അന്നൊരു തിങ്കളാഴ്ച, നല്ല ദിവസം. പത്തു മണിക്ക് ക്ലാസ്സുകൾ
ആരംഭിച്ചപ്പോൾ നിശബ്ദമായ വിദ്യാലയ അന്തരീക്ഷത്തിൽ അദ്ധ്യാപകരുടെ രജിസ്റ്റർ തുറന്ന്
പരിശോധിക്കാൻ തുടങ്ങുന്ന ഞാൻ പെട്ടെന്നാണ് മുദ്രാവാക്യം കേട്ടത്,
“കെട്ടിയോനോട് കളിക്കും പോലെ
കുട്ട്യോളോട് കളിച്ചാല്
അക്കളി തീക്കളി നോക്കിക്കോ,
മൂരാച്ചി ഹെഡ്‌ടീച്ചർ രാജി വെക്കുക,
ഹെഡ്‌ടീച്ചറുടെ ഗുണ്ടായിസം അവസാനിപ്പിക്കുക”
എനിക്കാകെ രോമാഞ്ചം പടർന്നുകയറി,,, അദ്ധ്യാപന
ജീവിതത്തിന്റെ അവസാനത്തെ വർഷം ഹെഡ്‌മിട്രസിന്റെ വേഷമണിഞ്ഞ് കണ്ണൂർ ജില്ലയിലെ
എസ്.എസ്.എൽ.സി. വിജയശതമാനം ലാസ്റ്റാമതായ ഈ സർക്കാർ വിദ്യാലയത്തിൽ എത്തിയത് വലിയൊരു
ഭാഗ്യമായെന്ന് തോന്നിയ നിമിഷം. അതുകൊണ്ടല്ലെ എനിക്കുനേരെ ഇതുപോലെയൊന്ന്
കേൾക്കാനായത്,, വിദ്യാർത്ഥികളാണെങ്കിലും അനേകം വ്യക്തികൾ ചേർന്ന് ഞാനെന്ന ഒരു
വ്യക്തിക്കെതിരായി മുദ്രാവാക്ക്യം മുഴക്കുമ്പോൾ മനസ്സിന്റെ ഉള്ളിൽ അനിർവചനീയമായ
ഒരു സന്തോഷം. അത് പേടികൊണ്ടാണോ? ചമ്മൽ കൊണ്ടാണോ? അല്ല അല്ലേയല്ല,,
പിന്നെയോ?
എന്റെ ഉള്ളിൽ ഞാൻ ആരോ ആണെന്നഭാവം ഉയരുകയാണ്,, അപ്പോൾ ഇതുതന്നെയായിരിക്കും ഓരോ
നേതാക്കന്മാർക്കും തോന്നുന്നത്,, ഹൊ, എന്തൊരു രോമാഞ്ചം,, പിന്നെ,, ഈ പിള്ളേര്
വിളിക്കുന്നതൊന്നും എന്റെ കെട്ടിയോൻ കേൾക്കാനിടയില്ലല്ലൊ?
സംഗതി
അവിടെ കിടക്കട്ടെ,, പെട്ടെന്ന് ഞാനെന്റെ തലക്കനം ഊരിമാറ്റിയിട്ട് വെറുമൊരു ഹെഡ്‌മിസ്ട്രസ്
ആയിട്ട് ഇറങ്ങിവന്നു,, ഇരുന്നിടത്തുനിന്നും എഴുന്നേറ്റ് വാതിലിനുനേരെ നടന്ന്
വെളിയിലേക്ക് നോക്കി. ഓഫീസ്‌റൂമിന്റെ വാതിലിനുമുന്നിൽ മുഷ്ടിചുരുട്ടി മുദ്രാവാക്യം
വിളിക്കുന്നത് പതിനഞ്ചോളം ആൺകുട്ടികൾ,, കൂട്ടത്തിൽനിന്നും മുന്നിലുള്ള ഒരുത്തനെ
പിടിച്ച് അകത്തുകയറ്റിയിട്ട് ഞാൻ ചോദിച്ചു,
“എന്തിനാ സമരം? പത്രത്തിലൊന്നും കണ്ടിട്ടില്ലല്ലൊ?”
