“മിനിലോകം”

ഞാന്‍ മിനി... എന്റെ മനസ്സ് എന്റെ ലോകമാണ്. എന്റെ മനസ്സില്‍(ഓര്‍മ്മയില്‍) തങ്ങിനില്‍ക്കുന്ന കാര്യങ്ങള്‍,വേണ്ടതും വേണ്ടാത്തതും ഞാന്‍ ഇവിടെ പകര്‍ത്തുന്നു. ഇതു വായിക്കാം, അഭിപ്രായം എഴുതാം. ജീവിതത്തില്‍ നിന്നും ഞാന്‍ കണ്ടെത്തിയ ധാരാളം ചെറിയ‘വലിയ’ സംഭവങ്ങള്‍ ഉണ്ട്. അവയെല്ലാം ചിത്രങ്ങളോടൊപ്പം ഇവിടെ അവതരിപ്പിക്കുന്നു. എന്റെ ലോകത്തേക്ക് “മിനിലോക”ത്തിലേക്ക് ഞാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു... ചിരിക്കാം, കളിക്കാം, ചിന്തിക്കാം... എന്ന് നിങ്ങളുടെ: mini//മിനി

June 15, 2011

നാലാമത് മലയാളം വിക്കി പ്രവർത്തക സംഗമം, കണ്ണൂർ

                             വിജ്ഞാനം വിരൽത്തുമ്പിൽ ലഭ്യമാവുന്ന ഈ കാലഘട്ടത്തിൽ, സ്വന്തമായി നേടിയ അറിവുകൾ സ്വതന്ത്രമായി ആവിഷ്ക്കരിക്കാനും മറ്റുള്ളവരുമായി പങ്ക്‌വെക്കാനും വിനിമയം ചെയ്യാനും കഴിയും, എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മയാണ് വിക്കിമീഡിയ. ഓരോരുത്തർക്കും ലഭിച്ച അറിവുകൾ മറ്റുള്ളവർക്ക് ഇന്റർനെറ്റിലൂടെ പ്രയോജനപ്പെടുത്താനായി സ്വതന്ത്ര ലൈസൻസിലേക്ക് മാറുന്ന കാഴചയാണ് വിക്കിപീഡിയ പദ്ധതികൾ‌വഴി ഉണ്ടാവുന്നത്. അങ്ങനെയുള്ള മലയാളം വിക്കി പ്രവർത്തകരുടെ നാലാമത് സംഗമം കണ്ണൂർ ജില്ലാ ലൈബ്രറി കൌൺസിൽ ഹാളിൽ‌വെച്ച് 2011 ജൂൺ 11ന് ശനിയാഴ്ച നടന്നു.
                         കണ്ണൂർ കാൽടെക്സിലെ ജില്ലാ ലൈബ്രറി ഹാളിൽ നടന്ന വിക്കി സംഗമത്തിൽ പങ്കെടുക്കാനായി വന്നവർ, പേര് രജിസ്റ്റർ ചെയ്തശേഷമാണ് അകത്തേക്ക് പ്രവേശിച്ചത്.
                     രാവിലെ പത്ത് മണിക്ക്, വിക്കി പ്രവർത്തക സംഗമ പരിപാടികൾ ആരംഭിച്ചു. വിക്കിപീഡിയ പ്രവർത്തകൻ ‘പി. സിദ്ധാർത്ഥ്’, പങ്കെടുക്കാൻ വന്നവരെ സ്വാഗതം ചെയ്തു. 
                       വിക്കിസംഗമത്തിന്റെ അദ്ധ്യക്ഷൻ കണ്ണൂർ ജില്ലാ ലൈബ്രറി കൌൺസിൽ സെക്രട്ടറി ‘പി. കെ. ബൈജു’ ആയിരുന്നു.
                        കണ്ണൂരിലെ വിക്കി പ്രവർത്തക സംഗമം ഉദ്‌ഘാടനം ചെയ്തത് കേരള സർവ്വകലാശാലയുടെ മുൻ വൈസ് ചാൻസലറും സാമൂഹ്യപ്രവർത്തകനുമായ ഡൊക്റ്റർ ‘ബി.ഇക്ബാൽ’ ആയിരുന്നു. ലാഭേച്ഛ കൂടാതെ പ്രവർത്തിക്കുന്ന ഈ വിവരസാങ്കേതിക സംരംഭത്തിൽ കൂടുതൽ ആളുകൾ സംഭാവന നൽകി വികസിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. മലയാളഭാഷാ സ്നേഹികളും സാംസ്ക്കാരിക പ്രവർത്തകന്മാരും മലയാളം വിക്കിയിൽ സംഭാവന ചെയ്യാൻ മുന്നോട്ട് വരണമെന്നും അദ്ദേഹം ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞു.
