‘കടപ്പുറം
പോകാം, ഞണ്ടിനെ പിടിക്കാം,
വെള്ളരിക്ക
തിന്നാം, കറുമുറെ തിന്നാം,
കുന്നിമ്മെ
പോകാം, കൂക്കുവിളിക്കാം,’
ഇതോടൊന്നിച്ചുള്ളത് അറിയാമെങ്കിലും എഴുതുന്നില്ല. കുട്ടിക്കാലത്ത് അമ്മൂമ്മ
പാടുന്നതിൽ കാര്യമുണ്ടെന്ന് ഞങ്ങൾ കടൽതീരവാസികൾക്ക് അറിയാം. സന്ധ്യ കഴിഞ്ഞാൽ
പത്തിലധികം കുറുക്കന്മാർ വയലിലൂടെ ഓടിവന്ന് തോട് മുറിച്ചുകടന്ന് കല്ലിന്റെ പടികൾ
കയറി മുകളിലെത്തുന്നത് എന്റെ വീടിന്റെ മുന്നിലായിരിക്കും. അവിടെയുള്ളവരെ അവഗണിച്ചുകൊണ്ട്
കുളത്തിൻ കരയിലൂടെ നേരെയങ്ങ് പടിഞ്ഞാറോട്ട് ഓടി കടപ്പുറത്ത് എത്തും. അപ്പോൾ അമ്മ
പറയും ‘അകത്തേക്ക് പോ,, കുറുക്കന്മാർ കുട്ടികളെ പിടിക്കും’
അന്നൊന്നും ആരും കുറുക്കന്റെ
പിന്നാലെ ക്യാമറയുമായി പോയിട്ടില്ല,, ഞാനും പോയിട്ടില്ല. കുറുക്കന്മാരെ നമ്മുടെ
വഴിയിൽ കണ്ടുമുട്ടാറാണ് പതിവ്. നിലാവുള്ള രാത്രിയിൽ വീടിന്റെ രണ്ടാം നിലയിൽ തുറന്ന
ജനാലയിലൂടെ താഴോട്ട് നോക്കിയാൽ കുറുക്കന്മാർ മാത്രമല്ല പലതരം രാത്രീഞ്ചരന്മാരെയും
ഞാൻ നിരീക്ഷിച്ചിട്ടുണ്ട്. ഒരുദിവസം രാത്രി 8 മണി നേരത്ത് കടപ്പുറത്ത്
ഇരിക്കുമ്പോൾ ഞാനാദൃശ്യം കണ്ടത്, ‘രണ്ട് കുറുക്കന്മാർ ഞണ്ടിനെ ഓടിച്ചിട്ട്
പിടിക്കുന്നു, തിന്നുന്നു’. പിന്നെ ഒരു കാര്യം, കടൽതീരമാണെങ്കിലും ഇവിടെ പൂഴി
കുറവാണ്,, കരമുഴുവൻ ഉയർന്ന ചെങ്കൽ പാറകളാണ്, മത്സ്യബന്ധനം ചൂണ്ടയിടൽ മാത്രമാണ്. (രാത്രി
ആയാലും ധൈര്യമുണ്ടെങ്കിൽ ഏത് നട്ടപ്പാതിരക്കും പെണ്ണിന് ഇറങ്ങി നടക്കാനുള്ള
സ്വാതന്ത്ര്യം അന്നെന്റെ ഗ്രാമത്തിലുണ്ട്. അക്കാലത്ത് രാത്രി 7.30 ന് എൻ.എച്ച്.
17ൽ ബസ്സിറങ്ങി അര മണിക്കൂർ ടോർച്ചടിച്ച് നടന്ന് വീട്ടിലെത്തുന്ന ആളായിരുന്നു ഞാൻ
(1980കളിൽ),, ഇന്നും അതേദൂരം അതേ സമയത്ത് അതേ ഇടത്തുള്ള വീട്ടിൽ പതിവായി ഓട്ടോയിൽ യാത്ര
ചെയ്യുകയാണ് സഹോദര ഭാര്യ)
ഓ,, കുറുക്കന്മാരുടെ കാര്യം?
കുട്ടിക്കാലത്ത് കുറുക്കന്മാരുടെ കൂവൽ കേൾക്കാത്ത ഒരു രാത്രിപോലും
ഉണ്ടാവാറില്ല. രണ്ടുതരം കൂവൽ ഉണ്ട്. ഒന്ന് കൂട്ടമായുള്ള ഗാനമേളയാണ്,, ഒരുത്തന്റെ
പിന്നാലെ മരുള്ളവരും കൂയ്,,,, കൂയ്,,, എന്ന് കൂവിക്കൂവി അടിച്ചുപൊളിക്കുന്നു.
