“മിനിലോകം”

ഞാന്‍ മിനി... എന്റെ മനസ്സ് എന്റെ ലോകമാണ്. എന്റെ മനസ്സില്‍(ഓര്‍മ്മയില്‍) തങ്ങിനില്‍ക്കുന്ന കാര്യങ്ങള്‍,വേണ്ടതും വേണ്ടാത്തതും ഞാന്‍ ഇവിടെ പകര്‍ത്തുന്നു. ഇതു വായിക്കാം, അഭിപ്രായം എഴുതാം. ജീവിതത്തില്‍ നിന്നും ഞാന്‍ കണ്ടെത്തിയ ധാരാളം ചെറിയ‘വലിയ’ സംഭവങ്ങള്‍ ഉണ്ട്. അവയെല്ലാം ചിത്രങ്ങളോടൊപ്പം ഇവിടെ അവതരിപ്പിക്കുന്നു. എന്റെ ലോകത്തേക്ക് “മിനിലോക”ത്തിലേക്ക് ഞാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു... ചിരിക്കാം, കളിക്കാം, ചിന്തിക്കാം... എന്ന് നിങ്ങളുടെ: mini//മിനി

June 13, 2010

കൊല്ലുന്ന ടീച്ചർ


എന്റെ ആദ്യകാല സഹപ്രവർത്തകരിൽ ‘ഏതാനുംചിലർ മാത്രം’, എന്റെ മുഖത്തുനോക്കി വെറുമൊരു തമാശയായി; പറയുന്ന ഒരു വിശേഷണമാണ്
‘കൊല്ലുന്ന ടീച്ചർ’. ,,,
ഉദാ:- “ടീച്ചർ പറഞ്ഞാൽ കുട്ടികൾ അനുസരിക്കാതിരിക്കുമോ? ഇത് കൊല്ലുന്ന ടീച്ചറല്ലെ;”
ഒരു ഉറുമ്പിനെ പോയിട്ട് ഒരാനയെ പോലും കൊല്ലാൻ കഴിയാത്ത ഞാൻ എങ്ങനെ ഒരു മനുഷ്യനെ കൊല്ലും?
ഇല്ല,, ഞാൻ ആരെയും കൊന്നിട്ടില്ല,,, ഒരു കുട്ടിയെപോലും കൊന്നിട്ടില്ല,,,
എങ്കിലും,,,
എങ്ങനെ കൊല്ലുന്ന ടീച്ചറായി?

ഫ്ലാഷ് ബാക്ക് റ്റു:- ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഒന്ന്:--- 
1991,,,
സാധാരണ അദ്ധ്യാപകർ പഠിപ്പിക്കുകയും വിദ്യാർത്ഥികൾ പഠിക്കുകയും ചെയ്യാറാണ് പതിവ്. എന്നാൽ ചില വിദ്യാർത്ഥികൾ അദ്ധ്യാപകരെ പഠിപ്പിക്കുന്ന ഒരു സുവർണ്ണകാലം ഉണ്ടായിരുന്നു,,,
അങ്ങനെയൊരു സുവർണ്ണ കാലത്ത്,,,
,,,
                      ഹൃദയത്തിനുള്ളിൽ ഒരു ഡ്യൂപ്ലിക്കേറ്റ് വാൽ‌വ് ഫിറ്റ് ചെയ്തതിനുശേഷം; ഏതാനും മാസങ്ങൾ കഴിഞ്ഞാണ് എനിക്ക് സ്വന്തം പഞ്ചായത്തിലല്ലെങ്കിലും, വീടിന്റെ ഏറ്റവും അടുത്തുള്ള സർക്കാർ ഹൈസ്ക്കൂളിലേക്ക് ട്രാൻസ്ഫർ ലഭിച്ചത്. ശാരീരിക മാനസിക അവശതകൾ എനിക്ക് തീരെയില്ലെങ്കിലും കാഴ്ചയിൽ ഒരു രോഗിയെപോലെ തോന്നിച്ചിരുന്ന കാലത്താണ്, കുന്ന് തീരെയില്ലെങ്കിലും കുന്നിന്റെ പേരിൽ അറിയപ്പെടുന്ന, റെയിൽ‌പാളത്തിനും റോഡിനും ഇടയിലുള്ള ആൺ‌പള്ളിക്കൂടത്തിൽനിന്ന്, തനി ഗ്രാമീണ അന്തരീക്ഷമാണെങ്കിലും പട്ടണത്തിന്റെ പുറം‌പോക്കിലുള്ള പുതിയ ‘ആൺ‌പെൺ’ പള്ളിക്കൂടത്തിൽ എത്തിയത്.

                      പുതിയ സ്ക്കൂളിലെ എന്റെ ആദ്യക്ലാസ്സ് സ്റ്റേജിനു മുകളിൽ ആയിരുന്നു. വിദ്യാർത്ഥികൾ ക്ലാസ്സ്‌മുറികളിൽ നിറഞ്ഞുകവിഞ്ഞതിനാൽ എനിക്കായി ചാർജ്ജുള്ള ലാസ്റ്റ് ക്ലാസ്സ് ‘8H’ സ്റ്റേജിലായിരുന്നു. അവിടെ നിന്നാൽ അകലെയുള്ള കുന്നുകളും റോഡും അതിലൂടെ ഓടുന്ന ആകെയുള്ള ഒരു ബസ്സും നന്നായി കാണാം.

പുതിയ വിദ്യാലയത്തിൽ ആദ്യദിവസം ആദ്യക്ലാസ്സിൽ പോയ എനിക്കെതിരെ കുട്ടികളുടെ പ്രതിഷേധപ്രവാഹം അണപൊട്ടിയൊഴുകി.
അവർ വിളിച്ചു പറഞ്ഞു,
“നമ്മളെ ടീച്ചർ പഠിപ്പിക്കണ്ട;
നമ്മക്ക് പഴയ മാഷ് മതി”

                      ‘പഴയ അദ്ധ്യാപകൻ അവിടെ നിന്ന് പോയെന്നും ഇനി ഞാനാണ് അവരെ പഠിപ്പിക്കുന്നതെന്നും’ അവരോട് പറഞ്ഞപ്പോൾ മനസ്സില്ലാമനസ്സോടെ അവർ ഇരുന്നു. ഹാജർ വിളിച്ച് അന്യോന്യം പേര് പറഞ്ഞ് പരിചയപ്പെടുത്തിയശേഷം പഠനം തുടങ്ങി. എനിക്കവിടെ പഠിപ്പിക്കാനുള്ളത് ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവ ചേർന്ന അടിസ്ഥാശാസ്ത്രമാണ്. കുട്ടികളോട് ഫിസിക്സ് നോട്ട്‌ബുക്ക് എടുത്ത് തുറക്കാൻ പറഞ്ഞു.
                      ആ സമയത്തെല്ലാം ഇതിലൊന്നും ശ്രദ്ധിക്കാതെ പിൻ‌ബെഞ്ചിലിരിക്കുന്ന ഒരുത്തൻ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. അവനെ അടുത്ത് വിളിച്ചപ്പോൾ ക്ലാസ്സിലെ ഏറ്റവും വലിയ വിദ്യാർത്ഥി കൂടിയായ അവൻ പതുക്കെ നടന്ന്‌വന്നു. അല്പസമയം അവനെ അവിടെ നിർത്തിയശേഷം ചോദിച്ചു,
“നിനക്കെന്ത് വേണം?”
“എന്തിനാ എന്നെ വിളിച്ചത്?”
ധിക്കാരം കലർന്ന മറുചോദ്യമായിരുന്നു അവന്റെ മറുപടി.
“അവിടെ ഇരുന്ന് നീ എന്തൊക്കെയോ പറയുന്നുണ്ടല്ലൊ. ക്ലാസ്സിൽ മിണ്ടാതെയിരിക്കണം”
“അത് ടീച്ചറ് നമ്മളെ പഠിപ്പിക്കെണ്ട; പഴയ മാഷ് മതി”
“അതെന്താ നീ അങ്ങനെ പറയുന്നത്?”
“മാഷാകുമ്പോൾ നമ്മളെ കളിക്കാൻ വിടും; പിന്നെ പലപ്പോഴും ക്ലാസ്സിൽ വരാറില്ല”
“നീ ഇവിടെ വന്നത് പഠിക്കാനും ഞാൻ വന്നത് പഠിപ്പിക്കാനുമാണ്. ഇനി എല്ലാ ദിവസവും ഇരുന്ന് പഠിക്കണം. നിന്റെ ഫിസിക്സ് നോട്ട് കാണിക്ക്”
“നോട്ട് എടുത്തിട്ടില്ല”
“എന്നാൽ മറ്റു പുസ്തകങ്ങൾ എടുക്ക്”
                      അവൻ നിന്ന സ്ഥലത്തുനിന്നും അനങ്ങാത്തപ്പോൾ ഞാൻ തന്നെ പിൻ‌ബെഞ്ചിൽ പോയി അവന് ആകെയുള്ള ആ ഒരു നോട്ട് ബുക്ക് എടുത്തു. പേര് സജേഷ്; പുസ്തകത്തിൽ ഏതാനും പേജിൽ ഏതാനും അക്ഷരങ്ങൾ മാത്രം. കൂടുതലൊന്നും പറയാതെ അവനോട് സ്ഥലത്ത് പോയി ഇരിക്കാൻ പറഞ്ഞ് ഞാൻ ക്ലാസ്സ് തുടങ്ങി.
പെട്ടെന്ന് അവൻ എഴുന്നേറ്റ് വിളിച്ച് കൂവി,
“ടീച്ചറെ ബസ്സ്‌പോന്നാ”
അവൻ എഴുന്നേറ്റ് ഉച്ചത്തിൽ വിളിച്ച്കൂവിയപ്പോൾ അതുവരെ പഠിപ്പിച്ച ന്യൂട്ടന്റെ ഒന്നാം ചലനനിയമം പെട്ടെന്ന് ചലനമറ്റ് താഴെക്കിടപ്പായി.

അല്പം ദേഷ്യത്തോടെ ഞാൻ അവനോട് പറഞ്ഞു,
“ക്ലാസ്സിൽ പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോൾ ശബ്ദം ഉണ്ടാക്കാതെ ശ്രദ്ധിച്ചിരിക്കണം. മറ്റൊന്നും ശ്രദ്ധിക്കാൻ പാടില്ല”
“അപ്പോൾ ടീച്ചറേ ബല്ലടിക്കുന്നതൊന്നും ശ്രദ്ധിക്കണ്ടെ?”
“വേണ്ട. നീ ഒന്ന് മിണ്ടാതെനിൽക്ക്”
കൂടുതൽ ദേഷ്യം വരുത്തി ഞാൻ പറഞ്ഞ്ശേഷം കുട്ടികളോട് ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി. മുന്നിലിരിക്കുന്ന രണ്ടുപേർ എന്റെ ചോദ്യങ്ങൾക്ക് കൃത്യമായി ഉത്തരം പറഞ്ഞപ്പോഴാണ്, പിൻ‌ബെഞ്ചുകാരൻ സ്റ്റഡിയായി നിൽക്കുന്നത് കണ്ടത്,
“താനെന്താ നിൽക്കുന്നത്?”
“ടീച്ചറല്ലെ എന്നോട് മിണ്ടാതെ ‘നിൽക്കാൻ’ പറഞ്ഞത്”
അപ്പോൾ അതാണു കാര്യം, നല്ല അനുസരണയുള്ള പയ്യൻ. എട്ടാം തരത്തിൽ മൂന്നു വർഷം‌കൂടി പൂർത്തിയാക്കിയാൽ അവന് പതിനെട്ട് വയസ് പൂർത്തിയാവും. അക്കാലത്ത് വോട്ട് ചെയ്യാനുള്ള പ്രായം 21 ആയതിനാൽ അടുത്തവർഷം അദ്ധ്യാപകരോടൊപ്പം വോട്ട് ചെയ്യാനൊക്കത്തില്ല എന്ന് മാത്രം.

ദിവസങ്ങൾ കഴിഞ്ഞു
                       ക്ലാസ്സ് ടീച്ചറായതിനാൽ ന്റെ സ്ക്കൂൾ‌ദിനം ആരംഭിക്കുന്നത് സ്ക്കൂൾസ്റ്റേജിൽ നിന്ന് ആയിരിക്കും.
ആദ്യദിവസം സജേഷ് എന്ന പയ്യൻ എന്റെ നോട്ടപ്പുള്ളി ആയപ്പോൾ ഞാൻ അവന്റെയും നോട്ടപ്പുള്ളി ആയി മാറി. അവൻ ക്ലാസ്സിൽ വന്നദിവസം മാത്രമേ ശല്യം ഉണ്ടാവുകയുള്ളു; മറ്റു ദിവസങ്ങളിൽ ഒരു പ്രശ്നവും ഇല്ല. എനിക്ക് മാത്രമല്ല, മറ്റ് അദ്ധ്യാപകർക്കും ഈ ശിഷ്യൻ ഒരു തലവേദന ആയിരിക്കുന്നു എന്ന് മനസ്സിലാക്കാൻ കഴിഞ്ഞു.

അങ്ങനെയിരിക്കെ ഒരു വിദ്യാർത്ഥിസമരം വന്നു.
മുദ്രാവാക്യവുമായി അണികൾ നീങ്ങിക്കൊണ്ടിരിക്കെ ഏറ്റവും പിന്നിലായി നടന്നുകൊണ്ടിരിക്കുന്ന സജേഷ് ക്ലാസ്സിലേക്ക് പോകുന്ന എന്നെ സമീപിച്ചു,
“എങ്ങോട്ടാ പോകുന്നത്?”
അതുവരെ കാണാത്ത വേറോരു മുഖഭാവത്തിൽ പരിഹാസപൂർവ്വം എന്നോട് ചോദിച്ചു.
“പോകുന്നത് ക്ലാസ്സിലേക്ക്, എന്താ?”
“കാണുന്നില്ലെ? നമ്മൾ സമരത്തിലാ, ടീച്ചറ് പഠിപ്പിച്ചാൽ കല്ലെടുത്തെറിഞ്ഞ് ഓടിക്കും”
ഇത്രയും പറഞ്ഞ്കൊണ്ട് നടന്നുപോകുന്ന എന്റെ ശിഷ്യനെ നോക്കി ഞാൻ അതേപടി നിന്നു.

                      അവർക്ക് വിദ്യ കൊടുക്കുന്നതിനാൽ അദ്ധ്യാപകർ അവർക്ക് ശത്രുക്കൾ. അതുപോലെയായിരിക്കും വീട്ടിലും, ‘ഭക്ഷണം കൊടുക്കുന്നതുകൊണ്ട് രക്ഷിതാക്കൾ അവന്റെ ശത്രുക്കളായിരിക്കും’.

