അച്ഛന്റെ കൈപിടിച്ചുകൊണ്ട് സ്ക്കൂളിന്റെ പടികൾ ആദ്യമായി കയറി, അകത്ത് പ്രവേശിച്ചപ്പോൾ വിശാലമായ ലോകംകണ്ട് ഞാനൊന്ന് ഞെട്ടി.
ആ ഞട്ടലിനിടയിൽ ഒരിക്കൽപോലും ഞാൻ ‘ഒരു കാര്യം’ ചിന്തിച്ചിരിക്കാനിടയില്ല;
… എന്താണെന്നോ?
*** ‘ഒന്നാം തരം മുതൽ 5 കൊല്ലം അവിടെ പഠിച്ച് ജയിച്ച ഞാൻ; വർഷങ്ങൾക്ക്ശേഷം ഒരു അദ്ധ്യാപികയായി രൂപാന്തരം പ്രാപിച്ച് അതേ സ്ക്കൂളിൽ 5 വർഷം പഠിപ്പിക്കും, എന്ന മഹത്തായ കാര്യം’.
അതെ, അന്ന് ആദ്യമായി അകത്ത് പ്രവേശിച്ചത്, ഞാൻ ആദ്യമായി പഠിച്ചതും പഠിപ്പിച്ചതുമായ വിദ്യാലയത്തിലാണ്.
ധാരാളം കുട്ടികളെയും മുതിർന്നവരെയും ഒന്നിച്ച് കണ്ടപ്പോൾ വീട്ടിൽനിന്നും പുറത്തിറങ്ങി അടുത്ത വീട്ടിൽപോലും ഒറ്റയ്ക്ക് പോകാൻ സ്വാതന്ത്ര്യം നിഷേധിച്ച, വീട്ടിലെ മുതിർന്നവർക്കിടയിൽ ഒരേയൊരു കുട്ടിയായ എനിക്ക്, എൽ.പി സ്ക്കൂൾ ഒരു വലിയ ലോകമായി തോന്നിയതിൽ ആശ്ചര്യമില്ല.
ഒന്നാം ക്ലാസ്സിൽ ചേർന്ന ആദ്യദിവസം സ്ക്കൂളിന്റെ അകത്ത് കടന്ന ഞാൻ, അച്ഛനെ മുറുകെപിടിച്ച് ചുറ്റുപാടും നോക്കാൻ തുടങ്ങി. എത്രയെത്ര ആളുകളാണ്? എവിടെ നോക്കിയാലും കുട്ടികൾ ഓടിക്കളിക്കുന്നു. പരിചയക്കാരായ അദ്ധ്യാപകരെ പ്രത്യേകം പ്രത്യേകമായി കണ്ടെത്തിയ അച്ഛൻ, മകളെ അവർക്ക് പരിചയപ്പെടുത്തി. സ്ക്കൂളിന്റെ ആപ്പീസുമുറിയിൽ കടന്നപ്പോൾ മുന്നിലുള്ള അദ്ധ്യാപകന്റെ കാലുതൊട്ട് വന്ദിക്കാൻ എന്നോട് പറഞ്ഞു,
നീളൻ ജുബ്ബയിട്ട ആ അദ്ധ്യാപകനെ തലയുയർത്തി നോക്കിയശേഷം കുനിഞ്ഞ് കാല് പിടിക്കുന്ന എന്നെ പിടിച്ചുയർത്തി, അദ്ധ്യാപകൻ അനുഗ്രഹിച്ചു. ആ വലിയ മനുഷ്യന്റെ കരംഗ്രഹിച്ച് അച്ഛൻ എന്നോട് പറഞ്ഞു,
“ഇതാണ് നിന്റെ ഹെഡ്മാസ്റ്റർ കുമാരൻ മാഷ്”
ഞാൻ അച്ഛന്റെ പിന്നിലൊളിച്ച് പേടിയോടെ ആ മനുഷ്യനെ എത്തിനോക്കി.
പിന്നീട് ഞങ്ങൾ മറ്റുള്ള അദ്ധ്യാപകർ ഓരോരുത്തരെയും പരിചയപ്പെട്ടു; ഓരോ പരിചയപ്പെടലിന്റെ നേരത്തും അവരുടെ കാൽ തൊട്ട് വന്ദിച്ചു; കോരൻ മാഷ്, അപ്പനു മാഷ്, കറുവൻ മാഷ് അങ്ങനെ പോയി ഒടുവിൽ ഒന്നാംതരത്തിലെത്തി അവിടെയുള്ള രോഹിണിടീച്ചറെയും വണങ്ങി. ടീച്ചർ എന്നെ മടിയിൽ പിടിച്ചിരുത്തി ഒരു വിശേഷപ്പെട്ട സാധനം തന്നു,,,
ഒരു ചോക്ക് കഷ്ണം.
. അത് ഒരു തുടക്കം ആയിരിക്കാം,,,
*** വർഷങ്ങൾക്ൿശേഷം ഒരു അദ്ധ്യാപികയായി അവിടെ വന്നപ്പോൾ ഒന്നാം തരത്തിൽ എന്നെ പഠിപ്പിച്ച അതേ രോഹിണിടീച്ചർ എന്റെ സഹപ്രവർത്തകയായി അതേ ഒന്നാം തരത്തിൽതന്നെ അപ്പോഴും ഉണ്ടായിരുന്നു.
*** അദ്ധ്യാപകരിൽ അപ്പനു മാഷിന്റെ റജിസ്റ്ററിലെ പേര് മറ്റൊന്നായിരുന്ന് എന്ന് മനസ്സിലാക്കിയത് അദ്ധ്യാപിക ആയി മാറിയശേഷം പഴയ രജിസ്റ്റർ പരിശോധിച്ചപ്പോഴാണ്.
*** കറുവൻ മാസ്റ്ററുടെ മരുമകളാണ് രോഹിണി ടീച്ചർ. സ്വാതന്ത്ര്യസമര സേനാനിയായ അവിവാഹിതനായ കറുവൻ മാസ്റ്ററുടെ ബന്ധുക്കളിൽ രോഹിണി ടീച്ചറടക്കം പലരും അവിവാഹിതരാണ്.
*** ഏറ്റവും ഒടുവിൽ രോഹിണിടീച്ചറടക്കം എന്റെ പ്രൈമറി അദ്ധ്യാപകരെല്ലാം പല കാലങ്ങളിലായി ചരമം പ്രാപിച്ചു.
… ഇവിടെ എന്റെ വിദ്യാലയ ദിനങ്ങൾ ആരംഭിക്കുകയായി.
