“മിനിലോകം”

ഞാന്‍ മിനി... എന്റെ മനസ്സ് എന്റെ ലോകമാണ്. എന്റെ മനസ്സില്‍(ഓര്‍മ്മയില്‍) തങ്ങിനില്‍ക്കുന്ന കാര്യങ്ങള്‍,വേണ്ടതും വേണ്ടാത്തതും ഞാന്‍ ഇവിടെ പകര്‍ത്തുന്നു. ഇതു വായിക്കാം, അഭിപ്രായം എഴുതാം. ജീവിതത്തില്‍ നിന്നും ഞാന്‍ കണ്ടെത്തിയ ധാരാളം ചെറിയ‘വലിയ’ സംഭവങ്ങള്‍ ഉണ്ട്. അവയെല്ലാം ചിത്രങ്ങളോടൊപ്പം ഇവിടെ അവതരിപ്പിക്കുന്നു. എന്റെ ലോകത്തേക്ക് “മിനിലോക”ത്തിലേക്ക് ഞാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു... ചിരിക്കാം, കളിക്കാം, ചിന്തിക്കാം... എന്ന് നിങ്ങളുടെ: mini//മിനി

August 29, 2012

തിരുവോണ സായഹ്നത്തിൽ പൊട്ടിയ പടക്കങ്ങൾ


                        പൊന്നോണക്കാലത്ത് പൊന്നിൻ‌നിറമുള്ള പൂക്കളണിയുന്ന മരമാണ് ‘പൊന്നാവീരം’. ഞാൻ ജനിച്ചുവളർന്ന കടൽ‌തീരഗ്രാമത്തിൽ എന്റെവീട്ടിൽ‌മാത്രം കാണപ്പെട്ട ഒരേയൊരു മരമായിരുന്നു അത്, പൊന്നിൻ ചിങ്ങത്തിന്റെ വരവറിയിച്ച് വർഷം‌തോറും പുഷ്പങ്ങൾ നിറയുന്ന പൊന്നാവീരം. എന്റെ ഗ്രാമത്തിന് മാത്രം സ്വന്തമായ ഒറ്റപ്പെട്ട മറ്റുപല മരങ്ങളും അക്കാലത്ത് ഉണ്ടായിരുന്നു; ഒരേയൊരു മുരിങ്ങമരം, ഒരേയൊരു കണിക്കൊന്ന, ഒരേയൊരു പുളിമരം, ഒരേയൊരു ഉയരം‌കുറഞ്ഞ തെങ്ങ്, ഒരേയൊരു കടലാസ്‌പൂവ്‌ ചെടി, ഒരേയൊരു യക്ഷിപ്പന, ഒരേയൊരു ചെന്തമരി അങ്ങനെപലതും. ഇതെല്ലാം ഗ്രാമീണരുടെ പൊതുസ്വത്താണ്, പൊന്നാവീരം എന്റെ വീട്ടുപറമ്പിലാണെങ്കിലും കണിക്കൊന്നയെക്കാൾ വലിപ്പമുള്ള വിടർന്ന്‌നിവർന്ന അതിലെ പൂക്കൾ മൊത്തമായി പറിച്ച് ഓഹരിവെച്ചിട്ട് പൂക്കളമിടുന്നത് എന്റെ വീട്ടുമുറ്റത്ത് മാത്രമായിരിക്കില്ല, നാട്ടുകാരുടെയെല്ലാം മുറ്റത്ത്‌കൂടി ആയിരിക്കും.   

                         പൊന്നാവീരം എന്ന് നാട്ടുകാർ പറയുന്ന മരം എന്റെ വീട്ടുമുറ്റത്തിന് സമീപം മാത്രമേ ഞാൻ കണ്ടിട്ടുള്ളു. ഞാൻ നടന്ന വഴികളിലും പഠിച്ച സസ്യശാസ്ത്രത്തിലും ഇതുവരെ അങ്ങനെയൊരു മരത്തെ കണ്ടിട്ടില്ല. കണിക്കൊന്നയെപ്പോലെ മഞ്ഞപ്പൂക്കൾ വിടരുന്ന അതേ കുടുംബത്തിൽ ഉൾപ്പെട്ട ഏതാണ്ട് പത്ത് മീറ്റർ മാത്രം ഉയരമുള്ള ഇലകൊഴിയാത്ത മരം. സാധാരണ വൃക്ഷങ്ങൾ പുഷ്പിക്കുന്നത് ശൈത്യകാലത്തിനു ശേഷമാണെങ്കിലും നമ്മുടെ പൊന്നാവീരത്തിൽ പൂക്കൾ നിറയുന്നത് കാലവർഷം അവസാനിക്കുന്ന ഓണക്കാലത്താണ്. 
                        തലശ്ശേരിയിൽ‌നിന്ന് എന്റെ വലിയമ്മാവൻ കൊണ്ടുവന്ന് നട്ടുവളർത്തിയ മൂന്ന്‌തരം ചെടികളിൽ ഒന്നാണിത്. ധാരാളം വിത്തുകൾ ഉണ്ടാവുമെങ്കിലും ഞാൻ മുതിർന്നപ്പോഴേക്കും അടുത്ത തലമുറ അവശേഷിക്കാതെ പൊന്നാവീരം ഉണങ്ങിനശിച്ചു. എങ്കിലും അയൽ‌പക്കത്തെ ആൺ‌‌കുട്ടികൾ നന്നായി ചരിഞ്ഞ്‌വളർന്ന ആ മരത്തിന്റെ മുകളിൽ എളുപ്പത്തിൽ‌കയറിയിട്ട് സ്വർണ്ണനിറമുള്ള പൂക്കൾ പറിച്ച് കൂട്ടിയിടുന്നതും എല്ലാവീട്ടുകാർക്കും‌വേണ്ടി അവ പങ്ക്‌വെക്കുന്നതും എന്റെ ഓർമ്മയിലുണ്ട്.

