“മിനിലോകം”

ഞാന്‍ മിനി... എന്റെ മനസ്സ് എന്റെ ലോകമാണ്. എന്റെ മനസ്സില്‍(ഓര്‍മ്മയില്‍) തങ്ങിനില്‍ക്കുന്ന കാര്യങ്ങള്‍,വേണ്ടതും വേണ്ടാത്തതും ഞാന്‍ ഇവിടെ പകര്‍ത്തുന്നു. ഇതു വായിക്കാം, അഭിപ്രായം എഴുതാം. ജീവിതത്തില്‍ നിന്നും ഞാന്‍ കണ്ടെത്തിയ ധാരാളം ചെറിയ‘വലിയ’ സംഭവങ്ങള്‍ ഉണ്ട്. അവയെല്ലാം ചിത്രങ്ങളോടൊപ്പം ഇവിടെ അവതരിപ്പിക്കുന്നു. എന്റെ ലോകത്തേക്ക് “മിനിലോക”ത്തിലേക്ക് ഞാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു... ചിരിക്കാം, കളിക്കാം, ചിന്തിക്കാം... എന്ന് നിങ്ങളുടെ: mini//മിനി

March 26, 2011

പ്രേമം ഒരു കൌമാരചാപല്യം“പ്രേമിക്കുന്നത് ഒരു തെറ്റാണോ ടീച്ചർ?”
“അല്ലല്ലൊ,,,”
പെട്ടെന്നുള്ള എന്റെ മറുപടി ആ പത്താം ക്ലാസ്സുകാരന് ആശ്വാസം പകർന്നു, അവൻ അല്പം‌കൂടി അടുത്ത് വന്ന് എന്നോട് ചോദിച്ചു,
“അപ്പോൾ ഞാൻ അവളെ സ്നേഹിക്കുന്നത്,,, ടീച്ചർ എന്തിനാണ് എതിർക്കുന്നത്?”
പെട്ടെന്നുള്ള എന്റെ മറുപടി എനിക്ക്തന്നെ വിനയായി മാറിയിരിക്കുന്നു. ശ്രദ്ധിച്ച് കൈകാര്യം ചെയ്തില്ലെങ്കിൽ ഇവൻ എന്നെ കുടുക്കും; പ്രേമിക്കാൻ അനുവാദം കൊടുത്തത് ഞാനാണെന്ന്‌ അവൻതന്നെ പറയും.
അല്പനേരം ചിന്തിച്ച് ഞാൻ മറുപടി പറഞ്ഞു,
“നീയിപ്പോൾ പത്താം തരത്തിൽ പഠിക്കുകയാണ്, പഠനമാണ് പ്രധാനലക്ഷ്യം. അതിനിടയിൽ മറ്റുകാര്യങ്ങളൊന്നും ശ്രദ്ധിക്കാൻ പാടില്ല”
“അതിന് ടീച്ചർ, ഞാൻ നന്നായി പഠിക്കുന്നുണ്ടല്ലൊ, എന്റെ ഡിവിഷനിൽ ഞാനല്ലെ ഫസ്റ്റ്”

                          എന്റെ വിദ്യാലയത്തിൽ പത്താം തരം രണ്ട് ഡിവിഷനാണുള്ളത്, അതിൽ ഡിവിഷൻ ‘B’യിൽ അവൻ ഒന്നാമതാണെന്നും നന്നായി പഠിക്കുന്ന പയ്യനാണെന്നും എനിക്കറിയാം. എന്നാലും ഇവന്റെയൊരു മുടിഞ്ഞ വൺ‌വേ പ്രേമം കൊണ്ട് എന്റെ 10A ക്ലാസ്സിലുള്ള പെൺകുട്ടിക്കാണ്പ്രശ്നം. ഇത്തരം പ്രശ്നങ്ങൾ പെൺകുട്ടികളുടെ വീട്ടുകാർ അറിഞ്ഞാൽ പലപ്പോഴും സംഭവിക്കുന്നത് പോലെ, ടീസി വാങ്ങി മറ്റേതെങ്കിലും സ്ക്കൂളിലേക്ക് അവളെ മാറ്റിചേർക്കും. അങ്ങനെ സംഭവിച്ചാൽ അവളുടെ ക്ലാസ്സ്‌ടീച്ചറായ എനിക്ക് ഒരിക്കലും സഹിക്കാനാവില്ല.
ഞാൻ അവനെ ഒന്നുകൂടി ഉപദേശിച്ചു,
“ഈ പ്രേമമൊക്കെ മാറ്റിവെച്ച് നന്നായി പഠിക്കേണ്ട സമയമാണ്, നീ കാരണം ആ പെൺകുട്ടിയുടെ പഠനത്തിന് തടസ്സം ഉണ്ടാവരുത്, പോയി ക്ലാസ്സിലിരിക്ക്,,, ”
                   മനസ്സില്ലാമനസ്സോടെ അവൻ ക്ലാസ്സിലേക്ക് പോയപ്പോൾ ഞാൻ സയൻസ് ലാബിലേക്ക് പോയി. ഏതാനും ദിവസങ്ങളായി ഈ പയ്യനെ ഞാൻ പഠിപ്പിക്കുന്നതിനു പകരം അവൻ എന്നെ പഠിപ്പിക്കുകയാണ്, അവന്റെ ഒരു ദിവ്യപ്രേമം!!!

                          ഇവിടെ നമ്മുടെ സംഭവത്തിലെ അവന് ‘രാഹുൽ’ എന്ന് പേരിടുന്നു, അവൾക്ക് ‘ഷിനി’ എന്നും; രാഹുൽ ഹിന്ദുവാണ്, ഷിനി കൃസ്ത്യൻ. ഇവിടെ ജാതിയും മതവും എടുത്തുപറയേണ്ട കാര്യം ഇല്ലെങ്കിലും, പറയാൻ ഒരു കാരണമുണ്ട്. എന്റെ വിദ്യാലയത്തിലെ ആകെയുള്ള ഒരു കൃസ്തുമതക്കാരി, കർത്താവിൽ വിശ്വസിക്കുന്നവൾ ‘ഷിനി’ മാത്രമാണ്.

