“മിനിലോകം”

ഞാന്‍ മിനി... എന്റെ മനസ്സ് എന്റെ ലോകമാണ്. എന്റെ മനസ്സില്‍(ഓര്‍മ്മയില്‍) തങ്ങിനില്‍ക്കുന്ന കാര്യങ്ങള്‍,വേണ്ടതും വേണ്ടാത്തതും ഞാന്‍ ഇവിടെ പകര്‍ത്തുന്നു. ഇതു വായിക്കാം, അഭിപ്രായം എഴുതാം. ജീവിതത്തില്‍ നിന്നും ഞാന്‍ കണ്ടെത്തിയ ധാരാളം ചെറിയ‘വലിയ’ സംഭവങ്ങള്‍ ഉണ്ട്. അവയെല്ലാം ചിത്രങ്ങളോടൊപ്പം ഇവിടെ അവതരിപ്പിക്കുന്നു. എന്റെ ലോകത്തേക്ക് “മിനിലോക”ത്തിലേക്ക് ഞാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു... ചിരിക്കാം, കളിക്കാം, ചിന്തിക്കാം... എന്ന് നിങ്ങളുടെ: mini//മിനി

July 22, 2009

27. തുള്ളിക്കൊരുകുടം പേമാരി....


                              ഒരു സാന്ത്വനമായി, കുളിരായി, അമൃതായി, തേന്‍‌തുള്ളിയായി... വിണ്ണില്‍ നിന്നും മണ്ണിലേക്ക് മാത്രമല്ല; മനുഷ്യന്റെ മനസ്സിലും പെയ്തിറങ്ങുന്ന 'ആ മഴ' ജീവന്റെ തുടിപ്പാണ്. ജീവനും ജീവിതവും മഴയിലാണ് തളിര്‍ക്കുന്നത്, പൂക്കുന്നത്, കായ്‌ക്കുന്നത്. മഴയുടെ ഓര്‍മ്മകള്‍, അത് ജീവിതകാലം മുഴുവന്‍ മനുഷ്യന് മറക്കാനാവാത്തതാണ്. ആ മഴയുടെ ഓര്‍മ്മകളില്‍ ഇപ്പോള്‍ ഞാനൊന്ന് മുങ്ങിത്താഴട്ടെ.,,,

                              മഴയുടെ സുന്ദരമായ ഓര്‍മ്മകളെപറ്റി ആദ്യം പറയട്ടെ;. പുതുമഴ പെയ്യുകയാണ്, അതിന്റെ സുഗന്ധം വീട്ടിനകത്ത് പരക്കുന്നു. പെട്ടെന്ന് തന്നെ മുറ്റത്ത് ഉണക്കാനിട്ട തുണിയൊക്കെ അമ്മ എടുക്കുന്നു. പിന്നെ അടുത്ത ജോലി ഉണങ്ങാനിട്ട വിറക് വാരിയെടുക്കലാണ്; അത് എല്ലാവരും ചേര്‍ന്ന് പെട്ടെന്ന് തീര്‍ക്കുന്നു. മഴ തകര്‍ത്തു പെയ്യുകയാണ്; ഉടനെ ഞാനും അനുജനും പഴയ നോട്ട്ബുക്കുകള്‍ (കഴിഞ്ഞ വര്‍ഷത്തെത്; പഴയ കടലാസ് വിറ്റതിന്റെ ബാക്കി) തപ്പിയെടുക്കുന്നു; പിന്നെ തോണിയുണ്ടാക്കലാണ്. ‘മഴപെയ്യും മുറ്റമൊക്കെ, മാറും വന്‍ കടലായ’ മുറ്റത്തെ വെള്ളത്തില്‍ കടലാസ്‌വള്ളങ്ങള്‍ മുന്നോട്ട് നീങ്ങി അടുത്തനിമിഷം അവ മുങ്ങിത്താഴുന്നതും നോക്കി ഞങ്ങള്‍ വരാന്തയില്‍ ഇരിക്കുന്നു. അങ്ങനെ രസിച്ചും കളിച്ചും ഇരിക്കുമ്പോള്‍ അതാ വരുന്നു; തവളകള്‍…പിന്നാലെ നീര്‍ക്കോലികള്‍, ഞണ്ടുകള്‍, ആമകള്‍, എല്ലാം മുറ്റത്തെ വെള്ളത്തില്‍ നീന്തുകയാണ്. ഈ മുറ്റത്തെ വെള്ളം നേരെ സമീപമുള്ള തോട്ടിലേക്കാണ് ഒഴുകുന്നത്. അതുകൊണ്ട് തോട്ടിലെ അന്തേവാസികളാണ് മഴവെള്ളത്തോടൊപ്പം മുറ്റത്ത് പുതുമഴ പെയ്യുമ്പോള്‍ കയറിവരുന്നത്.