ചേരണി
                         ഒരു വർഷം മുൻപ്‌വന്ന ഒരു പത്രവാർത്ത കണ്ടപ്പോഴാണ് എന്റെ പൊന്നാവീരത്തെക്കുറിച്ച് കൂടുതൽ ചിന്തിച്ചത്. തലശ്ശേരിയിലെ ഒരു വീട്ടിൽ ഇതുപോലുള്ള ഒരു സസ്യം മുൻപ് ഉണ്ടായിരുന്നു. ഔഷധപ്രാധാന്യമുള്ള ആ ചെടിയുടെ പേരാണ് ‘പൊന്നവര’. വിത്ത് മുളച്ച് അടുത്ത തലമുറ വളരാത്തതുകൊണ്ട് ഇപ്പോൾ പൊന്നവര അപ്രത്യക്ഷമായി എന്നാണ് വാർത്ത. ചെടിയുടെ വിവരണത്തിൽ‌നിന്ന് കുട്ടിക്കാലത്ത് പൂക്കളം നിർമ്മിക്കാൻ നാട്ടുകാർക്ക് പുക്കൾ‌തന്ന് സഹായിച്ച പൊന്നാവീരം, ‘പൊന്നവര’ തന്നെയാണെന്ന് ഞാൻ വിശ്വസിക്കുന്നു. പൊന്നവര നാട്ടുകാരുടെ ഭാഷയിൽ പൊന്നാവീരം ആയതാവാം.


തുമ്പ
                 ഓണക്കാലമായാൽ അത്തം‌നാളിന്റെ തലേദിവസം വൈകിട്ട്‌മുതൽ നമ്മൾ കുട്ടികൾ പൂപറിക്കാൻ തുടങ്ങും. ഗ്രാമത്തിലെ കുട്ടികൾ പൂക്കൾ പറിക്കുന്നത് പ്രധാനമായും തലേദിവസം വൈകിട്ടാണ്. ഇന്നത്തെപോലെ അത്തം വെളുക്കുകയോ ഓണം കറുക്കുകയോ ചെയ്യാറില്ല; അത്തം‌മുതൽ എന്നും കാലാവസ്ഥ തെളിഞ്ഞതായിരിക്കും. ചിലപ്പോൾ ചിങ്ങമാസത്തെ മഴ ചിനുങ്ങിയാലും അന്തരീക്ഷം മഴക്കാലത്തിന്റെത് ആയിരിക്കില്ല. പൂന്തോട്ടത്തിൽ നട്ടുവളർത്തുന്ന ചെട്ടിപ്പൂ, ചെണ്ട്‌മല്ലിക, ചെമ്പരത്തി ആദിയായ ചെടികളിൽ പൂ വിരിയാറില്ലെങ്കിലും വീട്ടുപറമ്പിലുള്ള തുമ്പ, മഷിപ്പൂ, കാക്കപ്പൂ, തൊട്ടാവാടി, ചേരണി, മുക്കുറ്റി, പഗോഡ, അരിപ്പൂ എന്നിവയെല്ലാം പൂത്തുലഞ്ഞ് ഞങ്ങൾ കുട്ടികളെ കാത്തിരിക്കുന്നുണ്ടാവും. തീരപ്രദേശത്ത് മാത്രം കാണപ്പെടുന്ന ഉയരം കുറഞ്ഞ തുമ്പച്ചെടികളിൽ വിടരുന്ന വെള്ളപൂക്കൾ പറിച്ചെടുക്കാനാണ് കുട്ടികൾ കൂടുതൽ താല്പര്യം കാണിക്കുന്നത്.  


മഷിപൂവ്
                   പൂക്കൾ പറിച്ചെടുക്കാനായി വൈകുന്നേരം കുട്ടികൾ ഇറങ്ങുന്നത്, തെങ്ങോലകൊണ്ട് നിർമ്മിച്ച ‘കൊമ്മ’യും കഴുത്തിലിട്ടാണ്. പച്ചോല നാലെണ്ണം ചീന്തിയതും നാല് കാരമുള്ളും സംഘടിപ്പിച്ച് അമ്മയുടെയോ അമ്മൂമ്മയുടെയോ കൈയിൽ കൊടുത്താൽ അത് മടക്കിവെച്ച് കാലുകൊണ്ട് ചവിട്ടി, കാരമുള്ള് കുത്തിയുറപ്പിച്ച് മെടഞ്ഞ് നിർമ്മിക്കുന്ന ചെറിയ പൂക്കൂടയാണ് ‘കൊമ്മ’. ഓലയുടെ അറ്റം നൂലുപോലെ ചീന്തിയതിന്റെ രണ്ടറ്റം കൊമ്മയുടെ വക്കിൽ കെട്ടിയുറപ്പിച്ച് കഴുത്തിലിട്ടുകൊണ്ടാണ് പൂപറിക്കാൻ കുട്ടിപ്പട നാട്ടിലിറങ്ങുന്നത്. വേലിയും മതിലുമില്ലാത്ത എന്റെ കടൽ‌തീരഗ്രാമത്തിൽ എല്ലാ പറമ്പിലും വിടരുന്ന പൂക്കൾ എല്ലാ കുട്ടികൾക്കും പറിച്ചെടുക്കാം.
മുക്കുറ്റി
                    പൂക്കൾ പറിച്ചെടുക്കുന്നത് കുട്ടികളാണെങ്കിലും വീട്ടുമുറ്റത്ത് പൂക്കളം നിർമ്മിക്കാൻ വീട്ടിലെ മുതിർന്നവരുടെ സഹായം‌കൂടി ഉണ്ടാവും. പൂക്കളത്തിന്റെ വലിപ്പം നിർണ്ണയിക്കുന്നത് ഇന്നത്തെപോലെ പണക്കൊഴുപ്പല്ല, ഓരോവീട്ടിൽ നിന്നും പൂക്കൾ പറിക്കാനിറങ്ങുന്ന കുട്ടികളുടെ എണ്ണവും കരവിരുതും ആയിരിക്കും. എന്റെ വീട്ടിൽ ആകെയൊരു കുട്ടി ഞാനായതിനാൽ പൂക്കളത്തിന്റെ വലിപ്പം പലപ്പോഴും കുറഞ്ഞിരിക്കും.