…
പിറ്റേന്ന്,
രാവിലെയമ്മ കുളിപ്പിച്ച്,
പുത്തനുടുപ്പുകളിടുവിച്ച്,
പുസ്തകസഞ്ചിയെടുപ്പിച്ച്,
ഉമ്മകളൊന്നും നൽകാതെ,
പുറത്തിറങ്ങി. (കുട്ടികളെ ഉമ്മവെക്കുന്ന സ്വഭാവം എന്റെ വീട്ടുകാർക്കില്ല)
ഞാൻ പുറപ്പെടുന്നതിനു വളരെ മുൻപെ അയൽപക്കത്തെ കുട്ടികൾ വീട്ടിലെത്തിയിരുന്നു. എന്നെ അവരുടെ കൂടെ വിടുമ്പോൾ ഉപദേശനിർദ്ദേശങ്ങൾ പെരുമഴയായി അമ്മയിൽ നിന്നും വീട്ടിലെ മറ്റുള്ളവരിൽ നിന്നും പെയ്യാൻ തുടങ്ങി,
ഞാൻ പുറപ്പെടുന്നതിനു വളരെ മുൻപെ അയൽപക്കത്തെ കുട്ടികൾ വീട്ടിലെത്തിയിരുന്നു. എന്നെ അവരുടെ കൂടെ വിടുമ്പോൾ ഉപദേശനിർദ്ദേശങ്ങൾ പെരുമഴയായി അമ്മയിൽ നിന്നും വീട്ടിലെ മറ്റുള്ളവരിൽ നിന്നും പെയ്യാൻ തുടങ്ങി,
“1, സ്ക്കൂളിന്റെ പടിഞ്ഞാറ് ഭാഗം പോകരുത്,
2, കുട്ടി ക്ലാസ്സിനകത്ത് ഇരിക്കുന്നുണ്ടോ എന്ന് എപ്പോഴും നോക്കണം,
3, പൊറത്ത് കളിക്കാൻ പോകാതെ ആകത്തിരിക്കണം,
4, പോകുമ്പോഴും വരുമ്പോഴും കുട്ടീന്റെ കൈ പിടിക്കണം,
5, വേലിയും മതിലും കടക്കാൻനേരത്ത് കുട്ടീനെ എടുത്ത് കയറ്റണം,
6, നായയോ പശുവോ വരുന്നത് നോക്കണം,
7, പൊട്ടൻ രാമനെക്കണ്ടാൽ കുട്ടീനെ ഒറ്റക്കാക്കി പായരുത്,
8, എല്ലാരും ഒപ്പരം നടക്കണം,”
എല്ലാറ്റിനും എല്ലാരും തലയാട്ടി; പിന്നീട് അയൽവാസിയായ ഇന്ദിരേച്ചി എന്റെ കൈ പിടിച്ച് വീട്ടിൽനിന്നും ഇടവഴി കടന്ന് കുന്ന് കയറാൻ തുടങ്ങി.
ചുവന്ന അടയാളം വഴി നടന്ന് തെങ്ങുകൾക്കിടയിലൂടെ കുന്ന് കയറിയാൽ എന്റെ വിദ്യാലയം കാണാം. |
വിദ്യാർത്ഥി ആയ ഞാൻ ആരോടും പരിഭവമില്ലാതെ ജീവിതപാഠങ്ങൾ ഓരോന്നായി അനുഭവത്തിലൂടെയും അദ്ധ്യാപകരിലൂടെയും പഠിച്ചു. രണ്ടാം ദിവസം സ്ക്കൂളിൽ എത്തിയത് ചുമലിൽ തൂങ്ങുന്ന സഞ്ചിയിൽ സ്ലെയിറ്റും പെൻസിലുമായാണ്. രോഹിണിടീച്ചർ സ്ലെയിറ്റിൽ പെൻസിൽകൊണ്ട് ‘ഹരിശ്രി’ എഴുതിത്തന്നതിനുശേഷം നിലത്തിരുന്ന് വെളുത്ത പൂഴിമണലിൽ വിരലുപിടിച്ച് എഴുതിച്ചു. ഒന്നാം ക്ലാസ്സിന്റെ തറയിൽ തൂവെള്ള നിറമുള്ള, കടപ്പുറത്തെ പൂഴിയാണ്. ഈ പൂഴി ഇടയ്ക്കിടെ മാറ്റി പുതിയവ നിറക്കുന്ന ജോലി ചെയ്യുന്നത് അഞ്ചാം തരത്തിലെ മുതിർന്ന ആൺകുട്ടികളാണ്. ഹെഡ്‌മാസ്റ്ററുടെ നിയന്ത്രണത്തിൽ ചാക്കുമായി കുന്നിറങ്ങി കടൽതീരത്തുനിന്നും പുത്തൻ മണൽവാരി സ്ക്കൂളിലേക്ക് വരുന്ന ആൺകുട്ടികൾ മറ്റുള്ളവരുടെ ആരാധനാപാത്രങ്ങളായിരിക്കും.
പല പ്രായത്തിലുള്ള, പല ക്ലാസ്സുകളിൽ പഠിക്കുന്ന, ഒരേ നാട്ടുകാരായ വിദ്യാർത്ഥികളെല്ലാം ഒന്നിച്ച് രാവിലെ സ്ക്കൂളിൽ വരുന്നു. ഉച്ചക്ക് വീട്ടിൽപോയി ഉച്ചഭക്ഷണം കഴിഞ്ഞ് തിരിച്ച് സ്ക്കൂളിൽ വരുന്നു. വൈകുന്നേരം കടൽക്കാറ്റേറ്റ് പാറകളിലും പുല്ലിലും ചവിട്ടിക്കളിച്ച് വീട്ടിൽ തിരിച്ചെത്തുന്നു.
ഉച്ചക്കഞ്ഞിയും അമേരിക്കൻ ഉപ്പുമാവും സ്ക്കൂളിൽ പ്രവേശിച്ചത് ഏതാനും വർഷം കഴിഞ്ഞാണ്.
*** പടിഞ്ഞാറുഭാഗം കുത്തനെ താഴോട്ട് അറബിക്കടലാണ് എന്ന് പറയുന്നത് കേട്ടു. അന്നുള്ള പേടികാരണം അദ്ധ്യാപിക ആയപ്പോഴും ആ വഴിയിലൂടെ ഇറങ്ങി താഴോട്ട് പോകാറില്ല. (ഇപ്പോൾ ആ വഴിയിലൂടെ ടൂറിസ്റ്റുകളായ ‘സായിപ്പ്-മദാമ്മമാർ’ ഓടിക്കയറുന്നതും ഇറങ്ങുന്നതും കടൽതീരത്തുനിന്ന് കാണാം)
*** കളിക്കാൻ പോയാൽ ഉരുണ്ട്‌വീണ് പരിക്ക്പറ്റും; കൈ പിടിച്ചില്ലെങ്കിൽ ഞാൻ വഴിതെറ്റിപ്പോകാം.
*** പോകുന്ന വഴിയിൽ ഉയർന്ന വേലിയും മതിലും ഉണ്ട്. വഴിയിൽ നാട്ടുകാർ അതിരാവിലെ അഴിച്ച് വിട്ട പശുക്കളുണ്ടാവും; പിന്നെ നായകളെ ഒരിക്കലും കെട്ടിയിടാറില്ല.
