“മിനിലോകം”

ഞാന്‍ മിനി... എന്റെ മനസ്സ് എന്റെ ലോകമാണ്. എന്റെ മനസ്സില്‍(ഓര്‍മ്മയില്‍) തങ്ങിനില്‍ക്കുന്ന കാര്യങ്ങള്‍,വേണ്ടതും വേണ്ടാത്തതും ഞാന്‍ ഇവിടെ പകര്‍ത്തുന്നു. ഇതു വായിക്കാം, അഭിപ്രായം എഴുതാം. ജീവിതത്തില്‍ നിന്നും ഞാന്‍ കണ്ടെത്തിയ ധാരാളം ചെറിയ‘വലിയ’ സംഭവങ്ങള്‍ ഉണ്ട്. അവയെല്ലാം ചിത്രങ്ങളോടൊപ്പം ഇവിടെ അവതരിപ്പിക്കുന്നു. എന്റെ ലോകത്തേക്ക് “മിനിലോക”ത്തിലേക്ക് ഞാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു... ചിരിക്കാം, കളിക്കാം, ചിന്തിക്കാം... എന്ന് നിങ്ങളുടെ: mini//മിനി

October 28, 2009

35. ജ്വലിക്കുന്ന ഓര്‍മ്മകള്‍

                    എന്റെ ഓര്‍മ്മകളില്‍ നിറഞ്ഞു നില്‍ക്കുന്ന; ഓര്‍ക്കുന്തോറും മനസ്സിന്റെ അടിത്തട്ടില്‍ ഒരു വേദനയായി പടര്‍ന്നു നില്‍ക്കുന്ന ഒരാള്‍; അത് എന്റെ അച്ഛനാണ്. മനസ്സില്‍ വേദനകള്‍ അവശേഷിപ്പിച്ച് കടന്നുപോയവര്‍ ധാരാളം ഉണ്ട്. എന്നാല്‍ എന്റെ അച്ഛന്‍ , അത് എനിക്ക് മാത്രം ലഭിച്ച സ്നേഹവാത്സല്യങ്ങളില്‍ പൊതിഞ്ഞ നീറുന്ന കണ്ണിരില്‍ കുതിര്‍ന്ന ഓര്‍മ്മകളാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം ആ ഓര്‍മ്മയില്‍ ഞാന്‍ ഇന്ന് ഒരു പോസ്റ്റ് നിര്‍മ്മിക്കുകയാണ്.
.
                    സാധാരണക്കാരില്‍ ഒരാള്‍ മാത്രമായി, ഒരു നാട്ടിന്‍‌പുറത്ത് വളര്‍ന്ന അച്ഛന്‍ ജീവിക്കാന്‍‌വേണ്ടി പല വേഷങ്ങളും കെട്ടിയിട്ടുണ്ട്. നാട്ടിലെ ഏറ്റവും വലിയ പണക്കാരനായും പാവപ്പെട്ടവനായും ജീവിച്ചിട്ടുണ്ട്. ഒരു മുതലാളിയായും തൊഴിലാളിയായും ജീവിച്ചിട്ടുണ്ട്. ഒടുവില്‍ സ്വന്തമായി ഒരു ബിസ്‌നസ് നടത്തി. ഉപ്പു തൊട്ട് പഞ്ചസാര വരെയുള്ള അടുക്കള സാധനങ്ങളുടെ പൊടിപൊടിച്ച കച്ചവടം. നാട്ടുകാരെക്കൊണ്ട് നല്ലതു പറയിപ്പിക്കണമെന്ന് വാശിപിടിച്ച കച്ചവടത്തിലൂടെ ഒഴുകി ഒലിച്ചു പോയത് സ്വന്തമായുള്ള പറമ്പും പൊന്നും പണവും ആയിരുന്നു. മക്കള്‍ വലുതാകുമ്പോഴേക്കും സാമ്പത്തിക രേഖ പൂജ്യത്തിലും താഴ്ന്ന് നെഗറ്റീവില്‍ എത്തിയിരുന്നു. എന്നാലും അച്ഛന്‍ നിരാശനായില്ല; കാരണം കൈനോട്ടക്കാരനും ഭാവി പ്രവാചകന്മാരും ചേര്‍ന്ന് എന്റെ അച്ഛനോട് ഒരു കാര്യം ഉറപ്പിച്ച് പറഞ്ഞിരുന്നു,
