നെഗറ്റീവ് എന്ന് കേള്‍ക്കുമ്പോള്‍ എന്റെ മനസ്സില്‍ ഓടിയെത്തുന്നത് ‘എന്റെ ഹൃദയത്തിലൂടെയും ആയിരക്കണക്കിന് കിലോമീറ്റര്‍ നീളമുള്ള രക്തക്കുഴലുകളിലൂടെയും’ ഒഴുകുന്ന എന്റെ രക്തത്തെയാണ്. അത് നെഗറ്റീവാണ്; ‘o’ negative. ആദ്യമായി രക്ത ഗ്രൂപ്പ് അറിഞ്ഞപ്പോള്‍ എനിക്ക് വളരെ സന്തോഷമാണ് തോന്നിയത്. കാരണം നെഗറ്റീവ് എന്നത് അപൂര്‍വ്വമായതിനാല്‍ ഞാന്‍ അപൂര്‍വ്വം ചിലരില്‍ ഒരാളായി മാറിയിരിക്കയാണല്ലൊ.
…
ദിവസങ്ങളും മാസങ്ങളും വര്‍ഷങ്ങളും മാറ്റങ്ങള്‍ ഉണ്ടാക്കി കറങ്ങിക്കൊണ്ടിരിക്കെ ആശുപത്രിയില്‍ അഡ്‌മിറ്റായ ഒരു ദിവസം കണ്ണൂര്‍ ‘ഏ കെ ജി ആശുപത്രിയിലെ’ ഒരു ഡോക്റ്റര്‍ അത് കണ്ടുപിടിച്ചു; എന്റെ ഹൃദയത്തിന്റെ താളം തെറ്റിയിരിക്കുന്നു. കൂടുതല്‍ പരിശോധനക്കായി നേരെ തിരുവനന്തപുരം ശ്രീചിത്ര ഹോസ്‌പിറ്റല്‍. അവിടെ വെച്ച് പലതരം പരിശോധനകള്‍ നടന്നു. എന്റെ ഹൃദയത്തിലൂടെ രക്തം ഒഴുകുന്നത് ഞാന്‍ കാണുകയും കേള്‍ക്കുകയും ചെയ്തു. കാറ്റും കോളും നിറഞ്ഞ ദിവസം തിരമാലകള്‍ ഒഴുകുന്നതുപോലെ അതിശക്തമായ ഇടിമുഴക്കത്തോടെ രക്തം എന്റെ ഹൃദയത്തിലൂടെ ഒഴുകുകയാണ്. ഒടുവില്‍ ഡോക്റ്റര്‍മാര്‍ ഫൈനല്‍ പ്രഖ്യാപിച്ചു; ഹൃദയവാല്‍വിന് ഒരു ചെറിയ റിപ്പെയര്‍ വേണം. ആറ് മാസം കഴിഞ്ഞ ഒരു ശുഭമുഹൂര്‍ത്തത്തില്‍ നടക്കുന്ന ലഘുവായ ശസ്ത്രക്രീയ ; ഒപ്പം ആവശ്യമായ പണവും കൂടെ സ്വന്തം ഗ്രൂപ്പില്‍പ്പെട്ട രക്തമുള്ള ‘രക്തം ദാനം ചെയ്യാന്‍ തയാറുള്ള’ ഒരാളും. (ഒരാള്‍ ആവശ്യമാണെങ്കില്‍ മിനിമം രണ്ടാളെ സംഘടിപ്പിക്കണം- ഒരു മുന്‍കൂര്‍ കരുതല്‍-)
…
ആറു മാസത്തിന് ശേഷം നടത്തേണ്ട ശസ്ത്രക്രീയയുടെ വിവരം മനസ്സിലാക്കി വീട്ടിലെത്തി. കേരളത്തിന്റെ തെക്കേയറ്റത്തു നിന്നും കണ്ണൂരിലെ വീട്ടിലെത്തിയതിന്റെ പിറ്റേദിവസം തന്നെ ഭര്‍ത്താവ്, എന്റെ നേരെ ഇളയ സഹോദരന് (ആകെ അഞ്ചില്‍ നമ്പര്‍ 2, ഞാന്‍ നമ്പര്‍ 1) ഒരു ഡ്യൂട്ടി കൊടുത്തു. പറ്റിയ ‘ഒ നെഗറ്റീവ്‘ ചെറുപ്പക്കാരെ കണ്ടുപിടിക്കുക.
