“മിനിലോകം”

ഞാന്‍ മിനി... എന്റെ മനസ്സ് എന്റെ ലോകമാണ്. എന്റെ മനസ്സില്‍(ഓര്‍മ്മയില്‍) തങ്ങിനില്‍ക്കുന്ന കാര്യങ്ങള്‍,വേണ്ടതും വേണ്ടാത്തതും ഞാന്‍ ഇവിടെ പകര്‍ത്തുന്നു. ഇതു വായിക്കാം, അഭിപ്രായം എഴുതാം. ജീവിതത്തില്‍ നിന്നും ഞാന്‍ കണ്ടെത്തിയ ധാരാളം ചെറിയ‘വലിയ’ സംഭവങ്ങള്‍ ഉണ്ട്. അവയെല്ലാം ചിത്രങ്ങളോടൊപ്പം ഇവിടെ അവതരിപ്പിക്കുന്നു. എന്റെ ലോകത്തേക്ക് “മിനിലോക”ത്തിലേക്ക് ഞാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു... ചിരിക്കാം, കളിക്കാം, ചിന്തിക്കാം... എന്ന് നിങ്ങളുടെ: mini//മിനി

December 23, 2013

ആദ്യമായ് ആനപ്പുറത്ത്….100 പോസ്റ്റിന്റെ നിറവിൽ

 മുൻ‌കുറിപ്പ്:
മിനിലോകത്തിൽ നൂറാമത്തെ പോസ്റ്റ്, 
ഇത്,, എന്റെ ആദ്യത്തെ അനുഭവമാണ്. അധികമാർക്കും ഇല്ലാത്ത അനേകം അനുഭവങ്ങൾ എനിക്കുമാത്രമായി ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. ആദ്യത്തെ അനുഭവങ്ങളായി ഓർക്കുന്നവയിൽ പലതും അവസാനത്തേതും ആയിരുന്നു. നൂറിന്റെ നിറവിൽ ഇനി ആനപ്പുറത്ത് കയറട്ടെ,,,,

ആനപ്പുറത്ത് കയറിയത്?
ഞാൻ തന്നെ,
കുഴിയാനയാണോ? ഡ്യൂപ്ലിക്കേറ്റ് ആനയാണോ?,,
                  കയറിയത് സാക്ഷാൽ ആനയുടെ പുറത്ത് തന്നെ; നാല് കാലും രണ്ട് കൊമ്പും ഒരു വാലും ഉള്ള അസ്സൽ കൊമ്പനാനയുടെ പുറത്ത്,, ആന എന്നെയും കയറ്റിക്കൊണ്ട് ഏതാണ്ട് പത്തുമിനിട്ട് സമയം ചുറ്റിനടന്നു. ചാൻസ് കിട്ടിയാൽ ഇനിയും ആനപ്പുറത്ത് കയറും. അതുകൊണ്ടാണ് ‘ആദ്യമായ് ആനപ്പുറത്ത്’, എന്ന് ആദ്യം‌തന്നെ എഴുതിയത്.
എന്നെ പുറത്ത് കയറ്റി നടക്കാൻ‌മാത്രം ആനക്കെന്ത് പറ്റി?
                  ആനക്ക് ഒന്നും പറ്റിയില്ല; മറ്റുള്ളവരെ കയറ്റുന്ന കൂട്ടത്തിൽ എന്നെയും കയറ്റി എന്നുമാത്രം. പിന്നെ ആനപ്പുറത്ത് ഞാനൊറ്റക്കായിരുന്നില്ല. ആനയുടെ ഡ്രൈവർ കൂടാതെ ആകെ എട്ട്‌പേരുണ്ടായിരുന്നു. കൂട്ടത്തിൽ ഞാൻ‌മാത്രം സ്ത്രീ, ബാക്കി ഏഴും പുരുഷന്മാർ
അത് കലക്കിയല്ലൊ,, ഇയാളൊരു കാട്ടുജീവിയായിരിക്കും!
‘കാട്ടുജീവിയാവാനാണെനിക്കേറെയിഷ്ടം’; എന്ത് ചെയ്യാം!

