“മിനിലോകം”

ഞാന്‍ മിനി... എന്റെ മനസ്സ് എന്റെ ലോകമാണ്. എന്റെ മനസ്സില്‍(ഓര്‍മ്മയില്‍) തങ്ങിനില്‍ക്കുന്ന കാര്യങ്ങള്‍,വേണ്ടതും വേണ്ടാത്തതും ഞാന്‍ ഇവിടെ പകര്‍ത്തുന്നു. ഇതു വായിക്കാം, അഭിപ്രായം എഴുതാം. ജീവിതത്തില്‍ നിന്നും ഞാന്‍ കണ്ടെത്തിയ ധാരാളം ചെറിയ‘വലിയ’ സംഭവങ്ങള്‍ ഉണ്ട്. അവയെല്ലാം ചിത്രങ്ങളോടൊപ്പം ഇവിടെ അവതരിപ്പിക്കുന്നു. എന്റെ ലോകത്തേക്ക് “മിനിലോക”ത്തിലേക്ക് ഞാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു... ചിരിക്കാം, കളിക്കാം, ചിന്തിക്കാം... എന്ന് നിങ്ങളുടെ: mini//മിനി

September 21, 2009

33. ആമയിറച്ചി പുളിക്കും



ചില നേരങ്ങളിൽ ഡിസ്ക്കവറി ചാനലില്‍ കാണാറില്ലെ, വലിയ ആമയെ;
                          തുഴപോലുള്ള കൈകാലുകള്‍ കൊണ്ട് നീലജലാശയത്തില്‍ നീന്തിമറയുന്ന വലിയ കടലാമകളെ? അത്‌പോലുള്ള വലിയ; ഒരു മീറ്ററിലധികം വലിപ്പമുള്ള ‘കടലാമ’ യാണ് (കടല്‍+ആമ=കടലാമ, അതായത് കടലിലെ ആമ) നമ്മുടെ കഥാപാത്രം.

                     ഒരു വലിയ ആമയെ ജീവനോടെ നേരിട്ട് കാണാന്‍ ആഗ്രഹിച്ചെങ്കിലും എനിക്ക് ഒരിക്കലും അതിനുള്ള ഭാഗ്യം ഉണ്ടായിട്ടില്ല. ആമയെ കണ്ടില്ലെങ്കിലും ആമയുടെ പുറം‌തോട് കണ്ടിട്ടുണ്ട്, ആമയുടെ മുട്ട തിന്നിട്ടുണ്ട്, ആമയുടെ ഇറച്ചി തിന്നിട്ടുണ്ട്.
അപ്പോള്‍ ഒരു ചോദ്യം മനസ്സിൽ വരാം: “എപ്പഴാ ജയിലീന്ന് പൊറത്ത് വന്നത്?”
ഉത്തരം: “പുറത്ത് വന്നിട്ടില്ല, കാരണം ജയിലിനകത്തു പോയിട്ടില്ലല്ലോ, പിന്നെങ്ങനെ പുറത്തുവരും”
               
          സംഭവം നടക്കുന്നത് ‘അമേരിക്കക്കാര്‍ ചന്ദ്രനില്‍ ഇറങ്ങി നടന്നു’ എന്ന് പറയുന്നതിനു മുന്‍പാണ്. അന്ന് മേനകാ ഗാന്ധി, വന്യജീവി സംരക്ഷണം, പരിസ്ഥിതി സംരക്ഷണം ആദിയായവ നമ്മുടെ തീരത്തെ അതിക്രമിച്ചു കടക്കാത്ത കാലം.
                              ഞാന്‍ ജനിച്ചു വളര്‍ന്ന കടല്‍തീരഗ്രാമം ഒരു മത്സ്യബന്ധന കേന്ദ്രമല്ല; അതായത് ഗ്രാമീണര്‍ കടല്‍തീരത്തെ ആശ്രയിക്കുന്ന മത്സ്യതൊഴിലാളികളല്ല. എന്നാല്‍ കടലില്‍ നിന്നു ലഭിക്കുന്ന,,,‍, ‘തിന്നാന്‍ പറ്റുന്നതൊക്കെ’ നമ്മൾ തിന്നും. കോള്‍ഡ് സ്റ്റോറേജ്, റഫ്രിജറേറ്റര്‍, എന്നിവ മാത്രമല്ല; തണുപ്പിക്കാന്‍ ഒരു ഐസ് കഷ്ണം പോലും അക്കാലത്ത്, അവിടെ, ലഭ്യമല്ലാത്തതിനാല്‍, അന്നന്നേക്കുള്ള അപ്പം കഴിച്ച് ബാക്കി അയല്‍‌വാസികള്‍ക്ക് കൊടുക്കുന്ന സ്വഭാവം എന്റെ നാട്ടുകാര്‍ക്ക് ചരിത്രാതീതകാലം മുതല്‍ ഉണ്ടായിരുന്നു.

