“മിനിലോകം”

ഞാന്‍ മിനി... എന്റെ മനസ്സ് എന്റെ ലോകമാണ്. എന്റെ മനസ്സില്‍(ഓര്‍മ്മയില്‍) തങ്ങിനില്‍ക്കുന്ന കാര്യങ്ങള്‍,വേണ്ടതും വേണ്ടാത്തതും ഞാന്‍ ഇവിടെ പകര്‍ത്തുന്നു. ഇതു വായിക്കാം, അഭിപ്രായം എഴുതാം. ജീവിതത്തില്‍ നിന്നും ഞാന്‍ കണ്ടെത്തിയ ധാരാളം ചെറിയ‘വലിയ’ സംഭവങ്ങള്‍ ഉണ്ട്. അവയെല്ലാം ചിത്രങ്ങളോടൊപ്പം ഇവിടെ അവതരിപ്പിക്കുന്നു. എന്റെ ലോകത്തേക്ക് “മിനിലോക”ത്തിലേക്ക് ഞാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു... ചിരിക്കാം, കളിക്കാം, ചിന്തിക്കാം... എന്ന് നിങ്ങളുടെ: mini//മിനി

February 23, 2012

ആകാശം നഷ്ടപ്പെട്ടവർ


ഇന്നലെ,
‘എനിക്കുണ്ടൊരു ആകാശം
നിനക്കുണ്ടൊരു ആകാശം
നമുക്കുണ്ടൊരു ആകാശം’
                  ഏതാനും വർഷം മുൻപ്‌വരെ നമുക്കൊരു ആകാശം ഉണ്ടായിരുന്നു. അതിരാവിലെ കിഴക്ക്, അരുണകിരണങ്ങൾ ചിതറിയിട്ട് സൂര്യൻ ഉദിച്ചുയരുന്ന ആകാശം. തലക്കുമീതെ സഞ്ചരിക്കുന്ന സൂര്യൻ പകൽമുഴുവൻ ആകാശം കീഴടക്കിയിട്ട് പടിഞ്ഞാറ് അസ്തമിക്കാൻ നേരത്ത്, ദൃശ്യപ്രഭ ചൊരിഞ്ഞ വർണ്ണമനോഹരമായ സന്ധ്യാകാശം ഇരുട്ടിന് വഴിമാറിക്കൊടുക്കുന്നതോടെ നക്ഷത്രങ്ങളുടെ വരവായി. കറുത്ത ആകാശത്ത് മുത്തുകൾ വാരിവിതറിയതുപോലുള്ള നക്ഷത്രപ്രഭയെ നിഷ്പ്രഭമാക്കിയിട്ട്, ചിലദിവസങ്ങളിൽ ചന്ദ്രൻ സ്ഥാനം പിടിച്ചിരിക്കും. അത് അരിവാൾ പോലെയുള്ള ചന്ദ്രക്കലയാവാം, അർദ്ധചന്ദ്രനാവാം, ഇരുട്ടിനെ കീറിമുറിച്ച് വെള്ളിവെളിച്ചം വിതറുന്ന പൂർണ്ണ ചന്ദ്രനാവാം. നേരം പുലരാറാവുമ്പോൾ സൂര്യന്റെ വരവറിയിച്ചുകൊണ്ട് അരുണോദയം പ്രത്യക്ഷപ്പെടുന്നതോടെ നക്ഷത്രങ്ങളും ചന്ദ്രനും പോയ്‌മറയുന്നു.
                               വർഷങ്ങൾക്ക് മുൻപ് ഒരു രാത്രി, അദ്ധ്യാപകനായ വലിയമ്മാവൻ ഏഴ്‌ വയസുള്ള കുഞ്ഞിന് ആകാശത്തെ പരിചയപ്പെടുത്തുകയാണ്. നേരെ മുകളിലോട്ട്‌നോക്കിയാൽ കാണുന്ന നക്ഷത്രകൂട്ടത്തെ ചൂണ്ടിയിട്ട് പറഞ്ഞു,
“അതാണ് കാർത്തിക, അല്പം കിഴക്കുമാറി കാണുന്ന ചുവന്ന നക്ഷത്രം ചേർന്ന കൂട്ടമാണ് രോഹിണി”
ഇതുകേട്ടതോടെ കുഞ്ഞിന്റെ ജിജ്ഞാസ വർദ്ധിച്ചു,
“അപ്പോൾ അശ്വതിയും ഭരണിയും കാണുമല്ലൊ?”
“ഭരണി തലക്കുമീതെ അല്പം പടിഞ്ഞാറ് കാണുന്ന മങ്ങിയ മൂന്ന് നക്ഷത്രങ്ങളാണ്, അതിനപ്പുറം തെങ്ങിന്റെ മറവിലാണ് അശ്വതി”
അശ്വതി, ഭരണി എന്നൊക്കെ പറയുന്നത് ആകാശത്ത് കാണുന്ന നക്ഷത്രങ്ങളാണെന്ന അറിവ് ഉൾക്കൊള്ളാൻ ആ കുട്ടിക്ക് അല്പം പ്രയാസം തോന്നി. അല്പം കൂടി കിഴക്കോട്ട് നോക്കിയപ്പോൾ ചുവന്ന് തിളങ്ങുന്ന നക്ഷത്രത്തിനുനേരെ അവൾ വിരൽ‌ചൂണ്ടി,
“വലിയമ്മാവാ ആ വലിയ നക്ഷത്രം ഏതാണ്?”
“ഓ അതാണോ? അത് തിരുവാതിര, അതിന്റെ തെക്ക് ഭാഗത്തായി അളവുകോൽ‌പോലെ നേർ‌രേഖയിൽ കാണുന്ന മൂന്ന് നക്ഷത്രങ്ങളാണ് ഓറിയോൺസ് ബെൽട്ട്, അതൊക്കെ വലുതാവുമ്പോൾ നിനക്ക് പഠിക്കാം”
പെട്ടെന്ന് അവൾ ആകാശത്തിന്റെ വടക്കെകോണിൽ ചൂണ്ടിയിട്ട് വിളിച്ച്‌പറഞ്ഞു,
“അതാ നോക്ക്, നോക്ക്,, ഒരു നക്ഷത്രം നടക്കുന്നു”
“എവിടെ?”