സംഭവം നടന്നത്?
ബ്ലോഗും ഇന്റർനെറ്റും കമ്പ്യൂട്ടറും ഡിജിറ്റൽ ക്യാമറയും കൂടാതെ, ഈ ബ്ലോഗ് വായിക്കുന്നവരിൽ പലരും ജനിക്കുന്നതിന് മുൻപ്, കൃത്യമായി പറഞ്ഞാൽ 1974ൽ,,,
                  മൂന്ന് വർഷത്തെ സസ്യശാസ്ത്ര പഠനത്തിന്റെ ഭാഗമാണ് പഠനയാത്ര; അപ്പോൾ മാത്രമല്ല ഇപ്പോഴും അങ്ങനെയൊന്നുണ്ട്. കണ്ണൂർ എസ്.എൻ. കോളേജിലെ ബോട്ടണി ഡിപ്പാർട്ട്‌മെന്റ് അവസാനവർഷം ഡിഗ്രി വിദ്യാർത്ഥികൾക്കായി പഠനയാത്ര സംഘടിപ്പിച്ചു; അക്കാലത്ത് കണ്ണൂർ ജില്ലയുടെ ഭാഗമായ മാനന്തവാടിയിൽ എത്തുക, പിന്നീട് സമീപമുള്ള കാടുകളിൽ കടന്നുകറങ്ങി ചെടികളെയും മരങ്ങളെയും അടുത്തുകണ്ട്‌ അറിയുക. അങ്ങനെ 18 വിദ്യാർത്ഥികളും 18 വിദ്യാർത്ഥിനികളും ഒരു അദ്ധ്യാപകനും രണ്ട് അദ്ധ്യാപികമാരും ഒരു അറ്റന്ററും ചേർന്ന് യാത്രക്ക് തയ്യാറായി.
ഇതെന്താ ഇങ്ങനെയൊരു ചെറിയയാത്ര എന്നോ? വലിയൊരു യാത്രക്ക് എല്ലാവിധ തയ്യാറെടുപ്പും നടത്തിയിട്ട് മാസങ്ങൾക്ക് മുൻപ് പണം അടച്ചതായിരുന്നു; 
കൊടൈക്കനാലിൽ,,
                 പക്ഷെ അജ്ഞാതമായ കാരണത്താൽ ആ യാത്ര നീണ്ടുപോയിട്ട് ഡിലീറ്റ് ആയപ്പോൾ മാനന്തവാടിയിൽ വെറും മൂന്ന് ദിവസത്തെ യാത്രയിൽ അവസാനിച്ചു. പോയത് സ്പെഷ്യൽ വാഹനത്തിലൊന്നുമല്ല, നമ്മുടെ കെ.എസ്.ആർ.ടീ.സി. ബസ്സിൽ. കണ്ണൂർ ബസ്‌സ്റ്റാന്റിൽ പുലർച്ചെ എത്തിച്ചേർന്ന ഞങ്ങളെ സർക്കാറിന്റെ ചുവന്നവണ്ടിയിലേക്ക് ബോട്ടണി പ്രൊഫസർ കയറ്റിവിട്ട് റ്റാറ്റാ പറഞ്ഞപ്പോൾ അത് സ്വന്തം വാഹനമായി കരുതിയിട്ട് അടിച്ചുപൊളിച്ചു പാട്ടുപാടി; ഞാനൊഴികെ,,,,, എനിക്ക് പണ്ടേ പാട്ട് ഇഷ്ടമല്ല.
മൂന്ന് ദിവസത്തെ താമസത്തിനും യാത്രക്കുമായി ഓരോ വിദ്യാർത്ഥിക്കും വന്ന ചെലവ് എത്രയാണെന്നറിയോ???
‘ഇരുപത്തി അഞ്ചുരൂപ’,,, Rs 25!!!!

                    മാനന്തവാടിയിൽ എത്തിയതിന്റെ രണ്ടാം ദിവസം രണ്ട് വാനുകളിലായി നമ്മൾ 36 കുട്ടികളും(?) 3 അദ്ധ്യാപകരും സമീപമുള്ള തേയില തോട്ടങ്ങളിലും കാപ്പിത്തോട്ടങ്ങളിലും പുഴക്കരകളിലും ചുറ്റിക്കറങ്ങി. ഉച്ചഭക്ഷണത്തിനുശേഷം നേരെ ‘നാഗർ‌ഹോളെ’ കാട്ടിലേക്ക് കടന്നു. അത് കേരളമാണോ കർണ്ണാടകമാണോ എന്ന് എനിക്കിപ്പോഴും സംശയം ഉണ്ട്.
കാട്ടിൽ, കൊടും‌കാട്ടിൽ ഫോറസ്റ്റ് ഓഫീസിൽ എത്തിയപ്പോൾ കാടിന്റെ ഉള്ളിലേക്ക് കടക്കാൻ എല്ലാവർക്കും മോഹം. കാട് എന്നുവെച്ചാൽ മരങ്ങൾ നിറഞ്ഞതാണല്ലൊ, മരങ്ങളെല്ലാം ചെടികൾ, ചെടികൾ സസ്യങ്ങൾ,, അവയെക്കുറിച്ച പഠിക്കുന്ന സസ്യശാസ്ത്രഞ്ജന്മാരാണ് മുപ്പത്തിആറുപേർ. നമ്മൾ വന്ന വാനുകളിൽ തന്നെ ഫോറസ്റ്റ് ഓഫീസിലെ രണ്ട് മനുഷ്യരുടെ അകമ്പടിയോടെ കാട്ടിലേക്ക് യാത്ര തുടർന്നു.

                  കാട്‌നിറയെ മരങ്ങളെ കണ്ടപ്പോൾ ശരിക്കും കാട്ടുമനുഷ്യരെപോലെ ഓരോ മരവും പരിശോധിച്ച് പേരും ഫേമലിയും കണ്ടെത്താൻ പലരും പരിശ്രമിച്ചു. അതിനിടയിൽ മാ‍നും കരടിയും ആനക്കൂട്ടവും കാട്ടുപോത്തുകളും ഞങ്ങളെ ശ്രദ്ധിച്ചെങ്കിലും ഞങ്ങളാരും അവരെ തിരിഞ്ഞുനോക്കിയില്ല. കാട്ടുകോഴികളും മൈലുകളും ഫേമലിസഹിതം സമീപത്തുകൂടി പറന്നുപോയിട്ടും അവയെ കാണാത്തമട്ടിൽ എല്ലാവരും ഇരുന്നു. ചെടികളെക്കുറിച്ച് പഠിക്കുന്നവർ ജന്തുക്കളെ എന്തിന് നോക്കണം? അങ്ങനെ വാഹനത്തിൽ സഞ്ചരിക്കുമ്പോൾ വിശേഷപ്പെട്ട ഒരു കാഴ്ച അകലെ കാണാനിടയായി. മൂന്ന് ആനകൾ വരിവരിയായി നടന്ന്‌പോകുന്നു, മൂന്നിന്റെയും മുകളിൽ നിറയെ മനുഷ്യന്മാർ. അപ്പോൾ കൂടെയുള്ള വാച്ചർ സംഭവം പറഞ്ഞു, ‘അത് നമ്മുടെ ഫോറസ്റ്റ് വക ആനകളാണ്, നിങ്ങൾ വരുന്നതിന് മുൻപെ എത്തിയ ഒരുകൂട്ടം ടൂറിസ്റ്റുകൾ ആനപ്പുറത്തുകയറിയിട്ട് കാട്ടിലേക്കുപോയി’. ആനപ്പുറത്ത് കാട്ടിലൂടെ സഞ്ചരിക്കുക, അതൊരു അനുഭവം ആയിരിക്കുമല്ലൊ. യാത്ര വൈകിയതുകൊണ്ട് അതിനുള്ള യോഗം ഇല്ലതെപോയി.