                           ഷിനി എന്റെ വിദ്യാലയത്തിൽ എട്ടാം തരത്തിൽ ചേർന്നപ്പോൾ എനിക്ക് അതിയായ സന്തോഷം തോന്നിയിരുന്നു. ഇപ്പോൾ അവൾ ഒൻപത് കഴിഞ്ഞ് പത്തിൽ എത്തിയത് എനിക്ക് ക്ലാസ്‌ചാർജ്ജുള്ള ‘പത്താം തരം A’ യിൽ. അവളെ എന്റെ ക്ലാസ്സിലാക്കി എന്ന് പറയുന്നതാണ് ശരി. വർഷങ്ങളായി എന്റെ സർക്കാർ ഹൈസ്ക്കൂളിൽ ആകെ മുന്നൂറിൽ താഴെയുള്ള വിദ്യാർത്ഥികൾ ഏത് ഡിവിഷനിൽ ഇരിക്കണം എന്ന് തീരുമാനിക്കുന്നത് ഞാനൊരാൾ മാത്രമാണ്. അതിന്റെ പേരിൽ മറ്റുള്ളവർ ഒടക്കാൻ വരാറുണ്ടെങ്കിലും അവരാരുംതന്നെ പ്രയാസമുള്ള ആ ചാർജ്ജ് ഏറ്റെടുക്കാൻ തയ്യാറല്ല.
                          അവൾ മാത്രമല്ല, എല്ലാവരും എന്റെ പ്രീയപ്പെട്ട ശിഷ്യന്മാരാണ്. എന്നാൽ ചിലർ അമിതമായി അടുപ്പം കാണിച്ച് കുടുതൽ സ്നേഹം തട്ടിയെടുക്കും. സ്ക്കൂളിനു വെളിയിൽ കടന്നാൽ (മേളകൾ, പഠനയാത്രകൾ) മിക്കവാറും പെൺകുട്ടികൾ സുഹൃത്തുക്കളായി മാറി എന്റെ ചുമലിൽ കൈവെക്കുകയും കൈ പിടിച്ച് നടക്കുകയും ചെയ്യും.

                            ഈ പെൺകുട്ടി എട്ടാം തരത്തിൽ എന്റെ വിദ്യാലയത്തിൽ‌തന്നെ ചേരാൻ കാരണം ഉണ്ട്. രണ്ട് വർഷം മുൻപ് ഞാനടക്കം മൂന്ന് അദ്ധ്യാപികമാർ എസ്.എസ്.എൽ.സി. വിദ്യാർത്ഥികളുടെ സ്റ്റഡീലീവ് സമയത്ത് അവരുടെ പഠന നിലവാരം അറിയാനായി സ്ക്കൂളിന് സമീപത്തെ ഗ്രാമീണ ഇടവഴികളിലൂടെ നടക്കുമ്പോൾ പുതിയതായി താമസം ആരംഭിച്ച ഒരു വീട്ടിലെ വീട്ടമ്മയുമായി പരിചയപ്പെട്ടു. ആ പരിചയത്തിന്റെ തുടർച്ചയിലാണ് ഇളയമകളെ നമ്മുടെ ഹൈസ്ക്കൂളിൽ എട്ടാം തരത്തിൽ ചേർത്തത്. അവളുടെ രക്ഷിതാക്കളുമായി ഇപ്പോഴും പരിചയം തുടരുന്നുണ്ട്. ക്ലാസ്സിൽ ഒന്നാം സ്ഥാനമല്ലെങ്കിലും വളരെ നന്നായി പഠിക്കുന്ന സുന്ദരിയായ ചുരുളമുടിക്കാരിയായ പെൺകുട്ടിയാണവൾ. വിദ്യാർത്ഥികൾ മാത്രമല്ല, അദ്ധ്യാപകരും അവളുടെ സുഹൃത്തുക്കളാണ്. കാര്യങ്ങൾ ചോദ്യം ചെയ്യാനും തന്റേടത്തോടെ സംസാരിക്കാനും കഴിയുന്ന ഷിനിയുടെ പിന്നാലെയാണ് നമ്മുടെ പയ്യൻ രാഹുൽ നടക്കുന്നത്.

                          അവൻ അവളുടെ പിന്നാലെ പ്രേമവുമായി നടപ്പുണ്ടെന്ന കാര്യം ആദ്യമായി അറിഞ്ഞത് നമ്മുടെ മലയാളം അദ്ധ്യാപിക ആയിരുന്നു. കുട്ടികളുടെ നിശ്വാസവായുവിൽ നിന്ന് അവരുടെ ആത്മാവിനെ തിരിച്ചറിയാൻ കഴിവുള്ള ആളാണ് സ്വന്തമായി മക്കളില്ലാത്ത കോട്ടയക്കാരിയായ ടീച്ചർ. അവർ ഒരു ദിവസം എന്നോട് പറഞ്ഞു,
“ടീച്ചറിന്റെ ക്ലാസ്സിലെ ഷിനിയുടെ പിന്നാലെ അടുത്തക്ലാസ്സിലെ പയ്യൻ രാഹുൽ നടക്കുന്നുണ്ട്. അതുകാരണം അവൾ ട്യൂഷൻ ക്ലാസ്സിൽ പോകുന്നത് നിർത്തലാക്കി”
“ട്യൂഷൻ ക്ലാസ്സിൽ പോകാറില്ലെന്ന് ഞാനും അറിഞ്ഞു, അത് സ്ക്കൂളിൽ അതിരാവിലെ സ്പെഷ്യൽ‌ക്ലാസ്സ് ഉള്ളതുകൊണ്ടാണ്, എന്ന് അവൾ എന്നോട് പറഞ്ഞു”
“അതുപിന്നെ ഇത്തരം കാര്യങ്ങളൊന്നും കുട്ടികൾ അദ്ധ്യാപകരോട് പറയാൻ മടിക്കും”
                         മറ്റുള്ള അദ്ധ്യാപകരോട് പറയാൻ മടിക്കുന്ന കാര്യങ്ങൾ‌പോലും മലയാളം ടീച്ചറോട് പറയുന്നത് കുട്ടികൾ അവരെ സ്വന്തമാണെന്ന് തിരിച്ചറിഞ്ഞത് കൊണ്ടുള്ള മാനസിക ബന്ധം കാരണമാണ്.