                               മഴ തകര്‍ത്തു പെയ്യുകയാണ്; വീട്ടിനു വെളിയില്‍ മാത്രമല്ല, വീട്ടിനകത്തും. ഓലമേഞ്ഞ മേല്‍‌ക്കൂരയിലെ ചെറിയ ദ്വാരങ്ങളിലൂടെ ഓരോ തുള്ളികളായി ചാണകം മെഴുകിയ തറയില്‍ അകത്ത് പതിക്കുകയാ‍ണ്. ആ മഴത്തുള്ളികള്‍ പിടിച്ചെടുക്കാനായി വീട്ടിനകത്തുള്ള പാത്രങ്ങള്‍ നിരത്തലാണ് അമ്മയുടെ പ്രധാന ജോലി. തുടര്‍ന്ന് കവുങ്ങിന്‍ പാളയും ഓലക്കീറുകളും എടുത്ത് മച്ചിനു മുകളില്‍ കയറി മേല്‍‌ക്കൂരയിലെ ദ്വാരങ്ങള്‍ അടച്ച് അച്ഛന്‍ ആ ജലധാര നിര്‍ത്തലാക്കുന്നു. ശക്തമായ കാറ്റിലും മഴയിലും പേടിച്ച് എല്ലാവരും അകത്തിരിപ്പാണ്; സമീപമുള്ള തെങ്ങുകളും മറ്റു മരങ്ങളും, അവ ഏതു നിമിഷവും വീടിനു മേല്‍ വീഴുമോ എന്ന ചിന്ത മാത്രം. ഓരോ മിന്നലും തുടര്‍ന്ന് ശക്തമായ ഇടിയും കടന്നു പോകുമ്പോള്‍ സഹായത്തിന് ദൈവത്തെ വിളിക്കുന്നു. (തീരപ്രദേശമായതിനാല്‍ ഇടിമിന്നലും കൊടുങ്കാറ്റും കൂടുതലാണ്)

                            പിന്നീട് വരുന്നത് ഇല്ലായ്മയുടെ നാളുകളാണ്. കൃഷിപ്പണിയെടുക്കുന്ന അച്ഛന് ജോലിയും കൂലിയും ഇല്ലാതാവുന്നു. സ്വന്തമായി അല്പം കൃഷി ഉള്ളതിനാല്‍ ഭക്ഷണക്ഷാമം ഒരിക്കലും ഉണ്ടാവാറില്ല. എന്നാല്‍ രൂക്ഷമായ പണക്ഷാമം നേരിടുന്നു. സ്ക്കൂള്‍ തുറക്കുന്ന സമയമാണ് ; രക്ഷിതാക്കള്‍ ഏറ്റവും കൂടുതല്‍ പണം ചെലവാക്കേണ്ട സമയം. കിട്ടാവുന്ന സ്രോതസ്സുകളില്‍ നിന്നൊക്കെ കടം വാങ്ങി അച്ഛന്‍ സാമ്പത്തിക അടിത്തറ കുളമാക്കി മാറ്റുന്നു.

