“മിനിലോകം”

ഞാന്‍ മിനി... എന്റെ മനസ്സ് എന്റെ ലോകമാണ്. എന്റെ മനസ്സില്‍(ഓര്‍മ്മയില്‍) തങ്ങിനില്‍ക്കുന്ന കാര്യങ്ങള്‍,വേണ്ടതും വേണ്ടാത്തതും ഞാന്‍ ഇവിടെ പകര്‍ത്തുന്നു. ഇതു വായിക്കാം, അഭിപ്രായം എഴുതാം. ജീവിതത്തില്‍ നിന്നും ഞാന്‍ കണ്ടെത്തിയ ധാരാളം ചെറിയ‘വലിയ’ സംഭവങ്ങള്‍ ഉണ്ട്. അവയെല്ലാം ചിത്രങ്ങളോടൊപ്പം ഇവിടെ അവതരിപ്പിക്കുന്നു. എന്റെ ലോകത്തേക്ക് “മിനിലോക”ത്തിലേക്ക് ഞാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു... ചിരിക്കാം, കളിക്കാം, ചിന്തിക്കാം... എന്ന് നിങ്ങളുടെ: mini//മിനി

July 5, 2010

ബയോളജി ടീച്ചറെ പേടിച്ച് ,,,

മുൻ‌കുറിപ്പ്:

1, ഒരു ടീച്ചറാൽ നിർമ്മിതമായ ഈ നർമ്മത്തിലെ പ്രധാന കഥാപാത്രമാണ് മൂത്രം. അതിനാൽ ആ പേര് പലപ്പോഴായി പറയേണ്ടി വരും എന്ന് ഇതിനാൽ അറിയിക്കുന്നു.

2, വിദ്യാലയത്തിലെ ക്ലാസ്‌മുറിയിൽവെച്ച് ഏറ്റവും കൂടുതൽ തവണ മൂത്രം എന്ന വാക്ക് പറയേണ്ടിവരുന്നത് ജീവശാസ്ത്രം (ബയോളജി) അദ്ധ്യാപകർക്ക് ആയിരിക്കും. രണ്ടാം സ്ഥാനം ഒന്നാം ക്ലാസ്സിലെ ടീച്ചർക്ക് കൊടുക്കുന്നതായിരിക്കും അത്യുത്തമം.

3, മാന്യന്മാർ എന്ന് വെറുതെ ധരിച്ചിരിക്കുന്നവർ പരസ്യമായി പറയാത്ത പല വാക്കുകളും ആശയങ്ങളും ബയോളജി ടീച്ചർ വർഷം‌തോറും പറയുന്നു. ഉദാ:- മൂത്രാശയം, ആമാശയം, പിത്താശയം, അണ്ഡാശയം, ഗർഭാശയം, മലാശയം, … മതിയായോ?

4, ഇത്തരം ആശയങ്ങൾ മാത്രമല്ല; ജീവശാസ്ത്രപരമായ മറ്റു പലതും ഞങ്ങൾ ജീവശാസ്ത്രികൾ പരസ്യമായി പറയും. വായനക്കാരെ പേടിച്ച് ഇപ്പോൾ ഇത്ര മാത്രം അറിയിക്കുന്നു.

5, തൊട്ട്‌മുൻപ് എഴുതി പോസ്റ്റിയ സംഭവം (കൊല്ലുന്ന ടീച്ചർ) നടന്ന് ഏതാനും വർഷം കഴിഞ്ഞാണ് ഈ സംഭവം നടക്കുന്നത്.

6, വേദി ഞാൻ പഠിപ്പിച്ചിരുന്ന എന്റെത് ആയിരുന്ന എനിക്ക് പ്രീയപ്പെട്ട സർക്കാർ വിദ്യാലയം.

… എല്ലാരും സമ്മതം തന്നല്ലൊ; ഇനി ഞാൻ തുടങ്ങട്ടെ?,,,


അദ്ധ്യാപകർക്ക് സർവീസ് കൂടുന്നതിനനുസരിച്ച് ശമ്പളനിരക്ക് ഉയരുന്നതോടൊപ്പം പഠിപ്പിക്കുന്ന വിദ്യാലയത്തിൽ‌ ക്ലാസ്സ്കയറ്റം കൂടി ലഭിക്കും. അതായത് മുൻപേ വന്നവർ മൂപ്പ് കൂടി കൂടി പുറത്തായാൽ, ഒന്നാം‌തരത്തിലെ ടീച്ചർ രണ്ടിലും, പിന്നെ മൂന്നിലും ആയി അങ്ങനെയങ്ങനെ മേലോട്ട് ഉയരും.

ഹൈസ്ക്കൂളാണെങ്കിൽ എട്ടാം തരക്കാരൻ ഒൻപതിലും പിന്നെ പത്തിലും പഠിപ്പിക്കേണ്ടി വരും. പലപ്പോഴും വർഷങ്ങളായി പഴയ ‘ആശയഘടന’ പഠിപ്പിക്കുന്ന തലമൂത്ത അദ്ധ്യാപകർ ഘടന മാറിയതറിയാതെ പഴയ അവയവത്തെ വീണ്ടുംവീണ്ടും വരച്ച് പത്താം തരത്തിൽ പഠിപ്പിക്കുമ്പോൾ; പുത്തൻ ഘടനയോടെ പുതിയതായി ജോയിൻ ചെയ്തവരെ പത്താം തരത്തിന്റെ വരാന്തയിൽ വരാൻപോലും അവർ അനുവദിക്കില്ല.

,,, എന്റെ സ്വന്തം പഞ്ചായത്തിനു സമീപമുള്ള ഹൈസ്ക്കൂളിൽ ‘ട്രാൻസ്ഫർ’ ആയി വന്ന ‘ബയോളജി അദ്ധ്യാപിക ആയ’ എനിക്ക്­മേലെ; ആദ്യമേ മുതിർന്ന രണ്ട് ബയോളജി ഉള്ളതിനാൽ എട്ടാം തരത്തിലെ എട്ട് ഡിവിഷനുകളും എന്റെ തലയിൽ ചാർത്തി അവർ ഒൻപതും പത്തും പങ്കിട്ടു. ക്ലാസ് ചാർജ്ജായി ലാസ്റ്റ് ക്ലാസ്സ് ‘8H’ എല്ലാവരും കാൺകെ സ്റ്റേജിൽ എനിക്കായി വിട്ടുതന്നു. ഇതിൽ ഒരു മാറ്റം വരുത്താൻ ഏഷണി ഭീഷണി പാരവെപ്പ് ആദിയായവ നടത്തിയിട്ടും, നോ രക്ഷ.

ഇന്ന് കാലത്തിനൊത്ത് വിദ്യാലയങ്ങൾ മാറിയെങ്കിലും അന്ന് മൂത്തവർ ചൊല്ലും വാക്കിന് മറുവാക്കില്ല.