                     വൈകുന്നേരം ആയപ്പോൾ കാര്യമായ അപകടമൊന്നും പറ്റാതെ ചുറ്റിക്കറങ്ങി ഇലകളും പൂക്കളും ശാഖകളും കൈയിലേന്തിയിട്ട് ഫോറസ്റ്റ് ഓഫീസിൽ തിരിച്ചെത്തിയപ്പോഴാണ് വിശേഷപ്പെട്ട കാഴച കണ്ടത്. ഏതാനും മനുഷ്യന്മാരെ ചുമന്നുകൊണ്ട് വലിയ ഒരാന കാട്ടിനുള്ളിൽനിന്ന് ഓഫീസിലേക്ക് നടന്നുവരുന്നു,,, തൊട്ടുപിന്നിൽ അതേപോലെ മറ്റൊരാനയും. സംഗതി നോക്കിയിരിക്കെ അതാ മൂന്നാമതും ഒരാന, അതല്പം വലുതാണ്. ആനകളെല്ലാം ഒന്നിനു പിന്നാലെ മറ്റൊന്നായി നേരെ നടന്ന് നടന്ന് ഓഫീസ് കെട്ടിടത്തിന്റെ പിന്നിലേക്ക് പോയി.

ആ നേരത്ത് അനകളെ നോക്കി വെള്ളമിറക്കാതെ വായതുറന്നുപിടിച്ച വിദ്യാർത്ഥിസമൂഹത്തോട് ഫോറസ്റ്റ് ഓഫീസ് ജീവനക്കാരിൽ ഒരാൾ പറഞ്ഞു,
“ഏതായാലും ഇവിടം‌വരെ വന്നതല്ലെ, എല്ലാവരെയും ആനപ്പുറത്ത് കയറ്റിയിട്ട് ഈ പരിസരത്ത് ചുറ്റിയടിക്കാം” അതുകേട്ടപ്പോൾ പുതുമഴയിൽ നനയുന്ന ചെടികളെപ്പോലെ എല്ലാവരുടേയും മനം‌കുളിർത്തു, സന്തോഷം വന്നിട്ട് ഇരിക്കാനും നിൽക്കാനും വയ്യാത്ത അവസ്ഥയിലായി; ഞാനൊഴികെ,,,
                      അതെന്താ അങ്ങിനെ? അത് സന്തോഷമുള്ള കാര്യങ്ങൾക്കെല്ലാം മുഖം തിച്ചു നിൽക്കുന്ന സ്വഭാവമാണ് എന്റേത്.
        അല്പസമയം കഴിഞ്ഞപ്പോൾ ഫോറസ്റ്റ് ഗാർഡുകൾ എല്ലാവരേയും ഓഫീസിന് പിന്നിലേക്ക് നയിച്ചു. അവിടെ മൂന്ന് ആനകളും തിരക്കിട്ട് ഡിന്നർ കഴിക്കുന്ന കാഴചയാണ് നമ്മൾ കണ്ടത്. പനയോലകൾ ഓരോന്നായി പറിച്ചെടുത്ത് ചുരുട്ടിയിട്ട് വായീലേക്ക് ഇടുകയാണ്; ഒപ്പം തുമ്പിക്കൈയും ചെവികളും ആട്ടിക്കൊണ്ടിരിക്കുന്നു. ഇവരാണ് കാടുകയറുന്ന നാട്ടാനകൾ.

അതിനിടയിൽ ആനപ്പുറത്ത് കയറുന്ന കാര്യത്തെക്കുറിച്ച് ചർച്ച തുടങ്ങിയിരുന്നു,
*ആന അതിന്റെ സ്വന്തംകാല് മടക്കിത്തരും, അതേൽ‌പിടിച്ച് മേലോട്ട് കയറണം.
*ആനയെ ഒരു മരത്തിന്റെ ചുവട്ടിൽ നിർത്തും, കയറാൻ ആഗ്രഹിക്കുന്നവർ മരത്തിൽ കയറിയിട്ട് ആനപ്പുറത്ത് ഇറങ്ങിയാൽ മതിയാവും.
*ആനയുടെ വാലിൽ‌പിടിച്ചുതൂങ്ങി മേലോട്ട് കയറാം.
*ആന തുമ്പിക്കൈകൊണ്ട് ഓരോ ആളെയും എടുത്ത് മുകളിലേക്ക് എറിയും, അപ്പോൾ പിടിച്ചിരുന്നുകൊള്ളണം.
*ഒരു ഹെലിക്കോപ്റ്റർ കിട്ടിയാൽ ആനപ്പുറത്ത് ഇറങ്ങാമായിരുന്നു.
*ആനയുടെ ദേഹത്ത് ഒരു ഏണി ചാരിവെക്കും, അതുപിടിച്ചുകയറി മുകളിലെത്താം.
                     ചർച്ച പൂർത്തിയാവുന്നതിന് മുൻപ് ഫോറസ്റ്റ് ഗാർഡ് അല്പം അകലെയുള്ള സ്ഥലത്തേക്ക് ഞങ്ങളെ വിളിച്ചു. അവിടെയതാ കല്ലുകൊണ്ട് കെട്ടിയ പത്തോ പതിനഞ്ചോ പടികൾ; പടികൾ അവസാനിക്കുന്നിടത്ത് മറുവശത്തായി ആന നിൽക്കുന്നു; ആനക്കും പടികൾക്കും ഒരേ ഉയരം. അപ്പോൾ,,, ആനപ്പുറത്ത് കയറാനുള്ള സംശയംതീർന്നു.

