“മിനിലോകം”

ഞാന്‍ മിനി... എന്റെ മനസ്സ് എന്റെ ലോകമാണ്. എന്റെ മനസ്സില്‍(ഓര്‍മ്മയില്‍) തങ്ങിനില്‍ക്കുന്ന കാര്യങ്ങള്‍,വേണ്ടതും വേണ്ടാത്തതും ഞാന്‍ ഇവിടെ പകര്‍ത്തുന്നു. ഇതു വായിക്കാം, അഭിപ്രായം എഴുതാം. ജീവിതത്തില്‍ നിന്നും ഞാന്‍ കണ്ടെത്തിയ ധാരാളം ചെറിയ‘വലിയ’ സംഭവങ്ങള്‍ ഉണ്ട്. അവയെല്ലാം ചിത്രങ്ങളോടൊപ്പം ഇവിടെ അവതരിപ്പിക്കുന്നു. എന്റെ ലോകത്തേക്ക് “മിനിലോക”ത്തിലേക്ക് ഞാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു... ചിരിക്കാം, കളിക്കാം, ചിന്തിക്കാം... എന്ന് നിങ്ങളുടെ: mini//മിനി

August 8, 2010

‘വേടൻ’ വരുന്നു, കർക്കിടക ദോഷങ്ങൾ അകറ്റാൻ


                       ഉത്തര മലബാറിലെ ഗ്രാമീണ കർഷകരുടെ ജീവിതവുമായി ബന്ധപ്പെട്ട ആചാരമാണ് വേടൻ കെട്ടിയാടൽ. കാലത്തിന്റെ കുത്തൊഴുക്കിൽ അപ്രത്യക്ഷമാവുന്ന ഈ ഗ്രാമീണകല, ഏതാനും ചില തുരുത്തുകളിൽ ഒരു ബാക്കിപത്രമായി ഇന്നും അവശേഷിക്കുന്നണ്ട്. പുതുമഴ പെയ്ത മണ്ണിൽ വിത്തിട്ട്, നട്ടുവളർത്തിയ വിളകൾ വളർന്ന് പൂവിട്ട് കായ്ച്ചതിനുശേഷം, വിളവെടുപ്പിന് പാകമാവുന്നതിന്റെ ഇടവേളയിൽ, മുറ്റത്തെ പെരുമഴയും നോക്കി വിശപ്പകറ്റാനായി ചക്കക്കുരു ചുട്ട്‌തിന്ന് വീട്ടിലിരിക്കുന്ന ഗ്രാമീണ കർഷകന്റെ വീടുകൾ‌തോറും, ചെണ്ടകൊട്ടിയുള്ള വേടന്റെ വരവ് ഒരു പുത്തനുണർവ്വ് പകരുന്നു.                             കർക്കിടകത്തിലെ രോഗപീഡകൾ അകറ്റാനായുള്ള ഈ വേടൻ കെട്ടിയാടൽ ഒരു പ്രത്യേക ജനവിഭാഗത്തിന്റെ മാത്രം അവകാശമാണ്. കാർഷികസംസ്കൃതിയുടെ ഭാഗമായ മേലാളർ-കീഴാളർ ബന്ധം ഉറപ്പിക്കുന്ന കാലത്ത് രൂപംകൊണ്ട, ഈ ആചാരം വളരെ നല്ലൊരു കലാരൂപമാണ്. വേടൻ കെട്ടിയാടാൻ അവകാശമുള്ളവർ മറ്റുതൊഴിലുകൾ തേടുകയും ഗ്രാമീണർക്ക് കൃഷി അന്യമാവുകയും ഗ്രാമം പട്ടണങ്ങളുടെ വികലമായ രൂപം പ്രാപിക്കുക്കയും ചെയ്തതോടെ ഇതുപോലുള്ള ആചാരങ്ങൾക്കെല്ലാം വംശനാശം സംഭവിക്കുകയാണ്.                                    കർക്കിടകമാസം വീടുകൾ‌തോറും കയറിയിറങ്ങുന്നവരാണ് ‘വേടനും ആടിയും’. ഒന്നിച്ച് ‘ആടിവേടൻ’ എന്ന് പറയുന്നുണ്ടെങ്കിലും ‘വേടൻ’ മലയ സമുദായക്കാരും ‘ആടി’ വണ്ണാൻ സമുദായക്കാരും കർക്കിടകത്തിലെ വ്യത്യസ്ഥ ദിവസങ്ങളിൽ കെട്ടിയാടുന്നു. അതുപോലെ ‘കോതാമ്മൂരി, ഉച്ചാർ‌പൊട്ടൻ’ എന്നി ആചാര കലാരൂപങ്ങൾ കുട്ടിക്കാലത്ത് കാണാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും ‘ആടി’ കെട്ടിയാടുന്നതിനെ കുറിച്ച് എനിക്ക് കേട്ടറിവ് മാത്രമാണുള്ളത്. ‘കർക്കിടകത്തിലെ വേടൻ’, കാലഹരണപ്പെടാതെ ചില സ്ഥലങ്ങളിൽ ഇപ്പോഴും കാണാൻ കഴിയും.                                   