എന്റെ ഓര്‍മ്മകളില്‍ നിറഞ്ഞു നില്‍ക്കുന്ന; ഓര്‍ക്കുന്തോറും മനസ്സിന്റെ അടിത്തട്ടില്‍ ഒരു വേദനയായി പടര്‍ന്നു നില്‍ക്കുന്ന ഒരാള്‍; അത് എന്റെ അച്ഛനാണ്. മനസ്സില്‍ വേദനകള്‍ അവശേഷിപ്പിച്ച് കടന്നുപോയവര്‍ ധാരാളം ഉണ്ട്. എന്നാല്‍ എന്റെ അച്ഛന്‍ , അത് എനിക്ക് മാത്രം ലഭിച്ച സ്നേഹവാത്സല്യങ്ങളില്‍ പൊതിഞ്ഞ നീറുന്ന കണ്ണിരില്‍ കുതിര്‍ന്ന ഓര്‍മ്മകളാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം ആ ഓര്‍മ്മയില്‍ ഞാന്‍ ഇന്ന് ഒരു പോസ്റ്റ് നിര്‍മ്മിക്കുകയാണ്.
.
സാധാരണക്കാരില്‍ ഒരാള്‍ മാത്രമായി, ഒരു നാട്ടിന്‍പുറത്ത് വളര്‍ന്ന അച്ഛന്‍ ജീവിക്കാന്‍വേണ്ടി പല വേഷങ്ങളും കെട്ടിയിട്ടുണ്ട്. നാട്ടിലെ ഏറ്റവും വലിയ പണക്കാരനായും പാവപ്പെട്ടവനായും ജീവിച്ചിട്ടുണ്ട്. ഒരു മുതലാളിയായും തൊഴിലാളിയായും ജീവിച്ചിട്ടുണ്ട്. ഒടുവില്‍ സ്വന്തമായി ഒരു ബിസ്‌നസ് നടത്തി. ഉപ്പു തൊട്ട് പഞ്ചസാര വരെയുള്ള അടുക്കള സാധനങ്ങളുടെ പൊടിപൊടിച്ച കച്ചവടം. നാട്ടുകാരെക്കൊണ്ട് നല്ലതു പറയിപ്പിക്കണമെന്ന് വാശിപിടിച്ച കച്ചവടത്തിലൂടെ ഒഴുകി ഒലിച്ചു പോയത് സ്വന്തമായുള്ള പറമ്പും പൊന്നും പണവും ആയിരുന്നു. മക്കള്‍ വലുതാകുമ്പോഴേക്കും സാമ്പത്തിക രേഖ പൂജ്യത്തിലും താഴ്ന്ന് നെഗറ്റീവില്‍ എത്തിയിരുന്നു. എന്നാലും അച്ഛന്‍ നിരാശനായില്ല; കാരണം കൈനോട്ടക്കാരനും ഭാവി പ്രവാചകന്മാരും ചേര്‍ന്ന് എന്റെ അച്ഛനോട് ഒരു കാര്യം ഉറപ്പിച്ച് പറഞ്ഞിരുന്നു,
‘ഒരു കാലത്ത് എല്ലാം നശിക്കുന്ന കാലത്ത് ഒരു നിധി കിട്ടും’. അത്കൊണ്ട് ഓരോ നഷ്ടവും അച്ഛന്‍ നിധിയിലേക്കുള്ള കാല്‍വെപ്പായി കണക്കാക്കി. അച്ഛന്റെ ആ നിധി സ്വന്തം മക്കളാണെന്ന് മരിക്കുന്നതുവരെ അച്ഛന് തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല.
.
ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്ന ഒരു സംഭവം. ഡിഗ്രീ മൂന്നാം വര്‍ഷം ‘ഫൈനല്‍’; എല്ലാവരും സ്റ്റഡീ ടൂറിന് പോകാനുള്ള തയ്യാറെടുപ്പില്‍. അധ്യയന വര്‍ഷാരംഭത്തില്‍ ഊട്ടി, കൊടൈക്കനാല്‍, കന്യാകുമാരി, കോവളം എന്നിങ്ങനെ ടൂര്‍ പ്രോഗ്രാം ചെയ്ത് കൊതിപ്പിച്ചെങ്കിലും അതൊന്നും നടന്നില്ല. ഞങ്ങളുടെ യാത്ര മൂന്നു ദിവസം വയനാട് ജില്ലയിലെ കാട്ടിലൂടെയുള്ള ചുറ്റിയടിക്കല്‍ മാത്രം. ബോട്ടണി പഠിക്കുന്നവര്‍ പിന്നെ കാട്ടിലല്ലെ പോവേണ്ടത്?
.
അതിരാവിലെ അഞ്ച് മണിക്ക്‍തന്നെ കണ്ണൂരിലെ കെഎസ്ആര്‍ടീസീ ബസ്‌സ്റ്റാന്റില്‍ യാത്ര പോവാനുള്ള തയ്യാറെടുപ്പില്‍ എല്ലാ വിദ്യാര്‍ത്ഥികളും എത്തിയിട്ടുണ്ട്. (പുലര്‍ച്ചക്ക് കണ്ണൂരില്‍ എത്തിച്ചേരേണ്ടതു കൊണ്ട് നേരാംവണ്ണം ഉറങ്ങിയിരുന്നില്ല) അധികം പേര്‍ക്കും ബസ്‌സ്റ്റാന്റ് വരെ യാത്രയയക്കാനായി എസ്‌ക്കോര്‍ട്ട് രക്ഷിതാക്കള്‍ ഉണ്ട്. (പ്രത്യേകിച്ച് സ്ത്രീ വിദ്യാര്‍ത്ഥികള്‍ക്ക്) . എനിക്ക് എസ്‌ക്കോര്‍ട്ട് വന്നത് എന്റെ അച്ഛന്‍ തന്നെ. മറ്റുരക്ഷിതാക്കളും സഹപാഠികളും പുത്തന്‍ വേഷത്തില്‍ അണിനിരന്ന് പരമാവധി പൊങ്ങച്ചം കാണിക്കുകയും പറയുകയും ചെയ്യുമ്പോള്‍, തനി നാട്ടിന്‍പുറത്തുകാരനായ അച്ഛന്റെ കൂടെ ഞാനും ഒരു വശത്ത് ഒതുങ്ങി നിന്നു. നമുക്ക് യാത്രപോകാനുള്ള നമ്മുടെ സര്‍ക്കാര്‍ വക ബസ് ഇനിയും മുഖം കാണിച്ചിരുന്നില്ല.
.
ഒടുവില്‍ നമ്മുടെ സ്വന്തം ബോട്ടണി അധ്യാപകര്‍ കൂടി എത്തിച്ചേര്‍ന്നപ്പോഴാണ് യാത്ര അയക്കാനായി ‘ഹെഡ് ഓഫ് ദി ഡിപ്പാര്‍ട്ട്മെന്റ്‘ ആയ പ്രൊഫസര്‍ പ്രത്യക്ഷപ്പട്ടത്. അതോടെ രക്ഷിതാക്കളെല്ലാം അദ്ദേഹത്തെ പൊതിഞ്ഞ് പരിചയപ്പെടുകയാണ്. എന്നാല്‍ സംസാരിച്ചു കൊണ്ടിരിക്കുന്ന പ്രൊഫസര്‍ നേരെ നടന്നു വന്നത് അച്ഛനും ഞാനും നില്‍ക്കുന്നിടത്താണ്. അച്ഛനെ പേര്‍ പറഞ്ഞ് വിളിച്ച ശേഷം അദ്ദേഹം പറഞ്ഞു,