പഗോഡ
                      കണ്ണൂരിലുള്ളവർ ഓണവും വിഷുവും ആഘോഷിക്കുന്നത് തുല്ല്യപ്രാധാന്യത്തോടെയാണ്. ഓണമായാലും വിഷു ആയാലും രണ്ട് ദിവസമാണ് ആഘോഷം; ചെറിയ ഓണവും വലിയ ഓണവും, ചെറിയ വിഷുവും വലിയ വിഷുവും. അങ്ങനെ രണ്ട് ദിവസവും ഇഷ്ടം‌പോലെ ഭക്ഷണം ഉണ്ടാവും, അത് മത്സ്യമാംസം ഒഴിവാക്കാനാവാത്ത സദ്യയാണ്. ഇപ്പോൾ കോഴിയുടെ കഴുത്തിൽ കത്തിവീഴുമ്പോൾ പഴയകാലത്ത് ആടിന്റെ കഴുത്തിൽ മാത്രമായിരിക്കും കത്തി വീഴുന്നത്. ഗ്രാമത്തിലെ അറവുകാരൻ ഏതാനും ദിവസം‌ മുൻപുതന്നെ രണ്ടോ മൂന്നോ ‘കുട്ടനാടുകളെ’ സംഘടിപ്പിച്ച് പ്ലാവിലയും വെള്ളവും കൊടുക്കാൻ തുടങ്ങിയിരിക്കും; വിശേഷദിവസങ്ങളിൽ മാത്രം അറവ് തൊഴിലാക്കിയ വ്യക്തിയാണയാൾ.
                       നമ്മുടെ ആഘോഷങ്ങളെല്ലാം അവസാനിക്കുന്നത് കടൽ‌തീരത്ത് ആയിരിക്കും. വയറുനിറയെ ഭക്ഷണം കഴിച്ച കുട്ടികളും മുതിർന്നവരും കടൽ‌തീരത്ത് നടക്കാനിറങ്ങും. എല്ലാദിവസം അറബിക്കടലിന്റെ സംഗീതം‌കേട്ട് ഉറങ്ങുകയും ഉണരുകയും ചെയ്യുന്നവരാണെങ്കിലും വിശേഷദിവസങ്ങളിൽ ആ വെളുത്ത പൂഴിമണലിലിറങ്ങി നടക്കുക എന്നത് നമ്മുടെ ഒരു ശീലമാണ്. സൂര്യൻ കടലിൽ‌താഴ്ന്ന് ഇരുട്ട് പരക്കുന്നതുവരെ കടൽ‌തീരത്ത് നടക്കാനും കളിക്കാനും വിശ്രമിക്കാനുമായി നാട്ടുകാരായ സ്ത്രീപുരുഷന്മാരും കുട്ടികളും ഉണ്ടാവും. 

                ‘അക്ഷരങ്ങൾ പഠിക്കാൻ തുടങ്ങുന്ന’ എന്റെ കുട്ടിക്കാലത്തെ ഒരു തിരുവോണ ദിവസം,,,
                        അക്കാലത്ത് എല്ലാ ആഘോഷവും കുട്ടികളുടേതാണ്, അവർക്ക് ഓടാം ചാടാം ഇഷ്ടം‌പോലെ കൂവി വിളിച്ചുകൊണ്ട് ഓടിക്കളിക്കാം. ആ ദിവസം കുട്ടികൾ ഓടിച്ചാടി കളിച്ച് മടുത്തപ്പോൾ കടപ്പുറം‌വിട്ട് ഏറ്റവും അടുത്തുള്ള എന്റെ വീട്ടിലെത്തി എല്ലാവരും ചേർന്ന് വരാന്തയിലിരുന്നു, ആണും പെണ്ണുമായി അഞ്ചെട്ട് പേരുണ്ട്. വലിയ വീടായതിനാൽ മുറ്റത്തും വരാന്തയിലും അകത്തുമായി ഇഷ്ടം‌പോലെ ഇരിക്കാനും ഓടിച്ചാടി കളിക്കാനും ഇടമുണ്ട്. പിന്നെ തിന്നാനുള്ള വക പലപ്പോഴും അടുക്കളയിൽ നിന്ന് കിട്ടും. ആനേരത്ത് അമ്മ കൊണ്ടുവന്ന പാൽ‌പായസം എല്ലാവരും കുടിച്ചുതീർത്തു.