                        കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള എൺപതോളം വ്യക്തികൾ നാലാമത് മലയാളം വിക്കി സംഗമത്തിൽ പങ്കെടുത്തു. വിക്കിമീഡിയ ഫൌണ്ടേഷൻ പ്രതിനിധികളായ ‘ബിശാക ദത്ത, ഹിഷാം മുണ്ടോൾ, ടോറി റീഡ്’ എന്നിവരും കണ്ണൂരിലെ സംഗമത്തിൽ പങ്കെടുത്തു. 
പരിചയപ്പെടൽ
ഹിഷാം മുണ്ടോൾ
                 പങ്കെടുത്ത ഓരോ വ്യക്തിയും വേദിയുടെ മുന്നിൽ വന്ന് സ്വയം പരിചയപ്പെടുത്തിയതിനാൽ അന്യോന്യം തിരിച്ചറിയാൻ വളരെയേറെ സഹായിച്ചു.
                         തുടർന്ന് മലയാളം വിക്കിപീഡിയയും മറ്റു ഭാഷാ വിക്കിപീഡിയകളും താരതമ്യം ചെയ്ത് ‘ഷിജു അലക്സ്’ വിശദീകരിച്ചു. 
                         തുടർന്ന് മലയാളം വിക്കിപീഡിയയെ വിശദീകരിച്ച്, മലയാളത്തിന് മാത്രമായുള്ള മേന്മകൾ വിവരിച്ചത് ‘അനൂപ്’ ആയിരുന്നു.
                          അതിനുശേഷം വിക്കിഗ്രന്ഥശാലയെ വിശദീകരിച്ചത് ‘മനോജ്’ ആയിരുന്നു. സദസ്യർക്കുള്ള സംശയങ്ങൾക്ക് മനോജും ഷിജു അലക്സും ചേർന്ന് മറുപടി നൽകി.
                         പിന്നീട് വിക്കിചൊല്ലുകളെക്കുറിച്ച് ‘ഫുവാദ്’ സദസ്സിന് പരിചയപ്പെടുത്തി. ആ വിഷയത്തെക്കുറിച്ച് സദസ്യർക്കുള്ള സംശയങ്ങൾക്ക് ഉത്തരം നൽകിയത് ഷിജു അലക്സ്, ഫുവാദ്, ജുനൈദ്’ എന്നിവർ ചേർന്നായിരുന്നു.
ചിത്രങ്ങൾ സംഭാവന ചെയ്തവരിൽ എറ്റവും പ്രായം കുറഞ്ഞ സായിറാമിന്, ‘ടോറി റീഡ്’ ഉപഹാരം നൽകുന്നു
                         ഏതാനും മാസം മുൻപ് കഴിഞ്ഞ, ‘മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു’ എന്ന പരിപാടിയെക്കുറിച്ച് ‘ശ്രീജിത്ത്’ അവലോകനം നടത്തി. വിക്കിമീഡിയയിൽ ചിത്രങ്ങൾ സംഭാവന നൽകിയവരിൽ ഏറ്റവും പ്രായം കുറഞ്ഞ ഉപയോക്താവിനെയും ഏറ്റവും കൂടുതൽ ചിത്രങ്ങൾ സംഭാവന നൽകിയ ഉപയോക്താവിനെയും സ്ത്രീ ഉപയോക്താവിനെയും പരിചയപ്പെടുത്തി. തുടർന്ന് വിക്കിപീഡിയ കോമൺസിനെ സദസ്സിന് പരിചയപ്പെടുത്തിയശേഷം സംശയങ്ങൾക്ക് മറുപടി നൽകി.
അജയ് കുയിലൂർ
ഭൂപടനിർമ്മാണം വിശദികരിക്കുന്നു
                    മലയാളം വിക്കിപീഡിയ ഏറ്റെടുത്ത പ്രധാന പദ്ധതി ആയ ഭൂപട നിർമ്മാണത്തെക്കുറിച്ച് ഷിജു അലക്സ് പരിചയപ്പെടുത്തിയപ്പോൾ അത് ദൌത്യമായി ഏറ്റെടുത്ത ‘അജയ് കുയിലൂർ’ സാങ്കേതികവശങ്ങൾ വിശദീകരിച്ചു.
കാസർഗോഡ് അന്ധവിദ്യാലയത്തിലെ ഹെഡ്‌മാസ്റ്റർ, ശ്രീ സത്യൻ മാസ്റ്റർ
                       നാലാമത് വിക്കി സംഗമത്തിൽ കാസർകോട് അന്ധവിദ്യാലയത്തിലെ ഏതാനും വ്യക്തികൾ പങ്കെടുത്തിരുന്നു. അന്ധവിദ്യാലയത്തിലെ ഹെഡ്‌മാസ്റ്ററായ ‘ശ്രീ. സത്യൻ മാസ്റ്റർ’ അന്ധന്മാർ വിക്കിപദ്ധതികൾ പ്രയോജനപ്പെടുത്തുന്നവിധം പ്രോഗ്രാം ചെയ്ത് മറ്റുള്ളവർക്ക് കാണിച്ചുതന്നത് പുത്തൻ അനുഭവംതന്നെ ആയിരുന്നു.
സത്യൻ മാസ്റ്റർ അന്ധന്മാർ വിക്കിപീഡിയ പ്രയോജനപ്പെടുത്തുന്ന വിധം ഡമോ ചെയ്ത് പരിചയപ്പെടുത്തുന്നു