“ഓ അതിനെന്താ രക്തദാനത്തിന് തയ്യാറുള്ള നാട്ടിലെ ചെറുപ്പക്കാര്‍ എത് ഗ്രൂപ്പായാലും ഇഷ്ടംപോലെയുണ്ടാവും“ അവന്‍ ചിരിച്ച് കൊണ്ട് പറഞ്ഞപ്പോള്‍ ഞാന്‍ പൊട്ടിചിരിച്ചുപോയി.
“അതെന്താ ഇത്ര ചിരിക്കാന്‍ ഞാന്‍ വിചാരിച്ചാല്‍ എത്ര ആളെ വേണമെങ്കിലും കിട്ടും, നെഗറ്റീവായാലും പോസിറ്റീവായാലും” അനുജനാണെങ്കിലും അവന്‍ ദേഷ്യത്തോടെ പറഞ്ഞു.
അപ്പോള്‍ അതാ വരുന്നു അങ്ങേരുടെ കമന്റ്; “നിന്റെ വിചാരം ഈ ലോകത്തില്‍ ‘ഒ നെഗറ്റീവ്’ നീ മാത്രമാണ് എന്നായിരിക്കും”.
ഞാന്‍ ചിന്തിച്ചത് മറ്റൊന്നാണ്; എന്റെ സ്ക്കൂളില്‍ SSLC പരീക്ഷ എഴുതേണ്ട 350 കുട്ടികളുടെ രക്തപരിശോധനയില്‍ --നെഗറ്റീവ് അഞ്ച്, അതില്‍ ‘ഒ നെഗറ്റീവ് വെറും മൂന്ന്’--(അവര്‍ മൂന്നും പെണ്‍കുട്ടികള്‍). ഏതായാലും നാട്ടിലും അവന്‍ പഠിപ്പിക്കുന്ന പാരലല്‍ കോളേജിലുമായി ചെറുപ്പക്കാരുടെ ഒരു പട തന്നെയുണ്ടല്ലോ; അതില്‍ നെഗറ്റീവ് കാണുമല്ല്ലൊ.
…
മാസങ്ങള്‍ മൂന്ന് കഴിഞ്ഞു; അളിയന്‍, അളിയനെ കാണുമ്പോള്‍ ചോദിക്കും; “നെഗറ്റീവ് രക്തത്തിന് ആളെ കിട്ടിയോ?”
അപ്പോള്‍ സ്ഥിരം കുതിരവട്ടം പപ്പു മോഡല്‍ മറുപടി തന്നെ, “ഇപ്പം ശരിയാക്കാം”
ഒടുവില്‍ ഒരു നെഗറ്റീവ് മാത്രം അവന് കിട്ടി, അത് അവന്റെ രക്തം മാത്രം. ബാക്കി ഇളയവര്‍ മൂന്നു പേരും മാത്രമല്ല, ബന്ധുക്കളും സുഹൃത്തുക്കളും എല്ലാം പോസിറ്റീവ്. നെഗറ്റീവ് ഉണ്ടെങ്കില്‍ തന്നെ അതില്‍ ‘ഒ’ ഇല്ല. പരിചയമുള്ളവരില്‍ നിന്ന്, നാട്ടിലെ ‘മര്യാദക്കാരായ’ ഒരു വിധം ചെറുപ്പക്കാരുടെയെല്ലാം രക്തപരിശോധന നടത്തി. പിന്നെ ഈ പരിശോധനക്ക് വേണ്ട പണം, ആവശ്യമുള്ളവര്‍ക്ക് അതും കൊടുത്തിരുന്നു. പിന്നെ അക്കാലത്ത് രക്തദാനം സ്വീകരിക്കുന്ന സമയത്ത് AIDS എന്ന വില്ലന്‍ കേരളമഹാരാജ്യത്ത് കടന്നു വന്നതായി അറിയപ്പെട്ടിട്ടില്ല.
