“മിനിലോകം”

ഞാന്‍ മിനി... എന്റെ മനസ്സ് എന്റെ ലോകമാണ്. എന്റെ മനസ്സില്‍(ഓര്‍മ്മയില്‍) തങ്ങിനില്‍ക്കുന്ന കാര്യങ്ങള്‍,വേണ്ടതും വേണ്ടാത്തതും ഞാന്‍ ഇവിടെ പകര്‍ത്തുന്നു. ഇതു വായിക്കാം, അഭിപ്രായം എഴുതാം. ജീവിതത്തില്‍ നിന്നും ഞാന്‍ കണ്ടെത്തിയ ധാരാളം ചെറിയ‘വലിയ’ സംഭവങ്ങള്‍ ഉണ്ട്. അവയെല്ലാം ചിത്രങ്ങളോടൊപ്പം ഇവിടെ അവതരിപ്പിക്കുന്നു. എന്റെ ലോകത്തേക്ക് “മിനിലോക”ത്തിലേക്ക് ഞാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു... ചിരിക്കാം, കളിക്കാം, ചിന്തിക്കാം... എന്ന് നിങ്ങളുടെ: mini//മിനി

February 23, 2012

ആകാശം നഷ്ടപ്പെട്ടവർ


ഇന്നലെ,
‘എനിക്കുണ്ടൊരു ആകാശം
നിനക്കുണ്ടൊരു ആകാശം
നമുക്കുണ്ടൊരു ആകാശം’
                  ഏതാനും വർഷം മുൻപ്‌വരെ നമുക്കൊരു ആകാശം ഉണ്ടായിരുന്നു. അതിരാവിലെ കിഴക്ക്, അരുണകിരണങ്ങൾ ചിതറിയിട്ട് സൂര്യൻ ഉദിച്ചുയരുന്ന ആകാശം. തലക്കുമീതെ സഞ്ചരിക്കുന്ന സൂര്യൻ പകൽമുഴുവൻ ആകാശം കീഴടക്കിയിട്ട് പടിഞ്ഞാറ് അസ്തമിക്കാൻ നേരത്ത്, ദൃശ്യപ്രഭ ചൊരിഞ്ഞ വർണ്ണമനോഹരമായ സന്ധ്യാകാശം ഇരുട്ടിന് വഴിമാറിക്കൊടുക്കുന്നതോടെ നക്ഷത്രങ്ങളുടെ വരവായി. കറുത്ത ആകാശത്ത് മുത്തുകൾ വാരിവിതറിയതുപോലുള്ള നക്ഷത്രപ്രഭയെ നിഷ്പ്രഭമാക്കിയിട്ട്, ചിലദിവസങ്ങളിൽ ചന്ദ്രൻ സ്ഥാനം പിടിച്ചിരിക്കും. അത് അരിവാൾ പോലെയുള്ള ചന്ദ്രക്കലയാവാം, അർദ്ധചന്ദ്രനാവാം, ഇരുട്ടിനെ കീറിമുറിച്ച് വെള്ളിവെളിച്ചം വിതറുന്ന പൂർണ്ണ ചന്ദ്രനാവാം. നേരം പുലരാറാവുമ്പോൾ സൂര്യന്റെ വരവറിയിച്ചുകൊണ്ട് അരുണോദയം പ്രത്യക്ഷപ്പെടുന്നതോടെ നക്ഷത്രങ്ങളും ചന്ദ്രനും പോയ്‌മറയുന്നു.
                               വർഷങ്ങൾക്ക് മുൻപ് ഒരു രാത്രി, അദ്ധ്യാപകനായ വലിയമ്മാവൻ ഏഴ്‌ വയസുള്ള കുഞ്ഞിന് ആകാശത്തെ പരിചയപ്പെടുത്തുകയാണ്. നേരെ മുകളിലോട്ട്‌നോക്കിയാൽ കാണുന്ന നക്ഷത്രകൂട്ടത്തെ ചൂണ്ടിയിട്ട് പറഞ്ഞു,
“അതാണ് കാർത്തിക, അല്പം കിഴക്കുമാറി കാണുന്ന ചുവന്ന നക്ഷത്രം ചേർന്ന കൂട്ടമാണ് രോഹിണി”
ഇതുകേട്ടതോടെ കുഞ്ഞിന്റെ ജിജ്ഞാസ വർദ്ധിച്ചു,
“അപ്പോൾ അശ്വതിയും ഭരണിയും കാണുമല്ലൊ?”
“ഭരണി തലക്കുമീതെ അല്പം പടിഞ്ഞാറ് കാണുന്ന മങ്ങിയ മൂന്ന് നക്ഷത്രങ്ങളാണ്, അതിനപ്പുറം തെങ്ങിന്റെ മറവിലാണ് അശ്വതി”
അശ്വതി, ഭരണി എന്നൊക്കെ പറയുന്നത് ആകാശത്ത് കാണുന്ന നക്ഷത്രങ്ങളാണെന്ന അറിവ് ഉൾക്കൊള്ളാൻ ആ കുട്ടിക്ക് അല്പം പ്രയാസം തോന്നി. അല്പം കൂടി കിഴക്കോട്ട് നോക്കിയപ്പോൾ ചുവന്ന് തിളങ്ങുന്ന നക്ഷത്രത്തിനുനേരെ അവൾ വിരൽ‌ചൂണ്ടി,
“വലിയമ്മാവാ ആ വലിയ നക്ഷത്രം ഏതാണ്?”
“ഓ അതാണോ? അത് തിരുവാതിര, അതിന്റെ തെക്ക് ഭാഗത്തായി അളവുകോൽ‌പോലെ നേർ‌രേഖയിൽ കാണുന്ന മൂന്ന് നക്ഷത്രങ്ങളാണ് ഓറിയോൺസ് ബെൽട്ട്, അതൊക്കെ വലുതാവുമ്പോൾ നിനക്ക് പഠിക്കാം”
പെട്ടെന്ന് അവൾ ആകാശത്തിന്റെ വടക്കെകോണിൽ ചൂണ്ടിയിട്ട് വിളിച്ച്‌പറഞ്ഞു,
“അതാ നോക്ക്, നോക്ക്,, ഒരു നക്ഷത്രം നടക്കുന്നു”
“എവിടെ?”

