“മിനിലോകം”

ഞാന്‍ മിനി... എന്റെ മനസ്സ് എന്റെ ലോകമാണ്. എന്റെ മനസ്സില്‍(ഓര്‍മ്മയില്‍) തങ്ങിനില്‍ക്കുന്ന കാര്യങ്ങള്‍,വേണ്ടതും വേണ്ടാത്തതും ഞാന്‍ ഇവിടെ പകര്‍ത്തുന്നു. ഇതു വായിക്കാം, അഭിപ്രായം എഴുതാം. ജീവിതത്തില്‍ നിന്നും ഞാന്‍ കണ്ടെത്തിയ ധാരാളം ചെറിയ‘വലിയ’ സംഭവങ്ങള്‍ ഉണ്ട്. അവയെല്ലാം ചിത്രങ്ങളോടൊപ്പം ഇവിടെ അവതരിപ്പിക്കുന്നു. എന്റെ ലോകത്തേക്ക് “മിനിലോക”ത്തിലേക്ക് ഞാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു... ചിരിക്കാം, കളിക്കാം, ചിന്തിക്കാം... എന്ന് നിങ്ങളുടെ: mini//മിനി

February 14, 2010

പുറത്താക്കിയ പയ്യനും ഫോട്ടോസ്റ്റാറ്റ് രക്ഷിതാവും

              കണ്ണൂർ ജില്ലയിലെ ഒരു സർക്കാർ ഹൈസ്ക്കൂളിൽ ഹെഡ്‌മിസ്ട്രസ് ആയി സ്ഥാനക്കയറ്റം ലഭിച്ച്, അവിടം വാഴുന്ന കാലം. പഠനനിലവാരം നോക്കിയാൽ അക്കാലത്ത് ജില്ലയിൽ ലാസ്റ്റാമത്തെ വിദ്യാലയം ആയതിനാൽ, ആ നിലവാരത്തെ എങ്ങിനെയെങ്കിലും ഉയർത്തണം എന്ന വാശിയിലാണ് ഞാനും മറ്റ് അദ്ധ്യാപകരും. അതിനാൽ ആവശ്യം വരുമ്പോൾ പഠനത്തിന് പ്രശ്നം ഉണ്ടാക്കുന്ന വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ചിലപ്പോൾ ‘അദ്ധ്യാപകരെയും’ വഴക്ക് പറയാൻ ലഭിക്കുന്ന ഒരു സുവർണ്ണാവസരവും ഞാൻ പാഴാക്കാറില്ല.


                      വെറും പത്ത്മാസം മാത്രമാണ് എനിക്ക് ഹെഡ്മിസ്ട്രസിന്റെ സ്ഥാനത്തുള്ള ഇരിപ്പിടം ലഭിക്കുന്നത്. ജൂൺ ഒന്നാം തീയ്യതി രാവിലെ ഒൻപത് മണിക്ക് സ്ക്കൂളിലേക്ക് കയറിവന്ന ഞാൻ മാർച്ച് മുപ്പത്തി ഒന്നിന് വൈകുന്നേരം അഞ്ച് മണിക്ക് ഇറങ്ങിപ്പോകണം. അതിനിടയിൽ മറ്റുള്ളവർ ചെയ്തതിന്റെ ബാക്കി പൂർത്തിയാക്കുക മാത്രമാണ് എനിക്ക് ചെയ്യാൻ കഴിയുന്നത്. ഒരു ഹൈസ്ക്കൂൾ അറിയപ്പെടുന്നത് S S LC നിലവാരത്തിന്റെ പേരിലായതിനാൽ ആ വർഷത്തെ റിസൽട്ട് നന്നാക്കിയെടുക്കുന്നതിൽ മാത്രമായിരുന്നു എന്റെ ശ്രദ്ധ മുഴുവൻ. സർക്കാറിന്റെ ‘ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശം’ പദ്ധതിപ്രകാരം എന്റെ വിദ്യാലയത്തിൽ, പത്താം തരക്കാർക്ക് തീവ്രയജ്ഞ പ്രവർത്തനങ്ങൾ നടക്കുന്ന കാലമാണ്.