*** പൊട്ടൻ രാമൻ ഒറ്റക്ക് നടക്കുന്ന കുട്ടികളെ കല്ലെടുത്തെറിയും.
…
…
മൂന്നാം ദിവസം,
അന്ന് എന്റെ സഞ്ചിയിൽ സ്ലെയിറ്റും പെൻസിലും കൂടാതെ ഒന്നാം പാഠാവലിയും ഒപ്പം ഒരു കൊച്ചു പുസ്തകവും ഉണ്ടായിരുന്നു. അവ രണ്ടും തലേദിവസം കണ്ണുരിൽ നിന്നും അച്ഛൻ കൊണ്ടുവന്നതാണ്. മറ്റുള്ളവർ പുത്തൻ പുസ്തകം തൊടാൻ ശ്രമിച്ചപ്പോൾ ഞാൻ കരയാൻ തുടങ്ങി. കൂടുതൽ കരച്ചിൽ കേൾക്കാനായി എല്ലാവരും ചേർന്ന് പുസ്തകം ഒന്ന് തൊട്ടുനോക്കാൻ പരിശ്രമിക്കുന്നതിനിടയിൽ ടീച്ചർ ക്ലാസിലെത്തി പുസ്തകം വാങ്ങി. ആ കൊച്ചുപുസ്തകം തുറന്ന ടീച്ചർ ഒന്നാംപേജിൽ പേനകൊണ്ട് പതുക്കെ എഴുതി ഓരോ അക്ഷരങ്ങളും വായിച്ചുതന്നു,
“ഹരി. ശ്രീ. ഗ. ണ. പ. ത. യെ. ന. മഃ”
എന്നെക്കൂടാതെ പലരും പലതരം നോട്ട്ബുക്കുമായാണ് ക്ലാസ്സിൽ വന്നത്. അതിലെല്ലാം ടീച്ചർ ‘ഹരിശ്രീ’ എഴുതുകയും കുട്ടികളെ മണലിൽ എഴുതിക്കുകയും ചെയ്തു.
ഒടുവിൽ ഒരു അത്ഭുതം സംഭവിച്ചു; നമ്മുടെ കൂട്ടത്തിൻ ഒരുത്തൻ കൊണ്ടുവന്നത് മൂന്ന് ഓലകളാണ്; സാക്ഷാൽ എഴുത്തോല എന്ന ‘പനയോല’. അവന്റെ കൈയിൽനിന്ന് ഓലവാങ്ങിയ ടീച്ചർ കസേരയിൽ ഇരുന്നതോടെ ഞങ്ങളെല്ലാം മേശക്ക് ചുറ്റും കൂടി ടീച്ചറെ വളഞ്ഞു. ആ ഓല അളന്ന്മുറിച്ച് അറ്റത്ത് കറുത്ത നൂല്‌കൊണ്ട് കെട്ടിയശേഷം മേശതുറന്ന് എഴുത്താണി(നാരായം) പുറത്തെടുത്തു. ടീച്ചറുടെ ചൂണ്ടുവിരലിനും നടുവിരലിനും ഇടയിൽ ഇരുമ്പ് കൊണ്ടുള്ള എഴുത്താണി പിടിച്ച് വിരലുകൾ മടക്കി ആണിയുടെ കൂർത്ത അറ്റം കൊണ്ട് ഓലയിൽ ‘ഹരി. ശ്രീ’ എന്ന് എഴുതാൻ തുടങ്ങി. മറ്റുള്ളവരെയെല്ലാം കൊതിപ്പിച്ച ആ ഓലപുസ്തകം കിട്ടിയ നമ്മുടെ സഹപാഠിയെ എല്ലാവരും അസൂയയോടെ നോക്കിനിൽക്കെ ഒരു പെൺകുട്ടി പറഞ്ഞു,
“അവന്റെ അച്ചന് മരംമുറിക്കലാണ് ജോലി, അതുകൊണ്ടാ എഴുത്തോല കിട്ടിയത്”
അച്ഛൻ ‘മരംമുറിക്കുന്ന ഒരു തൊഴിലാളി’ ആവാത്തതിൽ എനിക്ക് മാത്രമല്ല മറ്റു കുട്ടികൾക്കും പ്രയാസം തോന്നിയിരിക്കാം.
…
ദിവസങ്ങൾ ഓരോന്നായി നീങ്ങി,
ഹരിശ്രീയിൽ നിന്ന് ‘അ’ ‘ആ’ ‘ഇ’ ‘ഈ’ യിലേക്ക് കടന്ന് ‘ക’ ‘ഖ’ ‘ഗ’ ‘ഘ’ യുടെ വാതിൽ തുറക്കാൻ ആരംഭിച്ചു. അതോടൊപ്പം പാട്ടുകളും ചിത്രങ്ങളും കൂട്ടിനുവന്നു. എന്നാൽ സ്ക്കൂളിൽ വരുന്നതിന് വളരെ മുൻപ്‌തന്നെ ഞാൻ അക്ഷരങ്ങളുടെ ലോകത്തായിരുന്നു. അദ്ധ്യാപകരായ രണ്ട് അമ്മാവന്മാർ, വിളിച്ചാൽ കേൾക്കുന്നിടത്ത് ഗ്രാമീണ വായനശാല, വീട്ടിൽ പത്രവും മാസികയും ലൈബ്രറി പുസ്തകങ്ങളും’ എല്ലാം ചേർന്ന് രണ്ടാം തരം വരെയുള്ളതെല്ലാം പഠിച്ചിട്ടാണ് സ്ക്കൂളിലേക്കുള്ള എന്റെ വരവ്. ‘ഈസോപ്പ് കഥകൾ’ വായന ആയിരുന്നു അക്കാലത്തെ എന്റെ പ്രധാന ഹോബി,,,
…
ഒരാഴ്ച കഴിഞ്ഞ് ഒരു ദിവസം,
എന്നെയും കൂട്ടി രാവിലെ സ്ക്കൂളിൽ വന്ന സഹപാഠികൾ എന്നെമാത്രം ഒന്നാംക്ലാസ്സിൽ തനിച്ചാക്കി കളിക്കാൻ പോയി. പോകുമ്പോൾ ധാരാളം നിർദ്ദേശങ്ങൾ തന്നു,
“പൊറത്ത് പോകരുത്; ഒച്ചയാക്കരുത്; എഴുന്നേറ്റ് ഓടരുത്;”
