സ്വന്തം ഗ്രാമത്തിലെ ഹയർ സെക്കണ്ടറി സ്ക്കൂളിൽ പ്രിൻസിപ്പാളായി പ്രമോഷനോടൊപ്പം ട്രാൻസ്‌ഫർ ലഭിച്ച് ചാർജ്ജെടുത്തപ്പോൾ സുധർമ്മ ടീച്ചർ സന്തോഷിച്ചു. 20 വർഷത്തിലധികം അതെ
വിദ്യാലയത്തിൽ ഹൈ സ്ക്കൂൾ വിദ്യാർത്ഥികളെ പഠിപ്പിച്ച ടീച്ചറാണ്. നാട്ടുകാരായ
ചെറുപ്പക്കാരും മുതിർന്നവരുമായി അവർക്ക് ശിഷ്യഗണങ്ങൾ അനേകം പേരുണ്ട്. കൂട്ടത്തിൽ
സ്വന്തം മക്കൾ ഒഴികെ ധാരാളം ബന്ധുക്കളും വീട്ടുകാരും ഉണ്ട്. അവർക്ക് സ്വന്തമായി
മക്കളില്ലെങ്കിലും എല്ലാ കുട്ടികളും അവരുടെ മക്കളാണ്. സഹോദരങ്ങളുടെ മക്കളെ കൂടെ
നിർത്തി സ്വന്തമാക്കി വളർത്തുന്നും ഉണ്ട്.
ഇനി കഥയിലേക്ക്,, അല്ല സംഭവത്തിലേക്ക് വരാം,,
ഒരു തിങ്കളാഴ്ച,, മഴ ചിന്നം ചിന്നം പെയ്യുന്ന
ദിവസം,,
ക്ലാസ് തുടങ്ങി ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ,,
പ്ലസ് ടു ക്ലാസ്സിൽ പഠിക്കുന്ന ഒരു പെൺകുട്ടി
പരിഭ്രമിച്ചുകൊണ്ട് പ്രിൻസിപ്പാളിന്റെ മുറിയിൽ വന്നു. പ്രിൻസിപ്പാൾ ചോദിച്ചു,
“എന്തുപറ്റി, ഇപ്പോൾ ക്ലാസ്സില്ലേ?”
“മാഡം, എനിക്ക് വീട്ടിൽ പോകണം”
“അതിനുമാത്രം എന്തുണ്ടായി?”
“പ്രതിക്ഷിക്കാതെ മെൻസസ് ആയി,, മുൻകരുതൽ
എടുത്തിട്ടില്ല”
“അതൊന്നും പ്രശ്നമില്ല, ഇപ്പോൾ തന്നെ പാഡ്
വരുത്തിതരാം. നമ്മുടെ ലത ടീച്ചറുടെ കൈയിലുണ്ടാവും, കുട്ടി ഇവിടെ ഇരിക്ക്”
ലത നമ്മുടെ പി.ഇ.ടി. ആണ്,, കുട്ടികൾക്ക്
അത്യാവശ്യമായ മരുന്നുകളുടെയും ഫസ്റ്റ് എയിഡുകളുടെയും സൂക്ഷിപ്പുകാരി കൂടിയാണ്.
പക്ഷെ നമ്മുടെ ശിഷ്യക്ക് അതിലൊന്നും തൃപ്തി വന്നില്ല. അവൾക്ക് ഒരേ വാശി,,
“ഈ സമയത്ത് എനിക്ക് വീട്ടിൽ പോയാൽ മതി. ഞാൻ
പോയ്ക്കോളാം”
“അതെങ്ങിനെയാ തനിച്ച് പോകാമോ? വേദനയോ മറ്റോ?”