വീട്ടുപറമ്പിലൂടെ ഓടുമ്പോഴും ചിലനേരത്ത് ഒന്നിലധികം കുറുക്കന്മാർ ചേർന്ന് കൂവുന്നത്
കാണാറുണ്ട്. പിന്നെയുള്ളത് ഒറ്റപ്പെട്ട നീട്ടിയുള്ള കൂവലാണ്,, ഇത് ആദ്യത്തെ
ഗാനമേളയുടെ സ്വരം അല്ല. ഓരിയിടുക എന്ന് പറയുന്ന ഈ കൂവൽ നടത്തുന്നത് ഓരിക്കുറുക്കൻ
എന്ന ഒരു വിഭാഗമാണെന്നും അവരെല്ലാം പെൺകുറുക്കന്മാരാണെന്നും പറഞ്ഞറിവാണ് തീരദേശവാസികൾക്ക്.
ഈ ഓരിയിടൽ നായകളും നടത്തും. ഓരിയിടലിനോടനുബന്ധിച്ച് അതുകേൾക്കുന്ന മനുഷ്യർക്ക്
അപകടം ഉണ്ടാവും എന്നൊരു വിശ്വാസം കൂടിയുണ്ട്. തീരപ്രദേശത്ത് എല്ലാ ദിവസവും
കുറുക്കന്റെ കൂവൽ കേൾക്കുന്ന ഞാൻ പിന്നീട് ഒറിജിനൽ കാട് കൈയേറിയ ഇടത്ത് താമസം
മാറ്റിയപ്പോൾ കുറുക്കന്റെ ശബ്ദം വല്ലപ്പോഴും മാത്രമേ കേൾക്കാറുള്ളൂ. കാട്ടുകോഴിയും
കാട്ടുപൂച്ചയും കാട്ടുമുയലും കറങ്ങി നടന്നിരുന്ന ആ ഇടം ഇപ്പോൾ കണ്ണൂർ
വിമാനതാവളത്തിന്റെ റൺവേ ആയിമാറി.
അപ്പോൾ നമ്മുടെ ശുനകൻ ആര്??
കുട്ടിക്കാലത്ത് (1960 മുതൽ) ഞാൻ കണ്ടിരുന്ന കുറുക്കന്മാർക്ക് നായകളോട് ഒരു
സാദൃശ്യവും ഉണ്ടായിരുന്നില്ല. നീണ്ട രോമങ്ങൾ കുലകളായി ചേർന്ന വാല് നീളത്തിൽ
താഴ്തിയിടും. ഉയരം കുറവ്, ചാരനിറം. ചെവി ഉയർത്തി നോക്കിയശേഷം പെട്ടെന്ന് ഓടിഒളിക്കും.
നായകൾ പിന്നാലെ ഓടിച്ച് ഉപദ്രവിക്കും. അവരെ അടുത്തുകാണുന്നത് കോഴിയെ പിടിക്കാൻ
വരുമ്പോഴാണ്. എന്റെ ഗ്രാമത്തിലെ എല്ലാ വീടുകളിലും അക്കാലത്ത് കോഴിയെ
വളർത്താറുണ്ട്. ഒളിച്ചിരിക്കുന്ന കുറുക്കന്മാർ കോഴിയുടെ പിന്നാലെ ഓടിയിട്ട്
പിടിച്ചശേഷം വയലിലൂടെ ഓടി മറുപുറത്തുള്ള മനുഷ്യവാസമില്ലാത്ത കാവുകളിൽ കടക്കും.
ഒരാൾ പറഞ്ഞ അനുഭവം: കോഴിയെ പിടിച്ച കുറുക്കന്റെ പിന്നാലെ അയാൾ പോയപ്പോൾ
കണ്ടത്, ഒരു മരച്ചുവട്ടിൽ രണ്ട് കുറുക്കന്മാരെയാണ്. മനുഷ്യനെ കണ്ട് കുറുക്കന്മാർ
ഓടിപ്പോയപ്പോൾ അയാൾക്കാകെ സംശയം കോഴിയെ ഇത്രപെട്ടെന്ന് തിന്നാൻ കഴിയുമോ?