‘ഒരു കാലത്ത് എല്ലാം നശിക്കുന്ന കാലത്ത് ഒരു നിധി കിട്ടും’. അത്കൊണ്ട് ഓരോ നഷ്ടവും അച്ഛന്‍ നിധിയിലേക്കുള്ള കാല്‍‌വെപ്പായി കണക്കാക്കി. അച്ഛന്റെ ആ നിധി സ്വന്തം  മക്കളാണെന്ന് മരിക്കുന്നതുവരെ അച്ഛന് തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല.
.
                   ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്ന ഒരു സംഭവം. ഡിഗ്രീ മൂന്നാം വര്‍ഷം ‘ഫൈനല്‍’; എല്ലാവരും സ്റ്റഡീ ടൂറിന് പോകാനുള്ള തയ്യാറെടുപ്പില്‍. അധ്യയന വര്‍ഷാരംഭത്തില്‍ ഊട്ടി, കൊടൈക്കനാല്‍, കന്യാകുമാരി, കോവളം എന്നിങ്ങനെ ടൂര്‍ പ്രോഗ്രാം ചെയ്ത് കൊതിപ്പിച്ചെങ്കിലും അതൊന്നും നടന്നില്ല. ഞങ്ങളുടെ യാത്ര മൂന്നു ദിവസം വയനാട് ജില്ലയിലെ കാട്ടിലൂടെയുള്ള ചുറ്റിയടിക്കല്‍ മാത്രം. ബോട്ടണി പഠിക്കുന്നവര്‍ പിന്നെ കാട്ടിലല്ലെ പോവേണ്ടത്?
.
                   അതിരാവിലെ അഞ്ച് മണിക്ക്‍തന്നെ കണ്ണൂരിലെ കെഎസ്ആര്‍ടീസീ ബസ്‌സ്റ്റാന്റില്‍ യാത്ര പോവാനുള്ള തയ്യാറെടുപ്പില്‍ എല്ലാ വിദ്യാര്‍ത്ഥികളും എത്തിയിട്ടുണ്ട്. (പുലര്‍ച്ചക്ക് കണ്ണൂരില്‍ എത്തിച്ചേരേണ്ടതു കൊണ്ട് നേരാംവണ്ണം ഉറങ്ങിയിരുന്നില്ല) അധികം പേര്‍ക്കും ബസ്‌സ്റ്റാന്റ് വരെ യാത്രയയക്കാനായി എസ്‌ക്കോര്‍ട്ട് രക്ഷിതാക്കള്‍ ഉണ്ട്. (പ്രത്യേകിച്ച് സ്ത്രീ വിദ്യാര്‍ത്ഥികള്‍ക്ക്) . എനിക്ക് എസ്‌ക്കോര്‍‌ട്ട് വന്നത് എന്റെ അച്ഛന്‍ തന്നെ. മറ്റുരക്ഷിതാക്കളും സഹപാഠികളും പുത്തന്‍ വേഷത്തില്‍ അണിനിരന്ന് പരമാവധി പൊങ്ങച്ചം കാണിക്കുകയും പറയുകയും ചെയ്യുമ്പോള്‍, തനി നാട്ടിന്‍‌പുറത്തുകാരനായ അച്ഛന്റെ കൂടെ ഞാനും ഒരു വശത്ത് ഒതുങ്ങി നിന്നു. നമുക്ക് യാത്രപോകാനുള്ള നമ്മുടെ സര്‍ക്കാര്‍ വക ബസ് ഇനിയും മുഖം കാണിച്ചിരുന്നില്ല.
.
                  ഒടുവില്‍ നമ്മുടെ സ്വന്തം ബോട്ടണി അധ്യാപകര്‍ കൂടി എത്തിച്ചേര്‍ന്നപ്പോഴാണ് യാത്ര അയക്കാനായി ‘ഹെഡ് ഓഫ് ദി ഡിപ്പാ‍ര്‍ട്ട്മെന്റ്‘ ആയ പ്രൊഫസര്‍ പ്രത്യക്ഷപ്പട്ടത്. അതോടെ രക്ഷിതാക്കളെല്ലാം അദ്ദേഹത്തെ പൊതിഞ്ഞ് പരിചയപ്പെടുകയാണ്. എന്നാല്‍ സംസാരിച്ചു കൊണ്ടിരിക്കുന്ന പ്രൊഫസര്‍ നേരെ നടന്നു വന്നത് അച്ഛനും ഞാനും നില്‍ക്കുന്നിടത്താണ്. അച്ഛനെ പേര്‍ പറഞ്ഞ് വിളിച്ച ശേഷം അദ്ദേഹം പറഞ്ഞു,
“ഇവള്‍ നിന്റെ മകളാണെന്ന് ഇപ്പോള്‍ മനസ്സിലായി. ഏറ്റവും നന്നായി പഠിക്കുന്ന മകളെ നീ ഇനിയും കൂടുതല്‍ പഠിപ്പിക്കണം”
  
