“മിനിലോകം”

ഞാന്‍ മിനി... എന്റെ മനസ്സ് എന്റെ ലോകമാണ്. എന്റെ മനസ്സില്‍(ഓര്‍മ്മയില്‍) തങ്ങിനില്‍ക്കുന്ന കാര്യങ്ങള്‍,വേണ്ടതും വേണ്ടാത്തതും ഞാന്‍ ഇവിടെ പകര്‍ത്തുന്നു. ഇതു വായിക്കാം, അഭിപ്രായം എഴുതാം. ജീവിതത്തില്‍ നിന്നും ഞാന്‍ കണ്ടെത്തിയ ധാരാളം ചെറിയ‘വലിയ’ സംഭവങ്ങള്‍ ഉണ്ട്. അവയെല്ലാം ചിത്രങ്ങളോടൊപ്പം ഇവിടെ അവതരിപ്പിക്കുന്നു. എന്റെ ലോകത്തേക്ക് “മിനിലോക”ത്തിലേക്ക് ഞാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു... ചിരിക്കാം, കളിക്കാം, ചിന്തിക്കാം... എന്ന് നിങ്ങളുടെ: mini//മിനി

September 7, 2011

പാഠം 4 : എ.ഇ.ഒ. വരുന്നേ,,,


                           ‘പന്തം’ കണ്ടാൽ പെരുച്ചാഴികൾ ഫേമലിസഹിതം ഞെട്ടും; ‘കുരിശ്’ കണ്ടാൽ ചെകുത്താൻസ് ഓരോന്നായി ഞെട്ടും; ‘ജെ.സി.ബി.’ കണ്ടാൽ പരിസ്ഥിതിപ്രവർത്തകർ ഒന്നിച്ചൊന്നായി ഞെട്ടും. അതുപോലെ, തെക്ക്‌വടക്കായി കിടക്കും കേരളത്തിലെ പ്രൈമറി വിദ്യാലയങ്ങളിൽ‌വെച്ച്, കുഞ്ഞുങ്ങളെ അക്ഷരം‌പഠിപ്പിച്ച് കണ്ണ് തെളിയിക്കുന്ന അദ്ധ്യാപകവൃന്ദം ‘ഒരു കാലത്ത്’ ഞെട്ടിയിരുന്നത് എ.ഇ.ഒ. എന്നറിയപ്പെടുന്ന അസിസ്റ്റന്റ് എഡ്യുക്കേഷനൽ ഓഫീസറെ കാണുമ്പോഴായിരുന്നു. പേടികാരണം പ്രൈമറി അദ്ധ്യാപകരുടെയും അവിടം വാഴുന്ന ഹെഡ്‌മാസ്റ്ററുടെയും ഊണും ഉറക്കവും ഒന്നിച്ച് നഷ്ടപ്പെടുന്നത് ഒരേഒരു അവസരത്തിലാണ്,,, അത് എ.ഇ.ഒ. വരുമ്പോൾ ആയിരിക്കും. അക്കാലത്ത് ക്ലാസിലിരുന്നും, വീട്ടിൽ കിടന്നും, കൂർക്കം വലിച്ച്‌കൊണ്ട് ഉറങ്ങുന്ന ഒരു അദ്ധ്യാപകനോട്, ആരെങ്കിലും ‘എ.ഇ.ഒ.’ എന്ന് പറഞ്ഞാൽ ഉടനടി ഞെട്ടി എഴുന്നേറ്റ് ഓടും.

                          ഒരു എൽ.പി. സ്ക്കൂളിനെ സംബന്ധിച്ചിടത്തോളം അദ്ധ്യാപകർ ഭയപ്പെടുന്ന അവസരങ്ങൾ ഇടയ്ക്കിടെ ഉണ്ടാവും.  മാനേജർ നിയമനം നടത്തിയിട്ട്, ശമ്പളക്കാര്യം വരുമ്പോൾ സർക്കാരിനോട് സമരം ചെയ്ത് വാങ്ങാൻ അദ്ധ്യാപകരെ പ്രാപ്തരാക്കുന്ന എയിഡഡ് വിദ്യാലയങ്ങളിൽ ചേർന്നവർക്ക് പേടി സർക്കാർ വിദ്യാലയത്തിലുള്ളവരെക്കാൾ ഒരുപടി കൂടുതലാണ്.
അവർ ഓഫീസർമാരെ കൂടാതെ സ്ക്കൂൾ മാനേജറെയും പേടിക്കണം,,,
അന്നത്തിനുള്ള വക സർക്കാർ തരുന്ന ശമ്പളമായി മാസാമാസം കിട്ടുന്നുണ്ടെങ്കിലും അന്നം മുടങ്ങാതെ കിട്ടാനുള്ള നിയമന ഉത്തരവിൽ, അവരാണല്ലൊ ഒപ്പിടുന്നത്.
പിന്നെ ചിലർക്ക് പേടി, ചില രക്ഷിതാക്കളെയാണ്,,,
തലേദിവസം തരികിടയാക്കി ചിരിച്ച്‌കളിച്ച് വീട്ടിലേക്ക് പോയ കൊച്ചിനേം പിടിച്ച്‌വലിച്ച് ചില അമ്മച്ചിമാർ വരും,
എന്നിട്ട് ക്ലാസ്‌ടീച്ചറോടൊരു ചോദ്യം,
“ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന എന്റെ അമ്മൂനെ ഇന്നലെ രണ്ടാക്ലാസ്സിൽ പഠിക്കുന്ന അയൽ‌പക്കത്തെ ജാനൂന്റെ മോൻ തള്ളിയിട്ടത് ടിച്ചർ കണ്ടില്ലെ? ടീച്ചർമാര് ഇങ്ങനെ പോയാലെങ്ങനെയാ”
തലേദിവസം ഈ ജാനൂന്റെ മോന്റെ ഒപ്പം അമ്മുവും ചിരിച്ച് കളിച്ച് വീട്ടിൽ പോയവരായിരിക്കും,
എന്നാൽ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,!!!!!!!!!!!!!!!

പുത്തൻ രതിനിർവേദവും സീരിയലുകളും നീലപ്പടവും മൊബൈലും ഇല്ലാത്ത ഒരു കാലമായതിനാൽ ‘മറ്റു ഭീഷണികൾ’ ഒന്നും‌തന്നെ ഉണ്ടാവില്ല,
അതായത്,,,,,,,,
 ‘ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന എന്റെ മോള് അമ്മൂനെ നാലാം ക്ലാസ്സിലെ പയ്യന്മാർ പീഡിപ്പിച്ചു’ എന്നോ,
 ‘നാലാം തരത്തിൽ പഠിക്കുന്ന എന്റെ മോളെ ഒന്നാംതരത്തിൽ പഠിപ്പിക്കുന്ന മാഷ് പീഡിപ്പിച്ചു’ എന്നോ,
ഒരിക്കലും പരാതിയോ ഭീഷണിയോ ഉണ്ടാവില്ല.,,,,,

***അങ്ങനെയുള്ള ഒരു സുവർണ്ണ കാലത്ത്,,,
                            ഒന്നാം തരം മുതൽ അഞ്ചാം തരം വരെയുള്ള ഞങ്ങളുടെ സ്ക്കൂളിൽ ഹെഡ്ടീച്ചറടക്കം നാല് വനിതകൾക്കിടയിലുള്ള ഒരേഒരു ആൺ‌തരിയാണ് കുട്ടപ്പൻ മാസ്റ്റർ. സ്വന്തം മക്കളെയും സ്വന്തം വിദ്യാലയത്തിൽ പഠിപ്പിച്ച ധീരനായ ‘ശ്രീമാൻ കുട്ടപ്പൻ മാസ്റ്റർ’ നമ്മുടെ കൂട്ടത്തിലുള്ള ഒരേ ഒരു ആണ് മാത്രമല്ല, ഒരേ ഒരു ഒഴപ്പനും ആയിരുന്നു. ക്ലാസ്സിൽ പഠിപ്പിക്കുന്നതൊഴിച്ച് മറ്റുള്ള സ്ക്കൂൾ കാര്യത്തിനെല്ലാം മാസ്റ്റർ മുന്നിലുണ്ടാവും.
പിന്നെ എന്തിന് അദ്ധ്യാപകനായി എന്നോ?

അത് അദ്ദേഹം ആഗ്രഹിച്ചതല്ല, എന്ന് അദ്ദേഹം തന്നെ പറയും.
                           കൃഷിക്കാരനായ കുട്ടപ്പന്റെ അച്ഛൻ സ്വന്തമായി കൃഷി ചെയ്ത് മകനെ പഠിപ്പിച്ചു. സ്വന്തം മകൻ തേരാപാരാ നടക്കാതിരിക്കാനായി സ്വന്തമായ കൃഷിസ്ഥലത്തിന്റെ ഒരുഭാഗം വിറ്റുകിട്ടിയ പണം, സ്വന്തം നാട്ടിലെ എൽ.പി. സ്ക്കൂൾ മാനേജർക്ക് നൽകിയപ്പോൾ നമ്മുടെനാട്ടിലെ വെറും കുട്ടപ്പൻ അങ്ങനെ കുട്ടപ്പൻമാസ്റ്ററായി.
                           അദ്ധ്യാപകനായിട്ടും കുട്ടപ്പൻ മാസ്റ്റർ സ്വന്തം അച്ഛന്റെ പാത പിൻ‌തുടരുകയാണുണ്ടായത്. അദ്ദേഹത്തിന്റെ പ്രധാനജോലി കൃഷിയും അതുകഴിഞ്ഞുള്ള ‘എക്ട്രാ വർക്ക്’ കുട്ടികളെ പഠിപ്പിക്കലും ആയിരുന്നു. വിശാലമായ വയലും തെങ്ങിൻ‌തോപ്പും സ്വന്തമായി ഉള്ള മാസ്റ്റർ, കുലച്ചുനിൽക്കുന്ന നെല്ലും തെങ്ങും വാഴയും കാണുമ്പോൾ എങ്ങനെ കൃഷി ചെയ്യാതിരിക്കും!

ചിലപ്പോൾ നാലാം ക്ലാസ്സിൽ പഠിപ്പിച്ചുകൊണ്ടിരിക്കെ കുട്ടപ്പാൻ മാസ്റ്റർ ചിന്താമഗ്നനാവും.
വയലിലുള്ള ‘കുലച്ച വാഴയുടെ കൂമ്പ്’ പുല്ലരിയാൻ വരുന്ന നാണിയമ്മ കണ്ടിട്ട് പൊട്ടിച്ചിരിക്കുമോ?
സമയത്ത് തേങ്ങ പറിക്കാത്തതുകൊണ്ട് പറമ്പിൽ തേങ്ങ വീണത് ആരെങ്കിലും കണ്ടിരിക്കുമോ?
ചീരയും വെണ്ടയും പയറും വലുതായതിനാൽ ഇലയിൽ പുഴുക്കൾ വന്നിരിക്കുമോ?’
ഇങ്ങനെ ചിന്തിക്കുന്നതിനിടയിൽ പെട്ടെന്ന് കുട്ടികളോട് ചോദിക്കും,
“ആരുടെയൊക്കെ വീട്ടിലാണ് ചാണകപ്പൊടി ഉള്ളത്?”
“മാഷെ എന്റെ വീട്ടിലുണ്ട്”
ഉത്തരം പറഞ്ഞ കുട്ടികളുടെ വീട് ചോദിച്ചറിഞ്ഞ്, വൈകുന്നേരം നേരെ ആ വീട്ടിൽ‌പോയി രക്ഷിതാവിനെ കണ്ടുപിടിച്ച് ചാണകവളത്തിന്റെ കച്ചവടം ഉറപ്പിക്കും.
മൂപ്പർക്ക് അന്നും ഇന്നും ജൈവകൃഷിയിലാണ് താല്പര്യം.
എന്തൊക്കെ ചെയ്താലും മാസം തികഞ്ഞാൽ ഒപ്പിട്ട് കൃത്യമായി ശമ്പളം വാങ്ങും. അങ്ങനെ വിദ്യാർത്ഥികളുടെ കാര്യം കട്ടപ്പൊക തന്നെ. 