                       ഒരാഴ്ച സജേഷിനെ കാണാത്തപ്പോൾ എനിക്ക് തോന്നി അവൻ സ്ക്കൂളിലെ അഭ്യാസം മതിയാക്കിയിരിക്കും എന്ന്; എന്നാൽ എന്റെ പ്രതീക്ഷകൾ തകിടം മറിച്ച് അടുത്ത തിങ്കളാഴ്ച അവൻ വന്നു. ഞാൻ അവനോട് പറഞ്ഞു,
“ഇത്രയും ദിവസം ആബ്സന്റ് ആയതിനാൽ നാളെ വരുമ്പോൾ നിന്റെ അച്ഛനെയോ അമ്മയെയോ കൂട്ടി വന്നാൽ മതി”
“അതൊന്നും ശരിയാവില്ല; അച്ഛന് ജോലിക്ക് പോകണം, അമ്മക്ക് സുഖമില്ല”
“എന്നാൽ നീയിവിടെ ഇരിക്കുന്നതും ശരിയാവില്ല”
രക്ഷിതാവിനെ വിളിച്ച് വരില്ലെന്ന് ഉറപ്പായതിനാൽ അവന്റെ അടുത്ത വീട്ടിലുള്ള പയ്യനെ സ്റ്റാഫ്‌റൂമിലേക്ക് വിളിപ്പിച്ച് കാര്യങ്ങൾ തിരക്കി.

                    അവൻ താമസിക്കുന്നത് സർക്കാർ അനുവദിച്ച രണ്ട് സെന്റ് സ്ഥലത്താണ്. മരവും ഓലയും കോണ്ടു മറച്ച വീടുകൾ നിറഞ്ഞ അവിടം ഒരു പുനരധിവാസകോളനിയാണ്. അച്ഛൻ തമിഴ്‌നാട്ടിൽനിന്ന് കുടിയേറിയവൻ. അമ്മ കൂലിപ്പണിക്ക് പോയി കുടുംബം പുലർത്തും.
അയൽ‌പക്കത്തെ കുട്ടിയോട് പറഞ്ഞ് ഞാൻ അവന്റെ അമ്മയെ വിളിച്ച് വരുത്തി.
                    രോഗം കൊണ്ടും പട്ടിണികൊണ്ടും അവശത അനുഭവിക്കുന്ന ആ അമ്മയോട് കൂടുതൽ പറഞ്ഞിട്ട് കാര്യമില്ലെന്ന് എനിക്ക് തോന്നി. നിർമ്മാണതൊഴിലാളിയായ അച്ഛനെക്കാൾ അവർക്ക് ഭയം ആ മകനെയാണെന്ന് എനിക്ക് മനസ്സിലായി. ഇടയ്ക്കിടെ ക്ലാസ്സിൽ വരാത്ത കാര്യം പറഞ്ഞപ്പോൾ ആ അമ്മക്ക് ആശ്ചര്യമായി,
“എല്ലാദിവസവും എന്റെ മോൻ സ്ക്കൂളിൽ വരാറുണ്ട്”
“എന്നാൽ ഇവിടെ എത്താറില്ല”
“നമ്മൾ അവനെ വീട്ടിൽനിന്നും അയക്കുന്നുണ്ട്; പിന്നെ സ്ക്കൂളിൽ വരാത്തതൊക്കെ ടീച്ചർമാര് നോക്കണം”
                    അപ്പോൾ അതാണ് കാര്യം; ഇവിടെ അവനെ നന്നാക്കാൻ മരുന്നുണ്ട്. എന്നാൽ അദ്ധ്യാപകൻ കല്പിക്കുന്നതും രക്ഷിതാക്കൾ അംഗീകരിക്കാത്തതും വിദ്യാർത്ഥി ഇഷ്ടപ്പെടാത്തതും ചൂരൽക്കഷായം എന്ന ആ മരുന്നാണല്ലൊ. ഒരുകാലത്ത് ആ വിദ്യാലയത്തിലെ ഒരുത്തനെ പെട്ടെന്ന് കാണാതായപ്പോൾ അദ്ധ്യാപകരും നാട്ടുകാരും ചേർന്ന് തോട്ടിൻ‌കരയിൽ നിന്ന് ചൂണ്ടയിടുന്നവനെ ചൂണ്ടയോടെ പിടിച്ച ചരിത്രം ചില അദ്ധ്യാപകർക്കറിയാം.
ഇങ്ങനെയുള്ള രക്ഷിതാവിന് ഉപദേശനിർദ്ദേശങ്ങൾ നൽകുന്നതൊക്കെ വെറുതെയാണെന്ന് എനിക്ക് തോന്നി.

                     പിറ്റേദിവസം മുതൽ നമ്മുടെ സജേഷ് ക്ലാസ്സിൽ പൂർവ്വാധികം ശക്തമായി ശല്യം ചെയ്യാൻ തുടങ്ങി. പ്രധാന ഹോബി ക്ലാസ്സെടുക്കുന്നതിനിടയിൽ എഴുന്നേറ്റ് നടക്കലാണ്. ബോർഡിലെ ചിത്രം നോക്കിവരക്കാൻ പറയുമ്പോൾ അവൻ എഴുന്നേറ്റ് ക്ലാസ്സിൽ ചുറ്റിയടിച്ച് നടന്നുകൊണ്ട് ബോർഡിൽ തൊട്ട് ചോദിക്കും,
“ടീച്ചറെ ഇതുമുഴുവനും വരക്കണോ?”

                     ഒരിക്കൽ കെമിസ്ട്രി പഠിപ്പിച്ചുകൊണ്ടിരിക്കെ രാസവാക്യം ചോദിച്ചപ്പോൾ ആരും ഉത്തരം പറഞ്ഞില്ല. ഉത്തരം കിട്ടാത്തവരെ എഴുന്നേറ്റ് നിർത്തിയതിനാൽ അവരോട് ഇരിക്കാൻ പറഞ്ഞ ശേഷം പഠിപ്പിച്ച ഭാഗം ഒന്നു കൂടി വിവരിക്കാൻ തുടങ്ങി. അപ്പോൾ, നമ്മുടെ സജേഷ് എല്ലാവരും കേൾക്കെ എന്നോടൊരു ചോദ്യം,
“ടീച്ചർ പഠിപ്പിച്ചിട്ടും നമ്മളാരും പഠിക്കുന്നില്ലല്ലൊ. അപ്പോൾ ടീച്ചർക്ക് ഈ പഠിപ്പിക്കുന്ന പരിപാടി അങ്ങ് നിർത്തിക്കൂടെ?”
“ഒന്നുകൂടി പഠിപ്പിച്ചാൽ എല്ലാവരും പഠിക്കും, നീയും”
“ഏ, ഞാനൊരിക്കലും പഠിക്കില്ല”
അവൻ ഉറപ്പിച്ച്‌തന്നെ പറഞ്ഞു.
“നീ പഠിച്ചാലും ഇല്ലെങ്കിലും മറ്റുള്ളവർക്ക് ശല്യമില്ലാതെ ഇരിക്കണം”
“അതൊന്നും എന്നെക്കൊണ്ട് പറ്റില്ല ടീച്ചർ”

                     ഒരു ദിവസം അവനെ ക്ലാസ്സിനു പുറത്ത്‌വിളിച്ച് അവന്റെ കാര്യങ്ങൾ ചോദിച്ചറിഞ്ഞു. പിന്നെ നല്ലവനാവാൻ പരമാവധി ഉപദേശിക്കുകയും ചെയ്തു. എന്നാൽ പറയുന്നത് കേൾക്കാനൊന്നും അവന് തീരെ താല്പര്യം ഉണ്ടായിരുന്നില്ല. ഒരു അദ്ധ്യാപിക എന്ന നിലയിൽ കൂടുതൽ എന്ത് ചെയ്യാനാണ്?
എട്ടാം ക്ലാസ്സിലെത്തിയിട്ടും അക്ഷരങ്ങളുമായി ബന്ധമില്ലാത്ത കുട്ടിയെ മറ്റുള്ളവരെപ്പോലെയാക്കാനുള്ള ശേഷിയൊന്നും എനിക്കില്ല. അവനെ കൂടുതൽ ശ്രദ്ധിച്ചാൽ മറ്റുള്ളവരുടെ സമയംകൂടി പാഴാകും എന്ന് തിരിച്ചറിഞ്ഞ ഞാൻ അവനെ അവഗണിച്ചുകൊണ്ട് പഠനം തുടർന്നു.

                      ആഴ്ചകൾ കടന്നുപോയി. സജേഷ് ഉണ്ടെങ്കിൽ അവനെ വഴക്ക് പറയാതെ ഒരു ദിവസവും ‘എട്ട് എച്ച്’ ക്ലാസ്സിൽ പഠിപ്പിക്കുക അസാദ്ധ്യനാണ്; എനിക്ക് മാത്രമല്ല, മറ്റുള്ളവർക്കും.
ഇപ്പോൾ അവന് പുതിയ ഒരു സൂത്രമാണുള്ളത്. വളരെ കാര്യമായി പഠിപ്പിക്കുമ്പോഴായിരിക്കും എഴുന്നേറ്റ് നടന്ന്  മുന്നിൽ വരുന്നത്. അപ്പോൾ ഞാൻ ചോദിക്കും,
“എന്ത് വേണം?”
“ടീച്ചറെ എനിക്ക് ഒന്ന് തുപ്പാൻ പുറത്ത് പോകണം”
പിന്നെ മറുപടിക്ക് കാത്തുനിൽക്കാതെ സ്റ്റേജിന്റെ അറ്റത്തുപോയി തുപ്പിയിട്ട് ക്ലാസ്സ് മൊത്തത്തിൽ ചുറ്റിനടന്ന് പിന്നിൽ‌പോയി ഇരിക്കും. ഈ പരിപാടി ഒരു പിരീഡിൽതന്നെ നാലും അഞ്ചും തവണ ആവർത്തിക്കും. എന്റെ ക്ഷമയുടെ നെല്ലിപ്പടി കടന്ന് പുകയാൻ തുടങ്ങും.
ഫലമോ?
മറ്റുള്ള നാൽ‌പ്പത്തേഴ് വിദ്യാർത്ഥികളെയും മര്യാദക്ക് പഠിപ്പിക്കാൻ പറ്റാതാവും.
                     ഇത് എന്റെ ക്ലാസ്സിൽ മാത്രമല്ല; മറ്റു അദ്ധ്യാപകരുടെയെല്ലാം ക്ലാസ്സിൽ പതിവാണെന്ന് അറിയാൻ കഴിഞ്ഞു. ക്ലാസ്സ് ടീച്ചർ ആയതിനാൽ ഈ ഒരു വിദ്യാർത്ഥിയെ കുറിച്ച്, മറ്റുള്ളവരുടെ പരാതി കേട്ട് എനിക്ക് മടുത്തു.

ഒരു ദിവസം ബയോളജി പഠിപ്പിച്ചു കൊണ്ടിരിക്കെ സജേഷ് എഴുന്നേറ്റു. ഉടനെ ഞാൻ പറഞ്ഞു,
“സജേഷെ അവിടെയിക്കു,,,”
“ടീച്ചറെ എനിക്ക്,,”
“ഒന്നും പറയെണ്ട, അവിടെയിരിക്കുന്നതാണ് നിനക്ക് നല്ലത്”
എന്റെ ശബ്ദം ഉയരാൻ തുടങ്ങി. പെട്ടെന്ന് അവൻ എന്നോട് ശബ്ദം ഉയർത്തി പറഞ്ഞു,
“അത് പറയാൻ ടീച്ചറാരാണ്?”
“അത് മനസ്സിലായില്ലെ? ഞാനീ ക്ലാസ്സിന്റെ ക്ലാസ്ടീച്ചറാണ്, എന്റെ തീരുമാനം അനുസരിച്ചാണ് നിങ്ങൾ ഓരോരുത്തരും ഈ ക്ലാസ്സിലിരിക്കേണ്ടത്”
“എനിക്ക് പുറത്ത് പോകണം; ഞാൻ പോകും”
ദേഷ്യം കൊണ്ട് വിറച്ച ഞാൻ ക്ലാസ്സിന്റെ ഏതാണ്ട് മദ്ധ്യഭാഗത്തെത്തി. ശബ്ദം കൂടുതൽ ഉയർന്നു.
“നിന്നോടാ അവിടെയിരിക്കാൻ പറഞ്ഞത്”
“ഞാൻ പുറത്തുപോകും; ടീച്ചറെന്ത് ചെയ്യും?”
“നീ ഇരിക്കുന്ന സ്ഥലത്തുനിന്ന് എഴുന്നേറ്റാൽ നിന്നെ ഞാൻ കൊല്ലും”
അതുകേട്ട മറ്റു കുട്ടികൾ കൂടി ഞെട്ടിയിരിക്കാം. അവൻ പിന്നെയൊന്നും പറഞ്ഞില്ല; പറയാൻ അവസരം കൊടുക്കാതെ ഞാൻ തുടർന്നു,
“ഇനി പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോൾ ഞാൻ പറയാതെ, ഇങ്ങോട്ട് മിണ്ടുകയോ എഴുന്നേൽ‌ക്കുകയോ ചെയ്താൽ നിന്നെ അടിച്ച്‌കൊല്ലും. എന്നിട്ട്, എന്നിട്ട് ആ കമ്പികളിൽ കെട്ടിത്തൂക്കും”
സ്റ്റേജിനു മുകളിൽ, കർട്ടൻ തൂക്കിയിടാൻ ഘടിപ്പിച്ച കമ്പികൾ ചൂണ്ടി ഞാനത് പറഞ്ഞപ്പോൾ എന്റെ ഭാവം കണ്ടാൽ  അങ്ങനെ ചെയ്യുമെന്ന് അവന് മാത്രമല്ല, മറ്റു വിദ്യാർത്ഥികൾക്കും തോന്നിയിരിക്കാം.
പിന്നെ അവൻ ഒന്നും മിണ്ടാതെ സ്ഥലത്ത് പോയിരുന്നു. കുട്ടികളോട് പുസ്തകം വായിക്കാൻ പറഞ്ഞ് ഞാൻ കസാലയിൽ ഇരുന്ന് അകലെയുള്ള കുന്നിനു മുകളിൽ നോക്കി. എന്റെ തല ആകെ പുകയുകയാണ്.

                     പിന്നീട് ഒരാഴ്ച ഒന്നും പഠിച്ചില്ലെങ്കിലും സജേഷിനെക്കൊണ്ട് പ്രശ്നമൊന്നും ഉണ്ടായില്ല.
ഓണപ്പരീക്ഷ കഴിഞ്ഞു,,,
സജേഷ് സ്ക്കൂളിൽ വന്നില്ല. അവന് അഞ്ചിൽ കൂടുതൽ മാർക്ക് കിട്ടിയത് മലയാളത്തിൽ മാത്രം.
ദിവസങ്ങൾ കഴിഞ്ഞു, പതിനഞ്ച് ദിവസം ആബ്സന്റ് മാ‍ർക്ക് ചെയ്തശേഷം പതിനാറാം‌ദിനം അവൻ ഹാജർ പട്ടികയിൽ നിന്ന് ഔട്ടായി.
കുട്ടികളും ഞാനും അവനെ മറന്നു.