                       മലയാളം വിക്കി പദ്ധതികളിലും മറ്റ് വെബ്‌സൈറ്റുകളിലും എളുപ്പത്തിൽ ടൈപ്പ് ചെയ്യാൻ കഴിയുന്ന ‘നാരായം’ എന്ന സോഫ്റ്റ്‌വെയർ ‘പി.പി. ജുനൈദ്’ പരിചയപ്പെടുത്തി. ഫോണ്ട് ഡൌൺ‌ലോഡ് ചെയ്യാതെ തന്നെ വെബ്‌സൈറ്റുകൾ കാണാൻ കഴിയുന്ന വെബ്‌ഫോണ്ടുകളെക്കുറിച്ച് ‘സന്തോഷ് തോട്ടിങ്ങൽ’ ക്ലാസ്സെടുത്തു.
ഉച്ചഭക്ഷണം, ഒപ്പം ചർച്ചകളും
                   ഉച്ചഭക്ഷണത്തിനുശേഷം പത്രസമ്മേളനം നടന്നു. വിക്കിമീഡിയ പ്രവർത്തകർ പങ്കെടുത്ത സമ്മേളനത്തിൽ വിക്കിപീഡിയയുടെ പ്രവർത്തനങ്ങളും ലക്ഷ്യങ്ങളും വിശദമാക്കി.
പത്രസമ്മേളനം
                        മലയാളത്തിലെ വിവിധ കൃതികൾ ഉൾപ്പെടുത്തിക്കൊണ്ട് മലയാളം വിക്കിഗ്രന്ഥശാല തയ്യാറാകിയ സിഡി, നാലാമത് വിക്കി സംഗമത്തോടനുബന്ധിച്ച് പ്രകാശനം ചെയ്തു. സിഡിയുടെ കോപ്പി ‘ശ്രീ ഹിഷാം മുണ്ടോൾ’ ഏറ്റവും പ്രായം കുറഞ്ഞ വിക്കി ഉപയോക്താവായ ‘സായിറാമിന്’ നൽക്കിക്കൊണ്ട് പ്രകാശനചടങ്ങ് നിർവ്വഹിച്ചു. 
സിഡി പ്രകാശനം
                 പകർപ്പവകാശ കാലവധി കഴിഞ്ഞ വിവിധ മലയാള കൃതികളാണ് ഈ സിഡിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ആദ്ധ്യാത്മരാമായണം, ബൈബിൾ, സത്യവേദപുസ്തകം, ഖുർ‌ആൻ, ആദ്യമലയാള നോവലായ ഇന്ദുലേഖ, ഐതിഹ്യമാല, കേരളപാണിനീയം, തുഞ്ചത്തെഴുത്തച്ഛൻ ചെറുശ്ശേരി കുമാരനാശാൻ ശ്രീ നാരായണ ഗുരു ചങ്ങമ്പുഴ എന്നിവരുടെ സമ്പൂർണ്ണ കൃതികൾ, ഭക്തിഗാനങ്ങൾ, തനതുഗാനങ്ങൾ, തത്വശാസ്ത്രം, കമ്മ്യൂണിസ്റ്റ് മാനിഫസ്റ്റോ, വിക്കിമീഡിയ കോമൺസിലെ ചിത്രങ്ങൾ എന്നിവയെല്ലാം വിക്കി ഗ്രന്ഥശാല പ്രകാശനം ചെയ്ത ഒരു സിഡിയിൽ ലഭ്യമാണ്. മലയാളത്തിൽ പുറത്തിറങ്ങിയ ഏറ്റവും വലിയ ഡിജിറ്റൽ ആർക്കൈവ് ആയ വിക്കിഗ്രന്ഥശാലയുടെ സിഡി, ഓഫ്‌ലൈൻ ആയി പുറത്തിറക്കുന്ന ലോകത്തിലെ ആദ്യത്തെ സംരംഭമാണ്. മലയാള ഭാഷക്ക് ഒരു മുതൽക്കൂട്ടാണ് വിക്കിയുടെ സിഡി.
കണ്ണൂർ ആകാശവാണിയുമായി ബിശാക ദത്തയുടെ അനുഭവം പങ്ക് വെക്കൽ
                 ജനാധിപത്യസംവിധാനമുള്ള നമ്മുടെ ഭാരതത്തിൽ സർക്കാർ സംരംഭങ്ങളുമായി ബന്ധപ്പെട്ട വിജ്ഞാനപ്രവർത്തനങ്ങളെല്ലാം കോപ്പിറൈറ്റ് നിബന്ധനകളുള്ളതിനാൽ ജനങ്ങൾക്ക് പ്രയോജനപ്പെടുത്താൻ കഴിയാത്ത അവസ്ഥയിലാണ്. ഇതെല്ലാം ആവശ്യക്കാർക്ക് ഉപയോഗിക്കാനുള്ള സാഹചര്യം ഉണ്ടാവുന്നത് നല്ലതാണ്. അതിനാൽ സർക്കാറിന്റെ ഉടമസ്ഥതയിലുള്ള വെബ്‌സൈറ്റുകളുടെയും അനുബന്ധസേവനങ്ങളുടെയും ലൈസൻസ് ‘ക്രിയേറ്റീവ് കോമൺസ് ഷെയർ എലൈക്ക്’ പോലെയുള്ള സ്വതന്ത്ര ലൈസൻസിലേക്ക് മാറ്റണമെന്ന് കണ്ണൂരിൽ‌വെച്ച് നടന്ന നാലാമത് വിക്കി പ്രവർത്തകരുടെ സംഗമം കേരളസർക്കാറിനോട് അഭ്യർത്ഥിച്ചുകൊണ്ട് പ്രമേയം പാസ്സാക്കി.