“ഇവള്‍ നിന്റെ മകളാണെന്ന് ഇപ്പോള്‍ മനസ്സിലായി. ഏറ്റവും നന്നായി പഠിക്കുന്ന മകളെ നീ ഇനിയും കൂടുതല്‍ പഠിപ്പിക്കണം”
പിന്നെ ഒരു പഴയ സുഹൃത്തിനെ പരിചയപ്പെട്ട ആവേശത്തോടെ അവര്‍ സംസാരിക്കാന്‍ തുടങ്ങി. ഇതെല്ലാം കണ്ടും കേട്ടും നില്‍ക്കുന്ന ഞാന്‍ ആശ്ചര്യപ്പെട്ടു. ഇംഗ്ലണ്ടിലും അമേരിക്കയിലും പഠനം പൂര്‍ത്തിയാക്കിയ കൊല്ലം ജില്ലക്കാരനായ പ്രൊഫസര്‍, ജീവിതത്തിന്റെ ഏത് വഴിയില്‍ വെച്ചാണ് വെറും മൂന്നാം ക്ലാസ്സുവരെ മാത്രം പഠിച്ച എന്റെ അച്ഛനെ പരിചയപ്പെട്ടതെന്ന് എനിക്ക് മനസ്സിലായില്ല. വീട്ടില്‍വെച്ച് പലതവണ അക്കാര്യം ചോദിച്ചു. അപ്പൊഴെല്ലാം ഉത്തരം പറയാതെ, സാര്‍ എന്നെപ്പറ്റി പറഞ്ഞകാര്യങ്ങള്‍ അതിശയോക്തി കലര്‍ത്തി വിവരിക്കുകയായിരുന്നു.
.
ഇനി ഓര്‍മ്മയില്‍ വരുന്നത് അച്ഛന്റെ ജീവിതസായാഹ്നം. മക്കള്‍ എല്ലാവരും ജോലിയില്‍ പ്രവേശിച്ചു. രണ്ട് പെണ്‍മക്കളുടെയും ഒരു മകന്റെയും വിവാഹം കഴിഞ്ഞു. വീടിനടുത്തുള്ള കാവിലെ ഉത്സവത്തില്‍ പങ്കെടുക്കാന്‍ എല്ലാവരും ഒത്തുചേര്‍ന്നിരിക്കയാണ്. ഉത്സവദിവസം രാവിലെ പത്ത് മണിക്ക് വീടിന്റെ വരാന്തയിലിരുന്ന് അച്ഛനും മക്കളും മരുമക്കളും ചേര്‍ന്ന് നാട്ടുകാര്യങ്ങള്‍ ഓരോന്നായി പറഞ്ഞ് ചിരിക്കുകയാണ്. അപ്പോള്‍ എല്ലാവരുടെയും കൂട്ടത്തില്‍ നിന്നും ഒരു മുന്നറിയിപ്പും കൂടാതെ അച്ഛന്‍ പിന്നിലേക്ക് മറിഞ്ഞു വീണു. അതെ ശരിക്കും മരിച്ചുവീഴുക തന്നെ… എന്റെ ഓര്‍മ്മകള്‍ക്ക് വിട; അവ ഇനി എന്റെ മനസ്സിന്റെ അടിത്തട്ടില്‍ വിശ്രമിക്കട്ടെ…
പിന്‍കുറിപ്പ് :
- പ്രായവും രോഗവും വന്ന് കഷ്ടപ്പെടുന്ന ജീവിതം മതി എന്ന് ആഗ്രഹിക്കുന്ന എന്റെ നാട്ടുകാര്‍ ഇപ്പോഴും ആഗ്രഹിക്കുന്നത് എന്റെ അച്ഛന് ലഭിച്ചതുപോലെ സുന്ദരമായ സുഖകരമായ മരണത്തിനാണ്.
- അച്ഛന്റെ ഫോട്ടൊ -‘പോസ്റ്റിന്റെ മുന്നിലുള്ളത്’- എടുത്തത് 1960 ന്‍ മുന്‍പ് കണ്ണൂരിലെ ഒരു സ്റ്റുഡിയോവില്‍ നിന്നാണ്.
:(
ReplyDeleteഓറ്മകൾക്കു അഗ്നിയേക്കാൾ തീഷ്ണ്തയാന്നു
‘അഛൻ..’പുണ്യജന്മം..