                          സ്ക്കൂളിലെ ഒരേഒരു പുരുഷ അദ്ധ്യാപകനായതിനാൽ നമ്മൾ സ്ത്രീജനങ്ങൾക്ക് പ്രീയപ്പെട്ടവനാണ് കുട്ടപ്പൻ മാസ്റ്റർ. മറ്റുള്ളവർ രണ്ട് മിനിട്ട് വൈകിയാൽ ഒപ്പുപട്ടിക തുറക്കുമ്പോൾ മുഖം കറുപ്പിച്ച് വാച്ച് നോക്കുന്ന നമ്മുടെ എച്ച്.എം, പത്ത് മിനിട്ട് വൈകിയെത്തുന്ന കുട്ടപ്പൻ മാസ്റ്ററെ ചിരിച്ച്‌കൊണ്ട് സ്വാഗതം ചെയ്ത് കുശലാന്വേഷണം നടത്തും. അതുപോലെ ചിലപ്പോൾ അരമണിക്കൂർ നേരത്തെ പോകാനും മാസ്റ്റർക്ക് മാത്രം പെർമിഷൻ നൽകും. എങ്കിലും നമ്മളാരും ഒരു പരാതിയും ഉന്നയിക്കാറില്ല.
കാരണം,
സ്ക്കൂൾ ആവശ്യങ്ങൾക്ക് ഓഫീസുകളിൽ ഓടിനടക്കുന്നത് കുട്ടപ്പൻ മാസ്റ്ററാണ്,
                          ഒരു എൽ.പി. സ്ക്കൂളായതുകൊണ്ട്, നമ്മുടെ ഹെഡ്‌മിസ്ട്രസിന് രണ്ടാം‌തരത്തിലെ കുട്ടികളെ പഠിപ്പിക്കുന്ന ചുമതല മാത്രമല്ല; ബല്ലടിക്കണം, ഉച്ചക്കഞ്ഞിക്കുള്ള അരി വാങ്ങണം, ഉച്ചക്കഞ്ഞി ശരിക്കും വെന്തോ എന്ന് നോക്കണം, ശമ്പളം എഴുതണം, ട്രഷറിയിൽ പോയി വാങ്ങണം, അത് എണ്ണിനോക്കി വിതരണം ചെയ്യണം, തുടങ്ങിയ ആയിരമായിരം കാര്യങ്ങളാണ്. ഈ വക കാര്യങ്ങളെല്ലാം ശരീരഭാരവും വഹിച്ച്‌കൊണ്ട് നമ്മുടെ എച്ച്.എം. ഓടി നടന്ന് ചെയ്യുമെങ്കിലും സഹായിക്കാൻ ആണായ കുട്ടപ്പൻ മാസ്റ്റർ കൂടിയേ കഴിയു.
മാനേജറുടെ മുഖത്തുനോക്കി രണ്ട് വാക്ക് പറയാനുള്ള ധൈര്യം കുട്ടപ്പൻ മാസ്റ്റർക്ക് മാത്രമാണ്,
                           നാട്ടിൽ നിറഞ്ഞിരിക്കുന്ന അജ്ഞാനത്തിന്റെ അന്ധകാരത്തിൽ കഴിയുന്ന കൊച്ചുകുഞ്ഞുങ്ങളെ വിജ്ഞാനത്തിന്റെ വെളിച്ചത്തിലേക്ക് നയിക്കാനുള്ള ദീപശിഖയുമായി, നമ്മൾ അഞ്ചുപേർക്കും അദ്ധ്യാപനജോലി ചെയ്യാൻ അനുവാദം തന്ന മാനേജർ ഇടയ്ക്കിടെ സ്വന്തം സ്ക്കൂളിൽ വരും. ആദ്ദേഹം വന്നാൽ അദ്ധ്യാപകരെല്ലാം മുന്നിൽ വന്ന് വണങ്ങി നിൽക്കുമ്പോൾ വിദ്യാർത്ഥികളെല്ലാവരും നിശബ്ദരായിരിക്കും. പിന്നീട് ഓരോ ക്ലാസ്സിലും ചുറ്റിനടന്ന് തെറ്റ് കുറ്റങ്ങൾ കണ്ടുപിടിച്ച് ഭീഷണിപ്പെടുത്തും.
“എടി നാണി, നിന്റെ ക്ലാസ്സിന്റെ മൂലയിലെന്താ കടലാസുകഷ്ണങ്ങൾ? നിനക്കിതൊന്നും അടിച്ചുവാരിക്കൂടെ?”
“അങ്ങനെ ചെയ്യാമേ”
“നിന്റച്ഛൻ രാമനെയോർത്താ നിന്നെയിവിടെ ടിച്ചറാക്കിയത്, നീ പോയാൽ പകരം വരാൻ ആളുണ്ട്?
ഇത്‌കേട്ട് പരിസരം മറന്ന് കരയുന്ന നാരായണി ടീച്ചറെ നോക്കിയിരിക്കുന്ന കുട്ടികൾക്ക് സങ്കടം വരും.
പിറ്റേന്ന് രാവിലെ ടീച്ചർ കുട്ടികളോട് പറയും,
“മക്കളെ കടലാസ് കഷ്ണങ്ങളൊന്നും താഴെയിടല്ലെ, നമ്മുടെ മാനേജർ കണ്ടാൽ തിന്നുകളയും”

എന്നാൽ കുട്ടപ്പൻ മാസ്റ്ററുടെ വരവോടെ മാനേജരുടെ ഭീഷണി കുറഞ്ഞു.
അതെങ്ങനെയെന്നോ,,,
                           മാസ്റ്റർ അദ്ധ്യാപകനായി ചേർന്ന് രണ്ട് മാസം കഴിഞ്ഞപ്പോൾ ഒരു ദിവസം മാനേജർ സ്ക്കൂളിൽ വന്നു. നേരെ ഓഫീസ് റൂമിൽ വന്ന അദ്ദേഹത്തെ മറ്റുള്ളവരെല്ലാം പഠിപ്പിക്കുന്നത് നിർത്തിയിട്ട് മുന്നിൽ‌വന്ന് വണങ്ങിയെങ്കിലും കുട്ടപ്പൻ മാസ്റ്ററെ കൂട്ടത്തിൽ കാണാത്തതിനാൽ നാലാം ക്ലാസ്സിലേക്ക് നടന്നു. അവിടെ മലയാളം കവിത പഠിപ്പിക്കുകയാണ്,
“പ്രസാദം വദനത്തിങ്കൽ
കാരുണ്യം ദർശനത്തിലും;
മാധുര്യം വാക്കിലും,
ചേർന്നവനെ പുരുഷോത്തമൻ”
ഇത്രയും വായിച്ച അദ്ധ്യാപകൻ തലയുയർത്തി നോക്കിയപ്പോൾ മുന്നിൽ പുരുഷോത്തമനായി,,
സാക്ഷാൽ മേനേജർ,,,.
അദ്ദേഹം ക്ലാസ്സിൽ കടന്നുവന്ന് അദ്ധ്യാപകനെ അടിമുടി നോക്കി,,, പിന്നെയും നോക്കി,,, പിന്നെയും പിന്നെയും നോക്കി,,, നോട്ടം അവസാനിച്ചത് അദ്ധ്യാപകന്റെ കാലിൽ,,,
കലികയറിയ മേനേജർ അലറി,
“ഇതൊരു സരസ്വതി ക്ഷേത്രമാണ്; ഇവിടെ ചെരിപ്പിട്ടു വരാനോ? അശുദ്ധമാക്കരുത്?”
കുട്ടപ്പൻ ശബ്ദം കുറച്ചുകൊണ്ട് പറഞ്ഞു,
“സാർ ഞാനിതുവരെ ചെരിപ്പിടാതെ നടന്നിട്ടില്ല; വീട്ടിനകത്തും വെളിയിലും വയലിലും പോകുമ്പോൾ എനിക്ക് പ്രത്യേകം പ്രത്യേകം ചെരിപ്പുകളുണ്ട്. എനിക്ക് ചെരിപ്പില്ലാതെ നടക്കാനാവില്ല”
“ധിക്കാരം പറയുന്നോ? ഇത് നിന്റെ വീടല്ല, പഠിപ്പിക്കാൻ വരുമ്പോൾ ചെരിപ്പ് വെളിയിൽ അഴിച്ചുവെക്കണം”
“അതെനിക്കാവില്ല, അങ്ങനെയാണെങ്കിൽ സ്ക്കൂളിന് വെളിയിൽ വയലിനടുത്തുള്ള മാവിൻ‌ചുവട്ടിലിരുന്ന് കുട്ടികളെ പഠിപ്പിക്കാം”
അങ്ങനെ കുട്ടപ്പനെ പഠിപ്പിക്കാനാവാത്ത മാനേജർ പത്തി താഴ്ത്തി; അതോടെ ഇടയ്ക്കിടെയുള്ള മേനേജരുടെ വരവ് അവസാനിച്ചപ്പോൾ അദ്ധ്യാപികമാർ ചെരിപ്പിട്ട് സ്ക്കൂളിൽ വരാൻ തുടങ്ങി.
അതുപോലെ സ്ക്കൂളിൽ വന്ന് അനാവശ്യമായി ഭീഷണിപ്പെടുത്തുന്ന രക്ഷിതാക്കളെ നിലക്ൿനിർത്തുന്നത് കുട്ടപ്പൻ മാസ്റ്ററാണ്.
                             ഒരു ദിവസം രാവിലെ പത്ത്‌മണി നേരത്ത് ബെല്ലടിച്ച് ക്ലാസ് തുടങ്ങിയപ്പോഴാണ് ചായക്കടക്കാരൻ ദാമു നമ്പ്യാർ ഒരു പൊതിയുമായി സ്ക്കൂളിൽ വന്നത്. വന്ന ഉടനെ ഹെഡ്‌ടീച്ചറെ വിളിച്ചശേഷം പൊതിയഴിച്ച് സ്ക്കൂൾ വരാന്തയിൽ പ്രദർശ്ശിപ്പിച്ചു. പ്രശ്നം എന്താണെന്നറിയാൻ മറ്റുള്ള അദ്ധ്യാപികമാരും ഏതാനും കുട്ടികളും എത്തിനോക്കിയപ്പോൾ കണ്ടത്,,,
നൂറ് കണക്കിന് പച്ച കാന്താരിമുളകുകൾ.
തുടർന്ന് നമ്പ്യാർ ഡയലോഗ് ആരംഭിച്ചു,
“എന്റെ വീട്ടിൽ നട്ട് വെള്ളമൊഴിച്ച് ഞാൻവളർത്തുന്ന കാന്താരി, ഇവിടെയുള്ള തെണ്ടിപ്പിള്ളേർക്ക് പറിക്കാനാണോ? ഇതൊക്കെ ടീച്ചർ‌മാര് ശ്രദ്ധിക്കാത്തതുകൊണ്ടല്ലെ”
“നമ്പ്യാറെ ഇതെല്ലാം ആരാണ് ചെയ്തത്?”
“അത് ഇവിടെ പഠിക്കുന്ന ആ കാന്താരിപ്പെണ്ണില്ലെ, എന്റെ മോന്റെ മോള്; അവളും അഞ്ചാറ് പിള്ളേരും വന്ന് പറിച്ചതാ, എന്നാലും ടീച്ചർമാര് അതൊക്കെ ശ്രദ്ധിക്കണ്ടെ?”
അത് കേട്ടുകൊണ്ടാണ് നമ്മുടെ കുട്ടപ്പന്റെ വരവ്, പതിനഞ്ച് മിനിട്ട് വൈകിയതിനാൽ തിരക്കു പിടിച്ച വരവാണ്. രംഗം വീക്ഷിച്ച് കാര്യം മനസ്സിലാക്കിയ കുട്ടപ്പൻ വന്ന ഉടനെ മുളകുപൊതിക്കിട്ട് ഒറ്റ ചവിട്ട്,,, കാന്താരികളെല്ലാം സമീപത്തെ തെങ്ങിൻ‌ചുവട്ടിലേക്ക് പറന്നു,
“അതെയ് സ്വന്തം വീട്ടിലെ കൊച്ചുമോള് കാന്താരി പറിച്ചതും കൊണ്ട് ഇങ്ങോട്ട് വന്നാലുണ്ടല്ലൊ,,,”
ബാക്കി പറഞ്ഞില്ലെങ്കിലും പിന്നീട് നമ്പ്യാർ ഒരു നിമിഷം‌പോലും അവിടെ നിന്നില്ല. കൂടുതൽ സമയം നിന്നാൽ ചിലപ്പോൾ ചവിട്ട് തന്റെ നെഞ്ചത്തായാലോ?