                        കണ്ണൂരിലെ ഈ സംഗമവേളയിൽ വിക്കിപീഡിയ, വിക്കിഗ്രന്ഥശാല, വിക്കി ചൊല്ലുകൾ, വിക്കി നിഘണ്ടു, വിക്കി പാഠശാല, വിക്കിമീഡിയ കോമൺസ് തുടങ്ങിയ അനേകം വിജ്ഞാനശാഖകളിലേക്ക് സംഭാവന നൽകുന്നവരെ കാണാനും പരിചയപ്പെടാനും കഴിഞ്ഞു. ഒടുവിൽ നടന്ന സംവാദത്തിൽ വിക്കിപ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നവർക്ക് ഉണ്ടായ സംശയങ്ങൾക്ക് പ്രവർത്തകർ ചേർന്ന് വിശദമായ മറുപടികൾ നൽകി. കേരള ശാസ്ത്രസാഹിത്യപരിഷത്ത് ജില്ലാസെക്രട്ടറി ടി.വി. നാരായണൻ നന്ദി പ്രകാശിപ്പിച്ചു.
ഏറ്റവും കൂടുതൽ ഫോട്ടോ സംഭാവന ചെയ്ത, സ്ത്രീ ഉപയോക്താവിനുള്ള ഉപഹാരം ബിശാക ദത്ത നൽകുന്നു.
                           വിക്കിമീഡിയ കോമൺസിലേക്ക് ഏറ്റവും കൂടുതൽ ഫൊട്ടോ സംഭവനചെയ്ത വ്യക്തിയെയും, ഫോട്ടോ സംഭാവന ചെയ്ത ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെയും, ഏറ്റവും കൂടുതൽ ഫോട്ടോ നൽകിയ വനിതയെയും അഭിനന്ദിച്ച് ഉപഹാരം നൽകി. ഒടുവിൽ എല്ലാവരും ചേർന്ന് ഗ്രൂപ്പ് ഫോട്ടോ എടുത്തശേഷം വിടവാങ്ങി.
പിരിയുന്നതിന് മുൻപ് ഒരു ഗ്രൂപ്പ് ഫോട്ടൊ എടുക്കാനുള്ള ആരംഭം
                        വിക്കിമീഡിയ പ്രവർത്തകർ തമ്മിൽ കാണാനും പരിചയം പുതുക്കാനും വിക്കി പദ്ധതികൾ കൂടുതൽ ജനകീയമാക്കാനും കഴിഞ്ഞ, കണ്ണൂരിലെ ഈ കൂട്ടായ്മ വൻ വിജയമാണെന്ന് പറയാം.     