ReplyDeleteമക്കൾ ഭാഗ്യം ചെയ്തവർ..
കണ്ണീരണിയിച്ച ഒരു ഓര്‍മ്മക്കുറിപ്പ്.
ReplyDeleteനല്ല പോസ്റ്റ് . പ്രോഫെസ്സോര്‍ക്ക് ശുദ്ധ ആത്മാക്കളെ തിരിച്ചറിയാന്‍ കഴിയുമായിരിക്കും . പിന്നെ മിനിയുടെ പെരുമാറ്റവും മറ്റും കണ്ടപ്പോള്‍ അദ്ദേഹത്തിന് തോന്നി കാണും അച്ചനെ പരിചയപ്പെടുവാന്‍ .
ReplyDeleteടീച്ചറെ ഒത്തിരി വിഷമിപ്പിച്ചു പോസ്റ്റ്. നന്മയുള്ള ആ അച്ഛന്റെ മോളായി പിറന്നത് തന്നെ വലിയ പുണ്യം അല്ലെ.
ReplyDeleteഎന്റെ അച്ഛമ്മക്ക് ചെറിയൊരു പനി വന്നപ്പോള്‍ ഓട്ടോയില്‍ കൊണ്ട് പോയി. "ഞാന്‍ എന്നാല്‍ കുത്തിവപ്പു എടുത്തിട്ട് വരാം" എന്ന് പറഞ്ഞു എല്ലാരോടും യാത്ര പറഞ്ഞാണ് പോയത്. പിന്നെ തിരികെ വന്നത് ആംബുലന്‍സില്‍ ആയിരുന്നു. പിന്‍ കുറിപ്പില്‍ ടീച്ചര്‍ പറഞ്ഞ കാര്യം തന്നെ അച്ഛമ്മയെ കുറിച്ച് പറഞ്ഞിരുന്നു. അതും ഓര്‍ത്തു :(
മനസ്സിനെ പൊള്ളിക്കുന്ന ഓർമ്മ നന്നായി തന്നെ പറഞ്ഞു, അഭിനന്ദനം, നല്ല വായനാ സുഖം നൽകി. ഒരു സംശയം
ReplyDeleteഒരു മുങ്കൂർ ജാമ്യം, കാരണം നാറാണത്ത് ഇപ്പോൾ എന്തുപറഞ്ഞാലും സാഹിത്യ ശ്രേഷ്ടന്മാർക്ക് “പുജ്ഞമാണ്” ഇത് ഒരു സംശയമായി കണ്ടാൽ മതി (പ്രത്യേകിച്ച് സ്ത്രീ വിദ്യാര്ത്ഥി കള്ക്ക്്). എന്താണ് ഇങ്ങനെ എഴുതിയത് ? വിദ്യാർത്ഥിയുടെ സ്ത്രീലിംഗം വിദ്യാർത്ഥിനി എന്നല്ലെ, ഇനീ പെണ്ണെഴുത്തോ, എഴുത്തിന്റെ പുതിയ സങ്കെതവുമോ മറ്റുമാണോ ?
നല്ലഒരുദിവസം നേരുന്നു
നിഷാല്‍ ആലാട്ട് (.
ReplyDeleteഅഭിപ്രായെത്തിനു നന്ദി.
വീ കെ (.
അഭിപ്രായെത്തിനു നന്ദി.
കുമാരന്‍|kumaran (.
അഭിപ്രായത്തിനു നന്ദി.
കിനാവള്ളി (.
പ്രൊഫസര്‍ അച്ഛനെ പരിചയപ്പെട്ടത് കച്ചവടം നടത്തുന്ന കാലത്തായിരിക്കാനാണ് സാധ്യത. പിന്നെ ഒഴിവ് സമയത്ത് ധാരാളം വായിക്കുന്ന ശീലം അച്ഛനും അമ്മക്കും ഉണ്ട്. നന്ദി.
കുറുപ്പിന്റെ കണക്കു പുസ്തകം (.
നന്ദി. ഓര്‍മ്മകള്‍ വായിച്ച് എഴുതിയതിനു നന്ദി.