                       കുട്ടപ്പൻ മാസ്റ്റർക്ക് തീര ഇഷ്ടമില്ലാത്ത സംഭവമാണ് ടീച്ചിംഗ് നോട്ട്. കാലാകാലങ്ങളായി അദ്ധ്യാപകർ ഇഷ്ടമില്ലെങ്കിലും ‘വളരെ കരക്റ്റായി’ ചെയ്യുന്ന കഠിനാദ്ധ്വാനമാണ് ടീച്ചിംഗ് നോട്ട്അഥവാ ചീറ്റിംഗ് നോട്ട്. കുട്ടപ്പൻ മാസ്റ്ററുടെ സർവ്വീസിനിടയിൽ അങ്ങനെയൊരു സാധനം ഇതുവരെ എഴുതിയിട്ടില്ല, എന്ന് മാത്രമല്ല, അൻപത്തഞ്ചായി പെൻഷനാവുന്നതു വരെ ടീച്ചിംഗ് നോട്ട് എഴുതുകയില്ല എന്ന് ദൃഢപ്രതിജ്ഞ ചെയ്തിരിക്കയാണ്. അതുകൊണ്ട് ഏറ്റവും കഷ്ടപ്പെട്ടത് നമ്മുടെ ഹെഡ്‌ടീച്ചർ തന്നെയാണ്. പഠിപ്പിക്കുന്ന കാര്യം നൊട്ടിലെഴുതിയിട്ടു വേണോ പഠിപ്പിക്കാൻ എന്നാണ് കുട്ടപ്പൻ‌മാഷിന്റെ ചോദ്യം.
മൂന്നാം ക്ലാസ്സിലെ ടീച്ചർ നാല് കള്ളികൾ വരച്ച്, വളരെ മനോഹരമായി വടിവൊത്ത അക്ഷരങ്ങളിൽ ടീച്ചിംഗ് നോട്ട് എഴുതാറുണ്ടെങ്കിലും ക്ലാസ്സിൽ പഠിപ്പിക്കുന്നതിനു പകരം എപ്പോഴും ഉറക്കമാണ്. ‘ഉറങ്ങുന്നകാര്യം നോട്ടിൽ എഴുതിയിട്ടുണ്ടോ’ എന്ന് കുട്ടപ്പൻ മാസ്റ്റർ ചോദിക്കും.

അങ്ങനെയിരിക്കെ,,,
                      ഒരുദിവസം രാവിലെ നമ്മുടെ ഹെഡ്‌മിസ്ട്രസ്സ് ഞെട്ടിക്കുന്ന ഒരു വാർത്തയുമായാണ് സ്ക്കൂളിൽ രംഗപ്രവേശനം ചെയ്തത്,
‘അന്ന് ഉച്ചക്ക്‌ശേഷം നമ്മുടെ ബഹുമാനപ്പെട്ട ‘എ.ഇ.ഒ.’, നമ്മുടെ വിദ്യാലയം സന്ദർശ്ശിക്കുന്നുണ്ട്’,,
വർഷം‌തോറും മുൻ‌കൂട്ടി അറിയിപ്പ് നൽകിയ സ്ക്കൂൾ ഇൻഷ്പെൿഷൻ നടക്കാറുണ്ട്; എന്നാൽ ഇത് ‘സ്ക്കൂൾ എങ്ങനെ നടക്കുന്നു’ എന്ന് അറിയാനായി വെറുമൊരു വിസിറ്റ് മാത്രം.
സംഭവം ഒരു ഞെട്ടലോടെ അറിയിച്ചതുകേട്ട് അദ്ധ്യാപകർ ഒന്നടങ്കം ഞെട്ടി ഒരാളൊഴികെ,,,
കുട്ടപ്പൻ മാസ്റ്റർ മാത്രം ഞെട്ടിയില്ല,,
അത് ശരിയല്ലല്ലൊ,,,
അദ്ദേഹം ഒരു ആണാണെങ്കിലും നമ്മൾ എണ്ണിവാങ്ങുന്നതു പോലെ ശമ്പളം വാങ്ങുന്നതാണല്ലൊ,,,
ശരിക്കും ഞെട്ടേണ്ടത് കുട്ടപ്പൻ മാസ്റ്ററാണ്,,,
പാഠം സിലബസ് അനുസരിച്ച് എടുത്തിട്ടില്ല, ഹോം‌വർക്ക് ചെയ്യിപ്പിച്ചിട്ടില്ല, കുട്ടികളെ നേരാം‌വണ്ണം പഠിപ്പിച്ചിട്ടില്ല, ഇതെല്ലാം പോരാഞ്ഞ് ടീച്ചിംഗ് നോട്ട് എന്നൊരു സാധനം ഇതുവരെ എഴുതിയിട്ടില്ല.
                             ഞെട്ടാത്ത മാസ്റ്ററെ അവഗണിച്ച് ഞങ്ങൾ വനിതകൾ ഒത്ത്‌ചെർന്ന് കാര്യങ്ങൾ ചർച്ച ചെയ്തു. ഉച്ചക്ക് ശേഷമുള്ള വരവായതിനാൽ ഓഫീസർ ഉച്ചഭക്ഷണം കഴിച്ചിരിക്കും. അതിനാൽ ചായയും അദ്ദേഹത്തിന് ഇഷ്ടമാണെന്ന് മറ്റ് സ്ക്കൂൾഅദ്ധ്യാപകർ പറഞ്ഞറിഞ്ഞ ഉള്ളിവടയും ഉണ്ടാക്കാൻ രാധമ്മയെ ഏല്പിച്ചു.

പിന്നീട് അവിടെ നടന്നത് ഒരു ഉത്സവ ഒരുക്കങ്ങളായിരുന്നു,
                           ടീച്ചർ‌മാർ ചേർന്ന് ക്ലാസ്സും പരിസരങ്ങളും അടിച്ചുവാരി വൃത്തിയാക്കി. വിശേഷ അവസരങ്ങളിൽ വിരിക്കുന്ന മേശവിരികളാൽ എല്ലാ ക്ലാസ്സിലെയും മേശപ്പുറം അലങ്കരിക്കപ്പെട്ടു. കലണ്ടർ, ചാർട്ടുകൾ, ചിത്രങ്ങൾ എന്നിവയെല്ലാം പൊടിതട്ടി പുറത്തെടുത്ത്, വെള്ളപൂശിയത് അടർന്നു വീഴാറായ ചുമരുകളിൽ തൂക്കിയിട്ടു. ഹാജർപട്ടികകളെല്ലാം എഴുതി പൂർത്തിയാക്കിയശേഷം ഭംഗിയുള്ള കവർകൊണ്ട് പൊതിഞ്ഞു. ടീച്ചിംഗ് നോട്ടുകൾ, ഹേന്റ്‌ബുക്കുകൾ, പാഠാവലികൾ, പഠനോപകരണങ്ങൾ എന്നിവയോടൊപ്പം കുട്ടികളുടെ കോപ്പിബുക്കുകളും ചേർന്ന് ഓരോ ക്ലാസ്സിലെയും മേശപ്പുറം നിറഞ്ഞ് കവിയാൻ തുടങ്ങി. എല്ലാദിവസവും മേശപ്പുറത്ത് വി.ഐ.പി. ആയി വിലസിയിരുന്ന ‘ചൂരൽ‌വടി’ കഞ്ഞി വെന്തുകൊണ്ടിരുന്ന അടുപ്പിലിടുകയും ആ സ്ഥാനത്ത് ചോക്കും ഡസ്റ്ററും കൊണ്ട് അലങ്കരിക്കുകയും ചെയ്തു. കഞ്ഞിപ്പുരയിലെ പുകയേറ്റ്‌കൊണ്ട് ഉച്ചക്കഞ്ഞി പാകം ചെയ്യുന്ന രാധമ്മ നേരത്തെ കഞ്ഞിവെച്ച് കുട്ടികളെ കുടിപ്പിക്കാനുള്ള തയ്യറെടുപ്പുകൾ നടത്താൻ തുടങ്ങി.

                         ഹെഡ്‌മിസ്ട്രസ്സാണെങ്കിൽ തലക്കും സാരിക്കും തീപ്പിടച്ചതുപോലെ ഓടിനടക്കുകയും അതിനിടയിൽ അലമാരകൾ അട്ടിമറിച്ച് ഔദ്യോഗിക രേഖകൾ ഓക്കെയാക്കുകയും ചെയ്യുന്ന തിരക്കിലാണ്. അഡ്‌മിഷൻ രജിസ്റ്റർ, അറ്റന്റൻസ് രജിസ്റ്റർ, ലീവ് രജിസ്റ്റർ, ടീച്ചിംഗ് നോട്ട് രജിസ്റ്റർ, പോക്ക് വരവ് രജിസ്റ്റർ, എന്നിവയോടൊപ്പം ശമ്പളം വാങ്ങാൻ ഒപ്പിടുന്ന അക്വിറ്റൻസ്, ഫീസിന്റെ കണക്ക്, ഫീസിളവിന്റെ കണക്ക്, സ്കോളർഷിപ്പിന്റെ കണക്ക്, പാസ്‌ബുക്കുകൾ എന്നിവയെല്ലാം ഓരൊ പേജും തുറന്ന് ‘തെറ്റൊന്നും ഇല്ല’ എന്ന് ഉറപ്പ് വരുത്തുകയാണ്. ഒടുവിൽ മിന്നുന്ന കവർ‌കൊണ്ട് പൊതിഞ്ഞ വിസിറ്റ് ബുക്കും ഇൻ‌സ്പെൿഷൻ ഡയറിയും പൊടിതട്ടിയെടുത്ത് മേശപ്പുറത്ത് വെച്ചു.
എന്നാൽ ഒരാൾ‌മാത്രം ഒരു തിരക്കും ഇല്ലാതെ ഇതൊന്നും തന്റേതല്ല എന്ന ഭാവത്തിൽ കണക്കുകൾ കൂട്ടാനും കുറക്കാനും പഠിപ്പിക്കുകയാണ്,
അത് മറ്റാരുമല്ല,,, നമ്മുടെ കുട്ടപ്പൻ മാസ്റ്റർ തന്നെ,
നാല് സ്ത്രീജനങ്ങൾക്കിടയിൽ ഒരേഒരു കൃഷ്ണനായി വിലസുന്ന സാക്ഷാൽ കുട്ടപ്പൻ മാസ്റ്റർ,

