“മിനിലോകം”

ഞാന്‍ മിനി... എന്റെ മനസ്സ് എന്റെ ലോകമാണ്. എന്റെ മനസ്സില്‍(ഓര്‍മ്മയില്‍) തങ്ങിനില്‍ക്കുന്ന കാര്യങ്ങള്‍,വേണ്ടതും വേണ്ടാത്തതും ഞാന്‍ ഇവിടെ പകര്‍ത്തുന്നു. ഇതു വായിക്കാം, അഭിപ്രായം എഴുതാം. ജീവിതത്തില്‍ നിന്നും ഞാന്‍ കണ്ടെത്തിയ ധാരാളം ചെറിയ‘വലിയ’ സംഭവങ്ങള്‍ ഉണ്ട്. അവയെല്ലാം ചിത്രങ്ങളോടൊപ്പം ഇവിടെ അവതരിപ്പിക്കുന്നു. എന്റെ ലോകത്തേക്ക് “മിനിലോക”ത്തിലേക്ക് ഞാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു... ചിരിക്കാം, കളിക്കാം, ചിന്തിക്കാം... എന്ന് നിങ്ങളുടെ: mini//മിനി

September 7, 2011

പാഠം 4 : എ.ഇ.ഒ. വരുന്നേ,,,


                           ‘പന്തം’ കണ്ടാൽ പെരുച്ചാഴികൾ ഫേമലിസഹിതം ഞെട്ടും; ‘കുരിശ്’ കണ്ടാൽ ചെകുത്താൻസ് ഓരോന്നായി ഞെട്ടും; ‘ജെ.സി.ബി.’ കണ്ടാൽ പരിസ്ഥിതിപ്രവർത്തകർ ഒന്നിച്ചൊന്നായി ഞെട്ടും. അതുപോലെ, തെക്ക്‌വടക്കായി കിടക്കും കേരളത്തിലെ പ്രൈമറി വിദ്യാലയങ്ങളിൽ‌വെച്ച്, കുഞ്ഞുങ്ങളെ അക്ഷരം‌പഠിപ്പിച്ച് കണ്ണ് തെളിയിക്കുന്ന അദ്ധ്യാപകവൃന്ദം ‘ഒരു കാലത്ത്’ ഞെട്ടിയിരുന്നത് എ.ഇ.ഒ. എന്നറിയപ്പെടുന്ന അസിസ്റ്റന്റ് എഡ്യുക്കേഷനൽ ഓഫീസറെ കാണുമ്പോഴായിരുന്നു. പേടികാരണം പ്രൈമറി അദ്ധ്യാപകരുടെയും അവിടം വാഴുന്ന ഹെഡ്‌മാസ്റ്ററുടെയും ഊണും ഉറക്കവും ഒന്നിച്ച് നഷ്ടപ്പെടുന്നത് ഒരേഒരു അവസരത്തിലാണ്,,, അത് എ.ഇ.ഒ. വരുമ്പോൾ ആയിരിക്കും. അക്കാലത്ത് ക്ലാസിലിരുന്നും, വീട്ടിൽ കിടന്നും, കൂർക്കം വലിച്ച്‌കൊണ്ട് ഉറങ്ങുന്ന ഒരു അദ്ധ്യാപകനോട്, ആരെങ്കിലും ‘എ.ഇ.ഒ.’ എന്ന് പറഞ്ഞാൽ ഉടനടി ഞെട്ടി എഴുന്നേറ്റ് ഓടും.

                          ഒരു എൽ.പി. സ്ക്കൂളിനെ സംബന്ധിച്ചിടത്തോളം അദ്ധ്യാപകർ ഭയപ്പെടുന്ന അവസരങ്ങൾ ഇടയ്ക്കിടെ ഉണ്ടാവും.  മാനേജർ നിയമനം നടത്തിയിട്ട്, ശമ്പളക്കാര്യം വരുമ്പോൾ സർക്കാരിനോട് സമരം ചെയ്ത് വാങ്ങാൻ അദ്ധ്യാപകരെ പ്രാപ്തരാക്കുന്ന എയിഡഡ് വിദ്യാലയങ്ങളിൽ ചേർന്നവർക്ക് പേടി സർക്കാർ വിദ്യാലയത്തിലുള്ളവരെക്കാൾ ഒരുപടി കൂടുതലാണ്.
അവർ ഓഫീസർമാരെ കൂടാതെ സ്ക്കൂൾ മാനേജറെയും പേടിക്കണം,,,
അന്നത്തിനുള്ള വക സർക്കാർ തരുന്ന ശമ്പളമായി മാസാമാസം കിട്ടുന്നുണ്ടെങ്കിലും അന്നം മുടങ്ങാതെ കിട്ടാനുള്ള നിയമന ഉത്തരവിൽ, അവരാണല്ലൊ ഒപ്പിടുന്നത്.
പിന്നെ ചിലർക്ക് പേടി, ചില രക്ഷിതാക്കളെയാണ്,,,
തലേദിവസം തരികിടയാക്കി ചിരിച്ച്‌കളിച്ച് വീട്ടിലേക്ക് പോയ കൊച്ചിനേം പിടിച്ച്‌വലിച്ച് ചില അമ്മച്ചിമാർ വരും,
എന്നിട്ട് ക്ലാസ്‌ടീച്ചറോടൊരു ചോദ്യം,
“ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന എന്റെ അമ്മൂനെ ഇന്നലെ രണ്ടാക്ലാസ്സിൽ പഠിക്കുന്ന അയൽ‌പക്കത്തെ ജാനൂന്റെ മോൻ തള്ളിയിട്ടത് ടിച്ചർ കണ്ടില്ലെ? ടീച്ചർമാര് ഇങ്ങനെ പോയാലെങ്ങനെയാ”
തലേദിവസം ഈ ജാനൂന്റെ മോന്റെ ഒപ്പം അമ്മുവും ചിരിച്ച് കളിച്ച് വീട്ടിൽ പോയവരായിരിക്കും,
എന്നാൽ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,!!!!!!!!!!!!!!!