                       ആദ്യമായി കാണുന്ന അത്ഭുതകാഴ്ച അവർ രണ്ട്‌പേരും നോക്കിനിന്നു. വടക്കുഭാഗത്തുനിന്നും ഒരു നക്ഷത്രം പതുക്കെ സഞ്ചരിച്ച് തലക്കുമുകളിലെത്തിയിട്ട് തെക്കോട്ട് പ്രയാണം ആരംഭിച്ചപ്പോൾ അമ്മാവൻ ‘എന്നെനോക്കിയിട്ട്’ പറഞ്ഞു,
“ഒച്ചയില്ലാത്തതുകൊണ്ട് അത് വിമാനമല്ല, റോക്കറ്റാണ്,, റോക്കറ്റ്; അത് ഇന്നാളൊരു ദിവസം പത്രത്തില് വായിച്ചില്ലെ? റഷ്യക്കാർ ബഹിരാകാശത്ത് റോക്കറ്റയച്ചെന്ന്,, അങ്ങനെ റോക്കറ്റിൽ അവരാദ്യം പട്ടിക്കുട്ടിയെ അയച്ചു, ഇപ്പോൾ മനുഷ്യൻ റോക്കറ്റിൽ കയറി പോകുന്നതാണ് നമ്മൾ കാണുന്നത്”
“അപ്പോൾ ഇനി നമ്മൾക്കും പോയിക്കൂടെ?”
“ഏതാനും വർഷം കഴിഞ്ഞാൽ മനുഷ്യർക്ക് ചന്ദ്രനിൽ പോകാൻ കഴിയും. എന്നിട്ടവിടെ താമസിക്കും”
                          വലിയമ്മാവനാണ് എനിക്ക് ആകാശത്തെ പരിചയപ്പെടുത്തിയത്. ആ പരിചയം വളർന്ന് കൂടുതൽ അടുത്തതോടെ ആകാശക്കാഴ്ച ഒരുകാലത്ത് ജീവിതത്തിന്റെ ഭാഗമായി മാറി. അതിനുമുൻപെ അദ്ദേഹം എനിക്ക് പുസ്തകങ്ങളുടെ ലോകം കാണിച്ചുതന്നിരുന്നു. ലൈബ്രേറിയനായ അദ്ദേഹം പുത്തനായി കൊണ്ടുവരുന്ന പുസ്തകങ്ങൾ പലതും വായനശാലയിലേക്ക് കടന്നുപോയത് എന്റെ കൈകളിലൂടെയും മനസ്സിലൂടെയും ആയിരുന്നു. അതേ പുസ്തകങ്ങളിൽ നിന്ന് ആകാശത്തെയും ഭൂമിയെയും തിരിച്ചറിയാൻ എനിക്ക് കഴിഞ്ഞു.