എല്ലാം കേട്ട് തലയാട്ടിക്കൊണ്ട് ഒന്നാം തരത്തിലെ ബഞ്ചിന്റെ ഒരറ്റത്ത് ഒറ്റപ്പെട്ട് ഞാനിരുന്നു. എട്ട് കുട്ടികൾ ഇരിക്കുന്ന നീളമുള്ള ബഞ്ചിൽ ഞാൻ മാത്രം. കിഴക്ക് പടിഞ്ഞാറായി നീണ്ട ഒരു വലിയ ഹാളിൽ പലയിടങ്ങളിലായി സാങ്കല്പിക അതിർത്തി തിരിച്ച്, അഞ്ച് ക്ലാസ്സുകളും അതിന്റെ പടിഞ്ഞാറായി അല്പം ഉയർന്ന് വാതിലില്ലാത്ത ആപ്പീസ് മുറിയും ചേർന്നാൽ എന്റെ വിദ്യാലയമായി. സ്ക്കൂളിലേക്ക് കടക്കാനും പുറത്ത്പോകാനുമായി 3 വാതിലുകൾ; ഒന്ന് കിഴക്ക് ഭാഗത്ത് ഒന്നാം ക്ലാസ്സിൽ തുറക്കുന്നതും മറ്റ്‌രണ്ടെണ്ണം വടക്ക് ഭാഗത്ത് രണ്ടറ്റത്തും സ്ഥിതിചെയ്യുന്നു. ഓലമേഞ്ഞ മേൽക്കൂര ആയതിനാൽ ചുറ്റുപാടുമുള്ള തെങ്ങുകളിൽ നിന്ന് ഓലയും തേങ്ങയും വീണാൽ കുട്ടികൾക്കും കെട്ടിടത്തിനും പരിക്ക്‌പറ്റുകയില്ല. കിഴക്കെയറ്റത്തുള്ള ഒന്നാം തരത്തിന് തൊട്ടടുത്ത് അഞ്ചാം തരം, പിന്നെ മൂന്ന്, രണ്ട്, നാല് എന്നിങ്ങനെയാണ് ക്രമീകരണം. അകത്ത് ചാണകം തേച്ച് മോടികൂട്ടിയിട്ടുണ്ട്; ഒന്നാം ക്ലാസ്സിൽമാത്രം അതിനുമുകളിൽ കടപ്പുറത്തെ തൂവെള്ളമണൽ നിരത്തിയിരിക്കുന്നു.
ഒറ്റപ്പെട്ട് ക്ലാസ്സിലെ ബഞ്ചിൽ ഇരിക്കുന്നതിൽ എനിക്ക് പ്രത്യേകമായി ഒന്നും തോന്നിയില്ലെങ്കിലും ആ നേരത്ത് കടന്നുവന്ന കറുവൻ മാസ്റ്റർക്ക് ഒരു സംശയം തോന്നി, ‘ഈ കുട്ടി കരയുകയാണോ?’
അദ്ദേഹം ചോദിച്ചു,
“കുട്ടി എന്തിനാ കരയുന്നത്?”
കരയാത്ത കുട്ടി ഉത്തരം പറഞ്ഞില്ല; അപ്പോൾ വീണ്ടും ചോദ്യം,
“കുട്ടിക്ക് വയറുവേദനയുണ്ടോ?”
കുട്ടി ഒന്നും മിണ്ടാതെ അദ്ധ്യാപകനെ നോക്കുന്നത് കണ്ടപ്പോൾ പിന്നെ ഒറപ്പിക്കാമല്ലൊ,,, ഇത് വയറുവേദന തന്നെ,,,
“കുട്ടിക്ക് വീട്ടിൽ പോകണോ?”
എന്നിട്ടും കുട്ടി ഒരക്ഷരവും ഉരിയാടാതെ മാഷെ നോക്കുകയാണ്; മാഷ് കളിക്കുന്ന മറ്റുകുട്ടികളെ വിളിച്ചു,
“ഇന്ദിരേ, ഗീതേ, ഗൌരീ, രാധേ, നളിനീ,,, എല്ലാരും വന്നാട്ടെ,,,”
“ഹാജർ, ഹാജർ, ഹാജർ, ഹാജർ, ഹാജർ”
“ഈ കുട്ടിക്ക് വയറുവേദന; വേഗം വീട്ടില് കൊണ്ടാക്കിയാട്ടെ,,,”
പെട്ടെന്ന് മുതിർന്ന കുട്ടിപ്പെൺപട എന്നെ കടന്നുപിടിച്ചു; ഒരുത്തി പുസ്തകസഞ്ചിയെടുത്തു, അടുത്തവൾ എന്റെ നീളൻ കുടയെടുത്തു, രണ്ടുപേർ എന്റെ രണ്ട് കൈയിലും പിടിച്ച് പതുക്കെ എന്നെ നടത്തിച്ചു. മുന്നിൽ രണ്ട് കൈയുംവീശി നടന്നത് അയൽവാസി ഇന്ദിരയാണ്, മൂന്നാം ക്ലാസ്സിലാണെങ്കിലും അവളെ നാട്ടുകാർക്കെല്ലാം പേടിയാണ്.
വീട്ടിലെത്തിയപ്പോൾ അമ്മയും അമ്മൂമ്മയും ഇളയമ്മയും അമ്മായിയും എന്റെ ചുറ്റും കൂടിനിന്ന് സഹപാഠിനികളെ ചോദ്യം ചെയ്തു. വയറുവേദന പിടിപെട്ട കുട്ടിയെ വീട്ടിലിരുത്തി അവർ പോകാൻ പുറപ്പെട്ടപ്പോൾ അമ്മ പറഞ്ഞു,
“കുട്ടിയേംകൊണ്ട് ഇത്രേം ദൂരം നടന്നുവന്നതല്ലെ എന്തെങ്കിലും തിന്നിട്ട് പോയാൽ മതി”
ഇത് കേട്ടപ്പോൾ തിരിച്ചുപോകാൻ പുറപ്പെട്ട പഞ്ചാംഗതരുണികൾ അടുക്കള ഭാഗത്തെ വരാന്തയിലും കിണറ്റിൻകരയിലും ഇരുന്നു; കൂടെ ഞാനും. അപ്പോൾ നളിനി ഒരു ചോദ്യം,
“നിനക്ക് വയറ്റില് വേദനയുണ്ടോ?”
അദ്ധ്യാപകൻ ചോദിച്ചതുപോലുള്ള ചോദ്യം ഒരിക്കൽകൂടി കേട്ട് ഞാനൊന്ന് ചിരിച്ചപ്പോൾ അവൾ പറഞ്ഞു,
“കള്ളം പറഞ്ഞാൽ കണ്ണ് പൊട്ടും”
,,, ഞാൻ കള്ളമൊന്നും പറഞ്ഞില്ലല്ലൊ, അപ്പോൾപിന്നെ എന്റെ കണ്ണ് പൊട്ടുകയില്ലല്ലൊ.
