“മിനിലോകം”

ഞാന്‍ മിനി... എന്റെ മനസ്സ് എന്റെ ലോകമാണ്. എന്റെ മനസ്സില്‍(ഓര്‍മ്മയില്‍) തങ്ങിനില്‍ക്കുന്ന കാര്യങ്ങള്‍,വേണ്ടതും വേണ്ടാത്തതും ഞാന്‍ ഇവിടെ പകര്‍ത്തുന്നു. ഇതു വായിക്കാം, അഭിപ്രായം എഴുതാം. ജീവിതത്തില്‍ നിന്നും ഞാന്‍ കണ്ടെത്തിയ ധാരാളം ചെറിയ‘വലിയ’ സംഭവങ്ങള്‍ ഉണ്ട്. അവയെല്ലാം ചിത്രങ്ങളോടൊപ്പം ഇവിടെ അവതരിപ്പിക്കുന്നു. എന്റെ ലോകത്തേക്ക് “മിനിലോക”ത്തിലേക്ക് ഞാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു... ചിരിക്കാം, കളിക്കാം, ചിന്തിക്കാം... എന്ന് നിങ്ങളുടെ: mini//മിനി

February 5, 2019

ഇനി ഞാനത് പറയട്ടെ,,


5.2.1969
അതൊരു ദിവസം മാത്രമാണ്,, അന്ന് എന്തായിരിക്കും ആഴ്ച എന്ന് ഓർമ്മയില്ലെങ്കിലും അവധി ദിവസം അല്ല എന്ന് ഉറപ്പിക്കാം. കാരണം,, 50 കൊല്ലം കഴിഞ്ഞിട്ടും ഒരു ദിവസത്തെ ഓർമ്മിക്കാനുള്ള മഹാസംഭവം നടന്നത് കണ്ണൂർ ശ്രീ നാരായണ കോളേജിൽ പ്രീ ഡിഗ്രി സയൻസ് ഗ്രൂപ്പ് ഒന്നാം വർഷം ക്ലാസ്സ് നടന്നു കൊണ്ടിരിക്കുമ്പോഴാണ്. പിന്നീടുള്ള പഠനകാലത്ത് എന്റെ എല്ലാ പുസ്തകങ്ങളുടെ കവറിനുമുകളിലും ഒന്നാം പേജിലും ആ തീയ്യതി ഞാൻ എഴുതിവെക്കാറുണ്ട്.
5.2.69
എന്റെ പിറന്നാൾ പലപ്പോഴും ഞാൻ മറക്കാറുണ്ട്, എന്നാൽ ഫിബ്രവരി അഞ്ച് ഒരു കൊല്ലം പോലും ഞാൻ മറന്നിട്ടില്ല. ആ പതിവ് ഇന്നും അതായത് 50 കൊല്ലത്തിനുശേഷവും തുടരുന്നു. എന്നെ ഞാനാക്കി മാറ്റിയത് ഈ ദിവസത്തിന്റെ ഓർമ്മയാണ്,, നാട്ടിൻ‌പുറത്തുകാരി ആയ ലോകവിവരമില്ലാത്തെ എനിക്ക് ലോകത്തെക്കുറിച്ച് ചിന്തിക്കാനും മത്സരിക്കാനും മറ്റുള്ളവരെ മനസ്സിലാക്കാനും ആ ദിവസം എന്നെ സഹായിച്ചു.
5.2.69
ഞാനെന്റെ കുറ്റവും കുറവുകളും എല്ലാം മറന്നതും ഇവിടെ ഞാൻ എന്ന വ്യക്തി ഒരു വലിയ ആളാണെന്നും എല്ലാവരെക്കാളും മുന്നിലാണെന്നും ഉള്ള ചിന്തയോടെ മത്സരിച്ച് പഠിച്ചതും അദ്ധ്യാപിക ആയതും പെൻഷൻ വാങ്ങി ജീവിക്കുന്നതും കമ്പ്യൂട്ടർ പഠിച്ചതും ഇപ്പോൾ എഴുത്തുകാരി ആയതും എല്ലാം ആ ദിവസം എനിക്കുണ്ടായ അനുഭവത്തിൽ നിന്നും ആയിരുന്നു.
5.2.69
