പൊന്നോണക്കാലത്ത്
പൊന്നിൻനിറമുള്ള പൂക്കളണിയുന്ന മരമാണ് ‘പൊന്നാവീരം’. ഞാൻ ജനിച്ചുവളർന്ന കടൽതീരഗ്രാമത്തിൽ
എന്റെവീട്ടിൽമാത്രം കാണപ്പെട്ട ഒരേയൊരു മരമായിരുന്നു അത്, പൊന്നിൻ ചിങ്ങത്തിന്റെ
വരവറിയിച്ച് വർഷംതോറും പുഷ്പങ്ങൾ നിറയുന്ന പൊന്നാവീരം. എന്റെ ഗ്രാമത്തിന് മാത്രം സ്വന്തമായ
ഒറ്റപ്പെട്ട മറ്റുപല മരങ്ങളും അക്കാലത്ത് ഉണ്ടായിരുന്നു; ഒരേയൊരു മുരിങ്ങമരം,
ഒരേയൊരു കണിക്കൊന്ന, ഒരേയൊരു പുളിമരം, ഒരേയൊരു ഉയരംകുറഞ്ഞ തെങ്ങ്, ഒരേയൊരു കടലാസ്പൂവ്
ചെടി, ഒരേയൊരു യക്ഷിപ്പന, ഒരേയൊരു ചെന്തമരി അങ്ങനെപലതും. ഇതെല്ലാം ഗ്രാമീണരുടെ
പൊതുസ്വത്താണ്, പൊന്നാവീരം എന്റെ വീട്ടുപറമ്പിലാണെങ്കിലും കണിക്കൊന്നയെക്കാൾ
വലിപ്പമുള്ള വിടർന്ന്നിവർന്ന അതിലെ പൂക്കൾ മൊത്തമായി പറിച്ച് ഓഹരിവെച്ചിട്ട്
പൂക്കളമിടുന്നത് എന്റെ വീട്ടുമുറ്റത്ത് മാത്രമായിരിക്കില്ല, നാട്ടുകാരുടെയെല്ലാം
മുറ്റത്ത്കൂടി ആയിരിക്കും.
പൊന്നാവീരം എന്ന്
നാട്ടുകാർ പറയുന്ന മരം എന്റെ വീട്ടുമുറ്റത്തിന് സമീപം മാത്രമേ ഞാൻ കണ്ടിട്ടുള്ളു.
ഞാൻ നടന്ന വഴികളിലും പഠിച്ച സസ്യശാസ്ത്രത്തിലും ഇതുവരെ അങ്ങനെയൊരു മരത്തെ കണ്ടിട്ടില്ല.
കണിക്കൊന്നയെപ്പോലെ മഞ്ഞപ്പൂക്കൾ വിടരുന്ന അതേ കുടുംബത്തിൽ ഉൾപ്പെട്ട ഏതാണ്ട് പത്ത് മീറ്റർ മാത്രം ഉയരമുള്ള ഇലകൊഴിയാത്ത മരം. സാധാരണ വൃക്ഷങ്ങൾ
പുഷ്പിക്കുന്നത് ശൈത്യകാലത്തിനു ശേഷമാണെങ്കിലും നമ്മുടെ പൊന്നാവീരത്തിൽ പൂക്കൾ
നിറയുന്നത് കാലവർഷം അവസാനിക്കുന്ന ഓണക്കാലത്താണ്.
തലശ്ശേരിയിൽനിന്ന് എന്റെ വലിയമ്മാവൻ കൊണ്ടുവന്ന് നട്ടുവളർത്തിയ മൂന്ന്തരം ചെടികളിൽ ഒന്നാണിത്. ധാരാളം വിത്തുകൾ ഉണ്ടാവുമെങ്കിലും ഞാൻ മുതിർന്നപ്പോഴേക്കും അടുത്ത തലമുറ അവശേഷിക്കാതെ പൊന്നാവീരം ഉണങ്ങിനശിച്ചു. എങ്കിലും അയൽപക്കത്തെ ആൺകുട്ടികൾ നന്നായി ചരിഞ്ഞ്വളർന്ന ആ മരത്തിന്റെ മുകളിൽ എളുപ്പത്തിൽകയറിയിട്ട് സ്വർണ്ണനിറമുള്ള പൂക്കൾ പറിച്ച് കൂട്ടിയിടുന്നതും എല്ലാവീട്ടുകാർക്കുംവേണ്ടി അവ പങ്ക്വെക്കുന്നതും എന്റെ ഓർമ്മയിലുണ്ട്.