ഒരു മാസം കഴിഞ്ഞ, ഒരു ദിവസം,,
സ്ക്കൂൾവരാന്തയിൽ നിൽക്കുമ്പോൾ പത്താം ക്ലാസ്സിൽ നന്നായി പഠിക്കുന്ന പയ്യൻ എന്റെ സമീപം വന്നു.
നമ്മുടെ സ്ക്കൂൾ കൂടി ഉൾപ്പെടുന്ന പഞ്ചായത്ത് പ്രസിഡണ്ടിന്റെ മകനാണ്.
അവൻ ശബ്ദം താഴ്ത്തി എന്നെ വിളിച്ചു,
“ടീച്ചറെ ഒരു സംശയം ചോദിക്കാനാണ്”
“ബയോളജിയാണോ?”
“അതല്ല ടീച്ചറെ, ടീച്ചർ എട്ടാംക്ലാസ്സിലെ സജേഷിനെ കൊല്ലുമെന്ന് പറഞ്ഞിരുന്നോ?”
ഞാനൊന്ന് ഞെട്ടി!!!
“ഒരിക്കൽ പറഞ്ഞിരുന്നു; അവൻ ഒരു തരത്തിലും ക്ലാസിലിരിക്കുകയോ പഠിപ്പിക്കാൻ സമ്മതിക്കുകയോ ചെയ്തില്ല. അപ്പോൾ അവനെ ഭീഷണിപ്പെടുത്താനായി കൊല്ലുമെന്ന് പറഞ്ഞു. നിന്നോട് ഇക്കാര്യം അവൻ പറഞ്ഞതാണോ?”
“എന്നോട് പറഞ്ഞില്ല, സജേഷിന്റെ അച്ഛൻ എന്റെവീട്ടില് വൈറ്റ്‌വാഷിംഗിന് വന്നിരുന്നു. അപ്പോൾ എന്റെ അച്ഛനോട് പറയുന്നത് കേട്ടതാ”
ഞാനാകെ ഭയപ്പെട്ടു;
പഞ്ചായത്ത് പ്രസിഡണ്ടിനു സമീപം പരാതി എത്തിയതാണോ? ഞാൻ ചോദിച്ചു,
“അവർ എന്തൊക്കെയാ പറഞ്ഞത്?”
“അത് സജേഷിന്റെ അച്ഛൻ പറഞ്ഞു, ‘മോൻ സ്ക്കൂളിലൊന്നും പോകാതെ നടക്കുന്നുണ്ടെങ്കിലും ജോലി ചെയ്യാൻ കൂടെ വിളിച്ചാൽ വരുന്നില്ല’ എന്ന്. അപ്പോൾ എന്റെ അച്ഛൻ സജേഷിനെ പറ്റി ചോദിച്ചപ്പോൾ പറഞ്ഞതാ”
“സജേഷിന്റെ അച്ഛൻ പിന്നെ എന്തൊക്കെയാ പറഞ്ഞത്?”
എനിക്ക് അതാണല്ലൊ അറിയേണ്ടത്.
“അവന്റെ അച്ഛൻ പറഞ്ഞത്, ‘കുറേ ദിവസമായി അവൻ പഠിക്കാൻ പോകുന്നില്ല. ചോദിച്ചപ്പോൾ പറയാ, ക്ലാസ്സ്ടീച്ചറ് കൊല്ലുമെന്ന്, അപ്പോൾ ഞാൻ പറഞ്ഞു പണിക്ക് വരാൻ, എന്നിട്ട് അവൻ വരുന്നില്ല’,,,”
“അപ്പോൾ നിന്റെ അച്ഛൻ എന്താണ് പറഞ്ഞത്?”
“നാളെ സജേഷിനെയും കൂട്ടി പണിക്ക് വരാൻ പറഞ്ഞു”
ഓ, ആശ്വാസം; പിന്നെ ഞാനൊന്നും ചോദിച്ചില്ല.

                   നമ്മുടെ പഞ്ചായത്ത് പ്രസിഡണ്ടിനെ എനിക്ക് നന്നായി പരിചയമുള്ളതും ഇടയ്ക്കിടെ കാണുന്നതും സംസാരിക്കുന്നതുമാണ്. എന്നാൽ ഈ സംഭവത്തിനുശേഷം എത്രയോ തവണ സ്ക്കൂളിൽ വന്നിട്ടും സജേഷിന്റെ കാര്യത്തെപറ്റി അദ്ദേഹം എന്നോട് ചോദിച്ചിട്ടില്ല.
കാരണം അദ്ദേഹം ഒരു കാലത്ത് ഒരു ഹൈസ്ക്കൂൾ അദ്ധ്യാപകൻ ആയിരുന്നു.

പിൻ‌കുറിപ്പ്: 
 1. വിദ്യ ഇഷ്ടപ്പെടാത്ത വിദ്യയെ വെറുക്കുന്ന വിദ്യാർത്ഥികളെ പഠിപ്പിക്കുന്നത് വളരെ പ്രയാസമുള്ള ഒരു തൊഴിലാണ്. 
 2. ഞാൻ ചെയ്തതും പറഞ്ഞതും തെറ്റാണെന്ന് എനിക്കറിയാം; ഇവിടെ ഒരു ടീച്ചർ ശരിമാത്രം ചെയ്യുന്നവർ മാത്രമായി ജീവിക്കുന്നവരല്ലല്ലൊ. 
 3. സജേഷിനെ പിന്നീട് കാണാൻ കഴിഞ്ഞിട്ടില്ല; കാണാൻ ശ്രമിച്ചിട്ടില്ല എന്ന് പറയുന്നതാണ് കൂടുതൽ ശരി. 
 4. മറ്റുള്ളവരെ പോലെ അദ്ധ്യാപകർക്കും പലതരം പ്രയാസങ്ങൾ ഉണ്ടാവാം, എന്നാൽ അത് മറ്റുള്ളവർ അവഗണിക്കുന്നു. 
 5. എത്രയോ കുട്ടികളെ ശിക്ഷിക്കാതെ ഉപദേശിച്ച് നന്നാക്കിയെടുത്തിട്ടുണ്ട്; എന്നാൽ സജേഷിനെ പോലുള്ളവരെ നേരെയാക്കാനുള്ള കഴിവ്, എനിക്ക് ഇല്ല.

41 comments:

 1. വളരെ ആത്മാര്‍ത്ഥമായി എഴുതി. എന്റെ ചേച്ചിയും ഒരു ടീച്ചറാണ്.ഒരിയ്ക്കല്‍ പറഞ്ഞതോര്‍ക്കുന്നു. പഠനം ഉപേക്ഷിച്ച് ഗള്‍ഫില്‍ ജോലിയ്ക്കുപോയ ഒരു കുട്ടി അവധിയ്ക്കു വന്നപ്പോള്‍ പറഞ്ഞത്രേ. ടീച്ചറേ, ഇങ്ങള്‍ക്കൊരു മാസം കിട്ടണത് ഒരൂസം കൊണ്ട് നിയ്ക്കവിടെ കിട്ടണൊണ്ട്. ഇങ്ങളെന്തിനാ വെറുതെ തൊള്ള തുറക്ക്ണ്‍?

  ReplyDelete
 2. ഒരു ദിവസം ഒരു ടീച്ചർ പറയുന്ന കാര്യം മാത്രം കണക്കിലെടുത്ത്‌ അതും സജേഷിനെപോലെയുള്ള ഒരു കുട്ടി ക്ലാസിൽ വരാതിരിക്കില്ല. അത്‌ ഒരു കാരണമായി സജേഷ് കണ്ടുവെന്നാണ്‌ ഞാൻ കരുതുന്നത്‌.

  “കുന്ന് തീരെയില്ലെങ്കിലും കുന്നിന്റെ പേരിൽ അറിയപ്പെടുന്ന”

  “അകലെയുള്ള കുന്നുകളും റോഡും ”

  വർണ്ണിച്ചതിൽ പറ്റിയ പിഴവാണോ?

  ഒരു പക്ഷെ സജേഷിന്‌ താൽപര്യമുള്ള മറ്റു വിദ്യകൾ അവനെ പഠിക്കാൻ അനുവദിച്ചാൽ അവൻ കുറച്ചുകൂടി പഠനത്തിൽ ശ്രദ്ധിക്കും. പഠിച്ച്‌ ക്ലാസ്സിൽ തിളങ്ങുവാൻ സാധിക്കാത്തത്‌കൊണ്ടായിരിക്കും മറ്റു രീതിയിൽ പ്രശ്നമുണ്ടാക്കി ആളാവൻ ശ്രമിക്കുന്നത്‌.

  പഠിക്കാൻ വളരെ പിന്നോക്കം നിൽക്കുന്ന കുട്ടികളെ പഠനത്തോടൊപ്പം ഏതെങ്ങിലും ഒരു കൈതൊഴിൽ അഭ്യസ്സിക്കുന്ന പഠനരീതിയുണ്ടായാൽ വളരെ നന്നായിരിക്കുമെന്ന്‌ കരുതുന്നു.

  ReplyDelete
 3. വിദ്യ ഇഷ്ടപ്പെടാത്ത വിദ്യയെ വെറുക്കുന്ന വിദ്യാർത്ഥികളെ പഠിപ്പിക്കുന്നത് വളരെ പ്രയാസമുള്ള ഒരു തൊഴിലാണ്..കൂടാതെ
  കാക്കര പറഞ്ഞ അഭിപ്രായത്തോടും ഞാന്‍ അങ്ങേയറ്റം യോജിക്കുന്നു...
  പഠനത്തോട് തീരെ താത്പര്യമില്ലാത്ത കുറച്ചു പേരെ എനിക്കും അറിയാം..
  അവര്‍ക്കൊക്കെ മറ്റെന്തെങ്കിലുമൊക്കെ ചെയ്യാനാണ് ഇഷ്ടം..
  പക്ഷെ നമ്മുടെ നാട്ടില്‍ പഠിക്കാതെ ചുമ്മാ ഇരിക്കാനും പറ്റത്തില്ലല്ലോ..
  അതുകൊണ്ട് അവരില്‍ പലരും പത്തു കഴിഞ്ഞ് പോളി ടെക്കിനിക്കിനും മറ്റും പോയി..
  ഒരു തൊഴിലെങ്കിലും ആകുമല്ലോ..?

  ReplyDelete
 4. Nileenam-,
  എന്റെ കൂടെ പഠിച്ചവർ പലരും ഇതേ വാക്ക് പറയാറുണ്ട്, ഒരു മാസം കുട്ടുന്നത് ഒരു ദിവസം കിട്ടുമെന്ന്. ഒരു സിനിമയിലെ നായിക, ‘സീമ’ പറഞ്ഞതും ഓർത്തുപോയി. അഭിപ്രായത്തിനു നന്ദി.
  കുമാരൻ|kumaran-,
  അഭിപ്രായത്തിനു നന്ദി.
  കാക്കരkaakkara-,
  പറഞ്ഞത് 100% ശരിയാണ്. സ്ക്കൂളിൽ പോകാതിരിക്കാനുള്ള ഒരു കാരണം അവൻ പറഞ്ഞന്നെയുള്ളു.
  സ്ഥലപ്പേരിന്റെ കൂടെ ‘കുന്ന്’ കൂടിയുണ്ട്. സ്ക്കൂളിന്റെ കിഴക്ക് റെയിൽ‌പ്പാളം, പടിഞ്ഞാറ് തിരക്ക് പിടിച്ച റോഡ്, തെക്കും വടക്കും വയൽ (ഇപ്പോൾ വയലെല്ലാം നികത്തി). മഴക്കാലത്ത് ചുറ്റും വെള്ളം. കണ്ണൂർ ജില്ലയിലെ ഒരു ആൺപള്ളിക്കൂടം. പേരെടുത്തു പറയുന്നില്ല. അവിടെ നിന്നും വീടിനടുത്തുള്ള പുതിയ സ്ക്കൂളിൽ എത്തിയതാണ്.
  സജേഷിനെ നിയന്ത്രിക്കുന്നത് അവൻ താമസിക്കുന്ന കോളനിയിലെ മുതിർന്ന ചിലർ ആയിരിക്കും. അവരിൽ നിന്നും മോചനം അവൻ ആഗ്രഹിക്കുന്നില്ല. അഭിപ്രായത്തിനു നന്ദി.
  നിരാശകാമുകൻ-,
  അത്രക്ക് നിരാശപ്പെടാതെ ഒന്നു കൂടി പരിശ്രമിക്കു. പഠനം ഇഷ്ടപ്പെടാത്ത ചിലർക്ക് മറ്റു തൊഴിലുകളോടും താല്പര്യം കാണില്ല. അധ്വാനിക്കാതെ പണം നേടാനുള്ള വഴികൾ അവർ അന്വേഷിക്കുകയാവാം. അഭിപ്രായത്തിനു നന്ദി.

  ReplyDelete
 5. എന്റെ ക്ലാസ്സിലും ടീച്ചര്‍ പറഞ്ഞത് പോലുള്ള ധാരാളം കഥകള്‍ക്ക് ഞാന്‍ സാക്ഷി ആണ്....ഇത്രയും കടുപ്പമുള്ള ശല്ല്യം ഉണ്ടായിട്ടില്ല....

  ReplyDelete
 6. hehehehe...interesting...once u reach maldives u will realise sajesh was great.....all the best..

  ReplyDelete
 7. എന്റെ അമ്മയും ടീച്ചറായിരുന്നു. പണ്ട് അമ്മ പഠിപ്പിച്ചിരുന്ന കുട്ടികളിൽ പലരും ഈയിടെ വീട് തേടി പിടിച്ച് വന്ന് സമ്മാനങ്ങൾ കൊടുക്കുന്നത് കാണുമ്പോൾ സത്യത്തിൽ സന്തോഷം തോന്നാറുണ്ട്. മിക്കവരും ഗൾഫുകാരാണ് വരുന്നത്. കാരണം അമ്മ ഹിന്ദി ടീച്ചറായിരുന്നു. അവരുടെ ഭാഷയിൽ ടീച്ചർ അന്ന് എന്നെ അങ്ങിനെ നിർബന്ധിച്ച് പഠിപ്പിച്ചില്ലായിരുന്നെങ്കിൽ ഇന്ന് ഗതികിട്ടില്ലായിരുന്നു എന്ന വാക്കുകൾ സന്തോഷം പകരുന്നല്ലേ. വേറേ ഏത് ജോലിയിൽ കിട്ടും അത്തരം ഒരു സുഖം

  ReplyDelete
 8. 1. പുതിയ വിദ്യാഭ്യാസ നിയമം വന്ന സാഹചര്യത്തില്‍ ഈ വിദ്യാര്‍ത്ഥിയെ എങ്ങിനെ ക്ലാസ്സില്‍ സഹകരിപ്പിക്കുവാന്‍ കഴിയുമെന്ന് ടീച്ചര്‍ക്ക് പറഞ്ഞ് തരുവാന്‍ കഴിയുമോ?

  2. ആ അമ്മ പറഞ്ഞതിന് ശേഷവും സ്കൂളില്‍ വരാതിരുന്ന അവസരങ്ങളില്‍ അവന്‍ എവിടെ പോകുന്നുവെന്ന് സ്കൂളിലെ ഏതെങ്കിലും ടീച്ചര്‍/മാഷ് അന്വേഷിച്ചിരുന്നുവോ?

  3. അവന്റെ പ്രശ്നം എന്തെന്ന് അറിയുവാന്‍ ആരെങ്കിലും അവനോട് സംസാരിച്ചിരുന്നുവോ?

  “ദിവസങ്ങൾ കഴിഞ്ഞു, പതിനഞ്ച് ദിവസം ആബ്സന്റ് മാ‍ർക്ക് ചെയ്തശേഷം പതിനാറാം‌ദിനം അവൻ ഹാജർ പട്ടികയിൽ നിന്ന് ഔട്ടായി. കുട്ടികളും ഞാനും അവനെ മറന്നു.”