                           ചിലപ്പോള്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ തീരക്കടലില്‍ കാറ്റുകൊള്ളാന്‍ വരും. ‘പ്രധാന ഐറ്റം മത്തി ആയിരിക്കും’. അത് തിരിച്ചറിഞ്ഞ തീരത്തെ യുവാക്കള്‍ ചെറുതും വലുതും ആയ വലകള്‍ കൊണ്ട് അവയെ കുടുംബസമേതം  പിടിക്കും. ധൈര്യശാലികള്‍ തോട്ടപൊട്ടിച്ചാല്‍ വലിയ മത്സ്യങ്ങളെ ലഭിക്കും. ‘സ്രാവ്, തിരണ്ടി, ഏട്ട, കൊളോന്‍ , ആദിയായവ. (കൊളോന്‍: ഒരിക്കല്‍ മാത്രമാണ് അവയെ കാണാന്‍ എനിക്ക് കഴിഞ്ഞത്. അതിനെ മുറിച്ച് പീസാക്കുന്ന എക്സ് ജവാനെക്കാള്‍ പത്ത് സെന്റീമീറ്റര്‍ വലുതായിരുന്നു മത്സ്യം) പിന്നെ  ധാരാളം കല്ലുമ്മക്കായ കടലില്‍ മുങ്ങിയും മുങ്ങാതെയും ചെറുപ്പക്കാർ ‘ഞാനുൾപ്പടെയുള്ളവർ’ പറിച്ചെടുക്കും.

                          ഇത്തരം കൊലപാതക പരമ്പരകള്‍ കൂടാതെ ചൂണ്ടയിടുന്ന പരിപാടിയും ഉണ്ട്. (അവരില്‍ വലിയൊരു വിഭാഗം പിന്നീട് അറബികളെ ചൂണ്ടയിടാന്‍ പോയി) സ്വന്തമായി അദ്ധ്വാനിച്ച് പിടിക്കുന്നതായാലും വിലകൊടുക്കാതെ കിട്ടുന്ന കടലിലെ സമ്പത്തില്‍, അയല്‍‌വാസികള്‍ക്കും ഒരു പങ്ക് ഉണ്ടാവും.


                         നമ്മുടെ ആമ ഉപ്പുവെള്ളത്തിലാണ് ജീവിക്കുന്നതെങ്കിലും അതിന്റെ വംശവര്‍ദ്ധനവ് നടത്താന്‍ ഏതെങ്കിലും ഒരു കടല്‍ത്തീരത്ത് കയറി വരണം. തീരം തേടിയുള്ള ഈ വരവ് ആമയുടെ നാശവും വംശനാശവും വരുത്തുന്നു. ഒരു അര്‍ദ്ധരാത്രി ആമ ഏകാന്തതീരം തേടി ഒറ്റക്ക് നീന്തി, കരയില്‍ കയറുന്നു. പരിസരത്തൊന്നും ആരും ‘ഇല്ല’യെന്ന് വിശ്വസിച്ച പാവം ആമ, വളരെ പ്രയാസപ്പെട്ട് തുഴപോലുള്ള കൈകാലുകള്‍ ഉപയോഗിച്ച് നിരങ്ങിനീങ്ങി വേലിയേറ്റ തിരമാലകള്‍ എത്തിച്ചേരാത്ത ഇടം കണ്ടെത്തി വെളുത്ത പൂഴിമണലില്‍ വലിയ ഒരു കുഴി ഉണ്ടാക്കുന്നു. ആ കുഴിയില്‍ മുട്ടകള്‍ ഓരോന്നായി നിക്ഷേപിക്കുന്നു. (200 മുട്ടകള്‍ വരെ ഉണ്ടാവും) ശേഷം കൈ ഉപയോഗിച്ച്, പൂഴികൊണ്ട് മുട്ടകളെ നന്നായി മൂടുന്നു. പിന്നെ ആമയമ്മ കരഞ്ഞുകൊണ്ട് കടലിലേക്ക് തിരിച്ചു പോകുന്നു.

                             അപ്പോള്‍ ഇത്രയും മുട്ടകള്‍ നരനും കുറുനരിക്കും നായകള്‍ക്കും വിട്ടുകൊടുത്ത് ആമയമ്മ അങ്ങനെ കടലില്‍ പോയാലോ? ഈ സംശയത്തിന് മറുപടി എന്റെ അമ്മൂമ്മയാണ് പറഞ്ഞുതന്നത്. ആമയമ്മ കരഞ്ഞുകൊണ്ടാണ് വരുന്നതും പോകുന്നതും. കടലില്‍ നിന്ന് കയറി വന്ന വഴിയെ ആയിരിക്കില്ല, തിരിച്ചു പോകുന്നത്. മുട്ടയിട്ട് പോകുന്ന ആമ നേരെ പടിഞ്ഞാറ് സഞ്ചരിച്ച് കടലിനടിയില്‍ ഒരിടത്ത് ഇരുന്ന് മുട്ടകളെയും വിരിയുന്ന കുഞ്ഞുങ്ങളെയും ഓര്‍ത്ത് ഭക്ഷണം ഉപേക്ഷിച്ച് ഉഗ്രതപസ്സ് ചെയ്യുന്നു. 41 ദിവസത്തെ കഠിനതപസ്സിനു ശേഷം രാത്രിയില്‍, ആമയമ്മ കരയില്‍ വരുമ്പോള്‍ എല്ലാമുട്ടകളുടെയും തോട്‌പൊട്ടിച്ച് കുഞ്ഞുങ്ങള്‍ പുറത്തുവന്നിരിക്കും. അവര്‍ പൂഴിമാറ്റി മുകളില്‍ വന്ന് അമ്മയെ കാത്തിരിക്കുന്നുണ്ടാവും. പിന്നീട് എല്ലാ കുഞ്ഞുങ്ങളെയും മാതാവിന്റെ സ്വന്തം പുറത്തുകയറ്റി, അവര്‍ വിശാലമായ കടലിലേക്ക് യാത്രയാവും....
 എന്നാല്‍ ഈ സങ്കല്പവുമായി പൊരുത്തപ്പെടാത്തതാണ് ഇവിടെ സംഭവിക്കുന്നത്.