പങ്കെടുക്കുന്ന എല്ലാ മത്സരത്തിലും ഒന്നാം സ്ഥാനം എനിക്ക് ആയിരിക്കണം എന്ന ചിന്ത മനസ്സിൽ കയറിയതും അതിനായി പ്രവർത്തിച്ചതും എന്റെ വിജയത്തിനുവേണ്ടി ഏത് ചെകുത്താനുമായും കൂട്ടുകൂടാനും ആവശ്യമാണെങ്കിൽ അടുപ്പമുള്ളവരേയും വിശ്വസിക്കുന്നവരേയും നിഷ്ക്കരുണം തള്ളാനും എനിക്ക് തന്റേടം ഉണ്ടായത് ആ ദിവസം എനിക്കുണ്ടായ അനുഭവത്തിൽ നിന്നാണ്.
5.2.69
ആ ദിവസം അങ്ങിനെയൊരു അപകടം ഉണ്ടായില്ലെങ്കിൽ ഇന്നു കാണുന്ന ഈ ഞാൻ ഉണ്ടാവുകയില്ല. പിന്നെയോ? പ്രീ ഡിഗ്രി തോറ്റ് പഠിപ്പ് മതിയാക്കി നാട്ടിൻ‌പുറത്ത് ജീവിച്ച് ആദ്യം അന്വേഷിച്ചു വന്ന ഒരുത്തന്റെ ഭാര്യയായി മാറും. കൂലിപ്പണിക്കാരനായ മറ്റൊരു വരുമാനം ഇല്ലാത്ത സ്വന്തമായി വീടില്ലാത്ത അച്ഛന്റെ മകൾ കൂടുതലെന്താണ് പ്രതീക്ഷിക്കേണ്ടത്? മൂന്നോ നാലോ പിള്ളേരെ പെറ്റുകൂട്ടിയതിനുശേഷം അടിയും ഇടിയും കൊണ്ട് മിണ്ടാതെ മറുവാക്ക് പറയാതെ പുസ്തകം വായിക്കാതെ തുലഞ്ഞു പോകുന്ന ജന്മം ആയിരിക്കും എന്റേത്. ഒരിക്കലും ഞാനൊരു ടീച്ചർ ആവാൻ ഇടയില്ല.
5.2.69
അന്നത്തെ ദിവസം എന്ത് സംഭവിച്ചെന്നോ? ആരാണ് ഉപദ്രവിച്ചതെന്നോ?
അന്നത്തെ സംഭവം പൂർണ്ണമായും ഞാൻ തന്നെ ചെയ്ത കുസൃതിയാണ്,, ഈ സംഭവത്തിന്റെ തിരക്കഥയും സംവിധാനവും അഭിനയവും നടത്തിയത് ഞാൻ തന്നെയാണ്. കാണികളായവർ കൂവിയപ്പോൾ സംഗതി കുളമായി. വിദ്യാർത്ഥികളോട് വിരോധമുള്ള അദ്ധ്യാപകനും ഒത്തുചേർന്നപ്പോൾ കോളേജിൽ നിന്നും എന്നെ ഡിസ്‌മിസ് ചെയ്യപ്പെടും എന്ന അവസ്ഥയിൽ എത്തി. ഒടുവിൽ ചെയ്ത വികൃതികളെല്ലാം പ്രിൻസിപാളിനോട് ഏറ്റുപറഞ്ഞ് മാപ്പ് ചോദിച്ച് പ്രശ്നങ്ങൾ പരിഹരിച്ച് എല്ലാം ശരിയാക്കി.
5.2.69
ഇതിലെന്താണ് ഇത്രയും വലിയ കാര്യം?
സഹപാഠികളുടെ പരിഹാസത്തിന് ഞാൻ ജീവനുള്ള ഇരയായി. അടുത്തു നിന്നവരെല്ലാം പെട്ടെന്ന് അകന്നുമാറിയപ്പോൾ ഞാനെന്റെ മുഖം മറക്കാൻ ശ്രമിച്ചു.
സംഭവം നടക്കുന്ന കാലത്ത് എന്റെ ഗ്രാമത്തിൽനിന്നും ആദ്യമായി കോളേജിൽ പഠിക്കാൻ പോയ പെണ്ണ് ഞാനായിരുന്നു. ആണായിട്ടൊരുത്തൻ പഠിക്കുന്നുണ്ടോ എന്ന് അറിയില്ല,, ആണെല്ലാം മനസ്സിന്റെ മറ്റൊരു ലോകത്ത് ആയിരുന്നു,, പിന്നെ പ്രേമം? ജീവിക്കണോ മരിക്കണോ എന്ന് ചിന്തിക്കുന്നതിനിടയിൽ എന്ത് പ്രേമം? എന്റെ ജീവിതത്തിൽ അങ്ങിനെയൊന്നില്ല.
5.2.69