                            ഉച്ചക്കഞ്ഞി കുടിച്ച കുട്ടികളെല്ലാം കളിക്കാൻ‌ മറന്ന്‌കൊണ്ട് നേരത്തെതന്നെ ക്ലാസ്സിൽ വന്നിരിപ്പായി. നമ്മുടെ ഹെഡ്‌മിസ്ട്രസ്സ് ഇടവഴിയിലേക്ക് കണ്ണും‌നട്ട് ഇരിപ്പാണ്, ഇടയ്ക്കിടെ എഴുന്നേറ്റ് നടക്കുന്നുണ്ട്. ആരുടെയെങ്കിലും തല കണ്ടാൽ അവർ സ്വയമറിയാതെ വരാന്തയിലേക്ക് ഓടിവന്ന് നോക്കുന്നത് ആറാം തവണയാണ്.
ഒടുവിൽ,,,
അയാൾ വന്നു,, സാക്ഷാൽ എ.ഇ.ഒ. തന്നെ,,, ചെത്ത് വേഷത്തിൽ ഒരു തടിയൻ
                           ഹെഡ്‌മിസ്ട്രസ്സ് വരാന്തയിലേക്ക് ഓടിവന്ന് അദ്ദേഹത്തെ സ്വീകരിച്ച് നേരെ ഓഫീസ് റൂമിലേക്ക് ആനയിച്ചു. തുടർന്ന് സ്ക്കൂൾ രേഖകൾ ഓരോന്നായി നോക്കി ഒപ്പ് വെക്കുകയും അതിനിടയിൽ രാധമ്മ സ്വന്തമായി നിർമ്മിച്ച ചായ ചൂടോടെ കുടിക്കുകയും ഉള്ളിവട തിന്നുകയും ഒപ്പം സംസാരിക്കുകയും ചെയ്തുകൊണ്ടിരുന്നു. എല്ലാറ്റിന്റെയും ഒടുവിൽ ഓഫീസർ പ്രധാനകാര്യം പറഞ്ഞു,
“ഞാനിവിടെ പെട്ടെന്ന് വന്നത് ഇവിടെയുള്ള ചില അദ്ധ്യാപകരെപ്പറ്റി പരാതികൾ ലഭിച്ചതുകൊണ്ടാണ്,,,”
ഹെഡ്‌മിസ്ട്രസ്സ് ഞെട്ടി, അല്പനേരം ഹൃദയമിടിപ്പ് നിന്ന്, ശ്വാസോച്ഛ്വാസം പതുക്കെ ആയി. പിന്നീട് ദീർഘമായി ശ്വാസം ഉള്ളിലേക്ക് വലിച്ചുകൊണ്ട് പൂർവ്വസ്ഥിതിയിൽ ആയപ്പോൾ അവ്യക്തമായി പറഞ്ഞു,
“സർ അ,,ആര്?”
“അദ്ധ്യാപകരൊന്നും മര്യാദക്ക് പഠിപ്പിക്കുന്നില്ല എന്നാണ് പരാതി, അത് തെറ്റാണെന്ന് എനിക്കറിയാം. എനിക്ക് ക്ലാസ്സുകൾ കാണണം”

എ.ഇ.ഒ. ആദ്യം പോയത് ഒന്നാം ക്ലാസ്സിൽ,
അവിടെ അക്ഷരം പഠിപ്പിച്ചുകൊണ്ടിരിക്കുന്ന രേവതി ടിച്ചർ തന്റെതായ അദ്ധ്യാപന വൈഭവം ഓഫീസർക്ക് കാണിച്ചുകൊടുത്തു,
എ.ഇ.ഒ. സന്തോഷിച്ചു. പിന്നീട് പോയത് രണ്ടാം തരത്തിൽ,,,
അത് ഹെഡ്‌മിസ്ട്രസ്സിന്റെ ക്ലാസ്സായതിനാൽ കൂടുതൽ സമയം വേണ്ടി വന്നില്ല. കുട്ടികളുടെ നോട്ടുകൾ നോക്കി ഏതാനും ചോദ്യം ചോദിച്ച് തൃപ്തനായ ഓഫീസർ പുറത്ത് കടന്നു.
പിന്നീട് തൊട്ടടുത്ത അഞ്ചാം തരത്തിൽ എ.ഇ.ഒ. കടന്നപ്പോൾ പുതിയതായി ചേർന്ന ലക്ഷ്മിക്കുട്ടി പേടിച്ചുവിറച്ചു. അവരുടെ വിറയൽ മനസ്സിലാക്കിയതു കൊണ്ടാവാം പതിവിൽ കൂടുതൽ സമയം ഓഫീസർ ആ ക്ലാസ്സിൽ‌തന്നെ ഇരുന്നു. ഓഫീസർ അടുത്ത ക്ലാസ്സ് തേടി പോകുമ്പോഴേക്കും ഇംഗ്ലീഷ് പഠിപ്പിച്ചുകൊണ്ടിരിക്കുന്ന ടീച്ചർ വിയർത്ത് കുളിച്ചിരുന്നു.

തൊട്ടടുത്ത് സ്ക്കൂളിന്റെ ഒരു വശത്തായാണ് നാലാം ക്ലാസ്സ്,
അതാണ് കുട്ടപ്പൻ മാസ്റ്ററുടെ ക്ലാസ്സ്,
എ.ഇ.ഒ. നേരെ നാലാം ക്ലാസ്സിലേക്ക് പ്രവേശിച്ചു,
അദ്ദേഹം ഞെട്ടി,
ഒപ്പം അനുഗമിച്ച ഹെഡ്‌മിസ്ട്രസ്സും ഞെട്ടി,,,
നാലാം ക്ലാസ്സിൽ ബഞ്ചും ഡസ്ക്കും മേശയും കസേരയും ബ്ലാക്ൿബോർഡും അതേപടിയുണ്ട്. എന്നാൽ കുട്ടപ്പൻ മാസ്റ്ററും കുട്ടികളും ഇല്ല. ക്ലാസിന്റെ പിന്നിലൂടെയാണ് കഞ്ഞിപ്പുരയിലേക്കുള്ള വാതിൽ; അതിലൂടെ നോക്കിയപ്പോൾ രാധമ്മ കഞ്ഞിവെച്ച പാത്രം കഴുകുന്നത് നന്നായി കാണാം.
അങ്ങോട്ട് നോക്കി നിൽക്കുന്ന ഹെഡ്‌മിസ്ട്രസിനോട് ഓഫീസർ പറഞ്ഞു,
“ടീച്ചർ ഇതൊന്ന് വായിച്ചാട്ടെ”
ക്ലാസ്സിന്റെ ഇടത്തെ മൂലയിലെ കറുത്ത ബോർഡിൽ, വെളുത്ത ചോക്ക്‌ കൊ‌ണ്ട് എഴുതി വെച്ചിരിക്കുന്നു,,,
പാഠം 4: പരിസ്ഥിതിപഠനം
‘നമ്മുടെ പരിസ്ഥിതിയെക്കുറിച്ച് നേരിട്ട് പഠിക്കാനായി നാലാം തരത്തിലെ വിദ്യാർത്ഥികൾ അദ്ധ്യാപകനോടൊപ്പം പരിസ്ഥിതി നിരീക്ഷണത്തിനായി വയലിലേക്ക് പോകുന്നു’

August 7, 2011

കെട്ടുതാലി പൊട്ടിക്കുന്ന നിമിഷങ്ങൾ

                             നാല്‌മണി ആയി ബെല്ലടിച്ചതോടെ ഹൈസ്ക്കൂളിലെ വിദ്യാർത്ഥികളെല്ലാം ക്ലാസ്സിൽ‌നിന്ന് വെളിയിലിറങ്ങി; ഒപ്പം അദ്ധ്യാപകരും. സ്ക്കൂൾ ഗെയ്റ്റ് കടന്ന് റോഡിലെത്താനും ബസ്സിൽ കയറാനും അവിടെയുള്ള ചില അദ്ധ്യാപകർ വിദ്യാർത്ഥികളെക്കാൾ ഒട്ടും പിന്നിലായിരുന്നില്ല. അഞ്ച് മിനിട്ട് ബസ്‌യാത്ര ചെയ്ത് സമീപമുള്ള ചെറിയ പട്ടണത്തിൽ എത്തിയപ്പോൾ കൂട്ടത്തിൽ ഒരു അദ്ധ്യാപിക മറ്റ് യാത്രക്കാരോടൊപ്പം ഇറങ്ങി. വീടെത്താൻ ഇനി ഇരുപത് മിനിട്ട് നടക്കണം; അഞ്ച് മിനിട്ട് റോഡിലൂടെ, പിന്നെ ഇടവഴിയിലൂടെ,,,

                          ടീച്ചർ ഇരുപത് മിനിട്ട് നടന്നെത്തുന്ന ദൂരം മറ്റുള്ളവർക്ക് വെറും പത്ത് മിനുട്ട് മതിയാവും, അത്രക്ക് പതുക്കെ ശരീരഭാരവും വഹിച്ചാണ് നടത്തം. റോഡിലൂടെ നടക്കുമ്പോൾ അങ്ങോട്ടും ഇങ്ങോട്ടുമായി പലതരം വാഹനങ്ങൾ പോകുന്നുണ്ടെങ്കിലും അതൊന്നും ശ്രദ്ധിക്കാതെയാണ് അവർ നടക്കുന്നത്. റോഡ് കഴിഞ്ഞ് ആൽ‌മരത്തിന് സമീപം എത്തി ഇടവഴിയിലേക്ക് പ്രവേശിക്കാറായപ്പോൾ മുന്നിലൂടെ വന്ന ബൈക്ക്, പിന്നിലേക്ക് പോയത് ശ്രദ്ധിച്ചില്ല. എന്നാൽ ടിച്ചറെ കടന്ന് പിന്നിലേക്ക് ഓടിച്ചുപോയ ബൈക്ക് തിരിച്ചുവന്ന് തൊട്ടടുത്ത് നിർത്തിയത് ശ്രദ്ധിച്ചപ്പോഴേക്കും അത് സംഭവിച്ചു,
ടീച്ചറുടെ അഞ്ച് പവനോളം വരുന്ന താലിചെയിൻ അവന്റെ കൈയിൽ,,,
അതുമായി വന്നതിനെക്കാൾ സ്പീഡിൽ ആ ചെറുപ്പക്കാരൻ ബൈക്ക് ഓടിച്ചുപോയി.
ഒരു നിമിഷത്തെ ശരീരവേദനക്കും ഞെട്ടലിനും ശേഷം അവർ ഉച്ചത്തിൽ വിളിച്ചുകൂവി,
“അയ്യോ എന്റെ മാല,,, കള്ളൻ,,,,,”
തൊട്ടടുത്ത പറമ്പിൽ ജോലിചെയ്യുന്ന സ്ത്രീപുരുഷന്മാർ ഓടി വന്ന് കാര്യങ്ങൾ തിരക്കി. സംഭവങ്ങൽ അറിഞ്ഞപ്പോൾ പോലീസ്‌സ്റ്റേഷനിൽ അറിയിക്കാൻ പറഞ്ഞുകൊണ്ട് തിരികെ നടക്കുന്നതിനിടയിൽ അവർ പരസ്പരം പറഞ്ഞു,
“പരിസരം നോക്കാതെ നടന്നാൽ ഇങ്ങനെയൊക്കെ സംഭവിക്കും”

