അവിചാരിതമായി അപൂർണ്ണമായ ഒരു യാത്ര,,, കണ്ണൂർ കോട്ടയിലേക്ക്,,,
പാലം കടന്ന് വെളിയിൽ എത്തിയപ്പോഴാണ് സമുദ്രവിഭവങ്ങളായ ഞണ്ട്, കല്ലുമ്മക്കായ, കൂന്തൽ, ചെമ്മീൻ ആദിയായവ വില്പന നടത്തുന്ന ചെറിയ കട, 'Sea Food Court' കണ്ടത്.
അവിടെയും 6മണി നിയമം ബാധകമായതിനാൽ നേരത്തെ കയറിക്കൂടിയവർ കൂന്തൽ പാകം ചെയ്തതിന്റെ ചട്ടി തുടക്കുകയാണ്. പുറമെ ഒരു ഗെയ്റ്റ് കൂടിയുണ്ട്. അവിടെയുള്ള ഗെയ്റ്റ്മാൻ വിളിച്ച് പറയുകയാണ്,,, പുറത്തുപോകാൻ,,
തിരിച്ചുവരുന്ന വഴിയിൽ കണ്ടത്,,,,,
…നൊന്തുപെറ്റ മക്കളെ തെരുവിൽ വലിച്ചെറിയാൻ തയ്യാറായവർക്ക്…
അവരെ ജീവിതത്തിലേക്ക് തള്ളിവിടാനായി,,
അവസാനത്തെ ആശ്രയം,
അമ്മത്തൊട്ടിൽ…
കണ്ണൂർ ജില്ലാ ആശുപത്രിയിൽ ഒരു ശസ്ത്രക്രീയക്ക് ശേഷം വിശ്രമിക്കുന്ന ബന്ധുവിനെ സന്ദർശ്ശിച്ച് പുറത്തിറങ്ങിയപ്പോൾ സമയം 5.30 pm. ഞാൻ മാത്രമല്ല, കൂടെ ഭർത്താവും ഉണ്ട്. അതുകൊണ്ട് പെട്ടെന്നൊരു തോന്നൽ,,,
കണ്ണൂർ കോട്ടയിലേക്ക് പോയാലോ?
‘അവിടെ സന്ദർശ്ശനസമയം ആറ് മണിവരെ ആയിരിക്കും’ എന്ന് ഞാൻ പറഞ്ഞപ്പോൾ അദ്ദേഹം തിരിച്ചടിച്ചു,
“ആറ് മണി എന്നത് ശരിയായിരിക്കാം, അതിനു മുൻപ് അകത്തുകയറിയാൽ പിന്നെ നമ്മുടെ സൌകര്യംപോലെ പുറത്തിറങ്ങിയാൽ മതിയല്ലോ”
കെട്ടിയവൻ പറയുന്നതിന് മറുവാക്ക് പറയാനറിയാത്ത ഞാൻ(?) പിന്നീടൊന്നും പറഞ്ഞില്ല. അങ്ങനെ ഓട്ടോ വരുന്നതും കാത്ത് ഞങ്ങൾ നിന്നു,,, അഞ്ച് മിനിട്ട്.
ഒടുവിൽ ഓട്ടോ നിർത്തിയപ്പോൾ നല്ലവനായ ആ ഓട്ടോഡ്രൈവർ പറഞ്ഞു,
“അങ്ങോട്ട് വണ്ടി പോകില്ല, നേരെയങ്ങ് അഞ്ച് മിനിട്ട് നടന്നാൽ മതി”
അങ്ങനെ സായാഹ്ന സൂര്യരശ്മികളെറ്റ് ഞങ്ങൾ കോട്ടയും തേടി നടന്നു.
പട്ടാളക്കാരുടെ പരേഡ് ഗ്രൌണ്ടൊക്കെ നോക്കി നടന്ന്കഴിഞ്ഞപ്പോൾ കണ്ണൂർകോട്ട ‘സെന്റ് ആഞ്ചലോസ് ഫോർട്ട്’ എന്ന പേര് കണ്ണിലുടക്കി. കണ്ണൂരിൽ ജീവിച്ച, മുൻപ് മൂന്ന് തവണ കോട്ട സന്ദർശ്ശിച്ച എനിക്ക്, അപ്പോൾ മാത്രമാണ് ഒരു കാര്യം മനസ്സിലായത്, ‘ഈ കോട്ട എന്നത് കണ്ണൂർ ജില്ലാ ആശുപത്രിയുടെ തൊട്ടരികിലാണെന്ന്’.