                   ആദ്യയാത്രക്കായി കുറച്ചുപേരെ വിളിച്ചു; കൂട്ടത്തിൽ ധൈര്യശാലികളായ ഏതാനും‌ വിദ്യാർത്ഥികൾ മുന്നോട്ടുവന്നു; അവർ പടികൾ ഓരോന്നായി കയറുന്നത് മറ്റുള്ളവർ നോക്കിനിന്നു. ആന അവരെയും ചുമന്ന് ഫോറസ്റ്റ് ഓഫീസിന്റെ പരിസരത്ത് ചുറ്റിക്കറങ്ങാൻ തുടങ്ങി, ആനയെ കാണുന്നതുപോലെയല്ല,,, നല്ല സ്പീഡുണ്ട്. അപ്പോഴേക്കും മറ്റൊരു ഡ്രൈവർ മറ്റൊരാനയെ പടികൾക്ക് സമീപത്തേക്ക് നയിച്ചു, അതിലും കയറി ആണും പെണ്ണുമായി അഞ്ചെട്ട് സഹപാഠികൾ, കൂടെ അദ്ധ്യാപകനും ഉണ്ട്. തുടർന്ന് മൂന്നാമൻ ആനയും ആളുകളെ കയറ്റിയിട്ട് യാത്ര തുടർന്നു. അപ്പോഴേക്കും ആദ്യത്തെ ആന യാത്ര മതിയാക്കി സ്റ്റാർട്ട് ചെയ്ത അതേസ്പോട്ടിൽ വന്നുനില്പായി. ആനയുടെ പുറത്തുകയറിയവർ ഓരോരുത്തരായി ഇറങ്ങിവന്ന് അനുഭവങ്ങൾ വീരസാഹസിക കഥകളാക്കി പറയാൻ തുടങ്ങി. ഇതെല്ലാം കണ്ടിട്ടും കേട്ടിട്ടും ഒരു ഭാവവും ഇല്ലാതെ മറ്റുള്ളവരിൽ നിന്ന് അകന്നുനിൽക്കുന്ന എന്റെ സമീപം ഒരു സഹപാഠി വന്നു,,,, ഗോപി; ക്ലാസ്സിലുള്ളവരെല്ലാം ഒരേപോലെ അനുസരിക്കുന്നത് ഗോപിയെ മാത്രമാണ്. അവൻ ചോദിച്ചു,
“എന്താ ആനപ്പുറത്തു കയറുന്നില്ലെ?”
“ഞാനില്ല”
“പേടിയാണോ?”
“പേടിയൊന്നും ഇല്ല, എനിക്ക് കയറാൻ തോന്നുന്നില്ല”
“അതെന്താ അങ്ങനെ പറയുന്നത്? കിട്ടിയ ചാൻസാണ്, ഇപ്പോൾ കയറിയില്ലെങ്കിൽ ജീവിതത്തിൽ ഒരിക്കലും ആനപ്പുറത്ത് കയറാനാവില്ല”
“അതിന്റെ ആവശ്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല”
“ആവശ്യമില്ലാതെയാണ് പലതും പലരും ചെയ്യുന്നത്; വലുതായി അമ്മയും അമ്മൂമ്മയും ഒക്കെ ആവുമ്പോൾ അവരോട് ആനപ്പുറത്തു കയറിയിരുന്നു, എന്ന് പറയാമല്ലൊ”
                      പിന്നെ ഒട്ടും സംശയിച്ചില്ല, ഒടുവിലത്തെ ആനസവാരിയിൽ പങ്കെടുക്കാനായി ഞാനും പടികൾ കയറി. മുകളിൽ ആറു മീറ്റർ നീളവും രണ്ട് മീറ്റർ വീതിയും ഉള്ള പരന്ന ഉപരിതലം, അവിടെ ആനയതാ തൊട്ടടുത്ത് നിൽക്കുന്നു. ആനപ്പുറത്ത് ചാടിക്കയറിയ ഫോറസ്റ്റ് വാച്ചർ മുന്നിൽ നിൽക്കുന്ന എനിക്കുനേരെ കൈനീട്ടിയപ്പോൾ അയാളുടെ കൈപിടിച്ച് ആനപ്പുറത്ത് ഇറങ്ങിയിട്ട് പതുക്കെ അവിടെയിരുന്നു. ഇത്ര എളുപ്പത്തിൽ ആനപ്പുറത്ത് കയറി ഇരുന്നാൽ ‘അതേ സ്പീഡിൽ താഴേക്ക് ഉരുണ്ട്‌പോവില്ലെ?’, എന്നൊരു സംശയം ഉണ്ടാവും,,, ഇത് ടൂറിസ്റ്റ്കൾ കയറുന്ന ആനയാണ്,, അതിന്റെ മുതുകിൽ നാലുവശത്തും ഉറപ്പിച്ച മരപ്പലകയോട് ചേർന്ന അഴികളിൽ‌പിടിച്ച് ഇരിക്കുന്നതിനാൽ ആരും താഴോട്ട് വീഴില്ല; ഇരിക്കുന്നതാവട്ടെ നല്ല പഞ്ഞിക്കിടക്കയിലും. നാലുവശത്തും അഴിയുള്ള കട്ടിലിൽ വിരിച്ച കിടക്കയിൽ ഇരിക്കുന്നതുപോലെ,,,