  പതിനാറാം ദിവസം ആകുവാന്‍ ആകാംശയോടെ കാത്തിരിക്കുന്ന ഒരു അദ്ധ്യാപികയാണോ ടീച്ചര്‍. അല്ല... എന്ന് ടീച്ച്രെ വായിക്കുന്നതില്‍ നിന്ന് മനസ്സിലാക്കാം... “ഞാനും അവനെ മറന്നു” എന്ന് ടീച്ചര്‍ പറയുവാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഒരു നേരിയ വേദനയായി അവന്‍ എന്നും ടീച്ചറുടെ മനസ്സിന്റെ കോണില്‍ ഉണ്ടായിരുന്നു. അത് കൊണ്ട് തന്നെയാണല്ലോ അവനെ കുറിച്ച് എഴുതുവാന്‍ ടീച്ചര്‍ സമയം കണ്ടെത്തിയതും :)

  ഇതിനെ ഒരു കേസ് സ്റ്റഡിയായി എടുത്ത് ഇത് പോലെ ഒരു സാഹചര്യം വന്നാല്‍ എങ്ങിനെ കൈ കാര്യം ചെയ്യാം എന്ന് കൂടി ഒരു കുറിപ്പുണ്ടായിരുന്നുവെങ്കില്‍ (പ്രത്യേകിച്ച് ഈ സംഭവം നടക്കുമ്പോള്‍ ഉണ്ടായിരുന്നതിലും കൂടുതല്‍ ടീച്ചിങ് എക്സ്പീരിയന്‍സ് മിനി ടീച്ചര്‍ക്ക് ഇപ്പോള്‍ ഉള്ളത് കൊണ്ട്) ബ്ലോഗിലെ ടീച്ചര്‍/മാഷ് വായനക്കാര്‍ ഉപകാരമാകുമെന്ന് തോന്നുന്നു.

  പഠിക്കണ്ട സമയത്ത് പഠിച്ചില്ല എന്നതില്‍ പലരും പിന്നീട് ദു:ഖിച്ച് കണ്ടിട്ടുണ്ട്. അന്ന് ആരെങ്കിലും നന്നായി ഉപദേശിച്ചിരുന്നുവെങ്കില്‍ എന്നും പറഞ്ഞ് കേട്ടിട്ടുണ്ട് (മറ്റുള്ളവരുടെ തലയില്‍ കുറ്റം ചാര്‍ത്തി രക്ഷപ്പെടുന്നവരും ഉണ്ട്) പക്ഷേ ഒരു തിരിച്ച് പോക്ക് അവര്‍ക്കാവില്ല. അതിനിട വരാതെ നോക്കുവാന്‍ ഒരു അദ്ധ്യാപകന്‍/പിക എന്ത് ചെയ്യണം?

  ReplyDelete
 9. "ഇതിനെ ഒരു കേസ് സ്റ്റഡിയായി എടുത്ത് ഇത് പോലെ ഒരു സാഹചര്യം വന്നാല്‍ എങ്ങിനെ കൈ കാര്യം ചെയ്യാം എന്ന് കൂടി ഒരു കുറിപ്പുണ്ടായിരുന്നുവെങ്കില്‍ (പ്രത്യേകിച്ച് ഈ സംഭവം നടക്കുമ്പോള്‍ ഉണ്ടായിരുന്നതിലും കൂടുതല്‍ ടീച്ചിങ് എക്സ്പീരിയന്‍സ് മിനി ടീച്ചര്‍ക്ക് ഇപ്പോള്‍ ഉള്ളത് കൊണ്ട്) ബ്ലോഗിലെ ടീച്ചര്‍/മാഷ് വായനക്കാര്‍ ഉപകാരമാകുമെന്ന് തോന്നുന്നു."

  വളരെ നല്ല ഒരഭിപ്രായം. ഇനിയാണെങ്കിലും മതി.

  ReplyDelete
 10. നിന്നെ ഞാൻ കൊല്ലും”
  അയ്യൊ, ഇനി കമന്റില്‍ കളിയാക്കി ഒന്നും എഴുതില്ല...
  (അപ്പഴെ വാല്‍വ് മാറ്റം കഴിഞിരുന്ന ആളാണല്ലെ ഇങനത്തെ സീനുണ്ടാക്കിയത്?)

  ReplyDelete
 11. മണുക്കൂസ്-,
  അഭിപ്രായത്തിനു നന്ദി.
  Satheesh Sahadevan-,
  Maldives ൽ എന്ത്‌പറ്റിയെന്ന് അറിയുന്നില്ല. എന്നാലും ഒരു കാര്യം അറിയാം. കേരളത്തിൽ നിന്നും വളരെ വ്യത്യസ്ഥമായിരിക്കും മറ്റു സ്ഥലങ്ങളിലെ വിദ്യാർത്ഥികൾ. പിന്നെ ടൌൺ ഏറിയയിൽ നിന്ന് അകലും‌തോറും അദ്ധ്യാപകരോടുള്ള ബഹുമാനം (വിദ്യാർത്ഥികൾക്കും നാട്ടുകാർക്കും) കൂടിയിരിക്കും എന്നറിയാം. അഭിപ്രായത്തിനു നന്ദി.
  Naushu-,
  അഭിപ്രായത്തിനു നന്ദി.
  Manoraj-,
  ഞാൻ എഴുതിയ അനുഭവം വളരെ അപൂർവ്വമായത് മാത്രമാണ്. ഇപ്പോൾ എവിടെ യാത്ര ചെയ്താലും ശിഷ്യന്മാർ കാണും. വർഷങ്ങൾ കഴിഞ്ഞാലും അവർ കാണിക്കുന്ന സ്നേഹം തന്നെയാണ് അദ്ധ്യാപകരുടെ സമ്പത്ത്. അഭിപ്രായത്തിനു നന്ദി.
  Manoj മനോജ് -,
  1, പുതിയ വിദ്യാഭ്യാസ രീതിയിൽ ഗ്രൂപ്പ് പ്രവർത്തനങ്ങളൊക്കെ ഉള്ളതിനാൽ അവൻ മറ്റുള്ളവരുമായി സഹകരിച്ച് ക്ലാസ്സിലിരുത്താൻ കഴിയും. അക്കാലത്ത് തന്നെ മലയാളം ശരിക്ക് അറിയാത്തവരുടെ (?) കണക്കെടുത്ത് അവർക്ക് വൈകുന്നേരം ക്ല്ലാസ്സ് എടുത്തിരുന്നു. എന്നാൽ അവർ ക്ല്ലാസിലിരിക്കാതെ ഓടിക്കളയാറാണ് പതിവ്.
  2, സജേഷ് പോകുന്നത് എവിടെയാണെന്ന് എനിക്ക് നന്നായി അറിയാം. പുറത്താവുന്നതിനു മുൻപ്തന്നെ ഒരു അദ്ധ്യയന ദിവസം ഉച്ചയ്ക്ക് കണ്ണൂരിൽ വെച്ച് ഒരു മഴദിവസം ഞാൻ സജേഷിനെ കണ്ടിരുന്നു, ‘മുഷിഞ്ഞ് നനഞ്ഞ ലുങ്കിയും കുപ്പായവുമായി തെരുവ് കുട്ടികളുടെ കൂടെ പുകവലിച്ച്കൊണ്ട് റെയിൽപാളത്തിനു സമീപത്തുകൂടി നടക്കുന്ന അവന്റെ കൂടെ എന്റെ മറ്റൊരു ശിഷ്യനും ഉണ്ട്’. എന്നെ കണ്ടെങ്കിലും പരിചയം കാണിച്ചില്ല. കൈയോടെ പിടിച്ച് കൊണ്ടുവരാൻ എന്റെ പരിമിതികൾ സമ്മതിച്ചില്ല. ഇക്കാര്യം അവന്റെ അമ്മയോട് പറഞ്ഞെങ്കിലും ഞാൻ കളവ് പറഞ്ഞെന്ന് പറഞ്ഞ് എന്നെ കുറ്റപ്പെടുത്തി. ഇക്കാര്യം ബ്ലോഗിൽ ചേക്കാത്തതാണ്.
  3, അവന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ അദ്ധ്യാപകരെല്ലാം പരമാവധി ശ്രമിച്ചതാണ്. എന്നാൽ നന്നാക്കാൻ ശമിച്ചതിന്റെ പിറ്റേദിവസം അവൻ ക്ലാസ്സിൽ വരില്ല.
  പഠനം അനാവശ്യമായി കാണുന്ന വിദ്യാർത്ഥികളെ അതിനോട് താല്പര്യം ഉണ്ടാക്കാൻ വിഷമമാണ്.
  അടുത്തുള്ള സ്ക്കൂളിൽ ഞാൻ പഠിപ്പിക്കുമ്പോൾ മിക്കവാറും വിദ്യാർത്ഥികളുടെ വീട്ടിൽ ഞാൻ പോയിട്ടുണ്ട്. അത്കൊണ്ട് തന്നെ കുട്ടികളുമായും രക്ഷിതാക്കളുമായും നല്ല ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞിട്ടുണ്ട്.
  സജേഷിനെ പോലുള്ളവനെ സ്ക്കൂളിലെ കലാ കായികപ്രവർത്തനങ്ങളിൽ സഹകരിപ്പിച്ചാൽ സ്ക്കൂളിനോട് താല്പര്യം ഉണ്ടാക്കാം.
  ഞാൻ പറയുന്നതുപോലുള്ള സംഭവം ഇക്കാലത്ത് ഉണ്ടാവുകയില്ല. അന്ന് അദ്ധ്യാപക വിദ്യാർത്ഥി രക്ഷിതാവ് ബന്ധം കുറഞ്ഞ കാലമായിരുന്നു. ഇന്ന് കുട്ടികളെ ശ്രദ്ധിക്കുന്ന രക്ഷിതാക്കളാണ് എല്ലായിടത്തും.
  ഒരു അദ്ധ്യാപിക എന്ന നിലയിൽ ഞാൻ ചെയ്യേണ്ട കടമ ‘എന്നാൽ കഴിയുന്ന തരത്തിൽ’ ചെയ്തിട്ടുണ്ട് എന്ന് എനിക്ക് വിശ്വാസം ഉണ്ട്. അഭിപ്രായത്തിനു നന്ദി.
  ഇൻഡ്യാഹെറിറ്റേജ്Indiaheritege-,
  എഴുതിയിട്ടുണ്ട്.
  അഭിപ്രായത്തിനു നന്ദി.
  poor-me/പാവം-ഞാൻ -,
  കളിയാക്കിയാലും കുഴപ്പമില്ല. പിന്നെ ഈ വാൽ‌വ് ഇപ്പോഴും ഉണ്ട്, കേട്ടോ, അഭിപ്രായത്തിനു നന്ദി.

  ReplyDelete
 12. എന്റെ കുട്ടിക്കാലത്തും ഇത്തരം ധാരാളം പേർ സ്കൂളിൽ ഉണ്ടായിരുന്നു.അവരൊക്കെ മൂവാണ്ടന്മാരായും നാലാണ്ടന്മാരായും പത്തു പതിനെട്ടു വയസ്സു വരെ പഠിക്കും, എന്നിട്ടു നിർത്തും.

  ഇന്ന് കുട്ടികൾ വളരെ മെച്ചപ്പെട്ടിട്ടുണ്ട്. കുട്ടികൾക്ക് കൂടുതൽ ശ്രദ്ധയും കിട്ടുന്നുണ്ട്.പരീക്ഷപാസാകൽ വളരെ ലളിതം. പഠനസാഹചര്യങ്ങളും മെച്ചപ്പെട്ടു.

  നല്ല അനുഭവവിവരണം.

  ReplyDelete
 13. ഒരു കേരള "ടോട്ടോച്ചാന്‍", with a different ending :-(

  ReplyDelete
 14. സജേഷ് ഇപ്പോ മിടുക്കനായി കാണും, പഠനത്തിലെ മിടുക്ക് അല്ലല്ല്ല്ലോ ജീവിതത്തിന്റെ മിടുക്ക്
  (കസാലയിൽ എന്നത് കസേരയില്‍ എന്നല്ലെ വേണ്ടത്)

  ReplyDelete
 15. വളരെ സത്യ സന്ധമായ കുറിപ്പ്,.
  എനിക്കിഷ്ടമായി..,
  എങ്ങനെയാണു സജേഷിനു അങ്ങനെയൊക്കെ പെരുമാറാൻ തോന്നുന്നത്..,ഒരു പക്ഷേ അത്തരമൊരു കുടുമ്പ സാഹചര്യത്തിൽ വളർന്ന് വന്നത് കൊണ്ടാകാം..
  എന്റെ മനസ്സിൽ ഇപ്പോഴും നീറ്റലായിക്കിടക്കുന്നത് എനിക്ക് വിദ്യയും സ്നേഹവും പകർന്ന് നൽകിയ അദ്ധ്യാപകരെ പിരിയേണ്ടി വന്നല്ലോ എന്നത് മാത്രമാണു..,
  സമയം കിട്ടുമ്പോൾ ഇത് വഴി വരൂ..
  ഒരു പൊതിച്ചോറിന്റെ സ്മരണയിൽ
  ഓർമ്മകളെ താലോലിച്ച്..