“ടീച്ചറെ ഇത് നമ്മളുടെ സ്വന്തം കാര്യമാണ്”
“എന്ത് കാര്യമായാലും സമരം ചെയ്യുമ്പോൾ മുൻകൂട്ടി
നോട്ടീസ് തരണമെന്ന് പറഞ്ഞിരുന്നല്ലൊ”
“കടലാസൊക്കെ നമ്മള് കൊണ്ടുവന്നിട്ടുണ്ട്,, ഇതാ
ടീച്ചറെ”
അവൻ തന്ന കടലാസ് ഞാൻ തുറന്നു,, നോട്ടുപുസ്തകത്തിൽ
നിന്നും കീറിയെടുത്ത വരയുള്ള കടലാസിൽ നീലമഷികൊണ്ട് എഴുതിയിരിക്കുന്നു,
‘ഇന്ന് സമരമാ,, ഒമ്പതാം ക്ലാസ്സിലെ ഷാജിയെ ഇന്നുരാവിലെ
സ്ക്കൂളിൽ നിന്നും പൊറത്താക്കിയിരിക്കുന്നു. അവനെ സ്ക്കൂളിൽ കയറ്റണം’
വായിക്കുന്നതിനിടയിലും മുദ്രാവാക്യം തകർക്കുകയാണ്,
“വിദ്യാർത്ഥി ഐക്യം സിന്ദാബാദ്
പിരിച്ചു വിട്ടവനെ തിരിച്ചെടുക്കുക
ഹെഡ്‌ടീച്ചർ നീതി പാലിക്കുക”
പെട്ടെന്ന് വരാന്തയിലിറങ്ങിയ ഞാൻ അവരോട് പറഞ്ഞു,
“ഇന്നുരാവിലെ പൊറത്താക്കിയെന്നോ? അതിന് ഞാനിവിടെ
വന്നതിനുശേഷം ഒരു കുട്ടിയോടും സംസാരിച്ചിട്ടില്ലല്ലൊ”
അതോടെ വിദ്യാർത്ഥിഐക്യം എന്നെ വളഞ്ഞു,
“ടീച്ചറ് നമ്മളെ യൂണിയനിലെ ഷാജിയെ പുറത്താക്കിയിട്ട്
അവനോട് ഇനി സ്ക്കൂളിൽ വരണ്ടാന്ന് പറഞ്ഞല്ലൊ”
“ഷാജിയോ? എന്നിട്ട് അവനെവിടേ?”
“സ്ക്കൂളിന്ന് പൊറത്താക്കിയെന്ന് പറഞ്ഞിട്ട് അവനതാ
ചായപ്പീടികയിൽ ഇരിക്കുന്നുണ്ട്. നമ്മള് വിളിച്ചിട്ടൊന്നും അകത്തു വരുന്നില്ല”
“അതിനാണോ സമരം?”
“അതെ, നമ്മളിലൊരുത്തനെ തൊട്ടുകളിച്ചാൽ
അക്കളി തീക്കളി നോക്കിക്കോ”
“തീക്കളിയൊക്കെ ഒന്നു നിർത്തിയാട്ടെ,, ഇവിടെയിപ്പം
ആരെയും പുറത്താക്കിയിട്ടില്ല. അങ്ങനെ ആരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ ആ കുട്ടിയെ
ഇങ്ങോട്ട് കൂട്ടിവരിക”
“അതിന് ഓൻ വരുന്നില്ല ടീച്ചറെ”
“വന്നില്ലെങ്കിൽ അവനുവേണ്ടി സമരം ചെയ്യുന്ന
നിങ്ങളെല്ലാവരെയും സ്ക്കൂളിന്ന് ഞാൻ പുറത്താക്കും. അപ്പോൾ അവൻ മാത്രം
ക്ലാസ്സിലിരിക്കും”
അതുവരെ
എന്റെ കെട്ടിയോന്റെ കാര്യം പറഞ്ഞ എന്റെ ശിഷ്യന്മാർ അല്പസമയം കൂടിയാലോചന നടത്തി.
അതിനിടയിൽ അവൻ വന്നു,, സ്ക്കൂളിൽ നിന്നും പുറത്താക്കിയെന്ന് പറയപ്പെടുന്ന ഷാജി,,
രണ്ടുപേരുടെ അകമ്പടിയോടെ വന്ന് തലതാഴ്ത്തി നിൽക്കുന്നവനെ നോക്കിയിട്ട് മറ്റുള്ളവർ
പറഞ്ഞു,
“ടീച്ചറ് ഇവനെയല്ലെ പൊറത്താക്കിയത്; ഇനിയിങ്ങോട്ട്
വരണ്ടായെന്നും പറഞ്ഞില്ലെ?”
തലയുയർത്താതെ മുന്നിൽ നിൽക്കുന്നവന്റെ അടുത്തുപോയി ഞാൻ
ചോദിച്ചു,
“ഇന്നുരാവിലെ സ്ക്കൂളിൽ നിന്നും ഷാജിയെ
പുറത്താക്കിയോ?”