                          ‘പരിസരം നോക്കാതെ നടന്നതുകൊണ്ടാണോ’ ഇങ്ങനെ സംഭവിച്ചത്? തൊട്ടടുത്തുകൂടി പോകുന്ന ചെറുപ്പക്കാരൻ തന്റെ സ്വർണ്ണമാല പൊട്ടിക്കും എന്ന് ഒരു നിമിഷം മുൻപ് വരെ ചിന്തിച്ചിരുന്നില്ല. ബൈക്കിൽ വന്ന് സ്ത്രീകളുടെ മാല പൊട്ടിക്കൽ വ്യാപകമാവുന്ന കാലമാണ്. എനിക്കറിയാവുന്ന സംഭവങ്ങളിൽ മോഷണങ്ങൾക്ക് ഇരയാവുന്നത് അധികവും ഉദ്യോഗസ്ഥകളും അതിൽതന്നെ വലിയ വിഭാഗം അദ്ധ്യാപികമാരും ആണ്.
അതിന് കാരണങ്ങൾ പലതാണ്.
  1. ഉദ്യോഗസ്ഥകൾ എല്ലായിപ്പോഴും സ്വർണ്ണമാല അണിഞ്ഞിരിക്കും. സ്ഥിരമായി അണിയുന്നതിനാൽ കൂടുതലായി ശ്രദ്ധിക്കില്ല. മറ്റുള്ളവരിൽ ചിലർ വെളിയിൽ ഇറങ്ങുമ്പോൾ മാത്രം മാല അണിയുന്നവരാണ്. അവർക്ക് വെളിയിലിറങ്ങിന്ന അവസരങ്ങൾ കുറവായതിനാൽ മാല ശ്രദ്ധിക്കുന്നു.
  2. ഉദ്യോഗസ്ഥകൾ സ്വർണ്ണം അണിഞ്ഞ്‌കൊണ്ട് പലപ്പോഴും ഒറ്റക്ക് യാത്ര ചെയ്യുന്നവരാണ്; ദൂരയാത്രകളും ജോലി സംബന്ധമല്ലാത്ത യാത്രകളും അവർ ഒറ്റക്ക് ചെയ്യാറുണ്ട്. ജോലിയില്ലാത്ത സ്ത്രീകൾ യാത്ര ചെയ്യുമ്പോൾ പലപ്പോഴും ഒറ്റയ്ക്ക് ആയിരിക്കില്ല, കൂടെ വീട്ടിലുള്ള ആരെങ്കിലും കാണും.  
  3. മാന്യതയുടെ ആവരണം ഉള്ളതിനാൽ മോഷണം നടന്നാൽ ബഹളം വെക്കാനും കള്ളനെ പിടിച്ച് വെക്കാനും ഉദ്യോഗസ്ഥകൾ മടിക്കുന്നു. അപ്പോഴേക്കും കള്ളൻ പമ്പയും മുല്ലപ്പെരിയാറും കടന്നിരിക്കും.
  4. അദ്ധ്യാപികമാർക്ക് ചെറുപ്പക്കാരെക്കുറിച്ച് തെറ്റായ ധാരണ ഉണ്ടാവുന്നതിനാൽ മോഷണം നടക്കുന്നതുവരെ കള്ളനെ സംശയിക്കില്ല. ഒരു ബസ്സിലോ സമ്മേളന സ്ഥലത്തൊ വെച്ച് ആരെങ്കിലും ‘ടീച്ചറെ’ എന്ന് വിളിച്ചാൽ അദ്ധ്യാപിക ആയവരും ആയിരുന്നവരും മൊത്തത്തിൽ തിരിഞ്ഞുനോക്കും. ഒരു ചെറുപ്പക്കാരൻ സമീപത്ത് വന്ന് എന്തെങ്കിലും ചോദിച്ചാൽ ഒരു ടീച്ചർ പെട്ടെന്ന് ചിന്തിക്കുന്നത്, ‘ഇവനെ ഏത് സ്ക്കുളിൽ, ഏത് ക്ലാസ്സിൽ‌വെച്ച്, എപ്പോഴായിരിക്കും ഞാൻ പഠിപ്പിച്ചത്?’ എന്നായിരിക്കും.

                           ബൈക്കിൽ വന്ന് കഴുത്തിൽ നിന്നും മാല പൊട്ടിച്ചവനെ ഒരിക്കൽ ഒരു സ്ക്കൂൾ വിദ്യാർത്ഥിനി പിടികൂടിയിരുന്നു. അതുപോലെ 78 കഴിഞ്ഞ കുഞ്ഞേലി ചേട്ടത്തി തന്റെ കഴുത്തിൽ നിന്നും മാല പൊട്ടിച്ചവനെ വിടാതെ പിടികൂടിയ സംഭവവും ഏതാനും മാസം മുൻപ് ഉണ്ടായിരുന്നു.
                           ഇങ്ങനെ മാലമോഷണം വ്യാപകമായ കാലത്ത് എന്റെ ഒരു സഹപ്രവർത്തകയുടെ ബന്ധുവായ ഒരു ടീച്ചർ ബസ്സിൽ നിന്നിറങ്ങി വീട്ടിലേക്ക് നടക്കുന്നതിനിടയിൽ ഒരു യുവാവ് അടുത്ത് വന്ന് ചോദിച്ചു,
“ഹലോ, ഈ കൂത്തുപറമ്പ് എത്താൻ ഏത് വഴിയിലൂടെയാണ് പോകേണ്ടത്?”
പെട്ടെന്ന് ടീച്ചർ ഞെട്ടി; ടീച്ചറുടെ പ്രതികരണം കണ്ട് വഴി ചോദിച്ച യുവാവും ഞെട്ടി,
“ദൂരെ, ദൂരെ മാറി നിൽക്ക്,,, വഴി ചോദിക്കാൻ മറ്റാരെയും കണ്ടില്ലെ? എനിക്കറിയില്ല”
കഴുത്തിലെ സ്വർണ്ണമാല രണ്ട് കൈകൊണ്ടും മുറുകെപ്പിടിച്ച് പിന്നിലേക്ക് അകന്നുമാറി അവർ പറയുന്നത് കേട്ടപ്പോൾ വഴി ചോദിച്ചവൻ സ്ഥലം‌വിട്ടു.
***
                             ആ വലിയ വീട്ടിൽ രണ്ട്‌പേർ മാത്രം, അദ്ധ്യാപന സർവ്വീസിൽ നിന്നും വിരമിച്ച ഭാര്യയും ഭർത്താവും. മക്കളെല്ലാം വിവാഹിതരായി ജോലിസ്ഥലത്ത് കുടുംബമായി പാർക്കുന്നു. സാമ്പത്തികമായി ഉയർന്ന നിലവാരമുള്ള അവരുടെ കൂടെ മറ്റാരും താമസമില്ല. പതിവുപോലെ ഒരു രാത്രി ഉറങ്ങാൻ കിടന്നപ്പോൾ ഭാര്യക്കും ഭർത്താവിനും ഒന്നും തോന്നിയില്ല. അർദ്ധരാത്രി കഴിഞ്ഞ ഏതോ നേരത്ത് ടീച്ചർ ഞെട്ടിയുണർന്നപ്പോൾ മുറിയിൽ വെളിച്ചം. ഒപ്പം കണ്ടു, കഴുത്തിനു നേരെ കത്തിയുമായി ഒരു രൂപം. പേടിച്ച് ശബ്ദിക്കാനാവത്ത അവരുടെ കഴുത്തിൽ കിടന്ന സ്വർണ്ണമാല പൊട്ടിച്ച് കള്ളൻ നടന്നുപോകുന്നത് അവർ നോക്കി നിന്നു.
ഒച്ചവെക്കാത്തതുകൊണ്ട് ജീവൻ തിരിച്ചുകിട്ടിയ ആശ്വാസത്തിലാണ് ടീച്ചർ,
  1. കള്ളനെ പിടിക്കാനുള്ള സൌകര്യവും ശക്തിയും അവസരവും ഒത്തുവന്നാൽ മാത്രം ആലോചിച്ച് മാത്രം ശ്രമിക്കുന്നതാണ് അഭികാമ്യം.
  2. നമ്മുടെ ഏതെങ്കിലും ചലനം മതിയാവും ചിലപ്പോൾ മോഷ്ടാവ്, കൊലയാളി ആവാൻ.
  3. മോഷണസമയത്ത് ആ മോഷ്ടാവ് നമുക്ക് അറിയാവുന്നവരാണെങ്കിൽ തീരെ മിണ്ടാൻ പാടില്ല; അവരെ തിരിച്ചറിഞ്ഞു എന്ന്, അറിയുന്ന നിമിഷം നമ്മുടെ ജീവൻ അപകടത്തിലാവും.
  4. ഉറങ്ങുന്നതിന് മുൻപ് വിടിന്റെ എല്ലാ മുറികളും മൊത്തമായി ഒന്ന് പരിശോദിക്കുന്നത് നല്ലതാണ്.
 ***
                            ഒരു പരീക്ഷാ ദിവസം ഉച്ചനേരം,, രാവിലെതന്നെ കുട്ടികളെ പരീക്ഷ എഴുതിച്ച നാല് അദ്ധ്യാപികമാർ ഒന്നിച്ച് സ്വന്തം വീടുകളിലേക്ക് നടന്ന് പോവുകയാണ്. ബസ്സിന് പോകാമെങ്കിലും സ്ക്കൂളിൽ നിന്ന് വീട്ടിലേക്ക് നടന്നുപോകാനുള്ള ദൂരം മാത്രം ഉള്ളതിനാൽ ‘നടത്തം ആരോഗ്യം വർദ്ധിപ്പിക്കും’ എന്ന ആശയം പ്രാവർത്തികമാക്കിക്കൊണ്ട് നാട്ടിൻ‌പുറത്തുകൂടി നടക്കുകയാണവർ. നാട്ടിൻപുറത്ത് ആയതിനാൽ ആ വിദ്യാലയത്തിലെ അദ്ധ്യാപികമാർക്ക് നാട്ടുകാരെയും നാട്ടുകാർക്ക് അവരെയും നന്നായി അറിയാം.
                           അങ്ങനെ നട്ടുച്ചനേരത്ത് നടക്കുമ്പോഴാണ് സമീപത്തുള്ള ഒരു വീടിന്റെ പിന്നിലായി അല്പം അകലെ അഗ്നിജ്വാലകൾ കാണുന്നത്. മാർച്ച് മാസത്തെ ചൂടുള്ള ഉച്ചവെയിലിൽ, ഒരു വീടിനു സമീപമുള്ള വിറകുപുര കത്തുമ്പോൾ ഉണ്ടാകുന്ന അഗ്നിനാളങ്ങൾ ആകാശത്തോളം ഉയരുന്ന ആ കാഴ്ച മറ്റുള്ളവരോടൊപ്പം അദ്ധ്യാപികമാരും നോക്കിനിന്നു. അപ്പോൾ കൂട്ടത്തിൽ ഒരാൾ പറഞ്ഞു,
“ഇതെന്താ തീപ്പിടിച്ചിട്ടും ഫയർ സർവ്വീസൊന്നും വരാത്തത്?”
“ഇതിനെന്തിനാ ടീച്ചറെ ഫയർ സർവ്വീസ്?”
മറുപടി ഒരു പുരുഷശബ്ദമായതിനാൽ അവർ തിരിഞ്ഞുനോക്കി. അപ്പോഴേക്കും കൂട്ടത്തിലുള്ള ഒരു ടീച്ചറുടെ താലിമാലയും പൊട്ടിച്ച്‌കൊണ്ട്, പരിചയമില്ലാത്ത ഒരു ചെറുപ്പക്കാരൻ മറ്റൊരുത്തന്റെ ബൈക്കിന് പിന്നിലിരുന്നതും ബൈക്ക് ഓടിച്ച്‌പോയതും ഒന്നിച്ചായിരുന്നു.
                          അവർ ആരോടും പരാതി പറഞ്ഞില്ല, എന്നാൽ മറ്റൊന്ന് ചെയ്തു. നാല് പേരും സ്വർണ്ണ മാല മാറ്റി ഇമിറ്റേഷൻ ആക്കി മാറ്റി. വല്ലവനും അടിച്ചുമാറ്റിയാൽ പിന്നെ പ്രശ്നമില്ലല്ലൊ. ഇങ്ങനെയുള്ള സംഭവങ്ങൾക്ക് ശേഷം അദ്ധ്യാപികമാർ പലരും ധരിക്കുന്നത് ഇമിറ്റേഷൻ ആഭരണങ്ങളാണ് എന്ന്, മോഷ്ടാക്കളും അറിയുന്നുണ്ടാവും.
***
                          മനസ്സിൽ ഭീതിയുണർത്തുന്ന മറ്റൊരു അനുഭവം ഉണ്ടായത് എക്സ് ജവാന്റെ ധൈര്യശാലിയായ ഭാര്യക്കാണ്. ഭാര്യഭർത്താക്കന്മാരോടൊപ്പം പ്രായമായ അമ്മയും ഉള്ള അവരുടെ മകൻ ജോലി സ്ഥലത്താണ് താമസം. രാത്രി ഭക്ഷണത്തിനുശേഷം അടുക്കള ജോലിയെല്ലാം കഴിഞ്ഞ് വാതിൽ അടച്ചുപൂട്ടി ഉറങ്ങാൻ പോകുന്ന നേരത്ത്, വെളിയിൽ അടുക്കളവാതിലിനു സമീപത്ത് ഒരു വലിയ ശബ്ദം കേട്ടപ്പോൾ തൊട്ടടുത്ത മരം മുറിഞ്ഞു വീണതാണെന്ന് തോന്നി. എന്താണ് സംഭവിച്ചതെന്നറിയാൻ അടുക്കളയിൽ നിന്നും വെളിയിലേക്കിറങ്ങുന്ന വാതിൽ തുറന്നപ്പോൾ ടീച്ചർ ഞെട്ടി,
അരണ്ട വെളിച്ചത്തിൽ കാണാൻ കഴിഞ്ഞു,,,
വാതിലിന്റെ മുന്നിൽ തൊട്ടടുത്ത്, വലിയ ഒരു ആൾ രൂപം,,,
ഞൊടിയിടക്കിടയിൽ രണ്ട് കൈകൊണ്ടും കഴുത്തിലെ മാല ഇരു വശത്തേക്ക് വലിച്ച് പൊട്ടിച്ചത്, അവൻ സ്ഥലംവിട്ടതിന് ശേഷമാണ് ടിച്ചർ അറിഞ്ഞത്. അല്പം പോലും വേദനിക്കാതെ ദേഹത്ത് സ്പർശിക്കാതെ ആറ് പവനോളം വരുന്ന മാല പൊട്ടിച്ച നിമിഷം ഓർക്കുമ്പോൾ ഇന്നും അവർക്ക് ഞെട്ടൽ ഉണ്ടാകുന്നു,
“സ്വർണ്ണത്തിന് ഇത്രയും ഉറപ്പ് കുറവാണെന്ന് അറിഞ്ഞിരുന്നില്ല, ശരീരത്തിൽ നിന്നും ഊരിമാറ്റാതെ ചെയിനിന്റെ രണ്ട് വശങ്ങൾ പിടിച്ച്, ഇരു വശത്തേക്ക് വലിച്ചുപൊട്ടിക്കുക. ആ കള്ളൻ ഇങ്ങനെ പൊട്ടിക്കാൻ ദിവസങ്ങളോളം പ്രാക്റ്റീസ് ചെയ്തിരിക്കും”

