“മിനിലോകം”

ഞാന്‍ മിനി... എന്റെ മനസ്സ് എന്റെ ലോകമാണ്. എന്റെ മനസ്സില്‍(ഓര്‍മ്മയില്‍) തങ്ങിനില്‍ക്കുന്ന കാര്യങ്ങള്‍,വേണ്ടതും വേണ്ടാത്തതും ഞാന്‍ ഇവിടെ പകര്‍ത്തുന്നു. ഇതു വായിക്കാം, അഭിപ്രായം എഴുതാം. ജീവിതത്തില്‍ നിന്നും ഞാന്‍ കണ്ടെത്തിയ ധാരാളം ചെറിയ‘വലിയ’ സംഭവങ്ങള്‍ ഉണ്ട്. അവയെല്ലാം ചിത്രങ്ങളോടൊപ്പം ഇവിടെ അവതരിപ്പിക്കുന്നു. എന്റെ ലോകത്തേക്ക് “മിനിലോക”ത്തിലേക്ക് ഞാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു... ചിരിക്കാം, കളിക്കാം, ചിന്തിക്കാം... എന്ന് നിങ്ങളുടെ: mini//മിനി

February 17, 2009

6.ഒരു അദ്ധ്യാപികയുടെ അഹങ്കാരത്തിന്റെ അന്ത്യം


പാഠപുസ്തകങ്ങളില്‍ കാണാത്ത പാഠങ്ങള്‍

ഒരു സര്‍ക്കാര്‍ ഹൈസ്ക്കൂളിലെ ജീവശാസ്ത്രം അദ്ധ്യാപികയായിരുന്നു ഞാന്‍. വിഷയം ജീവശാസ്ത്രം ആണെങ്കിലും ‍പഠിപ്പിക്കേണ്ടത് ജീവശാസ്ത്രം മാത്രമായിരിക്കില്ല. കൌമാര വിദ്യാഭ്യാസം, ലൈംഗിക വിദ്യാഭ്യാസം, രക്ഷിതാക്കള്‍ക്ക് ബോധവല്‍ക്കരണം, ലഹരി വിരുദ്ധ ബോധവല്‍ക്കരണം, ആരോഗ്യ വിദ്യാഭ്യാസം, മാനസീക-ശാരീരിക കൌണ്‍സിലിങ്ങ്….ആദിയായവയെല്ലാം ഈ ബയോളജി ടീച്ചറുടെ ചുമതലയാണ്. ഇവയെല്ലാം ‘ഏറ്റവും നന്നായി ചെയ്യാനുള്ള കഴിവ് എനിക്കു മാത്രമാണ്‘ എന്ന അഹങ്കാരം എനിക്കുണ്ട്. കാരണം ഞാന്‍ മാത്രമാണ് ഈ സ്ഥാപനത്തിലെ ഒരേ ഒരു ബയോളജി ടീച്ചര്‍.