                     പിന്നെ ഒരു പഴയ സുഹൃത്തിനെ പരിചയപ്പെട്ട ആവേശത്തോടെ അവര്‍ സംസാരിക്കാന്‍ തുടങ്ങി. ഇതെല്ലാം കണ്ടും കേട്ടും നില്‍ക്കുന്ന ഞാന്‍ ആശ്ചര്യപ്പെട്ടു. ഇംഗ്ലണ്ടിലും അമേരിക്കയിലും പഠനം പൂര്‍ത്തിയാക്കിയ കൊല്ലം ജില്ലക്കാരനായ പ്രൊഫസര്‍, ജീവിതത്തിന്റെ ഏത് വഴിയില്‍ വെച്ചാണ് വെറും മൂന്നാം ക്ലാസ്സുവരെ മാത്രം പഠിച്ച എന്റെ അച്ഛനെ പരിചയപ്പെട്ടതെന്ന് എനിക്ക് മനസ്സിലായില്ല. വീട്ടില്‍‌വെച്ച് പലതവണ അക്കാര്യം ചോദിച്ചു. അപ്പൊഴെല്ലാം ഉത്തരം പറയാതെ, സാര്‍ എന്നെപ്പറ്റി പറഞ്ഞകാര്യങ്ങള്‍ അതിശയോക്തി കലര്‍ത്തി വിവരിക്കുകയായിരുന്നു.
.
                       ഇനി ഓര്‍മ്മയില്‍ വരുന്നത് അച്ഛന്റെ ജീവിതസായാഹ്നം. മക്കള്‍ എല്ലാവരും ജോലിയില്‍ പ്രവേശിച്ചു. രണ്ട് പെണ്‍‌മക്കളുടെയും ഒരു മകന്റെയും വിവാഹം കഴിഞ്ഞു. വീടിനടുത്തുള്ള കാവിലെ ഉത്സവത്തില്‍ പങ്കെടുക്കാന്‍ എല്ലാവരും ഒത്തുചേര്‍ന്നിരിക്കയാണ്. ഉത്സവദിവസം രാവിലെ പത്ത് മണിക്ക് വീടിന്റെ വരാന്തയിലിരുന്ന് അച്ഛനും മക്കളും മരുമക്കളും ചേര്‍ന്ന് നാട്ടുകാര്യങ്ങള്‍ ഓരോന്നായി പറഞ്ഞ് ചിരിക്കുകയാണ്. അപ്പോള്‍ എല്ലാവരുടെയും കൂട്ടത്തില്‍ നിന്നും ഒരു മുന്നറിയിപ്പും കൂടാതെ അച്ഛന്‍ പിന്നിലേക്ക് മറിഞ്ഞു വീണു. അതെ ശരിക്കും മരിച്ചുവീഴുക തന്നെഎന്റെ ഓര്‍മ്മകള്‍‌ക്ക് വിട; അവ ഇനി എന്റെ മനസ്സിന്റെ അടിത്തട്ടില്‍ വിശ്രമിക്കട്ടെ

പിന്‍‌കുറിപ്പ് :
  1. പ്രായവും രോഗവും വന്ന് കഷ്ടപ്പെടുന്ന ജീവിതം മതി എന്ന് ആഗ്രഹിക്കുന്ന എന്റെ നാട്ടുകാര്‍ ഇപ്പോഴും ആഗ്രഹിക്കുന്നത് എന്റെ അച്ഛന് ലഭിച്ചതുപോലെ സുന്ദരമായ സുഖകരമായ മരണത്തിനാണ്.
  2. അച്ഛന്റെ ഫോട്ടൊ -‘പോസ്റ്റിന്റെ മുന്നിലുള്ളത്’- എടുത്തത് 1960 ന്‍ മുന്‍പ് കണ്ണൂരിലെ ഒരു സ്റ്റുഡിയോവില്‍ നിന്നാണ്.