അപ്പോഴാണ് കൂട്ടത്തിലുള്ള ഒരുത്തന്റെ തലയിൽ പെട്ടെന്നൊരു ചിന്തയുണർന്നത്,
‘ഇനി നമുക്ക് ഒളിച്ചുകളിക്കാം’
കിലുക്കാം‌പെട്ടി
              കടപ്പുറം പരിപാടി വിട്ട് നമ്മളെല്ലാവരും ഒളിച്ചുകളിക്കാൻ തീരുമാനിച്ചു, ഒരാൾ അച്ച്‌പിടിച്ച് കണ്ണടച്ച് ഒന്നുമുതൽ ഇരുപത് വരെ എണ്ണുക, അതിനിടയിൽ മറ്റുള്ളവർ ഒളിച്ചിരിക്കും. ഒളിച്ചിരിക്കുന്ന എല്ലാവരെയും കണ്ടെത്തിയാൽ പിന്നീട് കണ്ണടച്ച് എണ്ണാനുള്ള ഊഴം അടുത്ത കുട്ടിക്ക് ആയിരിക്കും. അതിനിടയിൽ ഒളിക്കാനുള്ള പരിധി നിശ്ചയിക്കും; വീട്, വീടിന്റെ അകം, അങ്ങനെ വരുന്ന പരിധിയിൽ അടുക്കള കുളിമുറി തുടങ്ങിയവ ഒഴിവാക്കും.

തൊട്ടാവാടി
                       നമ്മൾ ഒളിച്ചുകളി ആരംഭിച്ചു; കുട്ടത്തിൽ മുതിർന്ന കുട്ടി വരാന്തയിലെ തൂണുകളിലൊന്ന് അച്ച് ആക്കിമാറ്റി അതും പിടിച്ചുകൊണ്ട് കണ്ണടച്ച് എണ്ണാൻ തുടങ്ങിയപ്പോൾ മറ്റുള്ളവർ ഒളിക്കാനിടം‌തേടി പരക്കം‌പാഞ്ഞു. കൂട്ടത്തിലുള്ള ഞാൻ വീട്ടിനകത്ത് കടന്ന് നേരെ തെക്കെ അകത്തേക്ക് കടന്നു; എന്റെ വീടല്ലെ, മറ്റുള്ളവരെക്കാൾ സമർത്ഥമായി ഒളിക്കാനുള്ള ഇടം എനിക്കല്ലെ അറിയുന്നത്! ഞാൻ നേരെപോയി മുറിക്കകത്തുള്ള കട്ടിലിന്റെ അടിയിൽ ഒളിച്ചു, ആകെ ഇരുട്ടായതിനാൽ എന്നെയാരും കാണുകയില്ല. തെക്കെ അകം വലിയമ്മാവന് സ്വന്തമായ മുറിയായതിനാൽ മറ്റുള്ളവർക്ക് അതിനകത്തേക്ക് പ്രവേശനം കുറവാണ്. എന്റെ ഗ്രാമത്തിലെ ഒരേയൊരു അദ്ധ്യാപകനായതുകൊണ്ട് വീട്ടുകാർക്ക് മാത്രമല്ല നാട്ടുകാർക്കും അദ്ദേഹത്തെ ഭയമാണ്.

കാക്കപ്പൂ
                  
              വലിയമ്മാവന്റെ മുറിയിൽ കടക്കാൻ അടുത്തകാലത്തായി എനിക്ക് പേടി തോന്നാറില്ല.  കാരണം ഏതാനും മാസം‌മുൻപ് അമ്മാവന്റെ വിവാഹം കഴിഞ്ഞപ്പോൾ രാത്രിനേരത്ത് മറ്റാരും കാണാതെ അമ്മായി അദ്ദേഹത്തിന്റെ മുറിയിലേക്ക് പോകുന്നത് കാണാം, അപ്പോൾ എനിക്കും അകത്ത് കടന്നാലെന്താ? അമ്മായി ഇതിനകത്താണ് ഉറങ്ങുന്നത്‌പോലും; എന്നിട്ട് അകം മുഴുവൻ തപ്പിനോക്കിയിട്ട് അമ്മാവൻ ഉറങ്ങുന്ന കട്ടിലും കിടക്കയുമല്ലാതെ മറ്റൊന്നും ഞാൻ കണ്ടിട്ടില്ല,,, ഒരു കീറപ്പായപോലും. അമ്മായി കസാരയിൽ ഇരുന്നായിരിക്കും ഉറങ്ങുന്നത്, പിന്നെങ്ങനാ?

ചെമ്പരത്തി
                     കട്ടിലിനടിയിലെ ഇരുട്ടിൽ ഒളിച്ചിരുന്ന് വെളിയിലേക്ക് നോക്കിയിരിക്കെ ആ മുറിയിലേക്ക് ഒരു നിഴൽ‌പോലെ മറ്റൊരുത്തൻ കടന്നുവന്നു. കുനിഞ്ഞ് മുട്ടുകുത്തിയിരുന്ന ആ നിഴൽ നേരെ ഞാനൊളിച്ചിരിക്കുന്ന കട്ടിലിനടിയിലേക്ക് വന്നു. ഇരുട്ടത്ത് തിളങ്ങുന്ന അവന്റെ കണ്ണുകൾ നോക്കി ഞാൻ പറഞ്ഞു,
“വേഗം പോയ്‌ക്കോ, ഇവിടെ ഞാനൊളിച്ചിട്ടുണ്ട്”
വീട്ടുകാരിയാണല്ലൊ പറയുന്നത് എന്ന് മനസ്സിലാക്കിയ അവൻ പറഞ്ഞു,
“നീയിവിടെ ഒളിച്ചൊ, ഞാനപ്രത്തെ മുറിയിൽ പോകാം”
അവൻ വെളിയിലേക്കിട്ട തല പെട്ടെന്ന് ഉള്ളിലേക്ക് വലിച്ച് എന്നോട് മിണ്ടരുത് എന്ന് ആഗ്യം കാണിച്ചു. ഞാൻ നോക്കിയപ്പോൾ കണ്ടത് മുറിയിലേക്ക് നടന്നു കയറിയ രണ്ട് കാലുകളാണ്, എന്റെ അമ്മായിയുടെ കാലുകൾ. അമ്മായി അകത്തേക്ക് വന്ന് നേരെ കട്ടിലിൽ‌കയറി കിടന്നപ്പോൾ എനിക്കാശ്ചര്യം വന്നു. അമ്മാവൻ മാത്രം കിടക്കുന്ന കട്ടിലിൽ  അമ്മായി കിടക്കുന്നത് ആരെങ്കിലും കണ്ടാൽ?