21 comments:

 1. ഇനിയും ഇനിയും വളരട്ടെ

  ReplyDelete
 2. ഏറ്റവും കൂടുതൽ ഫോട്ടോ സംഭാവന ചെയ്ത, ആ സ്ത്രീ ഉപയോക്താവിന്റെ പേര് ഇവിടെ പറയാതിരുന്നത് വളരെ മോശമായിപ്പോയി :)

  ReplyDelete
 3. കാര്യമാത്ര പ്രസക്തമായി അവതരിപ്പിച്ചിരിക്കുന്നു.

  ചിത്രങ്ങൾ അല്പം കൂടിപ്പോയോ എന്നൊരു സംശയം മാത്രം

  ReplyDelete
 4. @kARNOr(കാര്‍ന്നോര്)-,
  @കുമാര്‍ വൈക്കം-,
  @anoopp-,
  അഭിപ്രായം എഴുതിയവർക്കെല്ലാം നന്ദി.
  ഏറ്റവും കൂടുതൽ ഫോട്ടോ വിക്കിയിൽ സംഭാവന ചെയ്ത ആ വനിത ഞാനായതിനാൽ പേര് പറയാഞ്ഞതാണ്. പേര് മിനി... വിക്കിയിൽ ks.mini
  കാര്യങ്ങൾ വിശദമാക്കുന്ന ചിത്രങ്ങളായതിനാൽ പലതും ഒഴിവാക്കാൻ തോന്നിയില്ല.

  ReplyDelete
 5. നന്ദി...മിനിടിച്ചറെ...... ഇതുപോലുള്ള സംരംഭങ്ങൾ ഇനിയും കാണട്ടെ... വിജ്ഞാനം വിരൽത്തുമ്പിൽ ലഭ്യമാവുന്ന ഈ കാലഘട്ടത്തിൽ, സ്വന്തമായി നേടിയ അറിവുകൾ സ്വതന്ത്രമായി ആവിഷ്ക്കരിക്കാനും മറ്റുള്ളവരുമായി പങ്ക്‌വെക്കാനും വിനിമയം ചെയ്യാനും കഴിയും, എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മയായ വിക്കിമീഡിയക്ക് എല്ലാ ഭാവുകങ്ങളൂം.

  ReplyDelete
 6. ഏറ്റവും കൂടുതൽ ഫോട്ടോ വിക്കിയിൽ സംഭാവന ചെയ്ത ആ വനിതയ്ക്ക് എന്റെ അഭിനന്ദനങ്ങൾ

  ReplyDelete
 7. ഏറ്റവും കൂടുതൽ ഫോട്ടോ വിക്കിയിൽ സംഭാവന ചെയ്ത ആ വനിതയ്ക്ക് എന്റെയും അഭിനന്ദനങ്ങൾ

  ReplyDelete
 8. ആഹാ.....ഇവിടെ ഇങ്ങനേം ചിലതൊക്കെ ഉണ്ടല്ലേ. ഉം....
  പങ്കുവക്കലിന് നന്ദി ടീച്ചര്‍‍
  കൂടുതല്‍ നല്ല സം‍രഭംങ്ങള്‍ വിജയിത്തിലെത്തിക്കാന്‍ പ്രവര്‍ത്തകര്‍ക്ക് സാധിക്കട്ടെ.

  ആശംസകള്‍!.

  ReplyDelete
 9. ഇനിയും വിക്കി സംഗമങ്ങള്‍ ഉണ്ടാവട്ടെ. ആ ഗപ്പ് ഒരെണ്ണം കിട്ടിയിരുന്നേല്‍...