                            നമ്മുടെ കടല്‍‌തീരത്ത് വര്‍ഷംതോറും ഇടുന്ന ആമമുട്ടകളില്‍ ചെറിയൊരു ശതമാനമെങ്കിലും കുഞ്ഞുങ്ങളായി മാറിയിട്ടുണ്ടോ, എന്ന കാര്യം സംശയമാണ്. കടലില്‍ നിന്നും ആമ മുട്ടയിട്ട് തിരിച്ചുപോകുമ്പോഴേക്കും അത് നമ്മുടെ നാട്ടുകാര്‍ ശേഖരിച്ച് ഷേയറുചെയ്ത് വീടുകളില്‍ എത്തിക്കും. -- അതായത് ചെറുപ്പക്കാരില്‍ ചിലര്‍, ആകാശവും കടലും ഒന്നിക്കുന്ന ചക്രവാളവും നോക്കി രാത്രിസമയത്ത് വീട്ടില്‍ കിടക്കുന്നതിനു പകരം, തീരത്തെ പൂഴിയില്‍ മലര്‍ന്ന് കിടപ്പുണ്ടാവും. 
                      അപ്പോഴായിരിക്കും പതുക്കെ വെള്ളത്തിനടിയില്‍ നിന്നും ആമയമ്മ തലപൊക്കി നോക്കുന്നത്. തീരം ശാന്തസുന്ദരമാണെന്നറിഞ്ഞ അവൾ കരക്കു കയറി പ്രയാസപ്പെട്ട് ഇഴഞ്ഞുനീങ്ങി കുഴിയെടുത്ത് മുട്ടയിടുന്നു. ആമ തിരിച്ചുപോയ ഉടനെ, അതുവരെ അനങ്ങാതെ കിടന്നവന്‍ മുട്ടകള്‍ സ്വന്തമാക്കുന്നു. അഥവാ മുട്ടകള്‍ മനുഷ്യന്‍ കണ്ടെത്തിയില്ലേലും അത് കുറുക്കന്മാര്‍ മണത്ത്‌നോക്കി കണ്ടുപിടിക്കും. എന്നും രാത്രി ഞണ്ടിനെ പിടിക്കാന്‍ കുറുക്കന്മാര്‍ തീരത്തു വരും.

                          ആമമുട്ടക്ക് പുറം‌തോടില്ല; പകരം വെള്ളനിറമുള്ള തടിച്ച തോലുകൊണ്ട് പൊതിഞ്ഞിരിക്കും. നാട്ടിലെ ആചാരപ്രകാരം ആമമുട്ടയുടെ മഞ്ഞക്കരു മാത്രമാണ് ഭക്ഷ്യയോഗ്യം; അത് ഓം‌ലെറ്റാക്കിയും വറുത്തും മനുഷ്യന്‍ തിന്നുന്നു. വെള്ളക്കരു ആരോഗ്യത്തിനു ഹാനികരം എന്ന് പറയുന്നു?

                      ചിലപ്പോള്‍ നാട്ടിലെ ചില ദുഷ്ടബുദ്ധികള്‍, മുട്ടയെ കൂടാതെ ആമയെയും പിടിക്കും. കരയില്‍ വലിച്ച് മലര്‍ത്തിയിടും. എന്നിട്ട് സ്ഥിരമായി കൊലപാതകം നടത്താറുള്ള മനസാക്ഷിയില്ലാത്ത ഭീകരന്മാരെ വിളിച്ചു വരുത്തും. ആമയെ അധികമാരും കാണാത്ത ഒരു സ്ഥലത്തുകൊണ്ടുപോകും. കൊല്ലാനായി മലര്‍ത്തിയിടുമ്പോള്‍ പാവം ആമ; ശബ്ദം പുറത്തുവരുന്നില്ലെങ്കിലും, ഇരു കൈകൊണ്ടും നെഞ്ചത്തടിച്ച് നിലവിളിക്കും. ആ നിലവിളിയെ അവഗണിച്ച്;  മലര്‍ന്നുകിടന്ന ആമയുടെ നെഞ്ച് ഒരു വലിയ മഴു (കോടാലി) കൊണ്ട് വെട്ടിക്കീറും. നാട്ടുകാര്‍ ചേര്‍ന്ന് മാംസം പങ്കിട്ടെടുത്ത് കൊലവിളി നടത്തി വീട്ടിലേക്ക് പോകും. ആമയിറച്ചിക്ക് ആമയുടെ രുചിതന്നെ ആയിരിക്കും.
                         ഈ കൊലപാതക പരമ്പരകള്‍ അരങ്ങേറിയത്  എന്റെ കുട്ടിക്കാലത്ത് മാത്രമായിരുന്നു. പിന്നെ ഇത്തരം സംഭവങ്ങളില്‍ നിന്നും കുട്ടികളെ അകറ്റി നിര്‍ത്തിയിരുന്നു. അതുകൊണ്ട് തന്നെ ഈ എഴുതിയത് മുഴുവന്‍ കേട്ടറിവ് മാത്രമാണ്. ആമയുടെ പുറം‌തോട് ചില വീടുകളില്‍ ട്രോഫി പോലെ തൂക്കിയിട്ടത് അക്കാലത്ത് എനിക്ക് കാണാന്‍ കഴിഞ്ഞിട്ടുണ്ട്.