                       ആദ്യമായി കാണുന്ന അത്ഭുതകാഴ്ച അവർ രണ്ട്‌പേരും നോക്കിനിന്നു. വടക്കുഭാഗത്തുനിന്നും ഒരു നക്ഷത്രം പതുക്കെ സഞ്ചരിച്ച് തലക്കുമുകളിലെത്തിയിട്ട് തെക്കോട്ട് പ്രയാണം ആരംഭിച്ചപ്പോൾ അമ്മാവൻ ‘എന്നെനോക്കിയിട്ട്’ പറഞ്ഞു,
“ഒച്ചയില്ലാത്തതുകൊണ്ട് അത് വിമാനമല്ല, റോക്കറ്റാണ്,, റോക്കറ്റ്; അത് ഇന്നാളൊരു ദിവസം പത്രത്തില് വായിച്ചില്ലെ? റഷ്യക്കാർ ബഹിരാകാശത്ത് റോക്കറ്റയച്ചെന്ന്,, അങ്ങനെ റോക്കറ്റിൽ അവരാദ്യം പട്ടിക്കുട്ടിയെ അയച്ചു, ഇപ്പോൾ മനുഷ്യൻ റോക്കറ്റിൽ കയറി പോകുന്നതാണ് നമ്മൾ കാണുന്നത്”
“അപ്പോൾ ഇനി നമ്മൾക്കും പോയിക്കൂടെ?”
“ഏതാനും വർഷം കഴിഞ്ഞാൽ മനുഷ്യർക്ക് ചന്ദ്രനിൽ പോകാൻ കഴിയും. എന്നിട്ടവിടെ താമസിക്കും”
                          വലിയമ്മാവനാണ് എനിക്ക് ആകാശത്തെ പരിചയപ്പെടുത്തിയത്. ആ പരിചയം വളർന്ന് കൂടുതൽ അടുത്തതോടെ ആകാശക്കാഴ്ച ഒരുകാലത്ത് ജീവിതത്തിന്റെ ഭാഗമായി മാറി. അതിനുമുൻപെ അദ്ദേഹം എനിക്ക് പുസ്തകങ്ങളുടെ ലോകം കാണിച്ചുതന്നിരുന്നു. ലൈബ്രേറിയനായ അദ്ദേഹം പുത്തനായി കൊണ്ടുവരുന്ന പുസ്തകങ്ങൾ പലതും വായനശാലയിലേക്ക് കടന്നുപോയത് എന്റെ കൈകളിലൂടെയും മനസ്സിലൂടെയും ആയിരുന്നു. അതേ പുസ്തകങ്ങളിൽ നിന്ന് ആകാശത്തെയും ഭൂമിയെയും തിരിച്ചറിയാൻ എനിക്ക് കഴിഞ്ഞു.

                            സൂര്യോദയത്തോടെ പക്ഷികളും ശലഭങ്ങളും പങ്കിട്ടെടുത്ത ആകാശം രാത്രികാഴ്ചയിൽ വവ്വാലുകളും നിശാശലഭങ്ങളും രാപക്ഷികളും കൈയ്യേറുന്നു. അതിമനോഹരങ്ങളായ ആകാശകാഴ്ച ഒരുകാലത്ത് മനുഷ്യന് ലഭ്യമായിരുന്നു.
അശ്വതി, ഭരണി തുടങ്ങിയവ കൂടാതെ, മേഡം, ഇടവം തുടങ്ങിയ നക്ഷത്രക്കൂട്ടങ്ങളും ആകാശത്തുനോക്കിയിട്ട് ഞാൻ തിരിച്ചറിഞ്ഞിരുന്നു. ഒരോ കാലത്തും രാത്രിയിലെ ആകാശത്ത് കാണാൻ കഴിയുന്ന ഗ്രഹങ്ങളെ നോക്കുന്ന പതിവും അന്ന് ഉണ്ടായിരുന്നു. മേഘാവരണമില്ലാത്ത ആകാശത്തിന്റെ വടക്കെയറ്റത്ത് കാണപ്പെടുന്നത് ധ്രുവനക്ഷത്രം. അതിനുചുറ്റും കറങ്ങുന്ന സപ്തർഷികളെ ചിലകാലങ്ങളിൽ വ്യക്തമായി കാണാം. ഭൂമിയുടെ കറക്കവും അതിനോട് അനുബന്ധിച്ച് ചന്ദ്രന്റെ വൃദ്ധിക്ഷയവും എല്ലാം പുസ്തകങ്ങളിൽ നിന്ന് പഠിച്ചത് (പാഠപുസ്തകങ്ങളല്ല) നേരിട്ടറിഞ്ഞ ഒരു കാലം ഉണ്ടായിരുന്നു.
രണ്ടാം ക്ലാസ്സിൽ പഠിച്ചുകൊണ്ടിരിക്കുന്ന ഒരു ദിവസം,
കുട്ടികൾ കളിച്ചുകൊണ്ടിരിക്കെ ഒരു ശബ്ദം,, പെട്ടെന്ന് ഒരുത്തൻ വിളിച്ചുകൂവി,
“അതാ വിമാനം”
അവൻ ചൂണ്ടിയ ഭാഗത്തുനോക്കി മറ്റുള്ളവരും പറഞ്ഞു,
“അതാ, അതാ,,,”
മേഘപാളികൾക്കടിയിലൂടെ പതുക്കെ സഞ്ചരിക്കുന്ന വിമാനം അക്കാലത്ത് അവർക്കൊരു കൌതുകകാഴ്ചയാണ്. എല്ലാറ്റിലും പുതുമ കണ്ടെത്തുന്ന ഒരു കാലം, കാരണം ഇന്ന് നിത്യേനകാണുന്ന പലതും അന്ന് അപൂർവ്വമായിരുന്നു.