പുത്തൻ രതിനിർവേദവും സീരിയലുകളും നീലപ്പടവും മൊബൈലും ഇല്ലാത്ത ഒരു കാലമായതിനാൽ ‘മറ്റു ഭീഷണികൾ’ ഒന്നും‌തന്നെ ഉണ്ടാവില്ല,
അതായത്,,,,,,,,
 ‘ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന എന്റെ മോള് അമ്മൂനെ നാലാം ക്ലാസ്സിലെ പയ്യന്മാർ പീഡിപ്പിച്ചു’ എന്നോ,
 ‘നാലാം തരത്തിൽ പഠിക്കുന്ന എന്റെ മോളെ ഒന്നാംതരത്തിൽ പഠിപ്പിക്കുന്ന മാഷ് പീഡിപ്പിച്ചു’ എന്നോ,
ഒരിക്കലും പരാതിയോ ഭീഷണിയോ ഉണ്ടാവില്ല.,,,,,

***അങ്ങനെയുള്ള ഒരു സുവർണ്ണ കാലത്ത്,,,
                            ഒന്നാം തരം മുതൽ അഞ്ചാം തരം വരെയുള്ള ഞങ്ങളുടെ സ്ക്കൂളിൽ ഹെഡ്ടീച്ചറടക്കം നാല് വനിതകൾക്കിടയിലുള്ള ഒരേഒരു ആൺ‌തരിയാണ് കുട്ടപ്പൻ മാസ്റ്റർ. സ്വന്തം മക്കളെയും സ്വന്തം വിദ്യാലയത്തിൽ പഠിപ്പിച്ച ധീരനായ ‘ശ്രീമാൻ കുട്ടപ്പൻ മാസ്റ്റർ’ നമ്മുടെ കൂട്ടത്തിലുള്ള ഒരേ ഒരു ആണ് മാത്രമല്ല, ഒരേ ഒരു ഒഴപ്പനും ആയിരുന്നു. ക്ലാസ്സിൽ പഠിപ്പിക്കുന്നതൊഴിച്ച് മറ്റുള്ള സ്ക്കൂൾ കാര്യത്തിനെല്ലാം മാസ്റ്റർ മുന്നിലുണ്ടാവും.
പിന്നെ എന്തിന് അദ്ധ്യാപകനായി എന്നോ?

അത് അദ്ദേഹം ആഗ്രഹിച്ചതല്ല, എന്ന് അദ്ദേഹം തന്നെ പറയും.
                           കൃഷിക്കാരനായ കുട്ടപ്പന്റെ അച്ഛൻ സ്വന്തമായി കൃഷി ചെയ്ത് മകനെ പഠിപ്പിച്ചു. സ്വന്തം മകൻ തേരാപാരാ നടക്കാതിരിക്കാനായി സ്വന്തമായ കൃഷിസ്ഥലത്തിന്റെ ഒരുഭാഗം വിറ്റുകിട്ടിയ പണം, സ്വന്തം നാട്ടിലെ എൽ.പി. സ്ക്കൂൾ മാനേജർക്ക് നൽകിയപ്പോൾ നമ്മുടെനാട്ടിലെ വെറും കുട്ടപ്പൻ അങ്ങനെ കുട്ടപ്പൻമാസ്റ്ററായി.
                           അദ്ധ്യാപകനായിട്ടും കുട്ടപ്പൻ മാസ്റ്റർ സ്വന്തം അച്ഛന്റെ പാത പിൻ‌തുടരുകയാണുണ്ടായത്. അദ്ദേഹത്തിന്റെ പ്രധാനജോലി കൃഷിയും അതുകഴിഞ്ഞുള്ള ‘എക്ട്രാ വർക്ക്’ കുട്ടികളെ പഠിപ്പിക്കലും ആയിരുന്നു. വിശാലമായ വയലും തെങ്ങിൻ‌തോപ്പും സ്വന്തമായി ഉള്ള മാസ്റ്റർ, കുലച്ചുനിൽക്കുന്ന നെല്ലും തെങ്ങും വാഴയും കാണുമ്പോൾ എങ്ങനെ കൃഷി ചെയ്യാതിരിക്കും!

ചിലപ്പോൾ നാലാം ക്ലാസ്സിൽ പഠിപ്പിച്ചുകൊണ്ടിരിക്കെ കുട്ടപ്പാൻ മാസ്റ്റർ ചിന്താമഗ്നനാവും.
വയലിലുള്ള ‘കുലച്ച വാഴയുടെ കൂമ്പ്’ പുല്ലരിയാൻ വരുന്ന നാണിയമ്മ കണ്ടിട്ട് പൊട്ടിച്ചിരിക്കുമോ?
സമയത്ത് തേങ്ങ പറിക്കാത്തതുകൊണ്ട് പറമ്പിൽ തേങ്ങ വീണത് ആരെങ്കിലും കണ്ടിരിക്കുമോ?
ചീരയും വെണ്ടയും പയറും വലുതായതിനാൽ ഇലയിൽ പുഴുക്കൾ വന്നിരിക്കുമോ?’
ഇങ്ങനെ ചിന്തിക്കുന്നതിനിടയിൽ പെട്ടെന്ന് കുട്ടികളോട് ചോദിക്കും,
“ആരുടെയൊക്കെ വീട്ടിലാണ് ചാണകപ്പൊടി ഉള്ളത്?”
“മാഷെ എന്റെ വീട്ടിലുണ്ട്”
ഉത്തരം പറഞ്ഞ കുട്ടികളുടെ വീട് ചോദിച്ചറിഞ്ഞ്, വൈകുന്നേരം നേരെ ആ വീട്ടിൽ‌പോയി രക്ഷിതാവിനെ കണ്ടുപിടിച്ച് ചാണകവളത്തിന്റെ കച്ചവടം ഉറപ്പിക്കും.
മൂപ്പർക്ക് അന്നും ഇന്നും ജൈവകൃഷിയിലാണ് താല്പര്യം.
എന്തൊക്കെ ചെയ്താലും മാസം തികഞ്ഞാൽ ഒപ്പിട്ട് കൃത്യമായി ശമ്പളം വാങ്ങും. അങ്ങനെ വിദ്യാർത്ഥികളുടെ കാര്യം കട്ടപ്പൊക തന്നെ. 