“പൊറത്താക്കി”
ഉത്തരം കേട്ടതോടെ ഞാനൊന്ന് ഞെട്ടി. ഉള്ളിലെ ചമ്മൽ
ഒളിപ്പിച്ചുകൊണ്ട് ഞാൻ വീണ്ടും ചോദിച്ചു,
“ഞാനെപ്പോഴാണ് നിന്നെയിവിടെന്ന് പുറത്താക്കിയത്?”
“എന്നെ പൊറത്താക്കിയത് ടീച്ചറല്ല”
“പിന്നെയാരാണ്?”
“എന്നെ സ്ക്കൂളിന്ന് പൊറത്താക്കിയത് പി.ടി.എ.
പ്രസിഡണ്ടാണ്”
“പി.ടി.എ. പ്രസിഡണ്ടോ? അതെങ്ങനെയാ?”
“ഇന്നുരാവിലെ ഞാൻ സ്ക്കൂളിൽ വന്നിട്ട് ഓഫീസ് റൂമിന്റെ
മുന്നിൽ നിൽക്കുമ്പോഴാണ് പി.ടി.എ. പ്രസിഡണ്ട് വന്നിട്ട് എന്നോട് പറഞ്ഞത്, ‘നിന്നെ
സ്ക്കൂളിൽനിന്നും സസ്പന്റ് ചെയ്തിരിക്കുന്നു. പുസ്തകമെടുത്ത് വീട്ടിലേക്ക്
പോയ്ക്കോ’ എന്ന്”
“അതെങ്ങനെ? എന്നിട്ട് നീയൊന്നും പറഞ്ഞില്ലെ?”
“പറഞ്ഞു, നിങ്ങളാരാ എന്നെ പൊറത്താക്കാൻ, ഇവിടെ
എച്ച്.എം. ഉണ്ടല്ലൊ, എന്നു പറഞ്ഞു”
“എന്നിട്ട് പുസ്തകമെടുത്ത് നീയങ്ങ്
ഇറങ്ങിപ്പോയിട്ടുണ്ടാവും”
“അല്ലാതെ ഇവിടെ നിൽക്കണ്ട എന്നു പറഞ്ഞാൽ ഞാനെന്ത്
ചെയ്യാനാ?”
“നീയൊന്നും ചെയ്യേണ്ട,, പോയി ക്ലാസ്സിലിരുന്നാട്ടെ. ഉം
എല്ലാവരും ക്ലാസ്സിലേക്ക് പോയ്ക്കോ”
“അപ്പോൾ പി.ടി.എ. പ്രസിഡണ്ട്?”
“അതൊക്കെ ഞാൻ ശരിയാക്കാം. ആരൊക്കെ
ക്ലാസ്സിലിരിക്കണമെന്നും ഇരിക്കേണ്ടയെന്നും തീരുമാനിക്കുന്നത് ഹെഡ്‌ടീച്ചറായ
ഞാനാണ്. ക്ലാസിലിരിക്കേണ്ട എന്നുള്ളവർ മാത്രം ഇപ്പോൾ ഇവിടെ നിൽക്കുക.
മറ്റുള്ളവരെല്ലാം പോവുക”
സമരവും
അവധിയും അതോടൊപ്പം ഒരു ദിവസത്തെ ആഘോഷവും പ്രതീക്ഷിച്ച ശിഷ്യഗണങ്ങൾ ഓരോരുത്തരായി
ക്ലാസ്സിലേക്ക് നടന്നപ്പോൾ അവർക്കു പിന്നാലെ സമരം പ്രതീക്ഷിച്ച് കൊതിയോടെ ഇറങ്ങിയ
അദ്ധ്യാപകരും നടന്നു. പെട്ടെന്ന് ഫോണിന്റെ മണിയടി കേട്ടപ്പോൾ അകത്തുകടന്ന ഞാൻ റിസീവർ
ഉയർത്തി ചെവിയിൽ വെച്ചു,
“ഹലോ?”
“ഹലോ, ഇത് ഹൈസ്ക്കൂളല്ലെ? ഹെഡ്‌ടീച്ചറാണോ?”
“അതെ ആരാണ്?”
“ഇത് യൂണിയൻ ഓഫീസാണ്,, ടീച്ചറെന്തിനാ നമ്മളെയൊരു
കുട്ടിയെ സ്ക്കൂളിന്ന് പൊറത്താക്കിയത്?”