നാറാണത്ത് (.
എനിക്ക് വളരെ ഇഷ്ടപ്പെട്ട ആളുടെ പേരാണല്ലൊ. പറയേണ്ടത് പറയേണ്ട സമയത്ത് പറയണം. നേരില്‍ ഒരു പോസ്റ്റ് ഇടണമെന്ന് ചിന്തിച്ചതാണ്. കോളേജില്‍ അറിയിപ്പുകള്‍ 'memmo' അക്കാലത്ത് വരുന്നത് women students എന്ന് ആയിരിക്കും. അത് മലയാളത്തില്‍ അതെപോലെ എഴുതുന്നതിനു പകരം സ്ത്രീ വിദ്യാര്‍ത്ഥികള്‍ എന്ന് പ്രയോഗിച്ചതാണ്. ഉദാ: 'Women students are prohibited to travel along the backside of the College Canteen'
നന്മചെയ്യുന്നവര്‍ക്ക് നന്മരണം!
ReplyDeleteഒരു വേദനയോ വിഷമമൊ അറിയാതെ ആരേയും ബുദ്ധിമുട്ടിക്കാതെ അവര്‍ പോകും.അച്ഛന്‍ ശരിയായ ഒരു പുണ്യാത്മാവ് ആയിരുന്നു എന്നതിനു മറ്റു തെളിവ് വേണ്ടല്ലൊ..
അഭിമുഖീകരിക്കാന്‍ എന്നും ഭയക്കുന്ന ഒന്നാണ് , ഏതൊരാള്‍ക്കും സ്വന്തം പിതാവിന്റെ മരണം...
ReplyDeleteഅദ്ദേഹത്തിനു സുഖമരണം ലഭിച്ചല്ലോ... അതില്‍ ആശ്വസിക്കുക.
എങ്കിലും , എന്നും ഒരു നീറ്റലാണ് അച്ഛന്റെ മരണം...
എന്റെ അനുഭവം താഴെ കൊടുക്കുന്നു.
http://jayandamodaran.blogspot.com/2009/03/blog-post.html
ഭാഗ്യവതികളും ഭാഗ്യവാന്മാരുമായ മക്കൾക്ക് അവകാശപ്പെട്ട നല്ല സ്മരണകൾ വായിച്ച് സന്തോഷിക്കുന്നു.
ReplyDeleteഭൂമിയിൽ എക്കാലവും നല്ല അച്ഛന്മാരും നല്ല മക്കളും നിറയട്ടെ.
മിനി ടീച്ചർക്ക് അഭിനന്ദനങ്ങൾ.
അനുഭവ തീവ്രതയിൽ നിന്നുമുള്ള എഴുത്തിൽ കാട്ടിയിരിക്കുന്ന മിതത്വം മനസ്സിൽ തൊട്ടു..മിനിക്ക് എല്ലവിധ ആശംസകളും
ReplyDeleteമാണിക്യം (.
ReplyDeleteവളരെ നന്ദി.
jayanEvoor (.
വളരെ നന്ദി.
Echmu Kutty (.
വളരെ നന്ദി.
ManzoorAluvila (.
വളരെ നന്ദി.
അഭിപ്രായം എഴുതിയ എല്ലാവരോടും ഒന്നുകൂടി നന്ദി പറയുന്നു.
മിനിജിയുടെ പോസ്റ്റ് വായിക്കന്‍ തുടങിയത് സ്പയിസി ആയ എന്തെങ്കിലും ആയിരിക്കും എന്ന പൂര്‍വ്വഗ്രാഹ്യതയോടെയാണ്...പക്ഷെ എനിക്കു തെറ്റുപറ്റി...തങ്കളുടെ അച്ഛനു നമോവാകം...
ReplyDeleteസ്നേഹാദരങ്ങള്‍....
ReplyDeletevalare nishkkalankamaaya post..
ReplyDeleteaathaanu athinte bhangi koottunnathu..
achanu valare powerful aaya kannukalaanallo.. photoyil kannukal jwalichu nilkkunnu..