                             100% കുട്ടികളും S S LC വിജയിച്ച വിദ്യാലയത്തിൽ ഏതാനും‌വർഷം പഠിപ്പിച്ച്, ശിഷ്യന്മാരെ വരച്ച വരയിൽ നിർത്തി, ലോകം പിടിച്ചടക്കിയ ഭാവത്തിൽ നാട്ടുകാരുടെ ഇടയിൽ തലയുയർത്തി നടന്ന എനിക്ക്, ഇപ്പോൾ എച്ച്. എം. ആയി ലഭിച്ചത് ഏത് നേരത്തും മുങ്ങാൻ തയ്യാറായ കുറെ വിരുതന്മാർ കൂടി പഠിക്കുന്ന വിദ്യാലയമാണ്. അദ്ധ്യാപകർക്ക് പരിഹരിക്കാനാവാത്ത പല പ്രശ്നങ്ങളും ഇവിടെയുള്ള വിദ്യാർത്ഥികൾക്കുണ്ട്. അതെല്ലാം കണ്ടില്ലെന്നും കേട്ടില്ലെന്നും നടിച്ച് എന്നാലാവുന്നത് പോലെ ഞാൻ അഭ്യാസം നടത്തുകയാണ്. ഗുണമേന്മയുള്ള വിദ്യാഭ്യാസം അവർക്ക് നൽകാൻ അവരൊന്ന് നേരാം‌വണ്ണം ക്ലാസ്സിൽ ഇരുന്ന്‌ തരണ്ടെ?


                          ഓണ അവധിക്ക് ശേഷം സ്ക്കൂൾ തുറന്ന് ഒരാഴ്ച കഴിഞ്ഞ ഒരു ദിവസം; പതിവ്‌പോലെ ഒരു മണിക്ക് മണിയടിച്ചു. അപ്പോഴാണ് കൂട്ടത്തിൽ എന്നും പരാതിക്കാരനായ ഒരു ‘പത്താംതരം പയ്യനെ’ ക്ലാസ്ടീച്ചർ പിടിച്ച് എന്നെ ഏല്പിച്ചത്; കൂടെ ഒരുകെട്ട് പരാതിയും. S S LC ക്ക് ആ ഡിവിഷനിൽ ആരെങ്കിലും പാസ്സാവണമെങ്കിൽ ഈ കുട്ടിയെ ക്ലാസ്സിൽ ഇരുത്തരുത് എന്നാണ് ടീച്ചറുടെ അഭിപ്രായം.


വികൃതികൾ ആയ കുട്ടികളെ ഞാൻ ഒത്തിരി കാണാറുണ്ട്. എന്നാൽ ഇത്രയും വികൃതിയെ ആദ്യമായാണ് കാണുന്നത്. ക്ലാസ്സിൽ ആരെയെങ്കിലും ശിക്ഷിച്ചാൽ ശിക്ഷ ലഭിച്ചവനെയും കൂട്ടി അവൻ നേരെ എച്ച്. എം. ആയ എന്റെ സമീപം വരും; പിന്നെ ചോദ്യമാണ്, “കുട്ടികളെ അടിക്കരുത് എന്ന് നിയമം ടീച്ചർക്കറിയില്ലെ? പിന്നെന്താ ആ ഇംഗ്ലീഷ് സാർ ഇവനെ അടിച്ചത്?”


                       ഏത് സമരമായാലും മുന്നിലും പിന്നിലുമായി അവനെ കാണും; സ്വന്തം പാർട്ടിയാണെങ്കിൽ മുന്നിൽ, മറ്റു പാർട്ടികളാണെങ്കിൽ പിന്നിൽ. ‘സ്ക്കൂളുകളിൽ രാഷ്ട്രീയവും സമരവും നിരോധിച്ചതല്ലെ’ എന്ന ചോദ്യത്തിനെല്ലാം അവന് കൃത്യമായ ഉത്തരം കാണും. ഒരിക്കൽ സമരത്തിനെതിരായി പറഞ്ഞപ്പോൾ അവൻ എന്നോട് പറഞ്ഞു, “ടീച്ചർക്ക് ഈ സ്ക്കൂളിനെപറ്റി ഒന്നും അറിയില്ല; ടീച്ചർ ഇവിടെ വന്നിട്ട് രണ്ട് മാസമേ ആയുള്ളു; എന്നാൽ ഞാനിവിടെ ഹൈസ്ക്കൂളിൽ അഞ്ചാമത്തെ കൊല്ലമാ പഠിക്കുന്നത്”