                         ആകാശനഗരം പണിയുന്ന ഇന്നത്തെ തലമുറക്ക് ആകാശം നഷ്ടപ്പെട്ടിട്ട് വർഷങ്ങൾ കഴിഞ്ഞു. മനുഷ്യന് സൌന്ദര്യക്കാഴ്ചകൾ ഭൂമിയിലേത് മാത്രമല്ല, ആകാശത്തിലുള്ളതും നഷ്ടപ്പെട്ടുകഴിഞ്ഞു. സൌരയൂഥത്തിന്റെ അതിരുകൾ കടന്ന് മനുഷ്യസന്ദേശങ്ങൾ സഞ്ചരിക്കുമ്പോൾ അതിനിടയിൽ എന്ത് ആകാശകാഴ്ചയാണുള്ളത്. നക്ഷത്രങ്ങളെയും ഗ്രഹങ്ങളെയും നോക്കി ദിക്കുകളും കാലങ്ങളും ഗണിച്ചിരുന്ന മനുഷ്യന്റെ പിൻ‌ഗാമികൾക്ക് ഇന്ന് എല്ലാം യാന്ത്രികമാണ്.

ഇപ്പോൾ എനിക്കൊരു സംശയം; 
ചന്ദ്രൻ ഇപ്പോഴും ആകാശത്തുതന്നെയുണ്ടോ?
എന്നിട്ടെന്തേ ചന്ദ്രികയിൽ മുങ്ങിയ ഭൂമി എനിക്ക് കാണാനാവാത്തത്?
രാത്രിയിൽ വൈദ്യുതവിളക്കുകളുടെ പ്രഭയിൽ പൊടിപടലങ്ങൾ നിറഞ്ഞ ആകാശത്ത് ഇപ്പോഴും നക്ഷത്രങ്ങൾ ഉദിക്കാറുണ്ടോ?
പണ്ടത്തെപോലെ കാർത്തികയും രോഹിണിയും സിറിയസും ഭൂമിയെനോക്കി ചിരിക്കാറുണ്ടോ?
തിരക്കിനിടയിൽ നമുക്കത് നോക്കാനും കണ്ടെത്താനും നേരമുണ്ടോ?

ഒരു സൂര്യഗ്രഹണദിവസം,
സൂര്യനെ നേരിട്ട് നോക്കാനാവില്ലെങ്കിലും ഗ്രഹണക്കാഴ്ച നേരിൽ‌കാണാനായി മുത്തശ്ശി പരന്ന പാത്രത്തിലെ വെള്ളത്തിൽ കരിയും മണ്ണും കലക്കി വെക്കുന്നു. പണ്ട് ചാണകം കലക്കിവെച്ച് സൂര്യഗ്രഹണം നോക്കിയപ്പോൾ ചന്ദ്രൻ സൂര്യനു മുന്നിൽ പ്രത്യക്ഷപ്പെട്ടതും പതുക്കെ അപ്രത്യക്ഷമായതും അവർക്ക് ഇപ്പോഴും ഓർമ്മയുണ്ട്. അങ്ങനെ ഗ്രഹണം ആരംഭിച്ചു; സൂര്യന്റെ ഒരറ്റത്ത് ഇരുട്ട് പരക്കാൻ തുടങ്ങിയപ്പോൾ അകത്തുനിന്നും കൊച്ചുമകൾ വിളിച്ചു പറയുന്നു,
“അമ്മൂമ്മെ, എന്തിനാ ഇങ്ങനെ കൈയ്യൊക്കെ വൃത്തികേടാക്കുന്നത്? ഇവിടെവന്നാൽ ടീവിയിൽ ലൈവ് ആയി ഗ്രഹണം കാണാലോ”
അതാണ് എളുപ്പം, അതാണ് ഇന്നത്തെ ശരിയായ പാത.
               പുരോഗതിയുടെ പാതയിലേക്കുള്ള കുതിപ്പിൽ നമുക്ക് സ്വന്തമായ അനുഭവങ്ങൾ പലതും നഷ്ടപ്പെടുകയാണ്. അതിലൊന്ന് ആകാശകാഴ്ച തന്നെയാണ്; വർണ്ണമനോഹരമായ നമ്മുടെ ആകാശം.
ഇന്ന്,
‘എനിക്കില്ലൊരു ആകാശം
നിനക്കില്ലൊരു ആകാശം
നമുക്കില്ലൊരു ആകാശം’