October 9, 2009

34. കുമാരിയമ്മയുടെ കുഞ്ഞ്




                   കുമാരിയമ്മ മകനെയും കൂട്ടി സ്ക്കൂളിലെ സ്റ്റാഫ് റൂമില്‍ വന്നപ്പോള്‍ അവിടെയിരിക്കുന്നവരെല്ലാം വലുതായി ഒന്നു ഞെട്ടിയെങ്കിലും, ആ ഞട്ടല്‍ പുറത്തു കാണിക്കാതെ എല്ലാവരും കര്‍മ്മനിരതരായി.

                   മുന്നിലെ മേശപ്പുറത്തുള്ള പെന്ന്, പെന്‍സില്‍, പണം ആദിയായവയെല്ലാം ഉടനെ ബേഗില്‍ കയറ്റി. ശേഷം പുസ്തകങ്ങളും ബേഗുകളും ഷെല്‍ഫില്‍ വെച്ച് പൂട്ടിയ ശേഷം എല്ലാവരും സ്വന്തം ഇരിപ്പിടങ്ങളില്‍ സ്ഥാനം‌പിടിച്ചു.
 .
                   അവനെ സ്വീകരിക്കാനായി എല്ലാം പൂര്‍ത്തിയായ നേരത്താണ് ആ മൂന്ന്‌വയസ്സുകാരന്‍ മുറിയില്‍ കടന്നത്. വന്ന ഉടനെ അവന്‍ ആദ്യം കണ്ട ആളില്ലാകസേലയില്‍ കയറി ഇരിപ്പായി. ഉടനെ മേശപ്പുറത്തുള്ള എട്ടാം ക്ലാസ്സിലെ കണക്ക് പുസ്തകം തുറന്ന് പേജുകള്‍ ഓരോന്നായി കീറി ചുരുട്ടി എറിയാന്‍ തുടങ്ങി. പാഠപുസ്തകത്തിലെ പേജുകള്‍ തീര്‍ന്നപ്പോള്‍ അടുത്തുള്ള ടീച്ചിങ്ങ് നോട്ടിലേക്ക് കടന്നു. അതും തീര്‍ന്നപ്പോഴാണ് സമീപത്തുള്ള ബേഗ് അവന്റെ കൊച്ചു കണ്ണില്‍‌പെട്ടത്. ബേഗിന്റെ ഉള്ളിലുള്ളതെല്ലാം പുറത്താക്കി വലിച്ചെറിഞ്ഞു. ഇത്രയൊക്കെ ഈ കൊച്ചുവികൃതി ചെയ്ത് കൂട്ടിയിട്ടും അവന്റെ അമ്മയായ ‘കുമാരിയമ്മ’ എതിര്‍ത്തൊന്നും പറഞ്ഞില്ല.
                     എന്നാല്‍ ഒരാള്‍ പറഞ്ഞു; മൂന്ന് മാസത്തേക്ക് താല്‍ക്കാലികനിയമനം ലഭിച്ച ‘ശകുന്തളടീച്ചര്‍’,
“ഒരു ടീച്ചറുടെ പുസ്തകങ്ങളും ബേഗും നശിപ്പിക്കുന്നത് അവന്റെ അമ്മയായ നിങ്ങള്‍ ഇങ്ങനെ നോക്കിനില്‍ക്കുകയോ? അവനെ ഒന്ന് പിടിച്ചു മാറ്റിക്കൂടെ?”