അപ്പോഴേക്കും അടുക്കളയിൽനിന്ന് ഇളയമ്മ അവില് കുഴക്കുകയാണ്; അവിലിന്റെ കൂടെ തേങ്ങ ചിരവിയിട്ട്, വെല്ലം പൊടിച്ചിട്ട്, നന്നായി കുഴച്ച് ഉരുട്ടിയശേഷം ഓരോ ഉരുളയും എനിക്ക് എസ്ക്കോർട്ട് വന്ന കുട്ടികൾക്ക് നൽകി. ആറാമത്തെ ഉരുള എനിക്ക് തന്നതിനുശേഷം പറഞ്ഞു,
“അവില് തിന്നാൽ വയറുവേദന പോകും”
ഞാൻ ആ ഉരുള കൂടാതെ രണ്ടെണ്ണം കൂടി തിന്നുന്നത് കണ്ട അമ്മൂമ്മ മറ്റുള്ളവരോട് പറഞ്ഞു,
“മോള് ഇന്നേതായാലും സ്ക്കൂളിൽ പോകണ്ട; നിങ്ങളെല്ലാം പോന്നില്ലെ?”
അതുവരെ അവില് തിന്ന് രസിച്ചവർ ഇതുകേട്ടതോടെ പരിസരത്തുള്ള പൂക്കളൊക്കെ പറിച്ചെടുത്ത് സ്ക്കൂളിലേക്ക് നടന്നു. ഞാൻ മുതിർന്നവരോടൊത്ത് അടുക്കളയിൽ അങ്ങോട്ടും ഇങ്ങോട്ടും കറങ്ങാൻ തുടങ്ങി.
*** അദ്ധ്യാപിക ആയി രൂപാന്തരപ്പെട്ട്, അതേ വിദ്യാലയത്തിൽ ഞാൻ എത്തിയപ്പോഴേക്കും ക്ലാസ്സിന്റെ ക്രമീകരണം മാറ്റിയിരുന്നു. എന്നാൽ തെങ്ങുകൾ കാരണം ഓലമാറ്റി ഓട് മെഞ്ഞില്ല,
…
പിറ്റേദിവസം
സ്ക്കൂളിലെത്തി ഒന്നാം ക്ലാസ്സിലിരിക്കുന്ന എന്റെ സമീപം ഇന്ദിരയും ഗീതയും ഗൌരിയും രാധയും നളിനിയും വന്നു. വന്ന ഉടനെ എന്റെ ചുറ്റും കൂടിനിന്ന് ചോദ്യമായി,
“നിനക്കിന്ന് വയറുവേദനയില്ലെ?
വീട്ടില് പോകണ്ടേ?
കുട്ടിക്ക് വയറ്റിൽവേദനയെന്ന് മാഷോട് പറയട്ടെ?”
അഞ്ചംഗസംഘം ചുറ്റും കൂടിനിന്ന് എന്നെ ക്വസ്റ്റൻ ചെയ്യുമ്പോൾ മറുപടി പറയാനാവാതെ ഇരുന്ന എന്നെ ചൂണ്ടി അവർ പറഞ്ഞു,
“ഇതാ കുട്ടി കരയുന്നൂ; ഇവൾക്ക് വയറുവേദനയാ; മാഷേ ഇതാ ഈ കുട്ടിക്ക് വയറുവേദന,,,”
അദ്ധ്യാപകൻ ഓടിയെത്തിയതോടെ എനിക്ക് ശരിക്കുംകരച്ചിൽ വരാൻ തുടങ്ങി. അതുകണ്ട സഹപാഠിനികൾ ആവേശപൂർവ്വം പറഞ്ഞു,
“മാഷേ നമ്മള് ഇവളെ വീട്ടില് കൊണ്ടാക്കാം”
“ശരി എല്ലാവരും കുട്ടീനെ വീട്ടിലാക്കി പെട്ടെന്ന് മടങ്ങിവരണം”
അപ്പോഴേക്കും എന്റെ സഞ്ചിയും കുടയും എടുത്ത് ഇന്ദിരയും ഗൌരിയും പുറപ്പെട്ടുകഴിഞ്ഞു. രണ്ട്‌പേർ എന്റെ കൈപിടിച്ച് പിന്നാലെ നടത്തി.
വന്ന വഴിയെ കടൽക്കാറ്റേറ്റ്, പുല്ലും പാറയും ചവിട്ടിനടന്ന് എല്ലാവരും വീട്ടിലെത്തി.
പിറ്റേന്നും വയറുവേദനയെന്ന് പറഞ്ഞപ്പോൾ എന്റെ അമ്മമാത്രം സംശയിച്ചില്ലെങ്കിലും മറ്റുള്ളവർ സംശയിച്ചു,
“ചെറിയ കുട്ടിയല്ലെ, മര്യാദക്ക് ഒന്നും തിന്നാതെ രാവിലെ പോയതുകൊണ്ടായിരിക്കും”
അന്ന് കൂടെ വന്നവർക്കും എനിക്കും തിന്നാൻ കിട്ടിയത് അവിലിനു പകരം പൂവൻ പഴമായിരുന്നു. അടുക്കളയുടെ പിൻവശത്തുള്ള വാഴ കുലച്ച് പഴം പഴുത്തത് കുട്ടികൾക്ക് തിന്നാനായിരിക്കുമല്ലൊ. പഴങ്ങൾ തിന്നതിനുശേഷം വയറുവേദന മാറിയ എന്നെ വീട്ടിൽ നിർത്തി അഞ്ചുപേരും തിരിച്ചുപോകുമ്പോൾ, എനിക്ക് വളരെ സന്തോഷം തോന്നി. ഇഷ്ടംപോലെ ഒറ്റയ്ക്ക് കളിക്കാമല്ലൊ,,,
…
പിറ്റേന്ന് നേരം പുലർന്നു,
സ്ക്കൂളിലേക്ക് പുറപ്പെടുമ്പോൾതന്നെ ചില മുൻകരുതൽ എടുത്തു; പ്രാധമികങ്ങളെല്ലാം നേരാംവണ്ണം നടത്തിച്ച് ഭക്ഷണവും വെള്ളവും ധാരാളം കഴിപ്പിച്ചു. വയറുവേദന വരാൻ ഇടയില്ല എന്ന് ഉറപ്പിന്മേൽ അയല്പക്കത്തെ രണ്ട് കുട്ടികളുടെ കൂടെ എന്നെ അയച്ചു. എന്നാൽ പോകാൻനേരത്ത് അമ്മ അവരോട് ഒരു കാര്യംകൂടി പറഞ്ഞു,
“കുട്ടിക്ക് വയറുവേദനയുണ്ടെങ്കിൽ വേഗം ഇങ്ങോട്ട് കൂട്ടിവരണം. പിന്നെ കടല് കാണാനായി അറ്റത്തൊന്നും പോകരുത്,”
അന്ന് സ്ക്കൂളിൽ അല്പം വൈകി എത്തിയതിനാൽ ഒന്നം ക്ലാസ്സിൽ എല്ലാ കുട്ടികളും ടീച്ചറും ഇരിക്കുന്നുണ്ട്. അവരുടെ കൂട്ടത്തിൽ ഒരാളായി പുസ്തകസഞ്ചി നിലത്ത് വെച്ച് ഞാനും ഇരുന്നു. എല്ലാവരോടും എഴുന്നേറ്റ് നിന്ന് പാട്ട്പാടാൻ ടീച്ചർ പറയേണ്ടതാമസം ഞാനൊഴികെ എല്ലാവരും ഒന്നിച്ച് എഴുന്നേറ്റ്‌നിന്ന് പാടാൻ തുടങ്ങി,
“കാക്കെ കാക്കെ കൂടെവിടെ?
കൂട്ടിനകത്തൊരു കുഞ്ഞുണ്ടോ?
കുഞ്ഞിന് തീറ്റകൊടുക്കാഞ്ഞാൽ
കുഞ്ഞുകിടന്ന് കരഞ്ഞീടും”
പാട്ട് നിന്നപ്പോൾ അതിന്റെ തുടർച്ചയായി ഒരു കുഞ്ഞിന്റെ കരച്ചിൽ; അവിടെ ഒരു കുഞ്ഞ് ഇരുന്ന് കരയുകയാണ്; അത് ഞാൻ തന്നെ,
ടീച്ചർ അടുത്തുവന്ന് പെട്ടെന്ന് എന്നെയെടുത്ത് മടിയിൽ ഇരുത്തി,
“കുട്ടീ, നിനക്കെന്നാ പറ്റിയത്? പറയ്?”
“വയറുവേദന”
അതും പറഞ്ഞ് ഉച്ചത്തിൽ കരയാൻ തുടങ്ങിയ എന്നെ എത്രയുംവേഗം വീട്ടിലെത്തിക്കാൻ ഏർപ്പാടാക്കി.
അന്നും വീട്ടിലെത്തിക്കാൻ അവർതന്നെ റെഡിയായി വന്നു, ഇന്ദിരയും ഗീതയും ഗൌരിയും രാധയും നളിനിയും. നല്ല കൂട്ടുകാരികൾ.
മൂന്നാം ദിവസവും ആകെയുള്ള അരുമസന്താനം വയറുവേദന കാരണം തിരിച്ചുവന്നപ്പോൾ അമ്മയ്ക്ക് ആകെ പേടിയായി,
“എന്റെ മോളെ ഡോക്റ്ററെ കാണിക്കാൻ അച്ഛനോട് പറയാം, നാളെയാവട്ടെ”
അപ്പോഴേക്കും ഇളയമ്മ ഒരു കിണ്ണത്തിൽ അവില് കുഴച്ച് എല്ലാവർക്കും തിന്നാൻ തന്നു. വയറുവേദനകൊണ്ട് കരഞ്ഞ ഞാനടക്കം ആറ്‌പേരും അവില് വാരിത്തിന്ന് പാത്രം കാലിയാക്കി. ഉടനെ ഇളയമ്മ പറഞ്ഞു,
“ഈ അവിലിൽ വയറുവേദന മാറാനുള്ള മരുന്ന് ചേർത്തിട്ടുണ്ട്, ഇപ്പോൾ മോളുടെ വേദനയെല്ലാം മാറിയില്ലെ?”
“മാറി”
“എന്നാൽ ഇവരുടെ കൂടെ സ്ക്കൂളിൽ പോകണം”
“പോകാം”
അവില് തിന്ന സന്തോഷത്തോടെ എല്ലാവരും സ്ക്കൂളിലെത്തി. എന്നെ ഒന്നാം ക്ലാസ്സിലാക്കിയപ്പോൾ ടീച്ചർ ചോദിച്ചു,
“കുട്ടിന്റെ വേദന മാറിയോ?”
“ഓ,, മാറി, അവില് തിന്നപ്പൊ വയറുവേദന മാറി”
അഞ്ച്‌പേരും ഒന്നിച്ച് പറഞ്ഞു.
…
പിറ്റേദിവസം മുതൽ,
എനിക്ക് വയറുവേദന വന്നില്ല.
കാരണം?,
അന്ന് സ്ക്കൂളിൽ വന്നപ്പോൾ രോഹിണിടീച്ചർ എന്റെ ചെവിയിൽ ഒരു രഹസ്യം പറഞ്ഞു,
“ഇനി കുട്ടിക്ക് വയറ്റിൽവേദന വന്നാൽ ഒന്നാംതരത്തിലെ എല്ലാകുട്ടികളും ഞാനും ഒന്നിച്ച് നിന്റെ വീട്ടിൽ വരും”
അപ്പോൾ,,,
ധാരാളം കുട്ടികളും ടീച്ചറും ഒന്നിച്ച് വീട്ടിൽ വന്നാൽ എല്ലാവർക്കും കൊടുക്കാൻ അവിൽ ഉണ്ടാവില്ല്ലല്ലൊ! പിന്നെ ടീച്ചർ വീട്ടിൽ വരുന്ന കാര്യം ചിന്തിക്കാനേ വയ്യ,
അതും ഓർത്തിരിക്കുന്ന ഞാൻ വയറുവേദനയുടെ കാര്യം,,, മറന്നുപോയി,
*** എന്റെ പ്രൈമറി വിദ്യാലയത്തിലാണ് എന്റെ മകളും വിദ്യാർത്ഥിജീവിതം ആരംഭിച്ചത്,
*** വർഷങ്ങൾ കഴിഞ്ഞ് ഒരു അദ്ധ്യാപികയായി ഇതേ എൽ.പി. സ്ക്കൂളിൽ എനിക്ക് നിയമനം ലഭിച്ചപ്പോൾ, എന്റെ അനുജന്മാരടക്കം അനേകം ബന്ധുക്കളെയും, നാട്ടുകാരെയും, പഠിപ്പിക്കാൻ മാത്രമല്ല; വടിയെടുത്ത് അടിക്കാനും അവസരം ലഭിച്ചിട്ടുണ്ട്.
*** വയറുവേദന സൂത്രങ്ങൾ എന്റെ പത്താം തരം വിദ്യാർത്ഥികൾ പോലും നടത്താറുണ്ട്.
Ee cheriya lokathile valiya kallam...!
ReplyDeleteManoharam Chechy, Ashamsakal...!!!
പഴയ കാലത്തിലേക്കൊരു തിരിച്ച് പോക്ക്..
ReplyDeleteമനസ്സില്‍ ഒരുപാട് കാര്യങ്ങള്‍ മിന്നി മറഞ്ഞു...
നന്ദി ടീച്ചറേ..ഒരായിരം നന്ദി...