തലശ്ശേരിയിൽനിന്ന് എന്റെ വലിയമ്മാവൻ കൊണ്ടുവന്ന് നട്ടുവളർത്തിയ മൂന്ന്തരം ചെടികളിൽ ഒന്നാണിത്. ധാരാളം വിത്തുകൾ ഉണ്ടാവുമെങ്കിലും ഞാൻ മുതിർന്നപ്പോഴേക്കും അടുത്ത തലമുറ അവശേഷിക്കാതെ പൊന്നാവീരം ഉണങ്ങിനശിച്ചു. എങ്കിലും അയൽപക്കത്തെ ആൺകുട്ടികൾ നന്നായി ചരിഞ്ഞ്വളർന്ന ആ മരത്തിന്റെ മുകളിൽ എളുപ്പത്തിൽകയറിയിട്ട് സ്വർണ്ണനിറമുള്ള പൂക്കൾ പറിച്ച് കൂട്ടിയിടുന്നതും എല്ലാവീട്ടുകാർക്കുംവേണ്ടി അവ പങ്ക്വെക്കുന്നതും എന്റെ ഓർമ്മയിലുണ്ട്.
![]() |
ചേരണി |
തുമ്പ |
മഷിപൂവ് |
പൂക്കൾ പറിച്ചെടുക്കാനായി വൈകുന്നേരം
കുട്ടികൾ ഇറങ്ങുന്നത്, തെങ്ങോലകൊണ്ട് നിർമ്മിച്ച ‘കൊമ്മ’യും കഴുത്തിലിട്ടാണ്. പച്ചോല
നാലെണ്ണം ചീന്തിയതും നാല് കാരമുള്ളും സംഘടിപ്പിച്ച് അമ്മയുടെയോ അമ്മൂമ്മയുടെയോ
കൈയിൽ കൊടുത്താൽ അത് മടക്കിവെച്ച് കാലുകൊണ്ട് ചവിട്ടി, കാരമുള്ള്
കുത്തിയുറപ്പിച്ച് മെടഞ്ഞ് നിർമ്മിക്കുന്ന ചെറിയ പൂക്കൂടയാണ് ‘കൊമ്മ’. ഓലയുടെ
അറ്റം നൂലുപോലെ ചീന്തിയതിന്റെ രണ്ടറ്റം കൊമ്മയുടെ വക്കിൽ കെട്ടിയുറപ്പിച്ച്
കഴുത്തിലിട്ടുകൊണ്ടാണ് പൂപറിക്കാൻ കുട്ടിപ്പട നാട്ടിലിറങ്ങുന്നത്. വേലിയും
മതിലുമില്ലാത്ത എന്റെ കടൽതീരഗ്രാമത്തിൽ എല്ലാ പറമ്പിലും വിടരുന്ന പൂക്കൾ എല്ലാ
കുട്ടികൾക്കും പറിച്ചെടുക്കാം.
മുക്കുറ്റി |
പൂക്കൾ പറിച്ചെടുക്കുന്നത്
കുട്ടികളാണെങ്കിലും വീട്ടുമുറ്റത്ത് പൂക്കളം നിർമ്മിക്കാൻ വീട്ടിലെ മുതിർന്നവരുടെ
സഹായംകൂടി ഉണ്ടാവും. പൂക്കളത്തിന്റെ വലിപ്പം നിർണ്ണയിക്കുന്നത് ഇന്നത്തെപോലെ
പണക്കൊഴുപ്പല്ല, ഓരോവീട്ടിൽ നിന്നും പൂക്കൾ പറിക്കാനിറങ്ങുന്ന കുട്ടികളുടെ എണ്ണവും
കരവിരുതും ആയിരിക്കും. എന്റെ വീട്ടിൽ ആകെയൊരു കുട്ടി ഞാനായതിനാൽ പൂക്കളത്തിന്റെ
വലിപ്പം പലപ്പോഴും കുറഞ്ഞിരിക്കും.