എന്റെ വിഷയം ശാരീരികവും മാനസികവും സാമൂഹ്യവുമാണ്. ഈ വിഷയങ്ങള്‍ പഠിപ്പിക്കാന്‍ മറ്റ് അദ്ധ്യാപകര്‍ തയ്യാറല്ല. അങ്ങനെ ഏകശാസനമായി വിദ്യാര്‍ത്ഥികളെ ‘പഠിപ്പിച്ച് ‘അഹങ്കാരിയായി അനേകം വര്‍ഷങ്ങള്‍ ഞാന്‍ ‍സര്‍ക്കാറിന്റെ ശമ്പളം വാങ്ങി സമൂഹത്തെ സേവിച്ചു.
ക്രമേണ S.S.L.C ക്ലാസ്സിലുള്ള എല്ലാ വിദ്യാര്‍ത്ഥികളും പസ്സാവാന്‍തുടങ്ങി.(100% വിജയം) ഞാന്‍ പഠിപ്പിച്ചതു കൊണ്ട് എന്റെ വിദ്യാര്‍ത്ഥികളും എന്റെ നാട്ടുകാരും ഈ സമൂഹവും നന്നാവുന്നു എന്ന ചിന്ത എന്നില്‍ വളര്‍ന്നു കൊണ്ടിരിക്കുമ്പോള്‍ ഒരു ദിവസം ആ സംഭവം ഉണ്ടായി.
വിദ്യാര്‍ത്ഥികളുടെ വീട് സന്ദര്‍ശനം ഞങ്ങള്‍ അദ്ധ്യാപികമാരുടെ ചുമതലയാണ്. S.S.L.C ക്ലാസ്സിലുള്ള (ആകെ എണ്ണം 100ല്‍താഴെ മാത്രം)എല്ലാ വിദ്യാര്‍ത്ഥികളുടെയും വീടുകളില്‍ ‍അദ്ധ്യാപികമാര്‍ രണ്ടോ മൂന്നോ പേര്‍ ചേര്‍ന്ന ഗ്രൂപ്പുകളായി ചുറ്റിക്കറങ്ങും. എല്ലാ വര്‍ഷവും ജനവരി,ഫിബ്രവരി മാസങ്ങളില്‍ ‍വീടുകളില്‍ ‍പോയി വിദ്യാര്‍ത്ഥികളുടെ പഠനകാര്യങ്ങള്‍ ‍ചര്‍ച്ച ചെയ്യുന്നതോടൊപ്പം എട്ടാം തരത്തില്‍ ‍നമ്മുടെ സ്കൂളില്‍ ‍ചേരാനായി പുതിയ കുട്ടികളെ പ്രേരിപ്പിക്കുക എന്ന ചുമതല കൂടിയുണ്ട്. (
ഈ കാര്യത്തില്‍ പുരുഷന്മാരായ ടീച്ചേര്‍സ് നാട്ടിലിറങ്ങാ‍റില്ല. മാന്യന്മാരായ ചെറുപ്പക്കാരായ പുരുഷന്മാരെ കാണുമ്പോള്‍ പരിചയക്കാരല്ലാത്ത രക്ഷിതാക്കള്‍‌‌ക്ക് (പ്രത്യേകിച്ച് പുര നിറഞ്ഞു നില്‍ക്കുന്ന പെണ്‍കുട്ടികളുള്ള വീട്ടുകാര്‍ക്ക് ) അവര് ‍പെണ്ണ് കാണാന്‍ ‍വരുന്നവരാണെന്ന തെറ്റിദ്ധാരണ ഉണ്ടായിട്ടുണ്ട്)…

അങ്ങനെ ഒരു ദിവസം 11 മണിക്ക് ഞാനും മറ്റു രണ്ട് അദ്ധ്യാപികമാരും ചേര്‍ന്ന് S.S.L.C കുട്ടികളെ പരിശോധിക്കാനും എട്ടാം ക്ലാസ്സിലേക്ക് കുട്ടികളെ പിടിക്കാനുമായി നാട്ടിലേക്കിറങ്ങി. സ്ക്കൂളിന്റെ ‍ഏറ്റവും അടുത്തുള്ള പത്താം ക്ലാസ്സുകാരിയുടെ വീട്ടിലെത്തി. കുട്ടിയേയും അമ്മയേയും ഉപദേശിച്ചു. പകരം ചായയും പഴവും കഴിച്ച് അടുത്ത വീടുകളിലേക്ക് കടന്നു.
അങ്ങനെ ഏഴാമത്തെ വീട്ടിലെത്തി. അത് എന്റെ ക്ലാസ്സിലെ ഏറ്റവും സമര്‍ത്ഥയായ വിദ്യാര്‍ത്ഥിനിയുടെ വീടാണ്. ഞങ്ങളെ കണ്ടതോ‍ടെ തുണിയലക്കിക്കൊണ്ടിരിക്കുന്ന പ്രിയശിഷ്യ ഓടിയെത്തി. അകത്തുനോക്കി അമ്മയെ വിളിച്ചു. അകത്തുനിന്നും പുറത്തെത്തിയ അമ്മക്ക് ആക്ഷേപം മുഴുവന്‍ ‍മകളെ പറ്റിയാണ്. ....അവള്‍ ‍വീട്ടുജോലിയൊന്നും ചെയ്യുന്നില്ല. ഇളയ കുട്ടികളെ നോക്കുന്നില്ല. എപ്പോഴും പുസ്തകം വായനയാണ്. ഇളയത് നാലെണ്ണം ഉണ്ട്, ഞാനൊരാള്‍ ‍ഒറ്റക്ക് എങ്ങനെ ഈ ചെറിയ കുട്ടികളെ നോക്കും.സ്ക്കൂളില്‍ ‍പോവണ്ട എന്നു പറഞ്ഞാലും ഇവള്‍ അനുസരിക്കുന്നില്ല….എല്ലാം ഒന്നിച്ചു കേട്ട് അന്തംവിട്ട പ്രിയശിഷ്യ അദ്ധ്യാപകരെ ദയനീയമായി നോക്കി.