വയറു വേദനയും അവിലുമൊക്കെ നന്നായി. എന്നാലും ആ ഓലയും എഴുത്താണിയും?. അതൊക്കെ വളരെ പണ്ടല്ലെ ഉണ്ടായിരുന്നുള്ളൂ. ഞാനാ സാധനം ആകെ കണ്ടത് മാധവന്‍ വൈദ്യര്‍ വീട്ടില്‍ ഉപ്പാക്ക് കഷായത്തിനു മരുന്നെഴുതിയപ്പോഴാണ്,ഓലയില്‍!.പുല്‍പ്പായയില്‍ ചമ്രം പടിഞ്ഞിരുന്നു മൂപ്പര്‍ കഷായത്തിന്റെ ഓലയെഴുതിയിരുന്നു.
ReplyDeleteSureshkumar Punjhayil-,
ReplyDeleteറിയാസ് (മിഴിനീര്‍ത്തുള്ളി)-,
Mohamedkutty മുഹമ്മദുകുട്ടി-,
ഇത്തിരി നീണ്ടുപോയ എന്റെ പോസ്റ്റ് വായിച്ചതിന് നന്ദി. മുറിച്ച് രണ്ടാക്കി പോസ്റ്റ് ചെയ്യാൻ പറ്റിയില്ല.
സ്ക്കൂളിന്റെ ഫോട്ടോ എടുക്കാൻ ആ പരിസരത്തുകൂടി പോകേണ്ട ആവശ്യം വന്നിട്ടില്ല. താമസം മാറ്റിയപ്പോൾ ഇടയ്ക്കിടെ വന്ന് കടൽക്കാറ്റ് കൊള്ളുമ്പോൾ ആ കുന്നിനു മുകളിലാണ് എന്റെ സ്ക്കൂൾ എന്ന് മറ്റുള്ളവരോട് പറയും.
50 കൊല്ലം മുൻപ് ഒരു നാട്ടിൻപുറത്തെ വിദ്യാലയവിശേഷമാണിത്. അന്ന് പലരും പഠനം പാതിവഴിക്ക് നിർത്തും. അങ്ങനെ നിർത്താതെ പഠനം തുടർന്നതിന്റെ പരിണിതഫലമായിട്ടാണ് എനിക്ക് ഇങ്ങനെ ബ്ലോഗാൻ കഴിയുന്നത്. അഭിപ്രായങ്ങൾക്ക് നന്ദി.
ഓര്‍മ്മകള്‍ അയവിറക്കാന്‍ എന്തൊരു സുഖം അല്ലേ... നന്നായിട്ടുണ്ട്.
ReplyDeleteഓർമ്മകളേറെയുള്ളീമനസ്സിന്നീ
ReplyDeleteവരികളിലൂടെപ്പാറിക്കളിക്കട്ടെ
എന്നെ നന്നാക്കാന്‍ വേണ്ടി അച്ഛന്‍ കോണ്‍വെന്റ് സ്കൂളില്‍ ആണ് ചേര്‍ത്തത്. പക്ഷെ അവിടത്തെ കന്യാസ്ത്രീകളെ എനിക്ക് ഒട്ടും ഇഷ്ടപ്പെടില്ല. ഞാന്‍ കരഞ്ഞു ബഹളം ഉണ്ടാക്കി. തല്ലാന്‍ വന്ന കന്യാസ്ത്രിയുടെ കയ്യില്‍ നിന്നും ചൂരല്‍ പിടിച്ചു വാങ്ങി കടിച്ചു ഒടിച്ചു കയ്യില്‍ കൊടുത്തു. കുറച്ചു കഴിഞ്ഞപ്പോള്‍ അച്ഛനെ വിളിച്ചു വരുത്തി. പിന്നെ അമ്മയുടെ ഹൈ സ്കൂളിനു അടുത്തുള്ള സ്കൂളില്‍ ആക്കി. ബെഞ്ചും മേശയും ഒന്നും ഇല്ല, റൂം നിറയെ കളിപ്പാട്ടങ്ങള്‍, താഴെ ഇരുന്നു എഴുത്തും പടം വരയും എല്ലാം. ഞാന്‍ സ്കൂളിനെ ഇഷ്ടപ്പെട്ടു. ഉച്ച കഴിഞ്ഞാല്‍ ക്ലാസ് ഇല്ല. അമ്മയുടെ സ്കൂളിലെ ചേച്ചിമാരും ടീച്ചര്‍ മാരും മിടായിയും സമ്മാനങ്ങളും ആയി സുഖവാസം. പക്ഷെ ഒന്നാം ക്ലാസ്സില്‍ പഴയ കോണ്‍ വെന്റില്‍ തന്നെ ആക്കി എന്നെ...
ReplyDeleteഓര്‍മകളിലേക്ക് ഒരു സുഖമുള്ള തിരിച്ചു പോക്കിന് ഇട തന്ന പോസ്റ്റിനു നന്ദി
പൂഴിയും എഴുത്തോലയും ഞാന്‍ കണ്ടിട്ടില്ല. അപ്പോഴേക്കും സ്ലേറ്റു വന്നു.....എന്‍റെ ഓര്‍മ്മകള്‍ കള്ളു പെനസ്സിലിനെയും മാഷിതണ്ടിനെയും ഒക്കെ ചുറ്റി പ്പറ്റി നില്കുന്നു.........സസ്നേഹം
ReplyDeleteഓര്‍മ്മകളിലൂടെയുള്ള യാത്ര ചേതോഹരം..സുന്ദരം..
ReplyDeleteആശംസകള്‍..
കുഞ്ഞുകുഞ്ഞുകാലത്തെ കുഞ്ഞുകുഞ്ഞോർമ്മകൾ....ഓർമ്മകൾ....! ഇഷ്ടപ്പെട്ടു.
ReplyDeleteഈ ടീച്ചറുടെയൊരു കാര്യം..
ReplyDeleteനന്നായിരിക്കുന്നു മിനിച്ചേച്ചി ഈ ഓർമ്മകൾ..
ReplyDeleteആശംസകൾ...
നന്നായിരിക്കുന്നു :)
ReplyDeleteകെ.പി.സുകുമാരന്‍-,
ReplyDeleteഅഭിപ്രായം എഴുതിയതിന് നന്ദി.
Kalavallabhan-, ബിജിത് :|: Bijith-, ഒരു യാത്രികൻ-, ബിജുകുമാര്‍ alakode-, jayanEvoor-, കുമാരന്‍ | kumaran-, വീ കെ -, ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritage-,
എന്റെ പഴയ ഓർമ്മകളിൽ പങ്കാളിയായി അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.
മടി എന്നതിന്റെ പ്രതിരൂപമാണോ വയറുവേദന എന്നെനിക്ക് പലവട്ടം തോന്നിയിട്ടുണ്ട്. ക്ലാസ് പരീക്ഷ വരുമ്പോഴാണിത് കൂടുതല്‍. കുഞ്ഞുകുട്ടികള്‍ മാത്രമല്ല, പെണ്‍കുട്ടികളടക്കമുള്ള വലിയ കുട്ടികളും മിക്കപ്പോഴും വയറുവേദനയാണെന്ന് പറഞ്ഞ് ക്ലാസിനു പുറത്തേക്കു പോകാറുണ്ട്. അവര്‍ക്കൊക്കെ നന്നായി അറിയാം വയറുവേദന എന്ന കാരണം പറഞ്ഞാല്‍ അധികം ചോദ്യമുണ്ടാകില്ലായെന്ന്. ഇങ്ങനെയും പരീക്ഷയില്‍ നിന്ന് രക്ഷപെടാവുന്നതേയുള്ളു.
ReplyDeleteകുട്ടികളെ വഴക്കുപറയുമ്പോഴാകും മിക്കവാറും സ്വന്തം വിദ്യാര്‍ത്ഥിജീവിതത്തിലേക്ക് അധ്യാപകര്‍ തിരിഞ്ഞു നോക്കുകയെന്ന് എന്റെ അനുഭവം വെച്ച് പറയട്ടെ.
അവില്‍ക്കഥ നന്നായി. രോഹിണി ടീച്ചറാണ് മിടുക്കി.
..ഭർത്താവിന്റെ പേർ നാരായണൻ കുട്ടി ,കേശവൻ കുട്ടി എന്നൊന്നും ആവാതിരുന്നത് ദൈവാധീനം
ReplyDelete..പിന്നെ ചുവന്ന അടയാളം തിരയിൽ പെടാറില്ലായിരുന്നോ?
ഓര്‍മ്മകള്‍ മരിക്കുമോ? ഓളങ്ങള്‍ നിലയ്ക്കുമോ?
ReplyDelete"അച്ഛന്‍ ‘മരംമുറിക്കുന്ന ഒരു തൊഴിലാളി’ ആവാത്തതില്‍ എനിക്ക് മാത്രമല്ല മറ്റു കുട്ടികള്‍ക്കും പ്രയാസം തോന്നിയിരിക്കാം. "
ReplyDeleteഎത്ര നിഷകളങ്കമായ ആഗ്രഹം...... ഒരുപാട് ഇഷ്ടപ്പെട്ടു... എത്ര കാലം ഇതെല്ലാം നിലനിര്‍ത്താന്‍ കഴിയും? നഷ്ടബോധം തോന്നുന്നു.
"പാട്ട് നിന്നപ്പോൾ അതിന്റെ തുടർച്ചയായി ഒരു കുഞ്ഞിന്റെ കരച്ചിൽ; അവിടെ ഒരു കുഞ്ഞ് ഇരുന്ന് കരയുകയാണ്; അത് ഞാൻ തന്നെ,"
ഈ പ്രയോഗവും വളരെ നന്നായി...
മനോഹമായ ടീച്ചറുടെ ഗ്രാമം നേരിട്ടു കാണാന്‍ കൊതിയാവുന്നു......
അച്ചാറും വൈനുമെല്ലാം പോലെയാണ് ഓര്‍മകള്‍. പഴകും തോറും അതിന്റെ വീര്യവും രുചിയുമെല്ലാം വര്‍ധിച്ചുവരും.
ധാരാളം എഴുതണം. വായിക്കന്‍ രസമുള്ള അനുഭവങ്ങള്‍ ....
പള്ളിക്കൂടത്തിലേക്കുള്ള തിരിഞ്ഞു നോട്ടം മനസ്സില്‍ത്തട്ടുന്നതായി..
ReplyDeleteഅധ്യാപനത്തിന്‍റെ പടിവാതില്‍ക്കല്‍ നിന്ന് അധ്യയന നാളുകളിലൂടെയുള്ള സഞ്ചാരം ഹൃദ്യമായി.
ReplyDeleteഗ്രാമീണമായ സ്മരണകള്‍ കാലം മണ്ണിട്ടു പോയെങ്കിലും ബാല്യകാലത്തെ വിദ്യാലയ സ്മൃതികള്‍ നമ്മുടെയൊക്കെ ഹൃദയങ്ങളില്‍ ഇന്നും കണിക്കൊന്നയായി പൂത്തുനില്‍ക്കുന്നുണ്ട്!
കൃത്രിമത്വങ്ങള്‍ അനുഭവപ്പെടാതെയും വര്‍ണനകളുടെ നിറക്കൂട്ടുകളില്ലാതെയുമാണ്, തികച്ചും ലളിതമായും ആഹ്ലാദമുണ്ടാക്കും വിധത്തിലും അവയിലൊരംശം സൌമിനിടീച്ചര്‍ പറഞ്ഞു വെച്ചിരിക്കുന്നത്..
ഒട്ടുവളരെ ഇഷ്ടമായി ഈ രചന.
നന്നായിട്ടുണ്ട്. ഓര്‍മ്മകളിലേയ്ക്ക് ഒന്ന് ഊളിയിടാന്‍ എനിക്കും അവസരം തന്നു.
ReplyDeleteഅവിലിനൊക്കെ ഇപ്പൊ എന്താ വില! ഏതായാലും ടീച്ചറിന്റെ 'ഒപ്പരം'ഞങ്ങളുമുണ്ട്.
ReplyDeleteകമന്റ് വരണില്ല. എന്തോ ഗൂഗിൾ വയറു വേദന.
ReplyDeleteഞാനുണ്ടേയ് ഒപ്പരം.
പോസ്റ്റ് നല്ല ഇഷ്ടായി.
ഓര്‍മ്മക്കുറിപ്പ് ഇഷ്ടപ്പെട്ടു.
ReplyDeleteHari | (Maths)-,
ReplyDeletepoor-me/പാവം-ഞാന്‍-,
വഷളന്‍ജേക്കെ ⚡ WashAllenⒿⓚ-,
നിധിന്‍ ജോസ്-,
mayflowers-,
rafeeQ നടുവട്ടം-,
പാറുക്കുട്ടി-,
ഇസ്മായില്‍ കുറുമ്പടി (shaisma@gmail.com)-,
Echmukutty-,
jyo
അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.
ടീച്ചറെ സത്യം പറയട്ടെ.. എത്ര സരസമായി എഴുതിയിരിക്കുന്നു..!!
ReplyDeleteഇത് ടീച്ചറിന്റെയല്ല വായിക്കുന്ന എല്ലാവരുടെയും (ഒരര്‍ത്ഥത്തില്‍ അല്ലെങ്കില്‍ മറ്റൊരര്‍ത്ഥത്തില്‍ ) അനുഭവമല്ലെ...
നന്ദി, സുഖമുള്ള വായനാനുഭവത്തിന്
Am also a teacher. So good to read it. Thanks a lot.
ReplyDeleteAs a teacher I LIKED IT VERY MUCH!
ReplyDeleteനന്നായിരിക്കുന്നു :)
ReplyDelete