പഗോഡ |
കണ്ണൂരിലുള്ളവർ ഓണവും
വിഷുവും ആഘോഷിക്കുന്നത് തുല്ല്യപ്രാധാന്യത്തോടെയാണ്. ഓണമായാലും വിഷു ആയാലും രണ്ട്
ദിവസമാണ് ആഘോഷം; ചെറിയ ഓണവും വലിയ ഓണവും, ചെറിയ വിഷുവും വലിയ വിഷുവും. അങ്ങനെ
രണ്ട് ദിവസവും ഇഷ്ടംപോലെ ഭക്ഷണം ഉണ്ടാവും, അത് മത്സ്യമാംസം ഒഴിവാക്കാനാവാത്ത
സദ്യയാണ്. ഇപ്പോൾ കോഴിയുടെ കഴുത്തിൽ കത്തിവീഴുമ്പോൾ പഴയകാലത്ത്
ആടിന്റെ കഴുത്തിൽ മാത്രമായിരിക്കും കത്തി വീഴുന്നത്. ഗ്രാമത്തിലെ അറവുകാരൻ ഏതാനും ദിവസം
മുൻപുതന്നെ രണ്ടോ മൂന്നോ ‘കുട്ടനാടുകളെ’ സംഘടിപ്പിച്ച് പ്ലാവിലയും വെള്ളവും
കൊടുക്കാൻ തുടങ്ങിയിരിക്കും; വിശേഷദിവസങ്ങളിൽ മാത്രം അറവ് തൊഴിലാക്കിയ
വ്യക്തിയാണയാൾ.
നമ്മുടെ ആഘോഷങ്ങളെല്ലാം
അവസാനിക്കുന്നത് കടൽതീരത്ത് ആയിരിക്കും. വയറുനിറയെ ഭക്ഷണം കഴിച്ച കുട്ടികളും
മുതിർന്നവരും കടൽതീരത്ത് നടക്കാനിറങ്ങും. എല്ലാദിവസം അറബിക്കടലിന്റെ സംഗീതംകേട്ട്
ഉറങ്ങുകയും ഉണരുകയും ചെയ്യുന്നവരാണെങ്കിലും വിശേഷദിവസങ്ങളിൽ ആ വെളുത്ത
പൂഴിമണലിലിറങ്ങി നടക്കുക എന്നത് നമ്മുടെ ഒരു ശീലമാണ്. സൂര്യൻ കടലിൽതാഴ്ന്ന് ഇരുട്ട് പരക്കുന്നതുവരെ കടൽതീരത്ത് നടക്കാനും കളിക്കാനും വിശ്രമിക്കാനുമായി നാട്ടുകാരായ സ്ത്രീപുരുഷന്മാരും കുട്ടികളും ഉണ്ടാവും.
‘അക്ഷരങ്ങൾ
പഠിക്കാൻ തുടങ്ങുന്ന’ എന്റെ കുട്ടിക്കാലത്തെ ഒരു തിരുവോണ ദിവസം,,,
അക്കാലത്ത് എല്ലാ ആഘോഷവും
കുട്ടികളുടേതാണ്, അവർക്ക് ഓടാം ചാടാം ഇഷ്ടംപോലെ കൂവി വിളിച്ചുകൊണ്ട്
ഓടിക്കളിക്കാം. ആ ദിവസം കുട്ടികൾ ഓടിച്ചാടി കളിച്ച് മടുത്തപ്പോൾ കടപ്പുറംവിട്ട്
ഏറ്റവും അടുത്തുള്ള എന്റെ വീട്ടിലെത്തി എല്ലാവരും ചേർന്ന് വരാന്തയിലിരുന്നു, ആണും
പെണ്ണുമായി അഞ്ചെട്ട് പേരുണ്ട്. വലിയ വീടായതിനാൽ മുറ്റത്തും വരാന്തയിലും
അകത്തുമായി ഇഷ്ടംപോലെ ഇരിക്കാനും ഓടിച്ചാടി കളിക്കാനും ഇടമുണ്ട്. പിന്നെ
തിന്നാനുള്ള വക പലപ്പോഴും അടുക്കളയിൽ നിന്ന് കിട്ടും. ആനേരത്ത് അമ്മ കൊണ്ടുവന്ന
പാൽപായസം എല്ലാവരും കുടിച്ചുതീർത്തു.