ആ നേരത്ത് കോളേജ്‌ കുമാരി ആയി കടപ്പുറത്തുകൂടി നടന്നിരുന്ന എന്നെ കോളേജിൽ നിന്നും പൊറത്താക്കി എന്ന വാർത്ത നാട്ടുകാർക്കിടയിൽ പടർന്നുപിടിച്ചാൽ എന്തായിരിക്കും എന്റെ പരദൂഷണ ഭാവി???
“എണെ ജാനൂ നീയൊരു കാര്യം അറിയോ?”
“എന്ത് കാര്യാ മാതുഎ,,”
“നമ്മളെ വടക്കേലെ ആ തുള്ളിച്ചിപ്പെണ്ണില്ലെ,,”
“ഏത് തുള്ളിച്ചിയാ?”
“ആ കോളാജിൽ പോന്നോള്”
“ആ, ഓക്കെന്ത് പറ്റീ”
“ഓളെ ആടന്ന് പൊറത്താക്കീന് പോലും”
“ഏട്‌ന്നാ പൊറത്താക്കിയെ മാതുഏ?”
“ഓളെ കോളേജിന്ന് പൊറത്താക്കീന് പോലും”
“അ‌യ് എന്തിനാപ്പാ? ഓളെന്നാ ചെയ്ത?”
“ഓളൊരു പെണ്ണിന്റെ ചേലക്ക് തീവെച്ച് പോലും”
“ഊയീ നീയെന്താണെ പറിന്നെ? പാവാട ഉടുക്കുന്ന ആ പെണ്ണെന്തിനാ ചേലക്ക് തീവെച്ചത്?”
“അയിനും അയിന്റച്ചനും കിട്ടണം,, ആരെങ്കിലും ഇക്കാലത്ത് പെണ്ണിനെ കോളേജിൽ അയക്കുഓ?”
“അല്ലേലും ആ പെണ്ണ് നിലത്തൊന്നുമല്ല നിക്ക്ന്നത്. ഇന്നാളൊരീസം ഓള് കൈയ്യമാങ്ങ പറിക്കാൻ മരത്തിമ്മ കേരീറ്റ് ഞാങ്കണ്ട്”
“എനീപ്പം ഓള് വീട്ടില് മൂലക്കിരിക്കട്ട്,, നീ ബാണേ,, നമ്മക്ക് പോആ,,,”
5.2.69
പുത്തൻ അറിവ് ലഭിച്ച ദിവസം,, എനിക്കൊരു വീഴ്ച പറ്റിയാൽ സഹായിക്കാൻ ആരും ഉണ്ടാവില്ലെന്നും വീഴയിൽ നിന്നും സ്വയം എഴുന്നേറ്റ് നിൽക്കണം എന്നും പഠിപ്പിച്ച ആ ദിവസം ഞാനെങ്ങിനെ മറക്കും? എന്റെ ഭാവി എന്റെ കൈയിലാണെന്നും അത് തൊലഞ്ഞു പോകാതിരിക്കാൻ ഞാനാണ് ശ്രമിക്കേണ്ടതെന്നും പഠിപ്പിച്ച ദിവസം ഞാനെങ്ങിനെ മറക്കും? പൂർവ്വികരിൽ നിന്നും പാരമ്പര്യമായി ലഭിച്ച പണവും പ്രശസ്തിയും ബിഗ് സീറോ അല്ല,,,,
അതൊരു ബിഗ് നെഗറ്റീവ് ആയിരുന്നു,,,
എനിക്ക് ജീവിക്കാനുള്ള പണം, ഞാൻ ഉണ്ടാക്കി,,,
എന്നെ അറിയപ്പെടാനുള്ള ഇടം, അതും ഞാൻ ഉണ്ടാക്കി,,,
എല്ലാം വാശി ആയിരുന്നു,, അതെ വാശി ഇപ്പോഴും തുടരുന്നു.
5.2.69
ആർക്കും ഒന്നും പിടികിട്ടിയില്ല എന്ന് മനസ്സിലായി,,
ഒരു ദിവസം നടന്ന ചെറിയൊരു കാര്യം ആനക്കാര്യം ആക്കി മാറ്റിയിട്ട് അതിന്റെ പേരിൽ ഒന്നും ഇല്ലാത്ത ഞാൻ ജീവിതത്തിൽ എല്ലാം നേടിയെടുക്കാനുള്ള വലിയൊരു പരിശ്രമം നടത്തി.
എന്നിട്ടോ?
ഞാനതിൽ പൂർണ്ണമായി വിജയിച്ചു.
ആദിവസം ഇപ്പോഴും ഞാൻ ഓർക്കുന്നു, ഇന്ന്,,
5.2.2019
*******