വർഷങ്ങൾ കഴിഞ്ഞു, ക്ലാസ് ചാർജ്ജ് ‘8H’ ൽ നിന്ന് ‘8A’ യിലേക്ക് മാറി. കുട്ടികൾ മാറുന്നുണ്ടെങ്കിലും ഞാൻ പഠിപ്പിക്കേണ്ട എന്റെ ക്ലാസ്സിന് ഒരു മാറ്റവും ഇല്ല. പ്രമോഷൻ വീട്ടിനടുത്തേക്ക് ട്രാൻസ്ഫർ എന്നിവ വെച്ച്‌നീട്ടി കൊതിപ്പിച്ചിട്ടും സീനിയർ ബയോളജികൾ രണ്ടും സ്ക്കൂൾ വിട്ടുപോകാൻ തയ്യാറാവാത്തതിനാൽ പത്താംതരം പലപ്പോഴായി നോക്കിയിരിക്കാറുള്ള എനിക്ക് കൊതി സഹിക്കാൻ പറ്റാതായി.


സ്വന്തം ബന്ധുക്കളെയും മക്കളെയും കൂടാതെ പൂർവ്വശിഷ്യകളുടെ മക്കളെയും പഠിപ്പിച്ചിരുന്ന ഒരു അപൂർവ്വ അദ്ധ്യാപികയാണ് ഞാൻ, എന്ന് ഞാൻ‌തന്നെ പറയുന്നു. എന്റെ സ്ക്കൂളിൽതന്നെ പഠിക്കുന്ന എന്റെ മൂത്ത മകൾ എട്ടിൽ‌നിന്ന് പത്താം തരത്തിൽ എത്തി. ഇളയ മകൾ എട്ടാം തരത്തിൽ ചേർന്നു.

...മകൾക്ക് പത്തിലേക്ക് ക്ലാസ്‌കയറ്റം കിട്ടിയിട്ടും ‘മകളുടെ അമ്മ’ എട്ടിൽ തന്നെ;

…ആരായാലും ഇതു സഹിക്കുമോ,,,?



എന്റെ മുഖ്യശത്രു സീനിയർമോസ്റ്റ് ബയോളജി ടീച്ചറാണ്. എന്നോട് തീർക്കാൻ പറ്റാത്തതൊക്കെ ക്ലാസ്സിൽ‌വെച്ച് അവർ മകൾക്കിട്ട് കൊടുക്കും. അത് അടി കൊടുക്കാൻ ചാൻസില്ലാത്തതിനാൽ പലതരം ഡയലോഗുകളിലൂടെയാണെന്ന് മാത്രം.

ഉദാ:- “എനിക്ക് ഇരുപത്തിയെട്ട് കൊല്ലം സർവ്വീസായി; നിന്റെ അമ്മയ്ക്ക് എന്റെയത്ര സർവ്വീസില്ല, കേട്ടോ,,,”.

എന്നിട്ട് മകളോട് പറഞ്ഞത് സ്റ്റാഫ്‌റൂമിൽ വന്ന് എല്ലാവരുടെയും മുന്നിൽ‌വെച്ച് ടീച്ചർ‌തന്നെ എന്നെനോക്കി കമന്റ് പറയും.

എന്നാൽ സ്ക്കൂളിൽ നിന്ന് കിട്ടിയതൊക്കെ മക്കൾ നേരെ ‘വീട്ടിലെത്തിച്ച് കുടുംബകലഹം ഉണ്ടാക്കും’ എന്ന് വിശ്വസിച്ചങ്കിൽ ആ ധാരണ തിരുത്താം. “സ്ക്കൂളിലെ കാര്യം വീട്ടിലും, വീട്ടിലെ കാര്യം സ്ക്കൂളിലും പറയാൻ പാടില്ല” എന്ന് നമ്മുടെ പിള്ളമാസ്റ്റർ രണ്ട്‌പേരെയും ഫീഷണിപ്പെടുത്തിയതിനാൽ സ്ക്കൂളിൽ നടക്കുന്നതിന്റെ റണ്ണിംഗ് കമന്ററിയൊന്നും വീട്ടിലെത്താറില്ല.(പിള്ളമാഷ് എല്ലാ ടീച്ചേർസിന്റെ പിള്ളേരെയും ഭീഷണിപ്പെടുത്താറുണ്ട്, അദ്ദേഹത്തിന്റെ സ്വന്തമായ രണ്ട് മക്കളടക്കം)


പത്താം ക്ലാസ്സിലേക്ക് അടുത്ത കാലത്തൊന്നും പ്രമോഷൻ കിട്ടാൻ സാദ്ധ്യതയില്ലെന്ന് തോന്നിയ ഞാൻ അടുത്ത സ്റ്റാഫ്‌മീറ്റിംഗിൽ പൊട്ടിത്തെറിച്ചു,

“അടുത്ത് നടന്നെത്താവുന്ന ദൂരത്തിൽ വേറെ സ്ക്കൂൾ ഉണ്ടായിട്ടും ഞാൻ എന്റെ സ്ക്കൂളിൽതന്നെ മക്കളെ ചേർത്തത് അവരെ എനിക്ക്‌തന്നെ ബയോളജി പഠിപ്പിക്കാൻ വേണ്ടിയാണ്. അതുകൊണ്ട് മകൾ പഠിക്കുന്ന പത്താം ക്ലാസ്സിൽ എനിക്ക് തന്നെ ബയോളജി പഠിപ്പിക്കണം”

ഒടുവിൽ എന്റെ ആവശ്യം പരിഗണിച്ച് എനിക്ക് മൂത്തവൾ പഠിക്കുന്ന പത്താം തരം‘A’യിൽ പ്രവേശനം നൽകി; എങ്കിലും എട്ടാം തരം മൊത്തത്തിൽ ഞാൻ തന്നെ പഠിപ്പിക്കണം. എട്ടിലെ കുട്ടിയായി എന്റെ ഇളയ മകൾ ഉണ്ട്; അവളുടെ (8A) ക്ലാസ്ടീച്ചർ കൂടിയാണ്, അമ്മയായ ഞാൻ. ആ ക്ലാസ്സിൽ ആ അദ്ധ്യയനവർഷം ആദ്യമായി ചൂരൽ പ്രയോഗിച്ചത് എന്റെ മകളെ അടിച്ചുകൊണ്ടായിരുന്നു. അന്നത്തെ ആ സുവർണ്ണകാലത്ത് അടികൊള്ളാത്തവരായി ചുരുക്കം ചില വിദ്യാർത്ഥികൾ മാത്രമേ കാണുകയുള്ളു.


അന്ന് എട്ടാം ക്ലാസ്സിലെ ആറ് ഡിവിഷനുകൾ (A-F) പ്രവർത്തിച്ചത് ഒരു താൽക്കാലിക ഷെഡ്ഡിൽ ആയിരുന്നു. തെങ്ങോലകൾ പ്രധാന ഐറ്റം ആയ ഓലഷെഡ്ഡ് ആണെങ്കിലും ഓടിട്ട നാല് ചുമരുള്ള ക്ലാസ്സിനെക്കാൾ വളരെ സൌകര്യമുള്ളത്. അടക്കുകയും തുറക്കുകയും വേണ്ട. മുകൾ‌ഭാഗത്ത് മുളകെട്ടി ഓലമേഞ്ഞത്; അതുപോലെ ഇടത്തും വലത്തും ഓലയും മുളയും ചേർന്ന തുളയുള്ള പാർട്ടീഷൻ വാൾ. ക്ലാസ്സിന്റെ പിന്നിലൂടെയും മുന്നിലൂടെയും അകത്തു കടക്കാം. പിന്നെ വളരെ പ്രധാനപ്പെട്ട കാര്യം, എന്റെ വിദ്യാലയത്തിൽ ചോർച്ച തീരെയില്ലാത്തതും പൊട്ടാത്ത സിമന്റ് തറയുള്ളതുമായ ക്ലാസ്സ്‌മുറികൾ ഈ ഓലഷെഡ്ഡിൽ മാത്രമാണ്.

അദ്ധ്യാപകരും വിദ്യാർത്ഥികളും പോയിക്കഴിഞ്ഞാൽ മതിലും കാവൽക്കാരും ഇല്ലാത്ത സ്ക്കൂളിന്റെയും ഓലഷെഡ്ഡിന്റെയും സംരക്ഷണം മുഴുവൻ, നാട്ടുകാരും കാക്കകളും പൂച്ചകളും പട്ടികളും ചേർന്ന് ഏറ്റെടുക്കും.

ഈ ഓലഷെഡ്ഡിലുള്ള ഒരെട്ടിനെ അടുത്ത എട്ടിൽ‌നിന്ന് വേർതിരിക്കുന്നത് മുളയും ഓലയും ചേർന്ന മറയാണ്. ഒരു ക്ലാസ്സിൽ ഇരിക്കുന്നവർക്ക് അടുത്ത ക്ലാസ്സുകാരെ കാണാനാവില്ലെങ്കിലും നേരെ നിൽക്കുന്ന അദ്ധ്യാപകർക്കും സ്റ്റാന്റപ്പിൽ ആയ പിൻബെഞ്ചുകാരായ ചില വിദ്യാർത്ഥികൾക്കും തൊട്ടടുത്ത ക്ലാസ്സുകാരുമായി ആശയവിനിമയം നടത്താം.

സിനിമയിൽ അദ്ധ്യാപകനായ ഇന്നസന്റ് തൊട്ടടുത്ത ക്ലാസ്സിലെ ടീച്ചറുമായി ചേർന്ന് കേട്ടെഴുത്ത് നടത്തി ആശയവിനിമയം നടത്തിയത് പോലെ ‘ഒന്ന്’ ഇവിടെയും ആവാം;

“,,,കേൾക്കുന്നുണ്ടോ,,,?”

“,,,പറഞ്ഞോളൂ,,,”

“,,,അച്ഛനുണ്ടോ,,,?”

“,,,കിടപ്പിലാണ്,,,”

“,,,അമ്മയുണ്ടോ,,,?”

“,,,……………,,,”

എന്നാൽ ഞങ്ങളുടെ ഈ പള്ളിക്കൂടത്തിൽ ഇങ്ങനെയൊരു ഒളിഞ്ഞിരുന്ന് ആശയവിനിമയത്തിന്റെ ആവശ്യം വരാറില്ല. സർക്കാർ ഹൈസ്ക്കൂൾ ആയതിനാൽ പി.എസ്.സി. യുടെയും ട്രാൻസ്ഫറിന്റെയും അനുഗ്രഹം കിട്ടി ഇവിടെയെത്തുമ്പോൾ പലരുടേയും ഇളയകുഞ്ഞിനെ ഒന്നാം ക്ലാസ്സിൽ ചേർക്കാനായിട്ടുണ്ടാവും. അതുകൊണ്ട് പ്രേമിക്കുന്നവർ ഡൈവോഴ്സ് കാര്യം കൂടി പരിഗണിക്കേണ്ടി വരും.

,,,

എട്ടാം ക്ലാസ്സ് സ്ക്കൂളിന്റെ പ്രധാന കെട്ടിടത്തിന്റെ പിന്നിലാണെങ്കിലും നാട്ടുകാരുടെ എളുപ്പവഴി അതിന്റെ പിന്നിലൂടെയാണ്. ഏതാനും മാസങ്ങളിലെ പരിശീലനം നൽകിയപ്പോൾ വിദ്യാർത്ഥികൾ ക്ലാസ്സിൽ ശ്രദ്ധിക്കാൻ തുടങ്ങി. പഠിപ്പിക്കുന്ന ടീച്ചറുടെ കണ്ണ് ക്ലാസ്സിനു വേളിയിൽ ഫോക്കസ് ചെയ്താൽ, വിദ്യാർത്ഥികളുടെ എൺപത്തിനാല് കണ്ണുകളും ആ സ്പോട്ടിലേക്ക് നീങ്ങും എന്ന് തിരിച്ചറിഞ്ഞ ഞാൻ കുട്ടികൾ എഴുതുമ്പോൾ മാത്രം പുറത്ത് നോക്കാൻ തുടങ്ങി.

പകുതി ഓപ്പൺ‌എയർ ആയ ക്ലാസ്സിൽ അനുവാദം ചോദിക്കാതെ കടന്നുവരുന്ന ചിലരുണ്ട്. ഒന്നാം സ്ഥാനം വണ്ട്; മുളകളിൽ ദ്വാരം ഉണ്ടാക്കി ചില കരിവണ്ടുകൾ അതിനകത്തേക്ക് കയറിപ്പോവുന്നത് കാണാറുണ്ട്. ഉള്ളിൽ കടന്ന വണ്ട് എന്ത് പരിപാടിയാണ് ഒപ്പിക്കുന്നത് എന്ന് ഒരു ബയോളജി ടീച്ചറായിട്ടും എനിക്ക് ഇതുവരെ കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ല.

പിന്നെ അണ്ണാൻ, എലി, പല്ലി, പാറ്റ ആദിയായ അപൂർവ്വം ചിലരും മേൽ‌ത്തട്ടിലൂടെ കടന്നുപോകാറുണ്ട്.

ക്ലാസ്സിന്റെ മുന്നിലിരിക്കുകയും നിൽക്കുകയും ചെയ്യുന്ന ഞാൻ ഈ വക ജീവികൾ മേൽത്തട്ടിലെ ഓലകൾക്കിടയിലൂടെ പോയാലും അറിഞ്ഞ ഭാവം കാണിക്കാറില്ല. കാരണം ഞാനൊരാൾ മേലോട്ട് നോക്കിയാൽ ഉടൻ കുട്ടികളും നോക്കും. വിലയേറിയ അഞ്ച് മിനിട്ട് നഷ്ടമായിരിക്കും ഫലം.


… ഒരു വെള്ളിയാഴ്ച ഓലഷെഡ്ഡിന്റെ ഒരറ്റത്തുള്ള ‘8F’ൽ രണ്ടാമത്തെ പിരീഡ്…

… ഒരു ബയോളജി ക്ലാസ്…

… പഠിപ്പിക്കുന്നത് ഞാൻ…

ജീവശാസ്ത്ര അദ്ധ്യായങ്ങളുടെ പേജുകൾ ഓരോന്നായി മറിഞ്ഞു; അങ്ങനെ വിവിധ ജന്തുക്കളുടെ ശരീര പ്രവർത്തനങ്ങൾ പഠിക്കാൻ തുടങ്ങി; ദഹനം, ശ്വസനം, രക്തപര്യയനം, ഒക്കെ കഴിഞ്ഞ് വിസർജ്ജനത്തിൽ എത്തി.

അമീബ മുതൽ എല്ലാ ജന്തുക്കളും വിസർജ്ജനം നടത്തുന്നുണ്ടെന്നും അത് വളരെ അത്യാവശ്യമാണെന്നും വിവരിച്ച ശേഷം മനുഷ്യന്റെ വിസർജ്ജനത്തിൽ എത്തി. പ്രധാന വിസർജ്ജന അവയവമായ വൃക്കകളുടെ ഘടന യുടെ ചാർട്ട് തൂക്കി, ചിത്രം ബോർഡിൽ വരച്ചപ്പോഴാണ് ഒരുത്തന് സംശയം വന്നത്,

“ടീച്ചറെ ഇത് നമ്മുടെ കിഡ്നിയല്ലെ?”

നോക്കണേ എന്റെ ശിഷ്യന്റെ അറിവ്!

അവർക്ക് കിഡ്നി പണ്ടേ പരിചയം ഉണ്ട്; എന്നാൽ മാതൃഭാഷയിലെ വൃക്ക അറിയില്ല. അങ്ങനെ കിഡ്‌നിയുടെ-വൃക്കയുടെ, ഘടനയും പ്രവർത്തനവും വിവരിച്ചശേഷം ഞാൻ അവരോട് ബോർഡിൽ വരച്ചത് നോക്കി സ്വന്തം പുസ്തകത്തിൽ വരക്കാൻ പറഞ്ഞു. എല്ലാവരും പെൻസിൽ ചെത്തി കൂർപ്പിച്ച്, നോട്ട് പുസ്തകം തുറന്ന് വരക്കാൻ തുടങ്ങി.

പണ്ടെത്തെ അധ്യയനരീതി അതാണല്ലൊ;


കുട്ടികൾ ചിത്രംവര തുടങ്ങിയാൽ അവർക്കിടയിൽ ചുറ്റിയടിക്കുന്ന സ്വഭാവം എനിക്കുണ്ട്; ക്ലാസ്സിന്റെ പിന്നിലൂടെ നടന്ന് ഓരോരുത്തരെയും തലോടിയിട്ട് പുസ്തകത്തിലെ വര നോക്കി തെറ്റുകൾ പറഞ്ഞ്‌കൊടുത്ത് തിരുത്തിക്കും. ഇതിനിടയിൽ കുട്ടികളെ ശ്രദ്ധിക്കുന്നതോടൊപ്പം പരിസരനിരീക്ഷണം നടത്തുകയും ചെയ്യും. അങ്ങനെ നടന്ന് നാലുപാടും നിരീക്ഷിച്ച ശേഷം ക്ലാസ്സിന്റെ പിന്നിൽ‌വന്ന് മേലോട്ട് നോക്കിയപ്പോഴാണ്, ഞെട്ടിക്കുന്ന ഒരു കാഴ്ച കണ്ടത്!!!

ഒരു പാമ്പ്…

അസ്സൽ മഞ്ഞനിറത്തിലൊരു ചേര…

ക്ലാസ്സിനു മുൻ‌വശത്ത്, എന്റെ ഇരിപ്പിടത്തിന് തൊട്ടുമുകളിൽ, മേൽക്കൂരയിലൂടെ, മോന്തായത്തിലൂടെ, ഇഴഞ്ഞ് നീങ്ങുന്നു…

…ഞാനൊരു ജീവശാസ്ത്രം അദ്ധ്യാപികയല്ലെ?

…ഇങ്ങനെയെത്ര ജീവികളെ കണ്ടതാണ്!

അണ്ണാനും എലിയും പല്ലിയും മേൽക്കൂരയിൽ ഓടിക്കളിച്ചാലും അത് കുട്ടികൾ അറിയില്ല. അതുപോലെ ഈ പാമ്പും ഓലകൾക്കിടയിലൂടെ, മുളകൾക്കിടയിലൂടെ ഇഴഞ്ഞിഴഞ്ഞ് പുറത്ത് പോയിക്കൊള്ളും. താഴെവീണാൽ അവിടെയിരിപ്പുണ്ടെങ്കിൽ, ടീച്ചറുടെ തലയിലായാലും കുട്ടികളുടെ തലയിലാവില്ല. എട്ടാം ക്ലാസ്സ് ABCDE പിന്നിട്ട ശേഷം, അറ്റത്തുള്ള Fൽ എത്തിച്ചേർന്നതായിരിക്കാം. മറ്റാരും കാണാത്തത് കണ്ടുപിടിക്കുന്ന ഈ സ്വഭാവം എനിക്ക് പണ്ടേയുള്ളതാണ്.

കുട്ടികളോട് കാര്യം പറയണോ? ‘തലക്കുമുകളിൽ ഒരു പാമ്പുണ്ട്, എഴുന്നേറ്റ് പുറത്തുപോകണം’ എന്ന് പറയേണ്ടതാമസം എല്ലാവരും പേടിച്ച് ഓടും. ആ ബഹളത്തിനിടയിൽ ചിലപ്പോൾ പാമ്പ് താഴെ വീണാലോ? കുട്ടികളെ പാമ്പ് കാര്യം അറിയിക്കാതെ, അവരുടെ തലക്കുമുകളിൽ പാമ്പുണ്ടെന്ന് അറിയാതെ അവർ ചിത്രം‌വര തുടർന്നു.

എന്നാൽ എനിക്കാകെ പ്രശ്നമായി,,,

പാമ്പ് ഇഴഞ്ഞുനീങ്ങി ബോർഡിനു തൊട്ടുമുകളിൽ ഒരു വലിയ മുളയിൽ ചുറ്റിയിട്ട് ഒരേ നില്പാണ്. ഇടയ്ക്കിടെ ടീച്ചറായ എന്നെ എന്തോ സംശയം ചോദിക്കാനെന്നപോലെ നോക്കുന്നുമുണ്ട്. കുട്ടികളുടെ തലയിൽ വീഴാനിടയില്ലെങ്കിലും അങ്ങനെയൊരു പാമ്പ് അവിടെ കിടക്കുമ്പോൾ ക്ലാസ്സിന് മുന്നിൽ ബോർഡിനു സമീപം ഞാനെങ്ങനെ പോകും? പാമ്പ് ഇഴഞ്ഞുനീങ്ങി ഓലമറയിലൂടെ താഴോട്ടിറങ്ങി പോയാൽ പ്രശ്നം തീരും. എന്നാൽ ഇവിടെ ഇഴഞ്ഞു നീങ്ങുന്നത് പാമ്പിനുപകരം സമയമാണ്.


ശിഷ്യന്മാർ ഓരോരുത്തരായി ചിത്രം വരച്ചുകഴിഞ്ഞ് വിളിച്ചുപറയാൻ തുടങ്ങി,

“ടീച്ചറെ നമ്മള് വരച്ച് കഴിഞ്ഞു”

“എല്ലാവരും വരച്ചു തീരട്ടെ”

ക്ലാസ്സിന്റെ പിന്നിൽ‌നിന്നും പാമ്പിന്റെ ചലനം നിരീക്ഷിച്ചുകൊണ്ട് ഞാൻ പറഞ്ഞു.

വിദ്യാർത്ഥികൾ എന്നെയോ പാമ്പിനെയോ കാണുന്നില്ലെങ്കിലും അവർക്ക് പിന്നിൽ നിന്ന്‌കൊണ്ട് ഞാൻ പാമ്പിനെത്തന്നെ നോക്കുകയാണ്. മുന്നിൽ ബോർഡിനു സമീപം പോകാനുള്ളധൈര്യം എന്നിൽ‌നിന്നും ചോർന്നുപോയി.

,,,

പെട്ടെന്ന്…വളരെ പെട്ടെന്ന്,,,

അത് സംഭവിച്ചു,,,

ക്ലാസ്സിനു മുന്നിൽ ബോർഡിനുസമീപം,,,

പാമ്പ് മൂത്രമൊഴിക്കുന്നു,,,ഒരു പെരുമഴപോലെ,,,

തുറന്ന ക്ലാസ്സിൽ അദ്ധ്യാപികയും 42വിദ്യാർത്ഥികളും നോക്കിനിൽക്കെ,,, ഒരു പാമ്പ്, ഒന്നും രണ്ടും കാര്യങ്ങൾ ഭംഗിയായി നിർവ്വഹിച്ചിരിക്കുന്നു… ഒപ്പം ദുർഗന്ധവും.

അനുവാദത്തിനു കാത്തുനിൽക്കാതെ നാൽ‌പ്പത്തിരണ്ട് വിദ്യാർത്ഥികളും വെളിയിലേക്കോടിയിട്ടും ഞാൻ ക്ലാസ്സിന്റെ പിന്നിൽ നിന്നുകൊണ്ട് ഈ അപൂർവ്വ ദൃശ്യം വീക്ഷിക്കുകയാണ്.

അങ്ങനെ അന്തം‌വിട്ട് നോക്കിനിൽക്കുന്ന എന്റെ സമീപം, അടുത്ത ക്ലാസ്സിൽ പഠിപ്പിച്ചുകൊണ്ടിരിക്കുന്ന പിള്ളമാസ്റ്റർ വന്ന് ചോദിച്ചു,

“ടീച്ചറേ എന്ത് പറ്റീ?”

“അത് ടീച്ചർ വിസർജ്ജനം പഠിപ്പിക്കുമ്പോൾ പാമ്പ് വിസർജ്ജനം നടത്തിയതാ”

ഞാൻ പറയുന്നതിനു പകരം ശിഷ്യന്മാർ എല്ലാവരും‌ചേർന്ന് ഒന്നിച്ച് മറുപടി നൽകി.


കുട്ടികളുടെ ദേഹത്ത് മൂത്രാഭിഷേകം നടന്നില്ലെങ്കിലും അവരെല്ലാം റ്റോയ്‌ലറ്റിലും കിണറ്റിൻ‌കരയിലും ദേഹശുദ്ധി വരുത്താൻ പോയി. അവർ അറിയിച്ചതനുസരിച്ച് ക്ലാസ് വൃത്തിയാക്കാനായി നമ്മുടെ പ്യൂൺ കുട്ടിയമ്മ സ്വന്തം ചൂലുമായി പ്രവേശനം ചെയ്തപ്പോൾ, സഹായിക്കാൻ ഏതാനും ശിഷ്യന്മാർ ബക്കെറ്റുമെടുത്ത് പൂഴിവാരാൻ തയ്യാറായി.

ഇത്രയൊക്കെ പൊടിപൂരം നടന്നപ്പോൾ രണ്ട് അത്ഭുതങ്ങൾ നടന്നത് ഞാൻ ശ്രദ്ധിച്ചു,

ഒന്ന്, മറ്റു ക്ലാസ്സുകളിലെ വിദ്യാർത്ഥികൾ ആരും പുറത്തിറങ്ങിയില്ല. (അങ്ങനെയൊരു അച്ചടക്കം വളർത്തിയിരുന്നു)

രണ്ട്, അനുവാദമില്ലാതെ ക്ലാസ്സിൽകയറി ഒന്നും രണ്ടും നടത്തിയ പാമ്പ് എവിടെയോ പോയി ഒളിച്ചു.


പതിനൊന്നര, ഇന്റർ‌വെൽ മണിയടിച്ചു; ഞാൻ ക്ലാസ്സിൽ നിന്നും സ്റ്റാഫ്‌റൂമിൽ എത്തി. എന്നെ കണ്ട ഉടനെ പിള്ള മാസ്റ്റർ എല്ലാവരും കേൾക്കെ വിളിച്ച്‌പറഞ്ഞു,

“അദ്ധ്യാപകരെ പേടിച്ച് ചില കുട്ടികൾ ക്ലാസ്സിൽ മൂത്രമൊഴിക്കാറുണ്ട്; ഇവിടെ പഠിപ്പിക്കുന്നത് ബയോളജി ടീച്ചറാണെന്നറിഞ്ഞപ്പോൾ, ക്ലാസ്സിൽ കയ്യറിവന്ന ഒരു പാവം‌പാമ്പ്‌, പേടിച്ച് മൂത്രമൊഴിച്ചുപോയി”

26 comments:

  1. അയ്യോ ടീച്ചര്‍ ഒരു ഫയങ്കരി തന്നെ! പാമ്പിനെ പോലും വെറുതെ വിടില്ല അല്ലെ? ഞാനോടി...
    കൊള്ളാം കേട്ടോ...

    ReplyDelete
  2. മിനി ടീച്ചറേ, നല്ല പോസ്റ്റ്‌.

    മറ്റു പല ബ്ലോഗും എന്നപോലെ ടീച്ചറുടെ ബ്ലോഗും ഞാന്‍ ഗൂഗിള്‍ റീഡറില്‍ സബ്സ്ക്രൈബ് ചെയ്താണ് വായിക്കുന്നത്. ഇവിടെ പോസ്റ്റ്‌ ഇട്ടാല്‍ ഉടനെ തന്നെ ഗൂഗിള്‍ രീടരിലൂടെ എനിക്ക് കിട്ടും. എന്നെപ്പോലെ 47 followers ടീച്ചര്‍ക്ക്‌ റീഡറില്‍ ഉണ്ട്.

    പക്ഷേ ഈയിടെയായി ഒരു പ്രോബ്ലം, ടീച്ചറുടെ പോസ്റ്റിന്റെ contents കാണിക്കുന്നതിന് പകരം എന്തോ ടെമ്പ്ലേറ്റ് definitions ആണ് കാണിക്കുന്നത്. കഴിഞ്ഞ ജനുവരി മുതലാണ്‌ ഈ ഇഷ്യൂ എന്നാണ് എനിക്ക് തോന്നുന്നത്.

    സമയം കിട്ടുമ്പോള്‍ ഒന്ന് നോക്കുമോ ഈ ബ്ലോഗ്ഗിന്റെ ടെമ്പ്ലേറ്റ് എന്തേലും പ്രോബ്ലം ഉണ്ടോ എന്ന്?

    ReplyDelete
  3. “അദ്ധ്യാപകരെ പേടിച്ച് ചില കുട്ടികൾ ക്ലാസ്സിൽ മൂത്രമൊഴിക്കാറുണ്ട്; ഇവിടെ പഠിപ്പിക്കുന്നത് ബയോളജി ടീച്ചറാണെന്നറിഞ്ഞപ്പോൾ, ക്ലാസ്സിൽ കയ്യറിവന്ന ഒരു പാവം‌പാമ്പ്‌, പേടിച്ച് മൂത്രമൊഴിച്ചുപോയി”

    ടീച്ചറെ കൊള്ളാം..! നന്നായി പറഞ്ഞിരിക്കുന്നു.