“വേദനയൊന്നുമില്ല മാഡം, ഞാൻ ബസ്സിന്
പോയ്ക്കോളും”
“വീട്ടിൽ ആരാണുള്ളത്? അമ്മക്ക് നൈറ്റ്
ഡ്യൂട്ടിയാണോ?,,”
“അമ്മയും അച്ഛനും ജോലിക്ക് പോയി. പിന്നെ വീട്
തുറക്കാനുള്ള കീ എന്റെ കൈയിലും ഉണ്ട്”
“അങ്ങിനെ ഒറ്റക്ക് വീട്ടിലിരിക്കാനോ? ഏതായാലും
ഞാൻ പെർമിഷൻ നൽകില്ല”
കുട്ടിയുടെ അമ്മയും അച്ഛനും സർക്കാർ ജീവനക്കാർ
ആണെന്ന് പ്രിൻസിപ്പാളിന് അറിയാം. പകൽ നേരത്ത് വീട്ടിലാരും ഉണ്ടാവില്ലെന്ന ചിന്ത
അവരെ അലട്ടി. അവർ പ്ലസ് ടൂ കാരിയോട് പി.ടി ടീച്ചറായ ലതയെ കണ്ടതിനുശേഷം ക്ലാസ്സിൽ
പോകാൻ പറഞ്ഞെങ്കിലും കുട്ടി നേരെ ക്ലാസിൽ പോയി ഇരുന്നു.
പിറ്റേദിവസം കൃത്യം പതിനൊന്ന് മണി ആയപ്പോൾ പ്ലസ് ടൂ കാരിയുടെ അമ്മ വന്നു.
പ്രിൻസിപ്പാളിനുനേരെ എല്ലാവരും കേൾക്കെ പരാതി പറഞ്ഞു,
“ടിച്ചറൊരു പെണ്ണല്ലേ,, ഒരു പെണ്ണിന്റെ വിഷമം
അറിയാഞ്ഞിട്ടാണോ എന്റെ കുട്ടിയെ വീട്ടിൽ വിടാഞ്ഞത്? അവളെത്ര
വിഷമിച്ചിട്ടുണ്ടാവും?”
പ്രിൻസിപ്പാൾ വിട്ടുകൊടുത്തില്ല. അവർ പറഞ്ഞു,
“നിങ്ങളൊരു അമ്മയല്ലേ,, അടച്ചുപൂട്ടിയ വീട്ടിൽ
വയ്യാത്ത അവസ്ഥയിൽ തനിച്ചൊരു കുട്ടിയെ വിടാൻ പറ്റുമോ? ഇന്നത്തെ കാലത്ത് പെൺകുട്ടിക്ക്
എന്തെങ്കിലും പറ്റിയാൽ”
“എന്റെ മകൾക്ക് ഒന്നും പറ്റുകയില്ല. അവൾക്കതിന്
തന്റേടം ഉണ്ട്. ബ്ലീഡിംഗ് ആയ കുട്ടിയെ അവളുടെ ഇഷ്ടത്തിന് വീട്ടിൽ വിടുകയല്ലേ
ചെയ്യേണ്ടത്. ടീച്ചർ ചെയ്തത് ശരിയായില്ല”
രണ്ടുപേരും തമ്മിലുള്ള തർക്കം തുടരുന്നതിനിടയിൽ
ആ അമ്മ പറഞ്ഞു,
“ടീച്ചർക്ക് കുട്ടികളെപറ്റി എന്തറിയാം,, മക്കളെ
പ്രസവിക്കാത്ത നിങ്ങൾക്ക് മക്കളോട് സ്നേഹം ഉണ്ടാവുകയില്ലല്ലോ”
സുധർമ്മ ടീച്ചർ ഞെട്ടി,, മർമ്മത്തിലാണ്
രക്ഷിതാവ് കൊത്തിയത്.
നട്ടുച്ച നേരത്ത് അടച്ചുപൂട്ടിയ വീട്ടിലേക്ക്
പതിനേഴ് വയസുള്ള പെൺകുട്ടിയെ പറഞ്ഞുവിടാത്ത കുറ്റപ്പെടുത്തലിന്റെ വേദനയിൽ
പ്രിൻസിപ്പാൾ മിണ്ടാതിരുന്നു.
പിൻകുറിപ്പ്:
പിൻകുറിപ്പ്: