‘പതിവായ്
ഉമ്മകൾ
നൽകി ഞാൻ.
ഒരുനാൾ
വേണ്ടെന്നനുജത്തി.
കാര്യം
എന്തെന്നാരാഞ്ഞു.
കാര്യം
ഏട്ടനും ആണല്ലേ..?’
കവിതാ ലോകത്തിലേക്ക് പിച്ചവെച്ച് നടക്കുന്ന ‘ഹാഷിം സീരകത്ത്’ എന്ന കവിയുടേതാണ് ഈ വരികൾ. ഒരു മഹാസത്യം വിളിച്ചുപറഞ്ഞ് മുതിർന്നവരുടെ കണ്ണ് തുറപ്പിക്കുന്ന കവിത.
അദ്ദേഹത്തിന്റെ ‘വഴി തെറ്റി വന്നവൻ’ എന്ന കവിതാസമാഹരത്തിലെ ഓരോ കവിതയും വേറിട്ട് നിൽക്കുന്നത്, ആശയത്തിന്റെ തീവ്രത കൊണ്ടാണ്. ‘പേറ്റുനോവറിഞ്ഞ എല്ലാ അമ്മമാർക്കും വേണ്ടി’ സമർപ്പിക്കുന്ന ഈ കവിതാ സമാഹാരത്തിലെ കവിതകൾ ഓരോന്നും ആന്തരികമായ ആശയങ്ങൾ കാരണം പൊള്ളുന്നതും, വായനക്കാരനെ ഏറെ നേരം ചിന്തിപ്പിക്കുന്നതുമാണ്.
കണ്ണൂർ ജില്ലയിൽ ശ്രീകണ്ഠാപുരത്ത് താമസിക്കുന്ന ‘ഹാഷിം സീരകത്ത്’ എഴുതിയ 43 കവിതകൾ ഉൾക്കൊള്ളുന്ന ‘വഴി തെറ്റി വന്നവൻ’ എന്ന കവിതാസമാഹാരത്തിന്റെ പ്രകാശനം 24.10.2010 ന് കണ്ണുരിലെ ‘ബാവാച്ചിഹാളിൽ’ വെച്ച് നടന്നു. ശ്രീ. എം. രാധാകൃഷ്ണൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. പ്രശസ്തകവി ശ്രീ. കുരിപ്പുഴ ശ്രീകുമാർ നൽകിയ കവിതാപുസ്തകം കണ്ണുരിന്റെ കവിയായ മാധവൻ പുറച്ചേരി ഏറ്റുവാങ്ങിയതോടെ ഹാഷിമിന്റെ കവിതയെയും കവിയെയും മലയാളികൾ തിരിച്ചറിയാൻ തുടങ്ങി.
പുസ്തകപ്രകാശന ചടങ്ങിൽ അദ്ധ്യക്ഷൻ ശ്രീ രമേശൻ ബ്ലാത്തൂർ ആയിരുന്നു; പുസ്തക പരിചയം നടത്തിയത് ശ്രീ നാരായണൻ കാവുമ്പായി. പി. കെ ശിഹാബുദ്ദീൻ മാസ്റ്റർ, വിനോദ് വെള്ളായിണി, വി. വി. മോഹനൻ, കെ. മനോജ് മാസ്റ്റർ, എന്നിവർ ആശംസാപ്രസംഗം നടത്തി. ഹാഷിം സീരകത്ത് മറുപടി പറഞ്ഞശേഷം ശ്രീ. എൻ. പി. റഷീദ് മാസ്റ്റർ നന്ദി പറഞ്ഞു.