വീട്ടിൽ വരുന്ന വേടൻ, മുഖത്തും ദേഹത്തും ചായം‌പൂശിയിട്ട് തിളങ്ങുന്ന കിരീടവും ചുവന്ന ആടയാഭരണങ്ങളും ധരിച്ചിരിക്കും. മുതിർന്ന പുരുഷനോടൊപ്പം ചെണ്ടമുട്ടിന്റെ അകമ്പടിയോടെ വീടിന്റെ മുറ്റത്ത് കടന്നുവരുന്ന വേടൻ സംസാരിക്കില്ല. വേടന്റെ വേഷമണിഞ്ഞ കുട്ടിയോടൊപ്പം ചെണ്ടക്കാരൻ കൂടാതെ ഒന്നോ രണ്ടോ സഹായികളും കാണും. വീട്ടിലെത്തിയാൽ കത്തിച്ച വിളക്കിനെയും ആവണിപ്പലകയിൽ അരി നിറച്ച നിറനാഴിയെയും വണങ്ങി വേടനെ മുന്നിൽ നിർത്തിക്കൊണ്ട്, ചെണ്ടകൊട്ടി പാട്ടുപാടുന്നു. തപസ്സുചെയ്യുന്ന അർജ്ജുനനെ പരീക്ഷിക്കാനായി വേടന്റെ രൂപത്തിൽ വന്ന പരമശിവന്റെ കഥയാണ് പാട്ടിലുള്ളത്.                                  മഹാഭാരതം വനപർവ്വത്തിൽ പറയുന്ന ഈ കഥ പാണ്ഡവരുടെ വനവാസകാലത്ത് സംഭവിച്ചതാണ്. തപസ്സു ചെയ്യുന്ന അർജ്ജുനനെ പരീക്ഷിക്കാനായി പരമശിവൻ വേടനായും പാർവ്വതി വേടത്തിയായും ഭൂതഗണങ്ങൾ അനുചരന്മാരുമായി വെഷംമാറി കാട്ടിലൂടെ നടക്കുമ്പോൾ, മൂകൻ എന്ന അസുരൻ ഒരു കാട്ടുപന്നിയുടെ രൂപത്തിൽ അർജ്ജുനനെ ആക്രമിക്കാൻ മുന്നിലെത്തി. അവിടെയെത്തിയ ശിവനും, അർജ്ജുനനും ഒരേസമയം അമ്പെയ്തതോടെ കാട്ടുപന്നിയായ മൂകാസുരൻ മരിച്ച് അസുരരൂപത്തിലായി മാറുന്നു. തുടർന്ന് പന്നിയെ(അസുരനെ) കൊന്നതിന്റെ അവകാശത്തർക്കമായി. അവർ തമ്മിലുള്ള യുദ്ധത്തിൽ വേടന്റെ ദേഹത്ത് അമ്പ് കൊള്ളാത്തതിൽ മനം‌നൊന്ത അർജ്ജുൻ, തന്റെ മുന്നിൽ വന്നത് സാക്ഷാൽ പരമശിവനാണെന്ന് തിരിച്ചറിഞ്ഞ് മാപ്പ്‌ചോദിച്ച് സ്തുതിക്കുന്നു. തുടർന്ന് അർജ്ജുനന് പാശുപതാസ്ത്രം നൽകി പരമശിവൻ അനുഗ്രഹിക്കുന്നു.                            ചെണ്ടകൊട്ടി പാടിയതിന്റെ ഒടുവിൽ വേടനും അകമ്പടി സേവിച്ചവർക്കും വീട്ടുകാർ നൽകേണ്ട കാർഷികവിളകളെ പരാമർശിക്കുന്നുണ്ട്. അരി, വെള്ളരിക്ക, തേങ്ങ, ഉപ്പ്, മുളക്, മഞ്ഞൾ ആദിയായവ കൂടാതെ വീട്ടിലുള്ള ഏത് പച്ചക്കറികളും പ്രത്യേകം ഉഴിഞ്ഞ്‌വെച്ച് നൽകാം. സഹായികളായി വന്നവർ ഇതെല്ലാം സ്വീകരിച്ച് തുണിയിൽ കെട്ടിവെക്കുന്നു. പഞ്ഞമാസമായ കർക്കിടകത്തിൽ ഭക്ഷണത്തിനുള്ള വക ഇങ്ങനെ അവർക്ക് ലഭിക്കുന്നു.                           തുടർന്ന് ഓരോ പാത്രത്തിൽ ചുവപ്പും കറുപ്പും നിറമുള്ള ഗുരുസി കലക്കുന്നു. (വെള്ളത്തിൽ മഞ്ഞളും നൂറും ചേർത്താൽ ചുവപ്പ് ഗുരുസി, വെള്ളത്തിൽ കരിക്കട്ട കലക്കിയാൽ കറുപ്പ് ഗുരുസി) മാരിപോവാൻ ചുവന്നവെള്ളം വീടിന്റെ തെക്കുഭാഗത്തും ജേഷ്ഠപോകാൻ കറുത്തവെള്ളം വടക്കുഭാഗത്തുമായി, വീട്ടിലുള്ളവരെ ഉഴിഞ്ഞതിനുശേഷം ഒഴിക്കുന്നു. ഒടുവിൽ മണ്ണിനും കൃഷിക്കും കന്നുകാലികൾക്കും സന്താനങ്ങൾക്കും അനുഗ്രഹം ചൊരിഞ്ഞ് ദക്ഷിണയും വാങ്ങി വേടൻ അടുത്ത വീട്ടിലേക്ക് യാത്രയാവുന്നു.നല്ല മഴയുള്ള ദിവസമാണ് ഈ വർഷം വേടൻ വീട്ടിൽ വന്നത്.
എന്റെ വീട്ടിൽ വന്നതിന്റെ ദൃശ്യവും പാട്ടും ഇവിടെ കാണാം.