...
അങ്ങനെ മാസം അഞ്ച് കഴിഞ്ഞു; നെഗറ്റീവ് ഒരു പ്രശ്നമായി മാറി. അപ്പോഴാണ് നമ്മുടെ യുവജന സംഘടനെയെ സഹായത്തിന് സമീപിച്ചത്. അതിന്റെ ഒരു നേതാവ് ‘പ്രശാന്ത്‘ എന്റെ ഒരു ബന്ധു കൂടിയാണ്.
ദിവസം വീട്ടില്‍ വന്നപ്പോള്‍ അവനും പറയുന്നു, “ഇപ്പം ശരിയാക്കാം, ഞങ്ങള്‍ രക്തഗ്രൂപ്പ് നിര്‍ണ്ണയ ക്യാമ്പ് നടത്തിയിട്ടുണ്ട്. അതില്‍ രക്തദാനത്തിന് തയ്യാറായ എല്ലാ ഗ്രൂപ്പില്‍പ്പെട്ടവരും ഉണ്ട്”.
തിരുവനന്തപുരത്ത് ശ്രീചിത്രയില്‍ പോകേണ്ട തീയ്യതിയൊക്കെ കൃത്യമായി നേതാവ് ഡയറിയില്‍ എഴുതി വെച്ചു. ഏതാനും ദിവസം കഴിഞ്ഞപ്പോള്‍ ‘ഒ നെഗറ്റീവ് പാര്‍ട്ടി മെമ്പറെ കിട്ടിയിട്ടുണ്ട്‘ എന്ന് പ്രാശാന്ത് വീട്ടില്‍ വന്ന് പറഞ്ഞപ്പോള്‍ ഒരു വലിയ പ്രശ്നം പരിഹരിച്ചതില്‍ ആശ്വസിച്ചു.
…
അങ്ങനെ ആ ദിവസം ആഗതമായി; ഓപ്പറേഷന്‍ നടത്തുന്നതിന്റെ തലെ ദിവസം തന്നെ തിരുവനന്തപുരത്ത് എത്താനായി വൈകുന്നേരം കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് പുറപ്പെട്ടു. നാല് ടിക്കറ്റ് ആദ്യമെ ബുക്ക് ചെയ്തതാണ്; ഒന്ന് ഞാന്‍, പിന്നെ ഭര്‍ത്താവ്, ‘ഒ നെഗറ്റീവ്‘ സഹോദരന്‍, പിന്നെയോ?? ‘അതാണ്‍ രക്തദാനത്തിന് തയ്യാറായ യുവജന ചോട്ട നേതാവ്’. അവന്‍ കൃത്യസമയത്ത് വണ്ടി വരുന്നതിന് അര മണിക്കൂര്‍ മുന്‍പ് ലഗേജുമായി റെയില്‍വെ സ്റ്റേഷനില്‍ എത്തുമെന്നാണ് പ്രശാന്ത് പറഞ്ഞത്. എന്റെ ആങ്ങളക്ക് ആ പയ്യനെ കണ്ടാല്‍ അറിയാം.