                       കാലം കഴിയുന്നതോടെ ആമയുടെയും മുട്ടയുടെയും എണ്ണം കുറഞ്ഞ് കുറഞ്ഞ് വരാന്‍ തുടങ്ങി. ഞാന്‍ ആദ്യമായി ഒന്നാം ക്ലാസ്സില്‍ ചേര്‍ന്ന് അഞ്ച് വര്‍ഷം പഠിച്ച അതെ വിദ്യാലയത്തില്‍ തന്നെ, ആദ്യമായി പഠിപ്പിക്കാന്‍‌വേണ്ടി ടീച്ചറായി ചേര്‍ന്നു. അവിടെ നാലാം‌ക്ലാസ് ടീച്ചറായി ഞാന്‍ ചേര്‍ന്നപ്പോള്‍ മൂന്നാംക്ലാസ്സില്‍ ഏറ്റവും ഇളയ അനുജനും അഞ്ചാംക്ലാസ്സില്‍ അതിനു മുകളിലെ അനുജനും പഠിക്കുന്നുണ്ടായിരുന്നു. (അമ്മക്ക് ആകെ അഞ്ചു മക്കള്‍. പെണ്ണ് 2, ആണ് 3. കുടുംബാസൂത്രണം നാട്ടില്‍ നടന്നുവരുമ്പോഴേക്കും അഞ്ചാമന്‍ ഓമനക്കുഞ്ചുവും ഔട്ടായിരുന്നു).

                         ഞാന്‍ നാട്ടിലെ പ്രൈമറി ടീച്ചറായിരിക്കെ എന്റെ തൊട്ടടുത്ത ഇളയവന്‍ എസ്. എന്‍ . കോളേജില്‍ ഡിഗ്രി ഫൈനല്‍ പഠിക്കുന്ന കാലത്തെ ഒരു സുപ്രഭാതം. അന്ന് കടപ്പുറത്ത് തിരയെണ്ണാന്‍ പോയ അവന്‍ ഒരു പ്രധാനവാര്‍ത്തയും കൊണ്ടാണ് വന്നത്.
 “പുലര്‍ച്ചെ നാട്ടിലെ വിഐപി ചെറുപ്പക്കാര്‍ വളരെ വലിയ ഒരു കടലാമയെ പിടിച്ചു കെട്ടിയിട്ടുണ്ട്. ആരും അറിയാതെ കൊന്ന് ഇറച്ചിയാക്കാനാണ്‍ പ്ലാന്‍ ”.
“എന്നാലിന്ന് ആമയിറച്ചി തിന്നാലോ. എത്രയോ കാലമായി ആമയിറച്ചി തിന്നിട്ട്” 
അതുകേട്ടപ്പോൾ അമ്മ സന്തോഷത്തോടെ പറഞ്ഞു.
“ഇറച്ചി കിട്ടുമെന്ന് വിചാരിച്ച് വെള്ളമിറക്കുകയൊന്നും വേണ്ട. ആമയെ കൊന്നാല്‍ ഞാന്‍ പോലീസില്‍ അറിയിക്കും” ഇക്കാര്യം ഞാന്‍ അവരോട് പറഞ്ഞിട്ടുണ്ട്.
“അതെങ്ങനെയാ നിന്റെ കൂട്ടുകാരുമായി നീ ഒടക്കാനാണോ പോണത്?” 
അമ്മക്ക് തീരാത്ത സംശയം.
“ആമയുടെ കാര്യത്തില്‍ ഞാന്‍ ഒരിക്കലും വിട്ടുകൊടുക്കില്ല” 
അവന് ജന്തുസ്നേഹം പെട്ടെന്ന് വര്‍ദ്ധിക്കാന്‍ തുടങ്ങി. വന്യജീവിസംരക്ഷണം നാട്ടില്‍ വേരുപിടിക്കുന്ന കാലമാണ്.

ഉച്ചകഴിഞ്ഞ് കടപ്പുറത്തു പോയ ആങ്ങള എന്നോട് പറഞ്ഞു; 
“അവര്‍ ആമയെ ഞാന്‍ കാണാതിരിക്കാന്‍ എവിടെയോ ദൂരെ ഒളിപ്പിച്ചിരിക്കയാ. കൊല്ലുകയാണെങ്കില്‍ പ്രശ്നം ഉണ്ടാക്കുമെന്ന് അവര്‍ക്ക് മനസ്സിലായിട്ടുണ്ട്”
                         അങ്ങനെ രാത്രിയായി; ആമക്കാര്യം അപ്പടിതന്നെ. ഒരു വിവരവും എന്റെ ജന്തുസ്നേഹി സഹോദരന് കിട്ടിയില്ല.