                     അങ്ങനെ എട്ടുപേരെയും ചുമന്നുകൊണ്ട് ആന പതുക്കെ ചുറ്റിനടന്നു. അതൊരു അതിവിശാലമായ അനുഭവമായിരുന്നു; ആനേരത്ത് ആനപ്പുറത്ത് കയറിയവരുടെ കൂട്ടത്തിൽ ഞാൻ മാത്രം പെൺകുട്ടി,, മറ്റു പെൺകുട്ടികളെല്ലാം എന്നെക്കാൾ മുന്നെ ആനസവാരി കഴിഞ്ഞ് മണ്ണിൽ ലാന്റ് ചെയ്തിരിക്കുന്നു. ഏതാണ്ട് പത്തുമിനിട്ട് സമയം ചുറ്റിയറ്റിച്ച ആന ഒടുവിൽ പുറപ്പെട്ട സ്ഥാനത്ത് വന്ന് സ്റ്റോപ്പ് ചെയ്തു. ട്രെയിനിൽ‌നിന്ന് ഇറങ്ങുന്നതുപോലെ അനപ്പുറത്തുനിന്നും ഇറങ്ങാൻ ശ്രമിച്ചാൽ പരിചയമില്ലാത്തവർ ട്രാക്കിൽ വീഴും. അതുകൊണ്ട് ഇരിക്കുന്നവർ എഴുന്നേറ്റ് നിൽക്കുമ്പോൾ കൈ പിടിച്ച് താഴെയിറക്കാനായി ലാന്റിംഗ്‌ട്രാക്കിൽ വാച്ചർ തയ്യായായി നിൽക്കുന്നുണ്ട്. പ്രത്യേകം പറയേണ്ട ഒരു സംഗതി; ആനപ്പുറത്ത് കയറുമ്പോഴും ഇറങ്ങുമ്പോഴും തൊട്ടടുത്ത് തോക്കുമായി ഒരാൾ നിൽക്കുന്നുണ്ട്. പെട്ടെന്ന് മദം‌പൊട്ടിയാൽ ആനയെ വെടിവെക്കാനോ? അതല്ല മനുഷ്യനെ വെടിവെക്കാനാണോ?

ആനപ്പുറത്തു നിന്നിറങ്ങിയപ്പോൾ നമുക്കെല്ലാവർക്കും പലവിധം സംശയങ്ങൾ,,,
                     ആനയുടെ കഴുത്തിൽ ഇരു ചെവിക്ക് സമീപമായി ഇരിക്കുന്ന പാപ്പാൻ ഒരിക്കൽ‌പോലും ആനയെ അടിക്കുന്നത് കണ്ടിട്ടില്ല. പിന്നെങ്ങനെ ആനകളെല്ലാം അനുസരണക്കുട്ടപ്പന്മാരായി അവർ നിർദ്ദേശിക്കുന്ന വഴിയിലൂടെ നടക്കുകയും നിൽക്കുകയും ചെയ്യുന്നു? ആരും സംശയം ചോദിച്ചില്ലെങ്കിലും എന്റെ കൂടെ ഇറങ്ങിയ ഒരുത്തൻ സംഗതി വിവരിച്ചു,
*പാപ്പാൻ ആനയുടെ രണ്ട് ചെവിയിലും ചവിട്ടിയാൽ ആന നേരെ മുന്നോട്ട് നടക്കും,
*പാപ്പാൻ ആനയുടെ ഇടതുചെവിയിൽ മാത്രം ചവിട്ടിയാൽ ആന ഇടത്തോട്ട് വളയും,
*പാപ്പാൻ ആനയുടെ വലതുചെവിയിൽ മാത്രം ചവിട്ടിയാൽ ആന വലത്തോട്ട് വളയും,
*പാപ്പാൻ ചെവിയിൽ ചവിട്ടിയില്ലെങ്കിൽ ആന സ്റ്റോപ്പ്”
എങ്ങനെയുണ്ട് ആനയുടെ ബുദ്ധി?
ആനയുടെ ഡ്രൈവിംഗ് കണ്ടുപിടിക്കാനായി നമ്മുടെ സഹപാഠി മറ്റാരും അറിയാതെ രണ്ടുതവണ ആനപ്പുറത്ത് കയറി.
****അങ്ങനെ,, എന്റെ ആനസവാരി, ഇവിടെ സവാരി ഗിരിഗിരി,,

പിൻ‌കുറിപ്പ്:
വർഷങ്ങൾക്കു മുൻപെയുള്ള അനുഭവം ബ്ലോഗിലൂടെ പങ്കുവെക്കുകയാണ്. അന്ന് ആനപ്പുറത്ത് കയറിയതുകൊണ്ട് ഇപ്പോൾ ബ്ലോഗിലൂടെ അനുഭവം പങ്കുവെക്കാനും കഴിയുന്നു. മിനിലോകത്തിൽ പഴയ അനുഭവങ്ങൾ എഴുതുമ്പോൾ പലപ്പോഴും എനിക്ക് കരച്ചിൽ വരാറുണ്ട്. ആനസവാരി എഴുതുമ്പോഴും ഞാനൊത്തിരി ആനക്കണ്ണീർ പൊഴിച്ചു. ഇവിടെ ഞാനെഴുതിയ ‘ആദ്യത്തെ അനുഭവം’ 1974ൽ കണ്ണൂർ എസ്.എൻ. കോളേജിലെ കണ്ണാടിമാളികയിൽ ഇരുന്നുപഠിച്ച, ജീവിച്ചിരിക്കുന്നവരും മരിച്ചവരും ആയ, അവസാനവർഷ ഡിഗ്രി ബോട്ടണി വിദ്യാർത്ഥികൾക്കായി സമർപ്പിക്കുന്നു.     

42 comments:

 1. ഇടവേളകൾക്കുശേഷം മിനിലോകത്തിൽ എന്റെ ആദ്യത്തെ അനുഭവം. പോസ്റ്റ് ചെയ്യാൻ വൈകിയത് ആനയെ, അല്ല ഞാനെടുത്ത ആനഫോട്ടോ കണ്ടുപിടിക്കാൻ ധാരാളം സമയമെടുത്തതുകൊണ്ടാണ്. എന്റെ ബ്ലോഗ് വായിച്ചവർക്കും അതിൽ അഭിപ്രായം എഴുതിയിട്ട് എന്നെ പ്രോത്സാഹിപ്പിച്ചവർക്കും തെറ്റുകുറ്റങ്ങൾ പറഞ്ഞുതന്നവർക്കും നൂറ് തികഞ്ഞ വേളയിൽ നന്ദി അറിയിക്കുന്നു. പിന്നെ മൂന്നാമത്തെ ഫോട്ടോയിൽ ആനയെ നോക്കി നിൽക്കുന്നത് എന്റെ മകളാണ്,, ഞാനല്ല.