                   അത്രയും സമയം സ്വന്തം മകന്റെ വികൃതികള്‍ നോക്കി ആസ്വദിക്കുന്ന അമ്മ, മകനെ നോക്കിക്കൊണ്ട് തന്നെ മറുപടി പറഞ്ഞു,
 “അവന്‍ കൊച്ചുകുഞ്ഞല്ലെ; പിന്നെ എതിര്‍ത്താല്‍ അവന് ദേഷ്യം വരും, പിന്നെ ആകെ കുഴപ്പം ആയിരിക്കും” 

‘ബേഗിന്റെയും പുസ്തകത്തിന്റെയും ഉടമ, ഓഫീസില്‍ പോയ ടീച്ചര്‍ തിരിച്ചു വന്നാല്‍ പറയുന്നത് എന്തായിരിക്കും’ എന്ന് ചിന്തിക്കാനുള്ള പ്രായം മകന് ആയിട്ടില്ലെങ്കിലും അവന്റെ അമ്മ ചിന്തിക്കേണ്ടതല്ലെ!
  .
                        നമ്മുടെ സ്ക്കൂളിലെ ഹിന്ദി അദ്ധ്യാപികയാണ് കുമാരിയമ്മ എന്ന ആലപ്പുഴക്കാരി ശ്രീകുമാരിഅമ്മ. സ്വന്തം നാട്ടില്‍ സ്ത്രീധനത്തിനെതിരായി പോരാടുകയും തുടര്‍ന്ന് അടുത്ത ബന്ധുവും കാമുകനുമായ ബസ്‌ഡ്രൈവറെ കല്ല്യാണം കഴിക്കുകയും ചെയ്ത ആദര്‍ശ വനിതയാണ് നമ്മുടെ കഥാപാത്രം. അതിലുണ്ടായ ഒരേയൊരു ചിന്നക്കിളിയാണ് നമ്മുടെ വികൃതി മൂന്നുവയസ്സുകാരന്‍ .
 . 
                      പ്രേമവിവാഹങ്ങളില്‍ ചിലപ്പോള്‍ സംഭവിക്കാറുള്ളതുപോലെ അതിമധുരം അല്പദിവസം കൊണ്ട് കയ്പ്പായി മാറി. പ്രേമിക്കാന്‍ സ്ത്രീധനം ആവശ്യമില്ലെങ്കിലും അത് കല്ല്യാണത്തില്‍ അവസാനിച്ചപ്പോള്‍ അതുവരെ പൂച്ചയെ പോലെ പാല് കുടിച്ചിരുന്ന ‘കണവന്‍ ആയി രൂപാന്തരം പ്രാപിച്ച കാമുകന്‍ ’ പുലിയായി മാറി. രണ്ടുപേരുടെയും വീട്ടുകാര്‍ പറഞ്ഞു; ഇനി നിങ്ങളായി, നിങ്ങളുടെ പാടായി. അപ്പോഴേക്കും സ്ക്കൂള്‍ ടീച്ചര്‍ ജോലി എന്ന അനുഗ്രഹം നേടിയ കുമാരിയമ്മ നേരെ കണ്ണൂരിലെത്തി. സ്ക്കൂളിനു സമീപം വാടകവീട്ടില്‍ ഭര്‍ത്താവും മകനുമൊത്ത് സുഖജീവിതം ആരംഭിച്ചു.

                       ഭാര്യ ഹൈസ്ക്കൂള്‍ ടീച്ചറായപ്പോള്‍ നാട്ടില്‍ ഡ്രൈവറായി ജോലിചെയ്ത ഭര്‍ത്താവ്, ഏതാനും ദിവസം വളരെ നല്ല കുട്ടിയായി, ഒരു ഭാര്യയുടെ ജോലികളിലെ പ്രധാന ഐറ്റമായ അടുക്കളപ്പണിയെല്ലാം ചെയ്തുതീര്‍ത്തു. പിന്നെയങ്ങോട്ട് ഭര്‍ത്താവ് സുഖജീവിതം തേടി പുറത്ത് കടന്നു. ശമ്പളം കിട്ടിയാല്‍ പിന്നെ അത് തീരുന്നതുവരെ അടിപോളി ജീവിതം. ശേഷം ഭാര്യക്ക് അടിയും ഭീഷണിയും തന്നെ. ശമ്പളം വാങ്ങിയ ഉടനെ സ്ഥലംവിട്ട ആള്‍ പലപ്പോഴും അടുത്തമാസം ശമ്പളസമയത്തായിരിക്കും തിരിച്ചെത്തുന്നത്. എങ്കിലും മറുത്തൊന്നും പറയാതെ അവര്‍ ഭര്‍ത്താവിനെ സ്വീകരിക്കും.