കോട്ടയുടെ കാവാടത്തിൽ എത്തിയപ്പോൾ അവിടെയുള്ള അറിയിപ്പ് ഞങ്ങളെ നിരാശപ്പെടുത്തി, സന്ദർശ്ശനസമയം രാവിലെ 8 മണി മുതൽ വൈകുന്നേരം 6 മണി വരെ മാത്രം. പിന്നെന്തിന് അകത്തുകയറണം? ഞങ്ങൾ മുഖത്തോട് മുഖം നോക്കി,
“ഏതായാലും കയറാം, അകത്ത്കയറിയാൽ പുറത്താക്കാൻ ആരു വരാനാണ്?”
ഭർത്താവ് പറയുന്നത് കേട്ട് അല്പം ചമ്മലോടെയും അല്പം ധൈര്യത്തോടെയും അദ്ദേഹത്തെ അനുഗമിച്ച് അകത്തുകയറി. വർഷങ്ങൾക്ക് മുൻപ് വിദ്യാർത്ഥികളെയും കൂട്ടി വന്നപ്പോൾ കാണുന്ന കണ്ണൂർ കോട്ടയല്ല ഇപ്പോഴെത്തെ കോട്ട. പത്ത് നൂറ് പിള്ളേരുടെ കൂടെ കോട്ടയിൽ വന്നാൽ ‘കുഞ്ഞാടുകളിൽ ആരെങ്കിലും കൈവിട്ട് പോകുമോ’ എന്ന പേടികാരണം മര്യാദക്ക് കോട്ട നോക്കി ആസ്വദിക്കാൻ കഴിഞ്ഞിരുന്നില്ല. ഇപ്പോൾ കോട്ടക്കകം സഞ്ചാരികളെ ആകർഷിക്കാൻ പര്യാപ്തമായ തരത്തിൽ വളരെ മനോഹരമായി വൃത്തിയിൽ സൂക്ഷിച്ചിരിക്കയാണ്.
![]() |
ഇതുപോലുള്ള ചെടികൾ ധാരാളം ഉണ്ട് |
![]() |
പല നിറങ്ങളിലുള്ള പൂക്കൾ |
![]() | |
എത്രയേറെ പൂക്കൾ |
![]() | |
ഇത് നമ്മുടെ നാടൻ, നിത്യകല്യാണി |
![]() |
കണ്ണൂരിലുള്ളവർക്ക് ഇതാണ് ചെമ്പകം, പൂരത്തിന് കാമന്റെ ഇഷ്ടപുഷ്പം |
നടപ്പാതകളുടെ പരിസരത്തെല്ലാം ധാരാളം ചെടികളും പൂക്കളും,,, ഞാൻ ഫോട്ടോ എടുക്കാൻ തുടങ്ങി.
അങ്ങനെ ചുറ്റിനടന്ന് അറബിക്കടലിന്റെ പശ്ചാത്തലത്തിൽ ഫോട്ടോ എടുക്കാൻ നേരത്താണ് മണിമുഴങ്ങിയത്,,,
സമയം ആറ്മണി.
ഇത് എന്റെ ഒരേയൊരു ഭർത്താവ്, അല്പം ദേഷ്യത്തിലാണ് |
![]() |
ഇത് ഞാൻ തന്നെയാ, എങ്ങനെയുണ്ട് |
അവർ മണിയടിച്ചിട്ടും ഞങ്ങൾ മൈന്റ് ചെയ്തില്ല,
അപ്പോഴേക്കും അതാവരുന്നു,,, കോട്ടയുടെ സംരക്ഷകർ.
അയാൾ വിസിലടിച്ച് എല്ലാവരോടും വെളിയിൽ പോകാൻ പറയുകയാണ്. വെറും പത്ത്മിന്ട്ട് സമയം മാത്രം ലഭിച്ചപ്പോൾ എന്നാലാവുന്ന ഫോട്ടോകൾ ഞാനെടുത്തു.