  ReplyDelete
 2. നാല് പതിറ്റാണ്ട് കഴിഞ്ഞിട്ടും നല്ല തെളിഞ്ഞ ഓര്മ ആണല്ലോ ടീചെറിനു സംഭവങ്ങള്‍ എല്ലാം.

  അങ്ങനെ ആനപ്പുറത്തും കയറി

  ReplyDelete
  Replies
  1. @സാജൻ-,
   അങ്ങനെ ആനപ്പുറത്തു കയറി, അതുപിന്നെ ഓർക്കേണ്ടെ,,, അഭിപ്രായം എഴുതിയതിന് നന്ദി.

   Delete
 3. ടീച്ചറെ ഈ ഓര്‍മ്മ ശക്തിയുടെ രഹസ്യം അടുത്ത ബ്ലോഗില്‍ വിവരിക്കണേ.
  ശരിക്കും അസൂയ തോന്നുന്നു. ഓര്‍മ്മകലോടല്ല, ഓര്‍മ്മകള്‍ കുറിച്ചു വെക്കാനും പങ്കുവെക്കാനും സമയവും കാലവും ബാക്കിയായത്തില്‍,

  ReplyDelete
  Replies
  1. @shafeek-,
   അത് വളരെ ശരിയാണ്,, ഓർമ്മകൾ ഇനിയും ബാക്കിയുണ്ട്, ഇതുപോലെ ആനപ്പുറത്ത് കയറിയാൽ എങ്ങനെ മറക്കും? അതെസമയം അഞ്ചുകൊല്ലം മുൻപ് പഠിപ്പിച്ച വിദ്യാർത്ഥികളുടെ പേര് മറന്നുപോകുന്നു,,, അഭിപ്രായം എഴുതിയതിന് നന്ദി.

   Delete
 4. ആനസവാരി ടീച്ചര്‍ക്ക് നല്ലൊരു അനുഭവമായി.
  ഓര്‍മ്മ പങ്കുവെച്ചത്‌ നന്നായിരിക്കുന്നു
  ആശംസകള്‍

  ReplyDelete
  Replies
  1. @Cv Thankappan-,
   അഭിപ്രായം എഴുതിയതിന് നന്ദി.

   Delete
 5. hahaha
  ആ ആനയ്ക്കൊരു ബ്ലോഗ് ഉണ്ടായിരുന്നെങ്കില്‍ ഈ അനുഭവത്തിന്റെ വേറൊരു വെര്‍ഷന്‍ വായിക്കാമായിരുന്നു.

  ReplyDelete
  Replies
  1. @ajith-,
   ആ ആന എന്തൊക്കെയാവും ചിന്തിച്ചിരിക്കുക? അഭിപ്രായം എഴുതിയതിന് നന്ദി.

   Delete
 6. ആനക്കാര്യം തനന്നെ. പ്രത്യേകിച്ചും ആ രൂ: 25 ചെലവാക്കിയ യാത്ര ! ഓർക്കാൻ വയ്യ !!!!!

  ReplyDelete
  Replies
  1. @Arun-,
   ആ 25 രൂപ കിട്ടാൻ എന്തൊക്കെ പ്രയാസങ്ങളായിരുന്നു,, അതേകാലത്ത് ഒരുനേരം ചോറുണ്ണാൻ ഹോട്ടലിൽ കൊടുക്കണം 20 പൈസ.. കോളേജിൽ പോവുമ്പോൾ ഒരുദിവസം അച്ഛൻ എനിക്കുവേണ്ടി ചെലവാക്കുന്നത് 50പൈസ. അതിൽ 5+5= പത്ത് പൈസ ബസ്കൂലിയാണ്. മിനിമം ചാർജ്ജ് 10 പൈസ, ഇത് കൺസഷൻ,,, അഭിപ്രായം എഴുതിയതിന് നന്ദി.

   Delete
 7. അങ്ങനെ ടീച്ചറ് ‘ആനപ്പുറം കേറിയ ടീച്ചറാ‘യല്ലേ....!

  ReplyDelete
  Replies
  1. @ വീകെ-,
   അഭിപ്രായം എഴുതിയതിന് നന്ദി.

   Delete
 8. ഒടുവിൽ നൂറിൻറെ നിറവിൽ
  ടീച്ചർ ആനപ്പുറത്തും കയറി
  കൊള്ളാമല്ലോ ഈ ടീച്ചർ
  ആശംസകൾ
  Congrats for hitting the century mark
  Keep Going
  Best regards
  Season's Greetings

  ReplyDelete
  Replies
  1. @ PV Ariel-,
   ഏറിയൽ സാർ,, തിരക്കൊഴിഞ്ഞ് നേരം ലഭിക്കുന്നില്ല,,
   അഭിപ്രായം എഴുതിയതിന് വളരെ നന്ദി.

   Delete
 9. റ്റീച്ചർ

  അങ്ങനെ പഴയ കഥകൾ ഓരോന്നായി പോരട്ടെ.

  ReplyDelete
 10. അജിത്ത് ജിയുടെ കമന്റ് ചിരിപ്പിച്ചു വയറുളുക്കിച്ചു

  ReplyDelete
  Replies
  1. @ഇൻഡ്യാഹെറിറ്റേജ്-,
   കാലവും ഓർമ്മകലും ബാക്കിയുണ്ടെങ്കിൽ നമുക്കിനിയും ബ്ലോഗിൽ വായിക്കാം.
   അഭിപ്രായം എഴുതിയതിന് നന്ദി.