രാത്രി നേരത്ത് വീടിന്റെ വെളിയിലേക്കുള്ള വാതിൽ തുറക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം,
  1. വീടിനു പുറത്ത് ആദ്യം ലൈറ്റ് ഇടണം.
  2. രാത്രി കറന്റ് പോയ സമയത്ത് അടച്ച വാതിൽ തുറക്കരുത്.
  3. രാത്രി ഒറ്റയ്ക്ക് സ്ത്രീകൾ വാതിൽ തുറക്കരുത്.
  4. വീടിന്റെ അകത്തുനിന്നും വെളിയിൽ കാണാനുള്ള സംവിധാനം ഉണ്ടാവണം.
  5. രാത്രി ആരെങ്കിലും വന്ന് വിളിച്ചാൽ ആളെ പരിചയമുണ്ടെന്നും അപകടം ഇല്ലെന്നും രണ്ട് പ്രാവശ്യം ചിന്തിച്ച് ഉറപ്പ് വരുത്തുക.
 സ്വർണ്ണത്തിന് വില കുതിച്ചുയരുകയാണ്,,, റോക്കറ്റ് പോലെ.
                            എന്നാൽ മലയാളിമങ്കമാർക്ക് അത് ഒഴിവാക്കനാത്ത ഒന്ന്‌ആയി മാറിയിരിക്കയാണ്. ഭക്ഷണം ശാരീരികമായ ആവശ്യമാണെങ്കിൽ വസ്ത്രം സാമൂഹികമായ ആവശ്യമാണ്. എന്നാൽ ഇന്നത്തെകാലത്ത് മലയാളിക്ക് വസ്ത്രം കുറഞ്ഞാലും സ്വർണ്ണം സാമൂഹികമായ ആവശ്യമാണെന്ന് ഏതെങ്കിലും ആഘോഷവേളകൾ ശ്രദ്ധിച്ചാൽ അറിയാം. കഴുത്തിലും കൈകളിലുമായി എത്ര ആയിരങ്ങൾ നിരത്തിയിട്ടാണ് അവർ നടക്കുന്നത്? പല സ്ത്രീകളും അണിയുന്ന ആഭരണങ്ങളിൽ ഒരു ഗ്രാം പോലും അവൾ സ്വന്തമായി അദ്ധ്വാനിച്ച് ഉണ്ടാക്കിയത് ആയിരിക്കില്ല. ബന്ധുക്കളായ പുരുഷന്മാർ (അച്ഛൻ, സഹോദരൻ, ഭർത്താവ്, മക്കൾ) സമ്പാദിച്ചത് പ്രദർശ്ശിപ്പിക്കാനുള്ള വേദിയാവുകയാണ് സ്ത്രീയുടെ ശരീരം.

                             കെട്ടുതാലി മോഷണം പോകുന്ന നേരത്ത് ഉണ്ടാകുന്ന ശാരീരികമായ അപകടത്തെക്കാൾ വലുതാണ്, മാനസികമായും സാമ്പത്തികമായും ഉള്ള പ്രയാസങ്ങൾ. പഠിക്കുന്ന കാലത്ത് മാത്രമല്ല, ഇപ്പോഴും ചില ദിവസങ്ങളിൽ ആഭരണം അണിയാതെ ഞാൻ യാത്ര ചെയ്യാറുണ്ട്. ആ ദിവസങ്ങളിൽ എന്തൊരു ആശ്വാസമാണ്. പിന്നെ താലിചെയിൻ,,, അത് വിവാഹനേരത്ത് കഴുത്തിൽ കെട്ടിയത്, പണത്തിന്റെ അത്യാവശ്യം വന്നപ്പോൾ ഊരിവിറ്റു. ഇപ്പോൾ വാങ്ങിയ മൂന്നാമത്തെ താലിമാല വീട്ടിലായിരിക്കുമ്പോൾ അഴിച്ചു വെക്കാറാണ് പതിവ്. താലിയിലാണോ ദാമ്പത്യം കുടികൊള്ളുന്നത്? സ്വർണ്ണം അണിഞ്ഞില്ലെങ്കിൽ എന്താണ് പ്രശ്നം?

July 16, 2011

അയാൾ വഴി കാണിച്ചത് എങ്ങോട്ടായിരുന്നു?

ജൂലായ് 10ന് ഞായറാഴ്ച ‘വർത്തമാനം ആഴ്ചപ്പതിപ്പ്’ലെ ‘പെണ്ണിട’ത്തിൽ പ്രസിദ്ധികരിച്ചത്.
 
                                 തെക്ക് വടക്കായി നീളത്തിൽ കിടക്കുന്ന റെയിൽ‌പാളങ്ങളുടെ ഇരുവശങ്ങളിലായി ഉയർന്നുനിൽക്കുന്ന കണ്ണൂർ റെയിൽ‌വെ സ്റ്റേഷൻ അതായത് തീവണ്ടിയാപ്പീസ്,,, 
മങ്ങിയ വെളിച്ചത്തിൽ നടക്കുമ്പോൾ, നിഴലും വെളിച്ചവും ചേർന്ന് ഏകാന്തയാത്രികരെ പേടിപ്പിക്കുന്ന അതിവിശാലമായി നീണ്ടുകിടക്കുന്ന ഫ്ലാറ്റ്‌ഫോം. പ്രതീക്ഷകൾ പൂവണിയുന്ന കൂടിച്ചേരലുകൾക്കും വിരഹം പേറുന്ന വിടപറയലുകൾക്കും സാക്ഷികളായി തെക്കുനിന്നും വടക്കുംനിന്നും ചൂളം‌വിളിച്ച് ഓടിയെത്തുന്ന തീവണ്ടികൾ.

അന്ന്,,,
എന്ന്‌വെച്ചാൽ ഏതാണ്ട് നാല്പത് വർഷം മുൻപ്,,,
ഓവർ ബ്രിഡ്ജുകളും അണ്ടർ ബ്രിഡ്ജുകളും നിർമ്മിക്കുന്നതിനു മുൻപ്,,,
അങ്ങനെയുള്ള ഒരു കാലത്ത്, ത്രിസന്ധ്യ ആരംഭിക്കുന്നതിന് മുൻപാണ്,
കണ്ണൂർ റെയിൽ‌വെ സ്റ്റേഷനിൽ ആ ദിവസം, ഞാൻ കാല് കുത്തിയത്,,,
കാല് കുത്തിയത് ആദ്യമായിട്ടല്ല,
എന്നാൽ ഇത്രയും ‘വൈകിയ നേരത്ത്’ വടക്കുനിന്നും വന്നുചേർന്ന വണ്ടിയിൽ നിന്നും ഞാനിറങ്ങി ഫ്ലാറ്റ്‌ഫോമിൽ കാല് കുത്തുന്നത് ആദ്യമായാണ്.

                          കണ്ണൂരിലെ ‘അറിയപ്പെടുന്ന ഒരു കോളേജിൽ’ പഠിക്കുന്നകാലത്ത്, പട്ടണത്തിൽ തന്നെയുള്ള, വനിതകൾക്ക് മാത്രമായുള്ള ഹോസ്റ്റലിലായിരുന്നു എന്റെ താമസം. ക്ലാസ്സ് കഴിഞ്ഞ്, വെള്ളിയാഴ്ച കണ്ണൂരിൽ നിന്നും പയ്യന്നൂരിലെ വീട്ടിലേക്ക് ട്രെയിനിൽ പോയ ഞാൻ ഞായറാഴ്ച വൈകുന്നേരം കണ്ണൂരിൽ തിരിച്ചെത്തുന്നത് ട്രെയിനിൽ തന്നെ ആയിരിക്കും. പയ്യന്നൂർ റെയിൽ‌വെ സ്റ്റേഷനിൽ എത്തുന്നത് രാത്രിയായാതിനാൽ എന്റെ വരവും കാത്ത് അവിടെ അച്ഛനുണ്ടാവും. പതിവുപോലെ അന്നും, വീട്ടിൽനിന്ന് കണ്ണൂരിലെ ഹോസ്റ്റലിൽ ഞായറാഴ്ച വൈകുന്നേരം എത്തിച്ചേരാനായി, പയ്യന്നൂരിൽ‌വെച്ച് ട്രെയിനിൽ കയറിയതാണ്. എന്നാൽ ആ ഒരു ദിവസം ട്രെയിൻ വൈകി, യാത്ര വൈകി, അങ്ങനെ പരിസരമാകെ അന്ധകാരം പതുക്കെ വ്യാപിക്കുകയാണ്.
  