“ഇവിടെ ആരെയും പൊറത്താക്കിയിട്ടില്ലല്ലൊ”
“എന്നിട്ടാണോ കുട്ടികൾ സമരം ചെയ്യുന്നത്?”
“ഇവിടെയാരും സമരം ചെയ്യുന്നില്ലല്ലൊ,, ഇതാ
ബെല്ലടിക്കുന്ന ശബ്ദം കേൾക്കുന്നില്ലെ”
“എന്നിട്ട് ഹൈസ്ക്കൂളിന്ന് ഒരു കുട്ടിയെ സസ്പെന്റ്
ചെയ്തിട്ടുണ്ട്. ഇന്ന് സമരമാണെന്നൊക്കെ ഇവിടെ അറിയിച്ചിട്ടുണ്ടല്ലൊ”
“അതിനിവിടെ സമരമൊന്നും ഇല്ലല്ലൊ”
“നിങ്ങളുടെ കുട്ടികളാണ് പറഞ്ഞത്, ഒരുത്തനെ അകാരണമായി പൊറത്താക്കിയെന്നും
അതിന് സമരമാണെന്നും,, പിന്നെ ഇക്കാര്യം നമ്മളെ എം.എൽ.എ. യെ അറിയിച്ചിട്ടുണ്ട്.
അവരിപ്പോൾ ടീച്ചറെ വിളിക്കും”
“എം.എൽ.എ. എന്റെ നാട്ടുകാരനും പരിചയക്കാരനുമാണ്.
അദ്ദേഹം വിളിക്കുമ്പോൾ ഞാൻ കാര്യം പറഞ്ഞോളാം”
ടെലിഫോൺ റിസീവറിൽ വെച്ച് കസാരയിൽ അമർന്നിരിക്കുമ്പോഴാണ് അയാൾ ഓടിവന്നത്.
ആരാണെന്നോ? നമ്മുടെ പി.ടി.എ. പ്രസിഡണ്ട്. വന്ന ഉടനെ ഒച്ചവെച്ചു സംസാരിക്കാൻ
തുടങ്ങി,
“എനിക്കൊരു വിലയും ഇല്ലെ? ഈ സ്ക്കൂളിൽ പി.ടി.എ.
പ്രസിഡണ്ടായിട്ട് ഞാനൊരാൾ ഉണ്ടെന്ന വിചാരം ടീച്ചർക്ക് വേണ്ടെ,, എന്നാലും”
“അതിനിപ്പോൾ എന്തുപറ്റി?”
“കുരുത്തംകെട്ട ഒരുത്തനെ ഞാൻ പൊറത്താക്കിയിട്ട്
അവനെയെങ്ങിനെയാ ടീച്ചറ് കയറ്റി ഇരുത്തുന്നത്?”
“അവനെന്താ കൊഴപ്പം ഉണ്ടാക്കിയത്?”
“അവൻ ആളത്ര ശരിയല്ല ടീച്ചറെ,, പൊറത്താക്കുന്നതാ
സ്ക്കൂളിന് നല്ലത്”
“ആളെത്ര ശരിയല്ല, എന്നു പറഞ്ഞിട്ട് ഒരു കുട്ടിയെ
സ്ക്കൂളിൽ നിന്ന് പുറത്താക്കാൻ നിയമമുണ്ടോ?”
“നിങ്ങളുടെ ഒരു നിയമം,, ഇവിടെ എന്റെ വാക്കിനൊരു വിലയും
ഇല്ലെ? ടീച്ചർക്ക് സ്ക്കൂളിനെപറ്റി വല്ലതും അറിയാമോ? ഇങ്ങനെയാണെങ്കിൽ ഞാനൊന്നും
പറയുന്നില്ല”
വന്നു കയറുമ്പോൾ ഉണ്ടായിരുന്ന ദേഷ്യം ഇരട്ടി ആയതിനുശേഷം നമ്മുടെ പി.ടി.എ. പ്രസിഡണ്ട്
ഇറങ്ങിപ്പോയി. അതാ വീണ്ടും ഫോൺ,,
“ഹലോ?”
“ഹലോ ഇത് എം.എൽ.എ.യാണ്. ഞങ്ങളെ കുട്ടികളെ,,,”
എ.എൽ.എ. തുടരുകയാണ്,,,
അതാണ് എന്റെ വിദ്യാലയം,,, പ്രധാന അദ്ധ്യാപിക ആയി ഒരു
വർഷം ഭരിച്ച എന്റെ പ്രീയപ്പെട്ട വിദ്യാലയം.