                            സൂര്യോദയത്തോടെ പക്ഷികളും ശലഭങ്ങളും പങ്കിട്ടെടുത്ത ആകാശം രാത്രികാഴ്ചയിൽ വവ്വാലുകളും നിശാശലഭങ്ങളും രാപക്ഷികളും കൈയ്യേറുന്നു. അതിമനോഹരങ്ങളായ ആകാശകാഴ്ച ഒരുകാലത്ത് മനുഷ്യന് ലഭ്യമായിരുന്നു.
അശ്വതി, ഭരണി തുടങ്ങിയവ കൂടാതെ, മേഡം, ഇടവം തുടങ്ങിയ നക്ഷത്രക്കൂട്ടങ്ങളും ആകാശത്തുനോക്കിയിട്ട് ഞാൻ തിരിച്ചറിഞ്ഞിരുന്നു. ഒരോ കാലത്തും രാത്രിയിലെ ആകാശത്ത് കാണാൻ കഴിയുന്ന ഗ്രഹങ്ങളെ നോക്കുന്ന പതിവും അന്ന് ഉണ്ടായിരുന്നു. മേഘാവരണമില്ലാത്ത ആകാശത്തിന്റെ വടക്കെയറ്റത്ത് കാണപ്പെടുന്നത് ധ്രുവനക്ഷത്രം. അതിനുചുറ്റും കറങ്ങുന്ന സപ്തർഷികളെ ചിലകാലങ്ങളിൽ വ്യക്തമായി കാണാം. ഭൂമിയുടെ കറക്കവും അതിനോട് അനുബന്ധിച്ച് ചന്ദ്രന്റെ വൃദ്ധിക്ഷയവും എല്ലാം പുസ്തകങ്ങളിൽ നിന്ന് പഠിച്ചത് (പാഠപുസ്തകങ്ങളല്ല) നേരിട്ടറിഞ്ഞ ഒരു കാലം ഉണ്ടായിരുന്നു.
രണ്ടാം ക്ലാസ്സിൽ പഠിച്ചുകൊണ്ടിരിക്കുന്ന ഒരു ദിവസം,
കുട്ടികൾ കളിച്ചുകൊണ്ടിരിക്കെ ഒരു ശബ്ദം,, പെട്ടെന്ന് ഒരുത്തൻ വിളിച്ചുകൂവി,
“അതാ വിമാനം”
അവൻ ചൂണ്ടിയ ഭാഗത്തുനോക്കി മറ്റുള്ളവരും പറഞ്ഞു,
“അതാ, അതാ,,,”
മേഘപാളികൾക്കടിയിലൂടെ പതുക്കെ സഞ്ചരിക്കുന്ന വിമാനം അക്കാലത്ത് അവർക്കൊരു കൌതുകകാഴ്ചയാണ്. എല്ലാറ്റിലും പുതുമ കണ്ടെത്തുന്ന ഒരു കാലം, കാരണം ഇന്ന് നിത്യേനകാണുന്ന പലതും അന്ന് അപൂർവ്വമായിരുന്നു.

                         ആകാശനഗരം പണിയുന്ന ഇന്നത്തെ തലമുറക്ക് ആകാശം നഷ്ടപ്പെട്ടിട്ട് വർഷങ്ങൾ കഴിഞ്ഞു. മനുഷ്യന് സൌന്ദര്യക്കാഴ്ചകൾ ഭൂമിയിലേത് മാത്രമല്ല, ആകാശത്തിലുള്ളതും നഷ്ടപ്പെട്ടുകഴിഞ്ഞു. സൌരയൂഥത്തിന്റെ അതിരുകൾ കടന്ന് മനുഷ്യസന്ദേശങ്ങൾ സഞ്ചരിക്കുമ്പോൾ അതിനിടയിൽ എന്ത് ആകാശകാഴ്ചയാണുള്ളത്. നക്ഷത്രങ്ങളെയും ഗ്രഹങ്ങളെയും നോക്കി ദിക്കുകളും കാലങ്ങളും ഗണിച്ചിരുന്ന മനുഷ്യന്റെ പിൻ‌ഗാമികൾക്ക് ഇന്ന് എല്ലാം യാന്ത്രികമാണ്.

ഇപ്പോൾ എനിക്കൊരു സംശയം; 
ചന്ദ്രൻ ഇപ്പോഴും ആകാശത്തുതന്നെയുണ്ടോ?
എന്നിട്ടെന്തേ ചന്ദ്രികയിൽ മുങ്ങിയ ഭൂമി എനിക്ക് കാണാനാവാത്തത്?
രാത്രിയിൽ വൈദ്യുതവിളക്കുകളുടെ പ്രഭയിൽ പൊടിപടലങ്ങൾ നിറഞ്ഞ ആകാശത്ത് ഇപ്പോഴും നക്ഷത്രങ്ങൾ ഉദിക്കാറുണ്ടോ?
പണ്ടത്തെപോലെ കാർത്തികയും രോഹിണിയും സിറിയസും ഭൂമിയെനോക്കി ചിരിക്കാറുണ്ടോ?
തിരക്കിനിടയിൽ നമുക്കത് നോക്കാനും കണ്ടെത്താനും നേരമുണ്ടോ?

ഒരു സൂര്യഗ്രഹണദിവസം,
സൂര്യനെ നേരിട്ട് നോക്കാനാവില്ലെങ്കിലും ഗ്രഹണക്കാഴ്ച നേരിൽ‌കാണാനായി മുത്തശ്ശി പരന്ന പാത്രത്തിലെ വെള്ളത്തിൽ കരിയും മണ്ണും കലക്കി വെക്കുന്നു. പണ്ട് ചാണകം കലക്കിവെച്ച് സൂര്യഗ്രഹണം നോക്കിയപ്പോൾ ചന്ദ്രൻ സൂര്യനു മുന്നിൽ പ്രത്യക്ഷപ്പെട്ടതും പതുക്കെ അപ്രത്യക്ഷമായതും അവർക്ക് ഇപ്പോഴും ഓർമ്മയുണ്ട്. അങ്ങനെ ഗ്രഹണം ആരംഭിച്ചു; സൂര്യന്റെ ഒരറ്റത്ത് ഇരുട്ട് പരക്കാൻ തുടങ്ങിയപ്പോൾ അകത്തുനിന്നും കൊച്ചുമകൾ വിളിച്ചു പറയുന്നു,
“അമ്മൂമ്മെ, എന്തിനാ ഇങ്ങനെ കൈയ്യൊക്കെ വൃത്തികേടാക്കുന്നത്? ഇവിടെവന്നാൽ ടീവിയിൽ ലൈവ് ആയി ഗ്രഹണം കാണാലോ”
അതാണ് എളുപ്പം, അതാണ് ഇന്നത്തെ ശരിയായ പാത.
               പുരോഗതിയുടെ പാതയിലേക്കുള്ള കുതിപ്പിൽ നമുക്ക് സ്വന്തമായ അനുഭവങ്ങൾ പലതും നഷ്ടപ്പെടുകയാണ്. അതിലൊന്ന് ആകാശകാഴ്ച തന്നെയാണ്; വർണ്ണമനോഹരമായ നമ്മുടെ ആകാശം.
ഇന്ന്,
‘എനിക്കില്ലൊരു ആകാശം
നിനക്കില്ലൊരു ആകാശം
നമുക്കില്ലൊരു ആകാശം’