![]() |
കുതിരലായമാണെന്നും തടവറയാണെന്നും പറയുന്ന നീണ്ട ഇടനാഴി |
![]() |
പുറത്തിറങ്ങിയപ്പോൾ കാണുന്ന ദൃശ്യം |
എന്നാൽ കോട്ടയുടെ ചരിത്രപ്രാധാന്യമുള്ള ഒന്നുംതന്നെ കാണാനോ ഫോട്ടോ എടുക്കാനോ കഴിഞ്ഞില്ല. ഞങ്ങളെപ്പോലെ വെളിയിൽ പോകാതെ ചുറ്റിയടിക്കുന്ന ധാരാളം പാർട്ടികൾ ഉണ്ട്. ചിലർ കടൽക്കാറ്റേറ്റ് സ്വയം മറന്നിരിക്കുന്നു. ചില യുവമിഥുനങ്ങൾ വിവാഹ ആൽബത്തിന്റെ അവസാനത്തെ അദ്ധ്യായം ഷൂട്ട് ചെയ്യാൻ ക്യാമറക്കാരും ബന്ധുക്കളുമായി വന്നവരാണ്. കോട്ടയുടെ മുള്ളാണികൾ തറപ്പിച്ച ആ വലിയ കവാടം പൂർണ്ണമായി അടക്കുന്നതിന് മുൻപ് ഞങ്ങളോടൊപ്പം മറ്റ് സന്ദർശ്ശകരും പുറത്താക്കപ്പെട്ടു.
അപ്പോൾ ഭർത്താവിന്റെ വക കമന്റ്,
“നമ്മുടെ കണ്ണൂരിലെ കോട്ടയല്ലെ, ഒരു നല്ലദിവസം നോക്കി നേരത്തെ വരാമല്ലോ”
പുറത്തിറങ്ങിയപ്പോൾ അടഞ്ഞ കോട്ടവാതിലിന്റെയും ചരിത്രസ്മാരകമായ പീരങ്കിയുടെയും ഫോട്ടോ കൂടി എടുത്തു.
![]() |
നമുക്ക് പിന്നിൽ അടഞ്ഞ കോട്ടവാതിൽ |
![]() |
കൊട്ടവാതിലിന് സമീപം തന്നെ അവൻ വിശ്രമിക്കുന്നുണ്ട്, പീരങ്കി |
![]() |
ഒരുകാലത്ത് കടൽജലം ഒഴുകിയിരുന്ന, കോട്ടയെ വേർതിരിക്കുന്ന തോട് |
![]() |
പൂക്കൾ നിറഞ്ഞ അരളി |
![]() |
അതും അടച്ചു പൂട്ടുകയാണ് |
അവർ കടയടക്കുന്നതിനിടയിൽ നിരാശയോടെ കൊതിമൂത്ത ഞങ്ങളും പുറത്ത് കടന്നു.
തിരിയെ നടക്കുമ്പോൾ അസ്തമയസൂര്യൻ എന്നെനോക്കി പരിഹസിക്കുന്നതിന്റെ ഫോട്ടോ എടുക്കാൻ മറന്നില്ല.
ജില്ലാ ആശുപത്രി ബസ്സ്റ്റാന്റിൽ എത്തിച്ചേർന്ന് നാട്ടിലേക്കുള്ള ബസ്സിൽ കയറണം. വന്ന വഴിയെ തിരിച്ചുനടക്കുമ്പോഴാണ് എനിക്കൊരു ആഗ്രഹം ഉണ്ടായത്. ആശുപത്രിയിലെ അമ്മത്തൊട്ടിലിന്റെ ഫോട്ടോ എടുത്താലോ?
കോട്ടയിലേക്ക് പോകുന്ന വഴിയിൽ ആശുപത്രിയുടെ പിൻവശത്തായി അമ്മത്തൊട്ടിലിന്റെ ബോർഡും കവാടവും കണ്ടതാണ്. സന്ധ്യാനേരമായതിനാൽ പരിസരത്ത് അധികം ആളുകൾ ഇല്ലെങ്കിലും നേരെയൊരു ഫോട്ടോ എടുക്കാൻ നോക്കുമ്പോൾ മുന്നിൽ ഒരു ബൈക്ക്.