                         കാര്യങ്ങൾ മനസ്സിലാക്കിയ ക്ലാസ്സ്‌ടീച്ചറായഞാൻ പെൺകുട്ടിയെ അടുത്തു വിളിച്ച് പ്രശ്നങ്ങൾ തിരക്കി. ഏതാനും ദിവസങ്ങളായി തുടരുന്ന ശല്യത്തെക്കുറിച്ച് വിശദമയി അവൾ എന്നോട് പറഞ്ഞു,
“ടീച്ചറെ ട്യൂഷൻ സെന്ററിൽ നിന്ന് ക്ലാസ്സ് വിട്ടാൽ എല്ലാദിവസവും അവൻ എന്റെ പിന്നാലെതന്നെ ഉണ്ടാവും”
“അത് നീ അവനെ ശ്രദ്ധിക്കാതിരുന്നാൽ പോരെ?”
“അങ്ങനെയല്ല, അവൻ പിന്നാലെ നടന്ന് ഇടയ്ക്കിടെ എന്റെ പേര് വിളിക്കും. പിന്നെ മറ്റുകുട്ടികളോട് പറയും, ‘എന്നെ ഇഷ്ടമാണെന്ന്’. ട്യൂഷൻ ക്ലാസ് കൊണ്ട് വലിയ മെച്ചം ഇല്ലാത്തതുകൊണ്ട് ഞാൻ രാവിലെത്തെ ക്ലാസ്സ് നിർത്തി”
“എന്നിട്ട് ഇപ്പോൾ പ്രശ്നമൊന്നും ഇല്ലല്ലൊ?”
“അവന്റെ ഉപദ്രവം മുൻപുള്ളതിനെക്കാൾ ഇപ്പോഴും ഉണ്ട്. ഞാൻ ക്ലാസ്സിൽ നിന്ന് പുറത്ത് പോകുന്ന സമയം നോക്കി പിന്നാലെ നടക്കും, വീടിനു സമീപം വരെ എപ്പോഴും എന്റെ പിന്നാലേ ഉണ്ടാവും”
“നിന്റെ വീട്ടുകാരോട് ഇക്കാര്യം പറഞ്ഞിട്ടുണ്ടോ?”
“വീട്ടുകാരോട് പറഞ്ഞാൽ പിന്നെ എന്നോട് സ്ക്കൂളിൽ പോകണ്ട എന്ന് പറഞ്ഞാലോ?”
“വീട്ടുകാരോട് പറയെണ്ട; സ്ക്കൂൾ കാര്യമായതിനാൽ നമുക്ക് ഇവിടെവെച്ച് തന്നെ പരിഹാരം ഉണ്ടാക്കാം”

                          അന്നുതന്നെ രാഹുലിനെ വിളിച്ച് ഒരു പെൺകുട്ടിയുടെ പിന്നാലെ നടന്ന് അവളെ ശല്യപ്പെടുത്തിയാൽ ഉണ്ടാകാനിടയുള്ള പ്രത്യാഘാതത്തെ പറ്റി ഞാൻ പറഞ്ഞു. വീട്ടുകാർ അറിഞ്ഞാൽ ഉണ്ടാവാനിടയുള്ള ഭവിഷ്യത്തുകൾ കൂടി ഞാൻ പറഞ്ഞു,
“നന്നായി പഠിച്ച് പാസാവാനായി സ്ക്കൂളിൽ മകനെ അയക്കുന്ന നിന്റെ അച്ഛനും അമ്മയും, നീ ഒരു പെൺകുട്ടിയുടെ പിന്നാലെ നടന്ന് സമയം കളയുകയാണെന്ന് പറഞ്ഞാൽ എന്തായിരിക്കും സംഭവിക്കുന്നത്?”
എന്നാൽ അവന്റെ മറുപടി എന്നെ ശരിക്കും ആശ്ചര്യപ്പെടുത്തി,
“അത് ടീച്ചറെ ഒരു പെൺകുട്ടിയെ ഞാൻ സ്നേഹിക്കുന്നുണ്ടെന്ന കാര്യം എന്റെ അമ്മയോട് പറഞ്ഞിരുന്നു”
“എന്നിട്ട് അമ്മ എന്ത് പറഞ്ഞു?”
“അമ്മ പറഞ്ഞു ‘നീ പഠിച്ച് വലിയ ആളായാൽ അവളെ കല്ല്യാണം കഴിച്ചൊ’ എന്ന്”
അപ്പോൾ അമ്മയുടെ വാക്കിന്റെ ഉറപ്പിലാണ് പയ്യന്റെ പ്രേമം അരങ്ങേറുന്നത്, പിന്നീട് പ്രശ്നം വന്നാൽ ഇതേ രക്ഷിതാവ് അദ്ധ്യാപകരെ ആയിരിക്കും കുറ്റം പറയുന്നത്.
“നീ പഠിച്ച് വലിയ ആളായി ജോലിയൊക്ക ആവുമ്പോഴേക്കും അവളുടെ വിവാഹം കഴിഞ്ഞാലോ?”
“അതിനല്ലെ ടീച്ചറെ ഞാനവളെ പ്രേമിച്ച് പിന്നാലെ നടക്കുന്നത്. അവൾക്കും എന്നോട് പ്രേമം തോന്നിയാൽ പിന്നെ എന്നെയല്ലാതെ മറ്റാരെയും അവൾ കല്ല്യാണം കഴിക്കില്ലല്ലോ”
ഈ കുട്ടി ഏതോ സീരിയലിൽ കണ്ടത് അനുകരിക്കുകയാണോ? കാര്യങ്ങൾ കുഴഞ്ഞുമറിയുന്നതായി എനിക്ക് തോന്നി; അവനിപ്പോൾ എന്നെയാണ് ബോധവൽക്കരിക്കുന്നത്;
“ഇക്കാര്യത്തിൽ ടീച്ചർ എതിർക്കുന്നത് ഷിനി ടീച്ചറുടെ ക്ലാസ്സിലെ കുട്ടി ആയതുകൊണ്ടല്ലെ; വേറെ ഏതെങ്കിലും ക്ലാസ്സിലായിരുന്നെങ്കിൽ ടീച്ചർ ഒന്നും പറയില്ലല്ലൊ”
ഇപ്പോൾ കുറ്റം എനിക്കായി മാറിയിരിക്കയാണ്; അവളുടെ ക്ലാസ്‌ടീച്ചർ ആയത്‌കാരണം ഞാൻ അവനെ വിശുദ്ധപ്രേമത്തിൽ നിന്ന് പിന്തിരിപ്പിക്കുകയാണെന്ന്, അവന്റെ ആരോപണം. ഇതങ്ങനെ വിട്ടാൽ പറ്റില്ലല്ലൊ,
“ഇത് സ്ക്കൂളിലെ കാര്യമാണ്, ഒരു പെൺ‌കുട്ടി പരാതിപറഞ്ഞാൽ ഇവിടെയുള്ള ഏത് കൂട്ടിയായാലും അത് അന്വേഷിച്ച്, പരിഹാരം കണ്ടെത്തും. അത് എന്റെ ക്ലാസ്സെന്നോ മറ്റുള്ളവരുടെ ക്ലാസ്സെന്നോ നോക്കാറില്ല. നിന്റെ ഉപദ്രവം കാരണം അവൾ രാവിലെയുള്ള ട്യൂഷൻ ക്ലാസ്സ് ഒഴിവാക്കിയല്ലൊ”
“അത് ടീച്ചറെ ഇതിൽ ഒരു തെറ്റും ഇല്ലല്ലോ, ഞാനും ട്യൂഷൻ നിർത്തലാക്കി”
“നീ അതിൽ തെറ്റൊന്നും കാണുന്നില്ലായിരിക്കാം, എന്നാൽ ആ പെൺകുട്ടിക്ക് നിന്നിൽനിന്ന് ഉപദ്രവം നേരിടുന്നുണ്ടെന്ന് പറയുന്നു. അതിനാൽ ഇനിമുതൽ അവളോട് സംസാരിക്കുകയോ അവളുടെ പിന്നാലെ നടക്കുകയോ ചെയ്യരുത്”