ഹാഷിം ഒരു കവിയാണ്, ഉള്ളിൽ കവിതകൾ നിറഞ്ഞിരിപ്പുണ്ട് എന്ന് തിരിച്ചറിയാൻ നമ്മൾ ഏറെ വൈകി എന്ന് ആശംസാപ്രസംഗം നടത്തിയ എല്ലാവരും അഭിപ്രായപ്പെട്ടു. ശ്രീകണ്ഠാപുരത്തെ ഒരു കടയിലിരുന്ന് മധുര പലഹാരങ്ങളും മധുരിക്കുന്ന പഴങ്ങളും വിൽക്കുന്ന, ചെറുപ്പക്കാരനായ ‘ഹാഷിം’ കവിതയുടെ ലോകത്ത് വിഹരിക്കുന്നുണ്ട് എന്ന് മറ്റുള്ളവർ തിരിച്ചറിഞ്ഞത് ആദ്ദേഹത്തിന്റെ ‘വഴി തെറ്റി വന്നവൻ’ എന്ന കവിതാസമാഹാരത്തിലൂടെയാണ്. അതുവരെ,
‘വ്യതസ്തനാം കവിയായ ഹാഷിമിനെ
സത്യത്തിൽ നമ്മളാരും തിരിച്ചറിഞ്ഞില്ല’
ഹാഷിമിന്റെ കവിത വായിച്ച് കവിയെ തിരിച്ചറിയുന്ന നിമിഷം വായനക്കാർ ആശ്ചര്യപ്പെടുകയാണ്. ആദ്യത്തെ കവിത ‘സുഗന്ധം’ നോക്കു,
കാറ്റിന്റെ
കൈകളിൽ
എത്തിയില്ലെങ്കിൽ
ഞാൻ
ഇപ്പോഴും
രഹസ്യമായേനേ.
… സുഗന്ധം മറ്റുള്ളവർ അറിയണമെങ്കിൽ അതിന് കാറ്റിന്റെ തലോടൽ വേണം. അതെ, ‘വഴി തെറ്റി വന്നവനെ മറ്റുള്ളവനെ’ തിരിച്ചറിയുന്ന കാറ്റ് ആയി മാറുകയാണ് ഈ പുസ്തകപ്രകാശനം. ശ്രീ കുരിപ്പുഴ ശ്രീകുമാർ ഓരോ കവിതയും വായിച്ച് പ്രകാശനകർമ്മം നിർവ്വഹിച്ചതോടെ കവിതാലോകത്തേക്കുള്ള ഹാഷിമിന്റെ കടന്നുവരവിനെ എല്ലാവരും സ്വാഗതം ചെയ്തു.
ഇന്നത്തെ കാലഘട്ടത്തിന്റെ കവിതയാണ് ‘വാഗ്ദാനം’, അതിലെ വരികൾ,
“അയാൾ
ഇവിടെ വന്നത്
അച്ഛനോട് മോൻ പറയരുത്
അമ്മ മോന് തോക്ക്
വാങ്ങിത്തരാം”
“വേണ്ട,
ഞാൻ മൊബൈലിൽ
പിടിച്ച ചിത്രം
കാണിച്ചു കൊടുത്താൽ
അച്ഛനെനിക്ക്
ബോംബ്
വാങ്ങിച്ചു തരും”
ഹാഷിം ഇനിയും ഏറെദൂരം സഞ്ചരിക്കും, കവിതയിലൂടെ; ചിലപ്പോൾ കഥയിലേക്ക് ചുവടുമാറ്റം നടത്താനും ഇടയുണ്ട്.
പുസ്തക പ്രകാശനവുമായി ബന്ധപ്പെട്ട ഏതാനും ഫോട്ടോകൾ കൂടി ഇവിടെ പ്രസിദ്ധീകരിക്കുന്നു.
‘വഴി തെറ്റി വന്നവൻ’ എന്ന് കവിതാ സമാഹരത്തിന്റെ പേരാണെങ്കിലും നമ്മുടെ യുവകവിക്ക് വഴി തെറ്റിയിട്ടില്ല എന്ന് കാലം തെളിയിക്കും. ജീവിതയാത്രയിൽ കവിതാലോകത്ത് ഏറെദൂരം സഞ്ചരിക്കാൻ ‘ഹാഷിം സീരകത്തിന്’ കഴിയട്ടെ എന്ന് ആശംസിക്കുന്നു.