…
ഒരു ടൂര്‍ പോകുന്നത് പോലുള്ള ആവേശത്തിലാണ് ഞാന്‍. റെയില്‍വെ സ്റ്റേഷനില്‍ എത്തിയപ്പോള്‍ നമ്മുടെ നെഗറ്റീവ് പയ്യന്‍ എത്തിയിട്ടില്ല. വണ്ടി വരാന്‍ സമയമായപ്പോള്‍ എനിക്കാകെ ടെന്‍ഷനായി (സ്വന്തമായി ടെന്‍ഷന്‍ ഇല്ലെങ്കില്‍ മറ്റുള്ളവരുടെ ടെന്‍ഷന്‍ വാങ്ങി സ്വന്തമാക്കുന്ന സ്വഭാവം എനിക്കുണ്ട്. ഇപ്പോള്‍ വന്നത് സ്വന്തം ടെന്‍ഷനാണ്‍) പുറത്ത് റോഡിലേക്ക് നോക്കുമ്പോഴാണ് നേതാവ് പ്രശാന്ത് ഓടി വരുന്നത് കണ്ടത്. ഞങ്ങളെ കണ്ട ഉടനെ കിതച്ചുകൊണ്ട് അവന്‍ പറഞ്ഞു,
“അവനെ കിട്ടില്ല, വീട്ടുകാര്‍ മുറിയില്‍ പൂട്ടിയിട്ടുകളഞ്ഞു; പിന്നെ ഞാന്‍ നിങ്ങള്‍ക്ക് ഒരു ഫോണ്‍ നമ്പര്‍ തരാം, തിരുവനന്തപുരത്തെ ഞങ്ങളുടെ പാര്‍ട്ടി മെമ്പറുടേത്, ആവശ്യം വന്നെങ്കില്‍ വിളിച്ചാല്‍ അയാള്‍ വന്ന് പ്രശ്നം പരിഹരിക്കും”. എല്ലാം ഒറ്റ ശ്വാസത്തില്‍ പറഞ്ഞത് കേട്ടപ്പോള്‍ എനിക്ക് ചിരിയാണ് വന്നത്.
“ആവശ്യത്തിന്‍ ഒരാളായി ‘ഒ നെഗറ്റീവ്’ ആങ്ങള ഉണ്ടല്ലോ” ഇതെല്ലാം കേട്ട ഭര്‍ത്താവ് പറഞ്ഞു.
അങ്ങനെ ഒരു ടിക്കറ്റ് ക്യാന്‍സല്‍ ചെയ്ത് ഞങ്ങള്‍ മൂന്നുപേരും തിരുവനന്തപുരം യാത്രയായി.
…
രക്തദാനം ചെയ്യാന്‍ തയ്യാറായ ആ മഹാനെ വീട്ടുകാര്‍ അടച്ചു പൂട്ടുകയാണ് ചെയ്തത്. ഇതാണ് സംഭവിച്ച്ത്: ആ ദിവസം ഏതാണ്ട് മൂന്നു മണിയായപ്പോള്‍ നമ്മുടെ പ്രശാന്ത് നെഗറ്റീവ് കാരന്റെ വീട്ടിലെത്തുന്നു. അപ്പോള്‍ നെഗറ്റീവിന്റെ മൂത്ത സഹോദരി വീട്ടിന്റെ വരാന്തയില്‍ വെച്ച് ഇസ്ത്രിയിടുകയാണ്.
പ്രശാന്തിനെ കണ്ട ഉടനെ അവള്‍ ചിരിച്ചുകൊണ്ട് ചോദിച്ചു; “നിങ്ങള്‍ രണ്ടാളും മാത്രമാണോ സമ്മേളനത്തിന് തിരുവനന്തപുരത്ത് പോകുന്നത്?“
“അയ്യോ ഞാനില്ല, അവനാ പോകുന്നത്”
“അതെങ്ങനെയാ അവനു മാത്രമായി ഒരു സമ്മേളനം. അവനാണോ വലിയ നേതാവ് ?”സഹോദരിക്ക് സംശയമായി.
“അത് തിരുവനന്തപുരത്ത് ഹാര്‍ട്ട് ഓപ്പറേഷന് ഒരു രോഗിക്ക് രക്തം വേണം. ഇവന്റെ രക്തം നാട്ടില്‍ കിട്ടാത്ത ഗ്രൂപ്പാണ് ‘ഒ നെഗറ്റീവ്’, അവനെവിടെ?” നേതാവ് ഒരു മഹത്തായ കാര്യം സഹോദരിയെ അറിയിച്ചു.
“ഓ അതിനാണോ, ഇവനിത്ര തിരക്കിട്ട് ഇസ്ത്രിയിടാന്‍ പറഞ്ഞത്? കുളിച്ചിട്ട് മാറ്റാന്‍ കൊടുക്കട്ടെ” ഇതും പറഞ്ഞ് ഇസ്ത്രിയിട്ട ഷര്‍ട്ടും മുണ്ടും എടുത്ത് അകത്തു പോയ പെങ്ങള്‍ അല്പസമയം കഴിഞ്ഞ് അമ്മയോടൊപ്പമാണ് പുറത്ത് വന്നത്.