50 comments:

  1. ആകാശം കാണാത്തവരും കാണുന്നവരും വായിക്കുക. നഷ്ടപ്പെട്ട ആകാശക്കാഴ്ചയുടെ ഓർമ്മയിൽ എഴുതിയത്,

    ReplyDelete
  2. എന്താപ്പോ പറയ്യാ?
    മാനം നഷ്ടപ്പെടാതിരിക്കട്ടെ.

    ReplyDelete
    Replies
    1. വിധു ചോപ്ര-,
      അഭിപ്രായം എഴുതിയതിന് നന്ദി.

      Delete
  3. ചേരയെ തിന്നുന്ന നാട്ടില്‍ ചെന്നാല്‍ നടുക്കഷ്ണം തിന്നണമെന്നാ..

    ReplyDelete
  4. ടീച്ചറെ കൊള്ളാം ഈ ആകാശ ജാലകം തുറന്നിട്ടുള്ള
    മനോഹരമായ കാഴ്ചാ വര്‍ണ്ണന
    നന്ദി

    ReplyDelete
  5. മനോഹരമീ ആകാശക്കാഴ്ച ...!!

    ReplyDelete
  6. @ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage-,
    @പട്ടേപ്പാടം റാംജി-,
    @മുകിൽ-,
    @P V Ariel-,
    @കുഞ്ഞൂസ് (Kunjuss)-,
    ആകാശജാലക കാഴ്ച കാണാൻ വന്നവർക്കെല്ലാം നന്ദി.

    ReplyDelete
  7. "..നമുക്ക് സ്വന്തമായ അനുഭവങ്ങൾ പലതും നഷ്ടപ്പെടുകയാണ്.
    വെർതേ ങ്ങനെ മാനം നോക്കി നടക്കാം..!!
    ആശംസകൾ ടീച്ചർ..!!

    ReplyDelete
    Replies
    1. @പ്രഭൻ കൃഷ്ണൻ-,
      എന്റെ ഗ്രാമത്തിൽ ഒരുകാലത്ത് കണ്ടിരുന്ന ജീവികളൊക്കെ ഇന്ന് ചിത്രത്തിൽ മാത്രമാണ് കാണുന്നത്. അഭിപ്രായം എഴുതിയതിന് നന്ദി.

      Delete
  8. വെറുതെ ഇങ്ങനെ മാനം നോക്കി നടന്നാല്‍ മതിയോ? നമുക്കും വേണ്ടേ സ്വന്തമായി ഒരാകാശം ?നന്നായി ടീച്ചറെ.

    ReplyDelete
    Replies
    1. @sidheek Thozhiyoor-,
      സ്വന്തം ഹൃദയത്തിൽ സ്വന്തമായ ആകാശത്തെ ഒളിപ്പിക്കണം. അഭിപ്രായം എഴുതിയതിന് നന്ദി.

      Delete
  9. ഇപ്പോൾ എനിക്കൊരു സംശയം;
    ചന്ദ്രൻ ഇപ്പോഴും ആകാശത്തുതന്നെയുണ്ടോ?
    എനിക്കുമുണ്ട് ആ സംശയം.(എന്തായാലും ഒരു ചന്ദ്രന്‍ എന്നോടൊപ്പം ഉണ്ട്.കേട്ടോ)

    ആകാശക്കാഴ്ച വളരെ നന്നായി വിവരിച്ചു.

    ReplyDelete
    Replies
    1. സ്വന്തമായി ഒരു ചന്ദ്രനുള്ളപ്പോൾ ടീച്ചർക്കെന്തിന് മാനത്തെ ചന്ദ്രൻ! അഭിപ്രായം എഴുതിയതിന് നന്ദി.

      Delete
  10. മനോഹരമായ എഴുത്ത്‌ !
    പെട്ടെന്ന് വായിച്ച്‌ തീർന്നു പോയതിലുള്ള വിഷമം അറിയിക്കട്ടെ..
    കൂട്ടത്തിൽ ഒരു ചോദ്യവും - 'രേവതി' നക്ഷത്രം എങ്ങനെയിരിക്കും? (ഞാനൊരു രേവതി നക്ഷത്രക്കാരനായതിലുള്ള ആകാംക്ഷയാണെന്നു കൂട്ടിക്കോള്ളൂ!)