January 31, 2012

അച്ചുവേട്ടന്റെ പെങ്ങൾ


                             ഒരുകാലത്ത് എന്റെ നാട്ടിലെ ഒന്നാം‌നമ്പർ കുടിയനും കുടിച്ചത് വയറ്റിൽ കിടത്താതെ അടുത്തനിമിഷം അത് നാട്ടുകാരെ വിളിച്ചറിയിക്കുന്നവനുമായ അച്ചുവേട്ടന്റെ, ഇളയസഹോദരിയെ നാട്ടുകാർക്കെല്ലാം പേടിയാണ്. അച്ചുവേട്ടൻ മദ്യപിച്ചാൽ മാത്രം വഴക്ക് ഉണ്ടാക്കുമ്പോൾ അദ്ദേഹത്തിന്റെ പെങ്ങൾ മദ്യപിക്കാതെയും വഴക്ക്കൂടും. ചെറുപ്രായം മുതൽ അദ്ധ്വാനിച്ച്, പരാശ്രയം കൂടാതെ ജീവിക്കുന്ന അവർ സമൂഹത്തിലെ അനീതിയും അക്രമവും കണ്ടാൽ ഒരിക്കലും വെച്ച്‌പൊറുപ്പിക്കില്ല. തൊഴിലിടങ്ങളിലായാലും കുടുംബശ്രീ യോഗങ്ങളിലായാലും അച്ചുവേട്ടന്റെ പെങ്ങളുണ്ടെങ്കിൽ ‘അവരുടെ ഒച്ച’ ഉച്ചത്തിൽ കേൾക്കാം. സഭ്യമല്ലാത്ത പദങ്ങൾ ചേർത്ത് വായിൽ തോന്നുന്നത് വിളിച്ചുപറയുന്ന അവരോട് പൊതുജനം അല്പം ശ്രദ്ധിച്ച് മാത്രമാണ് ഇടപെടാറുള്ളത്.
                            മൂന്ന് സഹോദരന്മാരും മൂന്ന് സഹോദരിമാരും ഉള്ളതിൽ ഏറ്റവും ഇളയവളാണ് അച്ചുവേട്ടന്റെ ഈ പെങ്ങൾ. മാതാപിതാക്കൾ ചെറുപ്രായത്തിലെ നഷ്ടപ്പെട്ടനേരത്ത്, മൂത്തവരെല്ലാം വിവാഹം കഴിഞ്ഞ് കുടുംബജീവിതം ആരംഭിച്ചപ്പോൾ ഇളയവളുടെ കാര്യം സഹോദരങ്ങൾ മനപൂർവ്വം മറന്നു എന്ന് പറയാം.
                           എല്ല്‌മുറിയെ അധ്വാനിച്ച് ലഭിക്കുന്ന പണംകൊണ്ട് സ്വന്തം ചെലവ് കണ്ടെത്തുന്നതിനാൽ അവർ ജീവിതസായാഹ്നത്തിൽ പരമാവധി സ്വാതന്ത്ര്യം ആസ്വദിച്ച് ജീവിക്കുയാണ്. ഭാവിജീവിതത്തിൽ അവശ്യം വേണ്ട പണം ഉറുമ്പ് ഓരോ അരിമണി ശേഖരിക്കുന്നതുപോലെ കൂട്ടിവെച്ച് സഹകരണബാങ്കിൽ നിക്ഷേപിച്ചിരിക്കയാണ്. അച്ചുവേട്ടൻ മരിച്ചപ്പോൾ അവരുടെ പുത്രിയോടൊപ്പം സ്വന്തമായി ഉണ്ടാക്കിയെടുത്ത കൊച്ചുവീട്ടിൽ സസുഖം വാഴുന്ന അവരുടെയും അവരുടെ ബന്ധുക്കളെയും ചരിത്രങ്ങൾ അറിയുന്ന എനിക്ക് ബ്ലോഗെഴുതാനുള്ള കഥകൾക്ക് ഒരിക്കലും ക്ഷാമം ഉണ്ടാവില്ല.

                          അച്ചുവേട്ടന്റെ പെങ്ങൾ അദ്ധ്വാനിച്ച് ജീവിക്കാൻ തുടങ്ങുന്നത് പതിനാല് വയസ് മുതലാണെന്ന്, അവർ പറയാറുണ്ട്. കുട്ടിക്കാലത്ത് പട്ടിണിയും ക്ഷാമവും കാരണം സ്ക്കൂൾ പഠനം മുന്നോട്ട് പോയിട്ടില്ല. ‘മര്യാദക്ക് ഉടുക്കാനില്ലാതെ, തിന്നാനില്ലാതെ, എങ്ങനെ പള്ളിക്കൂടത്തിൽ പോവും ടീച്ചറെ?’, എന്നാണ് എന്നോട് പലപ്പോഴും പറഞ്ഞത്. ചെറുപ്രായത്തിലെ കൂലിവേലക്ക് പോവുന്നതിനാൽ പെങ്ങൾ അച്ചുവേട്ടനോ മറ്റ് സഹോദരങ്ങൾക്കോ ഒരു ഭാരമായിരുന്നില്ല. അതിനാലായിരിക്കണം സഹോദരിയുടെ വിവാഹം അവർ മനപൂർവ്വം മറന്നതായി നടിച്ചത്. കെട്ടിടനിർമ്മാണ തൊഴിലിടത്ത്‌വെച്ച് പരിചയപ്പെട്ട ചെറുപ്പക്കാരൻ അവരെ വിവാഹം ചെയ്യാൻ തയ്യാറായി മുന്നോട്ട് വന്ന് അന്വേഷണം അരംഭിച്ചപ്പോൾ മദ്യപാനിയായ അച്ചുവേട്ടൻ അയാളെ ഓടിച്ചുവിട്ടു. പെങ്ങൾ കൂലിപ്പണിക്ക് പുറമെ എക്ട്രാ പണികളൊക്കെ ചെയ്ത് കൂടുതൽ പണവുമായി വന്നപ്പോൾ അതിന്റെ ഉറവിടം അന്വേഷിക്കാൻ മെനക്കെടാതെ അവർ വളരെയധികം സന്തോഷിച്ചു.