ശംഖ്‌പുഷ്പം...നീല
                      പെട്ടെന്നൊരു ശബ്ദം കേട്ടപ്പോൾ ഞാൻ മാത്രമല്ല അവനും ഞെട്ടിയിരിക്കണം,, അമ്മാവൻ! അദ്ദേഹം അകത്ത് കടന്ന ഉടനെ വാതിലടച്ച് കൊളുത്തിടുകയാണ് ചെയ്തത്. പേടിച്ചരണ്ട ഞാനും അവനും ശബ്ദം വെളിയിൽ വരാതെ ശ്വാസം‌പിടിച്ച് കമഴ്ന്ന് കിടന്നു. ഒരുനിമിഷം, കട്ടിൽ ആകെയൊന്ന് കുലുങ്ങിയിട്ട് പൊട്ടുന്നതുപോലെ ശബ്ദം കേട്ടപ്പോൾ ഉച്ചത്തിൽ നിലവിളിക്കാനായി തുറന്ന എന്റെ വായ അവൻ കൈകൊണ്ട് മുറുകെ അടച്ചുപിടിച്ചപ്പോൾ ഞാനവന്റെ വിരലുകൾ കടിച്ചതും അവൻ കരഞ്ഞതും ഒന്നിച്ചായിരുന്നു. അതോടെ കട്ടിൽ വീണ്ടും കുലുങ്ങി, അമ്മാവൻ നിലത്തിറങ്ങി കുനിഞ്ഞുനോക്കിയിട്ട് ആദ്യം‌കണ്ട എന്റെ കാലിൽ‌പിടിച്ച് വലിച്ചു. ആ വലിയുടെ ശക്തിയാൻ ഞാൻ വെളിയിൽ വന്നപ്പോൾ എന്റെ പിന്നാലെ അതാ അവനും വെളിയിലേക്ക് വരുന്നു! അതിനിടയിൽ വാതിൽ‌തുറന്ന് അമ്മായി പുറത്തേക്കോടിയത് ആരും ശ്രദ്ധിച്ചില്ല.

                          ഞങ്ങൾ രണ്ട്‌പേരെയും പിടിച്ച് മുറ്റത്തിറങ്ങിയ അമ്മാവൻ ആദ്യം‌കണ്ട വടിയെടുത്ത് അവനെമാത്രം അടിക്കാൻ തുടങ്ങി, തിരുവോണ ദിവസം പടക്കം പൊട്ടുകയാണ്. മൂന്നാമത്തെ അടി വീണപ്പോൾ അമ്മായി വന്ന് തടഞ്ഞതിനാൽ വടി അകലേക്ക് എറിഞ്ഞുകൊണ്ട് എല്ലാവരെയും‌നോക്കി അമ്മാവൻ താക്കീത് നൽകി, “ഇനി വീട്ടിനകത്ത് വന്ന് കളിച്ചാൽ എല്ലാവർക്കും ചുട്ടഅടി കിട്ടും, പറഞ്ഞേക്കാം”
നാട്ടിലെ ഒരേയൊരു അദ്ധ്യാപകനായതിനാൽ എന്റെ വലിയമ്മാവന് എല്ലാ കുട്ടികളെയും ശിക്ഷിക്കാനുള്ള അധികാരം അക്കാലത്ത് ഉണ്ടായിരുന്നു.

                      അടികൊണ്ടവനെ ആശ്വസിപ്പിച്ചുകൊണ്ട് കളി പൂർത്തിയാക്കാനായി കടൽക്കരയിലേക്ക് എല്ലാവരും നടന്നു. അപ്പോൾ കൂട്ടത്തിൽ കുട്ടിയായ ഞാൻ ചിന്തിക്കുകയാണ്,
വലിയമ്മാവൻ എന്തുകൊണ്ട് എന്നെ അടിച്ചില്ല?
വലിയമ്മാവന്റെതു മാത്രമായ കട്ടിലിൽ അമ്മായി എന്തിന് കിടന്നു?
കട്ടിൽ കുലുങ്ങിയതിന് കാരണമെന്തായിരിക്കും?

പിൻ‌കുറിപ്പ്: 
വിഷുദിവസവും പടക്കം പൊട്ടിയിട്ടുണ്ട്,വിഷുവിന്റെ പടക്കം പൊട്ടുന്നത് വായിക്കാൻ,
തുറക്കുക,

39 comments:

  1. ഓണസദ്യയുണ്ട് വിശ്രമിക്കുന്നവർക്ക്, വായിക്കാനും ചിന്തിക്കാനും ചിരിക്കാനും

    ReplyDelete
    Replies
    1. കൂടുതൽ ഫോട്ടോകൾ ചേർത്ത് അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്

      Delete
  2. കളിച്ചുനടന്ന കുട്ടിക്കാ‍ലങ്ങള്‍ ഓര്‍മ്മിപ്പിച്ചതിനെക്കാള്‍ എനിക്കിഷ്ടപ്പെട്ടത്.......... ഒത്തിരികാലങ്ങളായി കാണാതിരുന്ന നമ്മുടെ നാട്ടുചെടികളുടെ പൂക്കള്‍ കണ്ടപ്പോഴാണ്.

    :-)

    ReplyDelete
    Replies
    1. @നട്ടപിരാന്തൻ-,
      ആദ്യമായി വന്നതിനും അഭിപ്രായം എഴുതിയതിനും നന്ദി.