                            ‘ഒരു കുഞ്ഞാട് വഴിതെറ്റിയാൽ ബാക്കി 99നെ ഒഴിവാക്കി വഴിതെറ്റിയവന്റെ പിന്നാലെ പോയി അവനെ പിടിച്ച് നന്നാക്കണം’ എന്നാണ് കർത്താവിന്റെ പ്രമാണം. എന്നാൽ എന്റെ സ്വഭാവം നേരെ മറിച്ചാണ്; 99 എണ്ണത്തിൽ ഒന്ന്പോലും വഴിതെറ്റിയവന്റെ പാത പിൻ‌തുടരാതിരിക്കാൻ വേണ്ടത് ഞാൻ ചെയ്യും. ഞാൻ ചെയ്യുന്നത് തെറ്റായാലും വഴിതെറ്റിയവനെ നന്നാവില്ലെന്ന് കണ്ടാൽ ഒഴിവാക്കി മറ്റുള്ളവരെ നന്നാക്കാൻ പരിശ്രമിക്കും.


                    അങ്ങനെ എന്റെ മുന്നിൽ ക്ലാസ്ടീച്ചർ കൊണ്ടുവന്ന വഴിതെറ്റിയവനോട് കുറേക്കാലമായി പറയാനുള്ളതെല്ലാം ഞാൻ മൊത്തമായി പറഞ്ഞുതീർത്തു. ശേഷം ഒരറിയിപ്പ് കൂടി നൽകി,

“ഇനി നിന്റെ രക്ഷിതാവ് വന്നിട്ട് മാത്രം ക്ലാസ്സിൽ കയറിയാൽ മതി. അതായത് ഉച്ചഭക്ഷണം കഴിച്ച് വീട്ടിൽ‌നിന്ന് വരുമ്പോൾ അച്ചനോ അമ്മയോ കൂടെയുണ്ടാവണം”

സമപ്രായക്കാരായ ആളെയും രക്ഷിതാവായി കൊണ്ടു വന്ന സംഭവം അവിടെ ഉണ്ടായതിനാൽ അച്ഛനോ അമ്മയോ വരണം എന്ന് ഉറപ്പിച്ച് പറഞ്ഞു.

എന്നാൽ അച്ഛനും അമ്മയും വരില്ല എന്ന്തന്നെയാണ് മകൻ പറയുന്നത്.

“അച്ഛൻ സുഖമില്ലാതെ കിടപ്പാണ്, അമ്മ വീട്ടിന്ന് പുറത്തിറങ്ങില്ല”

“എന്നാൽ മകനും വീട്ടിൽ‌തന്നെ ഇരുന്നാ മതി”

ഞാൻ ഉറപ്പിച്ച് പറഞ്ഞിട്ടും അവനിൽ ഒരു ഭാവമാറ്റവും ഇല്ല. പിന്നീട് അതൊന്നും അവന്റെ കാര്യമല്ല എന്ന ഭാവത്തിൽ പുസ്തകവുമായി പുറത്തു പോയ പയ്യൻ ഉച്ചക്ക്ശേഷം റോഡിലൂടെ അലഞ്ഞ്നടക്കുകയാണെന്ന് അദ്ധ്യാപകർ എന്നോട് പറഞ്ഞു.


                      അവനോട് രക്ഷിതാവിനെ കൂട്ടി വരാൻ മുൻപും പറഞ്ഞതാണ്. എന്നാൽ ആ അവസരത്തിലെല്ലാം അല്പസമയം പുറത്ത് കറങ്ങിയ ശേഷം വന്ന് മാപ്പ് പറഞ്ഞാൽ അവനെ ഞാൻ‌തന്നെ ക്ലാസ്സിൽ കയറ്റും. എന്തായാലും ഇത്തവണ രക്ഷിതാവ് വരാതെ ഒരു കാരണവശാലും അവനെ ക്ലാസ്സിൽ ഇരുത്തേണ്ടന്ന് ഞാൻ തീരുമാനിച്ചു.