    ReplyDelete
    Replies
    1. @Sabu M H-,
      അശ്വതിയുടെ പടിഞ്ഞാറായി കാണുന്ന പ്രകാശം കുറഞ്ഞ നക്ഷത്രങ്ങളുടെ കൂട്ടമാണ് രേവതി. മഴക്കാറില്ലാത്ത നവമ്പർ മുതൽ മെയ് മാസം വരെയാണ് നക്ഷത്രനിരീക്ഷണത്തിന് പറ്റിയത്. അതിനിടയിൽ തൽക്കുമുകളിൽ വരുന്നവയൊക്കെ ഒരുകാലത്ത് പഠിച്ചിരുന്നു. അഭിപ്രായം എഴുതിയതിന് നന്ദി.

      Delete
  11. Replies
    1. എന്തിനാ എന്റെ കണ്ണുകൾ നിറഞ്ഞത്?
      നമുക്കു വളരെ കുറച്ചുപേർക്കു മാത്രം ഇതൊക്കെ നഷ്ടം....
      നല്ല എഴുത്ത്. നല്ല ഫോട്ടോസ്....

      Delete
    2. @aathman / ആത്മന്‍-,
      അഭിപ്രായം എഴുതിയതിന് നന്ദി.
      @ഉഷശ്രീ (കിലുക്കാംപെട്ടി)-,
      നഷ്ടം നഷ്ടമായി തോന്നുന്നവർക്ക് മാത്രം, അഭിപ്രായം എഴുതിയതിന് നന്ദി.

      Delete
  12. ആകാശമുണ്ട്.....നക്ഷത്രങ്ങളുമുണ്ട്. ചന്ദ്രനും വരുന്നുണ്ട്. അവരൊക്കെ പോയാൽ നമ്മൾ തലയും കുത്തി ചെന്നു വീഴുന്ന അന്ധകാരത്തെപ്പറ്റി ഓർമ്മയില്ലാത്ത മനുഷ്യരുടെ എണ്ണം മാത്രം പെരുകുന്നുവോ എന്നൊരു സംശയം.....

    കുറച്ച് നാൾ മുൻപ്, ഒരു തെങ്ങോലത്തലപ്പിൽ ചന്ദ്രൻ ചായം പുരട്ടുന്നതും ഒരു രാപ്പക്ഷി പാടുന്നതും ആകാശത്ത് കുറച്ച് നക്ഷത്രങ്ങൾ കണ്ണുപൊത്തിക്കളിയ്ക്കുന്നതും അറിയാൻ പറ്റി.....അതൊരു നിർവൃതിയായിരുന്നു.

    മിനിടീച്ചർക്ക് നന്ദി.....ഈ നല്ല എഴുത്തീന്

    ReplyDelete
    Replies
    1. @Echmukutty-,
      എന്റെ കടൽ‌തീരഗ്രാമത്തിൽ രാത്രികളിലും എനിക്ക് നിർഭയം പുറത്തിറങ്ങാൻ ഒരു കാലത്ത് കഴിഞ്ഞിരുന്നു. അന്ന് അടുത്ത വീട്ടിൽ പോയിട്ട് രാത്രി പത്ത് മണിക്ക്ശേഷം തിരിച്ചുവരുന്നതൊക്കെ ഇപ്പോൾ ഓർക്കാൻ ഒരു രസം. പത്രങ്ങളിലൂടെ അറിഞ്ഞ് ഗ്രഹണവും വാൽനക്ഷത്രങ്ങളുടെ വരവും അന്നത്തെ എന്റെ ഗ്രാമീണർ നിരീക്ഷിച്ചിരുന്നു. അഭിപ്രായം എഴുതിയതിന് നന്ദി.

      Delete
  13. ഇന്നത്തെ കുട്ടികള്‍ക്കെന്ത് ആകാശക്കഴ്ച? എല്ലാം ലൈവായി ടീവിയില്‍ നോക്കിയാല്‍ മതിയല്ലോ? ഒരു വിമാനം അടുത്തു കാണുമ്പോള്‍ എന്തു സന്തോഷമായിരുന്നു പണ്ടൊക്കെ? എത്ര കൃഷ്ണപ്പരുന്തുകളെ നോക്കി നിന്നിട്ടുണ്ട്? ജെറ്റ് വിമാനം പോയ പുക മായുന്നത് വരെ നോക്കാറുണ്ടായിരുന്നു. അതെല്ലാം പോയ കാലം. സൂര്യ ഗ്രഹണം കാണാന്‍ ചാണകവെള്ളം കലക്കി വെച്ചതില്‍ എത്ര നോക്കിയിട്ടും അന്നു ഞാന്‍ ചത്ത ഉറുമ്പുകളെ മാത്രമേ കണ്ടുള്ളൂ എന്ന സങ്കടം ഇപ്പോഴുമുണ്ട്. ടീച്ചറുടെ ഈ ഓര്‍മ്മ പുതുക്കല്‍ അസ്സലായി. അഭിനന്ദനങ്ങള്‍!.