ശ്രദ്ധിച്ച് നോക്കിയപ്പോൾ കോഴിയുടെ കാൽ മണ്ണിനടിയിൽനിന്ന് ഉയർന്നിരിക്കുന്നു,, അത്
പിടിച്ചു വലിച്ചപ്പോൾ ചത്തകോഴി മണ്ണിനടിയിൽ,, അതുമായി നേരെ വീട്ടിൽ വന്ന്
കറിവെച്ച് കഴിച്ചു. കുറുക്കന്മാർ കൊന്നജീവിയെ പെട്ടെന്ന് തിന്നാറില്ലെന്നും അത്
മണ്ണിനടിയിൽ കുഴിച്ചിട്ടശേഷം രണ്ടോ മൂന്നോ ദിവസം കഴിഞ്ഞേ തിന്നാറുള്ളൂ എന്നും ഒരു
ശാസ്ത്രപുസ്തകത്തിൽ വായിച്ചത് ഞാൻ ഓർക്കുന്നു.
@അക്കാലത്ത് നമ്മുടെ ഗ്രാമീണർ തരം നോക്കിയിട്ട്
മറ്റു ജന്തുക്കൾ കൊന്നതിന്റെ,, തിന്നതിന്റെ ബാക്കിയൊക്കെ തിന്നുന്ന കാലമാണ്.
അണ്ണാൻ തിന്ന മാങ്ങയുടെ മറുവശം കടിച്ചുതിന്ന ശീലം എനിക്കുണ്ട്. പക്ഷെ കാക്ക
തിന്നത് തിന്നുകയില്ല,, കാരണം കാക്ക അമേധ്യം തിന്നും. കീരി കൊന്നിട്ട കോഴിയെ
കറിവെക്കാറുണ്ട്@
പിന്നെ നമ്മുടെ കുറുക്കന്മാർ മാങ്ങ കശുമാങ്ങ തുടങ്ങിയവയൊക്കെ
തിന്നാറുണ്ടെന്ന് പറയപ്പെടുന്നു. അവരുടെ ഇഷ്ടഭക്ഷണമാണ് വെള്ളരിക്ക,, അതുകൊണ്ട്
വയലിലെ വെള്ളരിത്തോട്ടത്തിനുചുറ്റും മടഞ്ഞ തെങ്ങോലകൊണ്ട് വളച്ച് വേലികെട്ടും. കൂടാതെ
അതിനകത്ത് ആൺകുട്ടികൾ ചെണ്ടകൊട്ടിക്കൊണ്ട് രാത്രിനേരത്ത് കാവൽനിൽക്കും.
അങ്ങിനെയൊരു കാലത്ത് രാത്രിനേരത്ത് വെള്ളരി വയലിൽ കളിച്ചിരുന്നതാണ് വെള്ളരിനാടകം.
എന്തൊക്കെ വേലി കെട്ടിയാലും കുറുക്കൻ വേലിചാടിയിട്ട് വയലിൽ കടന്ന് വെള്ളരിക്ക
കട്ടുതിന്നും. കുറുക്കൻ തൊട്ട വെള്ളരിയാണ് കയ്പുണ്ടാവുന്നത് എന്ന് പറയപ്പെടുന്നു.
ഞാൻ ജീവിച്ചിരുന്ന കടൽതീര ഗ്രാമത്തിൽ കുറുക്കന്മാർ ഇപ്പോഴും ഉണ്ടോ എന്ന്
എനിക്കറിയില്ല. അക്കാര്യം അറിയാൻ ഞാൻ ശ്രമിച്ചില്ല എന്ന് പറയുന്നതാണ് ശരി. അവിടം
വിട്ട് പട്ടണത്തിൽ താമസമാക്കിയപ്പോൾ നഷ്ടപ്പെട്ടത് പലതുമാണ്. കുറുക്കന്റെ ഓരിയിടൽ
പോലെ അക്കാലത്ത് എല്ലാദിവസവും കേൾക്കുന്നതാണ് കുളക്കോഴിയുടെ സന്ധ്യാഗാനം. അതെല്ലാം
അനുഭവിച്ചല്ലാതെ പറഞ്ഞറിയിക്കാൻ ആവാത്തതാണ്.
ഇപ്പോഴും ഒറ്റപ്പെട്ട ഓരിയിടലുകൾ
പട്ടണത്തിലും കേൾക്കാറുണ്ട്. അത് കുറുക്കനാണോ, നായയാണൊ എന്നൊന്നും അറിയാൻ
കഴിഞ്ഞിട്ടില്ല. കുറുക്കനെപ്പോലെ നായയെയും ഞാൻ അകറ്റി നിർത്തിയ മൃഗമാണ്. ഇവിടെ
അഞ്ചരക്കണ്ടി, ചക്കരക്കല്ല് പ്രദേശത്ത് കുറുക്കന്മാരും നായകളും വളരെ ഐക്യത്തിലാണ്.