  ReplyDelete
 16. മിനി ടീച്ചര്‍ ...ഇത്തരം അനുഭവങ്ങള്‍ എനിക്കും ഉണ്ടായിട്ടുണ്ട് ...എനിക്ക് പലപ്പോഴും നിരാശയും തോന്നിയിട്ടുണ്ട് ...സ്കൂളില്‍ ആദ്യമായി ചാര്‍ജ് എടുത്ത എന്നെ കാണാന്‍ ഒരു പാട് കുട്ടികള്‍ സ്റ്റാഫ്‌ റൂമില്‍ വന്നു ..പഴയ ടീചെര്സ്‌ പലരെയും ആട്ടിവിട്ടു ...അങ്ങിനെ ഭക്ഷണം കഴിച്ചു കൈ കെഴുകാന്‍ പുറത്തിറങ്ങിയപ്പോള്‍ +2 വിലെ ചില വില്ലന്മാര്‍ മനപ്പുര്‍വ്വം വന്നു മുട്ടി തഴുകി പോയി ..പോകുന്ന പോക്കില്‍ ഒരു കമന്റു "നല്ല ബെസ്റ്റ് ചരക്കാ"...എനിക്ക് ആകെ കരയണോ അടികണോ എന്നറിയാതെ പോയി ...നന്നായി തുറിപ്പിച്ചു നോക്കി ഞാന്‍ എന്റെ അമര്‍ഷം അറിയിച്ചു ...സ്റ്റാഫ്‌ റൂമില്‍ ചെന്ന് പറഞ്ഞപ്പോള്‍ തല മുത്ത ടീച്ചര്‍ മാര്‍ പറഞ്ഞത് അതിലേറെ ഞെട്ടിച്ചു " ടീച്ചര്‍ കുറച്ചു ശ്രദ്ധിച്ചും മറ്റും ഒക്കെ നടക്കുക .കലികാലം ആണ് ".എന്ന് ...ആരോട് പറയാന്‍ ...ഇതിലെ കുട്ടയുമായി ആദ്യം തന്നെ ഒരു പേര്‍സണല്‍ ബന്ധം ഉണ്ടാക്കാന്‍ ശ്രമിച്ചിരുനെങ്കില്‍ ഒരു പക്ഷെ വര്‍ക്ക്‌ ഔട്ട്‌ ആയിരുന്നു ...ഇത്തരം കുട്ടികളെ അറിഞ്ഞാല്‍ ഉടനെ അവരുമായി ഒരു സ്നേഹ ബന്ധം സ്ഥാപിക്കുക ...അവരുടെ വിട്ടില്‍ ഒന്ന് പോയി നോക്കുക ..അവര്‍ക്ക് വല്ല ഉത്തരവാദിത്വങ്ങള്‍ ക്ലാസ്സില്‍ കൊടുക്കുക ...അങ്ങിനെ അങ്ങിനെ ...ക്ലാസ്സില്‍ ശ്രദിക്കപെടാന്‍ വേണ്ടി കാട്ടി കുട്ടുന്ന ഈ കുട്ടി കളുടെ ആ psychological need മറ്റൊരു തരത്തില്‍ ഫുള്‍ ഫില്‍ ചെയ്യുക ...ഒരു പക്ഷെ വര്‍ക്ക്‌ ഔട്ട്‌ ആവും ...എനിക്ക് ഇത് സഹായം ആയിട്ടുണ്ട്‌ ..പിന്നെ എല്ലാ കുട്ടികളും ഒരു പോലല്ലോ ...നന്നായി എഴുതി മിനി ടീച്ചര്‍ ...എവിടെ വന്നാല്‍ മറ്റൊരു കുട്ട്യേ കാണാം ...
  http://aadhillasdiary.blogspot.com/2010/06/blog-post.html

  ReplyDelete
 17. മിനി ടീച്ചറുടെയും ആദില ടീച്ചറുടെയും അനുഭവ വിവരണങ്ങള്‍ വായിച്ചു.സമാനമായ ഒരനുഭവം ഞാനും എഴുതിയിരുന്നു മാത് സ് ബ്ലോഗില്‍. ഇപ്പോള്‍ തപ്പി നോക്കിയിട്ട് അത് എനിടെ യാണെന്ന് കാണുന്നില്ല.
  അതിങ്ങനെയായിരുന്നു
  ഞാന്‍ പന്ത്രണ്ടു വര്‍ഷം സ്ക്കൂളില്‍ ജോലി ചെയ്തതിനു ശേഷമാണ് ബി.എഡിനു പോയത്. നഗരത്തില്‍ നിന്ന് കുറച്ചകലെ ഒരു സ്ക്കൂളില്‍ ആയിരുന്നു ടീച്ചിംഗ് പ്രാക്ടീസ്. എനിക്ക് ഒരു ഡിവിഷന്‍ അനുവദിച്ചു തന്നപ്പോള്‍ ചെറുപ്പക്കാരായ അവിടുത്തെ അധ്യാപകര്‍ ആ ക്ളാസില്‍ പോകേണ്ട, വേറൊരു ക്ളാസ് എടുത്തോളൂ എന്നു പറഞ്ഞു. കാരണം ആ ക്ളാസില്‍ ഒരു ഭയങ്കരന്‍ ഉണ്ട്.അവന്‍ ക്ളാസെടുക്കാന്‍ സ്വൈര്യം തരില്ല. അവനെ ശിക്ഷിക്കാനോ പുറത്താക്കാനോ പററില്ല. ആ ക്ളാസ് വേണ്ട എന്നെനിക്കും തോന്നി. എന്നാല്‍ ക്ളാസുകള്‍ അനുവദിച്ചു തന്ന സീനിയര്‍ അസിസ്ററന്‍റ് ആയിരുന്നു അവിടെ മലയാളം എടുത്തിരുന്നത്. അദ്ദേഹത്തിന് ഒരു മാസം ക്ളാസില്‍ പോകേണ്ട എന്നുള്ളതിനാല്‍ ഒരു മാറ്റത്തിനും അദ്ദേഹം അനുവദിച്ചില്ല.

  ഞാന്‍ ക്ളാസില്‍ ചെന്നു. എല്ലാവരേയും പരിചയപ്പെട്ടു. ഒ.എന്‍.വി യടെ ആവണിപ്പാടം ഈണത്തില്‍ ചൊല്ലിത്തുടങ്ങി.ആ ചൊല്ലലിനിടയില്‍ ചില ഞരക്കങ്ങളും ഓരിയിടലും. ഞാന്‍ ഇടങ്കണ്ണിട്ട് അവനെ നോക്കി. അതേ, അവന്‍ തന്നേ. അലസമായി പ്പറക്കുന്ന മുടി. കറുത്തു നീണ്ട ഒരു അരോഗ ദൃഢഗാത്രന്‍. അവനെ ശ്രദ്ധിക്കാതെ വീണ്ടും കവിതയിലേക്ക്. ഇത്തവണ ചില കമന്‍റുകളാണ് പുറകില്‍ നിന്നും വരുന്നത്. ഞാന്‍ ച്രിച്ചു കൊണ്ട് അവന്നരിലെത്തി. പതുക്കെച്ചോദിച്ചു. ഢാന്‍ ചൊല്ലിയത് ഇഷ്ടപ്പെട്ടില്ലേ അവന്‍ ഒന്നും മിണ്ടിയില്ല.
  ക്ളാസ് തുടര്‍ന്നു. ഇടയ്ക്ക് അവന്‍റെ ചിരിയും ഒച്ചവെക്കലുമെല്ലാം കേള്‍ക്കുന്നുണ്ട്. ക്ളാസ് കഴിഞ്ഞു. തിരിച്ചു സ്ററാഫ് റൂമില്‍ ചെന്നപ്പോള്‍ എല്ലാവര്‍ക്കുമറിയേണ്ടത് അവനെന്തെല്ലാം വിക്രിയകളാണ് ഒപ്പിച്ചതെന്നാണ്. ഞാന്‍ ഒരു കള്ളം പറഞ്ഞു. അവന്‍ ഒന്നും ചെയ്യാതെ ക്ലാസില്‍ ശ്രദ്ധിച്ചിരിക്കുകയായിരുന്നു.പിറ്റെ ദിവസം ഇന്‍റര്‍വെല്ലിനു പുറത്തേക്കു പോകുന്ന അവനെക്കണ്ടു ഞാന്‍ പുറകെ ചെന്നു.അവന്‍റെ തോളില്‍ കൈവെച്ചു ഞാന്‍ പറഞ്ഞു. എനിക്കു കഥകളിയുടെയും തുള്ളലിന്‍റെയും രണ്ടു ചിത്രങ്ങള്‍ വേണ്ടിയിരുന്നു. ഒന്നു സംഘടിപ്പിച്ചു തരുവാന്‍ പററുമോ. മുഖവുര കൂടാതെയുള്ള ഈ അഭ്യര്‍ത്ഥന കേട്ട് ആദ്യം അവന്‍ അമ്പരന്നു. എന്‍റെ കയ്യിലില്ലാ സാര്‍,ഞാനൊന്നു നോക്കട്ടെ. പിന്നെ സുരേഷേ, നീ ഇന്നലെ ക്ളാസില്‍ ഒച്ചയുണ്ടാക്കിയപ്പോള്‍ എനിക്കു വിഷമമായി. എനിക്കു ദേഷ്യമൊന്നുമില്ല കേട്ടോ. ഞാന്‍ ട്രെയിനിംഗിനു വന്നതാണ്.ഒരു മാസമേ ഇവിടെ കാണൂ. പിറ്റെ ദിവസം കാലത്ത് സ്ക്കൂളിലെത്തി. സ്ററാഫ് റൂമിന്‍റെ വാതില്‍ക്കലൂടെ സുരേഷ് മിന്നി മറയുന്നു. അടുത്ത് ചെന്നപ്പോള്‍ അവന്‍ ഒരു പോസ്ററര്‍ എനിക്കു നീട്ടി. നിവര്‍ത്തി നോക്കിയപ്പോള്‍ കഥകളിയുടെയും തുള്ളലിന്‍റെയും മററു കേരളീയ കലകളുടെയും ചിത്രങ്ങള്‍ . ഇതെവിടുന്നു കിട്ടി. ഞാന്‍ ഇന്നലെ വൈകുന്നേരം ടൌണില്‍ പോയി വാങ്ങിയതാണ്. ദിവസങ്ങള്‍ നീങ്ങിക്കൊണ്ടിരുന്നു.ഞാനും സുരേഷും സുഹൃത്തുക്കളായി. അവനില്‍ നിന്നും അവന്‍റെ കൂട്ടുകാരില്‍ നിന്നും കുറെയധികം കാര്യങ്ങള്‍ മനസ്സിലാക്കി. അവന്‌റെ അച്ഛന്‍ കടലില്‍ പോകുന്നയാളാണ്. മുഴു മദ്യപാനിയും. അമ്മ മരിച്ചു പോയി. അച്ഛന്‍ വേറെ കല്യാണം കഴിച്ചു. ആ സ്തീക്ക് അവനോട് ഒട്ടും സ്നേഹമില്ല. അവനും രാത്രി കടലില്‍ പോകാറുണ്ട്.പഠിക്കണമെന്നുണ്ട്. പഠിക്കാന്‍ കഴിയുന്നില്ല.ഒരു ദിവസം ഞാന്‍ സുരേഷിനോടു പറഞ്ഞു. ഞാന്‍ നാളേയും കൂടിയേ ഈ സ്ക്കൂളിലുണ്ടാവൂ. അവന്‍റെ മുഖം വാടുന്നത് കണ്ടു. പിറ്റേന്ന് അവന്‍ ക്ളാസില്‍ വന്നില്ല. വൈകുന്നേരം സ്ക്കൂള്‍ വിട്ടു പുറത്തു വരുമ്പോള്‍ സുരേഷ് ഗെയിററില്‍ നില്‍ക്കുന്നു. അവന്‍ ബസ് സ്ററോപ്പു വരെ എന്‍റെ കൂടെ നടന്നു. ബസ്സില്‍ കയറാന്‍ നേരം ഒരു പൊതി എനിക്കു തന്നു. എന്താണിത് അവന്‍ പറഞ്ഞു. മീനാണ്, സാറിനും മക്കള്‍ക്കും എന്‍റെ വക. ഢാന്‍ തിരിഞ്ഞു നോക്കുമ്പോഴേക്കും അവന്‍ സൈക്കിളില്‍ കയറി സ്ഥലം വിട്ടിരുന്നു.

  ReplyDelete
 18. മിനി ടീച്ചര്‍..
  നന്നായി പഠിക്കുന്ന കുട്ടികള്‍ക്ക് ടീച്ചറെ ആവശ്യമില്ല.അവര്‍ അല്ലെങ്കിലും നന്നായിക്കോളും.
  സാമ്പത്തികസൌകര്യമുള്ള വീട്ടിലെ കുട്ടികള്‍ക്കും സമാന്തരമായി ഏര്‍പ്പാടാക്കി പഠിക്കാം.
  സ്വതവേ സൌമ്യരും ശാന്തമായ കുടുംപാന്തരീക്ഷത്ത്തില്‍ നിന്ന് വരുന്നവരും ആയ കുട്ടികള്‍ക്കും പ്രശ്നമില്ല.അവര്‍ ജയിച്ചോളും.
  എന്നാല്‍ നിര്‍ധനരും അസംതൃപ്തരും കലുഷമായ കുടുംപങ്ങളില്‍നിന്നു വരുന്നവരുമായ കുട്ടികള്‍ക്കാണ് വെല്ലുവിളി.അവരാണ് സത്യത്തില്‍
  നല്ല അധ്യാപകരെ ആവശ്യപ്പെടുന്നത്.അവരുടെ അകക്കണ്ണ് തുറപ്പിക്കാനാണ് അധ്യാപകര്‍ ശ്രമിക്കേണ്ടത്.കുട്ടികള്‍ പലപ്പോഴും ഞെട്ടിപ്പിക്കുന്ന വിധത്തില്‍ പെരുമാറി യെക്കാം. അതിനെ ആവുന്നതും സമചിത്തതയോടെ നേരിടാനുള്ള വിവേകമല്ലേ ഒരു ടീച്ചര്‍ക്ക് വേണ്ടത്?
  സജേഷിന്റെ ഭൌതികസാഹച ര്യം അറിഞ്ഞപ്പോള്‍ അത് സൌമനസ്യത്തോടെ കൈകാര്യം ചെയ്യേന്ടതായിരുന്നില്ലേ?ക്ഷമ ഏറെ ആവശ്യമുള്ള ഒന്നാണ് വിദ്യാഭ്യാസ മേഖല കുട്ടി തെറ്റ് ചെയ്‌താല്‍ ശാസിക്കാം,തല്ലാം,എന്നാല്‍ അതിനുള്ളില്‍ സ്നേഹവും കരുണയും തിരിച്ചരിയാനാകണം ആ കുട്ടിക്ക്.അത് തിരിച്ചരിഞ്ഞാലാകട്ടെ,..കുട്ടി എത്ര പ്രകോപനം വന്നാലും അതിനെ മറികടന്നു നന്നാവും
  .നാം വിചാരിക്കുന്നത് ടീച്ചര്മാര്‍ക്കെ പ്രശ്നമുള്ളൂ എന്നാണു.
  ... ഒരു കുട്ടി [പ്രത്യേകിച്ചു സ്കൂള്‍ ക്ലാസില്‍]എത്ര ധര്മസങ്കടങ്ങളിലൂടെ കടന്നുപോകുന്നു എന്നരിഞ്ഞിട്ടുന്ടോ?..
  ഇഷ്ടമില്ലാത്ത വിഷയം,വേണ്ടവിധം വിഷയമറി യാത്ത്ത അദ്ധ്യാപകന്‍,വിശ്രമമില്ലാത്ത പഠനം.,വീട്ടുകാരുടെ വിനോദങ്ങളില്‍നിന്നുള്ള ഒഴിചുനിര്ത്തല്‍,യാത്രകളില്‍നിന്നുള്ള മാറ്റി നിര്ത്തല്‍,നിര്ധനരാനെങ്കില്‍ അന്തമില്ലാത്ത ദിവാസ്വപ്നങ്ങള്‍ തേടിയുള്ള യാത്രകള്‍...ഇങ്ങനെ കുട്ടികള്‍ കീരാമുട്ടികല്‍ക്കിടയില്‍ ആണ്.
  തീര്‍ച്ചയായും അധ്യാപകരും പ്രശ്നങ്ങളിലാവാം.എന്നാല്‍ അത് കാരണം ദേഷ്യമോ വെറുപ്പോ ശല്ല്യമെന്ന തോന്നലോ കുട്ടികളോട് തോന്നിയാല്‍ അവിടെ അവര്‍ ഒന്നുകൂടി പരാജയപ്പെടുകയല്ലേ?
  അവസാനബെഞ്ചു കാരനെ ജയിപ്പിക്കല് ‍ ആയിരിക്കണം ഒരധ്യാപകന്റെ ലക്‌ഷ്യം.സജേഷിന്റെ മാത്രം കുറ്റമല്ല ടീച്ച്ചരുടെ ക്ലാസിലെ പെരുമാറ്റം.
  വീട്ടിലെ അവസ്ഥയുടെ ഒരു ബഹിര്‍ഗമനം ആണത്.അത് മനസ്സിലാക്കെന്ടതല്ലേ എന്ന് വിനയപൂര്‍വ്വം ചോദിക്കട്ടെ...