                    പൂർണ്ണമനസ്സോടെയല്ലെങ്കിലും രാഹുൽ അത് സമ്മതിച്ചപ്പോൾ എനിക്ക് സന്തോഷം തോന്നി. കുട്ടികളുടെ തന്റേടവും നിരീക്ഷണപാഠവവും നമ്മൾ അദ്ധ്യാപകർ അംഗീകരിച്ചേ മതിയാവൂ. ഒരിക്കൽ എട്ടാം തരത്തിൽ പഠിക്കുമ്പോൾ ഉത്തരക്കടലാസ് കാണിച്ച് ലഭിക്കേണ്ട മാർക്ക് ചോദിച്ചു വാങ്ങിയത് ഇതേ പയ്യനാണ്. മൂന്ന് മാർക്കിന്റെ ചോദ്യത്തിന്റെ ഉത്തരമെഴുതിയപ്പോൾ ഞാൻ കൊടുത്തത് ഒന്നര മാർക്ക് മാത്രം. ഉടനെ ‘ഉത്തരക്കടലാസും തുറന്ന നോട്ട്ബുക്കുമായി’ രാഹുൽ സ്റ്റാഫ്‌റൂമിൽ വന്ന് എന്നോട് പറഞ്ഞു, “ടീച്ചർ ഈ ചോദ്യത്തിന്റ്റെ ഉത്തരം ടീച്ചർ പറഞ്ഞുതന്നത് അതേപടി ഉത്തരക്കടലാസിൽ ഞാൻ എഴുതിയിട്ടുണ്ട്. എന്നിട്ട് എനിക്ക് മൂന്ന് മാർക്കിനു പകരം തന്നത് ഒന്നരമാത്രം. ബാക്കി ഒന്നരകൂടി ചേർത്ത് തരണം”
അല്പം ചമ്മലോടെയാണെങ്കിലും അർഹതപ്പെട്ട ഒന്നരകൂടി അവന്റെ ഉത്തരക്കടലാസിൽ ചേർത്തു. അങ്ങനെയുള്ള കുട്ടിയെ അംഗീകരിക്കേണ്ടതാണ്. എന്നാൽ തെറ്റായ നീക്കങ്ങൾ എതിർത്ത് ശരിയാക്കേണ്ട കടമയും അദ്ധ്യാപകർക്കുണ്ട്.

                           ഒരാഴ്ച കഴിഞ്ഞു, പ്രത്യേക പ്രശ്നമൊന്നും ഉണ്ടാവത്തതിനാൽ ഷിനിക്ക് പരാതിയൊന്നും ഉണ്ടായില്ല. പഠനവും ക്ലാസ്സും നന്നായി മുന്നോട്ട് പോവുകയാണ്. എന്നാൽ ഒരു ദിവസം ഉച്ചക്ക് അവൾ ഒരു പരാതിയുമായി എന്നെ കാണാൻ വന്നു. ഇത്തവണ എഴുത്തുകളായാണ് അവന്റെ പ്രേമം കടന്നുവന്നത്. അവൾ ഇരിക്കുന്ന ബഞ്ചിലും മുന്നിലെ ഡസ്ക്കിലുമായി രണ്ടാളുടെയും പേരുകൾ പ്രേമചിഹ്നം ചേർത്ത് എഴുതിയിരിക്കുന്നു. രണ്ട് ദിവസമായി പിന്നാലെയുള്ള നടത്തം തുടരുന്നെങ്കിലും ഒന്നും പറയാറില്ല എന്ന് മാത്രം.

                          ഇതൊരു വല്ലാത്ത രോഗംതന്നെ, പ്രേമം തലക്ക് പിടിച്ചാൽ അത് ആണിനായാലും പെണ്ണിനായാലും ഒരുപോലെ തന്നെ. ഇവിടെ പ്രേമം വൺ‌വേ ആയതിനാൽ പെൺകുട്ടി കൂടുതൽ പ്രായോഗികമായി ചിന്തിക്കുകയാണ്. അവൾ ചിന്തിക്കുന്നത് പഠിച്ച് നല്ലൊരു ഭാവി, നല്ലൊരു ജീവിതം, ഇതൊക്കെയാണ്. അതിനിടയിൽ ഇങ്ങനെയൊരുത്തന്റെ പ്രേമം തന്റെ നല്ല ഭാവിക്ക് തടസ്സമാണെന്ന് അവൾ തിരിച്ചറഞ്ഞിരിക്കുന്നു. ജാതി, മതം, വിശ്വാസം, രക്ഷിതാക്കൾ, സമൂഹം തുടങ്ങിയ എല്ലാറ്റിനെയും‌കുറിച്ച് അവൾ ചിന്തിക്കുന്നു. പരിശുദ്ധപ്രേമത്തിനുവേണ്ടി ജീവിതം തൊലച്ചുകളയാൻ അവൾ തയ്യാറല്ല. ഇവൻ പഠനമൊക്കെ കളഞ്ഞ്, ഒടുവിൽ പ്രേമഗാനവുംപാടി നടക്കുമെന്നാണ് തോന്നുന്നത്; ഇവനുള്ള ചികിത്സ അടുത്ത ഘട്ടത്തിലേക്ക് കടക്കേണ്ടി വരും.