                          സ്ക്കൂളിലെ ഒരേഒരു പുരുഷ അദ്ധ്യാപകനായതിനാൽ നമ്മൾ സ്ത്രീജനങ്ങൾക്ക് പ്രീയപ്പെട്ടവനാണ് കുട്ടപ്പൻ മാസ്റ്റർ. മറ്റുള്ളവർ രണ്ട് മിനിട്ട് വൈകിയാൽ ഒപ്പുപട്ടിക തുറക്കുമ്പോൾ മുഖം കറുപ്പിച്ച് വാച്ച് നോക്കുന്ന നമ്മുടെ എച്ച്.എം, പത്ത് മിനിട്ട് വൈകിയെത്തുന്ന കുട്ടപ്പൻ മാസ്റ്ററെ ചിരിച്ച്‌കൊണ്ട് സ്വാഗതം ചെയ്ത് കുശലാന്വേഷണം നടത്തും. അതുപോലെ ചിലപ്പോൾ അരമണിക്കൂർ നേരത്തെ പോകാനും മാസ്റ്റർക്ക് മാത്രം പെർമിഷൻ നൽകും. എങ്കിലും നമ്മളാരും ഒരു പരാതിയും ഉന്നയിക്കാറില്ല.
കാരണം,
സ്ക്കൂൾ ആവശ്യങ്ങൾക്ക് ഓഫീസുകളിൽ ഓടിനടക്കുന്നത് കുട്ടപ്പൻ മാസ്റ്ററാണ്,
                          ഒരു എൽ.പി. സ്ക്കൂളായതുകൊണ്ട്, നമ്മുടെ ഹെഡ്‌മിസ്ട്രസിന് രണ്ടാം‌തരത്തിലെ കുട്ടികളെ പഠിപ്പിക്കുന്ന ചുമതല മാത്രമല്ല; ബല്ലടിക്കണം, ഉച്ചക്കഞ്ഞിക്കുള്ള അരി വാങ്ങണം, ഉച്ചക്കഞ്ഞി ശരിക്കും വെന്തോ എന്ന് നോക്കണം, ശമ്പളം എഴുതണം, ട്രഷറിയിൽ പോയി വാങ്ങണം, അത് എണ്ണിനോക്കി വിതരണം ചെയ്യണം, തുടങ്ങിയ ആയിരമായിരം കാര്യങ്ങളാണ്. ഈ വക കാര്യങ്ങളെല്ലാം ശരീരഭാരവും വഹിച്ച്‌കൊണ്ട് നമ്മുടെ എച്ച്.എം. ഓടി നടന്ന് ചെയ്യുമെങ്കിലും സഹായിക്കാൻ ആണായ കുട്ടപ്പൻ മാസ്റ്റർ കൂടിയേ കഴിയു.
മാനേജറുടെ മുഖത്തുനോക്കി രണ്ട് വാക്ക് പറയാനുള്ള ധൈര്യം കുട്ടപ്പൻ മാസ്റ്റർക്ക് മാത്രമാണ്,
                           നാട്ടിൽ നിറഞ്ഞിരിക്കുന്ന അജ്ഞാനത്തിന്റെ അന്ധകാരത്തിൽ കഴിയുന്ന കൊച്ചുകുഞ്ഞുങ്ങളെ വിജ്ഞാനത്തിന്റെ വെളിച്ചത്തിലേക്ക് നയിക്കാനുള്ള ദീപശിഖയുമായി, നമ്മൾ അഞ്ചുപേർക്കും അദ്ധ്യാപനജോലി ചെയ്യാൻ അനുവാദം തന്ന മാനേജർ ഇടയ്ക്കിടെ സ്വന്തം സ്ക്കൂളിൽ വരും. ആദ്ദേഹം വന്നാൽ അദ്ധ്യാപകരെല്ലാം മുന്നിൽ വന്ന് വണങ്ങി നിൽക്കുമ്പോൾ വിദ്യാർത്ഥികളെല്ലാവരും നിശബ്ദരായിരിക്കും. പിന്നീട് ഓരോ ക്ലാസ്സിലും ചുറ്റിനടന്ന് തെറ്റ് കുറ്റങ്ങൾ കണ്ടുപിടിച്ച് ഭീഷണിപ്പെടുത്തും.
“എടി നാണി, നിന്റെ ക്ലാസ്സിന്റെ മൂലയിലെന്താ കടലാസുകഷ്ണങ്ങൾ? നിനക്കിതൊന്നും അടിച്ചുവാരിക്കൂടെ?”
“അങ്ങനെ ചെയ്യാമേ”
“നിന്റച്ഛൻ രാമനെയോർത്താ നിന്നെയിവിടെ ടിച്ചറാക്കിയത്, നീ പോയാൽ പകരം വരാൻ ആളുണ്ട്?
ഇത്‌കേട്ട് പരിസരം മറന്ന് കരയുന്ന നാരായണി ടീച്ചറെ നോക്കിയിരിക്കുന്ന കുട്ടികൾക്ക് സങ്കടം വരും.
പിറ്റേന്ന് രാവിലെ ടീച്ചർ കുട്ടികളോട് പറയും,
“മക്കളെ കടലാസ് കഷ്ണങ്ങളൊന്നും താഴെയിടല്ലെ, നമ്മുടെ മാനേജർ കണ്ടാൽ തിന്നുകളയും”