  ReplyDelete
 19. This comment has been removed by the author.

  ReplyDelete
 20. jayanEvoor-, ശിവ/kumar-, കൂതറHashim-, Aadhila-,
  Janardhanan c m-, vasanthalathika-, വിശദമായി അടുത്ത കമന്റിൽ എഴുതാം. അഭിപ്രായത്തിനു നന്ദി. ഈ പോസ്റ്റുകളിൽ

  1, http://mini-minilokam.blogspot.com/2009/08/29.html
  2, 1, http://mini-minilokam.blogspot.com/2009/06/24-dogs.html
  Aadhila, vasanthalathika, എന്നിവരുടെ സംശയം മാറും.

  ReplyDelete
 21. jayanEvoor-,
  താങ്കളുടെ കമന്റ് വായിച്ചപ്പോൾ എന്റെ അദ്ധ്യാപനത്തിന്റെ ആദ്യകാലം(1981) ഓർത്തുപോയി. ഡിഗ്രി കഴിഞ്ഞ ഉടനെ ജോലിയിൽ പ്രവേശിച്ച എന്റെ ഒരു സഹപ്രവർത്തകയെ {അക്കാലത്ത് ‘സംവരണ അദ്ധ്യാപകരുടെ’ കുറവ് ഉണ്ടായിരുന്നതിനാൽ B.Ed ഇല്ലാതെ ജോലി ലഭിച്ചതാണ്} അപമാനിച്ച പത്താം ക്ലാസ്സിലെ ‘മുതിർന്ന ഇരട്ടകളെ’ ഭീഷണിപ്പെടുത്തി പറഞ്ഞയച്ച ശേഷം നമ്മുടെ സീനിയർ പറഞ്ഞു, “ആ പിള്ളേർക്ക് ടീച്ചറെക്കാൾ പ്രായമുണ്ട്, ടീച്ചർക്ക് 21 വയസ്, അവർക്ക് 22 വയസ്”. ഇന്ന് രക്ഷിതാക്കളുടെ സമീപനവും വീട്ടിലെ സാഹചര്യങ്ങളും വളരെ മാറിയതിനാൽ സജേഷിനെ പോലുള്ള ഒരുത്തനെ കാണുക പ്രയാസമാണ്. … അഭിപ്രായത്തിനു നന്ദി.
  siva/കുമാർ-,
  ഈ "ടോട്ടോച്ചാൻ" വികടബുദ്ധിയാ. അഭിപ്രായത്തിനു നന്ദി.
  കൂതറHashim-,
  ജീവിതത്തിൽ സജേഷ് വിജയിക്കും. എന്നാൽ അതേ പുനരധിവാസ കോളനിയിൽ താമസിക്കുന്ന ഒരു പെൺ‌കുട്ടി എസ്.എസ്.എൽ.സി പരീക്ഷയിൽ നമ്മുടെ സ്ക്കൂളിൽ ഒന്നാമതായി. സാമ്പത്തികമായി ധാരാളം സഹായങ്ങൾ ലഭിച്ച് ഉന്നതപഠനം നടത്തി. എങ്കിലും കൂലിവേല ചെയ്തു ജീവിക്കുന്ന ആ കുട്ടിയുടെ ദയനീയ ദൃശ്യം ഞാൻ കണ്ടു. അതാണ് സാഹചര്യം. അഭിപ്രായത്തിനു നന്ദി.
  കമ്പർ-,
  അവൻ ജീവിച്ച സാഹചര്യത്തിൽ അദ്ധ്യാപകർ അവർക്ക് ആരുമല്ല. അക്കാലത്ത് പി.ടി.എ മീറ്റിംഗിനു വന്ന പുരുഷ രക്ഷിതാക്കളുടെ ഭാഗത്തുനിന്നും രൂക്ഷഗന്ധം ഉണ്ടാവും (മദ്യം). പിന്നെ പുകവലിക്കുന്നവരോട് പുറത്തുപോകാൻ ഇടയ്ക്കിടെ പറയേണ്ടിയും വരും. അത്തരം മുതിർന്ന ആളുകളെ മാത്രം പരിചയപ്പെട്ട സജേഷ് അദ്ധ്യാപകരോട് ഒരിക്കലും ബഹുമാനം കാണിക്കുകയില്ല.
  ആറു വർഷം മുൻപ് എട്ടാം ക്ലാസ്സിൽ പഠനം നിർത്തിയ ഒരു പയ്യൻ ഇന്നലെ എന്റെ വീട്ടിൽ വന്നു. കോളിംഗ് ബെൽ കേട്ട് വാതിൽ തുറന്ന എന്റെ ഭർത്താവിനോട് അവൻ പറഞ്ഞു, “എന്റെ ടീച്ചർ ഇവിടെയുണ്ട്, ഞാൻ ടീച്ചറെ ഒന്ന് കാണാൻ വന്നതാ” തുടർന്ന് അവനും ഞാനും അര മണിക്കൂർ സംസാരിച്ചു. ചെറുപ്പത്തിലെ അവന്റെ അമ്മ മരിച്ചതാണ്. സഹോദരിമാർ വിവാഹിതരായപ്പോൾ വീട്ടിൽ അച്ഛനും മകനും മാത്രം. കൂലിവേല ചെയ്ത് ജീവിക്കുന്ന അവനിപ്പോൾ നല്ലൊരു തുക ബാങ്ക് ബാലൻസിന്റെ ഉടമയാണ്. അവന്റെ ഭാവിജീവിതത്തിന്റെ പ്ലാൻ വിവരിച്ചപ്പോൾ അതും എന്റെ ശിഷ്യനാണല്ലൊ എന്ന് ഓർത്തുപോയി. അഭിപ്രായത്തിനു നന്ദി.
  Aadhila-,
  ഇത് എന്റെ ആദ്യകാല അനുഭവം മാത്രമാണ്. ഈ ബ്ലോഗിൽ ‘വിദ്യാലയ വിശേഷങ്ങൾ’ എന്ന പേരിൽ പോസ്റ്റ് ചെയ്തതെല്ലാം കുട്ടികളുമായി ചേർന്ന അനുഭവങ്ങളാണ്. സജേഷ് താമസിക്കുന്ന വെറും ഓലകൊണ്ട് മറച്ച ചുമരുകളില്ലാത്ത കോളനിയിലെ വീടുകളിൽ ശിഷ്യന്മാരെ തിരക്കി എത്രയോ തവണ പോയിട്ടുണ്ട്. നാട്ടിൽ മോഷണം നടന്നാൽ കള്ളനെ അന്വേഷിച്ച് പോലീസുകാർ ആദ്യം വരുന്ന ചില കൊളനികളിൽ ഒന്നാണിത്. മുതിർന്ന ചിലരാണ് അവിടെയുള്ള കുട്ടികളെ നിയന്ത്രിക്കുന്നതും വഴി തെറ്റിക്കുന്നതും. സ്ലം ഡോഗ് മില്ല്യനിയർ സിനിമയിൽ കാണുന്ന രംഗം.
  ആദിലയുടെ പോസ്റ്റ് വായിച്ചു. അനുഭവം പങ്ക് വെച്ചതിനു നന്ദി. അതുപോലുള്ള ഒരു സംഭവം link മുൻ‌കമന്റിൽ ഉണ്ട്.

  ReplyDelete
 22. Janardhanan c m -,
  Maths Blog ൽ താങ്കൾ എഴുതിയത് ഞാൻ വായിച്ചിരുന്നു. കുട്ടികൾ പാവങ്ങളാണ്; ‘അവർ മാതൃകയാക്കുന്ന, അവരെ വഴിതെറ്റിക്കുന്ന’ മുതിർന്നവരെ മാത്രം പരിചയമുള്ള വിദ്യാർത്ഥികൾ, അദ്ധ്യാപകർ പറയുന്നത് അവഗണിക്കുന്നു. പുറം‌പോക്കിൽ അലഞ്ഞു നടക്കുന്നവരെ താമസിപ്പിച്ച പുനരധിവാസ കോളനികളിലുള്ള സജേഷിനെ പോലെയുള്ളവരെ മര്യാദക്കാരാക്കാൻ അന്നത്തെ മന:പാഠം പഠിച്ചെഴുതുന്ന വിദ്യാഭ്യാസ രീതിക്ക് കഴിയുകയില്ല. ഇന്നത്തെ രീതിയിൽ അവനെ നന്നാക്കിയെടുക്കാൻ കഴിയും. അഭിപ്രായത്തിനു നന്ദി.
  vasanthalathika-,
  വിദ്യാലയ അനുഭവങ്ങൾ ധാരാളം എഴുതുന്ന കൂട്ടത്തിൽ ഇതും എഴുതേണ്ടത്, ആവശ്യമാണെന്ന് എനിക്ക് തോന്നി. ഞാൻ ആ സ്ക്കൂളിൽ ചേർന്ന കാലത്ത് വെറും 22% SSLC വിജയം മാത്രമായിരുന്നു. ഇപ്പോൾ 8 വർഷത്തോളമായി 100% വിജയം നിലനിർത്തുന്ന മെച്ചപ്പെട്ട സർക്കാർ വിദ്യാലയമാണ്. റിസൽട്ട് വർദ്ധിച്ചത് എന്റെ മാത്രം കഴിവല്ല. കുട്ടികൾ മാറി, രക്ഷിതാക്കളുടെ സ്വഭാവം മാറി, അദ്ധ്യാപകരുടെ രീതിയും മാറി. സംഭവം നടന്നത് ഇപ്പോഴല്ല; പഠനം ഒരു അനാവശ്യമാണെന്ന് കുട്ടികൾക്കും രക്ഷിതാക്കൾക്കും തോന്നുന്ന കാലത്താണ്. പിന്നെ എനിക്ക് ദേഷ്യം വന്നത് വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടായതു കൊണ്ടല്ല; ആ ക്ലാസ്സ് എല്ലാവരും കാണുന്ന സ്റ്റേജിലാണ്(സ്ക്കൂൾ ഓഫീസിനടുത്ത്). അവൻ കറങ്ങുന്നതും ടീച്ചേർസിനെ വട്ടം കറക്കുന്നതും കാണുന്ന നാട്ടുകാരടക്കം എന്നെ കുറ്റപ്പെടുത്തും. വിദ്യാലയവിശേഷങ്ങളുടെ ആദ്യകാല പോസ്റ്റുകളിൽ ഇതുപോലുള്ള പലതും എഴുതിയിട്ടുണ്ട്. മുൻ കമന്റിലെ ലിങ്ക് തുറന്ന്
  നോക്കിയാൽ കാണാം. അഭിപ്രായത്തിനു നന്ദി.

  ReplyDelete
 23. മാതാ പിതാ ഗുരു ദൈവം..!
  മാതാവ്‌ ആണ് പിതാവിനെ നമ്മുക്ക് കാറ്റടി തരുന്നത് പിതാവ് ഗുരുവിനെയും ആ ഗുരു ആണ് നമ്മുക്ക് ദൈവത്തെ കാണിച്ചു തരുന്നത്.. അത് കൊണ്ട് തന്നെ മറ്റേതൊരു ജോലിയെക്കാളും അദ്ധ്യാപകര്‍ വ്യത്യസ്തരകുന്നത്..
  മറ്റേതൊരു ജോലിയും പെന്‍ഷന്‍ ആയതോടെ എല്ലാം അവസാനിക്കുമ്പോള്‍ അധ്യാപകര്‍ അവരുടെ ശിഷ്യഗനങ്ങള്‍ക്ക് എന്നും അദ്ധ്യാപകര്‍ തന്നെയാവും..
  ഇപ്പോള്‍ അവന്‍ വലുതായി ഒരു നല്ല നിലയില്‍ എത്തി (ഇന്നത്തെക്കാലത് നല്ല നിലയില്‍ എത്താന്‍ അത്ര വിദ്യാഭ്യാസം ഒന്നും വേണമെന്നില്ലല്ലോ ) ഒരിക്കല്‍ ജീവിത യാത്രയില്‍ എവിടെയെങ്കിലും വച്ച് കണ്ടു മുട്ടിയെക്കാം :)

  ReplyDelete
 24. ആദിവാസികളും പിന്നോക്കക്കാരും കൂടുതലായുള്ള ഒരു സ്ഥലത്തെ സർക്കാർ സ്കൂളിലേക്ക് സ്ഥലം‌മാറ്റമായി വന്നയിടക്ക് നടന്ന സ്റ്റാഫ്‌മീറ്റിങ്ങിൽ സ്കൂളിലെ അച്ചടക്കത്തിന്റെ അഭാവത്തെ കുറിച്ച് പറഞ്ഞപ്പോൾ എന്റെ എച്ച്.എം. പറഞ്ഞ ഒരു വാക്യം ഇതാണ്. പുറം‌പോക്കിൽനിന്നും വരുന്ന അവറ്റകളെ ഇതിൽ കൂടുതൽ എങ്ങനെയാണ് അച്ചടക്കം പഠിപ്പിക്കുക എന്നാണ്.

  ശേഷക്രിയ എന്ന നോവലിൽ (എം.സുകുമാരൻ) കുഞ്ഞയ്യപ്പൻ ആത്മഹത്യാക്കുറിപ്പിൽ എഴുതിയത് മകനെ പുറപ്പോക്കുജീവിതം കാണാൻ കഴിയാത്ത അകലത്തിൽ വലിയവീട്ടിൽ താമസിപ്പിക്കണമെന്നാണ്. അങ്ങനെയല്ലങ്കിൽ അവനും തന്നെപ്പോലെ മനുഷ്യത്വത്തെ ഓർത്ത് ദു:ഖിച്ച് ജീവിതം പാഴാക്കുമത്രെ.

  നമ്മുടെ അധ്യാപകർ അത് അക്ഷരം പ്രതി അനുസരിച്ചു.( നോവൽ വായിക്കാതെ തന്നെ) നമ്മുടെ കുട്ടികളെ സർക്കാർ പള്ളിക്കൂടങ്ങളിൽ നിന്നും വളരെയകലേക്ക് കൊണ്ടുപോയി.
  എന്നിട്ട് സർക്കാർ സ്കൂളിലെ കുട്ടികളെ തോന്നിയ പോലെ സമീപിച്ചു.

  7 വർഷം ഹൈസ്കൂളിൽ പഠിപ്പിച്ച അനുഭവം കൊണ്ടു പറയട്ടെ, സജേഷിനോട് കുറച്ചുകൂറ്റി കാരുണ്യം ആവാമായിരുന്നു. ടീച്ചർക്ക് അവന്റെ പശ്ചാത്തലം അറിയുമായിരുന്ന സ്ഥിതിക്ക്.

  നമ്മുടെ സ്കൂളുകളിലെ ഭൂരിഭാഗം അധ്യാപകർക്കും ഒരു പ്രശ്നത്തെ എങ്ങനെ സമീപിക്കണമെന്നറിയാത്തവരാണ്.
  സ്നേഹം അവർ സ്വന്തം കുട്ടികൾക്ക് മാത്രം കൊടുക്കുന്നു.
  പിന്നെ അവർ വെറും സബ്ജക്റ്റ് എക്സ്പേർട്ടുകൾ മാത്രമായിരിക്കുന്നു. ഗുരു എന്ന വാക്ക് അവർക്ക് പരിചയമില്ല.