    ReplyDelete
    Replies
    1. @Mohamedkutty മുഹമ്മദുകുട്ടി-,
      ആദ്യമായി കണ്ണൂരിൽ വിമാനം വന്നത് കടപ്പുറത്ത് പോയിട്ട് നോക്കിയത്, മരിക്കുന്നതിനു മുൻപ് അമ്മൂമ്മ വിവരിച്ചത് ഇന്നും മനസ്സിലുണ്ട്. കക്ഷി ജനിച്ചത് 1900 ത്തിൽ ആണെന്ന് തോന്നുന്നു. അതൊരു പോസ്റ്റാക്കാൻ തോന്നുന്നു.
      അഭിപ്രായം എഴുതിയതിന് നന്ദി.

      Delete
    2. ടെറസ്സിലെ കൃഷി പിന്നെ കണ്ടില്ല? കൃഷി ഗ്രൂപ്പിലും കാണാറില്ലല്ലോ?

      Delete
  14. നല്ലൊരു ഓർമ്മ പുതുക്കൽ....മാനം,അഭമാനം.....ഒക്കെ പോയ കാലഘട്ടത്തിലാണു നമ്മൾ....ഓരോ നക്ഷത്രങ്ങൾക്കും ഒറോ കഥയുണ്ട്...അതും പലർക്കുമറിയില്ലാ..... ചന്ദ്രനെ ഒരിക്കൾ നമ്മൾ ഈശ്വരനെപ്പോലെ ആരാധിച്ചിരുന്നില്ലേ....ഇന്ന് അവിടെ ചെന്നു നോക്കിയാൽ ,മലയാളിയുടെ വക ഒരു "നായർ വിലാസം ടീ ഷാപ്പ്" കാണും തീർച്ച............മിനിടീച്ചർക്ക് ഭാവുകങ്ങൾ ഈ എഴുത്തിനു....

    ReplyDelete
    Replies
    1. @ചന്തു നായർ-,
      നക്ഷത്രങ്ങൾ തിരിച്ചറിയുന്നതും നക്ഷത്രത്തിന്റെ പിന്നിലുള്ള പുരാണകഥകൾ വായിക്കുന്നതും ഒരു ലഹരിയായിരുന്നു. ഓരോ രാജ്യക്കാർക്കും ഓരോ തരം ഐതീഹ്യകഥകൾ. അമ്പിളിമാമനെ കാണിച്ചുകൊടുത്ത് കുഞ്ഞിനെ താരാട്ടുപാടി ഉറക്കുന്ന കാലമൊക്കെ പോയ്‌മറഞ്ഞു. അഭിപ്രായം എഴുതിയതിന് നന്ദി.

      Delete
  15. “ആകാശനഗരം പണിയുന്ന ഇന്നത്തെ തലമുറക്ക് ആകാശം നഷ്ടപ്പെട്ടിട്ട് വർഷങ്ങൾ കഴിഞ്ഞു. മനുഷ്യന് സൌന്ദര്യക്കാഴ്ചകൾ ഭൂമിയിലേത് മാത്രമല്ല, ആകാശത്തിലുള്ളതും നഷ്ടപ്പെട്ടുകഴിഞ്ഞു. സൌരയൂഥത്തിന്റെ അതിരുകൾ കടന്ന് മനുഷ്യസന്ദേശങ്ങൾ സഞ്ചരിക്കുമ്പോൾ അതിനിടയിൽ എന്ത് ആകാശകാഴ്ചയാണുള്ളത്. നക്ഷത്രങ്ങളെയും ഗ്രഹങ്ങളെയും നോക്കി ദിക്കുകളും കാലങ്ങളും ഗണിച്ചിരുന്ന മനുഷ്യന്റെ പിൻ‌ഗാമികൾക്ക് ഇന്ന് എല്ലാം യാന്ത്രികമാണ്...”
    അതെ മാനം കാക്കാനും,മാനം നോക്കാനും നമ്മളൊക്കെ എന്നേ മറന്നുകഴിഞ്ഞിരിക്കുന്നു അല്ലേ

    ReplyDelete
    Replies
    1. @മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM-,
      മാനം നോക്കുന്ന കാര്യം പെട്ടെന്ന് ഓർത്തപ്പോൾ എഴുതിയതാണ്. മാനം കാണാനേയില്ല.

      Delete
  16. നന്നായിട്ടുണ്ട്. ആശംസകള്‍.

    ReplyDelete
    Replies
    1. @ഫിയൊനിക്സ്-,
      അഭിപ്രായം എഴുതിയതിന് നന്ദി.

      Delete
  17. ഈ സംശയങ്ങളെല്ലാം എനിക്കും തോന്നിത്തുടങ്ങിയിട്ട് കുറച്ച് നാളുകളായിരുന്നു... അതെല്ലാം ടീച്ചർ അക്ഷരം പ്രതി എഴുതിയിരിക്കുന്നു...

    ഓറിയോണിന്റെ തല വടക്ക് ഭാഗത്തേക്കായത് കൊണ്ട് ദിശ കണ്ടുപിടിക്കുവാൻ പണ്ടുള്ളവർക്ക് അതൊരു മാർഗ്ഗമായിരുന്നുവത്രെ...

    മദിരാശിയിൽ പഠിച്ചുകൊണ്ടിരുന്ന കാലത്ത് തുറന്ന ടെറസിലാണ് കിടന്നുറങ്ങാറ്. അന്നത്തെ എന്റെ ഹോബി വാനനിരീക്ഷണമായിരുന്നു... പഴയ ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ട് പോയതിന് പെരുത്ത് നന്ദി ടീച്ചറേ...