എന്നാൽ കുട്ടപ്പൻ മാസ്റ്ററുടെ വരവോടെ മാനേജരുടെ ഭീഷണി കുറഞ്ഞു.
അതെങ്ങനെയെന്നോ,,,
                           മാസ്റ്റർ അദ്ധ്യാപകനായി ചേർന്ന് രണ്ട് മാസം കഴിഞ്ഞപ്പോൾ ഒരു ദിവസം മാനേജർ സ്ക്കൂളിൽ വന്നു. നേരെ ഓഫീസ് റൂമിൽ വന്ന അദ്ദേഹത്തെ മറ്റുള്ളവരെല്ലാം പഠിപ്പിക്കുന്നത് നിർത്തിയിട്ട് മുന്നിൽ‌വന്ന് വണങ്ങിയെങ്കിലും കുട്ടപ്പൻ മാസ്റ്ററെ കൂട്ടത്തിൽ കാണാത്തതിനാൽ നാലാം ക്ലാസ്സിലേക്ക് നടന്നു. അവിടെ മലയാളം കവിത പഠിപ്പിക്കുകയാണ്,
“പ്രസാദം വദനത്തിങ്കൽ
കാരുണ്യം ദർശനത്തിലും;
മാധുര്യം വാക്കിലും,
ചേർന്നവനെ പുരുഷോത്തമൻ”
ഇത്രയും വായിച്ച അദ്ധ്യാപകൻ തലയുയർത്തി നോക്കിയപ്പോൾ മുന്നിൽ പുരുഷോത്തമനായി,,
സാക്ഷാൽ മേനേജർ,,,.
അദ്ദേഹം ക്ലാസ്സിൽ കടന്നുവന്ന് അദ്ധ്യാപകനെ അടിമുടി നോക്കി,,, പിന്നെയും നോക്കി,,, പിന്നെയും പിന്നെയും നോക്കി,,, നോട്ടം അവസാനിച്ചത് അദ്ധ്യാപകന്റെ കാലിൽ,,,
കലികയറിയ മേനേജർ അലറി,
“ഇതൊരു സരസ്വതി ക്ഷേത്രമാണ്; ഇവിടെ ചെരിപ്പിട്ടു വരാനോ? അശുദ്ധമാക്കരുത്?”
കുട്ടപ്പൻ ശബ്ദം കുറച്ചുകൊണ്ട് പറഞ്ഞു,
“സാർ ഞാനിതുവരെ ചെരിപ്പിടാതെ നടന്നിട്ടില്ല; വീട്ടിനകത്തും വെളിയിലും വയലിലും പോകുമ്പോൾ എനിക്ക് പ്രത്യേകം പ്രത്യേകം ചെരിപ്പുകളുണ്ട്. എനിക്ക് ചെരിപ്പില്ലാതെ നടക്കാനാവില്ല”
“ധിക്കാരം പറയുന്നോ? ഇത് നിന്റെ വീടല്ല, പഠിപ്പിക്കാൻ വരുമ്പോൾ ചെരിപ്പ് വെളിയിൽ അഴിച്ചുവെക്കണം”
“അതെനിക്കാവില്ല, അങ്ങനെയാണെങ്കിൽ സ്ക്കൂളിന് വെളിയിൽ വയലിനടുത്തുള്ള മാവിൻ‌ചുവട്ടിലിരുന്ന് കുട്ടികളെ പഠിപ്പിക്കാം”
അങ്ങനെ കുട്ടപ്പനെ പഠിപ്പിക്കാനാവാത്ത മാനേജർ പത്തി താഴ്ത്തി; അതോടെ ഇടയ്ക്കിടെയുള്ള മേനേജരുടെ വരവ് അവസാനിച്ചപ്പോൾ അദ്ധ്യാപികമാർ ചെരിപ്പിട്ട് സ്ക്കൂളിൽ വരാൻ തുടങ്ങി.
അതുപോലെ സ്ക്കൂളിൽ വന്ന് അനാവശ്യമായി ഭീഷണിപ്പെടുത്തുന്ന രക്ഷിതാക്കളെ നിലക്ൿനിർത്തുന്നത് കുട്ടപ്പൻ മാസ്റ്ററാണ്.
                             ഒരു ദിവസം രാവിലെ പത്ത്‌മണി നേരത്ത് ബെല്ലടിച്ച് ക്ലാസ് തുടങ്ങിയപ്പോഴാണ് ചായക്കടക്കാരൻ ദാമു നമ്പ്യാർ ഒരു പൊതിയുമായി സ്ക്കൂളിൽ വന്നത്. വന്ന ഉടനെ ഹെഡ്‌ടീച്ചറെ വിളിച്ചശേഷം പൊതിയഴിച്ച് സ്ക്കൂൾ വരാന്തയിൽ പ്രദർശ്ശിപ്പിച്ചു. പ്രശ്നം എന്താണെന്നറിയാൻ മറ്റുള്ള അദ്ധ്യാപികമാരും ഏതാനും കുട്ടികളും എത്തിനോക്കിയപ്പോൾ കണ്ടത്,,,
നൂറ് കണക്കിന് പച്ച കാന്താരിമുളകുകൾ.
തുടർന്ന് നമ്പ്യാർ ഡയലോഗ് ആരംഭിച്ചു,
“എന്റെ വീട്ടിൽ നട്ട് വെള്ളമൊഴിച്ച് ഞാൻവളർത്തുന്ന കാന്താരി, ഇവിടെയുള്ള തെണ്ടിപ്പിള്ളേർക്ക് പറിക്കാനാണോ? ഇതൊക്കെ ടീച്ചർ‌മാര് ശ്രദ്ധിക്കാത്തതുകൊണ്ടല്ലെ”
“നമ്പ്യാറെ ഇതെല്ലാം ആരാണ് ചെയ്തത്?”
“അത് ഇവിടെ പഠിക്കുന്ന ആ കാന്താരിപ്പെണ്ണില്ലെ, എന്റെ മോന്റെ മോള്; അവളും അഞ്ചാറ് പിള്ളേരും വന്ന് പറിച്ചതാ, എന്നാലും ടീച്ചർമാര് അതൊക്കെ ശ്രദ്ധിക്കണ്ടെ?”
അത് കേട്ടുകൊണ്ടാണ് നമ്മുടെ കുട്ടപ്പന്റെ വരവ്, പതിനഞ്ച് മിനിട്ട് വൈകിയതിനാൽ തിരക്കു പിടിച്ച വരവാണ്. രംഗം വീക്ഷിച്ച് കാര്യം മനസ്സിലാക്കിയ കുട്ടപ്പൻ വന്ന ഉടനെ മുളകുപൊതിക്കിട്ട് ഒറ്റ ചവിട്ട്,,, കാന്താരികളെല്ലാം സമീപത്തെ തെങ്ങിൻ‌ചുവട്ടിലേക്ക് പറന്നു,
“അതെയ് സ്വന്തം വീട്ടിലെ കൊച്ചുമോള് കാന്താരി പറിച്ചതും കൊണ്ട് ഇങ്ങോട്ട് വന്നാലുണ്ടല്ലൊ,,,”
ബാക്കി പറഞ്ഞില്ലെങ്കിലും പിന്നീട് നമ്പ്യാർ ഒരു നിമിഷം‌പോലും അവിടെ നിന്നില്ല. കൂടുതൽ സമയം നിന്നാൽ ചിലപ്പോൾ ചവിട്ട് തന്റെ നെഞ്ചത്തായാലോ?

                       കുട്ടപ്പൻ മാസ്റ്റർക്ക് തീര ഇഷ്ടമില്ലാത്ത സംഭവമാണ് ടീച്ചിംഗ് നോട്ട്. കാലാകാലങ്ങളായി അദ്ധ്യാപകർ ഇഷ്ടമില്ലെങ്കിലും ‘വളരെ കരക്റ്റായി’ ചെയ്യുന്ന കഠിനാദ്ധ്വാനമാണ് ടീച്ചിംഗ് നോട്ട്അഥവാ ചീറ്റിംഗ് നോട്ട്. കുട്ടപ്പൻ മാസ്റ്ററുടെ സർവ്വീസിനിടയിൽ അങ്ങനെയൊരു സാധനം ഇതുവരെ എഴുതിയിട്ടില്ല, എന്ന് മാത്രമല്ല, അൻപത്തഞ്ചായി പെൻഷനാവുന്നതു വരെ ടീച്ചിംഗ് നോട്ട് എഴുതുകയില്ല എന്ന് ദൃഢപ്രതിജ്ഞ ചെയ്തിരിക്കയാണ്. അതുകൊണ്ട് ഏറ്റവും കഷ്ടപ്പെട്ടത് നമ്മുടെ ഹെഡ്‌ടീച്ചർ തന്നെയാണ്. പഠിപ്പിക്കുന്ന കാര്യം നൊട്ടിലെഴുതിയിട്ടു വേണോ പഠിപ്പിക്കാൻ എന്നാണ് കുട്ടപ്പൻ‌മാഷിന്റെ ചോദ്യം.
മൂന്നാം ക്ലാസ്സിലെ ടീച്ചർ നാല് കള്ളികൾ വരച്ച്, വളരെ മനോഹരമായി വടിവൊത്ത അക്ഷരങ്ങളിൽ ടീച്ചിംഗ് നോട്ട് എഴുതാറുണ്ടെങ്കിലും ക്ലാസ്സിൽ പഠിപ്പിക്കുന്നതിനു പകരം എപ്പോഴും ഉറക്കമാണ്. ‘ഉറങ്ങുന്നകാര്യം നോട്ടിൽ എഴുതിയിട്ടുണ്ടോ’ എന്ന് കുട്ടപ്പൻ മാസ്റ്റർ ചോദിക്കും.