പിന്നെത്തെ ഡയലോഗ് അമ്മയുടെ വകയാണ്, “പ്രശാന്തെ എന്റെ മോനെ നാട്ട്‌കാര്‍ക്ക് വേണ്ടി ചോര കൊടുക്കാനൊന്നും ഞാന്‍ വിടില്ല, അവനെ പോറ്റി വലുതാക്കി ചോരെയും നീരും ആക്കിയത് ഞാനാ, നീ പോയാട്ടെ”
സത്യം പറഞ്ഞതിലുള്ള അമളി നേതാവിന് അപ്പോഴാണ് മനസ്സിലായത്. “അല്ല അവനെവിടെ, പിന്നെ വണ്ടിക്ക് ടിക്കറ്റെടുത്ത് കാത്തിരിക്കുന്നുണ്ടാവും”.
“അവനെ ഞങ്ങള്‍ മുറിയില്‍ അടച്ച് പൂട്ടിയിരിക്കയാ, നീ ഒച്ചവച്ചാല്‍ ഞങ്ങള്‍ പെണ്ണുങ്ങള്‍ നാട്ടുകാരെ മുഴുവന്‍ വിളിച്ച് കുഴപ്പമുണ്ടാക്കും” അമ്മയോടൊപ്പം മകളുടെയും ശബ്ദം ഉയരാന്‍ തുടങ്ങി.
നേതാവ് പത്തി താഴ്തി; കാര്യം പതുക്കെ വിശദീകരിച്ചു. എന്നാല്‍ ഏതോ ഒരു അപകടത്തില്‍ മകനെ ചാടിക്കുകയാണെന്ന് വിശ്വസിച്ച, ആ അമ്മപെങ്ങള്‍സംഘം ഒരു സന്ധിക്കും തയ്യാറല്ല, എന്നറിഞ്ഞ പ്രശാന്ത് ആ വീട്ടില്‍ നിന്നും ഇറങ്ങി.
അന്ന് മുതല്‍ നമ്മുടെ നാട്ടിലെ നേതാക്കള്‍ പെണ്ണുങ്ങള്‍ ചിരിച്ചാല്‍ സത്യം പറയരുത് എന്ന് തിരിച്ചറിഞ്ഞു..
വീടുകളില്‍ bsnl ലാന്റ്‌ഫോണും കൈയില്‍ മൊബൈല്‍ ഫോണും ആവശ്യമാണെന്ന് എന്റെ നാട്ടുകാര്‍ മനസ്സിലാക്കുകയും അവ കണ്ടുപിടിക്കുകയും ചെയ്തത് ഈ സംഭവത്തിനു ശേഷമാണ്.
…
പിന്‍കുറിപ്പ് :-
- പിറ്റേദിവസം ശ്രീചിത്രയില്‍ എത്തിയെങ്കിലും രക്തം ആവശ്യമായി വന്നില്ല, കാരണം ഓപ്പറേഷന്‍ നടന്നില്ല.
- എന്റെ ഹൃദയത്തിന്‍ സങ്കീര്‍ണ്ണ പ്രശ്നങ്ങളുണ്ടെന്ന് മനസ്സിലാക്കി പെട്ടെന്ന് പരിഹരിക്കാന്‍ തമിഴ്‌നാട്ടിലുള്ള ഒരു ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു.
- അന്ന് വൈകുന്നേരം ആശുപത്രിയില്‍ നിന്ന് പുറത്ത് വന്ന് തിരുവനന്തപുരത്തെ താമസസ്ഥലത്ത് എത്തിയപ്പോള്‍ ഞാന്‍ മനസ്സുതുറന്ന് പൊട്ടിക്കരഞ്ഞു. കൂട്ടില്‍ അകപ്പെടുത്തിയ എന്റെ ചിറകുകള്‍ ഒടിക്കാനായി എന്റെ വിധി നടത്തുന്ന കഠിനപരിശ്രമങ്ങള്‍ ഓര്‍ത്ത് കരയാന്‍ കിട്ടിയ അസുലഭ അവസരം ഞാന്‍ എന്തിന് പാഴാക്കണം...