    ReplyDelete
    Replies
    1. @വിനുവേട്ടന്‍-,
      ഏതാണ്ട് 5വർഷം മുൻപ് വരെ രാത്രി വീട്ടിന്റെ ടെറസ്സിൽ ഒരു മണിക്കൂർ സമയംവരെ ഒറ്റക്ക് ആകാശം നോക്കി ഏകാന്തതയിൽ ഞാൻ കിടക്കാറുണ്ടായിരുന്നു. ഇന്ന് എനിക്ക് പേടി തോന്നുന്നു. അഭിപ്രായം എഴുതിയതിന് നന്ദി.

      Delete
  18. എനിക്കില്ലൊരു ആകാശം
    നിനക്കില്ലൊരു ആകാശം
    നമുക്കില്ലൊരു ആകാശം’

    ReplyDelete
    Replies
    1. khaadu..-,
      അതാണ് നമ്മുടെ ആകാശം,,
      അഭിപ്രായം എഴുതിയതിന് നന്ദി.

      Delete
  19. ഞാൻ വാനനിരീക്ഷണം തുടങ്ങിയതു തന്നെ നഗരത്തിലേ ഒരു ഫ്ലാറ്റിലേക്ക് താമസം മാറിയതിനു ശേഷമാണ്

    ReplyDelete
    Replies
    1. @പഥികൻ-,
      നല്ലത്,, അങ്ങനെ ആകാശം നോക്കാമല്ലൊ,
      അഭിപ്രായം എഴുതിയതിന് നന്ദി.

      Delete
  20. നല്ല പോസ്റ്റ്‌.

    ReplyDelete
  21. നഷ്ടങ്ങൾ മാത്രം സ്വന്തമായിക്കൊണ്ടിരിക്കുന്ന ആധുനികതലമുറയുടെ മനസ്സുകളിൽ ആകാശവും ഭൂമിയും പ്രകൃതിയും എന്നേ മരിച്ചുകഴിഞ്ഞിരിക്കുന്നു. ഇന്റർനെറ്റിന്റെയും, ഐഫോണുകളുടെയും ആധുനികമായ ടെക്നോളജികളൂടെയും വലക്കുരുക്കിലേയ്ക്ക് ഒരു തലമുറ അറിയാതെ വീണുകൊണ്ടിരിയ്ക്കുമ്പോൾ നഷ്ടമായിക്കൊണ്ടിരിക്കുന്ന പ്രകൃതിയെക്കുറിച്ചോർക്കുവാൻ- അതിന്റെ നഷ്ടസൗന്ദര്യങ്ങളെക്കുറിച്ചോർത്ത് സങ്കടപ്പെടുവാനും സങ്കടപ്പെടുത്തുവാനും ഇങ്ങനെ കുറച്ചുപേരെങ്കിലും ഉണ്ടല്ലോ എന്നോർക്കുമ്പോൾ ഒരു ആശ്വാസം...പക്ഷെ എത്ര നാൾ...? അതു മാത്രം അറിയില്ല...വളരെ നന്ദി ഇങ്ങനെ ഒരു വായന തന്നതിന്. ആശംസകളും നേരുന്നു.

    ReplyDelete
  22. നഷ്ടസൗന്ദര്യങ്ങളെ കുറിച്ച് ഒരു ഓർമ്മപ്പെടുത്തൽ...
    ടീച്ചറെ നന്നായിരിക്കുന്നു.. ആശംസകൾ..

    ശിവരാത്രിക്ക് പായസം തരാന്ന് പറഞ്ഞിരുന്നു...............

    ReplyDelete
    Replies
    1. @ponmalakkaran | പൊന്മളക്കാരന്‍-,
      പായസം വെച്ചിരുന്നു,, ആളെ കണ്ടില്ല.
      അഭിപ്രായം എഴുതിയതിന് നന്ദി.

      Delete
  23. മാനത്തെ കാഴ്ചകള്‍ ...അത് ഒരു കാഴ്ച തന്നെ ..വിസ്മയ കാഴ്ചകള്‍

    ReplyDelete
    Replies
    1. @MyDreams-,
      അഭിപ്രായം എഴുതിയതിന് നന്ദി.

      Delete
  24. അനിഷ്ടമായി മാറാത്ത ഒരിഷ്ടം ..എന്നും..ആകാശം നോക്കിയിരിക്കാന്‍ .

    നല്ല ചിത്രങ്ങളും നല്ല എഴുത്തും .ആശംസകള്‍ ടീച്ചര്‍

    ReplyDelete
  25. അനിഷ്ടമായി മാറാത്ത ഒരിഷ്ടം ..എന്നും..ആകാശം നോക്കിയിരിക്കാന്‍ .