      Delete
  3. ഈ ചെടികളും പൂവുകളും ഇന്നെങ്ങും കാണാനില്ല. വളരെ സുലഭമായിരുന്ന ‘കാക്കപ്പു’ പോലും കണികാണാനില്ല. ചെടികൾ കണ്ടപ്പോൾ മനസ്സിനൊരു കുളിർമ്മ...!!

    പിന്നെ, ഗ്രാമത്തിലെ ഒരേയൊരു അദ്ധ്യാപകനായതു കൊണ്ടൂം ഏതു കുട്ടിയെ തല്ലാനും അധികാരമുള്ളവനായതു കൊണ്ടും അങ്ങേരോട് കൂടുതൽ ചോദ്യങ്ങൾ ഒന്നും വേണ്ട...!!

    ReplyDelete
    Replies
    1. @വി കെ-,
      യാത്രാവേളയിൽ ക്യാമറ സ്ഥിരമായി എടുക്കുന്നതുകൊണ്ട് കിട്ടിയ ചാൻസിന് ഫോട്ടോ എടുക്കുന്നതാണ്. ഭാവിതലമുറക്ക് കാണിച്ചുകൊടുക്കണ്ടെ? പിന്നെ എന്റെ അമ്മാവൻ ഇപ്പോൾ ജീവിച്ചിരിപ്പില്ല. അഭിപ്രായം എഴുതിയതിന് നന്ദി.

      Delete
  4. “ഓണാശംസകൾ ടീച്ചറെ..”

    ReplyDelete
  5. പൂക്കള്‍ കാണിച്ച് സന്തോഷിപ്പിച്ചതിന് പകരം ഇത്തിരി ലേറ്റായ ഓണാശംസ മാത്രം.
    മുമ്പ് തന്ന ഓണാശംസ കാര്യാക്കണ്ട..
    ഇത് ആഫ്റ്റര്‍, അത് ബിഫോര്‍

    ReplyDelete
    Replies
    1. @Ajith-,
      അത് ശരി,, അഭിപ്രായം എഴുതിയതിന് നന്ദി.

      Delete
  6. ടീച്ചറേ... നാടന്‍ പടങ്ങള്‍ നന്നായിട്ടുണ്ട്. എഴുത്ത്, മുക്കാല്‍ ഭാഗവും മുന്‍പ് പലപ്പോഴും പലരും പറഞ്ഞതു കേട്ടും വായിച്ചും മടുത്ത അതേ ‘ടോണ്‍’ തോന്നിയതുകൊണ്ടാവാം, അത്ര ‘സുഖം’ തോന്നിയില്ല. അവസാനഭാഗമായപ്പോള്‍ ആ മടുപ്പ് മാറി - വ്യത്യസ്തതയാര്‍ന്ന ആ ‘പടക്കം’ കാരണം...!

    ഇനി, ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ - ആ കുട്ടിക്ക് തോന്നിയിരിക്കാവുന്നത് (?):

    1. വലിയമ്മാവൻ എന്തുകൊണ്ട് എന്നെ അടിച്ചില്ല? - അടിക്കാന്‍ തുടങ്ങിയപ്പോള്‍ ആദ്യം കൈയില്‍ കിട്ടിയത് അവനെയായിരിക്കും. അപ്പോഴേക്കും അമ്മായി ഇടപെട്ടില്ലേ? (കുറച്ചുകൂ‍ടി ‘ലോജിക്കലാ’യി ആലോചിച്ചാല്‍: കട്ടിലിന്റെ അടിയില്‍ നിന്ന്‍ ആദ്യം കിട്ടിയത് മരുമകളെയല്ലേ? അപ്പോള്‍ അവനായിരിക്കും ആദ്യം അകത്തുകയറിയതെന്ന് തോന്നിക്കാണും.)

    2. വലിയമ്മാവന്റെതു മാത്രമായ കട്ടിലിൽ അമ്മായി എന്തിന് കിടന്നു? - അടുക്കളയിലെ ജോലിയൊക്കെ തീര്‍ത്ത് വന്നതല്ലേ അമ്മായി? ക്ഷീണം കാരണം കിടന്നതാവും.

    3. കട്ടിൽ കുലുങ്ങിയതിന് കാരണമെന്തായിരിക്കും? - ഒരാള്‍ മാത്രം കിടക്കുന്ന കട്ടിലില്‍ രണ്ടുപേര്‍ കയറിക്കിടന്നാല്‍ ആ ഭാരം അത് താങ്ങുമോ? അപ്പോള്‍പ്പിന്നെ കുലുങ്ങാതിരുന്നാലല്ലേ അത്ഭുതമുള്ളൂ...

    ReplyDelete
    Replies
    1. @വിജി പിണറായി-,
      താങ്കളുടെ കമന്റ് വായിക്കാനൊരു സുഖമുണ്ട്. നമ്മുടെത് കടപ്പുറത്തെ ഓണമാണ്,, നീണ്ട 35 കൊല്ലം കടലിനോടൊത്തായിരുന്നു ജീവിതം, ഓണവും.
      അഭിപ്രായം എഴുതിയതിന് നന്ദി.

      Delete
    2. അന്നൊന്നും ഇന്നത്തെപ്പോലെ ഡബിള്‍ കോട്ട് ഉണ്ടാവില്ല അല്ലെ?

      Delete
    3. @Mohammedkutty-,
      കട്ടിൽ തന്നെ ഇല്ലാത്ത കാലം, പായ നിലത്തുവിരിച്ച് ഒരു തുണിവിരിച്ച് കുട്ടികൾ നിരന്ന് കിടക്കും. കൂട്ടുകുടുംബമായിരിക്കും. അഭിപ്രായം എഴുതിയതിന് നന്ദി.

