൻ‌കുറിപ്പ്:
പ്രതികളായ വില്ലന്മാരെ, പെൺകുട്ടിയുടെ പരാതിയിൽ സ്ക്കൂളിൽ നിന്ന് പുറത്താക്കാനോ മറ്റു ശിക്ഷകൾ കൊടുക്കാനോ കഴിഞ്ഞില്ല. പിന്നീടുണ്ടായ ഒരു അടിപിടി കേസിൽ സ്ക്കൂളിൽ നിന്ന് അവരെ സസ്പെന്റ് ചെയ്തെങ്കിലും കേസ് കോടതിയിൽ എത്തുകയും അവരെല്ലാം തിരികെ സ്ക്കൂളിൽ പ്രവേശിക്കുകയും ചെയ്തു. ഒടുവിൽ എസ്.എസ്.എൽ.സി. പരീക്ഷ എഴുതിയ നമ്മുടെ (അ)പ്രീയശിഷ്യന്മാർ പരീക്ഷയിൽ തോറ്റു എന്ന ചരിത്രം കൂടി ഇതൊടൊപ്പം ചേർക്കുന്നു.

February 6, 2013

ഞാനൊരു പാവം കടുവ


അവരെന്റെ സ്വന്തം കാടുകളിൽ കടന്നപ്പോൾ
ഒളിക്കാനൊരിടം‌തേടി ഞാനലഞ്ഞു,
അവരെന്റെ ദാഹജലം ഊറ്റിയപ്പോൾ
ഒരുതുള്ളി നീരിനായ് നീട്ടിയൊരെൻ നാവ് കുഴഞ്ഞു,
അവരെന്റെ ഇരകളെ അപ്പാടെ കൊന്നപ്പോൾ
മാസങ്ങളായ് പട്ടിണി കിടന്നു ഞാൻ.

എരിയുന്ന വയറുമായ് കണ്ണുകാണാതായപ്പോൾ
ഒത്തിരിയലഞ്ഞ് നേടിയൊരിരയുടെ
ഇത്തിരി മാംസം പറിച്ച് തിന്നുന്ന നേരത്ത്
അവരെന്റെ തൊണ്ടയിൽ കൈയ്യിട്ട്
അതും തട്ടിപ്പറിച്ചു,,,
എന്നിട്ടും ഞാനൊന്നും മിണ്ടിയില്ല.
ഞാനൊരു പാവം കടുവ.

ചാവാൻ കിടക്കുന്നൊരെന്നെ തേടി
അവർ വന്നു,
എന്റെ കണ്ണിൽ മുളകുപൊടിയെറിഞ്ഞു,
എന്റെ വാലിലെ രോമങ്ങൾ പറിച്ചെടുത്തു,
ഒട്ടിയ വയറിൽ മുള്ളുകൾ തറച്ചപ്പോൾ
അവർ കൂവിയാർത്തു
എന്നിട്ടും ഞാനൊന്നും മിണ്ടിയില്ല
ഞാനൊരു പാവം കടുവ.

ആയിരങ്ങൾ വന്നെന്റെ ഉറക്കം ഞെട്ടിച്ചു,
അവരെന്നെ നോക്കി കൂവിയാർത്തു,
അവരെന്റെ നേരെ കല്ലെറിഞ്ഞു,
‘പാപം ചെയ്യാത്തവർക്ക് കല്ലെറിയാമല്ലൊ’!
പട്ടിണിയും ദാഹവും ഒത്തുചേർന്ന്
അന്ത്യശ്വാസം വലിക്കാറായപ്പോൾ
വേദന സഹിക്കവയ്യാതെ
ഉച്ചത്തിൽ ഞാൻ കരഞ്ഞപ്പോൾ
അവർ പറഞ്ഞു,
“കടുവ അലറുന്നേ,,, വെക്കെടാ വെടി”

വെടിയേറ്റ് വീഴുന്ന എന്റെനേരെ
 വടികൊണ്ട് കുത്തിയിട്ട്
ആനന്ദനൃത്തം തുടരുന്നു അവർ
നാട്ടിലെ മനുഷ്യർ കാടുകയറിയാൽ
കാട്ടിലെ പാവങ്ങൾ എന്ത് ചെയ്യും?
ഞാനൊരു പാവം കടുവ.
************************************