                         പിറ്റേ ദിവസം രാവിലെ അടുത്ത വീട്ടിലെ സ്ത്രീ ഞങ്ങളുടെ വീട്ടില്‍ വന്നു. അവര്‍ എന്റെ അമ്മയോട് ചോദിച്ചു;
 “ഇന്നലെ രാത്രി പത്തുമണി കഴിഞ്ഞാണ് വീട്ടില്‍ ആമയിറച്ചി കൊണ്ടുവന്നത്. നിങ്ങള്‍‌ക്ക് ആമയിറച്ചി കിട്ടിയിട്ടില്ലെ?”
“അതെങ്ങനെയാ ഇവിടെ കിട്ടുന്നത്. ഇവിടെ ഒരുത്തന്‍ ആമയെ കൊന്നാല്‍ പോലീസിനെ വിളിക്കുമെന്ന് പറഞ്ഞല്ലെ നടക്കുന്നത്”
അമ്മ മറുപടി പറഞ്ഞു.
“ഓ അതായിരിക്കണം അവര്‍ ആമയെ കൊല്ലുന്നത് രാത്രി ആക്കിയത്” 
അയല്‌വാസിനി കാര്യം പറഞ്ഞു.
“എന്നാലും എന്റെ കുട്ടിക്കാലത്തൊക്കെ എത്ര ആമയിറച്ചി തിന്നതാണ്. ഇപ്പോഴെത്തെ കുട്ടികള്‍ക്ക് അതൊന്നും തിന്നാനുള്ള യോഗമില്ലല്ലൊ”
“ആമകളെ കൊല്ലാനുള്ള യോഗം അമ്മയുടെ കാലത്ത് ഉണ്ടായതുകൊണ്ട്, ഇപ്പോഴെത്തെ കുട്ടികള്‍ക്ക് ആമയെ കാണാനുള്ള ഭാഗ്യം പോലും ഇല്ലാതായി. പിന്നെ ഈ ആമയിറച്ചിക്ക് അത്ര വലിയ രുചിയൊന്നും ഇല്ല”
രാത്രിയുടെ മറവില്‍ കൊല്ലപ്പെട്ട ആമയെ ഓര്‍ത്ത് ഞാന്‍ പറഞ്ഞു.

പിന്‍‌കുറിപ്പ്:
  1.  നമ്മുടെ കടല്‍ത്തീരത്ത് സ്വന്തം വംശം നിലനിര്‍ത്താനായി വന്നപ്പോള്‍ , കൊലചെയ്യപ്പെട്ട എല്ലാ ആമകള്‍ക്കും ഈ പോസ്റ്റ് സമര്‍പ്പിക്കുന്നു.
  2.  നമ്മുടെ തീരത്ത്‌വന്ന് മുട്ടയിട്ടതിനാല്‍ ജനിക്കുന്നതിനു മുന്‍പെ കൊല ചെയ്യപ്പെട്ട എല്ലാ ആമക്കുഞ്ഞുങ്ങള്‍ക്കും കൂടി ഞാന്‍ ഈ പോസ്റ്റ് സമര്‍പ്പിക്കുന്നു

20 comments:

  1. ആദ്യമായാ ഇവിടെ. നല്ല പോസ്റ്റ്‌.

    ReplyDelete
  2. നന്നായിരിക്കുന്നു ചേച്ചീ .. ആമകള്‍ക്ക് മാത്രമല്ല .. മഴക്കാലത്തെ ആറ്റുവരമ്പത്തെ പച്ചത്തവളകള്‍ക്കും രക്ഷയില്ലാണ്ടായിരിക്കുന്നു...
    ആശംസകള്‍

    ReplyDelete
  3. അപ്പോള്‍ ഒരു ചോദ്യം: “എപ്പഴാ ജയിലീന്ന് പൊറത്ത് വന്നത്?”

    ചോദ്യം അതല്ല ജയിലില്‍ ആമയിറച്ചിയാണ് കൊടുക്കുന്നത് എന്നാരാ പറഞ്ഞത്

    ReplyDelete
  4. അവരില്‍ വലിയൊരു വിഭാഗം പിന്നീട് അറബികളെ ചൂണ്ടയിടാന്‍ പോയി...

    അതു കലക്കി. ഇന്നും ഇഷ്ടം പോലെ ആമയെ പിടിക്കുന്നുണ്ട് കേട്ടൊ. ആരുമറിയാതെ.. അറിഞ്ഞു പോയാൽ‌ അകത്തു പോവുമെന്നുറപ്പല്ലേ.

    ReplyDelete
  5. പാമരന്‍ (.
    അഭിപ്രായത്തിനു നന്ദി.

    ശ്രീ..jith (.
    എല്ലാറ്റിനെയും പിടിച്ച് തിന്നുകയാണല്ലോ. പിന്നെ ഇക്കാര്യം എതിര്‍ക്കുന്നവര്‍ പൊതുവിഢ്ഢികളായി മാറും. അഭിപ്രായത്തിനു നന്ദി.