      Delete
  7. ടീച്ചറിന്റെ എഴുത്തും പിണറായിയുടെ ഉത്തരങ്ങളും .

    ആകെപ്പാടെ ഇതൊരു തിരുവോണപ്പടക്കം തന്നെ..

    നന്നായി ചിരിപ്പിച്ചു..

    ഈ പൂക്കള്‍ ‍ എല്ലാം ഒന്ന് കൂടി കണ്ടപ്പോള്‍ ഒത്തിരി സന്തോഷം തോന്നി..

    ഇവയൊന്നും ഇപ്പോള്‍ കാണാറെയില്ല...തൊട്ടാവാടി ഒന്ന് കാണിക്കാന്‍

    ഇത്തവണ നാട്ടില്‍ ചെന്നപ്പോള്‍ മോനെ എനിക്ക് അടുത്ത പറമ്പ് വരെ

    നടത്തിക്കേണ്ടി വന്നു...

    ReplyDelete
    Replies
    1. @ente lokam-,
      പൂക്കൾ മൊത്തമായി വിക്കിപീഡിയയിൽ കൊടുത്തിട്ടുണ്ട്. ഈ ഫോട്ടോയിൽ കാണുന്ന പൂക്കളൊന്നും ഇപ്പോൾ നമ്മൾ താമസിക്കുന്ന പട്ടണത്തിൽ കാണാനില്ല. അഭിപ്രായം എഴുതിയതിന് നന്ദി.

      Delete
  8. Replies
    1. ‌@ ഒരു ദുബായിക്കാരൻ-,
      അഭിപ്രായം എഴുതിയതിന് നന്ദി.
      ഓണാശംസകൾ

      Delete
  9. മിനി ചേച്ചി, വായിച്ചപ്പോള്‍ അസൂയ തോന്നി, ചേച്ചിയുടെ ഓണം ഓര്‍മ്മകള്‍ എത്ര സമ്പന്നമാണ് , ഈ തലമുറയ്ക്ക് അവകാശപെടാന്‍ ഒന്നും ഇല്ല , ഒരു നല്ല ഓണ കാലത്തേക്ക് കൂട്ടിക്കൊണ്ടു പോയതിനു നന്ദി :) അജിത്തെട്ടന്‍ പറഞ്ഞ പോലെ വീണ്ടും ഓണം ആശംസകള്‍ !!!!

    ReplyDelete
  10. Dear Techer,
    Good Photos. No comment on the story
    Sasi, Narmavedi, Kannur

    ReplyDelete
  11. ചേച്ചി ..ചില മരങ്ങള്‍ ചിലസ്താലത്ത് മറ്റു പേരുകളില്‍ ആണ് അറിയപ്പെടുന്നത്
    കണ്ടു കിട്ടിയല്ലോ ഭാഗ്യം ..ഓര്‍മ്മകള്‍ നന്നായിട്ടുണ്ട് ..
    ഓണാശംസകള്‍

    ReplyDelete
  12. @Jomon Joseph-,
    പറയുന്നത് ശരിയാണ്, ഇന്ന് ബിവറേജസ് ഫെയ്സ്ബുക്ക് ചാനൽ ഓണമാണല്ലൊ, അഭിപ്രായം എഴുതിയതിന് നന്ദി. ഓണാശംസകൾ
    @Narmavedi-,
    അഭിപ്രായം എഴുതിയതിന് നന്ദി. ഓണാശംസകൾ
    @പൈമ-,
    കുട്ടിക്കാലത്ത് ചിരട്ടയിൽ ചോറും കറിയും വെച്ച് കളിച്ചത് പൊന്നാവീരത്തിന്റെ ചുവട്ടിലായിരുന്നു.
    അഭിപ്രായം എഴുതിയതിന് നന്ദി. എല്ലാവർക്കും ഓണാശംസകൾ
    വിഷുപടക്കത്തിന്റെ ലിങ്ക് കൂടി കൊടുത്തിട്ടുണ്ട്.

    ReplyDelete
  13. ടീച്ചര്‍, എഴുത്തില്‍ നമ്മുടെ ഇന്നലെകളുണ്ട്‌. ഇനി തിരിച്ചുവരാത്ത ഇന്നലെകള്‍. ല്‍രിക്കലും തിരിച്ചുവരാനാത്തവണ്ണം മറഞ്ഞുപോയ പൂക്കളും ഉണ്ട്‌. പ്രത്യേകിച്ച്‌ പൊന്നീര്യം. നല്ല കാര്യം.

    ReplyDelete
  14. @Vinodkumar Thallasseri-,
    അഭിപ്രായം എഴുതിയതിന് നന്ദി.

    ReplyDelete
  15. ഓര്‍മ്മകളില്‍ മറഞ്ഞുപോയ്ക്കൊണ്ടിരിക്കുന്ന ചിലത് കൂടുതല്‍ തെളിമയോടെ ഓര്‍ത്ത്തെടുക്കനായി.

    ReplyDelete
    Replies
    1. @പട്ടേപ്പാടം റാംജി-,
      അഭിപ്രായം എഴുതിയതിന് നന്ദി.

      Delete
  16. കുട്ടിക്കാലത്തെ ഓര്‍മപ്പെടുത്തി... ഒപ്പം മണ്മറഞ്ഞു കൊണ്ടിരിക്കുന്ന കുറെ ചെടികളെയും പുഷ്പങ്ങളെയും ...
    ഓണാശംസകള്‍ ...!

    ReplyDelete
    Replies
    1. @കുഞ്ഞൂസ്-,
      അഭിപ്രായം എഴുതിയതിന് നന്ദി.