അപ്പോഴാണ്
കൂട്ടത്തിലുള്ള ഒരുത്തന്റെ തലയിൽ പെട്ടെന്നൊരു ചിന്തയുണർന്നത്,
‘ഇനി
നമുക്ക് ഒളിച്ചുകളിക്കാം’
കിലുക്കാംപെട്ടി |
കടപ്പുറം
പരിപാടി വിട്ട് നമ്മളെല്ലാവരും ഒളിച്ചുകളിക്കാൻ തീരുമാനിച്ചു, ഒരാൾ അച്ച്പിടിച്ച്
കണ്ണടച്ച് ഒന്നുമുതൽ ഇരുപത് വരെ എണ്ണുക, അതിനിടയിൽ മറ്റുള്ളവർ ഒളിച്ചിരിക്കും.
ഒളിച്ചിരിക്കുന്ന എല്ലാവരെയും കണ്ടെത്തിയാൽ പിന്നീട് കണ്ണടച്ച് എണ്ണാനുള്ള ഊഴം
അടുത്ത കുട്ടിക്ക് ആയിരിക്കും. അതിനിടയിൽ ഒളിക്കാനുള്ള പരിധി നിശ്ചയിക്കും; വീട്,
വീടിന്റെ അകം, അങ്ങനെ വരുന്ന പരിധിയിൽ അടുക്കള കുളിമുറി തുടങ്ങിയവ ഒഴിവാക്കും.
തൊട്ടാവാടി |
നമ്മൾ ഒളിച്ചുകളി
ആരംഭിച്ചു; കുട്ടത്തിൽ മുതിർന്ന കുട്ടി വരാന്തയിലെ തൂണുകളിലൊന്ന് അച്ച്
ആക്കിമാറ്റി അതും പിടിച്ചുകൊണ്ട് കണ്ണടച്ച് എണ്ണാൻ തുടങ്ങിയപ്പോൾ മറ്റുള്ളവർ
ഒളിക്കാനിടംതേടി പരക്കംപാഞ്ഞു. കൂട്ടത്തിലുള്ള ഞാൻ വീട്ടിനകത്ത് കടന്ന് നേരെ
തെക്കെ അകത്തേക്ക് കടന്നു; എന്റെ വീടല്ലെ, മറ്റുള്ളവരെക്കാൾ സമർത്ഥമായി ഒളിക്കാനുള്ള
ഇടം എനിക്കല്ലെ അറിയുന്നത്! ഞാൻ നേരെപോയി മുറിക്കകത്തുള്ള കട്ടിലിന്റെ അടിയിൽ
ഒളിച്ചു, ആകെ ഇരുട്ടായതിനാൽ എന്നെയാരും കാണുകയില്ല. തെക്കെ അകം വലിയമ്മാവന്
സ്വന്തമായ മുറിയായതിനാൽ മറ്റുള്ളവർക്ക് അതിനകത്തേക്ക് പ്രവേശനം കുറവാണ്. എന്റെ
ഗ്രാമത്തിലെ ഒരേയൊരു അദ്ധ്യാപകനായതുകൊണ്ട് വീട്ടുകാർക്ക് മാത്രമല്ല നാട്ടുകാർക്കും
അദ്ദേഹത്തെ ഭയമാണ്.
![]() |
കാക്കപ്പൂ |
വലിയമ്മാവന്റെ മുറിയിൽ കടക്കാൻ അടുത്തകാലത്തായി എനിക്ക് പേടി തോന്നാറില്ല. കാരണം ഏതാനും മാസംമുൻപ് അമ്മാവന്റെ വിവാഹം കഴിഞ്ഞപ്പോൾ രാത്രിനേരത്ത് മറ്റാരും കാണാതെ അമ്മായി അദ്ദേഹത്തിന്റെ മുറിയിലേക്ക് പോകുന്നത് കാണാം, അപ്പോൾ എനിക്കും അകത്ത് കടന്നാലെന്താ? അമ്മായി ഇതിനകത്താണ് ഉറങ്ങുന്നത്പോലും; എന്നിട്ട് അകം മുഴുവൻ തപ്പിനോക്കിയിട്ട് അമ്മാവൻ ഉറങ്ങുന്ന കട്ടിലും കിടക്കയുമല്ലാതെ മറ്റൊന്നും ഞാൻ കണ്ടിട്ടില്ല,,, ഒരു കീറപ്പായപോലും. അമ്മായി കസാരയിൽ ഇരുന്നായിരിക്കും ഉറങ്ങുന്നത്, പിന്നെങ്ങനാ?