                           എന്റെ വീട്, പയ്യന്നൂർ റെയിൽ‌വേ സ്റ്റേഷന് സമീപത്തായതിനാൽ അക്കാലത്ത് എന്റെയും എന്റെ നാട്ടുകാരുടെയും യാത്രകൾ അധികവും ട്രെയിനിന്റെ സമയത്തെ ആശ്രയിച്ചായിരുന്നു. വീട്ടിലെ ഏക സന്താനമായതിനാൽ എന്റെ യാത്രകൾ പലപ്പോഴും അച്ഛന്റെ കൂടെയായിരുന്നു. എന്നാൽ പത്താം‌തരം കഴിഞ്ഞ് കോളേജിലും ഹോസ്റ്റലിലും പ്രവേശിച്ചതോടെ എന്റെ യാത്രകൾക്ക് കൂട്ട്, ഞാൻ‌ മാത്രമായി മാറി. ‘മറ്റുള്ളവരുടെ കൂടെ പലതവണ പോയാലും മനസ്സിലാകാത്ത വഴികൾ ഒറ്റത്തവണ ഒറ്റക്ക് യാത്രചെയ്താൽ തിരിച്ചറിയും’ എന്നാണ് ചൊല്ല്. എന്നാൽ എനിക്ക് വഴി മനസ്സിലാവണമെങ്കിൽ, ചുരുങ്ങിയത് മൂന്ന് തവണയെങ്കിലും ഒറ്റക്ക് ഒരേവഴി പോകേണ്ടിവരും.
                          എസ്.എസ്.എൽ.സി. പാസ്സായി കോളേജിൽ ചേർന്ന് ഹോസ്റ്റലിൽ താമസം തുടങ്ങിയിട്ട് മാസം രണ്ട് കഴിഞ്ഞതിനാൽ വഴികൾ തെറ്റാറില്ലെങ്കിലും, അന്ന് വൈകുന്നേരം എന്റെ മനസ്സിന്റെ കോണിൽ അകാരണമായ ഒരു ഭയം.

                           ഒരു കൈയിൽ നാല് പുസ്തകങ്ങൾ മുറുകെപ്പിടിച്ച്, വലിയ ബാഗ് പിടിച്ച മറുകൈയ്യാൽ സാരി ഒതുക്കിയിട്ട്, കണ്ണൂർ റെയിൽ‌വേ സ്റ്റേഷനിലെ ഫ്ലാറ്റ്‌ഫോമിൽ ഇറങ്ങിയ ഞാൻ പരിസരം വീക്ഷിച്ചു. കമ്പാർട്ട്‌മെന്റിൽ നിന്നും ഏറ്റവും ഒടുവിൽ ഇറങ്ങിയപ്പോഴേക്കും, എനിക്ക് മുൻപേ ഇറങ്ങിയവരെല്ലാം പലവഴിക്കായി പെട്ടെന്ന് ഓടുകയാണ്. വൈകിയതുകൊണ്ട് ബസ് പിടിക്കാനുള്ള തിരക്കാവണം. എനിക്കാണെങ്കിൽ റെയിൽ‌വെ സ്റ്റേഷനിൽ നിന്ന് വെളിയിൽ കടന്ന് റോഡിലേക്കിറങ്ങി നേരെയങ്ങ് നടന്നാൽ മതി; ഏതാനും മിനുട്ടുകൾക്കുള്ളിൽ ഹോസ്റ്റലിന്റെ മുന്നിലെത്തും. സന്ധ്യമയങ്ങും നേരത്ത് ഏത് രാത്രിയെയും പകലാക്കുന്ന സ്ട്രീറ്റ് ലൈറ്റുകൾ വഴിനീളെ പ്രകാശിക്കുന്നുണ്ടാവും. ട്രെയിൻ ലെയിറ്റായത് കാരണമായതിനാൽ എത്ര വൈകിയാലും വനിതകൾ മാത്രം താമസിക്കുന്ന ആ ഹോസ്റ്റലിന്റെ വാതായനങ്ങൾ തുറക്കപ്പെടും. ഇപ്പോഴാണെങ്കിൽ സ്ട്രീറ്റ്‌ലൈറ്റുകൾ പ്രകാശിക്കാൻ തുടങ്ങിയിട്ടില്ല, ശരിക്കും ഇരുട്ട് വരാൻ ഇനിയും സമയമെടുക്കും.

                         മുന്നോട്ട് നടക്കാൻ തുടങ്ങിയപ്പോൾ ഒരുകാര്യം എനിക്ക് മനസ്സിലായി, ‘എന്റെ വണ്ടി നിർത്തിയതും ഞാൻ ഇറങ്ങിയതും’, ഇതുവരെ ഞാൻ കാണാത്ത ഏതോ ഒരു ഭാഗത്താണെന്ന്,,, സാധാരണ വണ്ടിയിൽ നിന്നിറങ്ങിയാൽ ഫ്ലാറ്റ്‌ഫോമിൽ നിന്നും നേരെനടന്ന് സ്റ്റേഷനിൽ കടന്ന് വെളിയിലെത്തി റോഡിലേക്ക് പോകാം. ചിലപ്പോൾ പുറത്തേക്കുള്ള വഴിയിൽ ടിക്കറ്റ്‌ എക്സാമിനർ കാണും. ലെയിറ്റായതു കാരണമാവാം, അന്നെന്റെ വണ്ടി നിർത്തിയിരിക്കുന്നത് സ്റ്റേഷന്റെ പരിധിക്ക് പുറത്ത് മറ്റൊരു ട്രാക്കിലാണ്.
എനിക്കാകെ പേടിയാവാൻ തുടങ്ങി;
ഫ്ലാറ്റ്‌ഫോമിൽ നിന്നും പുറത്തേക്കുള്ള വഴി???

                           ഞാൻ ഇരുവശത്തേക്ക് നോക്കിയപ്പോൾ കാണുന്നത്, ഇതുവരെ കാണാത്ത പരിസരം. ആരോടെങ്കിലും ചോദിക്കാനാണെങ്കിൽ തിരക്കിട്ട് നടക്കുന്നവർ മാത്രം. മുതിർന്നപ്പോൾ മറ്റുള്ളവരോട്, ‘പ്രത്യേകിച്ച് പുരുഷന്മാരോട്’ സംസാരിക്കുന്നതിന് വിലക്ക് കല്പിച്ച എന്റെ അമ്മയെ ഞാൻ മനസ്സാ ശപിച്ചു. പെൺ‌പള്ളിക്കൂടത്തിൽ പഠിച്ച, മാതാപിതാക്കളുടെ ഏകസന്താനമായ, ആൺ‌കുട്ടികൾ കളിക്കൂട്ടുകാരായി ഇല്ലാത്ത,,, എനിക്ക് അന്യപുരുഷന്മാരോട് സംസാരിക്കാനുള്ള തന്റേടം അന്ന് തീരെ ഉണ്ടായിരുന്നില്ല. വഴിയേ പോകുന്നവരെ വിളിച്ച് പുറത്തെക്കുള്ള വഴി ചോദിക്കാൻ ശ്രമിക്കുന്തോറും എന്റെ നാവ് പ്രവർത്തനരഹിതമായി!

                         ഞാൻ കുറച്ചുകൂടി മുന്നോട്ട് നടന്നു, അങ്ങനെ നടക്കുന്തോറും ആളുകളും കെട്ടിടങ്ങളും കുറഞ്ഞ് ഇല്ലാതാവുകയാണ്, റെയിൽ‌വെ സ്റ്റേഷന്റെ, ഫ്ലാറ്റ്‌ഫോമിന്റെ അറ്റമായിരിക്കണം. അല്പം അകലെയായി വലിയ മരങ്ങളും അവയുടെ നിഴലിനാൽ നിർമ്മിതമായ ഇരുട്ടും. അപ്പോൾ ഞാൻ നിൽക്കുന്നത് ഫ്ലാറ്റ്‌ഫോമിന്റെ തെക്കോ? വടക്കോ?  
മനസ്സൊന്ന് പതറിയ നിമിഷം, എനിക്കാകെ ഒരു വിറയൽ,,,
കുട്ടിക്കാലത്ത് ‘നമ്മുടെ ഭൂമി’ ഉരുണ്ടതാണെന്ന് ആദ്യമായി കേട്ടപ്പോൾ തോന്നിയതുപോലെ ഒരു ഭയം,,,

                         ഞാൻ ഇറങ്ങിയ വണ്ടി ഉച്ചത്തിൽ കൂവി, ചുറ്റും പുക പരത്തിക്കൊണ്ട്, കുരച്ചും കിതച്ചും യാത്രയായി. വിജനമായ റെയിൽ‌പാളം അനന്തമായി മുന്നിൽ നീണ്ടിരിക്കയാണ്. എന്റെയൊപ്പം ഇറങ്ങിയവരിൽ പലരും റെയിൽ‌വേ ട്രാക്കിൽ ഇറങ്ങി, റെയിൽ‌പാളം ചവിട്ടിയിട്ട് മറുകര കയറി ഫ്ലാറ്റ്‌ഫോമിലൂടെ നടക്കുന്നത് കണ്ടെങ്കിലും എനിക്ക് അങ്ങനെ ചെയ്യാൻ ആ നേരത്ത് തോന്നിയില്ല.
ആ മറുകര ശരിയായ കരയാണെന്ന് എങ്ങനെ അറിയും?