   Delete
 11. ആനക്കാര്യം ആസ്വദിച്ചു. ഒരു സംശയം ......നമ്മൾ വന്ന വാനുകളിൽ തന്നെ ഫോറസ്റ്റ് ഓഫീസിലെ രണ്ട് മനുഷ്യരുടെ അകമ്പടിയോടെ കാട്ടിലേക്ക് യാത്ര തുടർന്നു. .....അപ്പോ ഫോറസ്റ്റ് ആഫീസില്‍ എല്ലാവരും മനുഷ്യരല്ലെ? അതോ ഇനി കണ്ണൂര്‍ ഭാഷയുടെ കുഴപ്പമാണോ..?എന്റെ ബ്ലോഗിന്റെ പേരായ “ഓര്‍മച്ചെപ്പ് “ ടീച്ചറുടെ ബ്ലോഗിനാണു കൂടുതല്‍ യോചിക്കുക എന്നു തോന്നുന്നു..

  ReplyDelete
  Replies
  1. @Mohamedkutty-,
   ഫോറസ്റ്റ് ഓഫീസിലേക്ക് വിളിക്കുമ്പോൾ (ബ്ലോഗർ ചോപ്രയെ,, ഇപ്പോൾ ഫെയ്സ്ബുക്കിൽ 2സെന്റ് സ്ഥലം വളച്ചുകെട്ടി കുടിലുകെട്ടി ഇരിപ്പാണ്) ആദ്യംതന്നെ ഞാൻ ചോദിക്കും ‘വന്യജീവികൾക്കൊക്കെ സുഖം തന്നെയല്ലെ’ എന്ന്. ഈ പോസ്റ്റ് എഴുതുമ്പോൾ ചോപ്രയോട് ചില സംശയങ്ങൾ ചോദിച്ചിരുന്നു. എന്നാൽ കക്ഷിയെ ഇവിടെയെങ്ങും കാണാനില്ല. ആ ഫോറസ്റ്റ് ഓഫീസിൽ ധാരാളം മനുഷ്യർ ഉള്ളതിൽ രണ്ടാൾ കൂടെ വന്നു, എന്നാണ് എഴുതിയത്. അഭിപ്രായം എഴുതിയതിന് നന്ദി.

   Delete
 12. ആനസവാരിയുടെ ഓര്‍മ്മകള്‍ പങ്കുവെച്ചതില്‍ സന്തോഷം... ഇഷ്ടായിട്ടോ

  ReplyDelete
  Replies
  1. @Mubi,
   അഭിപ്രായം എഴുതിയതിന് നന്ദി.

   Delete
 13. ഒരു സുന്ദരന്‍ അനുഭവം,ല്ലേ.

  പണ്ടൊരിക്കല്‍ രാജസ്ഥാനില്‍ ജെയ്സല്‍മേറില്‍ ഒരു ഒട്ടകപ്പുറത്തു കയറിയതു ഓര്‍മ്മ വന്നു. ഇരുന്നു തരുന്ന ഒട്ടകത്തിന്റെ പുറത്തു കയറിയിരുന്നാല്‍ മതി. പക്ഷേ കാലുകളുടെ മൂന്നു മടക്കു നിവര്‍ത്തിയാണു ഒട്ടകം എണീക്കുക. മുന്നോട്ടും പുറകോട്ടും ആയുന്നതിനനുസരിച്ചു പ്ലെക്സിബിള്‍ ആയി ഇരിക്കണം. സ്റ്റിഫ് ആയി ഇരുന്നാല്‍ വീഴും.

  100 തികഞ്ഞ ബ്ലോഗിനു എല്ലാ ആശംസകളും.

  ReplyDelete
  Replies
  1. @മുകിൽ-,
   ഒട്ടകയാത്ര ഇവിടെ കണ്ണൂർ പയ്യാമ്പലം ബീച്ചിൽ ഉണ്ടായിരുന്നു. അതിന്റെ മുകളിൽ ഇരിക്കുന്ന കുട്ടികൾ പലപ്പോഴും കരയാറുണ്ട്. അഭിപ്രായം എഴുതിയതിന് നന്ദി.

   Delete
 14. റ്റീച്ചർ, ആന കയറ്റവിവണ്്ം നന്നായിട്ടുണ്ട്. അനു്ഭവങ്ങ പ്ങ്കുവെച്ചതിൽ സന്തോഷം Sasi, Narmavedi

  ReplyDelete
  Replies
  1. @sasidharan-,
   അഭിപ്രായം എഴുതിയതിന് നന്ദി.

   Delete
 15. അഭിനന്ദനങ്ങൾ...

  നൂറാമത്തെ പോസ്റ്റ്‌ ആനപ്പുറത്ത് .കൊള്ളാം..
  ഇനിയും ആനപ്പുറത്ത് ഏറി എഴുതുക..
  ഭാവുകങ്ങൾ

  ReplyDelete
 16. This comment has been removed by the author.

  ReplyDelete
 17. @ente lokam-,
  ഒരു ആനയെ കിട്ടിയെങ്കിൽ,,, അതിന്റെ പുറത്ത് കയറാമായിരുന്നു. അഭിപ്രായം എഴുതിയതിന് നന്ദി.

  ReplyDelete
 18. ആനപ്പുറത്തു ടീച്ചർ ഇരിക്കുന്ന ഫോട്ടൊ എടുപ്പിക്കാമായിരുന്നു, അന്ന്‌. അതോ ഇടാഞ്ഞതോ ?

  ReplyDelete
 19. അമ്പടാ! മിനി ടീച്ചറെ... ആനപ്പുറത്ത് കയറീട്ടൂണ്ട് അല്ലേ...
  എഴുത്ത് ഉഷാറായി... നൂറിന്‍റെ നിറവിനു ഒത്തിരി ഒത്തിരി നൂറുനൂറ് ആശംസകള്‍..

  ഞാന്‍ ഒട്ടകപ്പുറത്തും കുതിരപ്പുറത്തും കയറീട്ടുണ്ട്... ഒട്ടകം ചോദിച്ചു.. നിനക്കുമുണ്ടല്ലോ നാലു കാല്... ചുമ്മാ നടക്കാന്‍ വയ്യേ എന്ന്... കുതിര പരമപുച്ഛത്തില്‍ ഒന്നു നോക്കി ... ഒന്നും പറഞ്ഞില്ല..