  വർഷാവർഷം കിട്ടുന്ന ടീച്ചേർസ് ഗ്രാന്റ് (കുട്ടികളെ പഠിപ്പിക്കാൻ ടീച്ചിംഗ് എയ്ഡുകൾ വാങ്ങാൻ) സാരിയോ വീട്ടിൽ കുട്ടികൾക്ക് ബൂസ്റ്റോ വാങിക്കൊടുക്കാൻ ഉപയോഗിച്ചിട്ട് കള്ള വൌച്ചർ കൊണ്ടുകൊടുക്കുകയും ചെയ്യുന്ന അധ്യാപകരെ ഞാൻ ഒരുപാട് കണ്ടിട്ടുണ്ട്.

  പുതിയ മാതൃഭൂമിയിൽ സിവിക് ചന്ദ്രൻ നടത്തിയ പരാമർശം ഞാൻ ഇവിടെ ചേർക്കുന്നു. അത് എനിക്കും സ്വീകാര്യമായതിനാലാണ്.

  നമ്മുടെ വിദ്യഭ്യാസരംഗത്തെ ദുരന്തമെന്നു പറയുന്നത്, നമ്മുടെ ഭൂരിപക്ഷം അധ്യാപകരും അവരുടെ ഉപ്പും ചോറുമായ കുട്ടികളെ ഇഷ്ടമല്ല എന്നതാണ്.കേരളത്തിലെ വിദ്യഭ്യാസ പരീക്ഷണങ്ങളെല്ലാം പരാജയപ്പെടുന്നത്, ഈ ജോലിയെ പ്രൊഫഷണൽ ചലഞ്ചാക്കി സ്വയം ഏറ്റെടുക്കാൻ കഴിവുള്ള അധ്യാപകരില്ല എന്നുള്ളത് കൊണ്ടാണ്. വിദ്യാർത്ഥി, അധ്യാപകൻ, രക്ഷകർത്താവ്, എന്നീ നിലകളിലുള്ള എന്റെ അനുഭവങ്ങളിൽ നിന്നു പറയട്ടെ, കേരളത്തിലെ 90 ശതമാനം അധ്യാപകരും ഈ പണിക്ക് പറ്റിയവരല്ല....സ്റ്റെനോഗ്രാഫി പോലെയോ നേഴ്സിങ് പോലെയോ ഒരു ലേഡീസ് പ്രൊഫെഷനാണ് ടീച്ചിംഗ്. എനിട്ടും എന്തുകൊണ്ടാണ് കേരളത്തിൽ ഒരു അമ്മയുടെയോ അമ്മൂമ്മയുടെയോ അമ്മവിയുടെയോ ചേച്ചിയുടെയോ മടിത്തട്ടിലേക്ക് കുട്ടികളെ അയയ്ക്കാവുന്ന രീതിയിൽ നമ്മുടെ വിദ്യാഭ്യാസം കുട്ടികൾക്ക് അനുകൂലമാകാത്തത്.....അധ്യാപകരാവേണ്ടവർ വനിതാപോലീസിൽ ചേരുകയും വനിതാപോലീസിൽ ചേരേണ്ടവർ അധ്യാപകരാവുകയും ചെയ്തു എന്നതാണ് നമുക്ക് സംഭവിച്ച ദുരന്തം.“

  മിനിടീച്ചറുടെ ആത്മാർത്ഥതയൊന്നും ഞാൻ എന്റെ അനുഭവത്തിലെവിടെയും കണ്ടില്ല.
  ഞാൻ ഇപ്പോൾ വർക്ക് ചെയ്യുന്നത് ഒരു ദ്വീപിലാണ്. കേരളത്തിലെ ഏറ്റവും പിന്നോക്കത്തിലുള്ള ഒരു പ്രദേശം. കുട്ടികളെ പഠിപ്പിക്കാതെ സി.ഇ. മാർക്കുകൾ ഫുൾ നൽകി, വർഷപ്പരീക്ഷക്ക് കോപ്പിയടിക്കാൻ പൂർണ്ണ സ്വാതന്ത്ര്യം നൾകി 100 ശതമാനം വിജയമുണ്ടാക്കാൻ കിണഞ്ഞു പരിശ്രമിക്കുന്ന അധ്യാപകരെ ഞാൻ അവിടെ കാണുന്നു.

  അവർ വല്ലപ്പോഴും മാത്രം സ്കൂളിൽ വരുന്നു. പ്ക്ഷെ അവരുടെ ഹാജർ പുസ്തകത്തിൽ ലീവിന്റെ ചുവന്ന മഷി വീഴുന്നതേയില്ല.

  എങ്ങനെ നന്നാവും നമ്മുടെ സമൂഹം.എങ്ങനെ തന്നെയാണോ കുട്ടികളെ മോട്ടിവേറ്റ് ചെയ്യേണ്ടത്.

  ഒരു ഹിതപരിശോധന നടത്തിയാൽ നമ്മുടെ എത്ര ശതമാനം അധ്യാപകർ ജോലിയിൽ കാണും.?

  ടീച്ചറെ കുറ്റപ്പെടുത്തിയതല്ല. ഈ കുറിപ്പ് എന്റെ മനസ്സിലുള്ള ആശയങ്ങൾ പ്രകടിപ്പിക്കാൻ ഒരു വേദിയാക്കിയെന്നു മാത്രം.

  ReplyDelete
 25. ആഥില ടീച്ചറുടെ ആധി അർത്ഥവത്താണ്. നമ്മുടെ കുട്ടികൾ ടീച്ചേഴ്സിനെ ഇപ്പോൾ ഒരു ശരീരമായാണ് കാണുന്നത്.

  അതിനു ഞാൻ നേരത്തെ പറഞ്ഞ കാരണം കൂടിയുണ്ട്. നമ്മൾ എല്ലാവരും സബ്ജക്റ്റ് എക്സ്പ്പേർട്ടുകൾ മാത്രമായി.

  പിന്നെ കുട്ടികൾ എത്രയോ മാറിക്കഴിഞ്ഞു.
  സെക്സ് അല്ലാതേ ഒരു ചിന്തയും അവർക്കില്ലല്ലോ. നമ്മൾ ആകട്ടെ അതിപ്പോഴും പാപമാണെന്ന് ഉരുവിട്ടുകൊണ്ട്. പാഠപുസ്തകത്തിൽ കയറ്റാതെ പുറത്ത് നിർത്തിയിരിക്കുന്നു.

  എത്തിക്സ് അധ്യാപകർക്കും കുട്ടികൾക്കും നഷ്ടമായിരിക്കുന്നു.

  ReplyDelete
 26. ടീച്ചറെ പരിചയപ്പെടാൻ വൈകി... ...
  സജേഷ് >> “ തല്ലണ്ടാ ടീച്ചറെ ഞാൻ നന്നാവില്ല” എന്ന തത്ത്വത്തിന്റെ Brand Ambassador ആണെല്ലോ... ?

  എന്റെ ടീച്ചറേ... നന്നാവാൻ ആഗ്രഹമുണ്ടെങ്കിൽ ഏത് സജേഷും നന്നാവും...... പിന്നെ ചില കുട്ടികളെ എനിക്കറിയാം നന്നാവണമെന്നുണ്ടു പക്ഷെ എഴുതാൻ പോലും അറിയില്ല പ്രായം 14 നു മുകളിലും...... ഇത്തരക്കാർക്ക് ഒരു Base ഉം ഇല്ലാരിക്കും......

  എങ്ങനാ നന്നാക്കുക അല്പം പാടുതന്നെയാണു..ചിലർക്ക് Dyslexia പോലുള്ള Learning Disorders ആയിരിക്കും ... എന്തായാലും ഒന്നും നല്കാതെ ആരെയും ദൈവം ഈ ലോകത്തിലേക്കയക്കാറില്ല... അവരുടെ കഴിവിനെ തിരിച്ചറിയാൻ... അവരെ ഒന്ന് പിന്താങ്ങുവാൻ... ആരുണ്ട്..

  ReplyDelete
 27. പറയാൻ മറന്നു ''കൊല്ലുന്ന ടീച്ചറിനു'' ഒരുപാട് ആയുസ്സുണ്ടാകാൻ പ്രാർത്ഥിക്കുന്ന ഞങ്ങളെപോലെയുള്ള കുറച്ച് വഴക്കാളികുട്ടികളുണ്ടേ....(പഠിപ്പിച്ചിട്ടില്ലെങ്കിലും)

  ReplyDelete
 28. ആത്മകഥ നെഞ്ചിടിപ്പോടെ തന്നെയാണ് വായിച്ചത്. മുന്‍കാലത്ത് നിന്ന് വ്യത്യസ്തമായി ഇന്നിപ്പോള്‍ അധ്യാപകര്‍ക്കു വടിയെടുക്കാന്‍ പോലും പാടില്ല. പറ്റില്ല. എങ്ങനെ ഇത്തരം കുട്ടികളെ നിയന്ത്രിക്കും. സ്നേഹം എന്ന ഒരേയൊരായുധമേ നമുക്കു മുന്നില്‍ ഇന്ന് അവശേഷിക്കുന്നുള്ളു. ചുരുങ്ങിയ പക്ഷം ആത്മരക്ഷയ്ക്കു വേണ്ടിയെങ്കിലും.

  കഥ അസ്സലായി

  ReplyDelete
 29. കൊല്ലുന്ന ടീച്ചർക്ക് നമസ്ക്കാരം. വരാൻ വൈകി.
  ടീച്ചർ എഴുതിയത് ശരിയാണ്.

  രീക്ഷയ്ക്ക് ഉത്തരമെഴുതുമ്പോൾ ബ്ലേഡ് സമീപത്ത് വെച്ചിരിയ്ക്കുകയാണ് ഒരു മിടുക്കൻ. കോപ്പിയടിയ്ക്കുന്നത് പിടിയ്ക്കുമ്പോൾ ടീച്ചർക്കിട്ട് വരയാൻ.......
  ടീച്ചർ എന്തു ചെയ്യാനാ? കാണാത്ത പോലെ വന്ന് സ്റ്റാഫ് റൂമിലിരുന്ന് കുറെ തണുത്ത വെള്ളം കുടിച്ചു.
  അഭിനന്ദനങ്ങൾ, ടീച്ചർ.

  ReplyDelete
 30. വരാന്‍ വൈകിപ്പോയി. പറയണമെന്നു കരുതിയതൊക്കെ ഇവിടെ മറ്റു പലരും പറഞ്ഞുകഴിഞ്ഞു... :( അതു കൊണ്ട് പോസ്റ്റിനെപ്പറ്റിയല്ല, ഒരു കമന്റിനെപ്പറ്റി പറയാം. (കൊല്ലരുത്!)

  കാക്കരയുടെ ചോദ്യം,‘വര്‍ണിച്ചതിലെ പിഴവ്’ അല്ല, പോസ്റ്റ് വായിച്ചതിലെ പിശകു കൊണ്ടാണെന്ന് തോന്നുന്നു. “കുന്ന് തീരെയില്ലെങ്കിലും കുന്നിന്റെ പേരില്‍ അറിയപ്പെടുന്ന” എന്നു പറഞ്ഞിരിക്കുന്നത് ആദ്യം ജോലി ചെയ്തിരുന്ന സ്ഥലത്തെപ്പറ്റിയും “അകലെയുള്ള കുന്നുകളും റോഡും അതിലൂടെ ഓടുന്ന ആകെയുള്ള ഒരു ബസ്സും” കാണാമെന്ന് എഴുതിയത് ‘പട്ടണത്തിന്റെ പുറം‌പോക്കിലുള്ള പുതിയ പള്ളിക്കൂട’ത്തില്‍ നിന്നുള്ള ദൃശ്യത്തെപ്പറ്റിയുമാണ്.

  മനോജിന്റെ അഭിപ്രായത്തോട് (‘ഇതിനെ ഒരു കേസ് സ്റ്റഡിയായി എടുത്ത് ഇത് പോലെ ഒരു സാഹചര്യം വന്നാല്‍ എങ്ങിനെ കൈ കാര്യം ചെയ്യാം എന്ന് കൂടി ഒരു കുറിപ്പുണ്ടായിരുന്നുവെങ്കില്‍ (പ്രത്യേകിച്ച് ഈ സംഭവം നടക്കുമ്പോള്‍ ഉണ്ടായിരുന്നതിലും കൂടുതല്‍ ടീച്ചിങ് എക്സ്പീരിയന്‍സ് മിനി ടീച്ചര്‍ക്ക് ഇപ്പോള്‍ ഉള്ളത് കൊണ്ട്) ബ്ലോഗിലെ ടീച്ചര്‍/മാഷ് വായനക്കാര്‍ ഉപകാരമാകുമെന്ന് തോന്നുന്നു.’) യോജിക്കുന്നു. അങ്ങനെയൊരു കുറിപ്പ് ഇല്ലെങ്കിലും ഈ പോസ്റ്റ് വായിക്കുന്ന അദ്ധ്യാപകര്‍ക്കും സ്വന്തം നിലയില്‍ ഒരു പഠനത്തിന് സാധ്യത നല്‍കുന്നുണ്ട് സജേഷ്. (അദ്ധ്യാപകനല്ലെങ്കിലും അദ്ധ്യാപന മേഖലയോട് ഏറെ താല്പര്യമുള്ള ഒരാളെന്ന നിലയില് പറയുന്നതാണ്.)

  ReplyDelete
 31. teaching s a great profession,,i respect your profession and of course you also

  ReplyDelete
 32. ടീച്ചറുടെ അനുഭവം വായിച്ചു ...നന്നായിട്ടുണ്ട്

  സജേഷ് ഇപ്പോ മിടുക്കനായി കാണും, പഠനത്തിലെ മിടുക്ക് അല്ലല്ല്ല്ലോ ജീവിതത്തിന്റെ മിടുക്ക് ആകട്ടെ ..പക്ഷെ അവന്റെ സാഹചര്യം ആവശ്യപെടുന്ന മിടുക്ക് സമൂഹത്തിനു ഉപദ്രവവും ആകാം

  ആദിലയുടെ അനുഭവം പലര്‍ക്കും ഉണ്ടാകാറുണ്ട്..പലപ്പോഴും കുട്ടികള്‍ ഉയര്‍ന്ന ക്ലാസിലും മറ്റും എത്തുമ്പോള്‍ വെറും കുട്ടികള്‍ ആവ്കയില്ല അതാണല്ലോ പ്രകൃതി നിയമം ..ഒരു psychological ശ്രമം നടത്താവുന്നതാണ്..