December 29, 2018

അണ്ടിക്കൊരട്ടപ്പായസം

പാചകം : വാർത്താസാന്ത്വനം മാസികയിൽ വന്നത്,

         മാങ്ങയും ചക്കയും കശുമാങ്ങയും പേരക്കയും നെല്ലിക്കയും ചെക്കിപ്പഴവും കൊട്ടക്കയും മുള്ളിക്കയും നിലത്ത് മണ്ണിൽ‌വീണത് കഴുകാതെ തിന്നിരുന്ന പഴയകാലത്ത് എലിപ്പനിയും ഡങ്കിപ്പനിയും ചിക്കൻ‌ഗുനിയയും നിപയും ഉണ്ടായിരുന്നില്ല. കമ്പോളവൽ‌ക്കരണം വരുന്നതിനുമുൻപ് ഗ്രാമീണജനതയുടെ ആരോഗ്യം നിലനിർത്തി‌യിരുന്ന പലതരം ഭക്ഷണവസ്തുക്കൾ അന്നുണ്ടായിരുന്നു. അവയിൽ ഒന്നാണ് അണ്ടിക്കൊരട്ടപ്പായസം അതായത് മാങ്ങയണ്ടിപ്പായസം. അല്പം അദ്ധ്വാനിച്ചാൽ ഉണ്ടാക്കാൻ കഴിയുമെങ്കിലും പുത്തൻ തലമുറ പരിഷ്കാരത്തിന്റെ പേരിൽ മറവിയിലേക്ക് തള്ളിക്കളഞ്ഞ ആരോഗ്യകരമായ പായസമാണ് ഇന്നത്തെ വിഭവം.


          അണ്ടിപ്പായസം ഉണ്ടാക്കുമ്പോൾ ആവശ്യമായ പ്രധാന ഐറ്റം മാങ്ങയണ്ടിയാണ്. പഴുത്ത മാങ്ങ തിന്നതിനുശേഷമുള്ള മാങ്ങയണ്ടിക്ക് കണ്ണൂരിലെ ഗ്രാമീണർ അണ്ടിക്കൊരട്ട എന്നും പറയാറുണ്ട്. സ്ക്കൂൾ അടച്ചാൽ നാട്ടിൻ‌പുറത്തുള്ള കുട്ടികളെല്ലാം മാവിന്റെ ചുവട്ടിലായിരിക്കും. വേലിയും മതിലും ഇല്ലാത്ത കാലമായതിനാൽ മധുരവും പുളിയും നിറഞ്ഞ നാട്ടുമാങ്ങകളെല്ലാം‌‌തന്നെ കുട്ടികളുടേതാണ്. പിന്നെ നാട്ടുമാങ്ങയോടൊപ്പം തൊലിയും തിന്നാറാണ് പതിവ്. അങ്ങിനെ എത്രയെത്ര മാവുകളിലെ മാങ്ങകളാണ് ഒരുകാലത്ത് ഞങ്ങൾ തിന്നുതീർത്തത്!


        മാങ്ങകൾ തിന്നുകഴിഞ്ഞാൽ മാങ്ങയണ്ടിയെല്ലാം കാറ്റും വെളിച്ചവും ഉള്ളയിടത്ത് കൂട്ടിയിടുന്നു. അത് മിക്കവാറും അടുക്കളഭാഗത്ത് ആയിരിക്കും. മഴക്കാലം വരുന്നതിനുമുൻപ് ഭക്ഷണലഭ്യത കുറയുമ്പോൾ മാങ്ങയണ്ടികൊണ്ട് പായസം ഉണ്ടാക്കും. മാങ്ങ തിന്നവർ അണ്ടിപ്പായസം കഴിച്ചില്ലെങ്കിൽ ദഹനക്കേട് ഉണ്ടാവും എന്നാണ് പ്രായമുള്ളവർ പറഞ്ഞിട്ടുള്ളത്. വളരെയധികം പോഷകാംശമുള്ള അണ്ടിപ്പായസം പലതരം സൂത്രങ്ങൾ പറഞ്ഞിട്ട് മുതിർന്നവർ കുട്ടികളെ തീറ്റിക്കും. മധുരവും ചവർപ്പും കലർന്ന ഈ പായസത്തിന് പ്രത്യേക രുചിയാണ്.


         സാധാരണയായി നല്ല വെയിലുള്ള ദിവസമായിരിക്കും അണ്ടിക്കൊരട്ടപ്പായസ‌‌ത്തിന്റെ നിർമ്മാണം തുടങ്ങുന്നത്. അന്നു രാവിലെ മുറ്റത്തിറങ്ങിയ അമ്മ നൂറുകണക്കിന് മാങ്ങയണ്ടികളിൽ നിന്നും കുറച്ചെണ്ണം മുറത്തിൽ എടുത്ത് പലകയിൽ ഇരിക്കുന്നു. പിന്നീട് വലിയൊരു കല്ലിൽ ഓരോ അണ്ടിയും ‌വെച്ചിട്ട് കത്തികൊണ്ട് രണ്ടായി കൊത്തിപ്പിളർന്ന് ഉള്ളിലെ പരിപ്പ് പുറത്തെടുത്തിട്ട് അതിനെ പൊതിയുന്ന നേരിയ തവിട്ടുനിറമുള്ള തൊലി ചുരണ്ടിമാറ്റിയശേഷം ഒരു പാത്രത്തിലെ വെള്ളത്തിലിട്ട് അടച്ചുവെക്കുന്നു. ഒരുദിവസം മുഴുവൻ മാങ്ങയണ്ടി വെള്ളത്തിൽ മുങ്ങിക്കിടക്കണം. അതിനിടയിൽ ചില മാങ്ങയണ്ടിക്കുള്ളിൽ പുഴുക്കൾ ഉണ്ടെങ്കിൽ അവയെ ഉപേക്ഷിക്കും.