അങ്ങനെയിരിക്കെ,,,
                      ഒരുദിവസം രാവിലെ നമ്മുടെ ഹെഡ്‌മിസ്ട്രസ്സ് ഞെട്ടിക്കുന്ന ഒരു വാർത്തയുമായാണ് സ്ക്കൂളിൽ രംഗപ്രവേശനം ചെയ്തത്,
‘അന്ന് ഉച്ചക്ക്‌ശേഷം നമ്മുടെ ബഹുമാനപ്പെട്ട ‘എ.ഇ.ഒ.’, നമ്മുടെ വിദ്യാലയം സന്ദർശ്ശിക്കുന്നുണ്ട്’,,
വർഷം‌തോറും മുൻ‌കൂട്ടി അറിയിപ്പ് നൽകിയ സ്ക്കൂൾ ഇൻഷ്പെൿഷൻ നടക്കാറുണ്ട്; എന്നാൽ ഇത് ‘സ്ക്കൂൾ എങ്ങനെ നടക്കുന്നു’ എന്ന് അറിയാനായി വെറുമൊരു വിസിറ്റ് മാത്രം.
സംഭവം ഒരു ഞെട്ടലോടെ അറിയിച്ചതുകേട്ട് അദ്ധ്യാപകർ ഒന്നടങ്കം ഞെട്ടി ഒരാളൊഴികെ,,,
കുട്ടപ്പൻ മാസ്റ്റർ മാത്രം ഞെട്ടിയില്ല,,
അത് ശരിയല്ലല്ലൊ,,,
അദ്ദേഹം ഒരു ആണാണെങ്കിലും നമ്മൾ എണ്ണിവാങ്ങുന്നതു പോലെ ശമ്പളം വാങ്ങുന്നതാണല്ലൊ,,,
ശരിക്കും ഞെട്ടേണ്ടത് കുട്ടപ്പൻ മാസ്റ്ററാണ്,,,
പാഠം സിലബസ് അനുസരിച്ച് എടുത്തിട്ടില്ല, ഹോം‌വർക്ക് ചെയ്യിപ്പിച്ചിട്ടില്ല, കുട്ടികളെ നേരാം‌വണ്ണം പഠിപ്പിച്ചിട്ടില്ല, ഇതെല്ലാം പോരാഞ്ഞ് ടീച്ചിംഗ് നോട്ട് എന്നൊരു സാധനം ഇതുവരെ എഴുതിയിട്ടില്ല.
                             ഞെട്ടാത്ത മാസ്റ്ററെ അവഗണിച്ച് ഞങ്ങൾ വനിതകൾ ഒത്ത്‌ചെർന്ന് കാര്യങ്ങൾ ചർച്ച ചെയ്തു. ഉച്ചക്ക് ശേഷമുള്ള വരവായതിനാൽ ഓഫീസർ ഉച്ചഭക്ഷണം കഴിച്ചിരിക്കും. അതിനാൽ ചായയും അദ്ദേഹത്തിന് ഇഷ്ടമാണെന്ന് മറ്റ് സ്ക്കൂൾഅദ്ധ്യാപകർ പറഞ്ഞറിഞ്ഞ ഉള്ളിവടയും ഉണ്ടാക്കാൻ രാധമ്മയെ ഏല്പിച്ചു.

പിന്നീട് അവിടെ നടന്നത് ഒരു ഉത്സവ ഒരുക്കങ്ങളായിരുന്നു,
                           ടീച്ചർ‌മാർ ചേർന്ന് ക്ലാസ്സും പരിസരങ്ങളും അടിച്ചുവാരി വൃത്തിയാക്കി. വിശേഷ അവസരങ്ങളിൽ വിരിക്കുന്ന മേശവിരികളാൽ എല്ലാ ക്ലാസ്സിലെയും മേശപ്പുറം അലങ്കരിക്കപ്പെട്ടു. കലണ്ടർ, ചാർട്ടുകൾ, ചിത്രങ്ങൾ എന്നിവയെല്ലാം പൊടിതട്ടി പുറത്തെടുത്ത്, വെള്ളപൂശിയത് അടർന്നു വീഴാറായ ചുമരുകളിൽ തൂക്കിയിട്ടു. ഹാജർപട്ടികകളെല്ലാം എഴുതി പൂർത്തിയാക്കിയശേഷം ഭംഗിയുള്ള കവർകൊണ്ട് പൊതിഞ്ഞു. ടീച്ചിംഗ് നോട്ടുകൾ, ഹേന്റ്‌ബുക്കുകൾ, പാഠാവലികൾ, പഠനോപകരണങ്ങൾ എന്നിവയോടൊപ്പം കുട്ടികളുടെ കോപ്പിബുക്കുകളും ചേർന്ന് ഓരോ ക്ലാസ്സിലെയും മേശപ്പുറം നിറഞ്ഞ് കവിയാൻ തുടങ്ങി. എല്ലാദിവസവും മേശപ്പുറത്ത് വി.ഐ.പി. ആയി വിലസിയിരുന്ന ‘ചൂരൽ‌വടി’ കഞ്ഞി വെന്തുകൊണ്ടിരുന്ന അടുപ്പിലിടുകയും ആ സ്ഥാനത്ത് ചോക്കും ഡസ്റ്ററും കൊണ്ട് അലങ്കരിക്കുകയും ചെയ്തു. കഞ്ഞിപ്പുരയിലെ പുകയേറ്റ്‌കൊണ്ട് ഉച്ചക്കഞ്ഞി പാകം ചെയ്യുന്ന രാധമ്മ നേരത്തെ കഞ്ഞിവെച്ച് കുട്ടികളെ കുടിപ്പിക്കാനുള്ള തയ്യറെടുപ്പുകൾ നടത്താൻ തുടങ്ങി.