16 comments:

 1. ഇതേ പോസ്റ്റ് boolokam onlineൽ കാണാം. കഴിഞ്ഞവർഷം വേടൻ വന്നതിന്റെ ഫോട്ടോകൾ ചിത്രശാലയിൽ പോസ്റ്റിയിരുന്നു. ഇത്തവണ മൊത്തമായി വീഡിയോ പിടിച്ചിട്ടുണ്ട്. പോസ്റ്റിലുള്ള ലിങ്ക് ക്ലിക്ക് ചെയ്താൽ യൂ ട്യൂബിൽ ലഭിക്കും. എന്റെ വീട്ടിൽ വന്നത്, ചെണ്ടകൊട്ടും പാട്ടും സഹിതം പൂർണ്ണമായി ഉണ്ട്.

  ReplyDelete
 2. തെയ്യക്കോലങ്ങളില്‍ ബഹുഭൂരിപക്ഷവും ശിവ-ശിവാംശ-ശിവഭൂതങ്ങളാണെന്നു തോന്നുന്നു. ശരിയല്ലേ ടീച്ചറേ, ഞങ്ങളീ മധ്യകേരളത്തിലുള്ളവര്‍ക്ക് ഇതേപ്പറ്റിയൊന്നും വലിയ തിട്ടമില്ല. ഇത്തരം അറിവുകള്‍ പങ്കുവെക്കുന്നത് താല്പര്യത്തോടെ വായിക്കുന്നു.

  മഹാഭാരതത്തിലെ ശിവാര്‍ജ്ജുന സംഘട്ടനകഥ വളരെ കൌതുകമുണര്‍ത്തുന്നതാണ്. "അര്‍ജ്ജുനാ, നിന്റെ അഹങ്കാരം ഉപേക്ഷിക്കുക" എന്നു പറയുകയല്ല പരമശിവന്‍ ചെയ്തത്. പകരം പ്രാക്ടിക്കലിലൂടെ അത് തെളിയിക്കുകയായിരുന്നു.