    പാവപ്പെട്ടവന്‍ (.
    അമയിറച്ചിയും ആമമുട്ടയും തിന്നവന്‍ വന്യജീവിസംരക്ഷണ നിയമപ്രകാരം ജയിലിലല്ലെ പോകേണ്ടത്. അതോര്‍ത്ത് പറഞ്ഞതാ. വളരെ നന്ദി.
    കുമാരന്‍|kumaran (.
    ആമയുടെ കാര്യം പൊതുവെ കഷ്ടമാണ്. ഒരിക്കല്‍ ഒരു മരണവീട്ടില്‍ പോയി. ബന്ധുക്കളുടെ കരച്ചിലും ശവസംസ്ക്കാരവും എല്ലാം കഴിഞ്ഞ് തിരിച്ച് പോരാന്‍ നേരത്താണ് ഞെട്ടിക്കുന്ന ഒരു കാഴ്ച കണ്ടത്. മരണം നടന്ന വീട്ടിലെ പൂന്തോട്ടത്തില്‍ രണ്ട് ചെറിയ കരയാമയെ കഴുത്തിനു കെട്ടി തൂക്കിയിട്ടിരിക്കുന്നു. അനേകം ആളുകള്‍ വന്നിരുന്ന മരണവീട്ടില്‍‌നിന്നും ആമയെ അഴിച്ച്‌മാറ്റി തൊട്ടടുത്ത പുഴയില്‍ വിടാന്‍ ആര്‍ക്കും തോന്നിയില്ലല്ലൊ. ഇന്ന് നിയമം കര്‍ശനമായതിനാല്‍ വളരെ രഹസ്യമായി കടലാമയെ കൊല്ലുന്നു. അഭിപ്രായത്തിനു നന്ദി.

    ReplyDelete
  6. അങ്ങനെ ആരെയെല്ലാം വംശനാശം വരുത്തിയാണ് സംസ്ക്കാരസമ്പന്നരായ,ചിന്താശേഷിയും വിവേചന ബുദ്ധിയുമുള്ള മനുഷ്യവംശം മുന്നോട്ട് പാഞ്ഞുകൊണ്ടിരിക്കുന്നത്!
    സ്വന്തം സുഖഭോഗങ്ങൾക്ക് വേണ്ടി മാത്രം എല്ലാവരെയും വഞ്ചിക്കാൻ സാധിക്കുന്ന ഏക ജന്തു മനുഷ്യനായിരിക്കും.
    ആമയോ,പശുവോ,കുരങ്ങോ...ആ ലിസ്റ്റിനു അവസാനമില്ല.
    നല്ല പോസ്റ്റ്.
    അഭിനന്ദനങ്ങൾ.

    ReplyDelete
  7. നല്ല പോസ്റ്റിന് ഒരു ജന്തുസ്നേഹിയുടെ അഭിവാദനങ്ങള്‍ :)

    ReplyDelete
  8. ആമയെ കൊന്നു തിന്നിരുന്നവരില്‍ നിന്ന് ആമയെ സംരക്ഷിക്കുന്നവരായി കടലോരത്തെ പല ചെറുപ്പക്കാരും മാറിയിട്ടുണ്ട്. ആമ ഇട്ടിട്ടു പോകുന്ന മുട്ട ശേഖരിച്ച് അവയെ പ്രത്യേക സ്ഥലത്ത് വച്ച് കാവലിരുന്ന് വിരിയിച്ച് കടലിലേക്കുതന്നെ തിരിച്ചയക്കുന്ന ചെറുപ്പക്കാരുടെ സംഘങ്ങള്‍ നമ്മുടെ കേരളത്തിലും ഉണ്ട്... ആ സംഘങ്ങള്‍ വളര്‍ന്നു കൊണ്ടിരിക്കുന്നു.... കടലാമകളുടെ സംരക്ഷണം ഏറ്റെടുത്ത പുതിയ തലമുറയുടെ നന്മയുടെ പ്രതീകങ്ങളാണവര്‍...

    മിനിയുടെ വിവരണം കേട്ടപ്പോള്‍ അതോര്‍ത്തുപോയി...

    ReplyDelete
  9. ആമകളൂടേ വംശ നാശം വിഷമത്തോടെ വായിച്ചു.
    ആമയമ്മയുടേ കരച്ചില്‍ കാതില്‍ കേള്‍ക്കുന്നു.
    ഇളയ ആള്‍ ഇന്നും പ്രകൃതി സ്നേഹിയായിരിക്കുമല്ലോ.

    ഹിന്ദുസ്താന്‍ ടൈംസില്‍ ഇന്നലെയോ മറ്റോ വായിച്ചിരുന്നു ഒരു വാര്‍ത്ത.
    ആമ വാര്‍ത്തയായതു കൊണ്ട് അതും പങ്കു വയ്ക്കാം .
    അതിങ്ങനെ.
    BHUBANeSHWAR. The oil spill generated from Monday by the sunken freighter owned by a singapore- based firm has begun to wreak havoc in the Bay of Bengal.
    Threat to nesting site of rare Olive Ridley turtles.
    "this is the nesting time for the Olive Ridley turtles which travel to Garimatha from as far as Sri Lanka."
    ആമയമ്മയുടെ ആ നിലവിളി കാതില്‍ മുഴങ്ങുന്നു.
    എനിക്ക് മുന്നേ വന്ന കമന്‍റുകള്‍ വായിച്ച് സന്തോഷം. പുതിയ തലമുറയുടെ നന്മയുടെ പ്രതീകങ്ങള്‍ക്ക് ഭാവുകങ്ങള്‍. ഈ നല്ല പോസ്റ്റിനു് എന്‍റെ ആശംസകളും ടീച്ചറേ....