    ReplyDelete
  4. പിള്ള മാസ്റ്റര്‍ കലക്കി.

    ReplyDelete
  5. വഷളൻ|vashalan-,
    Siva/കുമാർ-,
    A.FAISAL-,
    കുമാരൻ|kumaran-,
    Naushu-,
    അഭിപ്രായം എഴുതിയതിനു നന്ദി. ഒപ്പം ഹർത്താൽ ആശംസകൾ.
    Siva/കുമാർ പറഞ്ഞത്‌പോലെ എന്തോ പ്രശ്നം ഉള്ളതായി എനിക്ക് തോന്നിയിട്ടുണ്ട്. പോസ്റ്റ് കണ്ടന്റ് എഴുതി പബ്ലിഷ് ചെയ്യാൻ ക്ലിക്ക് ചെയ്താൽ അത് സെയ്‌വ് ആകാതെ html code എറർ കാണിക്കാറുണ്ട്. അത് stop showing error ക്ലിക്ക് ചെയ്താൽ മാത്രമേ പബ്ലിഷ് ആകാറുള്ളു. അത് റിപ്പെയർ ചെയ്യാൻ ശ്രമിച്ചാൽ ആകെ കുഴപ്പമാകുമോ എന്ന് പേടിച്ച് ഒന്നും ചെയ്യാത്തതാണ്. ഒന്ന് ശ്രമിച്ചു നോക്കട്ടെ, നന്ദി.

    ReplyDelete
  6. അപ്പൊ പോസ്റ്റിലെ പടമോ? പാമ്പിനു ലൂസ് മോഷന്‍ വരുത്തുന്ന താങ്കളുടെ ക്ലാസ്സേടുപ്പിനു നമോവാകം!

    ReplyDelete
  7. വായിച്ചു കുറെ ചിരിച്ചു ടീച്ചറെ. ഒരു പുസ്തകമാക്കേണ്ടതാ ഇതൊക്കെ.

    ReplyDelete
  8. അങ്ങാടിയി തോറ്റതിന് അമ്മയോട് എന്ന പോലെ സീനിയർ ടീച്ചർ ക്ലാസ്സിൽ കയറ്റാഞ്ഞതിന് എന്തിനു വെറുതെ പാമ്പിനെ പേപ്പിടി കാട്ടി.
    ശരിയായ അഒരു നിരീക്ഷണമാണ് നടത്തിയത്. പത്താം ക്ലാസ്സ് എന്നത് സീനിയോറിട്ടി നോക്കി നിശ്ചയിക്കുന്ന ഒരു കാലമുണ്ടായിരുന്നു. പക്ഷെ ഇപ്പോ പാഠ്യപദ്ധതി മാറിയതോടെ മൂത്ത് വേരിറങ്ങിയ പലരും താഴേയ്ക്കിറങ്ങാൻ തുടങ്ങിയിട്ടുണ്ട്.

    എഴുത്തിൽ ഇത്തിരി നീളം കൂടി. അത് രസച്ചരട് ഒന്ന് അയഞ്ഞുപോകാൻ കാരണമായി.

    ReplyDelete
  9. ടീച്ചർക്ക് ഭയങ്കര ധൈര്യമാണല്ലോ.
    ചേരയായാലും അതൊരു പാമ്പല്ലേ?
    ഞാനായിരുന്നെങ്കിൽ ....... ഒന്നും രണ്ടും പാമ്പാവില്ല പറ്റിയ്ക്കുന്നത്.

    ReplyDelete
  10. ടീച്ചറെ, ഞാന്‍ തര്‍ക്കിക്കുകയല്ല, പക്ഷെ പാമ്പ് മുള്ളുമോ... അത് പല്ലിയുടെ പോലെ, വെളുത്ത ഖരാവസ്ഥയില്‍ യൂറിക് ആസിഡ് അല്ലെ പുറന്തള്ളുക... ഒന്ന് ഗൂഗിള്‍ ചെയ്തു നോക്കിയപ്പോഴും അത് തന്നെയാ കിട്ടിയത്... എന്നെ തല്ലരുത്, പഴയ ബയോളജി പാഠങ്ങള്‍ മറന്നത് ആണെങ്കില്‍...

    ReplyDelete
  11. കമന്റൊക്കെ എവിടെയോ പോയൊളിച്ചിരിക്കയാ, എല്ലാവർക്കും നന്ദി. ഇത് പാമ്പ് ഒന്നും രണ്ടും ഒന്നിച്ച് നടത്തിയതായിരിക്കാം. ശരിക്കും ലൂസ് മോഷൻ.

    ReplyDelete
  12. പാമ്പിനു വൃക്കയുണ്ടോ?..
    ആ സംശയം തീർക്കാൻ വന്ന പാമ്പാവും..
    പടം കണ്ട് സ്വന്തം വൃക്കയുടെ പടം എന്നു കരുതി പേടിച്ചു..ഒന്നും രണ്ടും..

    ReplyDelete
  13. ശരിക്കും ഒരു സ്കൂളിന്റെ അന്തരീക്ഷത്തിലൂടെ കടന്നുപോയി പിന്നെ ചിരിപ്പിച്ചു....
    നല്ല അവതരണത്തിന് അഭിനന്ദനങ്ങള്‍...

    ReplyDelete
  14. ഇന്ത്യ ആയത് നന്നായി! ചൈനയിലോ മറ്റോ ആയിരുന്നേല്‍ പാമ്പിന്റെ വൃക്ക യടക്കം ഫ്രൈ ആക്കി കുട്ടികള്‍ക്ക് കൊടുത്തേനെ

    ReplyDelete
  15. ടീച്ചറേ പിള്ളമാഷും പാമ്പും തന്നെ താരം.

    ReplyDelete
  16. "പ്രേമിക്കുന്നവർ ഡൈവോഴ്സ് കാര്യം കൂടി പരിഗണിക്കേണ്ടി വരും"

    റ്റീച്ചറുടെ പ്രയേഗങ്ങളിൽ ഇഷടപ്പെട്ട ഒന്ന്...

    നല്ല രസത്തോടെ വായിച്ചു..ആശംസകൾ

    ReplyDelete
  17. മിനി ടീച്ചറെ...

    ഒരു സ്‌കൂള്‍ അന്തരീക്ഷം സൃഷ്ടിക്കാന്‍ ടീച്ചറിന്റെ പോസ്‌റ്റിനു സാധിച്ചു..സീനിയോറിറ്റി പ്രശ്‌നവും പാമ്പു വിഷയവും ചര്‍ച്ച ചെയ്തതില്‍ പാമ്പു വിഷയമാണു കൂടുതല്‍ രസിച്ചത്..
    തെല്ലു പേടിയോടെയാണു വായിച്ചു തീര്‍ത്തതും..

    സുരക്ഷിതത്വം കുറഞ്ഞ സാഹചര്യത്തിലാണല്ലോ നമ്മുടെ കുഞ്ഞുങ്ങള്‍ പഠിച്ചിരുന്നത് എന്ന വസ്‌തുത തിരിച്ചറിയാനും ഈ പോസ്‌റ്റ് സഹായകമായി..