                        രാഹുലിനെ വിളിച്ച് വരുത്തി അവനെ ചോദ്യം ചെയ്തപ്പോൾ ചെയ്തതെല്ലാം അവനാണെന്ന് സമ്മതിച്ചു, കാരണം ഒന്ന് മാത്രം,
“അത് ടീച്ചറെ അവളെ എനിക്കിഷ്ടമായതുകൊണ്ട് പേരെഴുതിയത്, അവളെ ഞാൻ ഉപദ്രവിക്കുന്നില്ലല്ലൊ,,”
“ഇരിപ്പിടത്തിൽ പേരെഴുതിവെക്കുന്നത് ശരിയല്ല. ഈ സ്ക്കൂളിൽ നീ മാത്രമാണല്ലൊ ഇങ്ങനെയൊരു സ്വഭാവം കാണിക്കുന്നത്?”
“അത്‌പിന്നെ,,,”
“അത്‌പിന്നെ അങ്ങനെത്തന്നെ, ഇനി അവളിൽ‌നിന്ന് എന്തെങ്കിലും കം‌പ്ലെയ്ന്റ് ഉണ്ടായാൽ രക്ഷിതാവിനെ വിളിച്ചുവരുത്തിയിട്ട്, തന്നെ ഇവിടെ നിന്ന് പറഞ്ഞയക്കേണ്ടി വരും”
“അതിന് ഞാൻ തെറ്റൊന്നും ചെയ്തില്ലല്ലൊ?”
“നിന്നെ ഇഷ്ടപ്പെടാത്ത ആ പെൺകുട്ടിയുടെ ഒരു കാര്യത്തിലും ഇനി ശ്രദ്ധിക്കാൻ പാടില്ല, മര്യാദക്ക് പഠിക്കാൻ നോക്ക്,,,”
കൂടുതലൊന്നും പറയാതെ ഞാൻ സ്ഥലം വിട്ടു; അവനെ എനിക്ക് വളരെ ഇഷ്ടമാണെങ്കിലും പ്രശ്നങ്ങൾ വരാതെ നോക്കേണ്ടത് ഒരു അദ്ധ്യാപികയുടെ കടമയാണല്ലൊ.

രണ്ട് ദിവസം കഴിഞ്ഞപ്പോൾ ഞാൻ കമ്പ്യൂട്ടർ ലാബിലുള്ള സമയത്ത് ഷിനി എന്റെ സമീപം വന്നു, വന്ന ഉടനെ അവൾ എന്നോട് പറഞ്ഞു,
“ടീച്ചർ പറഞ്ഞത് രാഹുൽ അനുസരിക്കുന്നില്ലല്ലൊ, അവനിന്നും എന്റെ പിന്നാലെ നടന്ന് ഉച്ചത്തിൽ പേര് വിളിക്കുന്നു”
എനിക്കാകെ വിഷമമായി; ഇങ്ങനെയുണ്ടോ ഒരു പയ്യൻ, ക്ലാസ്സിൽ‌നിന്ന് പുറത്തേക്ക് വിളിച്ച് രണ്ട് അടികൊടുത്താലോ!!! അയ്യോ അതെല്ലാം വെറുതെ, അടിക്കാൻ ന്യായമായ കാരണം വേണ്ടെ?
“ടീച്ചർ?”
“എന്താ ഷിനി?”
“ടീച്ചർക്ക് അവനെ നിയന്ത്രിക്കാൻ ആയില്ലല്ലൊ, ഇനി ഞാനൊന്ന് നോക്കട്ടെ”
“എന്ത്?”
“അവൻ എന്നെയല്ലെ ശല്യം ചെയ്യുന്നത്, അത് ഞാൻ തന്നെ ഒഴിവാക്കട്ടെ”
“അതെങ്ങനെ?”
“അതൊന്നും ടീച്ചർ അറിയേണ്ട, ടീച്ചർ സമ്മതിച്ചാൽ മതി”
“ശരി അവന്റെ ഉപദ്രവം ഇല്ലാതാക്കാൻ നിനക്ക് എന്തും ചെയ്യാം”
അവൾ ക്ലാസ്സിലേക്ക് പോയപ്പോൾ എന്റെ മനസ്സ് അസ്വസ്ഥമായി. ഒരു അദ്ധ്യാപിക ആയിട്ടും,,,
തൊട്ടടുത്ത തിങ്കളാഴ്ച ഒന്നാമത്തെ പിരീഡ്, ‘പത്ത് A’ ക്ലാസ്സിന്റെ വരാന്തയിൽ എന്നെ പ്രതീക്ഷിച്ച് ഷിനി ചിരിച്ചുകൊണ്ട് നിൽക്കുന്നുണ്ട്. അവൾ സന്തോഷത്തോടെ എന്നോട് പറഞ്ഞു,
“ടീച്ചറെ ഇനി ഒരിക്കലും എന്നെ ശല്യം ചെയ്യാൻ അവൻ വരില്ല,”
“ങെ,, അതെങ്ങനെ?”
“അവനെ ഞാൻ ഭീഷണിപ്പെടുത്തി, ഇനി എന്നെ നോക്കുകപോലും ചെയ്യില്ല”
“അവൻ പേടിക്കാൻ‌മാത്രം നീ എന്താ പറഞ്ഞത്?”  
“അത് ഞാൻ ടീച്ചറോട് പറയില്ല”
ഞങ്ങൾ രണ്ട്‌പേരും ക്ലാസ്സിനകത്തേക്ക് കടന്നു, അദ്ധ്യാപിക ആയ ഞാനും വിദ്യാർത്ഥിയായ ഷിനിയും.

                      സംഭവിച്ചത് എന്താണെന്ന് ഞാൻ പിന്നീടൊരിക്കലും ചോദിച്ചില്ല, എന്നാൽ തുടർന്നുള്ള ദിവസങ്ങളിൽ രാഹുലിന്റെ പ്രേമം അപ്രത്യക്ഷമായി എന്നാണ് അറിയാൻ കഴിഞ്ഞത്. പ്രശ്നങ്ങളൊന്നും ഇല്ലാതെ പഠനത്തിൽ കൂടുതൽ ശ്രദ്ധിച്ച് നല്ല മാർക്ക് വാങ്ങി ഡിസ്റ്റിംങ്ങ്ഷനോടെ രണ്ട്‌പേരും പാസ്സായി.

32 comments:

 1. എന്റെ അദ്ധ്യാപന ജീവിതത്തിൽ ഓർമ്മിക്കാവുന്ന കൊച്ചുകാര്യങ്ങളിൽ ഒന്ന് മാത്രമാണിത്.
  ഭാവിജീവിതത്തിൽ അവർ രണ്ട്പേരും അവരുടേതായ വഴികളിൽ നീങ്ങിയെന്ന് അറിയാൻ കഴിയുന്നു. കൌമാരകാലത്ത് കാണിച്ച കുട്ടികളുടെതായ ചാപല്യത്തെക്കുറിച്ച് പിന്നീട് അവർ കൂടുതൽ ചിന്തിക്കാനിടയില്ല, എന്നാണ് എനിക്ക് മനസ്സിലായത്.