           പിറ്റേന്ന് വെള്ളത്തിൽ കിടന്നിരുന്ന അണ്ടിപ്പരിപ്പ് കഴുകി വൃത്തിയാക്കിയിട്ട് ഉരലിലിട്ട് ഉലക്കകൊണ്ട് ഇടിക്കുന്നു. ഇടിച്ച് കുഴമ്പ് രൂപത്തിലാക്കിയ പരിപ്പ് വലിയൊരു ‌പാത്രത്തിലെ വെള്ളത്തിലിടുന്നു. അണ്ടിപ്പരിപ്പ് ധാരാളം വെള്ളവുമായി കൂട്ടിക്കലർത്തിയിട്ട് അരമണിക്കൂർ അനക്കാതെ വെക്കുന്നു. അടിയിൽ വെള്ളനിറമുള്ള പൊടിരൂപത്തിൽ പരിപ്പ് അടിയുമ്പോൾ വെള്ളം മാറ്റിയിട്ട് പുതിയവെള്ളം ഒഴിച്ച് കലക്കുന്നു. ഇങ്ങനെ മൂന്നോ നാലോ തവണ വെള്ളമൊഴിച്ച് ഊറ്റിയെടുക്കുമ്പോൾ ചവർപ്പ് കുറഞ്ഞ പൊടിയായിട്ട് ലഭിക്കുന്ന മാങ്ങയണ്ടി കൊണ്ടാണ് പായസം ഉണ്ടാക്കുന്നത്.


     പായസം ഉണ്ടാക്കുമ്പോൾ ആദ്യം വേവിക്കേണ്ടത് അരിയാണ്. അണ്ടിപ്പരിപ്പിന്റെ അളവുനോക്കിയിട്ട് അതിനെക്കാൾ കുറഞ്ഞ അളവിൽ പച്ചരി കഴുകി പാത്രത്തിലിട്ട് വെള്ളം ചേർത്തശേഷം വേവിക്കുക. അരി വെന്തുകഴിഞ്ഞാൽ ശുദ്ധീകരിച്ച മാങ്ങയണ്ടിയുടെ പൊടി അതിലേക്ക് ചേർത്ത് ഇളക്കിക്കൊണ്ടിരിക്കുമ്പോൾ ആവശ്യത്തിന് വെള്ളം ചേർക്കണം. പിന്നീട് ശർക്കര(വെല്ലം) ചേർത്തശേഷം ഇളക്കി യോജിപ്പിക്കുക. ഒടുവിൽ ഒരുമുറി തേങ്ങ ചിരവിയിട്ട് പിഴിഞ്ഞെടുത്ത പാൽ ഒഴിച്ചിട്ട് ഒന്നുകൂടി തിളപ്പിച്ചശേഷം പായസം അടുപ്പിൽ‌നിന്നും എടുത്തുമാറ്റാം. നെയ്യിൽ വറുത്ത കശുവണ്ടി, മുന്തിരി, ഏലം, ഗ്രാമ്പു തുടങ്ങിയവ കൂടി ഒപ്പം ചേർത്താൽ രുചികരമായ അണ്ടിക്കൊരട്ടപ്പായസം തയ്യാറായി.  


         ശരീരത്തിന് ആവശ്യമായ അനേകം പോഷകാംശങ്ങൾ ചേർന്ന വിഭവമാണ് മാങ്ങയണ്ടിയുടെ പായസം. മാങ്ങയണ്ടി ഇടിച്ച് വെള്ളത്തിൽ കലർത്തി ഊറ്റിയെടുത്ത് ശുദ്ധീകരിച്ചശേഷം വെയിലത്തിട്ട് നന്നായി ഉണക്കിയ പൊടി സൂക്ഷിച്ചാൽ പിന്നീട് മഴക്കാലത്തും പായസം ഉണ്ടാക്കാം. നാട്ടുമാങ്ങകൾ സുലഭമായിരുന്ന പഴയകാലത്ത് എന്റെ ഗ്രാമത്തിലുള്ള എല്ലാ വീട്ടുകാരും അണ്ടിക്കൊരട്ടപ്പായസത്തിന്റെ രുചി അറിഞ്ഞവരാണ്.