                          പലപ്പോഴും അയൽ‌വാസിയായ എന്റെ വീട്ടിൽ വന്ന്, പോയ കാലത്തെ ചരിത്രമുഹൂർത്തങ്ങൾ ഓരോന്നായി പറയുന്നത് കേൾക്കുന്നത് ഒരു രസമാണ്. 
അങ്ങനെ ഒരു ദിവസം,,,
അച്ചുവേട്ടന്റെ പെങ്ങൾക്ക് പ്രായം തെളിയിക്കാനുള്ള സർട്ടിഫിക്കറ്റ് വേണം,,, സ്ക്കൂളിൽ പോയിട്ടില്ല എന്ന് പറയുന്ന അവരുടെ പ്രായം ഏതാനും വർഷമായി ‘നാല്പത്തി അഞ്ചിൽ’ സ്ഥിരമായി ഇരിക്കുകയാണ്. റേഷൻ‌കാർഡിൽ ഒരിക്കൽ ചേർത്ത ‘35’ ഏതാണ്ട് ഇരുപത് വർഷം പിന്നിട്ടപ്പോഴും വർഷങ്ങളായി 45ൽ ഒരേ നില്പാണ്. ഒരിക്കൽ അവിവാഹിതകൾക്കുള്ള പെൻഷൻ വാങ്ങാൻ 50 വയസെങ്കിലും പൂർത്തിയാവണമെന്ന് അറിഞ്ഞ ഒരു വൈകുന്നേരം എന്നെ സമീപിച്ച് അവർ പറഞ്ഞു, “ടീച്ചറിപ്പോൾ ഹൈസ്ക്കൂളിലെ ഹെഡ്‌ടീച്ചറായില്ലെ?”
“അതെ”
“അവിടെ പത്താം തരത്തിൽ പരീക്ഷ എഴുതുന്ന കുട്ടികൾക്ക് വയസ്സറീക്കിന്ന കടലാസ് കൊടുക്കില്ലെ?”
“പരീക്ഷ എഴുതിയവർക്ക് സർട്ടിഫിക്കറ്റ് കൊടുക്കും”
“എന്നാപിന്നെ അന്റെപേരും അവിടെ എഴുതിചേർത്തിട്ട് ഞാൻ പത്താം‌തരം പഠിച്ചൂന്നൊരു കടലാസ് അനക്ക് തന്നൂടെ?”
അതാണ് അച്ചുവേട്ടന്റെ പെങ്ങൾ,,,

                         സൂത്രപ്പണികളൊക്കെ നന്നായി അറിയാവുന്ന അവരുടെ പ്രധാനജോലി കെട്ടിടനിർമ്മാണ തൊഴിലാണ്. മേസ്ത്രിമാരായ പുരുഷന്മാരെ ഭയപ്പെടാത്ത അവർ, മറ്റ് തൊഴിലാളി സ്ത്രീകൾക്ക് മുതിർന്ന ഏടത്തിയാണ്. സ്ക്കൂളിൽ പോയില്ലെങ്കിലും ‘കട്ടിംഗ്, സിമന്റ് സെറ്റ്‌ചെയ്യൽ, കോൺക്രീറ്റ് മെഷിൻ, സപറേറ്റ് ചെയ്യൽ, ഫിറ്റിംഗ്’, ആദിയായ തൊഴിലിടങ്ങളിൽ ആവശ്യമായ ഇംഗ്ലീഷ് പദങ്ങളൊക്കെ നന്നായി പ്രയോഗിക്കും. പിന്നെ വീട്ടിലെത്തിയാൽ സഹോദര മക്കളെ ഒരു അമ്മയുടെ സ്നേഹവാത്സല്യം നൽകി പരിചരിക്കും.

                            അങ്ങനെയിരിക്കെ അവരുടെ സംഭാഷണത്തിൽ നിന്ന് ഒരുകാര്യം എനിക്ക് അറിയാൻ കഴിഞ്ഞു, ‘അച്ചുവേട്ടന്റെ പെങ്ങൾ ഒന്നാം തരത്തിൽ പഠിക്കാൻ സ്ക്കൂളിൽ ചേർന്നതിനുശേഷം ഏതാനും ദിവസം‌കൊണ്ട് പഠനം നിർത്തിയതാണ്’. അതറിഞ്ഞ് ഏതാനും ദിവസം കഴിഞ്ഞപ്പോൾ വയസ് തെളിയിക്കാനുള്ള സർട്ടിഫിക്കറ്റ് ചോദിച്ച അവരോട് ഒന്നാം‌തരത്തിൽ ചേർന്ന യൂ.പി. സ്ക്കൂളിൽ അന്വേഷിച്ചാൽ ലഭിക്കുമെന്ന് പറഞ്ഞു,
“നിങ്ങൾ സ്ക്കൂളിൽ ചേർന്നിട്ടുണ്ടെങ്കിൽ പേര് അവിടെയുണ്ടാവും. അത് കണ്ട്‌പിടിച്ച് ഹെഡ്‌മാസ്റ്റർ സർട്ടിഫിക്കറ്റ് തരും”
വളരെ സന്തോഷത്തോടെ പോയ അവർ വളരെ നിരാശയോടെ തിരിച്ചുവന്ന് പറഞ്ഞ മറുപടികേട്ട് എനിക്ക് ചിരിയടക്കാൻ കഴിഞ്ഞില്ല.
“ടീച്ചറെ ഞാനവിടെ പോയി എല്ലാ സാറമ്മാരെം കണ്ടു. അവരെല്ലാം ചെറുപ്പക്കാരാണ്. ഞാനവിടെ ചേരുന്ന കാലത്തുള്ളവരെല്ലാം മരിച്ചുപോയി. ഇപ്പൊഴുള്ളവരെങ്ങനെ എന്നെ തിരിച്ചറിയും?”