                         ഹെഡ്‌മിസ്ട്രസ്സാണെങ്കിൽ തലക്കും സാരിക്കും തീപ്പിടച്ചതുപോലെ ഓടിനടക്കുകയും അതിനിടയിൽ അലമാരകൾ അട്ടിമറിച്ച് ഔദ്യോഗിക രേഖകൾ ഓക്കെയാക്കുകയും ചെയ്യുന്ന തിരക്കിലാണ്. അഡ്‌മിഷൻ രജിസ്റ്റർ, അറ്റന്റൻസ് രജിസ്റ്റർ, ലീവ് രജിസ്റ്റർ, ടീച്ചിംഗ് നോട്ട് രജിസ്റ്റർ, പോക്ക് വരവ് രജിസ്റ്റർ, എന്നിവയോടൊപ്പം ശമ്പളം വാങ്ങാൻ ഒപ്പിടുന്ന അക്വിറ്റൻസ്, ഫീസിന്റെ കണക്ക്, ഫീസിളവിന്റെ കണക്ക്, സ്കോളർഷിപ്പിന്റെ കണക്ക്, പാസ്‌ബുക്കുകൾ എന്നിവയെല്ലാം ഓരൊ പേജും തുറന്ന് ‘തെറ്റൊന്നും ഇല്ല’ എന്ന് ഉറപ്പ് വരുത്തുകയാണ്. ഒടുവിൽ മിന്നുന്ന കവർ‌കൊണ്ട് പൊതിഞ്ഞ വിസിറ്റ് ബുക്കും ഇൻ‌സ്പെൿഷൻ ഡയറിയും പൊടിതട്ടിയെടുത്ത് മേശപ്പുറത്ത് വെച്ചു.
എന്നാൽ ഒരാൾ‌മാത്രം ഒരു തിരക്കും ഇല്ലാതെ ഇതൊന്നും തന്റേതല്ല എന്ന ഭാവത്തിൽ കണക്കുകൾ കൂട്ടാനും കുറക്കാനും പഠിപ്പിക്കുകയാണ്,
അത് മറ്റാരുമല്ല,,, നമ്മുടെ കുട്ടപ്പൻ മാസ്റ്റർ തന്നെ,
നാല് സ്ത്രീജനങ്ങൾക്കിടയിൽ ഒരേഒരു കൃഷ്ണനായി വിലസുന്ന സാക്ഷാൽ കുട്ടപ്പൻ മാസ്റ്റർ,

                            ഉച്ചക്കഞ്ഞി കുടിച്ച കുട്ടികളെല്ലാം കളിക്കാൻ‌ മറന്ന്‌കൊണ്ട് നേരത്തെതന്നെ ക്ലാസ്സിൽ വന്നിരിപ്പായി. നമ്മുടെ ഹെഡ്‌മിസ്ട്രസ്സ് ഇടവഴിയിലേക്ക് കണ്ണും‌നട്ട് ഇരിപ്പാണ്, ഇടയ്ക്കിടെ എഴുന്നേറ്റ് നടക്കുന്നുണ്ട്. ആരുടെയെങ്കിലും തല കണ്ടാൽ അവർ സ്വയമറിയാതെ വരാന്തയിലേക്ക് ഓടിവന്ന് നോക്കുന്നത് ആറാം തവണയാണ്.
ഒടുവിൽ,,,
അയാൾ വന്നു,, സാക്ഷാൽ എ.ഇ.ഒ. തന്നെ,,, ചെത്ത് വേഷത്തിൽ ഒരു തടിയൻ
                           ഹെഡ്‌മിസ്ട്രസ്സ് വരാന്തയിലേക്ക് ഓടിവന്ന് അദ്ദേഹത്തെ സ്വീകരിച്ച് നേരെ ഓഫീസ് റൂമിലേക്ക് ആനയിച്ചു. തുടർന്ന് സ്ക്കൂൾ രേഖകൾ ഓരോന്നായി നോക്കി ഒപ്പ് വെക്കുകയും അതിനിടയിൽ രാധമ്മ സ്വന്തമായി നിർമ്മിച്ച ചായ ചൂടോടെ കുടിക്കുകയും ഉള്ളിവട തിന്നുകയും ഒപ്പം സംസാരിക്കുകയും ചെയ്തുകൊണ്ടിരുന്നു. എല്ലാറ്റിന്റെയും ഒടുവിൽ ഓഫീസർ പ്രധാനകാര്യം പറഞ്ഞു,
“ഞാനിവിടെ പെട്ടെന്ന് വന്നത് ഇവിടെയുള്ള ചില അദ്ധ്യാപകരെപ്പറ്റി പരാതികൾ ലഭിച്ചതുകൊണ്ടാണ്,,,”
ഹെഡ്‌മിസ്ട്രസ്സ് ഞെട്ടി, അല്പനേരം ഹൃദയമിടിപ്പ് നിന്ന്, ശ്വാസോച്ഛ്വാസം പതുക്കെ ആയി. പിന്നീട് ദീർഘമായി ശ്വാസം ഉള്ളിലേക്ക് വലിച്ചുകൊണ്ട് പൂർവ്വസ്ഥിതിയിൽ ആയപ്പോൾ അവ്യക്തമായി പറഞ്ഞു,
“സർ അ,,ആര്?”
“അദ്ധ്യാപകരൊന്നും മര്യാദക്ക് പഠിപ്പിക്കുന്നില്ല എന്നാണ് പരാതി, അത് തെറ്റാണെന്ന് എനിക്കറിയാം. എനിക്ക് ക്ലാസ്സുകൾ കാണണം”

എ.ഇ.ഒ. ആദ്യം പോയത് ഒന്നാം ക്ലാസ്സിൽ,
അവിടെ അക്ഷരം പഠിപ്പിച്ചുകൊണ്ടിരിക്കുന്ന രേവതി ടിച്ചർ തന്റെതായ അദ്ധ്യാപന വൈഭവം ഓഫീസർക്ക് കാണിച്ചുകൊടുത്തു,
എ.ഇ.ഒ. സന്തോഷിച്ചു. പിന്നീട് പോയത് രണ്ടാം തരത്തിൽ,,,
അത് ഹെഡ്‌മിസ്ട്രസ്സിന്റെ ക്ലാസ്സായതിനാൽ കൂടുതൽ സമയം വേണ്ടി വന്നില്ല. കുട്ടികളുടെ നോട്ടുകൾ നോക്കി ഏതാനും ചോദ്യം ചോദിച്ച് തൃപ്തനായ ഓഫീസർ പുറത്ത് കടന്നു.
പിന്നീട് തൊട്ടടുത്ത അഞ്ചാം തരത്തിൽ എ.ഇ.ഒ. കടന്നപ്പോൾ പുതിയതായി ചേർന്ന ലക്ഷ്മിക്കുട്ടി പേടിച്ചുവിറച്ചു. അവരുടെ വിറയൽ മനസ്സിലാക്കിയതു കൊണ്ടാവാം പതിവിൽ കൂടുതൽ സമയം ഓഫീസർ ആ ക്ലാസ്സിൽ‌തന്നെ ഇരുന്നു. ഓഫീസർ അടുത്ത ക്ലാസ്സ് തേടി പോകുമ്പോഴേക്കും ഇംഗ്ലീഷ് പഠിപ്പിച്ചുകൊണ്ടിരിക്കുന്ന ടീച്ചർ വിയർത്ത് കുളിച്ചിരുന്നു.