                            നാല് മണിക്ക് ബല്ലടിച്ചു; സ്ക്കൂൾ വിട്ടെങ്കിലും പത്താംതരം സ്പെഷ്യൽ‌ക്ലാസ്സ് മാത്രം നടക്കുന്നുണ്ട്. അപ്പോഴാണ് ഞാൻ തിരക്കെല്ലാം കഴിഞ്ഞ് റിലാക്സ് ചെയ്യുന്നത്. ഇനി അഞ്ചര വരെ ഓഫീസ്‌സ്റ്റാഫുമായി സംസാരിച്ച് റജിസ്റ്ററുകൾ ഓരോന്ന് നോക്കുന്നതിന്റെ കൂടെ എനിക്ക് കമ്പ്യൂട്ടർ തുറക്കാനുള്ള സമയം കൂടിയാണ്. അങ്ങനെ എന്റെ മേശപ്പുറത്തുള്ള ഫയലുകളും പുസ്തകങ്ങളും ഒതുക്കിവെച്ച്, എഴുന്നേൽക്കാൻ തുടങ്ങുമ്പോഴാണ് ഉച്ചയ്ക്ക് പുറത്താക്കിയ പത്താംതരക്കാരൻ വാതിൽ കടന്ന് അകത്തേക്ക് പ്രവേശിച്ചത്. അവന്റ്റെ അല്പം പിന്നിലായി ഏതാണ്ട് അറുപത് കഴിഞ്ഞ ഒരു വൃദ്ധൻ പതുക്കെ നടന്ന് വരുന്നുണ്ട്. രണ്ട്പേരും എന്റെമുന്നിലുള്ള ടേബിളിനു സമീപം വന്ന് നിന്നു.


‘പുറത്തിറങ്ങാൻ വയ്യാതെ വീട്ടിൽ കിടപ്പാണ്’ എന്ന് മകൻ പറഞ്ഞ രക്ഷിതാവാണ് ഇപ്പോൾ എന്റെ മുന്നിൽ നിൽക്കുന്നത് എന്ന് ചിന്തിച്ച എനിക്ക് ദേഷ്യംകൊണ്ട് പരിസരബോധം ഇല്ലാതായി. ഒരു രക്ഷിതാവിനോട് മുന്നിലെ കസേരയിൽ ഇരിക്കാൻ പറയാനുള്ള മര്യാദപോലും കാണിക്കാതെ ഞാൻ പറഞ്ഞു,

“ഇവനെയൊക്കെ എന്തിനാ പഠിപ്പിക്കുന്നത്? എന്തൊക്കെ കളവുകളാണോ പറയുന്നത്; ഇനി ഇവനെ വീട്ടിൽ‌തന്നെ ഇരുത്തിയാൽ മതി. പത്താം ക്ലാസ്സിലാണെന്ന ഒരു ബോധവും ഇല്ലാതെ കളിച്ചു നടക്കുകയാ. ഇവനൊരുത്തന്റെ ശല്യം കാരണം മറ്റുകുട്ടികൾക്ക് പഠിക്കാൻ കഴിയുന്നില്ല എന്ന പരാതിയുണ്ട്. മര്യാദക്ക് ക്ലാസ്സിൽ വന്ന് പഠിക്കാൻ കഴിയില്ലെങ്കിൽ ഹാജർ തികയാത്തത്‌കൊണ്ട് മകന് പരീക്ഷ എഴുതാൻ പറ്റാതാവും. പിന്നെ….”

പിന്നെയും ഞാൻ പറഞ്ഞുകൊണ്ടിരിക്കയാണ്; എത്ര പറഞ്ഞിട്ടും എന്റെ ദേഷ്യം തീർന്നില്ല. എന്നാൽ ഇതെല്ലാം കേട്ട് ഒന്നും മിണ്ടാതെ നിൽക്കുകയാണ് മുന്നിലുള്ളവർ.