                          അച്ചുവേട്ടന്റെ പെങ്ങൾ പറയുന്ന കോമഡികൾ പലതും അശ്ലീലത്തിൽ പൊതിഞ്ഞതാണെങ്കിലും പൊട്ടിച്ചിരിക്കാൻ വക നൽകുന്നതാണ്. തൊഴിലിടങ്ങളിൽ വിളമ്പുന്നതും കാണുന്നതുമായ അശ്ലീലകഥകൾ ചിലനേരങ്ങളിൽ അവർ എന്നോട് പറയും. അങ്ങനെയുള്ള ഒരു സംഭവം,,
കെട്ടിടങ്ങളുടെ വാർപ്പ് പണിക്ക് കണ്ണൂർ ജില്ലയുടെ പലഭാഗങ്ങളിലും അവരുടെ തൊഴിലാളിക്കൂട്ടം യാത്രചെയ്യാറുണ്ട്. അങ്ങനെയുള്ള യാത്രയിൽ അവരോടൊപ്പം പണിയായുധങ്ങളുടെ വലിയൊരു ശേഖരം ഉണ്ടാവും. മിക്കവാറും അതെല്ലാം ചുമക്കുന്നത് സ്ത്രീതൊഴിലാളികൾ ആയിരിക്കും.
ഒരിക്കൽ,,,
നാട്ടിലേക്ക് വരുന്ന തിരക്കുള്ള ബസ്സിൽ പണിയായുധങ്ങളുമായി ഏതാനും സ്ത്രീകളും പുരുഷന്മാരും കയറി. സഞ്ചിയിലും ചാക്കിലും കൂട്ടയിലുമായി ഭാരമുള്ള തൊഴിലുപകരണങ്ങൾ ബസ്സിനകത്ത് പിൻ‌വാതിലിലൂടെ കയറ്റുമ്പോൾ അകത്തുള്ള ഏതോ ചെറുപ്പക്കാരൻ വിളിച്ചുപറഞ്ഞു,
“എന്താ പെണ്ണുങ്ങളെ തെരക്കുള്ള ബസ്സിലാണോ ഈ പണിസാമാനമൊക്കെ കയറ്റുന്നത്, എല്ലാമെടുത്ത് പൊറത്ത്‌ചാട്”
ഈ ചാടുക കണ്ണൂരിൽ എറിയുകയാണല്ലൊ,,,
ഇതുകേട്ടപ്പോൽ അച്ചുവേട്ടന്റെ പെങ്ങളുടെ തനിനിറം നാടൻ ഡയലോഗായി യാത്രക്കാരെല്ലാം കേൾക്കെ വെളിയിൽ വന്നു,
“നീയെന്താടാ പറയുന്നത്? പണിസാമാനമൊക്കെ പൊറത്ത് ചാടാനോ? നീയൊക്കെ അങ്ങനെയാണോടാ ചെയ്യുന്നത്? നീ നിന്റെ സാമാനമൊക്കെ എട്‌ത്ത് പൊറത്ത് ചാടിറ്റ് പണിയെടുക്കാൻ തൊടങ്ങുമ്പം എട്‌ത്ത് ഫിറ്റ് ചെയ്യുന്നുണ്ടാവും. അതൊന്നും ഇവിടെ നടക്കില്ലെടാ”
ഇതുകേട്ടപ്പോൾ ചിരിയടക്കാൻ പ്രയാസപ്പെട്ട യാത്രക്കാരുടെ ഇടയിൽ‌നിന്നും, ‘സാമാനം’ പൊറത്ത്‌ചാടാൻ പറഞ്ഞവൻ തിരക്കിനിടയിൽ ഒളിച്ചു.
.........................
അച്ചുവേട്ടന്റെ മകളുടെ കഥ വായിക്കാൻ തുറക്കുക

December 31, 2011

വിദ്യാർത്ഥിനിയായും അദ്ധ്യാപികയായും പിന്നെ?


                              അഞ്ച് വയസ് തികഞ്ഞപ്പോൾ ഒന്നാം തരത്തിൽ ഒരു വിദ്യാർത്ഥിയായി ചേർന്ന്, ‘ഹരിശ്രീ’ എഴുതിപഠിക്കാൻ ആരംഭിച്ചത് സ്വന്തം ഗ്രാമത്തിൽ വീടിനടുത്തുള്ള എൽ.പി. സ്ക്കൂളിലാണ്. വർഷങ്ങൾക്ക് ശേഷം അദ്ധ്യാപികയുടെ വേഷമണിഞ്ഞ് ‘കൊച്ചു കുഞ്ഞുങ്ങളെ പഠിപ്പിക്കുക’ എന്ന അപൂർവ്വമായ സൌഭാഗ്യവും എനിക്ക് ലഭ്യമായത്, അതേ സ്ക്കൂളിൽ വെച്ചാണ് . അങ്ങനെ ഒരു അദ്ധ്യാപിക ആയിരിക്കെ, ആഹ്ലാദം തോന്നിയ ഒരു നിമിഷം മിനിലോകത്തിലൂടെ പങ്ക് വെക്കുകയാണ്.