                             ശക്തമായ മഴയെ അവഗണിച്ച് കുട്ടികള്‍ സ്ക്കൂളിലേക്ക് പോകുന്നു. എങ്ങും വെള്ളം; ബസ്സില്‍, ക്ലാസ്സ്‌മുറികളില്‍ എല്ലാം നനഞ്ഞൊലിച്ച അവസ്ഥ. നനഞ്ഞ യൂനിഫോമില്‍ തണുത്തുവിറച്ച് ഇരുട്ട്‌ തളംകെട്ടിയ ക്ലാസ്സ് മുറിയില്‍ വൈകുന്നേരം വരെ ഇരിക്കുമ്പോള്‍ പഠിച്ചതും പഠിപ്പിച്ചതും ഒന്നും തിരിച്ചറിയാറില്ല. പിന്നെ തിരിച്ച് വീട്ടിലെത്തുമ്പോള്‍ വീണ്ടും നനഞ്ഞ് കുതിരുന്നു. വീട്ടിലെത്തിയാല്‍ നേരെ പോകുന്നത് അടുപ്പിന് സമീപമാണ്. ഇങ്ങനെ തണുത്ത് അടുപ്പിനു ചുവട്ടില്‍ ഇരിക്കുമ്പോള്‍ സൂര്യപ്രകാശത്തിനും ചൂടിനും വേണ്ടി എത്രയോ കൊതിച്ച്ട്ടുണ്ട്.

                           അടുത്തതായി ജലദോഷത്തിന്റെയും പനിയുടെയും നാളുകളാണ്. മരുന്നിന്റെ മണമുള്ള ദിനങ്ങള്‍ വീട്ടില്‍ കടന്നു വരുന്നു. സ്ക്കൂളില്‍ പോകാതെ മൂടിപ്പുതച്ച് കിടക്കുമ്പോള്‍ കഞ്ഞിയും ചുട്ടമുളകും മാത്രം ഭക്ഷണം. മഴത്തുള്ളികള്‍ നോക്കി വീട്ടിന്റെ വരാന്തയില്‍ ഇരിപ്പാണ്; അങ്ങനെ പനിമാറുന്നതുവരെ ദിവസങ്ങള്‍ തള്ളി നീക്കുന്നു. എലിപ്പനി, ഡങ്കിപ്പനി, മലമ്പനി, പക്ഷിപ്പനി, പന്നിപ്പനി, ചിക്കന്‍‌ഗുനിയ ആദിയായവ എന്താണെന്നറിയില്ലെങ്കിലും രോഗം പനിയാണെന്നറിയാം. എല്ലാ വേദനകള്‍ക്കും കഷ്ടപ്പാടുകള്‍ക്കും കാരണം മഴയാണെന്ന് വിശ്വസിക്കുന്നു. മഴക്കാലം ഒന്നു തീര്‍ന്നെങ്കില്‍ എന്ന് മനസ്സില്‍ പ്രാര്‍ത്ഥിക്കുന്നു.

                            കുട്ടിക്കാലത്ത് ഞാന്‍ ഇഷ്ടപ്പെട്ടത് മഴക്കാലത്തെക്കാള്‍ കൂടുതല്‍ മഴയില്ലാത്തകാലമാണ്. ജലക്ഷാമം, വരള്‍ച്ച, ആഗോളതാപനം അങ്ങനെ എല്ലാം അന്നെനിക്ക് അജ്ഞാതമായിരുന്നു. വെറും അഞ്ച് മീറ്റര്‍ മാത്രം ആഴമുള്ള, ഒരു വേനലിലും വറ്റാത്ത കിണര്‍ ഉള്ളതിനാല്‍ ഒരിക്കലും ജലക്ഷാമം അറിഞ്ഞില്ല. വീടിനു മുന്നില്‍ വിശാലമായ വയല്‍, പിന്നില്‍ നോക്കിയാല്‍ കാണുന്നിടത്ത് അറബിക്കടല്‍; ഇവ ചേര്‍ന്ന് കാലാവസ്ഥ ക്രമീകരിക്കുന്നു. എത്ര വെയിലായാലും നല്ല തണുത്ത കാറ്റ് വീശി നാടിനെയും നാട്ടാരെയും തണുപ്പിക്കുന്നു. മഴക്കാലത്തെക്കാള്‍ ഞങ്ങള്‍ കുട്ടികള്‍ മഴയില്ലാത്ത കാലത്തെ ഇഷ്ടപ്പെടുന്നതില്‍ ആശ്ചര്യമില്ല
                           ഇന്ന് ഓരോ മഴക്കാലം ആരംഭിക്കുമ്പോഴും മഴയെ ഭയപ്പെട്ട കുട്ടിക്കാലം ഞാന്‍ ഓര്‍ക്കുകയാണ്.