    രു ബയോളജി ടീച്ചറുടെ ആത്മ നൊമ്പരങ്ങള്‍ അറിയാനും സാധിച്ചു..
    മനോഹരമായ പോസ്‌റ്റൊരുക്കിയ ടീച്ചര്ക്ക് അഭിനന്ദനങ്ങള്‍..

    joms
    4 Maths Blog Team

    ReplyDelete
  18. poor-me/പാവം-ഞാന്-,
    അയ്യോ പാവമേ, അത് സ്ക്കൂളില്ലാത്ത ഒരു ഞായറാഴ്ച കരാട്ടെ ക്ലാസ്സിൽ കയറി വന്ന വേറൊരു പാമ്പാണ്. പേടിച്ചോടുമ്പോൾ ക്ലിക്കിയതാ; അഭിപ്രായം എഴുതിയതിനു നന്ദി.
    ബിജുകുമാര് ആലക്കോട്-,
    അത് ശരിയാണെന്ന് എനിക്കും തോന്നാറുണ്ട്. എന്നാൽ അച്ചടിമഷി എന്നിൽനിന്നും അകലെയാണ്.അഭിപ്രായം എഴുതിയതിനു നന്ദി.
    എന്.ബി.സുരേഷ്-,
    ‘സീനിയോറിറ്റി തലക്കനം’ കാരണം സ്ക്കൂൾ നശിച്ചുപോകും എന്ന അവസ്ഥപോലും ഉണ്ടായിട്ടുണ്ട്. ചിലർ കുട്ടികൾക്കായി കൂടുതൽ ഒന്നും ചെയ്യില്ല, ജൂനിയർ മാരെ ചെയ്യാനൊട്ട് അനുവദിക്കുകയും ഇല്ല. ഒരു ദിവസത്തെ സീനിയോറിറ്റി കാരണം ഒരിക്കൽ എന്റെ ക്ലാസ് ചാർജ്ജ് മാറ്റിയിട്ടുണ്ട്. അഭിപ്രായം എഴുതിയതിനു നന്ദി.
    Echmukutty-,
    എച്ചുമു, അതൊരു കഥയാ; പണ്ട് തോട്ടിൻ‌കരയിലെ വീട്ടിൽ താമസിക്കുമ്പോൾ മഴ പെയ്താൽ നീർക്കോലികൾ മുറ്റത്തും വരാന്തയിലും കയറിവരും. അപ്പൊഴെ നമ്മള് ഫ്രന്റ്സാ. അഭിപ്രായം എഴുതിയതിനു നന്ദി.
    ബിജിത് :|: Bijith-,
    താങ്കൾ പറഞ്ഞത് ശരിയാണ്. പറശ്ശിനിക്കടവ് സ്നെയിക്ക് പാർക്കിൽ പോയപ്പോഴൊക്കെ നേരിട്ട് കണ്ടതാ. ഇത് ഒന്നും രണ്ടും ഒന്നിച്ച് നടന്നപ്പോൾ ലൂസ് മോഷൻ സംഭവിച്ചതാവാം. അഭിപ്രായം എഴുതിയതിനു നന്ദി.
    Sabu M H-,
    മനുഷ്യന്റെതു പോലെങ്കിലും അതിനും കിഡ്നി ഉണ്ട്.
    ഇപ്പോൾ എനിക്കും സംശയമായി. അഭിപ്രായം എഴുതിയതിനു നന്ദി.
    ഏ.ആര്. നജീം-,
    ഒറിജിനൽ സ്ഥലത്തെ സംഭവങ്ങളായതിനാൽ ഓർമ്മിച്ച് എഴുതാൻ എളുപ്പത്തിൽ കഴിയും. അഭിപ്രായം എഴുതിയതിനു നന്ദി.
    ഇസ്മായില് കുറുമ്പടി ( തണല്)-,
    അത് ശരിയാണല്ലൊ; അവിടത്തെ സംഗീതം ടീച്ചർ ഹോംസയൻസ് ഡിഗ്രികൂടി ഉള്ളവരാ. പിടിച്ചുകൊടുത്താൽ പിറ്റേദിവസം ഫ്രൈആക്കി ലഞ്ച് ബോക്സിൽ കൊണ്ടുവന്ന് ഉച്ചക്ക് എല്ലാവർക്കും തരും. അഭിപ്രായം എഴുതിയതിനു നന്ദി.
    Manoraj-,
    പിള്ളമാസ്റ്റർ റിട്ടയർ ചെയ്ത അന്ന് വൈകുന്നേരം ഫേമലിസഹിതം സ്വന്തം നാടായ തിരുവനന്തപുരത്ത് പോയതാ. പിന്നെ ഒരു കമ്മ്യൂണിക്കേഷനും ഇല്ല. കുറിക്ക്കൊള്ളുന്നകോമഡികൾ പറയാനുള്ള അപാരമായ കഴിവ് അദ്ദേഹത്തിനുണ്ട്. അദ്ദേഹം ഈ പോസ്റ്റ് വായിക്കാൻ സാദ്ധ്യതയില്ലെങ്കിലും അദ്ദേഹത്തിന്റെ മക്കളായ, ആ കാലഘട്ടത്തിലുള്ള എന്റെ വിദ്യാർത്ഥിനികൾ ചിലപ്പോൾ വായിച്ചേക്കാം. അഭിപ്രായം എഴുതിയതിനു നന്ദി.
    ManzoorAluvila-,
    പോസ്റ്റിൽ പറയാത്ത ഒരു കാര്യം കൂടിയുണ്ട്. ഡൈവോഴ്സ് ഒഴിവാക്കാനായി പ്രേമത്തിനു പാരവെക്കുന്ന എന്നെപ്പോലുള്ള ചിലർ അവിടെയുണ്ട്. അഭിപ്രായം എഴുതിയതിനു നന്ദി.
    Maths Blog Team-,
    കഴിഞ്ഞ തലമുറയിലെ വിദ്യാലയ അന്തരീക്ഷം വായിച്ചതിന് നന്ദി. അന്നത്തെ കെട്ടിടങ്ങൾ? ഒരിക്കൽ ഒരു സ്ക്കൂളിൽ എസ്.എസ്.എൽ.സി പരീക്ഷാസമയത്ത് മഴ പെയ്തപ്പോൾ കെമിസ്ട്രിയുടെ ഉത്തരക്കടലാസും എടുത്ത് കുട്ടികൾ നനയാത്ത സ്ഥലം തേടി ഓടേണ്ട അവസ്ഥ വന്നിട്ടുണ്ട്. അന്ന് പാമ്പ് കയറിവന്ന ആ ഓലഷെഡ് പൊളിച്ചുമാറ്റിയ സ്ഥലത്ത് മൂന്ന് നിലകളിൽ വലിയ ഹയർ‌സെക്കന്ററി കോപ്ലക്സ് പണിതിരിക്കയാ. അഭിപ്രായം എഴുതിയതിനു നന്ദി.

    ReplyDelete
  19. മിനിടീച്ചറേ....

    ആ പഴയകാല ക്ലാസ്മുറിയിലേക്ക് കൂട്ടകൊണ്ടൂ പോയതിന് നന്ദി.

    പാമ്പ് മുള്ളുന്നതിമനെ പറ്റി ആദ്യമായാണ് ചിന്തിക്കുന്നത്... കൊള്ളാം അവനൊരു കേമന്‍ തന്നെ അതും ഒരു ബയോളജിടീച്ചറിന്റെ മുന്നില്‍ .. ഫയങ്കരാ......