തൊട്ടടുത്ത് സ്ക്കൂളിന്റെ ഒരു വശത്തായാണ് നാലാം ക്ലാസ്സ്,
അതാണ് കുട്ടപ്പൻ മാസ്റ്ററുടെ ക്ലാസ്സ്,
എ.ഇ.ഒ. നേരെ നാലാം ക്ലാസ്സിലേക്ക് പ്രവേശിച്ചു,
അദ്ദേഹം ഞെട്ടി,
ഒപ്പം അനുഗമിച്ച ഹെഡ്‌മിസ്ട്രസ്സും ഞെട്ടി,,,
നാലാം ക്ലാസ്സിൽ ബഞ്ചും ഡസ്ക്കും മേശയും കസേരയും ബ്ലാക്ൿബോർഡും അതേപടിയുണ്ട്. എന്നാൽ കുട്ടപ്പൻ മാസ്റ്ററും കുട്ടികളും ഇല്ല. ക്ലാസിന്റെ പിന്നിലൂടെയാണ് കഞ്ഞിപ്പുരയിലേക്കുള്ള വാതിൽ; അതിലൂടെ നോക്കിയപ്പോൾ രാധമ്മ കഞ്ഞിവെച്ച പാത്രം കഴുകുന്നത് നന്നായി കാണാം.
അങ്ങോട്ട് നോക്കി നിൽക്കുന്ന ഹെഡ്‌മിസ്ട്രസിനോട് ഓഫീസർ പറഞ്ഞു,
“ടീച്ചർ ഇതൊന്ന് വായിച്ചാട്ടെ”
ക്ലാസ്സിന്റെ ഇടത്തെ മൂലയിലെ കറുത്ത ബോർഡിൽ, വെളുത്ത ചോക്ക്‌ കൊ‌ണ്ട് എഴുതി വെച്ചിരിക്കുന്നു,,,
പാഠം 4: പരിസ്ഥിതിപഠനം
‘നമ്മുടെ പരിസ്ഥിതിയെക്കുറിച്ച് നേരിട്ട് പഠിക്കാനായി നാലാം തരത്തിലെ വിദ്യാർത്ഥികൾ അദ്ധ്യാപകനോടൊപ്പം പരിസ്ഥിതി നിരീക്ഷണത്തിനായി വയലിലേക്ക് പോകുന്നു’

28 comments:

 1. അവസാന "പാര.."യാണ് ചിരിപ്പിച്ചത് ...
  സത്യത്തില്‍ പണ്ട് മുതലേ ഈ എ ഇ ഓ മാരുടെ സന്ദര്‍ശനം പ്രമാണിച്ച് സ്കൂളുകളില്‍ എന്തെല്ലാം കള്ളത്തരങ്ങളാണ് നടന്നു വരുന്നത് .അദ്ദേഹത്തെ പറ്റിക്കാന്‍ ഒരു ദിനം .അതെല്ലാം അവര്‍ക്കും അറിയാം ..എന്നാലും പേടിക്കാനുള്ളത്‌ പേടിച്ചല്ലേ പറ്റൂ ..
  മാനെജര്‍മാരുടെ ഭരണം ഒന്നും ഇപ്പോള്‍ നടപ്പില്ലെന്ന് തോന്നുന്നു :) .

  ReplyDelete
 2. കഥ നന്നായിട്ടുണ്ട്.കുട്ടപ്പന്‍ മാഷ് ആളു കൊള്ളാം.
  ഇതു വായിച്ചിരുന്നോ?
  നോക്കിയാലും

  ReplyDelete
 3. ഏതാനും ദിവസം നല്ല ചൂടുള്ള പനി ആയിരുന്നു. പനി മാറിയിട്ട് നോക്കിയപ്പോൾ കമ്പ്യൂട്ടറിനും ഒരു വിറയൽ. എല്ലാം മാറിയശേഷം ആദ്യമെ എഴുതിയ അനുഭവം പകർത്തിയതാണ്.
  @രമേശ്‌ അരൂര്‍-,
  ഏതാനും വർഷം മുൻപ് നമ്മുടെ പ്രൈമറി വിദ്യാലയത്തിൽ പഠിച്ചവർക്കും പഠിപ്പിച്ചവർക്കും ഇതുപോലുള്ള അനുഭവങ്ങൾ കാണും. അഭിപ്രായം എഴുതിയതിന് നന്ദി.
  @ജനാര്‍ദ്ദനന്‍.സി.എം-,
  സംഭവം വായിച്ചു. ഇതുപോലെ ഓർമയിൽ ധാരാളം ഉണ്ടാവുന്നത് ഭാഗ്യമാണ്. അഭിപ്രായം എഴുതിയതിന് നന്ദി.

  ReplyDelete
 4. കുട്ടപ്പൻ മാഷ് ആളു കൊള്ളാല്ലോ.

  ReplyDelete
 5. ടീച്ചറേ.. അവസാനത്തെ പറ്റിക്കല്‍ നന്നായി. ഒരു കാര്യം മാത്രം ടീച്ചര്‍ പറഞ്ഞില്ല.. ഈ എ.ഇ.ഒ ആ സ്കൂളിലെ മിനി ടീച്ചറുടെ ക്ലാസില്‍ മാത്രം വന്നില്ലേ :):)

  ReplyDelete
 6. സ്കൂള്‍ അനുഭവങ്ങളിലൂടെ ഒന്ന് കടന്നു പോയി....ചിരിക്കാനും ചിന്തിക്കാനും പ്രേരിപ്പിച്ച പോസ്റ്റ്‌...
  ഓണാശംസകളോടെ.....

  ReplyDelete
 7. നന്നായിരിക്കുന്നു.. ഒരു സിനിമയില്‍ വരാവുന്ന ഒരു തകര്‍പ്പന്‍ ക്യാരക്ടറാണ് കുട്ടപ്പന്‍ മാഷിന്‍റ്റേത്.. ആശംസകള്‍!

  ReplyDelete
 8. കഥ നന്നായിട്ടുണ്ട് . ഒരു രണ്ടാംഭാഗം പ്രതീക്ഷിക്കുന്നു.

  ReplyDelete
 9. പ്രിയ മിനി ടീച്ചര്‍,

  ഇന്നലെ തന്നെ ഇത് വായിച്ചു എങ്കിലും മറുപടി എഴുതാന്‍ ഇപ്പോഴെ തരമായുള്ളൂ. സംഗതി നന്നായിട്ടുണ്ട്.

  ReplyDelete
 10. കുട്ടപ്പന്‍ മാഷിനെ ഒത്തിരി ഇഷ്ടപ്പെട്ടു. ഇതു സിനിമയാക്കിയാല്‍ ആ ഭാഗം നെടുമുടി വേണുവിനു കൊടുക്കാം!. പിന്നെ മനോരാജ് പറഞ്ഞ പോലെ ആ മിനി ടീച്ചറെ എവിടെയും കണ്ടില്ല. പേടിച്ചിട്ട് എവിടെയെങ്കിലും ഒളിച്ചതാവും!.