9 comments:

  1. മഴക്കാലം എപ്പോഴും രസകരമായിരുന്നു.
    വെള്ളത്തില്‍ കളിക്കാം, വഴുക്കി വീഴാം, ഉടുപ്പില്‍ അഴുക്കാക്കിയതിന് അടി വാങ്ങാം.
    :)

    ReplyDelete
  2. മഴയുടെ ഓർമ്മ നന്നായി..

    ReplyDelete
  3. വീടിനു മുന്നില്‍ വിശാലമായ വയല്‍, പിന്നില്‍ നോക്കിയാല്‍ കാണുന്നിടത്ത് അറബിക്കടല്‍;
    really?
    അത് ഒരു നല്ല കോമ്പിനേഷന്‍ ആണല്ലോ? അവിടെയൊക്കെ ഇപ്പോ സ്ഥലത്തിനെന്താ വില?
    സീരിയസ്, നോട്ട് ജോക്കിംഗ്

    ReplyDelete
  4. അനില്‍@ബ്ലോഗ് (- ബ്ലോഗ് പബ്ലിഷ് ചെയ്ത് ഒന്നു വായിക്കുമ്പോഴേക്കും കമന്റ് എഴുതിയതിനു നന്ദി.
    കുമാരന്‍|kumaran (- അഭിപ്രായം എഴുതിയതിനു നന്ദി.
    സങ്കുചിതന്‍(-കൂടുതല്‍ പരിചയപ്പെടാന്‍ കഴിഞ്ഞില്ല.കമന്റ് എഴുതിയതിനു നന്ദി. പിന്നെ ഇപ്പോള്‍ ആ സ്ഥലങ്ങള്‍ അറിയപ്പെടാത്ത പലരും വലിയ വില കൊടുത്തു വാങ്ങി വീടുകള്‍ ഉണ്ടാക്കി അടച്ച് പൂട്ടി സ്ഥലം വിടുകയാണ്. പിന്നെ ആ വയല്‍ ഇപ്പോള്‍ അവിടെ തെങ്ങിന്‍‌ തോട്ടമായിരിക്കയാണ്. തോടുകള്‍ അതേപടിയുണ്ട്. എന്താ നോട്ടമുണ്ടോ?

    ReplyDelete
  5. മഴയുടെ ഓര്‍മ്മകള്‍ നന്നായി..ആ ചിത്രവും

    ReplyDelete
  6. നോട്ടമുണ്ട്. സമാധാനത്തോടെ ജീവിക്കാന്‍. പറയണം അവൈലബിള്‍ ഉണ്ടെങ്കില്‍.

    ReplyDelete
  7. നന്നായി ഈ കുറിപ്പ് ..
    മഴ എപ്പോഴും ഗൃഹാതുരമായ ഒരു ഓര്‍മ്മയാണ് , പ്രവാസിക്ക് വിശേഷിച്ചും

    ReplyDelete
  8. “ഉള്ളിലൊരു കുടം തേന്മാരി...”

    ReplyDelete

എന്റെ മനസ്സിലെ ഈ കൊച്ചു മിനിലോകത്തിലേക്ക് എല്ലാവര്‍ക്കും സ്വാഗതം.