  ReplyDelete
 2. ഒരുമാതിരി പണി കാണിക്കരുത്, ഛെ മനുഷ്യന്റെ സമാധാനം പോയല്ലോ

  എന്നാലും എന്നതാരീക്കും ആ കൊച്ച് അവനോട് പറഞ്ഞത് :-))

  ReplyDelete
 3. ഒരുമാതിരി ചെയ്തായിപോയി ക്ലൈമാക്സ്‌ കട്ട്‌ ചെയ്ത് സിനിമ റിലീസ് ചെയ്തപോലെ .....

  ReplyDelete
 4. ആഹാ ഇത് ഇന്നെഴുതിയതാണല്ലോ... കൊള്ളാം.. ഇഷ്ടപ്പെട്ടു..

  ReplyDelete
 5. എന്നാലുമെന്റെ ടീച്ചറെ, ആ കൊച്ചെന്തോന്നായിരിക്കും ആ രാഹുലിനോട് പറഞ്ഞത്! ആറാം ക്ലാസ് മുതല്‍ ഒരു പെണ്‍കുട്ടിയെ ഇഷ്ടപെടാന്‍ ഭാഗ്യം ലഭിച്ചവനാണ് ഞാന്‍. ആ മുഖവും, ആ പിണക്കങ്ങളും, ഇന്നും എനിക്കനുഭാവിക്കാം. പക്ഷെ, എന്നാലും ആ കൊച്ചാ ചെക്കനോട് പറഞ്ഞത് എന്തായിരിക്കും?? പെണ്‍കൊച്ചല്ലേ , വല്ല കൊസ്രാകൊള്ളി കാര്യവുമായിരിക്കും? അല്ലെങ്കില്‍ അരിയുടെയും മണ്ണെണ്ണയുടെയും വില ചോദിച്ചിട്ടുണ്ടാവും! പാവം പത്തം തരത്തില്‍ പഠിക്കുന്ന കിടാവിനെവിടെന്നാ പലവ്യജ്ഞനങ്ങളുടെ വിലവിവരപ്പട്ടിക അറിയുക?

  ReplyDelete
 6. ഒരുമാതിരി ചെയ്തായിപോയി ക്ലൈമാക്സ്‌ കട്ട്‌ ചെയ്ത് സിനിമ റിലീസ് ചെയ്തപോലെ .....
  +1

  ReplyDelete
 7. അടിപൊളി... പക്ഷെ എന്തായിരിക്കും അവള്‍ പറഞ്ഞത് ...അവള്‍ക്കു വേറെ പ്രേമം ഉണ്ടെന്നാകുമോ .. ;)

  ReplyDelete
 8. ടീച്ചറെ, മനുഷ്യനെ കുരങ്ങ്കളിപ്പിക്കരുത് കേട്ടോ...!!

  ReplyDelete
 9. ടീച്ചര്‍ രണ്ടു വാക്ക് എഴുതാന്‍ വിട്ടുപോയെന്നു തോനുന്നു...

  "" കഥ തുടരും"

  ReplyDelete
 10. ചേച്ചി എന്നാലും എന്തായിരിക്കും ആ കൊച്ച് അവനോട് പറഞ്ഞത്

  ReplyDelete
 11. ഈ നിസാര പ്രശ്നം പോലും സോള്‍വ് ചെയ്യാന്‍ ടീച്ചറിനു അറിയാന്‍ വയ്യെന്ന് അവള്‍ക്കു മനസിലായി ...അപ്പോള്‍ പിന്നെ രാഹുല്‍ ഇങ്ങോട്ട് ബോധവല്‍ക്കരിക്കാന്‍ വന്നതിലും അത്ഭുതമില്ല .ആ മലയാളം ടീച്ചരായിരുന്നെങ്കില്‍ അത് പണ്ടേ മടക്കികൂട്ടി കയ്യില്‍ വച്ച് കൊടുത്തേനെ ..അല്ല അവരാണല്ലോ ഈ രോഗം ആദ്യം കണ്ടു പിടിച്ചത് ..ഏതായാലും മോശമായി പോയി ...ദെ ഇപ്പോള്‍ ഇവിടെ വാലറ്റം മുട്ടിക്കാതെ എഴുതി ടീച്ചര്‍ പഴിയും കേള്‍ക്കുന്നു ..

  ReplyDelete
 12. രാഷ്ട്രീയക്കാരുടെ പ്രകടനപത്രികപോലെ മനുഷ്യനെ മക്കാറാക്കുന്ന പരിപാടിയായിപോയി......

  ReplyDelete
 13. ടീചറേ, ഇതൊരുമാതിരി...
  ഇനി മേലില്‍ ഇവിടെ വരുകയോ കമന്റിടുകയോ ചെയ്യുന്നതല്ല :|