    ReplyDelete
  10. Echmu Kutty (.
    പരിസ്ഥിതി സംരക്ഷണത്തെ കുറിച്ചും വംശനാശത്തെ കുറിച്ചും പറയുന്നവര്‍ക്ക് പലപ്പോഴും കഥയില്‍ പറയുന്ന കുരുവിയുടെ ഗതിയായിരിക്കും.(തണുപ്പകറ്റാന്‍ മിന്നാം‌മിനുങ്ങുകളെ പിടിച്ചു തീയുണ്ടാക്കാന്‍ ശ്രമിച്ച കുരങ്ങന്മാരെ ഉപദേശിച്ച കുരുവിയുടെ മരണം) അഭിപ്രായത്തിനു നന്ദി.

    ബിനോയ്|HariNav (.
    വളരെ നന്ദി.

    ടോട്ടോചാന്‍|Edukeralam (.
    കാലം മാറുന്നതോടെ ആമയെപോലുള്ള ജന്തുക്കളെ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങളും പ്രവര്‍ത്തകരും വര്‍ദ്ധിച്ചു വരികയാണ്. ഇത് ഒരു തിരിച്ചറിവില്‍ നിന്ന് ഉണ്ടായതാണ്. ആ തിരിച്ചറിവ് വരുന്ന ഒരു- ഇടവേളയില്‍’ - വന്യജീവിസംരക്ഷണനിയമം ആരംഭിച്ച കാലത്ത് അനേകം ജന്തുക്കളെ മനുഷ്യന്‍ കൊന്നുതിന്നിരുന്നു. അടുത്തകാലത്ത് നാട്ടുകാരെപേടിച്ച് സ്ക്കൂളില്‍ കയറി ഒളിച്ച മരപ്പട്ടി(വെരുക്)യുടെ അനുഭവം ഒരു പോസ്റ്റാക്കുന്നുണ്ട്. നന്ദി, ഒരായിരം.

    വേണു venu (.
    അഭിപ്രായത്തിനു നന്ദി. എന്റെ കുട്ടിക്കാലത്ത് മാത്രം കാണപ്പെട്ട ധാരാളം സസ്യങ്ങളും ജന്തുക്കളും ഉണ്ട്. ഇന്നും അവയില്‍ ചിലത് ചിലപ്പോള്‍ ഒളിച്ച് ജീവിക്കുന്നണ്ടാവാം.

    ReplyDelete
  11. ആദ്യമായാണ് ഇത്രയും വിശദമായ ഒരു ആമപുരാണം വായിക്കുന്നത്.... നന്ദി...

    ReplyDelete
  12. ആമയിറച്ചിക്ക് ആമയുടെ രുചിതന്നെ ആയിരിക്കും.

    മനസ്സിലായില്ല !!!

    ReplyDelete
  13. siva//ശിവ, VEERU, അഭിപ്രായത്തിനു വളരെ നന്ദി.
    പിന്നെ ഓരോന്നിനും അതിന്റെതായ രുചികാണും.

    അഭിപ്രായം എഴുതിയ എല്ലാവര്‍ക്കും, എല്ലാ ആമകളുടെയും പേരില്‍ ഞാന്‍ ഒന്നുകൂടി നന്ദി അറിയിക്കുന്നു.

    ReplyDelete
  14. valare sundaramaya, puthumayulla prayogangal kandu. abhinandanangal!!

    very good post.
    including the final tribute section.

    ReplyDelete
  15. ഞാന്‍ ഇഷ്ടംപോലെ ആമയിറച്ചി ( വെളുത്താമ ) , ഞണ്ട് , മയില്‍ , മാന്‍ ( അമേരിക്കയില്‍ വെച്ച്‌വെടി വെച്ച്‌ പിടിച്ചത് )ഇവ കഴിച്ചിട്ടുണ്ട് . കൂടാതെ മൂങ്ങാ , പ്രാവ് ,അണ്ണാന്‍ മുതലായവയുടേയും ഇറച്ചികള്‍ കഴിച്ചിട്ടുണ്ട് .പോസ്റ്റ്‌ ഇഷ്ടപ്പെട്ടു :) / തുടരുക .

    ReplyDelete
  16. അപ്പൊ ടീച്ചറ് ആളൊരു പുലിയാണല്ലേ...
    ആമകളെ സംരക്ഷിക്കാന്‍ ഈയിടെയായി ചെറുപ്പക്കാരില്‍ ഒരു താല്‍പ്പര്യം വളര്‍ന്നു വരുന്നതായി കാണുന്നുണ്ട്...
    അടുത്ത ജന്മത്തിലെങ്കിലും ഒരു ആമയായി ജനിക്കണമെന്നാ എനിക്കാഗ്രഹം...പത്തിരുന്നൂറു കൊല്ലം ജീവിക്കാലോ!!!