ചെമ്പരത്തി |
കട്ടിലിനടിയിലെ ഇരുട്ടിൽ ഒളിച്ചിരുന്ന്
വെളിയിലേക്ക് നോക്കിയിരിക്കെ ആ മുറിയിലേക്ക് ഒരു നിഴൽപോലെ മറ്റൊരുത്തൻ
കടന്നുവന്നു. കുനിഞ്ഞ് മുട്ടുകുത്തിയിരുന്ന ആ നിഴൽ നേരെ ഞാനൊളിച്ചിരിക്കുന്ന
കട്ടിലിനടിയിലേക്ക് വന്നു. ഇരുട്ടത്ത് തിളങ്ങുന്ന അവന്റെ കണ്ണുകൾ നോക്കി ഞാൻ
പറഞ്ഞു,
“വേഗം
പോയ്ക്കോ, ഇവിടെ ഞാനൊളിച്ചിട്ടുണ്ട്”
വീട്ടുകാരിയാണല്ലൊ
പറയുന്നത് എന്ന് മനസ്സിലാക്കിയ അവൻ പറഞ്ഞു,
“നീയിവിടെ
ഒളിച്ചൊ, ഞാനപ്രത്തെ മുറിയിൽ പോകാം”
അവൻ
വെളിയിലേക്കിട്ട തല പെട്ടെന്ന് ഉള്ളിലേക്ക് വലിച്ച് എന്നോട് മിണ്ടരുത് എന്ന് ആഗ്യം
കാണിച്ചു. ഞാൻ നോക്കിയപ്പോൾ കണ്ടത് മുറിയിലേക്ക് നടന്നു കയറിയ രണ്ട് കാലുകളാണ്,
എന്റെ അമ്മായിയുടെ കാലുകൾ. അമ്മായി അകത്തേക്ക് വന്ന് നേരെ കട്ടിലിൽകയറി
കിടന്നപ്പോൾ എനിക്കാശ്ചര്യം വന്നു. അമ്മാവൻ മാത്രം കിടക്കുന്ന കട്ടിലിൽ അമ്മായി കിടക്കുന്നത് ആരെങ്കിലും കണ്ടാൽ?
![]() |
ശംഖ്പുഷ്പം...നീല |
ഞങ്ങൾ രണ്ട്പേരെയും പിടിച്ച് മുറ്റത്തിറങ്ങിയ
അമ്മാവൻ ആദ്യംകണ്ട വടിയെടുത്ത് അവനെമാത്രം അടിക്കാൻ തുടങ്ങി, തിരുവോണ ദിവസം
പടക്കം പൊട്ടുകയാണ്. മൂന്നാമത്തെ അടി വീണപ്പോൾ അമ്മായി വന്ന് തടഞ്ഞതിനാൽ വടി
അകലേക്ക് എറിഞ്ഞുകൊണ്ട് എല്ലാവരെയുംനോക്കി അമ്മാവൻ താക്കീത് നൽകി, “ഇനി
വീട്ടിനകത്ത് വന്ന് കളിച്ചാൽ എല്ലാവർക്കും ചുട്ടഅടി കിട്ടും, പറഞ്ഞേക്കാം”
നാട്ടിലെ
ഒരേയൊരു അദ്ധ്യാപകനായതിനാൽ എന്റെ വലിയമ്മാവന് എല്ലാ കുട്ടികളെയും ശിക്ഷിക്കാനുള്ള
അധികാരം അക്കാലത്ത് ഉണ്ടായിരുന്നു.
അടികൊണ്ടവനെ ആശ്വസിപ്പിച്ചുകൊണ്ട് കളി
പൂർത്തിയാക്കാനായി കടൽക്കരയിലേക്ക് എല്ലാവരും നടന്നു. അപ്പോൾ കൂട്ടത്തിൽ കുട്ടിയായ
ഞാൻ ചിന്തിക്കുകയാണ്,
വലിയമ്മാവൻ
എന്തുകൊണ്ട് എന്നെ അടിച്ചില്ല?
വലിയമ്മാവന്റെതു
മാത്രമായ കട്ടിലിൽ അമ്മായി എന്തിന് കിടന്നു?
പിൻകുറിപ്പ്:
വിഷുദിവസവും പടക്കം പൊട്ടിയിട്ടുണ്ട്,വിഷുവിന്റെ പടക്കം പൊട്ടുന്നത് വായിക്കാൻ,
തുറക്കുക,