“മിനിലോകം”

ഞാന്‍ മിനി... എന്റെ മനസ്സ് എന്റെ ലോകമാണ്. എന്റെ മനസ്സില്‍(ഓര്‍മ്മയില്‍) തങ്ങിനില്‍ക്കുന്ന കാര്യങ്ങള്‍,വേണ്ടതും വേണ്ടാത്തതും ഞാന്‍ ഇവിടെ പകര്‍ത്തുന്നു. ഇതു വായിക്കാം, അഭിപ്രായം എഴുതാം. ജീവിതത്തില്‍ നിന്നും ഞാന്‍ കണ്ടെത്തിയ ധാരാളം ചെറിയ‘വലിയ’ സംഭവങ്ങള്‍ ഉണ്ട്. അവയെല്ലാം ചിത്രങ്ങളോടൊപ്പം ഇവിടെ അവതരിപ്പിക്കുന്നു. എന്റെ ലോകത്തേക്ക് “മിനിലോക”ത്തിലേക്ക് ഞാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു... ചിരിക്കാം, കളിക്കാം, ചിന്തിക്കാം... എന്ന് നിങ്ങളുടെ: mini//മിനി

April 1, 2014

ഒടുക്കത്തെ പ്രേമം



ഹൈസ്ക്കൂൾ വിദ്യാർത്ഥിനി ആയിരുന്ന ആ പഴയ കാലം,
                  എന്നും രാവിലെ യൂനിഫോം ആണിഞ്ഞ് പുസ്തകഭാരവും ചുമലിലേറ്റി ബസ്സിൽ കയറാനായി നാട്ടിൻപുറത്തെ ഇടവഴിയിലൂടെ നടക്കുമ്പോൾ ഏതാനും ദിവസമായി എനിക്കൊരു സംശയം,,, അത് മറ്റൊന്നുമല്ല; ‘വഴിയിലുള്ള ഒരു വീട്ടിലെ ചെറുപ്പക്കാരൻ നോക്കുന്നത് എന്നെയാണോ?’ എന്ന്,,,
                പെൺപള്ളിക്കൂടമാണെങ്കിലും മിനിമം ഒന്നോ അതിലധികമോ പ്രേമം എന്റെ ക്ലാസ്സിലെ മിക്കവാറും പെൺകുട്ടികൾക്കും ഉണ്ട്; പ്രായം അതാണല്ലൊ, കൌമാരം. അപ്പോൾ ഞാൻ മാത്രം എന്തിന് ശുദ്ധസത്യജീവി ആയി മുന്നോട്ടുപോകണം. ഇതുവരെ ഒരുത്തനേയും പ്രേമിക്കാൻ കഴിയാത്തവളാണെന്ന കാരണത്താൽ തൊട്ടടുത്തിരിക്കുന്നവൾപോലും എന്നെ പരിഹസിക്കാൻ തുടങ്ങിയിരിക്കയാണ്. അപ്പോൾ എനിക്കും വേണ്ടേ ഒരു പ്രേമവും കാമുകനും!!! അങ്ങനെ പെട്ടെന്ന് മുന്നിൽ അവതരിച്ച അവനെ ഞാൻ ശ്രദ്ധിക്കാൻ തുടങ്ങി. വെളുത്ത് മെലിഞ്ഞ കാണാൻ സുന്ദരനായ ചുരുളമുടിക്കാരനെ എങ്ങനെ നോക്കാതെപോവും! ചിലപ്പോൾ അവൻ വീടിന്റെ വരാന്തയിലായിരിക്കും, ചിലപ്പോൾ തൊട്ടടുത്ത തുറക്കാത്ത കടയുടെ മുന്നിൽ, അതുമല്ലെങ്കിൽ വീട്ടിനുമുന്നിലെ പേരമരച്ചുവട്ടിൽ. എവിടെയായാലും ഞാൻ നടന്നുപോകുമ്പോൾ റോഡിലേക്ക് നോക്കി നിൽക്കുന്ന അവന്റെ മുഖത്ത് ചെറിയൊരു പുഞ്ചിരി വിടരുന്നുണ്ടാവും. ക്രമേണ ആ വീടിനു മുന്നിലെത്തിയാൽ എന്റെ കണ്ണുകൾ അവനെ തേടുമ്പോൾ അവന്റെ നോട്ടത്തിനായി എനിക്ക് കൊതിയാവാനും തുടങ്ങി.

                കൂടുതൽ അന്വേഷിച്ചപ്പോൾ അകലെയുള്ള പട്ടണത്തിലെ കോളേജിൽ പഠിക്കുന്നവനാണെന്നും അവധിക്ക് വീട്ടിൽ വന്നവനാണെന്നും അറിയാൻ കഴിഞ്ഞതോടെ മറ്റൊന്നും ചിന്തിക്കാതെ എന്റെ മനസ്സ് അവനെ കയറിയങ്ങ് പ്രേമിച്ചു. പരിശുദ്ധമായ പ്രേമം മൂത്ത എന്റെ മനസ്സ് പല നിറങ്ങളുള്ള സ്വപ്നങ്ങൾ കാണാൻ തുടങ്ങി. ഒന്നുരണ്ടു ദിവസമായി എന്നോടെന്തോ പറയാനാവണം, അവൻ റോഡരികിൽ വന്നുനിൽക്കാറുണ്ടെങ്കിലും കൂടെ മറ്റുകുട്ടികൾ ഉള്ളതുകൊണ്ട് ഒന്നും മിണ്ടാതെ ചിരിക്കുകമാത്രം ചെയ്യും. എനിക്കതുമതി,,,
                   ഇന്ന് രാവിലെ ആദ്യമായി അവനെന്നോട് സംസാരിച്ചു,, ഹൊ,, എന്റെ മനസ്സിൽ കുളിർമഴ പെയ്തു. പറഞ്ഞത് വെറും രണ്ട് വാക്കുകൾ മാത്രം; അതെ വെറും രണ്ട് വാക്കുകൾ, “വൈകുന്നേരം കാണണം”. സാധാരണ അവനെ വൈകിട്ട് കാണാറില്ല, എങ്കിലും ഇന്ന് അവനെ കാണും, നമ്മൾ സംസാരിക്കും,, അപ്പോൾ കൂടെ മറ്റാരും ഉണ്ടാവാൻ പാടില്ല.