                       ഒരു വിദ്യാർത്ഥി പരീക്ഷ എഴുതി നേടുന്ന മാർക്കുകളുടെ കണക്ക് നോക്കിയാൽ ‘ഒന്നാം തരം മുതൽ പ്രീ.ഡിഗ്രി വരെ’ ഞാനെന്നും പിൻ‌നിരയിലായിരുന്നു. താഴ്ന്ന ക്ലാസ്സുകളിൽ മിക്കവാറും വിഷയങ്ങളിൽ തോൽക്കാറുണ്ട്. അഞ്ച് വിദ്യാലയങ്ങളിൽ പഠിച്ച എനിക്ക്, അപ്പർ പ്രൈമറി സ്ക്കൂളിൽ ചേർന്ന് ആറും ഏഴും ക്ലാസ്സുകളിൽ പഠിക്കുമ്പോഴാണ് സുന്ദരമല്ലാത്ത ഓർമ്മകൾ ലഭ്യമായത്. ഏറ്റവുംകുറവ് മാർക്ക് ലഭിച്ചതും ഏറ്റവുംകൂടുതൽ അടി കിട്ടിയതും ആറാം തരത്തിൽ ഇംഗ്ലീഷ് പഠിക്കുമ്പോഴാണ്. ഇംഗ്ലീഷ് എന്ന് കേൾക്കുമ്പോൾ വെറുപ്പും ഞെട്ടലും ഉണ്ടാക്കിയ ഒരു പഴയകാലം,,,

                       ഒന്നു മുതൽ അഞ്ച്‌വരെ പഠിക്കുമ്പോൾ വീടിന് സമീപമുള്ള പ്രൈമറി വിദ്യാലയത്തിൽ ഒരു പൂമ്പാറ്റയെപ്പോലെ പാറിക്കളിച്ച ഞാൻ, പുതിയ വിദ്യാലയത്തിലെ ആറാം തരതരത്തിൽ എത്തിയപ്പോൾ അവിടെയുള്ള കർശ്ശനമായ അച്ചടക്കം കണ്ട് ഞെട്ടി. വിദ്യാർത്ഥികൾ പുത്തൻ ചട്ടങ്ങളും നിബന്ധനകളും പാലിച്ചില്ലെങ്കിൽ കർശ്ശനമായ ശിക്ഷകൾ ഉണ്ടായിരുന്ന ഒരു വിദ്യാലയം.,,,
അവിടെ ‘അദ്ധ്യാപകരോട് സംസാരിക്കുമ്പോൾ കൈയിൽ പുസ്തകങ്ങൾ ഉണ്ടെങ്കിൽ അതെല്ലാം നിലത്ത് വെച്ചശേഷം ഇരു കൈകളും പിണച്ച്, കൈകെട്ടി കുനിഞ്ഞ് നിൽക്കണം. അദ്ധ്യാപകർ പരിസരത്തുണ്ടെങ്കിൽ ഉച്ചത്തിൽ സംസാരിക്കുകയോ ചിരിക്കുകയോ ചെയ്യരുത്’. നിയമങ്ങൾ തെറ്റിച്ചാൽ ശിക്ഷയായി ലഭിക്കുന്നത് ചുട്ടഅടി ആയിരിക്കും. പിന്നെ പഠനം,,, അത് തലേദിവസം പറഞ്ഞ് എഴുതിയത് മനഃപാഠമാക്കി വന്നില്ലെങ്കിൽ ചൂരൽക്കഷായം ഉറപ്പ്. കാരണമില്ലാതെ അദ്ധ്യാപകകർക്ക് വിദ്യാർത്ഥികളെ അടിക്കാൻ കഴിയുന്ന,,, വിദ്യാർത്ഥികളെ സംരക്ഷിക്കാൻ കോടതിയും നിയമങ്ങളും കടന്നുവരാത്ത കാലം,,,