  ReplyDelete
 20. നൂറാമത്തെ പോസ്റ്റ് ആനപ്പുറത്തെ കഥയായത് അനുയോജ്യമായി.രസകരമായി അവതരിപ്പിച്ചു. പുതുവല്‍സരാശംസകള്‍

  ReplyDelete
 21. ഇനിയും ആനപ്പുറത്ത്‌ കയറാന്‍ ഭാഗ്യമുണ്ടാവട്ടെ.

  ReplyDelete
 22. പലപ്പോഴും വന്യ ജീവികളുമായി ഇടപെടേണ്ടിവരുന്നതു കൊണ്ട് അത്ര കൌതുകകരമായി തോന്നിയില്ല. നാട്ടിൻ പുറത്തുകാരായ സ്ത്രീകളും ഇപ്പോൾ ഇത് അത്ര കാര്യമായി എടുക്കാനിടയില്ല. പക്ഷേ ഇത് പഴയ, 25 രൂപക്ക് 3 ദിവസം ഭക്ഷണവും താമസവുമുൾപ്പെടെയുള്ള ചെലവിൽ ടൂർ നടത്താനാവുന്ന കാലത്തെ സംഭവമാണല്ലോ. ആനയെ നടത്താൻ പാപ്പാൻ ആനയുടെ ചെവിയിൽ ചവിട്ടുന്ന കാര്യം അന്നേ നോട്ട് ചെയ്തതോ അതൊ ഇപ്പോഴെങ്ങാനും കിട്ടിയ വിവരമോ?
  വയനാട്ടിലെ ബാണാസുര സാഗർ അണക്കെട്ടിൽ ഇപ്പോൾ ആന സഫാരി - സവാരിയല്ല, സഫാരി തന്നെ- ഉണ്ട്. ഞാൻ തമിഴ് നാട്ടിലെ മുതുമലയിൽ വച്ചാണ് ഒരിക്കൽ സഫാരി നടത്തിയത്. ചാർജ്ജ്, 4 പേർക്ക് 400/- ആണെന്നാണോർമ്മ. ആനയെ പറ്റി പറഞ്ഞാൽ തീരില്ല. അതു കൊണ്ട് തൽക്കാലം ഒരു ആശംസയിൽ സഫാരി ചുരുക്കുന്നു. നിൽക്കാനേ.......ഇവിടെ നിൽക്കാനേ......

  ReplyDelete
 23. അങ്ങനെ ടീച്ചറും ആനയുടെ ബ്രേയ്ക്ക് കണ്ടുപിടിച്ചു, അല്ലെ?
  "നൂറി"ന് ആശംസകൾ..

  ReplyDelete
 24. ഓർമ്മകൾ ആനപുറത്ത് വന്നത് നന്നായി
  ഇഷ്ടായി

  ReplyDelete
 25. ആദ്യമായി നൂറാം പോസ്റ്റിനു ആയിരം ആശംസകൾ.. പിന്നെ ആനാശംസകൾ.. ടീച്ചറൊരു ഭയങ്കരി ആയി(ണ്)രുന്നല്ലേ :)

  ReplyDelete
 26. മിനിയുടെ ആനക്കഥ വായിച്ചപ്പോഴാണ് പണ്ട് ഞാന്‍ ആനപ്പുറത്ത് കയറി ആന കുറേ നടന്നപ്പോള്‍ എനിക്ക് മൂത്രശങ്ക ഉണ്ടായത്. പൂരം എഴുന്നള്ളിപ്പായതിനാല്‍ ഇടക്ക് ഇടക്ക് ഇറങ്ങാന്‍ വകുപ്പുണ്ടായിരുന്നില്ല. തൊട്ടടുത്ത ആനപ്പുറത്തിരുന്ന ഗോപാലനോട് കാര്യം പറഞ്ഞപ്പോള്‍ എന്നോട് പറഞ്ഞു കാര്യക്കാരോട് ഒരു കുപ്പി വെള്ളം കുടിക്കാന്‍ ആവശ്യപ്പെടാന്‍. ആ വെള്ളം തലയിലൊഴിച്ച് തല തണുപ്പിക്കാന്‍ പറഞ്ഞു. ഞാന്‍ അതേ പോലെ ചെയ്തു.

  +എന്നിട്ട് ഗോപാലന്‍ പറഞ്ഞു ആനപ്പുറത്ത് നിന്നും കൊണ്ട് ധൈര്യമായി മൂത്രമൊഴിക്കാന്‍. ഞാന്‍ അതേ പടി മൂത്രം ഒഴിച്ചു.. അതിനുശേഷം മറ്റൊരു കുപ്പി വെള്ളവും ഒരു കുപ്പി സോഡയും തലയില്‍ കൂടി ഒഴിച്ചു. അപ്പോള്‍ നാട്ടുകാര്‍ വിചാരിച്ചുകാണും ഇയാള്‍ തല തണുപ്പിക്കാന്‍ ചെയ്ത സൂത്രമാണെന്ന്.. അങ്ങിനെ വെള്ളവും സോഡയും മൂത്രവും കൂടി ആനപ്പുറത്തുകൂടി ഒഴുകി...++ എന്നിട്ട് ഗോപാലന്‍ “എങ്ങിനെയുണ്ട് ഉണ്ണ്യേ എന്റെ സൂത്രം...?”

  ReplyDelete
 27. നൂറിന്‍റെ നിറവിൽ ആനപ്പുറമേറിയുള്ള ഈ ടൂറ്
  ഘോഷ യാത്രാനുസ്മരണം കേങ്കേമമായി കേട്ടോ ടീച്ചറെ

  ReplyDelete

എന്റെ മനസ്സിലെ ഈ കൊച്ചു മിനിലോകത്തിലേക്ക് എല്ലാവര്‍ക്കും സ്വാഗതം.