  ReplyDelete
 14. @നല്ലി . . . . . -,
  അവൾ പറഞ്ഞത് എന്തായിരിക്കും എന്ന ചിന്ത എനിക്ക് മാത്രമല്ല, ഇത് വായിക്കുന്നവരും ഉള്ളതിൽ സന്തോഷമുണ്ട്. മറ്റുള്ളവരോട് പറയാനും മറ്റുള്ളവർക്ക് കേൾക്കാനും വയ്യാത്ത വാക്കുകൾ ആയിരിക്കും അവൾ പ്രയോഗിച്ചത് എന്ന് എനിക്ക് ഉറപ്പുണ്ട്. അഭിപ്രായം എഴുതിയതിന് നന്ദി.
  @ചെക്കന്‍സ്‌-,
  ക്ലൈമാക്സ് എങ്ങനെ വേണമെങ്കിലും തീരുമാനിക്കാം, അതല്ലെ പുത്തൻ സിനിമ. അഭിപ്രായം എഴുതിയതിന് നന്ദി.
  @david-,
  അഭിപ്രായം എഴുതിയതിന് നന്ദി.
  @ആസാദ്‌-,
  ആ പെണ്ണിന് അവനെ തീരെ ഇഷ്ടമല്ല, അതിന് കാരണം പലതും ആയിരിക്കാം. പിന്നെ അവനെ ഒഴിവാക്കാനുള്ള പരിശ്രമമാണ് അവൾ കാണിച്ചത്. അഭിപ്രായം എഴുതിയതിന് നന്ദി.
  @DHAARRII-,
  ക്ലൈമാക്സ് കട്ട് ചെയ്താൽ കാണികളുടെ തീരുമാനത്തിന് വിടാമല്ലൊ. അഭിപ്രായം എഴുതിയതിന് നന്ദി.
  @ചക്രൂ-,
  ചിലപ്പോൾ അങ്ങനെയും ആവാം. വിവാഹം പണ്ടേ തീരുമാനിച്ചെന്നും അവനറിഞ്ഞാൽ തലകൊയ്യുമെന്നും പറഞ്ഞിരിക്കാം. അഭിപ്രായം എഴുതിയതിന് നന്ദി.
  @പള്ളിക്കരയില്‍-,
  എന്റെ പള്ളിക്കരെ, എന്നെ കുരങ്ങ്‌കളിപ്പിച്ച അവന്മാർ ഇനിയും ഉണ്ട്. അതിലൊന്നിനെ താങ്കളുമായി ഷേയർ ചെയ്തതാ,,, അഭിപ്രായം എഴുതിയതിന് നന്ദി.
  @HARI-,
  കഥാപാത്രങ്ങളിൽ ആരെയെങ്കിലും കണ്ടുമുട്ടിയാൽ കഥ തുടരും, കാത്തിരിക്കുക. അഭിപ്രായം എഴുതിയതിന് നന്ദി.
  @ഫെനില്‍-,
  പറയാൻ പറ്റാത്ത വാക്ക് തന്നെ ആയിരിക്കും, ഉറപ്പ്. അഭിപ്രായം എഴുതിയതിന് നന്ദി.
  @രമേശ്‌ അരൂര്‍-,
  എനിക്ക് പരിഹരിക്കാൻ പറ്റാത്തകാര്യം തന്നെയാണ്. ഇക്കാര്യത്തിൽ ആ മലയാളം ടീച്ചറും ശ്രമിച്ചിട്ട് കൈഒഴിഞ്ഞ കേസാണ്. പിന്നെ ഇതുപോലെ ഒന്ന് പരിഹരിക്കാൻ നോക്കിയപ്പോൾ പിറ്റേന്ന് രക്ഷിതാവ് വന്ന് ടീസി വാങ്ങി, പെൺകുട്ടിയെ നാട്കടത്തിയ സംഭവം മുൻപ് ഉണ്ടായിരുന്നു.
  പെൺകുട്ടികളുടെ പല പ്രശ്നങ്ങളും അവർക്ക് തന്നെ പരിഹരിക്കാൻ കഴിയും എന്നാണ് ഇതിൽ‌നിന്ന് ഞാൻ മനസ്സിലാക്കിയത്. അഭിപ്രായം എഴുതിയതിന് നന്ദി.
  @ശ്രീക്കുട്ടന്‍-,
  പ്രകടനപത്രിക തന്നെ, ബാക്കി ഊഹിക്കാം. അഭിപ്രായം എഴുതിയതിന് നന്ദി.
  @കുമാര്‍ വൈക്കം-,
  അത് നന്നായി, അഭിപ്രായം എഴുതിയതിന് നന്ദി.

  ReplyDelete
 15. mini lokathil ഞാന്‍ adyamayi

  കൊച്ചു കൊച്ചു പ്രേമങ്ങളുടെ മുള നുള്ളാന്‍

  ടീചെര്‍മാര്‍ക്ക് പ്രത്യേക ആനന്ദം വല്ലതും

  ഉണ്ടോ ?? എന്നാലും .. ആ ഒന്നര മാര്‍ക്ക്‌ കുറച്ചു കളഞ്ഞല്ലോ

  പാവം രാഹുല്‍ ...

  ഇത്ര പേടി തോന്ടനാണോ അവന്‍ ??  ക്ലാവ് പിടിച്ച സ്കൂള്‍ ദിനങ്ങള്‍ തേച്ചു മിനുക്കുവാന്‍

  സഹായിച്ച പോസ്റ്റ്‌ .. ക്ലൈമാക്സ്‌ അടുത്ത പ്രാവശ്യം

  പറഞ്ഞാല്‍ മതി ,അഭിനന്ദനങള്‍

  ReplyDelete
 16. എന്റെ ടീച്ചറേ! അവള്‍ വേണ്ടാതീനമൊന്നും പറഞ്ഞില്ല. അവള്‍ പറഞ്ഞത് ഇതാണ്. “ എനിക്കും തന്നോട് സ്നേഹമുണ്ട്; പക്ഷേ പഠനം കഴിയുന്നത് വരെ എന്നെ കണ്ട ഭാവം നടിക്കരുത്. വീട്ടുകാര്‍ അറിഞ്ഞാല്‍ എന്റെ പഠനം നിര്‍ത്തും പിന്നെ തനിക്ക് കാണാന്‍ സാധിക്കില്ല. അത് കൊണ്ട് പഠനം കഴിയുന്നത് വരെ നല്ല കുട്ടിയായി ജീവിക്ക്..” അവന്‍ അനുസരിച്ചു. പഠനം കഴിയുമ്പോഴല്ലേ അപ്പോള്‍ നോക്കാം....ഇതാണ് അവളുടെ മനസിലെ വിചാരം. അവളുടേതല്ല മിക്കവാറും പെണ്‍ വര്‍ഗത്തിന്റെ ചെറിയ പൊടിക്കൈകള്‍ ഇങ്ങിനെയൊക്കെയാണ്.

  ReplyDelete
 17. ഇതുമതി.. ദോ മുകളില്‍പറഞ്ഞ (sherriff kottarakkara) ആ കമന്റങ്ങുറപ്പിച്ചു :)

  ReplyDelete
 18. കടുവയെ പിടിച്ച കിടുവ സ്റ്റുഡന്റ്.!

  ReplyDelete
 19. sherriff kottarakara

  ഈ ചേട്ടന് ആ ഒന്നര മാര്‍ക്ക് കൊടുക്കാന്‍ മറക്കണ്ട ടോ ....

  അതാണ് സത്യാവസ്ഥ .....

  ReplyDelete
 20. കൊള്ളാം.. ഇഷ്ടപ്പെട്ടു..
  എന്നാലും ..............

  ReplyDelete
 21. Veejyots-,
  ആദ്യമായി മിനിലോകത്തിൽ വന്നതിന് സ്വാഗതം. പണ്ട്കാലം മുതൽ ഈ ടീച്ചർമാർ പിള്ളേരുടെ പ്രേമത്തിന് കത്തിവെക്കുന്നവരാണ്. അങ്ങനെയൊരു കത്തി വെച്ച പ്രേമം ഇവിടെയുണ്ട്
  ഒരു പ്രേമലേഖനവും...നാടകവും

  വായിക്കാം
  അഭിപ്രായം എഴുതിയതിന് നന്ദി.