അതിനിടയിൽ ആ മനുഷ്യൻ ഒരു കവർ തുറന്ന് കുറച്ച് കടലാസുകൾ എന്റെ മുന്നിൽ മേശപ്പുറത്ത് വെച്ചു; അതിനു മുകളിലായി ഒരു റേഷൻ കാർഡും. എന്നിട്ട് എന്നോടായി പറഞ്ഞു,

“ടീച്ചറെ ഈ റേഷൻ കാർഡ് നോക്കി ഇതിന്റെ ഫോട്ടോസ്റ്റാറ്റ് കടലാസിൽ ഒപ്പിട്ടുതരണം”

“അപ്പോൾ നിങ്ങൾ ഇവന്റെ,,,?”

“അവനെ എനിക്കറിയില്ല ടീച്ചറെ ഞാനെന്റെ റേഷൻ കാർഡിന്റെ കടലാസിൽ ഒപ്പ് വാങ്ങാൻ വന്നതാ”


പിൻ‌കുറിപ്പ്:

1. മുകളിൽ കൊടുത്ത ഫോട്ടൊയിൽ വിദ്യാഭ്യാസ മന്ത്രിയിൽ നിന്നും സർട്ടിഫിക്കറ്റ് വാങ്ങുന്നത് ഞാൻ തന്നെയാണ്. എന്റെ വിദ്യാലയത്തിലെ റിസൽട്ട് വർദ്ധിച്ചതിനാലാണ് അങ്ങനെയൊരു അംഗീകാരം വിദ്യാലയത്തിന് കിട്ടിയത്; അല്ലാതെ എനിക്കല്ല.
2. ഓരോ തവണ അമളിപറ്റിയാൽ ഇനിയങ്ങോട്ട് ‘ആലോചിച്ചേ പ്രവർത്തിക്കു’ എന്ന് തീരുമാനിക്കുമങ്കിലും എന്റെ എടുത്തുചാട്ടത്തിന് ഒരു കുറവും വന്നിട്ടില്ല.
3. ഒടുവിൽ ആ പയ്യനും D+ഉം അതിൽ കൂടുതലും വാങ്ങി ഉന്നത പഠനത്തിന് യോഗ്യത നേടി.
4. ‘അടുത്ത കാലത്ത് വന്ന നിങ്ങൾക്ക് ഈ സ്ക്കൂളിനെപറ്റി ഒന്നും അറിയില്ല’ എന്ന് അതേ വിദ്യാലയത്തിലെ ‘പിടി‌എ പ്രസിഡണ്ട്’ ഒരിക്കൽ എന്നോട് പറഞ്ഞിരുന്നു. അത് മറ്റൊരു പോസ്റ്റിനുള്ള വകയുണ്ട്.

15 comments:

  1. അദ്ധാപകര്‍ക്ക് ഇത്തരം കര്‍ശന നിലപാടുകളിലൂടെയല്ലാതെതന്നെ വിദ്യാര്‍ത്ഥികളെ നന്നാക്കാന്‍ പറ്റില്ലേ? പറ്റുമെന്നാണ് എന്റെ അനുഭവം. പക്ഷേ ചില രക്ഷിതാക്കള്‍ മക്കളെ നശിപ്പിയ്ക്കുന്നതില്‍ മുഖ്യപങ്കു വഹിയ്ക്കുന്നതായും അനുഭവപ്പെട്ടിട്ടുണ്ട്.

    ReplyDelete
  2. ചേച്ചീ...കൂട്ടം തെറ്റിയ ആ കുഞ്ഞാട്...അവസാനം വല്യ ആടിനെ വീട്ടിനു വിളിച്ചോണ്ട് വന്നോ?
    അതോ എന്നത്തേയും പോലെ മാപ്പ് പറഞ്ഞപ്പോ ആളെ കേറ്റി വിട്ടോ..

    ReplyDelete
  3. വെറും പത്ത്മാസം കൊണ്ട് കണ്ണൂര്‍ ജില്ലയിലെ ഏറ്റവും പിന്നിലുണ്ടായിരുന്ന വിദ്യാലയത്തെ മുന്നിലേക്ക് കൊണ്ടുവരുന്നതില്‍ വിജയിച്ച മിനി ടീച്ചര്‍ക്ക് അഭിനന്ദനങ്ങള്‍. കാരണം, അങ്ങനെയൊരു സാഹചര്യത്തില്‍ നിന്ന് 100 ശതമാനത്തിലേക്കുള്ള കരകയറ്റം നിസ്സാരമല്ലെന്ന് ആര്‍ക്കുമറിയാം. നിത്യജീവിതത്തില്‍ നമുക്കെത്രമാത്രം അനുഭവങ്ങളാണുള്ളത്. അതെല്ലാം രസകരങ്ങളായ, മേന്മയുള്ള ഒരു പോസ്റ്റാക്കി മാറ്റുന്നതിനുള്ള കഴിവ് അത്യപാരം. അഭിനന്ദനങ്ങള്‍