  ജനാര്ദ്ധനന്‍ മാഷ്‌ :സുരേഷിനെ പോലെ എല്ലാ കുട്ടികളെയും കൈകാര്യം ചെയ്യാന്‍ സാധിക്കില്ല ഓരോ കുട്ടിക്കും ഓരോ രീതി അത് വേണ്ടി വരും

  പലപ്പോഴും ഇത്തരം കാര്യങ്ങളില്‍ അഭിപ്രായം പറയുന്നവരെ നോക്കിയാല്‍ ഒരു കാര്യം ബോധ്യമാകും അവരില്‍ പലരും കരയിലിരുന്നു കപ്പലോടിക്കുന്നവരാകും ..എന്നാല്‍ ഈ ബ്ലോഗിലെ അഭിപ്രായക്കാര്‍ വ്യത്യസ്തരാണ്

  ReplyDelete
 33. വികാരിയച്ചന്റെ അഭിപ്രായത്തോട് ശക്തിയായി വിയോജിക്കുന്നു.നമ്മള്‍ മറ്റുള്ളവരുടെ കാര്യത്തില്‍ ഏകപക്ഷീയമായി അടിച്ചമര്ത്തല്‍ നടത്തുന്ന അഭിപ്രായം പറയരുത്.നന്നാവേന്ട എന്ന് ഒരു കുട്ടി തീരുമാനിക്കുന്നെങ്കില്‍ അതിനു നാമെല്ലാം ഉത്തരവാദികളാ നെന്നരിയുക.

  ReplyDelete
 34. കമന്റുകൾ വായിച്ച് പഠിച്ച് ഓരോന്നായി മറുപടി എഴുതുകയാണ്.
  ഏ.ആർ. നജീം-,
  ഏതെങ്കിലും കാലത്ത് ഒരിക്കൽ ആരെയെങ്കിലും പഠിപ്പിച്ചിട്ടുണ്ടെങ്കിൽ ആ വ്യക്തി ജീവിതാവസാനം വരെ ടീച്ചർ ആയി അറിയപ്പെടും. എന്റെ അമ്മയുടെ 2പെണ്മക്കൾ അധ്യാപിക ആണെങ്കിലും, ഇപ്പോൾ പലതരം ഉദ്യോഗത്തിലിരിക്കുന്ന 3ആണ്മക്കളെയും നാട്ടുകാർ മാഷെ എന്ന് വിളിക്കുന്നു. അദ്ധ്യാപന ജോലിയിൽ നിന്നും വിരമിച്ച ഞാൻ ഏത് തിരക്കിനിടയിലും ‘ടീച്ചറെ’ എന്ന് വിളിക്കുന്ന പൂർവ്വശിഷ്യരെ കാണാറുണ്ട്. അഭിപ്രായത്തിനു നന്ദി.

  എൻ.ബി. സുരേഷ്-,
  അനുഭവങ്ങളിൽ നിന്ന് അഭിപ്രായം എഴുതിയ താങ്കൾക്ക് സ്വാഗതം. ഒരു വിദ്യാലയത്തെ മൊത്തത്തിൽ നന്നാക്കാനും നശിപ്പിക്കാനും അവിടെയുള്ള അദ്ധ്യാപകർക്ക് കഴിയും. അദ്ധ്യാപകർ ചേർന്ന് നശിപ്പിച്ച ഒരു സ്ക്കൂളിലായിരുന്നു ഞാൻ വെറും 10മാസം മാത്രം പ്രധാനഅദ്ധ്യാപിക ആയി ഇരുന്നത്. അവിടെയുള്ള പല അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും ഞാൻ ശത്രുവായിരുന്നു. (തോന്നിയനേരത്ത് ക്ലാസ്സിൽ കയറിപ്പോയി ബന്ധുക്കളാണെന്ന് പറഞ്ഞ് കുട്ടിയെ വിളിച്ച്‌കൊണ്ടു പോകുന്നത് അനുവദിക്കാത്തത്കൊണ്ട് രക്ഷിതാക്കളുടെ ശത്രുവായി). ഒടുവിൽ അവിടം എന്നാൽ ആവുന്നവിധം നന്നാക്കുകയും പിന്നീട് വരുന്നവർക്ക് നന്നാക്കാനുള്ള പാത തുറക്കുകയും ചെയ്താണ് ഞാൻ അവിടെനിന്ന് പടിയിറങ്ങിയത്. അങ്ങനെ എനിക്ക് എന്തെങ്കിലും ചെയ്യാൻ കഴിഞ്ഞു എന്ന വിശ്വാസത്തിലാണ് ഞാൻ ഈ ബ്ലോഗിൽ കടന്ന് ധൈര്യത്തിൽ എഴുതുന്നത്. പിന്നെ എന്റെ മക്കൾ രണ്ട്പേരും അവരുടെ അച്ഛനും അമ്മയും പഠിപ്പിക്കുന്ന സർക്കാർ വിദ്യാലയത്തിലാണ് പഠിച്ചത്.(ഒരു പോസ്റ്റ് വരുന്നുണ്ട്).
  ഒരു വിദ്യാർത്ഥിപ്രശ്നം കൊണ്ട്തന്നെ ഇത്രയും ആയതിനാൽ ഇനി പ്രശ്നക്കാരായ അദ്ധ്യാപകരെപറ്റി എഴുതിയാൽ എന്തായിരിക്കും സംഭവിക്കുക എന്ന് ഞാൻ ഓർക്കുകയാണ്. എങ്കിലും എഴുതിയിട്ടുണ്ട്. അഭിപ്രായത്തിനു നന്ദി.
  ബാക്കി അടുത്ത കമന്റിൽ

  ReplyDelete
 35. SERIN / വികാരിയച്ചൻ-,
  വികാരിയച്ചനു സ്വാഗതം. പഠിക്കാൻ ആഗ്രഹം തീരെയില്ലാത്ത, അക്ഷരങ്ങളെ വെറുക്കുന്ന ചില കുട്ടികളെ അദ്ധ്യാപകർക്ക് പരിചയപ്പെടാൻ ഇടയാവും. ചില രക്ഷിതാക്കൾ പറഞ്ഞിട്ടുണ്ട്. ‘അവനവിടെ ക്ലാസ്സിന്റെ മൂലയ്ക്ക് ഇരുന്നോട്ടെ, പഠിച്ചില്ലേലും വലിയ കുഴപ്പമില്ല. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് നാല് മണിക്ക്ശേഷം പ്രത്യേക ക്ലാസ് നൽകിയപ്പോൾ ഏറ്റവും എതിർത്തത് അവരുടെ രക്ഷിതാക്കളാണ്. എന്റെ മോൻ പഠിച്ചില്ലേൽ ടീച്ചർക്കെന്താ ശമ്പളം കുറയുമോ എന്ന് ഒരു രക്ഷിതാവ് ചോദിച്ചതാണ്.
  പിന്നെ എന്റെ ആയുസ്സ്. അത് ഇടയ്ക്കിടെ അപ്‌ഡേറ്റ് ചെയ്തുകൊണ്ടിരിക്കയാ. അഭിപ്രായം എഴുതിയതിനു നന്ദി.
  Hari | (Maths)-,
  വർഷങ്ങൾക്ക് മുൻപുള്ള പ്രയാസങ്ങളൊന്നും ഇന്നത്തെ അദ്ധ്യാപകർക്കില്ല. ഹൈസ്ക്കൂളിൽ ജോലി കിട്ടിയ കാലത്ത് ക്ലാസ്സിൽ വെച്ച് വിദ്യാർത്ഥികളാൽ അപമാനിക്കപ്പെട്ടതിന്റെ ഫലമായി പല അദ്ധ്യാപികമാർക്കും കരയേണ്ടി വന്നിട്ടുണ്ട്. സർക്കാർ സ്ക്കൂളിലെ പലരും ട്രാൻസ്ഫർ വാങ്ങിയിട്ടുണ്ട്. എനിക്കറിയുന്ന ഒരു അദ്ധ്യാപകൻ കുട്ടികൾ പരിഹസിക്കുന്നതുകൊണ്ട്, മാനസിക പ്രയാസങ്ങൾ കാരണം ആത്മഹത്യ ചെയ്തിട്ടുണ്ട്. ഇന്ന് അദ്ധ്യാപക വിദ്യാർത്ഥി ബന്ധവും രക്ഷിതാക്കളുടെ മനോഭാവവും വളരെ മാറി. ഇന്ന് മര്യാദക്ക് പഠിപ്പിക്കുന്ന അദ്ധ്യാപകർക്ക് ക്ലാസ്സിൽ ഒരു പ്രശ്നവും ഇല്ല. അഭിപ്രായം എഴുതിയതിനു നന്ദി.
  Echmukutty-,
  SSLC പരീക്ഷാ ഡ്യൂട്ടിയുടെ ചരിത്രങ്ങൾ പറഞ്ഞാൽ തീരാത്തത്രയുണ്ട്. പരീക്ഷാഡ്യൂട്ടിക്കു പോയ അദ്ധ്യാപകനെ അവസാന ദിവസം റോഡിൽ‌വെച്ച് തടഞ്ഞുനിർത്തി തല്ലാൻ വന്ന ചരിത്രങ്ങൾ ധാരാളം ഉണ്ട്. കോപ്പിയടി പിടിച്ചിട്ടാണ് ഞാൻ പരീക്ഷയുടെ ബോറടി മാറ്റാറുള്ളത്. ബോൾപേന വരുന്നതിനു മുൻപ് ആൺകുട്ടികളുടെ റൂമിൽ പരീക്ഷക്ക് പോയാൽ അവർ വസ്ത്രത്തിൽ മഷി കുടഞ്ഞിരിക്കും. കോപ്പിയടി ചരിത്രം എഴുതാനുണ്ട്. അഭിപ്രായം എഴുതിയതിനു നന്ദി.
  വിജി പിണറായി-,
  സ്വാഗതം; കണ്ണൂർ ജില്ലയിൽ കുന്നിന്റെ പേരിലുള്ള ഒരു പഞ്ചായത്ത്; അവിടെ ഒരിടത്തും മലയോ കുന്നോ കാണാൻ കഴിഞ്ഞിട്ടില്ല. കടൽതീരമല്ലെങ്കിലും ചുറ്റും മണൽ നിറഞ്ഞ മഴപെയ്താൽ വെള്ളം കെട്ടിനിൽക്കുന്ന സ്ഥലം. അവിടെ ആ പഞ്ചായത്തിന്റെ പേരിൽ തന്നെ 3 സർക്കാർ ഹൈസ്ക്കൂളുകളും ഉണ്ട്. ഞാൻ പഠിപ്പിക്കുന്ന മൂന്നാമത്തെ വിദ്യാലയം. ഇവിടെ പറയുന്ന സംഭവം നടന്നത് നാലാമത്തെ വിദ്യാലയത്തിൽ വെച്ചാണ്. അവിടെനിന്ന് നോക്കിയാൽ കുന്ന് കാണാം. എന്റെ വിദ്യാലയ വിശേഷങ്ങളിലെ പോസ്റ്റുകൾ വെച്ച് താല്പര്യമുള്ള അദ്ധ്യാപകർക്ക് പഠനം നടത്താം. അഭിപ്രായം എഴുതിയതിനു നന്ദി.

  ReplyDelete
 36. This comment has been removed by the author.

  ReplyDelete
 37. This comment has been removed by the author.

  ReplyDelete
 38. കാക്കര kaakkara-,
  അഭിപ്രായം എഴുതിയതിനു നന്ദി.
  bobs-,
  അഭിപ്രായം എഴുതിയതിനു നന്ദി.
  MADHU_haritham-,
  ജീവിതത്തിൽ അവൻ മിടുക്കനായി മാറിയിരിക്കും എന്നത് ഉറപ്പാണ്.
  ‘ടീച്ചർക്ക് ഒന്നും അറിയില്ല, എന്ന് പല അവസരത്തിലും എന്റെ വിദ്യാർത്ഥികൾ എന്നോട്തന്നെ പറഞ്ഞിട്ടുണ്ട്. പിന്നെ കളവ് പറഞ്ഞ കുട്ടികൾ അനേകം ഉണ്ട്. അതിലൊന്നും ഞാൻ കുട്ടികളെ കുറ്റം പറഞ്ഞിട്ടില്ല, അവരുടെ സാഹചര്യങ്ങളാവാം. മദ്യപാനത്തെപറ്റി പുറം‌പോക്കിലുള്ളവർ താമസിക്കുന്ന കോളനിയിൽ പോയി പറഞ്ഞത്കൊണ്ട് ഒരാളെ ആ ശീലത്തിൽ നിന്ന് മാറ്റാൻ കഴിയില്ല. അതുപോലെയാണ് ഇതും.
  താങ്കൾ പറഞ്ഞതു ശരിയാണ്. താല്പര്യവും വിശ്വാസവും ഇല്ലാത്ത കുട്ടിയെ നന്നാക്കാനുള്ള പ്രയാസമാണ് ഞാൻ ഇവിടെ പറഞ്ഞത്. അഭിപ്രായം എഴുതിയതിനു നന്ദി.
  vasanthalathika-,
  വീണ്ടും വന്നതിൽ സ്വാഗതം. ഇപ്പോഴും അതേ കോളനിയിൽ അതേ സാഹചര്യത്തിൽ ജീവിക്കുന്ന വിദ്യാർത്ഥികൾ അതേ വിദ്യാലയത്തിൽ പഠിക്കുന്നുണ്ട്. എട്ട് വർഷങ്ങളായി SSLC വിജയം 100% ; അദ്ധ്യാപകരുമായി സഹകരിക്കുന്ന വളരെ നല്ല വിദ്യാർത്ഥികൾ. ഇതെങ്ങനെയെന്നോ? ഞങ്ങളെല്ലാവരും ചേർന്ന് വിദ്യാർത്ഥികളെ എട്ടാം ക്ലാസ് മുതൽ ഒരു പ്രത്യേക താല്പര്യത്തിലേക്ക്(?) നയിച്ചു. പഠിക്കുക എന്നത് വളരെ പ്രധാനപ്പെട്ടതാണെന്ന് അവർ തിരിച്ചറിഞ്ഞു. സ്ക്കൂളിൽ 8ൽ ചേരുന്ന എല്ലാവരെയും പഠിക്കാതെ വിടില്ല എന്ന അവസ്ഥ വന്നു.
  അതിനായി ആദ്യകാലത്ത് അദ്ധ്യാപകരെല്ലാം ഒന്നിച്ച്‌ചേർന്ന് വഴിതെറ്റുന്ന കുഞ്ഞാടുകളെ തുടക്കത്തിൽതന്നെ കണ്ടെത്തി ‘കർശ്ശനമായ ശിക്ഷ’ നൽകി. രക്ഷിതാക്കളെ ഓരോരുത്തരെയും ഇടയ്ക്കിടെ വിളിച്ച്വരുത്തും.
  തെറ്റോ ശരിയോ എന്ന് പറയാനാവില്ലെങ്കിലും ഞങ്ങൾ ലക്ഷ്യത്തിലെത്തി. പിന്നെ ഒരു കുട്ടിയെ മാത്രമായി നന്നാക്കാനാവില്ല; പ്രത്യേകിച്ച് സജേഷിനെ പോലുള്ള കുട്ടികൾ. അവനൊരിക്കലും നമ്മുടെ മുന്നിൽ ഇരുന്ന്‌തരില്ല. അവസാനമായി ഈ വിദ്യാലയത്തിലുള്ള ഒരു അദ്ധ്യാപകന്റെ പഠനരീതി കൂടി നോക്കിയാൽ നന്നായിരിക്കും. അഭിപ്രായം എഴുതിയതിനു നന്ദി.
  http://mini-minilokam.blogspot.com/2010/01/mathematics-teacher.html

  ReplyDelete

എന്റെ മനസ്സിലെ ഈ കൊച്ചു മിനിലോകത്തിലേക്ക് എല്ലാവര്‍ക്കും സ്വാഗതം.