  ReplyDelete
 11. @കുമാരന്‍ | kumaran-,
  കുട്ടപ്പന്മാർ സ്ക്കൂളുകളിൽ സുലഭം. അഭിപ്രായം എഴുതിയതിന് നന്ദി.
  @Manoraj-,
  അതിപ്പൊ എങ്ങനെയാ പറയുക, ആ ക്ലാസ്സും കൊളമാണ്,, കൊക്കൊളം. അഭിപ്രായം എഴുതിയതിന് നന്ദി.
  @ലീല എം ചന്ദ്രന്‍..-,
  അനുഭവങ്ങൾ പലവിധം ഉലകിൽ സുലഭം. അഭിപ്രായം എഴുതിയതിന് നന്ദി.
  @സ്വന്തം സുഹൃത്ത്-,
  ഇങ്ങനെയൊരു സുഹൃത്തിനെയാണ് കാത്തിരിക്കുന്നത്, അഭിപ്രായം എഴുതിയതിന് നന്ദി.
  @കരിപ്പാറ സുനില്‍-,
  ഒന്നിന്റെ ക്ഷീണം തീരട്ടെ, അടുത്തത് പ്രതീക്ഷിക്കാം. അഭിപ്രായം എഴുതിയതിന് നന്ദി.
  @Gurudas Sudhakaran-,
  മറുപടി ഓർമ്മിച്ച് എഴുതിയതിന് നന്ദി.
  @Mohamedkutty മുഹമ്മദുകുട്ടി-,
  നെടുമുടി വേണുവിന് നന്നായി യോജിക്കും. അന്നത്തെ താരം കുട്ടപ്പൻ മാസ്റ്റർ ആയിരുന്നു. അഭിപ്രായം എഴുതിയതിന് നന്ദി.

  ReplyDelete
 12. കുട്ടപ്പന്‍ മാഷിനെ ഒത്തിരി ഇഷ്ടപ്പെട്ടു.സ്കൂള്‍ അനുഭവങ്ങളിലൂടെ ഒന്ന് കടന്നു പോയി...

  ഓണാശംസകളോടെ.....

  ReplyDelete
 13. ഇങനെ ഒരു മാഷ് എനിക്കുണ്ടായില്ലല്ലോ ഈശ്വരാ!!

  ReplyDelete
 14. “...…അഥവാ ചീറ്റിംഗ് നോട്ട്“ അതു കലക്കി!
  കുട്ടപ്പന്മാസ്റ്ററുടെ പരിസ്ഥിതി പഠനവും കക്കലക്കി.

  ReplyDelete
 15. നല്ല കഥ...അല്പം നീളം കൂടിയോ?ഓണാശംസകള്‍.

  ReplyDelete
 16. കുട്ടപ്പചരിതം അസ്സലായി....

  ഓണാശംസകളോടെ.........

  ReplyDelete
 17. @കുഞ്ഞൂസ് (Kunjuss)-,
  അഭിപ്രായം എഴുതിയതിന് നന്ദി.
  @ബാബേട്ടന്‍-,
  ഇങ്ങനെയൊരു മാഷ് ഉണ്ടായിരുന്നു, അഭിപ്രായം എഴുതിയതിന് നന്ദി.
  @ഇ.എ.സജിം തട്ടത്തുമല-,
  ഇതെല്ലാം ഒരു തട്ടിപ്പല്ലെ, അത് കുട്ടപ്പൻ മാസ്റ്റർക്ക് അറിയാം. അഭിപ്രായം എഴുതിയതിന് നന്ദി.
  @Areekkodan | അരീക്കോടന്‍-,
  അല്പം നീളം കൂടിയിട്ടുണ്ട്, ചുരുക്കാൻ പറ്റിയില്ല. അഭിപ്രായം എഴുതിയതിന് നന്ദി.
  @ponmalakkaran | പൊന്മളക്കാരന്‍-,
  കുട്ടപ്പചരിതം ഇനിയും സ്വീകരിക്കുമെന്ന് വിശ്വസിക്കുന്നു. അഭിപ്രായം എഴുതിയതിന് നന്ദി.

  ReplyDelete
 18. കുട്ടന്മാഷെ ഇഷ്ടായി ടീച്ചറെ.

  ReplyDelete
 19. കുട്ടപ്പൻ മാഷിനെപ്പോലെ ഒരു കഥാപാത്രം നെടുമുടിവേണു ഏതോ സിനിമയിൽ അവതരിപ്പിച്ചിതായി ഓർക്കുന്നൂ...മിനിടീച്ചറിന്റെ ഓർമ്മകൾ ഇനിയും ഇവിടെ പടരട്ടെ...നർമ്മമായി,ചിന്തയായി,കഥകളായി....എല്ലാ ഭാവുകങ്ങളും.....

  ReplyDelete
 20. കുട്ടപ്പൻ മാഷ് മിടുക്കനാണല്ലോ.
  നന്നായി എഴുതി കേട്ടോ. അഭിനന്ദനങ്ങൾ.

  ReplyDelete
 21. പല അധ്യാപകര്‍ക്കും മാതൃകയാക്കാവുന്ന ഒരാളാണല്ലോ ഈ കുട്ടപ്പന്‍ മാസ്റ്റര്‍....നന്നായിരിയ്ക്കുന്നു-അഭിനന്ദനങ്ങള്‍.

  ReplyDelete
 22. Ithu vaayikkan vittu poyirunnu. Vaayanayiludaneelam kuttappan maashinte roopam manasil kanan patti tto. Nalla post :)

  Aashamsakalode
  http://jenithakavisheshangal.blogspot.com/

  ReplyDelete
 23. Ithu vaayikkan vittu poyirunnu. Vaayanayiludaneelam kuttappan maashine manasil kanan patti tto. Nalla post :)

  Aashamsakalode
  http://jenithakavisheshangal.blogspot.com/

  ReplyDelete
 24. Ithu vaayikkan vittu poyirunnu. Vaayanayiludaneelam kuttappan maashine manasil kanan patti tto. Nalla post :)

  Aashamsakalode
  http://jenithakavisheshangal.blogspot.com/

  ReplyDelete
 25. മിനിടീച്ചരെ കലക്കീട്ടോ
  ' ചെമ്മനം ചാക്കോയുടെ ' 'ഒടിഞ്ഞ വില്ല്' (എന്നാണെന്ന് തോന്നുന്നു) എന്ന കവിത ഓര്‍മയില്‍ വന്നു

  ReplyDelete
 26. കുട്ടപ്പന്‍ മാസറ്റര്‍ കലക്കിയിട്ടുണ്ട്. അഭിനന്ദനങ്ങള്‍

  ReplyDelete
 27. Ending Punch Super ayi. Anne Kuttappan Maashu DPEP paddana reethi thudangiyalle :D :D

  ReplyDelete

എന്റെ മനസ്സിലെ ഈ കൊച്ചു മിനിലോകത്തിലേക്ക് എല്ലാവര്‍ക്കും സ്വാഗതം.