  ReplyDelete
 3. ആദ്യമായാണ് ഇങ്ങനത്തെ കാഴ്ചകള്‍.... ടി വി യില്‍ കണ്ടിട്ടുണ്ട്...
  ഇതെല്ലം കാനനമെകില്‍ കണ്ണൂര്‍ വരേണ്ടി വരും അല്ലെ ?

  ReplyDelete
 4. 'പഞ്ഞമാസമായ കർക്കിടകത്തിൽ ഭക്ഷണത്തിനുള്ള വക ഇങ്ങനെ അവർക്ക് ലഭിക്കുന്നു.'

  അങ്ങനെ കിട്ടുന്ന ഭക്ഷണം പൊതികെട്ടി വിട്ടിലേക്കു കോണ്ടുപോയവര്‍, സ്വന്തം അഭിമാനവും വ്യക്തിത്വവും കൂടി തോര്‍ത്തില്‍ പൊതിയാക്കി അതു കോടുത്തവന്റെ മുന്നില്‍ അര്‍പ്പിച്ചു പോയിരുന്ന മേലാള -കീഴാള് സംസ്കാരം. ഇപ്പോള്‍ അവരൊക്കെ തന്നെത്താനെ ജോലിയെടുത്തു ജീവിക്കാന്‍ തുടങ്ങിയപ്പോള്‍ ‘ഇതുപോലുള്ള ആചാരങ്ങൾക്കെല്ലാം വംശനാശം സംഭവിക്കുകയാണ്.‘ അതെന്താ ടീച്ചറേ അങ്ങനെ. ഇതിപ്പോ ആര്‍ക്കു വേണമെങ്കിലും പാടിക്കൂടെ ഇപ്പോള്‍. സംസ്കാരത്തോടു താല്പര്യമുള്ള ആര്‍ക്കു വേണേലും അതൊക്കെ ഇപ്പോഴും പാടാമല്ലൊ.

  പിന്നെ പുരാണങ്ങള്‍ക്കതുവഴികിട്ടിയിരുന്ന ആ ഫ്രീ പ്രൊപ്പഗാന്‍ഡയും. അതിപ്പോ തീരാത്ത ഒരു നഷ്ടമായല്ലോ ടീച്ചരേ:)

  ReplyDelete
 5. മനോഹരമായിരിക്കുന്നു.
  ഒരു ടീച്ചർനു മാത്രമേ ഇത്ര നന്നായി വിവരിക്കുവാൻ കഴിയൂ.
  അഭിനന്ദനങ്ങൾ!