- ഇതിന്റെ ഭാഗം 2 ന്റെ കുരുക്കഴിക്കാന്‍ കൂടുതല്‍ സമയം ആവശ്യമാണ്.
ചാത്തനേറ്: ഇത്രെം വിഷമമാണെന്ന് അറിഞ്ഞില്ല. അനിയനുള്ളത് ഭാഗ്യ്യം.
ReplyDeletekarayano.. chirikkano????
ReplyDeleteബ്ലഡ് കിട്ടിയോ?? ഓപ്പറേഷന്‍ നടന്നോ???
ReplyDeleteഞാനും ഒരു ഓ നെഗറ്റീവ്കാരനാ.....
ഞാന് ഒരു 10-12 പ്രാവശ്യം ബ്ലഡ് കൊടുത്തിട്ടുണ്ട്...
ഒരു തവണ 2 മാസത്തില്‍ 3 തവണ കെടുക്കേണ്ടിവന്നിട്ടുണ്ട്.... എല്ലാം അത്യാവശ്യ കാര്യങ്ങള്‍... എന്ത് ചെയ്യും ജീവന്റെ കാര്യമല്ലേ...
ഇനിയും രക്തം ആവശ്യമുണ്ടേല്‍ വിളിക്കാന്‍ മടിക്കേണ്ട... നമ്പര്‍ : 09740585352
സ്നേഹപൂര്‍വ്വം... രായപ്പന്‍
വായിച്ചു, ശരീരത്തില്‍ നിന്ന് രക്തം കൊടുത്തു എന്നു വച്ചു ആരോഗ്യമുള്ള ഒരാള്‍ക്ക് ഒന്നും സംഭവിക്കില്ല പക്ഷെ ആ സത്യവസ്ഥ എല്ലാവര്‍ക്കും അറിയില്ല, ആ അമ്മയും പെങ്ങളും മറന്ന ഒരു കാര്യം ഉണ്ട് ഇനി ഒരു അവസരത്തില്‍ - അങ്ങനെ സംഭവിക്കാതിരിക്കട്ടെ- ഈ പയ്യനു രക്തം വേണ്ടി വന്നാല്‍ ആ നാട്ടില്‍ അവന്‍ റെയര്‍ ഗ്രൂപ്പുകാരണാണെന്ന്......
ReplyDeleteസരമില്ല ഇതോക്കെ ആണു മനുഷ്യരെ മനസ്സിലാക്കാനുള്ള അവസരം..
റ്റീച്ചറിന്റെ ഹൃദയം നല്ല സ്ട്രോങ്ങ് അല്ലേ ഇനി ഒരു സുനാമി വന്നാലും അനങ്ങില്ലാ ഉം ഉറപ്പ്!! ഒന്നുമില്ലേലും ടീച്ചറിനു വേണ്ടി ഒത്തിരി കുഞ്ഞുമക്കളും അവരുടെ മാതാപിതാക്കളും പ്രാര്‍ത്ഥിക്കുന്ന പ്രാര്‍ത്ഥന കേട്ടില്ലന്നു നടിക്കാന്‍ ഈശ്വരനു പറ്റുമോ?
ടീച്ചര്‍ ഇപ്പൊ സ്ട്രോങ്ങ് അല്ലേ...പിന്നിട് രക്തം വേണ്ടി വന്നോ...??
ReplyDeleteഞാനും ഒരു -ve കാരിയാണ്..
You can try this
ReplyDeletehttp://tweet4blood.com/
റ്റീച്ചറേ കുമാരന്‍ പറഞ്ഞപോലെ കരയണോ അതോ ചിരിക്കണോ....അറിയില്ല.