    ReplyDelete
  17. പണ്ട് ജീവികൾക്ക് ഇഷ്ടം പോലെ ജീവിക്കാനുള്ള സാഹചര്യങ്ങൾ ഉണ്ടായിരുന്നതിനാൽ അവ ഇഷ്ടം പോലെ പെറ്റുപെരുകിയിരുന്നു...അതിൽനിന്നും അൽ‌പ്പം അവയുടെ വംശനാശമൊന്നും വരുത്താതെ ആൾക്കാർ തിന്നിരുന്നെങ്കിൽ അതൊരു കുറ്റമൊന്നുമായി കണക്കാക്കപ്പെട്ടിരുന്നില്ല..കടലോരവാസികൾ അൽ‌പ്പം ആമയിറച്ചിയും മലയോരവാസികൾ അൽ‌പ്പം പന്നിയിറച്ചിയും ഒക്കെ അന്ന് കഴിച്ചെങ്കിൽ ഇന്ന് അങ്ങനെയല്ല..മിക്കവാറും ജീവികളും വംശനാശഭീഷണിയിലാണ്..അതുകൊണ്ടുതന്നെ അവയെ സംരക്ഷിക്കുകയെന്നതാണ് മനുഷ്യരുടെ ഇന്നത്തെ ചുമതല..കാസർഗോഡ് ജില്ലയിലെ നീലേശ്വരത്ത് നെയ്തൽ എന്ന സംഘടനയും കോഴിക്കോട് കൊളാവിയിൽ മറ്റൊരു സംഘം ചെറുപ്പക്കാരും കടലാമ മുട്ടകൾ ശേഖരിച്ച് ഹാച്ചറികളിൽ വിരിയിച്ച് കുറേ വർഷങ്ങളായി കുഞ്ഞുങ്ങളെ സുരക്ഷിതരായി കടലിലേയ്ക്ക് വിടുന്നവരാണ്.
    ടീച്ചറുടെ പോസ്റ്റ് നന്നായി..

    ReplyDelete
  18. നല്ല പോസ്റ്റ്. അഭിനന്ദനങൾ.ഇതൊക്കെ ഈ ബ്ലോഗിലൊതുങ്ങിപ്പോകുന്നുവെന്ന ഒരു സങ്കടം വല്ലാതെയുണ്ട്.
    അമ്മയുടെ കാലത്ത് ഇഷ്ടം പോലെ ആമയിറച്ചി തിന്നാൻ പറ്റിയതു കൊണ്ട് നമ്മുടെ കാലത്ത് അവയെ ഒന്ന് കാണാൻ പോലും പറ്റുന്നില്ല എന്ന് പറഞ്ഞതിലൂടെ ഒരു മഹാ കാര്യം വെളിപ്പെടുന്നുണ്ട്.
    ടീച്ചർക്ക് ഒരു മേശയുടെ വിസ്താരമുള്ള കടലാമയെ കോഴിക്കോട് കൊളാവി കടപ്പുറത്തെ തീരം എന്ന് കടലാമ സംരക്ഷണ കേന്ദ്രത്തിൽ ചെന്നാൽ കാണാം.
    കൊളാവി കടപ്പുറത്ത് മുട്ടയിട്ട് ആമ പോയപ്പോൾ നാട്ടിലെ പിള്ളേർ മുട്ട മാന്തിയെടുത്ത് പുഴുങ്ങിത്തിന്നു. എന്നാൽ കുറെ മുട്ടകൾ കുഴിയിൽ തന്നെ ഉണ്ടായിരുന്നു. ഒരു ദിവസം മുട്ട വിരിഞ്ഞ് ആമകൾ മണലിൽ നിന്ന് പുറത്തേക്ക് വരുമ്പോൾ,നാട്ടുകാരിൽ ചിലർ അത് കാണുകയും, ആമയുടെ സംരക്ഷനത്തിനായി പദ്ധതിയൊരുക്കുകയും ചെയ്തതിന്റെ ഫലമായാണ് അവിടെ ഇന്നൊരു നല്ല മറൈൻ റിഹേബിലിറ്റേഷൻ സെന്റർ ഉണ്ടായത്.ഒലീവ് റിഡ് ലി ടർട്ടിൽ എന്നയിനം ആമയാണ് നമ്മുടെ കടൽത്തീരത്ത് വരുന്നത്. മുഴപ്പിലങ്ങാട് കടപ്പുറത്തും, ആമകൾ വരാറുണ്ട്. പക്ഷേ ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവ്-ഇൻ-ബീച്ച് എന്ന പൊങ്ങച്ചത്തിനു മുൻപിൽ എന്ത് കടലാമ?

    ഇതൊക്കെ നാലാളറിയേണ്ട പോസ്റ്റാണെന്നഭിപ്രായമുണ്ട്.എന്താ ഒരു വഴി?

    വഴി പിന്നീട് നോക്കാം. ഇപ്പോൾ ആശംസകൾ
    സ്നേഹപൂർവ്വം വിധു

    ReplyDelete

എന്റെ മനസ്സിലെ ഈ കൊച്ചു മിനിലോകത്തിലേക്ക് എല്ലാവര്‍ക്കും സ്വാഗതം.