    നല്ല ചിത്രങ്ങളും നല്ല എഴുത്തും .ആശംസകള്‍ ടീച്ചര്‍

    ReplyDelete
  26. ‘ആകാശജാലകത്തിൽക്കൂടി നോക്കിയത് ഇപ്പോഴാണ്. ആദ്യവിമാനം ഇറങ്ങിയതിനെപ്പറ്റി അമ്മൂമ്മ വിവരിച്ചതുകൂടി എഴുതണം. സത്യത്തിൽ മനുഷ്യനും ചന്ദ്രനും തമ്മിലുള്ള ഇന്നത്തെ ‘അവസ്ഥാന്തരങ്ങൾ’ നല്ലതുപോലെ വിവരിച്ചിരിക്കുന്നു. വായിച്ചുവന്നപ്പോൾ, ഞാൻ തീരെ കുട്ടിയായിരുന്നപ്പോൾ എന്റെ അച്ചാമ്മയുടെ കഥപറച്ചിലിൽ മുഴുകി. അഭിനന്ദനങ്ങൾ റ്റീച്ചറേ.....

    ReplyDelete
  27. @ധനലക്ഷ്മി പി. വി.-,
    അഭിപ്രായം എഴുതിയതിന് നന്ദി.
    @വി.എ || V.A-,
    ആദ്യവിമാനം മാത്രമല്ല, റേഡിയോ, ടീവി, ടെലിഫോൺ, വൈദ്യുതി എല്ലാറ്റിനും കഥയും ചരിത്രവും ഉണ്ട്.
    അഭിപ്രായം എഴുതിയതിന് നന്ദി.

    ReplyDelete
  28. ആകാശ കാഴ്ചകള്‍ എത്ര മനോഹരം. പക്ഷെ അതാസ്വദിക്കാനുള്ള ശുദ്ധമായ മനസ്സും തെളിഞ്ഞ അന്തരീക്ഷവും നമുക്ക് കൈമോശം വന്നു പോയിരിക്കുന്നു. എല്ലാവരും തിരക്കിലാണ്. സന്ധ്യാനേരത്ത് അല്‍പ നേരം മുറ്റത്തു ഇറങ്ങി നിന്നു നല്ല വായു ശ്വസിക്കാനും ആകാശത്തിന്റെ അനന്ത വിശാലതയിലേക്ക്‌ മനസ്സ് തുറന്നിടാനും സമയമെവിടെ.

    എന്‍റെ മകളേ ഒക്കത്തിരുത്തി ഞാന്‍ നക്ഷത്രങ്ങളെയും അമ്ബിളിമാമാനെയും കാണിച്ചു കൊടുത്തപ്പോള്‍ ആ മുഖത്തു വിരിഞ്ഞ കൌതുകവും കുഞ്ഞു മനസ്സിലേ സംശയങ്ങളും എന്നെ ഏറെ ആഹ്ലാദിപ്പിച്ചു. അപ്പോള്‍ എനിക്കെന്റെ ശൈശവത്തെ തിരിച്ചു കിട്ടിയപോലെ.

    വളരെ നല്ല പോസ്റ്റ് മിനി ടീച്ചര്‍. ഇക്കാലത്ത് അധികമാരും ചിന്തിക്കാന്‍ മിനക്കെടാത്ത വിഷയം.

    ReplyDelete
  29. ആകാശ കാഴ്ചകള്‍ എത്ര മനോഹരം. പക്ഷെ അതാസ്വദിക്കാനുള്ള ശുദ്ധമായ മനസ്സും തെളിഞ്ഞ അന്തരീക്ഷവും നമുക്ക് കൈമോശം വന്നു പോയിരിക്കുന്നു. എല്ലാവരും തിരക്കിലാണ്. സന്ധ്യാനേരത്ത് അല്‍പ നേരം മുറ്റത്തു ഇറങ്ങി നിന്നു നല്ല വായു ശ്വസിക്കാനും ആകാശത്തിന്റെ അനന്ത വിശാലതയിലേക്ക്‌ മനസ്സ് തുറന്നിടാനും സമയമെവിടെ.

    എന്‍റെ മകളേ ഒക്കത്തിരുത്തി ഞാന്‍ നക്ഷത്രങ്ങളെയും അമ്പിളിമാമനെയും കാണിച്ചു കൊടുത്തപ്പോള്‍ ആ മുഖത്തു വിരിഞ്ഞ കൌതുകവും കുഞ്ഞു മനസ്സിലേ സംശയങ്ങളും എന്നെ ഏറെ ആഹ്ലാദിപ്പിച്ചു. അപ്പോള്‍ എനിക്കെന്റെ ശൈശവത്തെ തിരിച്ചു കിട്ടിയപോലെ.

    വളരെ നല്ല പോസ്റ്റ് മിനി ടീച്ചര്‍. ഇക്കാലത്ത് അധികമാരും ചിന്തിക്കാന്‍ മിനക്കെടാത്ത വിഷയം.

    ReplyDelete
  30. @Akbar-,
    നിൽക്കുന്ന ഭൂമിയെക്കുറിച്ച് ചിന്തിക്കാത്തവർ എങ്ങനെ തലക്കുമുകളിലുള്ള ആകാശത്തെക്കുറിച്ച് ചിന്തിക്കും?
    അഭിപ്രായം എഴുതിയതിന് നന്ദി.

    ReplyDelete

എന്റെ മനസ്സിലെ ഈ കൊച്ചു മിനിലോകത്തിലേക്ക് എല്ലാവര്‍ക്കും സ്വാഗതം.