അങ്ങനെ പരിസരം നിരീക്ഷിക്കെ പെട്ടെന്ന് ഞാൻ ഞെട്ടിത്തരിച്ചു,
തൊട്ടടുത്ത്, ഒരു ആൽമരത്തിന്റെ മറവിൽ‌നിന്നും ഒരു പെണ്ണിന്റെ കരച്ചിൽ,
“അയ്യോ,,, പടച്ചോനേ, ഈ പണ്ടാരക്കാലൻ വണ്ടികേരിച്ചാവണേ”
മറുപടിയായി ഒരാണിന്റെ ഉച്ചത്തിലുള്ള വാക്കുകൾ; മനുഷ്യവർഗ്ഗം ജനിക്കുന്നതിനു മുൻപുള്ള ഭാഷയിലാണ്,,, ചീത്തവാക്കുകളായിരിക്കാം. അവളുടെ ആവലാതികൾ തുടരുകയാണ്,
“നായിന്റെ മോനെ, നീയൊക്കെ തൊലഞ്ഞുപോകും”
അതോടെ തെക്കും വടക്കും അറിയാത്ത ഞാൻ എങ്ങോട്ടോ ഓടി,
ഇതെന്തൊരു ലോകം?
പെട്ടെന്ന് എന്റെ മുന്നിൽ ഒരാൾ,,,
“കുട്ടി എങ്ങോട്ടാ ഓടുന്നത്?”
എന്റെ ഓട്ടത്തെ തടഞ്ഞുകൊണ്ട് മുന്നിൽ വന്നത് ഒരു പുരുഷനാണ്, കാക്കി യൂനിഫോം ധരിച്ച ആ മനുഷ്യൻ ചിരിച്ച്‌കൊണ്ട് സൌമ്യഭാവത്തിൽ എന്നോട് പറഞ്ഞു,
“വണ്ടി ഇറങ്ങിയതായിരിക്കും, എങ്ങോട്ടാ പോകേണ്ടത്? കോളേജിൽ പഠിക്കുന്നതാണോ?”
“അതെ,, അത്”
                         ആ മനുഷ്യൻ റെയിൽ‌വെ ജീവനക്കാരൻ തന്നെയാവണം. തടിച്ച ബുക്കുകളും എന്റെ സാരിവേഷവും കണ്ടതുകൊണ്ടായിരിക്കാം ‘കോളേജിൽ പഠിക്കുന്നതാണോ?’ എന്ന് ചോദിച്ചത്. അക്കാലത്ത് പത്താം‌തരം കഴിഞ്ഞ്, തുടർന്ന് പഠിക്കുന്ന പെൺകുട്ടികളധികവും സാരിയിലോ ധാവണിയിലോ ആയിരിക്കും.
ആ അവസ്ഥയിൽ ഒരു മനുഷ്യനെ കണ്ടപ്പോൾ എനിക്കല്പം അശ്വാസം തോന്നി. അയാൾ പറയുകയാണ്,
“കുട്ടി പേടിക്കണ്ട, എങ്ങോട്ടാ പോകേണ്ടത് എന്ന്‌പറഞ്ഞാൽ ഞാൻ കൊണ്ടുവിടത്തില്ലിയോ”
                         ഭാഷ കേട്ടപ്പോൾ അയാൾ അന്യജില്ലയിൽ നിന്നും വന്ന റെയിൽ‌വെ ജീവനക്കാരൻ തന്നെയാണെന്ന് എനിക്ക് ഊഹിക്കാൻ കഴിഞ്ഞു.അയാൾ ആരാണെന്ന് ചോദിക്കണമെന്നുണ്ട്, എങ്കിലും ഞാൻ പറഞ്ഞത് മറ്റൊന്നാണ്,
“എനിക്കീ റെയിൽ‌വെസ്റ്റേഷനീന്ന് പൊറത്ത് പോകണം, സ്റ്റേഷൻ റോഡിലിറങ്ങി അഞ്ച് മിനിട്ട് നടന്നാൽ എന്റെ ഹോസ്റ്റലിൽ എത്തും”
“കുട്ടി പുറത്തേക്കുള്ള വഴിയിൽ നിന്നും ഒത്തിരി അകലത്തിലായി, എന്റെ പിന്നാലെ വന്നോ,, ഞാൻ കൊണ്ടുവിടാം”
ഞാൻ ആ മനുഷ്യനോടൊപ്പം, അല്പം പിന്നിലായി വന്ന വഴിയേ നടന്നു. വെളിച്ചം കുറയാൻ തുടങ്ങുകയാണ്, നേരത്തേ ഞാൻ ഓടിയസ്ഥലത്ത് ആൽമരത്തിന് സമീപം ആരെയും കാണാനായില്ല.

                           അങ്ങനെ നടക്കുമ്പോൾ പിന്നിൽനിന്നും ഒരു ട്രെയിനിന്റെ കിതപ്പ് കേൾക്കാൻ തുടങ്ങി. കറുത്ത പുകതുപ്പി കിതച്ചുകൊണ്ട് വന്ന തീവണ്ടി മുന്നോട്ട്‌സഞ്ചരിച്ച്, ഒടുവിലത്തെ ബോഗി ഞാൻ നിൽക്കുന്നിടത്തുനിന്നും ഏതാനും മീറ്റർ മുന്നിലെത്തിയപ്പോൾ നിന്നു. ഫ്ലാറ്റ്‌ഫോമിൽ നിന്നും എത്ര അകലെയാണ് നിൽക്കുന്നതെന്ന് അപ്പോഴാണ് ഞാൻ തിരിച്ചറിഞ്ഞത്. ആ ട്രെയിൻ ചൂണ്ടി അയാൾ പറഞ്ഞു,
അഞ്ച് മുപ്പതിന് വരേണ്ട വണ്ടിയാ, ഇപ്പോൾ മണി ആറ് അൻപതായി”
പെട്ടെന്ന് ആ മനുഷ്യൻ റെയിൽ‌വെ‌ട്രാക്കിൽ ഇറങ്ങിയിട്ട് എന്നോട് പറഞ്ഞു,
“ഈ വഴി എളുപ്പത്തിൽ എത്താം, അല്പം‌കൂടി മുന്നോട്ട് പോയാൽ വണ്ടി കിടക്കുന്നതുകൊണ്ട് ഇറങ്ങിക്കയറാൻ ഒത്തിരി പ്രയാസം വരും”
                        ആ മനുഷ്യൻ മറുകര എത്തിയതിനുശേഷമാണ് ഞാൻ ട്രാക്കിലേക്ക് ഇറങ്ങിയത്. മതിലുചാടിയും മരം‌ചാടിയും ശീലമുള്ള എനിക്ക് അതൊരു പ്രയാസമായി തോന്നിയില്ല. ഫ്ലാറ്റ്‌ഫോമിൽ അങ്ങിങ്ങായി ബൾബുകൾ കത്താൻ തുടങ്ങി. ഇനി അല്പം‌കൂടി നടന്നാൽ റെയിൽ‌വെസ്റ്റേഷന്റെ കവാടത്തിന് സമീപം എത്താം.
അപ്പോൾ എന്നെ നോക്കിയിട്ട് അയാൾ പറഞ്ഞു,
“കുട്ടിക്ക് സ്റ്റേഷൻ റോഡിലല്ലെ എത്തിച്ചേരേണ്ടത്? എളുപ്പവഴിയെ പോയാൽ പെട്ടെന്ന് പുറത്ത് കടക്കാം”
ആ മനുഷ്യൻ ഫ്ലാറ്റ്‌ഫോമിലുള്ള കടകൾക്ക് പിന്നിലൂടെ മുന്നോട്ട് നടക്കാൻ തുടങ്ങി.
കെട്ടിടങ്ങൾക്ക് പിന്നിലൂടെ നടത്തം തുടർന്നപ്പോൾ വീതികുറഞ്ഞ ഒരു നടപ്പാതയിലെത്തി. അയാളോടൊപ്പം എത്താനായി എന്റെ നടത്തത്തിന്റെ വേഗത കൂടി.
                      അല്പം അകലെനിന്ന് വാഹനങ്ങൾ പോകുന്ന ശബ്ദം കേൾക്കാം; ഒന്നും രണ്ടും പേരായി ആ വഴിയിലൂടെ നടന്ന്‌പോകുന്നവരെല്ലാം എന്നെ നോക്കുന്നുണ്ട്. ചിലർ ആ മനുഷ്യനോട് സംസാരിക്കുന്നതും എനിക്ക് കാണാൻ കഴിഞ്ഞു. അല്പദൂരം നടന്നപ്പോൾ മുന്നിൽ നടക്കുന്ന, അയാൾ സ്പീഡ് കുറച്ച് എന്നോടൊപ്പം എത്തിയിട്ട് പറയാൻ തുടങ്ങി,
“കുട്ടി എന്റെ കൂടെ നടക്കേണ്ട, ഞാൻ മുന്നിൽ നടക്കുമ്പോൾ ഇത്തിരി പിന്നിലായിട്ട് നടന്നാൽ മതി”

                     ഒന്നും മനസ്സിലാകാതെ ആശ്ചര്യപ്പെട്ട് നോക്കുന്ന എന്നോട് കൂടുതലൊന്നും പറയാതെ അയാൾ തന്റെ നടത്തത്തിന് വേഗത വർദ്ധിപ്പിച്ചു. ചുറ്റുവട്ടത്ത് ഞാൻ കാൺകെ മറ്റുള്ളവർ ഉണ്ടെങ്കിലും അവരോട് വഴി ചോദിക്കാനുള്ള തന്റേടം എന്നിൽ‌നിന്നും ചോർന്നുപോയതിനാൽ അയാളുടെ കൂടെയെത്താനായി വീണ്ടും സ്പീഡിൽ നടന്നു. സൂര്യപ്രകാശം കുറഞ്ഞതോടെ സ്ട്രീറ്റ് ലൈറ്റുകളെല്ലാം കൺ‌തുറന്ന് ചുറ്റും പ്രകാശം പരക്കുകയാണ്.
                      വീട്ടിലും വിദ്യാലയത്തിലും വി.ഐ.പി. ആയി പരിഗണിക്കപ്പെട്ട, സമപ്രായക്കാരെ ഭീഷണിപ്പെടുത്തുന്ന, വീട്ടിൽ അമ്മയുടെയും അച്ഛന്റെയും ഓമനപുത്രിയാണ്, ഇപ്പോൾ ഏതോ ഒരുത്തന്റെ പിന്നാലെ തെക്കുവടക്കായി വഴികാണാതെ നടക്കുന്നത്; എതൊരു പരീക്ഷണം? ഈ മനുഷ്യൻ എന്നെ എവിടെക്കായിരിക്കും നയിക്കുന്നത്? തിരികെ വന്നവഴിലൂടെ റെയിൽവെ സ്റ്റേഷനിലേക്ക് ഓടിപ്പോയാലോ? ബസ് പോകുന്ന ഏതെങ്കിലും റോഡിലെത്തിയാൽ മതിയായിരുന്നു,,,

                         ആ നടപ്പാതയിലൂടെ നടക്കുമ്പോൾ ഏതൊക്കെയോ കടകൾക്ക് പിന്നിലൂടെയാണ് സഞ്ചരിക്കുന്നത് എന്ന് എനിക്ക് മനസ്സിലായി. പെട്ടെന്ന് വഴിമാറിയ ഞാൻ കടകൾക്ക് ഇടയിലൂടെ മുന്നോട്ട്‌വന്ന് നോക്കിയപ്പോൾ മുന്നിൽ താറിട്ട വീതിയുള്ള റോഡ്. അതിലൂടെ ആദ്യം കണ്ടത് യാത്ര അവസാനിപ്പിക്കാനായി പതുക്കെ ഉരുണ്ടുവരുന്ന ഒരു കാളവണ്ടിയാണ്. കാളകൾ രാവിലെമുതൽ നടന്നിട്ടും, വണ്ടിക്കാരൻ കാളകളെ അടിച്ചിട്ടും ക്ഷീണിച്ചിരിക്കയാണ്.
ആ വണ്ടിക്ക് പിന്നിലായി ഒരു ബസ്,,,
‘കണ്ണൂർ ആസ്പത്രി – തോട്ടട’,
ടൌൺ ബസ്സ് നമ്പർ 5.
മുന്നിലെ റോഡിൽ പ്രവേശിച്ച ഞാൻ, കാളവണ്ടി കാരണം സ്പീഡ് കുറഞ്ഞ ബസ്സിന് നേരെ കൈനീട്ടി. എനിക്ക് വേണ്ടി നിർത്തിയ ബസ്സിൽ കയറുമ്പോൾ അതുവരെ വഴികാണിച്ചവൻ വിളിച്ച് പറയുന്നത് ഞാൻ കേട്ടു,
“അല്ല, എങ്ങോട്ടാ പോകുന്നത്? ബസ്സിൽ പോകണ്ടാ,,,”
                           ഞാൻ കയറിയ ബസ്സ് പോകുന്നത്, കണ്ണൂർ ആസ്പത്രിയിലേക്കായാലും തോട്ടട ആയാലും സ്റ്റേഷൻ‌റോഡ് വഴി പോകുന്നതാണെന്ന് എനിക്കറിയാം. കോളേജിലേക്ക് പോകാൻ പലപ്പോഴും ഇതേ ബസ്സിൽ കയറിയിട്ടുണ്ട്. സമാധാനമായി ബസ്സിലിരുന്ന്, കണ്ണൂർ റെയിൽ‌വേ സ്റ്റേഷൻ ബസ്‌സ്റ്റോപ്പിൽ ഇറങ്ങി, ഇനിയെനിക്ക് ഹോസ്റ്റലിലേക്ക് നടന്ന് പോകാം.
................................................................................................................
***വർത്തമാനത്തിൽ പ്രസിദ്ധീകരിച്ചത് ചുവടെയുള്ള ചിത്രം ക്ലിക്കി വലുതാക്കി വായിക്കാം.