തെരുവുപട്ടികളുടെ കൂട്ടത്തിൽ ഒന്നോ രണ്ടോ കുറുക്കന്മാരെയും കാണാം. ഒരുദിവസം
എളുപ്പവഴിയിലൂടെ വീട്ടിലേക്ക് പോകുമ്പോൾ നിർമ്മാണത്തിലുള്ള ഒരു വീടിന്റെ സമീപം
പൂഴിയിൽ കിടന്ന് വിശ്രമിക്കുന്ന പത്തോളം നായകളെയും ഒപ്പം രണ്ട് കുറുക്കനെ
പോലുള്ളവരെയും കണ്ടിരുന്നു. എന്റെ വീടിനു മുന്നിലൂടെ നടന്നുപോകുന്ന പട്ടികളുടെ
ഒപ്പം കാണുന്ന കുറുക്കന്മാർ ഒറിജിനൽ ആണോ സങ്കരയിനം ആണൊ എന്ന കാര്യത്തിൽ എനിക്കാകെ
സംശയം ഉണ്ട്.
ചിത്രത്തിൽ കാണുന്ന കുറുക്കന്റെ ഫോട്ടോ ലഭിച്ചത് വലിയന്നൂരിലെ വീടിനു
മുന്നിൽ വെച്ചാണ്. അവന്റെ കൂടെ രണ്ട് നായകളും ഉണ്ടായിരുന്നു. നായകൾ രണ്ടും
വീടിന്റെ മുറ്റത്ത് വരുമെങ്കിലും കുറുക്കൻ അകലെനിന്ന് സംശയത്തോടെ നോക്കും.
ഓടിപ്പോവാറില്ല,, ക്യാമറക്ക് പോസ് ചെയ്യും.
ഇനിയിപ്പോൾ കുറുക്കനും കുറുനരിയും,, Fox,, Jackal,, ഏതാണ് എന്താണ്
എന്നൊക്കെ അന്വേഷിക്കുമ്പോഴേക്കും അവയുടെ വംശം നശിക്കാറായി. കുറുനരി എന്ന ആളെ
ഇവിടങ്ങളിലൊക്കെ പലപ്പോഴും കാണാറുണ്ട്. നായകളിൽ നിന്നും വ്യത്യസ്ഥനായി ചെവിയും
വാലും കാണുമ്പോൾ തിരിച്ചറിയാം. പിന്നെ അവൻ മനുഷനെ അകലെനിന്ന് നിരീക്ഷിക്കാറാണ്
പതിവ്.
കുറുക്കനെ അവസാനമായി ഞാൻ കണ്ടത് ഒരുവർഷം മുൻപാണ്. കടമ്പൂരിലെ വീട്ടിൽ
വെച്ച്,, അടുത്തപറമ്പിൽ കാടുനിറഞ്ഞ ഇടത്തുകൂടി പണ്ടത്തെപ്പോലെ എന്നെ
നോക്കിക്കൊണ്ട് ചുറുചുറുക്കോടെ ഒളിച്ചോടുന്നു. കുട്ടിക്കാലത്ത് ഞണ്ടിനെ പിടിക്കാൻ
പോയവൻ തന്നെ. അതേ നീണ്ടുകുലഞ്ഞ വാല്,, അതേ മുഖം അതേ കണ്ണ്,, അതെ അവനൊരു കുറുക്കൻ
തന്നെ,,
ആരാണ് നായ്ക്കുറുക്കൻ?
അതിന് തെളിവുണ്ടോ?
മറ്റുള്ളവരുടെ മുന്നിൽ ഒരു മറയുമില്ലാതെ നാണവും
മാനവും ഉളുപ്പും ഇല്ലതെ ഇണചേരുന്ന നായ്ക്കൾ കുറുക്കനുമായി അവിഹിതം നടത്തുന്നത്
കണ്ടെത്താൻ അതിന്റെ പിന്നാലെ പോകുന്ന നിരീക്ഷകന് എളുപ്പത്തിൽ കഴിയുമല്ലോ,, അതിനായി
സദാചാര പോലീസൊന്നും ആവണമെന്നില്ല.
******