      Delete
  17. ഓര്‍മ്മകള്‍ നന്നായി പറഞ്ഞു.

    ReplyDelete
    Replies
    1. @sidheek Thozhiyoor-,
      അഭിപ്രായം എഴുതിയതിന് നന്ദി.

      Delete
  18. കൊള്ളാമല്ലോ ഓര്‍മ്മകള്‍.
    പഗോഡയ്ക്ക് ഞങ്ങള്‍ കൃഷ്ണകിരീടം എന്നാണു പറഞ്ഞിരുന്നത്.

    പൂക്കള്‍ ഇപ്പോഴും ഉണ്ട്......പക്ഷെ,പട്ടണങ്ങളില്‍ ഇല്ല.പോസ്റ്റ് ഇഷ്ടമായി കേട്ടൊ.

    ReplyDelete
    Replies
    1. @Echmukutty-,
      പഗോഡക്ക് പല പേരുകളും ഉണ്ട്, കുറച്ചുകൂടി വടക്കോട്ട് പോയാൽ ഹനുമാൻ കിരീടമാണ്.
      അഭിപ്രായം എഴുതിയതിന് നന്ദി.

      Delete
  19. ടീച്ചര്‍,പഗൊഡ ഇവിടെ കൃഷ്ണ കിരീടമാണ് .ഇഷ്ടം പോലെ പറമ്പിലുണ്ട്. പിന്നെ ചില ഫോട്ടോകള്‍ കാണുന്നില്ലല്ലോ? പേരു മാത്രംകണ്ടു. ഏതായാലും വല്യമ്മാവന്റെയും അമ്മയിയുടെയും സ്വര്‍ഗത്തിലെ കട്ടുറുമ്പായി അല്ലെ?

    ReplyDelete
  20. അമ്മാവന്റെയും അമ്മായിയുടെയും സ്വര്‍ഗത്തിലെ കട്ടുറുമ്പാണല്ലെ?.ചിത്രങ്ങള്‍ നന്നായിട്ടുണ്ട്. ആദ്യം മുഴുവന്‍ ലോഡായില്ല. പഗോഡ ഇവിടെ കൃഷ്ണ കിരീടമാണ്.പറമ്പില്‍ നിറയെയുണ്ട്.ഒരു കമന്റിട്ടത് എവിടെയോ പോയി?

    ReplyDelete
  21. പോസ്റ്റ് ഇഷ്ടമായി

    ReplyDelete
  22. @Mohamedkutty-,
    ശരിക്കും കട്ടുറുമ്പ് തന്നെ, കമന്റ് മുങ്ങുന്ന രോഗം വരുന്നുണ്ട്. പഗോഡക്ക് പല പേരുകളും ഉണ്ട്, കുറച്ചുകൂടി വടക്കോട്ട് പോയാൽ ഹനുമാൻ കിരീടമാണ്.
    അഭിപ്രായം എഴുതിയതിന് നന്ദി.
    @ലീല എം ചന്ദ്രൻ-,
    അഭിപ്രായം എഴുതിയതിന് നന്ദി.
    @the man to walk with-,
    അഭിപ്രായം എഴുതിയതിന് നന്ദി.

    ReplyDelete
  23. priyappetta pushpangal kandu manam kulirthu.. vaayichum kulirthu. vishu viseshavum vaayichootto.. santhosham thonni

    ReplyDelete
  24. @മുകിൽ-,
    വന്നതിനും അഭിപ്രായം എഴുതിയതിനും നന്ദി.

    ReplyDelete
  25. ഗൂഗിളമ്മച്ചി കമന്റ് മുക്കുന്ന അപരിപാടി തുടങ്ങിയിരിക്കയാണ്. എന്റെ സുഹൃത്ത് @P V Ariel-, താഴെ പറയുന്ന കമന്റ് ഇട്ടത് മുങ്ങിയിരിക്കയാണ്.
    അതുകൊണ്ട് മുങ്ങിയ കമന്റും മറുപടിയും എഴുതുന്നു.
    കമന്റ്-,
    P V Ariel-, രസകരമായ ഓണ അനുഭവങ്ങള്‍,
    അതുപോലെ ഇന്നു വിരളമായി കാണുന്ന
    പൂക്കളുടെ വിവരങ്ങങ്ങളും ചിത്ര സഹിതം
    ഒരിക്കല്‍ കൂടി പകര്‍ന്നു തന്നതില്‍ നന്ദി
    പൊന്നാമരത്തിന്റെ പൂ ചിത്രം മനോഹരം
    ടീച്ചറെ ആ മരത്തിന്റെ ഒരു ചിത്രം കൂടി
    ചേര്‍ക്കാഞ്ഞത് ഒരു കുറവ് പോലെ തോന്നി
    ഒരു rare ആയുള്ള മരമല്ലേ എന്നെപ്പോലുള്ള
    മരം സ്നേഹികള്‍ക്ക് ഒന്ന് കാണാമല്ലോ :-)
    നന്ദി നമസ്കാരം
    മറുപടി-,
    കമന്റ് കാണാനില്ല, എന്നാലും മറുപടി പറയാം. ആ മരം പൊന്നാവീരം വളരെ മുൻപ് എന്റെ കുട്ടിക്കാലത്ത് മാത്രം കണ്ടതാണ്. ഇനി അതുപോലുള്ള മരം കണ്ടാൽ ഉടനെ ഫോട്ടോ എടുക്കുന്നതായിരിക്കും. അഭിപ്രായം എഴുതിയതിന് നന്ദി.

    ReplyDelete

എന്റെ മനസ്സിലെ ഈ കൊച്ചു മിനിലോകത്തിലേക്ക് എല്ലാവര്‍ക്കും സ്വാഗതം.