  ReplyDelete
 10. ഏറ്റവും കൂടുതൽ ചിത്രങ്ങൾ വിക്കിയിലേയ്ക്ക് സംഭാവന ചെയ്ത വനിത് ഈ ചിത്രങ്ങളൊന്നും എന്തേ വിക്കിയിലേയ്ക്ക് സംഭാവന ചെയ്യാതിരുന്നത്? :)

  ReplyDelete
 11. നല്ല കാര്യം. ഇനിയും ഒരുപാട് നല്ല സംഗമങ്ങൾ നടക്കട്ടെ. ഫോട്ടോകൾ ഇട്ടത് വളരെ നന്നായി.

  ReplyDelete
 12. @ചന്തു നായര്‍-,
  @ശാന്ത കാവുമ്പായി-,
  @snehitha-,
  @ചെറുത്*-,
  @Manoraj-,
  @ശ്രീജിത്ത്‌ കെ-,
  @Sabu M H-,
  അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.
  ആ കപ്പ് ഉഗ്രൻ. വീട്ടിൽ വിരുന്നുകാർ വന്നാൽ ചായ ഒഴിച്ച് കൊടുക്കാം. അപ്പോൾ അവർ വിക്കിപീഡിയയെക്കുറിച്ച് ചോദിച്ചാൽ പറഞ്ഞുകൊടുക്കാം.
  പിന്നെ ശ്രീജിത്തെ, ഈ ഫോട്ടോയൊൽ രണ്ടെണ്ണം വിക്കിയിൽ നൽകി, ബാക്കി പിറകെ വരുന്നുണ്ട്.

  ReplyDelete
 13. കണ്ണൂരില്‍ നടന്ന ഒരു മഹാ സംഭവം അറിയാന്‍ സാധിച്ചതില്‍ സന്തോഷം

  ശശി, നര്‍മവേദി, കണ്ണൂര്‍

  ReplyDelete
 14. ഏറ്റവും വലിയൊരു കാര്യം ഒതുക്കത്തോടെ ചിത്രങ്ങള്‍ സഹിതം കൊടുത്തിട്ട് വിനയത്തോടെ ഒതുങ്ങി നില്‍ക്കുകയാണല്ലെ? കൊള്ളാം. അഭിനന്ദനങ്ങള്‍!

  ReplyDelete
 15. നല്ല ചിത്രങ്ങൾ...., വിവരണവും...
  ഇനിയുമിതുപോലുള്ള സംരംഭങ്ങൾ ഉണ്ടാകട്ടെ...
  ആശംസകൾ...

  ReplyDelete
 16. അമ്പടാ! ഇത് ഞാനറിയാൻ വൈകിയല്ലോ. എന്റെ അഭിനന്ദനങ്ങൾ ചൂടായി തന്നെ പിടിച്ചോളു.
  പോസ്റ്റ് ഇഷ്ടപ്പെട്ടു.

  ReplyDelete
 17. @Narmavedi-,
  നർമ്മം അല്ലെങ്കിലും വായിച്ചതിന് നന്ദി.
  @Mohamedkutty മുഹമ്മദുകുട്ടി-,
  അതല്ലെ നമ്മുടെ ബ്ലോഗിന്റെ ലക്ഷ്യം. അഭിപ്രായം എഴുതിയതിന് നന്ദി.
  @Ranjith Chemmad / ചെമ്മാടന്‍-,
  വന്നതിലും വായിച്ചതിലും അഭിപ്രായം എഴുതിയതിലും സന്തോഷം.
  @Echmukutty-,
  ഒരാഴ്ചയെ വൈകിയുള്ളു, സാരമില്ല. അഭിപ്രായം എഴുതിയതിന് നന്ദി.

  ReplyDelete
 18. നന്നായിരിക്കുന്നു... ചിത്രങ്ങള്‍ കണ്ടപ്പോള്‍ അന്നത്തെ സംഭവങ്ങളെല്ലാം ക്രമത്തില്‍ മനസിലൂടെ കടന്നു പോയി :)

  ReplyDelete
 19. അദ്ദാണ് കണ്ണൂര്‍
  ടീച്ചറെ കുശാലായി. അഭിനന്ദന്‍സ്.

  ReplyDelete
 20. നല്ല സംരംഭം. ചിത്രങ്ങളും വിവരണങ്ങളും നന്നായി.

  ReplyDelete
 21. സചിത്ര പോസ്റ്റ് കാണാൻ വൈകി. നന്നായിരിക്കുന്നു. അഭിനന്ദനങ്ങൾ

  ReplyDelete

എന്റെ മനസ്സിലെ ഈ കൊച്ചു മിനിലോകത്തിലേക്ക് എല്ലാവര്‍ക്കും സ്വാഗതം.