*******

November 10, 2018

തൂങ്ങിമരിക്കാൻ കൊതിക്കുന്ന കുട്ടി


നാലാം തവണയും മാതൃഭൂമി ചോക്കുപൊടിയിൽ:‌- അദ്ധ്യാപന അനുഭവം:       ‘തൂങ്ങിമരിക്കാൻ കൊതിക്കുന്നകുട്ടി’


      സ്ക്കൂൾ യുവജനോത്സവം,, അത് വിദ്യാർത്ഥികളുടെ മാത്രം ഉത്സവമല്ല, അദ്ധ്യാപകരുടേതും രക്ഷിതാക്കളുടേതും നാട്ടുകാരുടേതും കൂടിയാണ്. കണ്ണൂർ ജില്ലയിലെ സർക്കാർ ഹൈ‌സ്ക്കൂളുകളിൽ അദ്ധ്യാപിക ആയിരുന്ന കാലത്ത് നടന്നിരുന്ന യുവജനോത്സവങ്ങൽ പലതും മറക്കാനാവത്ത അനുഭവങ്ങളാണ് എനിക്ക് നൽകിയത്. അതുവരെ അദ്ധ്യാപകരെ പേടിച്ചിരിക്കുന്ന വിദ്യാർത്ഥികൾ അക്കാലത്ത് സ്വതന്ത്രവായു ശ്വസിക്കുന്നത് ഇത്തരം മേളകളിൽ ആയിരുന്നു.

      അങ്ങിനെയുള്ളൊരു കാലത്ത് യുവജനോത്സവത്തിന്റെ ആദ്യപടിയായി ഹൈ‌സ്ക്കൂൾ ക്ലാസ്സുകളിലെ വിദ്യാർത്ഥികളെ ബ്ലൂ, ഗ്രീൻ, യലോ, റെഡ്, എന്നിങ്ങനെ നാല് ഹൌസുകളായി തരം തിരിച്ചശേഷം ഓരോ ഹൌസിന്റെ ചാർജ്ജും ഓരോ അദ്ധ്യാപകർക്ക് നൽകി. മത്സരത്തിൽ പങ്കെടുക്കുന്നവരെ കണ്ടെത്തുന്നതും അവരുടെ പ്രകടനം മനസ്സിലാക്കിയ‌ശേഷം സ്റ്റേജിൽ എത്തിക്കേണ്ടതും ഹൌസ് ചാർജ്ജുള്ളവരുടെ ഡ്യൂട്ടിയാണ്. സ്റ്റേജിൽ കളിച്ചിട്ടില്ലെങ്കിലും കളിപ്പിക്കാനറിയുന്ന എനിക്ക് ഒരു ഹൌസിന്റെ ചാർജ്ജ് കിട്ടിയപ്പോൾ വളരെയധികം സന്തോഷിച്ചു.                

           മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ള വിദ്യാർത്ഥികൾ ഓരോരുത്തരായി പേര് തരാൻ തുടങ്ങി. ചില ഐറ്റങ്ങളിൽ ധാരാളം കുട്ടികൾ ഉണ്ടാവും ചിലതിന് ഒന്നോ രണ്ടോ പേർ മാത്രം. ധാരാളം കുട്ടികളുണ്ടെങ്കിൽ അവരുടെ പ്രകടനം വിലയിരുത്തിയിട്ട് ഏതാനും പേരെ ഒഴിവാക്കേണ്ടി വരും. അന്നത്തെ കാലത്ത് കുട്ടികൾക്ക് താല്പര്യമുള്ളൊരു മത്സരമാണ് ഫേൻ‌സി ഡ്രസ്, അതായത് പ്രച്ഛന്നവേഷം. അതിന് മത്സരിക്കാനായി എന്റെ ഹൌസിലുള്ള എട്ട് കുട്ടികൾ തയ്യാറായി വന്നെങ്കിലും നാലുപേർക്ക് മാത്രമാണ് മത്സരിക്കാനുള്ള അവസരം ലഭിക്കുന്നത്. 
   യുവജനോത്സവത്തിന് ഒരാഴ്ച മുൻപാണ് എന്റെ ഹൌസിലുള്ള കുട്ടികൾ ഫേൻസിഡ്രസ്സിന് അണിയുന്ന വേഷത്തെക്കുറിച്ച് പറഞ്ഞത്. ആദ്യം എട്ടുപേരുണ്ടെങ്കിലും ഇപ്പോൾ നാലുപേരാണുള്ളത്. അഭിനയിക്കുന്ന വേഷത്തെകുറിച്ച് മൂന്നുപേരും പറഞ്ഞത് ഞാൻ അംഗീകരിച്ചു. എന്നാൽ നാലാമനായ എട്ടാം ക്ലാസ്സുകാരൻ രതീഷ് പറഞ്ഞതുകേട്ട് ഞെട്ടി, അവന്റെ ഐറ്റം,, ‘തൂങ്ങി മരിക്കുന്ന കുട്ടി’,,,  ഞാൻ ചോദിച്ചു,
“സ്റ്റേജിൽ തൂങ്ങിമരിക്കാനോ?”