  ReplyDelete
 6. യാദൃശ്ചികത നോക്കണം. രാവിലെ ടീച്ചറുടെ ഈ പോസ്റ്റ് തുറന്ന് വായിയ്ക്കാന്‍ തുടങ്ങുമ്പോഴാണ് ടി.വി.സ്ക്രീനിലേയ്ക്ക് ചുമ്മാ ഒന്നു നോക്കിയത്. അതാ സ്ക്രീനില്‍ ആടിയും വേടനും ഗഡികനും! ഏഷ്യാനെറ്റിലെ “കേട്ടതും കണ്ടതും“ പരിപാടിയാണ്. വടക്കെ മലബാറിലെ കുട്ടിത്തെയ്യങ്ങളെ കുറിച്ചുള്ള ഫീച്ചര്‍ . അതില്‍ മൂന്നിനം കുട്ടിത്തെയ്യങ്ങളെ പറ്റി പറയുന്നു.
  ടീച്ചര്‍ പറഞ്ഞതു കൂടാതെ ഗഡികന്‍ എന്നൊരിനം കൂടിയുണ്ട്.
  ആടി പാര്‍വതിയും വേടന്‍ ശിവനും ഗഡികന്‍ അര്‍ജുനനുമാണത്രേ. “ചളുക്കത്തായ“ സമുദായമാണത്രേ ഗഡികന്‍ കെട്ടുന്നത്. (ഒരിയ്ക്കല്‍ കേട്ട ഓര്‍മ്മയില്‍ നിന്നാണെഴുതുനത്. പേരുകള്‍ ശരിയാണൊ എന്ന് ഉറപ്പില്ല.)
  എന്റെ നാട്ടില്‍ ഇതൊന്നുമില്ല. കണ്ണൂര്‍ താമസമെങ്കിലും ഞങ്ങള്‍ കോട്ടയംകാരാണല്ലോ!
  ഇന്നിപ്പോള്‍ കുട്ടികളെ വേഷം കെട്ടാനായി കിട്ടാനില്ലത്രേ. പലപ്പോഴും സ്കൂളുകളില്‍ നിന്നും പ്രത്യേക അനുവാദം മേടിച്ചാണ് ഇത് നടത്തിക്കൊണ്ടു പോകുന്നത്. പുതിയ കാലത്ത് വേരറ്റുപോകല്‍ ഭീഷണി നേരിടുന്ന നാടന്‍ സംസ്കൃതിയുടെ അവശേഷിപ്പുകളാണല്ലോ ഇത്തരം കലാരൂപങ്ങള്‍ .
  ടി.വി.യില്‍ കണ്ട കുട്ടികള്‍ മണി കിലുക്കി മനോഹരമായി ആടുന്നുണ്ടായിരുന്നു. പച്ചപരപ്പാര്‍ന്ന വയല്‍ നടുവിലൂടെ, അരുണശോഭയാര്‍ന്ന ഉടയാടകളോടെ, ചെണ്ടയുടെ അകമ്പടിയുമായി അവര്‍ വരുന്ന ആ മനോഹര ദൃശ്യം കണ്ണില്‍ നിന്നും മായുന്നേ ഇല്ല.
  ടീച്ചറുടെ വീഡിയോ ഞാന്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. നമ്മുടെ മലബാര്‍ , എന്തെല്ലാം സംസ്കൃതികളെ ഉള്ളില്‍ വഹിയ്ക്കുന്നു. എത്ര അഭിമാനാര്‍ഹമായ പൈതൃകമാണു നമുക്കുള്ളത്. അതെല്ലാം കളഞ്ഞുകുളിച്ച് അന്ധമായ പകപോക്കലുകളിലേയ്ക്ക് പോകാനാണല്ലോ നമ്മുടെ ആള്‍ക്കാര്‍ക്കിഷ്ടം!
  നല്ലൊരു കുറിപ്പിനും പരിചയപ്പെടുത്തലിനും അഭിനന്ദനങ്ങള്‍ ടീച്ചര്‍ .

  ReplyDelete
 7. Gramyam...!!!

  Manoharam, Ashamsakal...!!!!

  ReplyDelete
 8. naannayittund teacher..vedanum theyyavum kannurkkarante mathamo vishwaasamo alla avante dinam kaazhcahkalaanu adhiniveshathinethire poruthiya kalakalude smrithiyum..

  ReplyDelete
 9. “‘ആടി’ കെട്ടിയാടുന്നതിനെ കുറിച്ച് എനിക്ക് കേട്ടറിവ് മാത്രമാണുള്ളത്. ‘കർക്കിടകത്തിലെ വേടൻ’, കാലഹരണപ്പെടാതെ ചില സ്ഥലങ്ങളിൽ ഇപ്പോഴും കാണാൻ കഴിയും.”

  എന്റെ നാട്ടീ പോര്, കാണിച്ച് തരാം..
  ഈ പരിപാടി നാട്ടിലിപ്പഴും ഉണ്ട്ട്ടാ..

  നന്നായിട്ടുണ്ടെ ലേഖനം, ആശംസകളോടെ..
  ..