                       അടിയുടെ കാര്യത്തിൽ ഒന്നാം സ്ഥാനം എന്റെ ഇംഗ്ലീഷ് അദ്ധ്യാപകന് നൽകാം. ഒരോ ഇംഗ്ലീഷ് വാക്കിന്റെയും സ്പെല്ലിംഗ് തെറ്റിച്ച വകയിൽ എനിക്ക് കിട്ടിയ അടിയുടെ കണക്ക് എന്റെ ആകെ വിദ്യാർത്ഥി ജീവിതത്തിൽ ലഭിച്ചതിനെക്കാൾ കൂടുതലായിരിക്കും. ചിലപ്പോൾ അദ്ദേഹം കൈത്തണ്ടയിൽ നുള്ളും; അപ്പോൾ ഞാൻ വേദനകൊണ്ട് പുളയും. ക്രമേണ ഇംഗ്ലീഷ് എന്ന് കേൾക്കുമ്പോൾ പേടിച്ച് ഞെട്ടാൻ തുടങ്ങി. സ്ക്കുളിൽ പോകാതിരിക്കാൻ മാത്രമല്ല, മരിച്ചുകളയാൻ പോലും അക്കാലത്ത് ചിന്തിക്കാറുണ്ടായിരുന്നു. അങ്ങനെ ഏറ്റവും വെറുക്കുന്ന വിഷയമായി മാറിയ ഇംഗ്ലീഷിൽ ഒന്നാം പാദവാർഷിക പരിക്ഷക്ക് എനിക്ക് ആകെകിട്ടിയത്, നൂറിൽ ഒരു മാർക്ക്. എങ്കിലും ഇംഗ്ലീഷ് ഒഴികെ മറ്റു വിഷയങ്ങളെല്ലാം വളരെ ഇഷ്ടമായതിനാൽ അവയിൽ നല്ല മാർക്ക് വാങ്ങുകയും ഒരോ ക്ലാസ്സിലും എളുപ്പത്തിൽ ജയിക്കുകയും ചെയ്തു.
.
                        വർഷങ്ങൾ കഴിഞ്ഞതോടെ സ്വയം തിരിച്ചറിവിന്റെ ഫലമായി നന്നായി പഠിച്ച് നല്ല മാർക്കോടെ ഡിഗ്രി പാസ്സായ ശേഷം ബി.എഡ്. കഴിഞ്ഞ് അദ്ധ്യാപിക ആയി മാറി. ആദ്യമായി എന്റെ നാട്ടിൽ തന്നെയുള്ള, ഞാൻ ഹരിശ്രീ കുറിച്ച പ്രൈമറി വിദ്യാലയത്തിൽ പഠിപ്പിക്കാൻ ആരംഭിച്ചു. അതുവരെ പേര് വിളിച്ച മുതിർന്നവർ പോലും എന്നെ കാണുമ്പോൾ ‘ടീച്ചറെ’ എന്ന് ബഹുമാനത്തോടെ വിളിക്കാൻ തുടങ്ങി.

ഒരു ദിവസം,
                       അദ്ധ്യാപകർക്കായുള്ള പരിശീലനക്ലാസ്സ്,,, വിഷയം ഇംഗ്ലീഷ്. ഇഷ്ടമില്ലാത്തതും എന്റെ പേടിസ്വപ്നമായതും ആയ ‘ഇംഗ്ലീഷ്’ കൂടി നാലാം ക്ലാസ്സിൽ പഠിപ്പിക്കുന്ന ഒരു അദ്ധ്യാപികയായി എനിക്ക് രൂപാന്തരം വന്നിരിക്കയാണ്. ഉപജില്ലയിലെ എല്ലാവിദ്യാലയങ്ങളിൽ‌നിന്നും അദ്ധ്യാപകർ അവിടെ എത്തിയിട്ടുണ്ട്. കൂട്ടത്തിൽ പ്രായമുള്ള ഒരാൾ,,, 
എന്നെ ആറാം ക്ലാസ്സിൽ ഇംഗ്ലീഷ് പഠിപ്പിച്ച അദ്ധ്യാപകൻ! എന്റെ കൈവെള്ളയിൽ ചൂരൽക്കഷായം വെച്ചുതന്ന, കൂർത്ത നഖം‌കൊണ്ട് എന്നെ നുള്ളി വേദനിപ്പിച്ച അദ്ദേഹം എന്നെക്കണ്ട് ഞെട്ടി,
“നീ”
“സർ, ഞാനിപ്പോൾ ടീച്ചറാണ്”
എനിക്ക് അദ്ദേഹത്തോട് വളരെ ബഹുമാനം തോന്നി.
“നീ നന്നാവും എന്ന് എനിക്കറിയാമായിരുന്നു”
                        പഠനത്തിൽ വളരെ പിന്നിലായ പഴയ ശിഷ്യയെ ഒരു അദ്ധ്യാപികയുടെ രൂപത്തിൽ കണ്ടപ്പോൾ ഇംഗ്ലീഷ് അദ്ധ്യാപകന് എന്തായിരിക്കും തോന്നിയത്? അപ്പോൾ ഈ അടിയൊക്കെ തന്ന്, ഇംഗ്ലീഷിനെ വെറുക്കാനിടയാക്കിയത് ഞാൻ നന്നാവാനാണോ? 


                            
                       ആറാം തരത്തിൽ പഠിക്കുമ്പോൾ പഠനത്തിൽ ഏറ്റവും പിന്നിലായ വിദ്യാർത്ഥിനിക്ക് ജീവിതത്തിൽ സ്വയം തിരിച്ചറിവ് ഉണ്ടായപ്പോൾ മത്സരിച്ച് പഠിച്ചു. തുടർന്നങ്ങോട്ട് ഉയർന്ന മാർക്ക് വാങ്ങിയിട്ട് ‘ഒരു അദ്ധ്യാപിക ആയി രൂപാന്തരപ്പെട്ടത്’, എന്റെ കുട്ടിക്കാലത്തെ സഹപാഠികൾക്കും അദ്ധ്യാപകർക്കും മാത്രമല്ല, എനിക്കും ഒരു ആശ്ചര്യമായി ഇപ്പോഴും തുടരുന്നു. വിദ്യാർത്ഥി ജീവിതവും അദ്ധ്യാപക ജീവിതവും ആടിതീർത്തശേഷം ഇപ്പോൾ പുതിയൊരു വേഷത്തിലാണ്,, 
  ‘ബ്ലോഗർ’.
ആവേശത്തോടെ കമ്പ്യൂട്ടർ സ്വയം പഠിച്ചപ്പോൾ ഈ ലോകത്തിന്റെ മുന്നിൽ ബ്ലോഗിലൂടെ എല്ലാം വിളിച്ച് പറയുന്ന
മിനി എന്ന ബ്ലോഗെഴുത്തുകാരി,,, ,,, 


എല്ലാവർക്കും പുതുവത്സരാശംസകൾ