സമീപത്ത് നിൽക്കുന്ന പരിസരവാസിയായ കടയുടമ അമ്മത്തൊട്ടിലിന്റെ പ്രവർത്തനം പറഞ്ഞുതന്നു. വാതിൽ തുറന്ന് അകത്ത് കടന്നാൽ തൊട്ടിൽ ഉള്ള ഭാഗം തുറന്നുവരുമെന്ന് പറഞ്ഞപ്പോൾ അകത്ത് കടന്ന് ആ തൊട്ടിലിന്റെ ഫോട്ടോ എടുത്താലോ എന്നൊരു ചിന്ത എനിക്കുണ്ടായി. പുറത്ത് നിന്ന് സൌകര്യപ്രദമായ ഒരു ഫോട്ടോകൂടി എടുത്തതിനുശേഷം വാതിൽ തള്ളിത്തുറന്ന് അകത്തേക്ക് പ്രവേശിച്ചു.
![]() |
വാതിലും ജനാലയും ഗ്ലാസ്സ് ആണെങ്കിലും ഉൾവശം കാണാനാവില്ല |
ഞാൻ ഉള്ളിൽ പ്രവേശിച്ച ആ നിമിഷം മുറിയിൽ പ്രകാശം പരന്നു, ഒപ്പം ശബ്ദത്തോടെ തൊട്ടിലുള്ള ഭാഗം തുറന്നു. തുടർന്ന് ഒരു പ്രത്യേക അറിയിപ്പ് എന്റെ ചെവികളിൽ പതിച്ചു, “ഒരു നിമിഷം ചിന്തിക്കൂ, നൊന്തുപെറ്റ കുഞ്ഞിനെയാണ് ഇവിടെ ഉപേക്ഷിക്കാൻ പോകുന്നത്. നിങ്ങൾ ഈ കുഞ്ഞിന്റെ അമ്മയാണ്. ഇത് നിങ്ങളുടെ രക്തത്തിൽപിറന്ന കുഞ്ഞാണ്……”
ബാക്കി കേൾക്കുന്നതിനു മുൻപ് തയ്യാറാക്കി വെച്ച ക്യാമറകൊണ്ട് തൊട്ടിൽ ക്ലിക്ക് ചെയ്ത് പെട്ടെന്ന് പുറത്തിറങ്ങി.
പുറത്തിറങ്ങിയപ്പോൾ ആകെ ഒരു ഭയം,, അമ്മത്തൊട്ടിൽ കാണാനായി അകത്തുകടന്നത് അതിക്രമം ആയോ? അകത്ത് ആള് പ്രവേശിച്ച വിവരം ആശുപത്രിയിൽ അറിഞ്ഞിരിക്കുമോ?
എനിക്ക് സംശയങ്ങൾ കൂടുകയാണ്,,,
നമ്മുടെ ജില്ലാ ആശുപത്രിയിൽ ഇങ്ങനെയൊരു സംവിധാനം ഉള്ളതുകൊണ്ട് കുഞ്ഞുങ്ങൾ രക്ഷപ്പെടുമോ? ജീവിക്കാൻ ഭാഗമുള്ള കുഞ്ഞുങ്ങൾക്ക് അമ്മത്തൊട്ടിലിന്റെ ആവശ്യം വരുമോ?
നമ്മുടെ ജില്ലാ ആശുപത്രിയിൽ ഇങ്ങനെയൊരു സംവിധാനം ഉള്ളതുകൊണ്ട് കുഞ്ഞുങ്ങൾ രക്ഷപ്പെടുമോ? ജീവിക്കാൻ ഭാഗമുള്ള കുഞ്ഞുങ്ങൾക്ക് അമ്മത്തൊട്ടിലിന്റെ ആവശ്യം വരുമോ?
ഇപ്പോഴെത്തെ കാലഘട്ടത്തിൽ അത്യാവശ്യമുള്ളത് മറ്റൊന്നാണ്,,,
ഒരു അമ്മൂമ്മത്തൊട്ടിൽ,,,
ഒരു അപ്പൂപ്പൻതൊട്ടിൽ,,,
അവരെയാണല്ലോ പലരും ഉപേക്ഷിക്കുന്നത്!!!