  ReplyDelete
 10. Hari | (Maths)-,

  തെയ്യക്കോലങ്ങൾ പലതും ശിവാംശം അടങ്ങിയതാണ്. ഒപ്പം പണ്ട് ജീവിച്ചിരുന്നവരുടെ ഓർമ്മപുതുക്കലായും തെയ്യം കെട്ടാറുണ്ട്. കൂടുതലായി പറയാൻ എനിക്ക് അറിയില്ല. വേടനെപറ്റി പോസ്റ്റ് എഴുതുന്നതിനു മുൻപ് മഹാഭാരതം വായിച്ച് അർജ്ജുന്റെയും ശിവന്റെയും കഥ ഉറപ്പ് വരുത്തിയിരുന്നു. ഭാഷയിൽ വ്യത്യാസം ഉണ്ടെങ്കിലും ചെണ്ടക്കാരൻ പാടുന്നത് അർജ്ജുനന് പാശുപതാസ്ത്രം ലഭിച്ച കഥയാണ്. അഭിപ്രായം എഴുതിയതിനു നന്ദി.
  Jishad Cronic-,
  അടുത്തകാലത്തായി ചാനലുകളിൽ വാർത്തയോടൊപ്പം കർക്കിടകമാസത്തിൽ കെട്ടിയാടുന്ന വേടൻ തുടങ്ങിയ അനുഷ്ടാനകലകൾ കാണിക്കാറുണ്ട്. പിന്നെ കണ്ണൂരിൽ ചിലയിടങ്ങളിൽ മാത്രമേ വേടനെ കാണുകയുള്ളു. ഭാഗ്യമുണ്ടെങ്കിൽ കണ്ണൂരിൽ വന്നാൽ കാണാം. പിന്നെ പഴയകലാരൂപങ്ങൾ പലതും ഇപ്പോൾ ഉയിർത്തെഴുന്നേക്കുകയാണ്. അഭിപ്രായം എഴുതിയതിനു നന്ദി.
  MKERALAM-,
  പണ്ടൊക്കെ പഞ്ഞകർക്കിടകവും മേലാളരും ഉണ്ടായിരുന്നു. ഇന്ന് ഇവിടെ ഒരു വീട്ടിലും ഭക്ഷണത്തിന് പഞ്ഞം ഇല്ല. ഇങ്ങനെ വേഷമണിഞ്ഞ് വരുന്നവർക്കൊന്നും വീട്ടിൽ പട്ടിണിയൊന്നും ഇല്ല. തെയ്യക്കോലങ്ങൾ പോലെ പണ്ടത്തെ ആചാരം നിലനിർത്തുന്നതിൽ അവർക്കും നാട്ടുകാർക്കും വളരെ സന്തോഷമാണ്. പിന്നെ പലതരം തൊഴിൽ ചെയ്യുന്നവർക്ക് ഇതിനൊന്നും സമയം കാണില്ല എന്നേയുള്ളു. ഇപ്പോൾ എല്ലാവരും കീഴാളർ മാത്രമാണ്. പുരാണങ്ങൾക്ക് ഒരിക്കലും പ്രൊപ്പഗാന്റ ആവശ്യമില്ല. നെറ്റിലും ബ്ലോഗിലും കൊടുക്കാൻ വേടന്റെ കൂടെ വന്നവർ തന്നെ പറഞ്ഞതാണ്. അഭിപ്രായം എഴുതിയതിനു നന്ദി.
  Sabu M H-,
  അഭിപ്രായം എഴുതിയതിനു നന്ദി.
  ബിജുകുമാര് alakode-,
  പോസ്റ്റ് ചെയ്തതിനു ശേഷമാണ് താങ്കൾ പറഞ്ഞ ഫീച്ചർ ഏഷ്യാനെറ്റിൽ കാണുന്നത്. ആ കാഴ്ച വളരെ നന്നായിരുന്നു. ഏതാനും ദിവസമായി ജില്ലയിലെ പ്രാദേശിക ചാനലുകളിൽ വേടനെ കാണിക്കുന്നുണ്ട്. പ്രാദേശികമായി നോക്കിയാൽ പല ആചാരങ്ങളും നശിക്കാതെ കാണാൻ കഴിയും. പട്ടണമായി മാറുന്ന എന്റെ ഗ്രാമത്തിൽ വേടനെ മാത്രമെ കാണാൻ കഴിഞ്ഞിട്ടുള്ളു. വേടൻ വീട്ടിൽ വന്നാൽ സംസാരിക്കുകയോ ആടുകയോ ചെയ്യില്ല എന്നാണ് പറഞ്ഞുകേട്ടത്. ഞാൻ പ്രൈമറി സ്ക്കൂളിൽ പഠിപ്പിക്കുന്ന കാലത്ത്, ആ നാട്ടിൽ വേടൻ കെട്ടിയാടുന്നില്ലെങ്കിലും, ചില കുട്ടികൾ വേടൻ കെട്ടാനായി ലീവെടുത്ത് മറ്റു സ്ഥലങ്ങളിൽ പോകാറുണ്ട്. ജനിച്ചുവളർന്ന തീരദേശഗ്രാമത്തിലെ മുച്ചിലോട്ട് കാവ് അടക്കം പല കാവുകളിലെയും തെയ്യം കാണാൻ ടൂറിസ്റ്റുകളായ അനേകം വിദേശികളെ നാട്ടുകാരോടൊത്ത് ഭക്ഷണം കഴിക്കുന്നതും ചുറ്റിനടക്കുന്നതും കാണാം. നമ്മുടെ ആചാരവും സംസ്ക്കാരങ്ങളും മറുനാട്ടുകാരാണ് ആദ്യം തിരിച്ചറിയുന്നത്. അഭിപ്രായം എഴുതിയതിനു നന്ദി.
  Sureshkumar Punjhayil-,