    ഈ റിട്ടയര്‍ മെന്റ് ജീവിതത്തിലും ഈ കമ്പ്യൂട്ടറിന്റെ മുന്നിലിറുന്ന് ഈ അനുഭവങ്ങള്‍ പങ്കുവയ്കാന് ടീച്ചര്‍ കാണ്ക്കുന്ന ആര്‍ജവം എന്നെ പലപ്പോഴും അത്ഭുതപ്പെടുത്തിയ്ട്ടുണ്ട്... നമിച്ചു പോകുന്ന ടീച്ചറേ.....
    എന്നെ പ്പോലെയുള്ള തൈ സാറുമ്മാരേക്കാള്‍ എത്രയോ ഉയര്‍ന്ന ഊര്‍ജ തലത്തിലാണ് ടീച്ചര്‍ എന്ന് തോന്നപ്പോകുന്നു...
    3 വര്‍ഷത്ത സര്‍വീസ് പൂര്‍ത്തിയാക്കി 1 വര്‍ഷത്തേക്ക് ഒന്ന് ലീവെടുത്തപ്പോള്‍ ഞാന്‍ അനുഭവിക്കുന്ന വീര്‍പ്പുമുട്ടല്‍ എത്ര വലുതാണന്ന് എനിക്കേ അറിയൂ... ആ വീര്‍പ്പുമുട്ടലില്‍ നിന്നാണ് http://schooldinangal.blogspot.com/ ഈ ബ്ലോഗ് ജനിച്ചത്....
    അപ്പോള്‍ ടീച്ചറിന്റെ അവസ്ഥ എന്തായിരിക്കമെന്ന് ഊഹിക്കാവുന്നതേയുള്ളു...
    അനുഭവങ്ങള്‍ ധാരാളം ഉണ്ടാകുമല്ലോ... ഇനിയും പങ്കുവയ്ക്കുക... ഞങ്ങള്‍ക്കും അതൊരു പാഠമാകട്ടെ...
    എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍.....

    ReplyDelete
  20. നമസ്കാരം ടീച്ചര്‍ , ഇപ്പോഴാണ് ഇവിടെ എത്തപ്പെട്ടത് പോസ്റ്റ് നന്നായിട്ടുണ്ട്. അഭിനന്ദനങ്ങള്‍ . ഞാന്‍ ബ്ലോറ്റില്‍ തലക്കെട്ടിനു താഴെ ഈ പോസ്റ്റിന്റെ ഒരു ലിങ്ക് കൊടുത്തിട്ടുണ്ട് . ആശംസകളോടെ

    ReplyDelete
  21. ടീച്ചറേ... പതിവുപോലെ ഈ ‘കുട്ടി’ വളരെ വൈകി ക്ലാസ്സില്‍ എത്തി. :-)

    'എട്ടിലെ കുട്ടിയായി എന്റെ ഇളയ മകൾ ഉണ്ട്; അവളുടെ (8A) ക്ലാസ്ടീച്ചർ കൂടിയാണ്, അമ്മയായ ഞാൻ. ആ ക്ലാസ്സിൽ ആ അദ്ധ്യയനവർഷം ആദ്യമായി ചൂരൽ പ്രയോഗിച്ചത് എന്റെ മകളെ അടിച്ചുകൊണ്ടായിരുന്നു.'

    അപ്പോള്‍ ഇതായിരുന്നു ടീച്ചര്‍ മുന്‍പ് മറ്റൊരു പോസ്റ്റിലെ കമന്റില്‍ പറഞ്ഞത്, അല്ലേ?

    സര്‍വീസില്‍ കയറിയതു മുതല്‍ റിട്ടയര്‍ ചെയ്യുന്നതു വരെ ഒന്നാം ക്ലാസ്സിലെ സ്ഥിരം ക്ലാസ് ടീച്ചറായിരുന്നിട്ടും കുരുത്തക്കേട് ഒട്ടും ഇല്ലാത്ത മകന്‍ ഒന്നാം ക്ലാസ്സില്‍ വന്ന കൊല്ലം അവനെ ‘പേടിച്ച്’ മറ്റൊരു ക്ലാസ്സിലേക്ക് ‘പലായനം’ ചെയ്ത അമ്മയെ ഓര്‍ത്തുപോയി.

    ചുമ്മാതല്ല പാവം പാമ്പ് ‘രണ്ടും’ ഒന്നിച്ചു നടത്തിയത്... ടീച്ചറെ പേടിച്ചുതന്നെയാ...! ടീച്ചറുടെ ചൂരല്‍ പ്രയോഗം കണ്ടിട്ടുണ്ടാവും കക്ഷി...!

    ReplyDelete
  22. "പാമ്പ് ഇഴഞ്ഞുനീങ്ങി ബോർഡിനു തൊട്ടുമുകളിൽ ഒരു വലിയ മുളയിൽ ചുറ്റിയിട്ട് ഒരേ നില്പാണ്. ഇടയ്ക്കിടെ ടീച്ചറായ എന്നെ എന്തോ സംശയം ചോദിക്കാനെന്നപോലെ നോക്കുന്നുമുണ്ട്. ........... എന്നാൽ ഇവിടെ ഇഴഞ്ഞു നീങ്ങുന്നത് പാമ്പിനുപകരം സമയമാണ്".

    ഈ ഭാഗം കലക്കി ടീച്ചറെ...എന്നാലും ഈ പാമ്പിന്റെ
    പരാക്രമം ആദ്യമായി കേള്ക്കുക ആണ്..ബിജിതിനെ പോലെ എന്റെ മനസ്സിലും ഒരു സംശയം ഇങ്ങനെ നില്ക്കുന്നു.എന്തായാലും എഴുത്ത് രസിച്ചു..

    ReplyDelete
  23. കമന്റുകളുടെ മറുപടിയില്‍ ടീച്ചര്‍ മറ്റൊരു പാമ്പിന്റെ ചിത്രത്തെ പറ്റി പറഞ്ഞു.പക്ഷെ ഞാന്‍ കാണുന്നത് തുമ്പികളുടെ ചിത്രമാണല്ലോ?. പുതിയ മൂത്ര പോസ്റ്റിലൂടെയാ ഇവിടെയെത്തിയത്. വായിക്കാന്‍ അവസരമൊത്തതില്‍ സന്തോഷിക്കുന്നു. എന്നാലും ബയോളജി പഠിപ്പിക്കേണ്ടി വരുന്ന വനിതാ ടീച്ചര്‍മാരെ സമ്മതിക്കണം, അതും ഇന്നത്തെ സാഹചര്യങ്ങളില്‍ (?)

    ReplyDelete
  24. ടീച്ചറെ, പാമ്പ് മൂത്രം ഒഴിക്കുമോ? വളരെ നല്ല എഴുത്ത്, അത് വായിച്ചപ്പോൾ ഞാനും എന്റെ സ്കൂൾ ജീവിതത്തിലേക്ക് തിരിച്ചു പോയി. ഇനിയും എഴുതുക.

    ReplyDelete

എന്റെ മനസ്സിലെ ഈ കൊച്ചു മിനിലോകത്തിലേക്ക് എല്ലാവര്‍ക്കും സ്വാഗതം.