                 ഭര്‍ത്താവ് കാരണം ഉണ്ടാവുന്ന നാണക്കേട് കൊണ്ട് ആത്മഹത്യ ചെയ്താലോ എന്ന് കുമാരിയമ്മ ചിലനേരത്ത് ചിന്തിച്ചെങ്കിലും മകനെ ഓര്‍ത്ത് ആ വഴി ഉപേക്ഷിച്ചു. രാത്രിസമയത്ത് മദ്യപിച്ച് അടിയും ബഹളവും ഉണ്ടാക്കുന്ന ഒരു ഭര്‍ത്താവിനെ ഉപേക്ഷിക്കാന്‍ സഹപ്രവര്‍ത്തകര്‍ ഉപദേശിച്ചു. എത്ര ഉപദേശം കേട്ടാലും അടുത്തതവണ അദ്ദേഹം വന്നാല്‍ ശ്രീകുമാരിയമ്മ വീടിന്റെ വാതില്‍ മലര്‍ക്കെ തുറന്ന് സ്വാഗതം ചെയ്യും.
           അവര്‍ക്ക് പറയാന്‍ ഒരു വാക്കുണ്ട്;
 “എന്റെ ഭര്‍ത്താവല്ലെ. മകന്‍ വലുതായി ‘അമ്മെ എന്റെ അച്ഛനെവിടെ?’ എന്ന് ചോദിച്ചാല്‍ ഞാന്‍ എന്ത് പറയും”
 .
                 ക്ലാസ്സില്‍ ശിഷ്യന്മാര്‍ എന്ത് കാട്ടികൂട്ടിയാലും നമ്മുടെ ഹിന്ദി ഒരിക്കലും മുഖം  കറുപ്പിച്ചിട്ടില്ല. അതുപോലെ അംഗന്‍വാടിയില്‍ പോകുന്നവനാണെങ്കിലും, കുരുത്തകേടില്‍ ഡിഗ്രിയും ഡിപ്ലോമയും നേടിയ മകനെ ടീച്ചര്‍ ഒരിക്കലും എതിര്‍ത്ത് പറഞ്ഞ് നേരെയാക്കാന്‍ ശ്രമിച്ചിട്ടില്ല. ഇത് കാ‍ണുമ്പോള്‍ മറ്റ് അദ്ധ്യാപികമാര്‍ ദേഷ്യംകൊണ്ട് പുകയും.
 .
                      ഒരു ദിവസം ഉച്ചക്ക് സമീപമുള്ള അംഗന്‍വാടിയില്‍ കൂടെപോകാന്‍  കുമാരിയമ്മ എന്നെ വിളിച്ചു. സ്ഥലം കാണാനുള്ള താല്പര്യം കൊണ്ട് ഞാന്‍ ഒന്നിച്ച് പോയി. അമ്മ മകന്റെ കൈ മുറുകെ പിടിച്ചിരിക്കയാണ്. അങ്ങനെ പിടിച്ചില്ലെങ്കില്‍ അവന്‍ ഇടംവലം നോക്കാതെ റോഡിലിറങ്ങി ഓടും എന്നത് ഉറപ്പാണ്. അംഗന്‍വാടിയുടെ മുന്നില്‍ എത്തിയപ്പോള്‍ മകന്‍ അമ്മയെ വട്ടംചുറ്റി പിടിച്ചിരിക്കയാണ്. അകത്തു കടക്കണമെങ്കില്‍ അമ്മയും ഒപ്പം അവിടെയിരിക്കണം. അവന്റെ കരച്ചില്‍ കേട്ട് കൊച്ചുപയ്യന്മാരെല്ലാം പുറത്തുവന്നു. ഇതെല്ലാം നോക്കിനില്‍ക്കുന്ന എന്നോടായി പറഞ്ഞു,
“ഞാന്‍ സ്ക്കൂളില്‍ എത്താന്‍  അല്പം വൈകിയാല്‍ എല്ലവരും എന്നെ കുറ്റം പറയും. എന്നാല്‍ എന്റെ പ്രയാസം ആരെങ്കിലും അറിയുന്നുണ്ടോ?”
.
                     കുട്ടിയുടെ കരച്ചില്‍ കേട്ടപ്പോള്‍ പുറത്തു വന്ന ‘ആയ’ അവനെ ബലമായി പിടിച്ച് അകത്തു കൊണ്ടുപോയി. അതോടെ കരച്ച്ല് ഉച്ഛസ്ഥാനത്തിലെത്തി. ആയയെ പിച്ചുകയും മാന്തുകയും ചെയ്യുന്നുണ്ടെങ്കിലും അവര്‍ക്ക് അതൊന്നും പ്രശ്നമല്ല.