    ReplyDelete
  4. ചിലർ ഉപദേശമോ ശിക്ഷകളോ ഇല്ലാതെ തന്നെ നന്നാവും, ചിലർ ശിക്ഷയെ ഭയന്നു നന്നാവും, ചിലർ എന്തു ചെയ്താലും നന്നാവില്ല.ഇവരെ തരം തിരിക്കുന്നത് തന്നെയാകും അദ്ധ്യാപകനിലെ അദ്ധ്യാപകനെ പുറത്തു കൊണ്ടു വരുന്നത്-

    ReplyDelete
  5. ഹഹഹ.. ഒരു അമളി കഥ അല്ലേ.. നന്നായി.

    ReplyDelete
  6. കൊട്ടോട്ടിക്കാരൻ’
    അഭിപ്രായത്തിനു നന്ദി. കർശന നിലപാട് എടുത്താൽ മാത്രമെ ചിലർ നന്നാവുകയുള്ളു. കാരണം എല്ലാ വിദ്യാർത്ഥികളും ഒരേ സ്വഭാവക്കാരല്ല. വെറും ഒരു എസ് എസ് എൽ സി കാർഡ് കിട്ടിയാൽ മതി (തോറ്റത്) എന്ന് പറയുന്ന രക്ഷിതാക്കൾ ഉണ്ട്.

    കണ്ണനുണ്ണി,
    ആ വലിയ ആട് വന്നു, അത് ആ കുഞ്ഞാട് വീട്ടിൽ പറഞ്ഞിട്ടല്ല, മറ്റൊരു കുട്ടി വിവരം പറഞ്ഞപ്പോൾ തള്ളയാട് എത്തി.

    Hari(Maths),
    പത്ത് മാസം കൊണ്ട് 100% ആക്കാൻ കഴിഞ്ഞിട്ടില്ല, എന്നാൽ 50ൽ നിന്ന് 96 ആക്കി മാറ്റാൻ കഴിഞ്ഞു. മികച്ച വിദ്യാലയത്തിൽ എത്തിയാൽ അദ്ധ്യാപകർക്ക് ഒന്നും ചെയ്യാനില്ല, എന്നാൽ പിന്നോക്കം നിൽക്കുന്ന വിദ്യാലയത്തിൽ ധാരാളം ചെയ്യാൻ കാണും. എന്നാൽ ഇവിടെ പണിയെടുക്കാതിരിക്കാൻ മാത്രം ഇവിടെ ട്രാൻസ്ഫർ വാങ്ങി വരുന്നവരുണ്ട്. അവരെ സൂക്ഷിക്കണം.

    കാട്ടിപരുത്തി,
    വളരെ ശരിയാണ്. കിട്ടേണ്ടത് കിട്ടിയാൽ മാത്രം ചില കുട്ടികൾ നന്നാവും. അഭിപ്രായത്തിനു നന്ദി,

    കുമാരൻ,
    നന്ദി.

    കിഷോർലാൽ പറക്കാട്ട് ,
    നന്ദി.

    ReplyDelete
  7. മിനിറ്റീച്ചറുടെ ഈ അനുഭവങ്ങൽ..ഒരൊ നല്ല അനുഭവങ്ങളായ്‌ തന്നെ വായനക്കാരിൽ എത്തുന്നുണ്ട്‌..എല്ലാ ഭാവുഗങ്ങളും..എഴുത്തു തുടരട്ടെ...