“അതേ ടീച്ചറേ,, തൂങ്ങി മരിക്കുന്നതായി അഭിനയിക്കുക,,”

“അഭിനയമായാലും ആ വേഷമൊന്നും വേണ്ട”

“ഒരു കുഴപ്പവുമില്ല ടീച്ചറെ,, വെറും അഭിനയമാണ്. എന്റെ കുപ്പായത്തിനുള്ളിൽ അരയിലുള്ള ബെൽട്ടിൽ ഉറപ്പിച്ച കയർ രണ്ട് കൈകൾക്കിടയിലൂടെ സ്റ്റേജിലെ കൊളുത്തിൽ തൂക്കുന്നു. അതിൽ കിടന്ന് ഞാൻ തൂങ്ങിമരിക്കുന്നതായി അഭിനയിക്കുന്നു. ആളുകൾ കാൺകെ മറ്റൊരു കയർ മുറുകാതെ എന്റെ കഴുത്തിൽ കുരുക്കിയിട്ടിരിക്കും. മുന്നിലുള്ളവർ കാണുന്നത് ഞാൻ തൂങ്ങിമരിക്കുന്നു എന്നായിരിക്കും”

         എന്റെ ദേഹത്തിലൊട്ടാകെ ഒരു വിറയൽ,, സ്ക്കൂൾ സ്റ്റേജിൽ കോൺക്രീറ്റ് മേൽക്കൂരയി‌ലുള്ള ഇരുമ്പ് കൊളുത്തുകൾ മനസ്സിലേക്കോടിയെത്തി. ഞാൻ പറഞ്ഞു,

“ഇതുപോലുള്ള അപകടകരമായതൊന്നും അഭിനയിക്കാൻ പാടില്ലെന്നാണ് നിയമം. ഞാൻ സമ്മതിക്കില്ല”

“അപകടമൊന്നും ഇല്ല ടീച്ചറെ,, നാട്ടിലുള്ള ക്ലബ്ബിന്റെ വാർഷികത്തിന് മൂന്നു തവണ ഞാനീ ഐറ്റം ചെയ്തിട്ടുണ്ട്. സഹായിക്കാൻ എന്റെയൊരു ഫ്രന്റ് വരും”

“ഏതായാലും ഈ സ്ക്കൂളിൽ വെച്ച് തൂങ്ങിമരണം അഭിനയിക്കാൻ ഞാൻ സമ്മതിക്കില്ല”

“ഇതുപോലെയാണ് സിനിമയിലൊക്കെ അഭിനയിക്കുന്നത്, ടീച്ചർ പേടിക്കേണ്ട”

“എനിക്ക് പേടിയാണ്,, ഇതല്ലാതെ മറ്റെന്തെങ്കിലും കണ്ടുപിടിച്ചാൽ നിനക്ക് മത്സരിക്കാം”


          കുട്ടികളെല്ലാം പോയപ്പോൾ ഞാൻ ചിന്തിച്ചത് രതീഷിന്റെ ഫേൻസിഡ്രസ്സിനെ കുറിച്ചാണ്. അഭിനയം നല്ലതുതന്നെ,, പക്ഷെ? അപകടം പറ്റിയാൽ,, പിന്നീട് വിദ്യാലയത്തോടൊപ്പം എന്റെയും ഭാവി എന്തായി മാറും? ആ നേരത്ത് പൊതുസമൂഹം ഒറ്റക്കെട്ടായി മാറിയിട്ട് ആദ്യം‌തന്നെ അടിക്കാൻ വരുന്നത് എന്നെയായിരിക്കും. അതുകൊണ്ട് അഭിനയത്തിലുള്ള അപകടം അവനോട് പറഞ്ഞു മനസ്സിലാക്കാൻ തുടങ്ങി. ഓരോദിവസവും രതീഷ് എന്റെയരികിൽ വന്ന് അഭിനയമോഹം ആവർത്തിച്ചു പറഞ്ഞെങ്കിലും എന്റെ തീരുമാനത്തിൽ മാറ്റമൊന്നും ഉണ്ടായില്ല.  
 ദിവസങ്ങൾ കഴിഞ്ഞപ്പോൾ യുവജനോത്സവദിനം വന്നെത്തി. അണിയറയിൽ കുട്ടികളെ നിയന്ത്രിക്കുന്ന തിരക്കിനിടയിലാണ് രതീഷ് വന്നത്. ഒറ്റക്ക് ആയിരുന്നില്ല, സഹായിക്കാൻ അടുത്ത വീട്ടിലെ പയ്യനും ഉണ്ട്. ഉച്ചക്കുശേഷം നടക്കാൻ പോകുന്ന ഫേൻസി‌ഡ്രസ്സ് മത്സരത്തിൽ തൂങ്ങിമരണം അഭിനയിക്കണമെന്നും അപകടം വരില്ലായെന്നും ആവർത്തിച്ചു പറയാൻ തുടങ്ങി. നാട്ടിലൊക്കെ അഭിനയിച്ച് കൈയ്യടി വാങ്ങിയ ഐറ്റമായതിനാൽ തെറ്റ് പറ്റാനിടയില്ലെന്ന് വിശദീകരിച്ചു. മെയ്ക്കപ്പ് ചെയ്യാനായി കൊണ്ടുവന്ന ഡ്രസ്സുകളും കയറുകളും അവരെന്നെ കാണിച്ചു. എല്ലാം കേട്ടതിന്റെ ഒടുവിൽ ഞാൻ പറഞ്ഞു,