 “ഇനി നമുക്കു പോകാം” അല്പസമയം വെളിയില്‍ നിന്നപ്പോള്‍ ഞാന്‍ പറഞ്ഞു.


 “അതെങ്ങനെയാ ടീച്ചറെ, എന്റെ കൊച്ച് അവിടെ ഇരിക്കുന്നത് ഞാന്‍ ഒന്ന്‌കൂടി നോക്കട്ടെ” ഇതും പറഞ്ഞ് ടീച്ചര്‍ അകത്തു പോയി.


                      അകത്തുപോയ കുമാരിയമ്മ കണ്ടത്, കരച്ചില്‍ മാറി മറ്റുള്ളവരുടെ കൂടെ ഇരിക്കുന്ന മകനെയാണ്. അവര്‍ അടുത്തുപോയി മകനെ തലോടികൊണ്ട് പറഞ്ഞു, 
“മോന്‍ നല്ല കുട്ടിയായി അമ്മ വരുന്നതുവരെ ഇവിടെയിരിക്കണം. അമ്മ വേഗം വരൂം,ട്ടോ”


                       കരച്ചില്‍ മതിയാക്കി ക്ലാസ്സിലെ ദൃശ്യങ്ങളില്‍ മുങ്ങിയ പയ്യന്‍ അമ്മയെ കണ്ടപ്പോള്‍ വീണ്ടും കരയാന്‍ തുടങ്ങി. അമ്മയുടെ സാരിത്തുമ്പ് മുറുകെപിടിച്ചാണ് കരച്ചില്‍. ഇതുകേട്ട ആയ ഓടിവന്ന് അമ്മയില്‍ നിന്നും മകനെ പിടിച്ചുവാങ്ങിയ ശേഷം പറഞ്ഞു,
     “ടീച്ചറെ കാണുമ്പോള്‍ മാത്രമാണ് ഇവന്‍ കരയുന്നത്. ടീച്ചര്‍ പോയാല്‍ കുഴപ്പമൊന്നും ഇല്ല”


                          ഞങ്ങള്‍ പുറത്തിറങ്ങി, റോഡിനു സമീപം എത്തിയപ്പോഴാണ് കുമാരിയമ്മ കൂടെയില്ലെന്ന് എനിക്ക് മനസ്സിലായത്. അവര്‍ അല്പം പിറകിലായി അംഗണ്‍‌വാടി നോക്കി നില്പാണ്. ഞാന്‍ അടുത്തുപോയി പറഞ്ഞു,
“ടീച്ചറെ ബല്ലടിക്കാറായി, വേഗം പോകാം”


“എന്റെ കൊച്ചിനെ ഒന്നുകൂടി കാണണം. അവനോട് റ്റാറ്റ പറയാതെ വന്നത് തെറ്റെല്ലെ. അവന് അമ്മയെപറ്റി എന്ത് തോന്നിക്കാണും”


ടീച്ചര്‍ അംഗന്‍വാടിയുടെ നേരെയും ഞാന്‍ ഹൈസ്ക്കൂളിനു നേരെയും നടന്നു.
.
                      ‘ശ്രീകുമാരിയമ്മയുടെ ജീവിതപരാജയം ഇതുതന്നെ ആയിരിക്കും. ഭര്‍ത്താവിനോടും മകനോടും അമിതമായ സ്നേഹം. അവര്‍ എന്ത് തെറ്റ് ചെയ്താലും ഭാര്യ എന്ന നിലയിലും അമ്മ എന്ന നിലയിലും എതിര്‍ക്കാന്‍ പാടില്ല എന്ന വിശ്വാസം. അവര്‍ സ്നേഹിക്കുന്നവര്‍ (അവരെ സ്നേഹിക്കണമെന്നില്ല) എന്ത് ചെയ്താലും പൊറുക്കണം, സ്നേഹിക്കണം. ഒരു സ്ത്രീ ഇങ്ങനെ ആകാന്‍ പാടുണ്ടോ?’