ReplyDeleteമറ്റൊന്ന് ഒരിക്കല്‍ ഞാനും രക്തം ദാനം ചെയ്യാന്‍ പുറപ്പെട്ടു, കൂട്ടുകാരന്റെ സഹോദരിക്കു വേണ്ടി. രക്തം പരിശോധിച്ച ഡോക്റ്റര്‍ കുറേ മരുന്നിനു കുറിച്ചു തന്നു എന്നിട്ടൊരു ചോദ്യം എന്താടോ തന്റെ ശരീരത്തില്‍ രക്തമൊന്നുമില്ലേ വെള്ളം മാത്രമേ ഉള്ളല്ലോ എന്ന്, ഒരാഴ്ച കഴിഞ്ഞു ചെന്നു കാണാനും പറഞ്ഞു. പിന്നീട് ഞാന്‍ ആ വഴിക്ക് പോയിട്ടില്ല, മരുന്നും വാങ്ങിയിട്ടില്ല , രക്തം ദാനം നല്‍കാനും പോയിട്ടില്ല. വര്‍ഷം 10 കഴിഞ്ഞു, മാത്രമല്ല ഏകദേശം 10 വര്‍ഷമായി ഒരു ജലദോഷം പോലും വന്നിട്ടുമില്ല.
നെഗറ്റീവ് തേടിയുള്ള ഒരു യാത്ര വായിച്ച് കമന്റ് എഴുതിയ എല്ലാവര്‍ക്കും എന്റെ രക്തത്തിന്റെയും ഹൃദയത്തിന്റെയും പേരില്‍ നന്ദി രേഖപ്പെടുത്തുന്നു.
ReplyDeleteകുട്ടിച്ചാത്തന്‍ (- അഭിപ്രായത്തിന് നന്ദി
കുമാരന്‍|kumaran (- എഴുതിയത് ചിരിക്കാന്‍ വേണ്ടിയാണ്, കാരണം കരയാന്‍ ധാരാളം ചാന്‍സ് ഉണ്ടല്ലൊ.
രായപ്പന്‍(- & captain Haddock ഏതായാലും നമ്പര്‍ സേവ് ചെയ്തിട്ടുണ്ട്. വളരെ നന്ദി.
മാണിക്യം (- സംഭവം ഒരു 20 വര്‍ഷം മുന്‍പാണ്. പഴയ തലമുറയാണെല്ലോ,
കുക്കു (- അടുത്തത് രണ്ടാം ഭാഗമായി ധാരാളം ഉണ്ട്. അഭിപ്രായത്തിനു നന്ദി.
മോഹനം (- ആശുപത്രിയില്‍ പോകുന്നവരെയൊക്ക രോഗികളായിട്ടാണ് ചില ഡോക്റ്റര്‍മാര്‍ കണക്കാക്കുന്നത്. അതാണ് കുഴപ്പം. കമന്റ് എഴുതിയതിന് വളരെ നന്ദി.
കബനിയില്‍ വരുന്ന പുതിയ തൊഴിലാളികള്‍ക്ക് മെഡിക്കല്‍ എടുക്കുന്ന ഏര്‍പ്പാടുണ്ട് സൌദിയില്‍, ഫീസായി കൊടുകേണ്ടത് ഒരു കുപ്പി ചോരയാണ്.പലരും പേടിച്ച് കരയും, കാലുപിടിക്കും, ഉന്തിതള്ളിയാണു കാര്യം നടത്താറ്.
ReplyDeleteരക്തദാനം നടത്തിവന്നവര്‍ക്ക് കബനി വക ഫ്രഷ് ജ്യൂസ് കൊടുക്കും അപ്പോതന്നെ......
പഴയ ഓര്‍മ്മകള്‍ ഉണര്‍ത്തിയതിന് നന്ദി.....
വായിച്ചു.....ഇനിയുള്ള ഭാഗം വായിക്കാന്‍ ആഗ്രഹിക്കുന്നു...
ReplyDeleteആദ്ര ആസാദ് (..
ReplyDeleteഅഭിപ്രായം പങ്കുവെച്ചതിനു നന്ദി.
Siva//ശിവ (..
അടുത്തഭാഗം കുരുക്കഴിച്ചുകൊണ്ടിരിക്കയാ കുറച്ചു സമയം വേണം.