“നിങ്ങൾക്ക് പേടി തീരെ ഇല്ലായിരിക്കാം, എന്നാൽ എനിക്ക് പേടിയാണ്”

“അപകടം വരില്ലെന്ന് ഞാൻ ഉറപ്പു നൽകിയാൽ പോരെ?”

രതീഷിന്റെ കൂടെയുള്ളവൻ ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു,

“അത് സ്റ്റേജിൽ അപകടമുള്ള ഐറ്റങ്ങളൊന്നും ചെയ്യരുതെന്ന് സർക്കാർ നിയമം ഉണ്ട്. അതുപോലെ തീ കൊണ്ടുള്ള കളിയൊന്നും സ്റ്റേജിൽ അനുവദിക്കാറില്ല”

“അതേയോ,, എന്നാലും ടീച്ചറുടെയൊരു പേടി,,”

         നിരാശയോടെ അവർ നടന്നുപോയപ്പോൾ ഞാനോർത്തു,, ശരിക്കും എനിക്ക് പേടിയാണ്. തിരുവാതിരക്കളിക്ക് സ്റ്റേജിൽ നിലവിളക്ക് കൊളുത്തിയത് കെടുത്തുന്നതുവരെ പിന്നാലെ നടക്കുന്നവളാണ് ഞാൻ. വരാനിടയില്ലാത്ത അപകടങ്ങൾ‌പോലും മനസ്സിൽ കാണുന്ന എനിക്ക് തൂങ്ങിമരണം അഭിനയിക്കാനായി അനുവാദം കൊടുക്കാൻ ഒരിക്കലും കഴിയില്ല.


     വർഷങ്ങൾ കഴിഞ്ഞ് അദ്ധ്യാപന ജോലിയിൽ‌നിന്ന് വിരമിച്ചശേഷം ട്രഷറിയിൽനിന്ന് വരുമ്പോൾ സമീപമുള്ള ഇലക്ട്രിക്ക് പോസ്റ്റിൽ നിന്നും ഇറങ്ങിവന്ന യുവാവ് എന്റെ അടുത്തുവന്നു. പരിചയപ്പെടുത്തിക്കൊണ്ട് അവൻ പറഞ്ഞു,

“ടീച്ചറേ ഞാൻ രതീഷാണ്, എനിക്ക് ലൈൻ‌മാനായി ജോലികിട്ടി”

“നല്ലത്,, എനിക്ക് പരിചയം ഉണ്ടല്ലോ,,”

“ടീച്ചറെന്നെ ഓർക്കും, ഞാനൊരിക്കൽ യൂത്ത് ഫസ്റ്റിവെലിന് ഫേൻസിഡ്രസ് അഭിനയി‌ക്കാൻ വന്നപ്പോൾ ടീച്ചർ സമ്മതിച്ചില്ല”

“ഞാൻ സമ്മതിക്കാത്തതുകൊണ്ട് അഭിനയിച്ചില്ലെന്നോ?”

“അതെ,, ടീച്ചർ അഭിനയിക്കാൻ വിട്ടില്ല,, കാരണം അത് തൂങ്ങിമരണം ആയിരുന്നു”

പഴയ ചിന്തകൾ ഓർത്തുകൊണ്ട് ഞാൻ പറഞ്ഞു,

“അന്ന് അഭിനയിച്ചില്ലെങ്കിലും അപകടമുള്ള ജോലിയൊക്കെ ചെയ്യാൻ നിനക്ക് കഴിയുമെന്ന് ഇപ്പോഴെനിക്ക് മനസ്സിലായി”

“അതേ ടീച്ചറേ,,,”

        പോസ്റ്റിൽ നിന്നും ഇറങ്ങിയശേഷം ചുരുട്ടിയ കേബിളുമായി നടന്നുപോകുന്ന രതീഷിനെ നോക്കിയിരിക്കെ പഴയ യുവജനോത്സവരംഗങ്ങൾ ഓർമ്മയിൽ കടന്നുവന്നു.

*******