  അഭിപ്രായം എഴുതിയതിനു നന്ദി.
  Jeevan-,

  അതിജീവനത്തിനായി പൊരുതിയവരുടെ കഥകൾ പല ആചാരകലകളിലും കാണാൻ കഴിയും. മറ്റുള്ളവരോട് ചെയ്ത അന്യായങ്ങളിൽ നിന്നുള്ള കുറ്റബോധം പല തെയ്യത്തിനും കാരണമായിട്ടുണ്ട്. മുച്ചിലോട്ട് ഭഗവതി, കതിവെന്നൂർ വീരൻ, പുലിതെയ്യം തുടങ്ങിയവ ഉദാഹരണം. എല്ലാ മതക്കാരെയും ഞാനവിടെ കണ്റ്റിട്ടുണ്ട്, ഇപ്പോൾ ധാരാളം വിദേശികളെയും കാണാം. അഭിപ്രായം എഴുതിയതിനു നന്ദി.
  രവി -,

  ഇപ്പൊ ടീവിയിൽ കാണാറുണ്ട്. അഭിപ്രായം എഴുതിയതിനു നന്ദി.

  ReplyDelete
 11. തൃശൂരില്‍ ഇങ്ങനുല്ലതോന്നും ഞാന്‍ കണ്ടിട്ടില്ല ടീച്ചറെ

  ReplyDelete
 12. ടീച്ചറുടെ വീട്ടിലെ കര്‍ക്കിടക ദോഷങ്ങള്‍ അകറ്റാന്‍ വന്ന വേടന്റെ ദൃശ്യവും പാട്ടും കേട്ടു. നന്നായി പകര്ത്തിയല്ലോ. ഞങ്ങളുടെ നാട്ടില്‍ ഇത്തരമോന്നും കണ്ടിട്ടില്ല. എന്റെ ചെറുപ്പത്തില്‍ നാട്ടില്‍ ഉണ്ടായിരുന്നത് സര്‍പ്പം പാട്ട് (പുള്ളുവന്‍ പാട്ട് ) മാത്രം ആയിരുന്നു. ഇപ്പോള്‍ അതിനും ആളില്ല.

  ReplyDelete
 13. വളരെ യാദൃച്ഛികമായി ഈ കലാരൂ‍പം കാണാനിടയായിട്ടുണ്ട്.
  വിവരണവും വീഡിയോയും സന്തോഷം പകർന്നു.

  ReplyDelete
 14. ഞാനിതിനു മുന്‍‌പ് ഇതേകുറിച്ച് കേട്ടിട്ടുമില്ല, കണ്ടിട്ടുമില്ല. വിവരണത്തിന്‌ വളരെ നന്ദി.

  ReplyDelete
 15. എറക്കാടൻ / Erakkadan-,
  തിരുമേനി, (കണ്ണൂരിൽ ആ പേരിലൊരു സ്ഥലം ഉണ്ട്)
  ഈ വേടനൊക്കെ കണ്ണൂർ, കാസർകോട് ജില്ലകളിൽ മാത്രമേയുള്ളു എന്നാണെനിക്ക് തോന്നുന്നത്. അഭിപ്രായം എഴുതിയതിനു നന്ദി.

  പട്ടേപ്പാടം റാംജി-,
  കലാരൂപങ്ങൾ പലതും ഉയിർത്തെഴുന്നേൽക്കുകയാ. എങ്കിലും ആളില്ലാത്ത പ്രശ്നം ഉണ്ട്. അഭിപ്രായം എഴുതിയതിന് നന്ദി.

  Echmukutty-,
  എന്റെ എച്ച്മൂ,
  കുട്ടി ഇടയ്ക്കിടെ വന്നതിൽ എനിക്ക് പെരുത്ത് സന്തോഷം. അഭിപ്രായം എഴുതിയതിന് നന്ദി.

  Vayady-,
  അഭിപ്രായം എഴുതിയതിന് നന്ദി.

  ReplyDelete

എന്റെ മനസ്സിലെ ഈ കൊച്ചു മിനിലോകത്തിലേക്ക് എല്ലാവര്‍ക്കും സ്വാഗതം.