  ReplyDelete
 22. sherriff kottarakara-,
  ശരിയായിരിക്കാം, പിന്നീടവൻ ആഭാഗത്തേക്ക് നോക്കിയിട്ടില്ല. കൊട്ടാരക്കരക്ക് ഫുൾ മാർക്ക് നൽകുന്നു. അഭിപ്രായം എഴുതിയതിന് നന്ദി.
  കുമാര്‍ വൈക്കം-,
  ഇപ്പൊ സമാധാനമായല്ലൊ, അഭിപ്രായം എഴുതിയതിന് നന്ദി.
  @കുമാരന്‍ | kumaran-,
  കടുവകൾ ജയിക്കട്ടെ, അഭിപ്രായം എഴുതിയതിന് നന്ദി.
  @HARI-,
  ഫുൾ മാർക്ക്തന്നെ കൊടുത്തിട്ടുണ്ട്. അഭിപ്രായം എഴുതിയതിന് നന്ദി.
  @Naushu-,
  അതെന്താ എന്നിട്ടും ഒരു സംശയം? അഭിപ്രായം എഴുതിയതിന് നന്ദി.

  ReplyDelete
 23. ആ സൂത്രം എങ്ങിനെയെങ്കിലും തപ്പി പിടിച്ചു എടുക്കൂ ടീച്ചറെ... ആര്‍ക്കെങ്കിലും ഉപകാരപ്പെട്ടാലോ :)

  ReplyDelete
 24. അവള്‍ എന്താവും പറഞ്ഞതെന്നു എനിക്കറിയാം...

  ReplyDelete
 25. ഹ ഹ "ഇനി എന്റെ പിറകെ നടന്നാല്‍ നീ എന്നെ പീഡിപ്പിച്ചു എന്നു ഞാന്‍ പറയും" .....എന്നു പറഞ്ഞു പേടിപ്പിച്ചു കാണും...അല്ലെ ടീച്ചറെ?

  ReplyDelete
 26. വളരെ നന്നായി

  --
  .

  ReplyDelete
 27. @Bijith :|: ബിജിത്‌-,
  ഒരു പ്രശ്നം ഉണ്ടായാൽ അത് സ്വന്തമായി പരിഹരിക്കുന്നതാണ് നല്ലത്, എന്ന ആശയമാണ് എനിക്ക് ഈ സംഭവത്തിൽ നിന്ന് മനസ്സിലായത്. അവളെ ഏതായാലും കാണും, കാണേണ്ടി വരും. അഭിപ്രായം എഴുതിയതിന് നന്ദി.
  @മുല്ല-,
  അറിയുന്നത് പറയേണ്ട, അതാണ് നല്ലത്. അഭിപ്രായം എഴുതിയതിന് നന്ദി.
  @രഘുനാഥന്‍-,
  അങ്ങനെ പറഞ്ഞാൽ പിന്മാറുന്ന കക്ഷിയല്ല ഈ പയ്യൻ. അഭിപ്രായം എഴുതിയതിന് നന്ദി.
  @സജീവ്‌-,
  എനിക്കും തോന്നുന്നു, നന്നായി. അഭിപ്രായം എഴുതിയതിന് നന്ദി.

  ReplyDelete
 28. പോസ്റ്റ് കൊള്ളാം ഇഷ്ടമായി പക്ഷേ ആ കുട്ടി എന്താണ്‍ പറഞ്ഞത് എന്നറിയാതെ കഥ പൂര്‍ണ്ണമാകുന്നില്ല എന്ന് തോന്നുന്നു.

  പിന്നെ കൌമാരകാലത്ത് കാണിച്ച കുട്ടികളുടെതായ ചാപല്യത്തെക്കുറിച്ച് പിന്നീട് അവർ കൂടുതൽ ചിന്തിക്കാനിടയില്ല, എന്നാണ് എനിക്ക് മനസ്സിലായത്. ഈ statement എത്രമാത്രം ശരിയാണെന്ന് എനിക്ക് സംശയം ഉണ്ട്

  ReplyDelete
 29. നന്നായി ആസ്വദിക്കാന്‍ കഴിയുന്ന ശൈലി ആണ് മിനിടീച്ചറിന്റെ എഴുത്തിനു..
  ഞാന്‍ ബ്ലോഗില്‍ പുതിയ ആളാണ്‌,വായിച്ചുതുടങ്ങിയിട്ട് കുറെ കാലമായി.
  കുറെ വായിച്ചപ്പോ സ്വന്തമായി ഒന്ന് തുടങ്ങാന്‍ ആഗ്രഹം..അതുകൊണ്ട് അവിവേകം ചെയ്തതാണ് .
  ഇനിയും എഴുതൂ...ആശംസകള്‍...!!!!

  ReplyDelete
 30. @kichu...-,
  കൌമാര ചാപല്യങ്ങൾ പെൺകുട്ടികളാവുമ്പോൾ അവരുടെ ഭാവിജീവിതത്തിൽ ഓർത്തുവെക്കില്ല. മനസ്സിന്റെ ഏതോ ഉള്ളറയിൽ അടച്ചുവെക്കും. അഭിപ്രായം എഴുതിയതിന് നന്ദി.
  @അലീന-,
  സ്വന്തമായി ഒന്ന് തുടങ്ങുക, അഭിപ്രായം എഴുതിയതിന് നന്ദി.

  ReplyDelete
 31. ഇത്രേയുള്ളോ ,മിനി ടീച്ചറേ, നമ്മുടെ സ്കൂളില്‍ ഇതിന്റെക്കാള്‍ ഉന്നതമായ നിലയിലുള്ള സംഭവങ്ങളാണുള്ളത്

  ReplyDelete
 32. ഷിനിമോളെന്തായാലും പ്രണയത്തെ തിളപ്പിച്ചു ആവിയാക്കിക്കളയുന്ന ഒരു കലക്കു കൊടുത്തിരിക്കുംല്ലേ.. നന്നായി. സ്കൂളിൽ സംഭവങ്ങൾക്കു പഞ്ഞമുണ്ടായിരിക്കില്ല അല്ലേ. എഴുതൂ ഓരോന്നായി.

  ReplyDelete

എന്റെ മനസ്സിലെ ഈ കൊച്ചു മിനിലോകത്തിലേക്ക് എല്ലാവര്‍ക്കും സ്വാഗതം.