    ReplyDelete
  8. വിദ്യാഭ്യാസ മന്ത്രിയിൽ നിന്നും സർട്ടിഫിക്കറ്റ് വാങ്ങുന്നതിനെ അഭിനന്ദിക്കാൻ മറന്നു..അഭിനന്ദനങ്ങൾ..ഏല്ലാ അദ്ധ്യായാപകർക്കും ഒപ്പം ടീച്ചർക്കും

    ReplyDelete
  9. ടീച്ചറുടെ profile വായിച്ചു . ഒരു ആയുസ്സ് മുഴുവന്‍ എഴുതിയാല്‍ തീരാത്ത അനുഭവങ്ങള്‍ ഉണ്ടെന്നു ഉറപ്പ്.കൂടുതല്‍ എഴുതുക. മറ്റുള്ളവര്‍ക്കും അവ ഒരു പാഠം ആകും.
    ഈ അനുഭവം മുന്‍കോപക്കാര്‍ക്ക്‌ നല്ലൊരു താക്കീതാണ്
    NB:അറുപതു കഴിഞ്ഞ വൃദ്ധനായത് കൊണ്ട് ടീച്ചര്‍ രക്ഷപ്പെട്ടു. അല്ലെങ്കില്‍ ആ പയ്യന്റെ മുന്‍പില്‍ വച്ച് തെറി കേള്‍ക്കേണ്ടി വന്നേനേ!!

    ReplyDelete
  10. ഞാൻ ആ പയ്യന്റെ കൂടെ വന്ന കാർന്നോരെക്കുറിച്ച് ചിന്തിക്കുകയായിരുന്നു....

    ഒരു ഒപ്പു വാങ്ങിക്കാൻ വന്നതിനു കിട്ടിയ ശിക്ഷയും, സത്യം മൻസ്സിലായതിനു ശേഷമുള്ള മിനി ടീച്ചറുടെ ചമ്മലും എന്റെ മനോമുകരത്തിൽ തെളിഞ്ഞു വരുന്നു...!!

    ഇത്തരം അനുഭവക്കുറിപ്പുകൾ ഇനിയും പോരട്ടെ..

    ആശംസകൾ...

    ReplyDelete
  11. വിദ്യാ‍സമ്പന്നമായ അമളി...!!

    ReplyDelete
  12. ടീച്ചറെ പോസ്റ്റ്‌ കലക്കി ....

    ആ പയ്യന്‍ രക്ഷിതാവിനെ കൂട്ടി വന്നോ ?

    ReplyDelete
  13. ManzoorAluvila-,
    അനുഭവങ്ങൾ വായിച്ച് അഭിപ്രായം എഴുതിയതിനു നന്ദി. പിന്നെ നമ്മുടെ മന്ത്രിയെ കണ്ടതും കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്ത് പോയതും വലിയ വിശേഷങ്ങളാ.

    തണൽ-,
    തെറി കേൾക്കാൻ മാത്രമല്ല പറയാനും കൂടി പഠിച്ചിട്ടാ അവിടെന്ന് ഇറങ്ങിയത്. അഭിപ്രായെത്തിന് നന്ദി.

    വി കെ-,
    അതൊരു അനുഭവം തന്നെയാ; അവിടെ എച്ച്.എം ആയതു കൊണ്ടുള്ള അനുഭവം. അഭിപ്രായത്തിനു നന്ദി.

    പള്ളിക്കരയിൽ-,
    അമളിക്ക് സാക്ഷികളായി സഹപ്രവർത്തകർ ആരും ഇല്ലാത്തത് ഭാഗ്യം. ഇപ്പോൾ ഞാൻ പറഞ്ഞ് ചിരിക്കുന്നു. നന്ദി.

    അഭി-,
    വീട്ടിൽ വിവരം അറിഞ്ഞപ്പോൾ വലിയ ആട് തന്നെ വന്നു. അവനെ ക്ലാസ്സിൽ കയറ്റി. അഭിപ്രായത്തിനു നന്ദി.

    ReplyDelete
  14. സത്യമായിട്ടും ഞാന്‍ വിചാരിച്ചത് ടീച്ചര്‍ടെ കല്യാണആല്‍ബം മന്ത്രിക്ക് കൊടുത്തത് ആണെന്നാ....

    ReplyDelete

എന്റെ മനസ്സിലെ ഈ കൊച്ചു മിനിലോകത്തിലേക്ക് എല്ലാവര്‍ക്കും സ്വാഗതം.