                    അന്ന് പഠിപ്പിച്ചതൊന്നും എന്റെ തലയിൽ കയറിയില്ല, എങ്ങനെ കയറാനാണ്? തലയിൽ അവനല്ലെ പാർക്കുന്നത്,, ഊരുംപേരും അറിയാത്ത ഒരു ചെറുപ്പക്കാരൻ. സമയത്തെ എങ്ങനെയോ തള്ളിവിട്ട് കൂട്ടമണിയടി കേട്ടപ്പോൾ തിരക്കിട്ട് സ്ക്കൂളിൽ നിന്നിറങ്ങി ആദ്യത്തെ ബസ്പിടിച്ച് നാട്ടിലേക്കുള്ള സ്റ്റോപ്പിൽ ഇറങ്ങി കൂടെയാരും ഇല്ലെന്ന് ഉറപ്പുവരുത്തിയിട്ട് നടക്കാൻ തുടങ്ങി. അവന്റെ വീടിനെ സമീപിക്കുമ്പോൾ എനിക്കാകെ വെപ്രാളമായി, മനസ്സിലാകെ താളമേളം.

                   അകലെനിന്ന് തന്നെ അവനെ കാണാൻ കഴിഞ്ഞു, റോഡരികിൽ എന്റെ വരവും പ്രതീക്ഷിച്ച് നിൽക്കുകയാണ്. അവന്റെ ഇടതു കൈയിൽ ഒരു കവറുണ്ട്,,, എനിക്ക് തരാനുള്ള പ്രേമലേഖനം തന്നെ. അത് വായിച്ചിട്ട് കൂട്ടുകാരികളെ കാണിച്ച് കൊതിപ്പിക്കണം; കോളേജ് കുമാരൻ തന്ന പ്രേമലേഖനമാണെന്ന് പറയണം.
അടുത്തെത്തിയപ്പോൾ കൈയിലുള്ള കവർ എനിക്ക് തന്നിട്ട് അവൻ പതുക്കെ പറഞ്ഞു,

“കുട്ടിയുടെ അടുത്തവീട്ടിലെ വിലാസിനി ചേച്ചിക്ക് അവരുടെ ഭർത്താവ് എക്സ് മിലിറ്ററി രാഘവേട്ടൻ കാണാതെ ഈ കത്ത് കൊടുത്തിട്ട്, ‘നാളെ രാത്രി നേരിട്ട് കാണുമ്പോൾ ബാക്കി പറയാം’ എന്ന്, പറയണം”.
???

9 comments:

  1. എല്ലാവർക്കും ഏപ്രീൽഫൂൾ ആശംസകൾ

    ReplyDelete
  2. അങ്ങനെ ടീച്ചർക്ക് ഒരു ഹംസമാവാനുള്ള യോഗവും ഉണ്ടായി.....!

    ReplyDelete
  3. ദേഷ്യത്തോടെ തിരസ്കരിച്ചു അല്ലേ?
    അതാ വേണ്ടിയിരുന്നത്..................
    ആശംസകള്‍

    ReplyDelete
  4. അങ്ങനെ ടീച്ചറ് രക്ഷപ്പെട്ടു

    ReplyDelete
  5. “എന്നാലും എന്റെ ടീച്ചറേ...“ എന്ന ചിന്തയുമായി വായന പുരോഗമിച്ച് അവസാനം എത്തിയപ്പോഴല്ലേ മൊത്തം തകിടം മറിഞ്ഞത്... എന്നാലും എന്റെ കോളേജ് കുമാരാ.... !

    ReplyDelete
  6. ആരാണ് ഫൂള്‍ ..?
    പാവം രാഘവേട്ടനോ..?

    ReplyDelete
  7. വെറുതെ പുളുവടിക്കല്ലേ ടീച്ചറെ ! ടീച്ചറിന്റെയൊക്കെ കൗമാരകാലത്ത് ഇങ്ങനെ പ്രേമം ഇത്ര ജനകീയമൊന്നും ആയിരുന്നില്ല. അഥവാ ഏതെങ്കിലും ഹൈസ്കൂള് കൊച്ചിന് പ്രേമം ഇല്ലെങ്കില്‍ അക്കാര്യം പറഞ്ഞ് കളിയാക്കും എന്നൊക്കെ പറഞ്ഞത് ഇത്തിരി കടന്നു പോയി

    ReplyDelete
  8. ഒടുക്കത്തെ മാത്രമല്ല ആദ്യത്തേതു ...അല്ലേ

    ReplyDelete

എന്റെ മനസ്സിലെ ഈ കൊച്ചു മിനിലോകത്തിലേക്ക് എല്ലാവര്‍ക്കും സ്വാഗതം.