ഇളയ കുട്ടികളുടെ കാര്യം പറഞ്ഞപ്പോഴാണ് മുറ്റത്തെ ഒരു മൂലയില്‍ ചിരട്ടയില്‍ ‍മണ്ണപ്പവും ചോറും കറിയും വെച്ച് കളിക്കുന്ന ഭാ‍വി ശിഷ്യന്മാരെ നോക്കിയത്. അവര്‍ ‍നാലുപേരുണ്ട്,,,,,രണ്ട് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളും,,,, എല്ലാവരും അഞ്ചു വയസ്സില്‍ ‍താഴെയുള്ളവര്‍….മുറ്റത്തെ മൂലയില് ‍അവര്‍ ഒരു കളിവീട് കൂട്ടിയിരിക്കയാണ്. അമ്മയും രണ്ടു മക്കളും തിരക്കുള്ള വീട്ടുപണിയിലാണ്. എങ്ങോ മറന്ന ആ കുട്ടിക്കാലം മനസ്സില്‍ ‍ഓര്‍ത്തുപോയി. മണ്ണ് വാരി കളിക്കാന്‍ ‍സ്വാതന്ത്ര്യമുള്ള കുട്ടികള്‍ ‍ഇന്നും നമുക്കു ചുറ്റും ഉണ്ടല്ലോ എന്ന കാര്യം ഓര്‍ത്തു സന്തോഷിച്ചു പോയി.
നോക്കിയിരിക്കെ പെട്ടന്ന് ഒരു ബഹളം!!!..നാലു വയസ്സുകാരി അമ്മയുടെ അലര്‍ച്ച …”മക്കളേ ഓടിക്കോ,,ഓടിക്കോ,,അച്ഛന്‍ വരുന്നുണ്ട്, ഇന്നും വെള്ളം അടിച്ചോണ്ടാണ്..കാലമാടന്‍” …നോക്കുമ്പോള്‍ ‍അതാ..ഒരു ചെറിയ പയ്യന്‍..പ്ലാസ്റ്റിക് കുപ്പിയിലെ വെള്ളം ഇട്ക്കിടെ കുടിക്കുകയും തുപ്പുകയും ചെയ്യ്തുകൊണ്ട് വീട്ടില്‍വരികയാണ്.… വീട്ടിലെത്തിയ ഉടനെ കളിവീടിലെ അമ്മയെ അടിക്കുന്നതോടൊപ്പം ഞങ്ങള്‍ ‍ഒരിക്കലും കേട്ടിട്ടില്ലാത്ത സാഹിത്യ ഭാഷയിലെ തെറിയാണ് (മലയാളം ടീച്ചറുടെ അഭിപ്രായത്തില്‍ ‍ചെവി മുളച്ചതിനു ശേഷം ആദ്യമായി കേള്‍ക്കുന്നത്).രക്ഷിതാക്കളെ അതേ രൂപത്തില്‍ ‍അനുകരിക്കുന്ന നമ്മുടെ ഭാവി ശിഷ്യന്മാരെ പഠിപ്പിക്കാനുള്ള ‘ഭാവി കരിക്കുലം‘ ഏതായിരിക്കും എന്നോര്‍ത്ത് ആ വീട്ടില്‍നിന്നും ഞങ്ങള്‍നടന്നു. തിരിച്ച് സ്ക്കൂളില്‍ ‍എത്തുന്നതുവരെ നട്ടുച്ചയുടെ ചൂടോ, വിശപ്പോ, ദാഹമോ ആരുംതന്നെ അറിഞ്ഞില്ല .

5 comments:

  1. പെട്ടെന്നു ശ്രദ്ധിച്ച ചില അക്ഷരത്തെറ്റുകള്‍:

    അധ്ദ്യാപിക അല്ല, അദ്ധ്യാപിക (അല്ലെങ്കില്‍ അധ്യാപിക)
    ലഹരിവിരുധ്ദം - ലഹരിവിരുദ്ധം
    പരിശോദിക്കാനും - പരിശോധിക്കാനും

    ReplyDelete
  2. “രക്ഷിതാക്കളെ അതേ രൂപത്തില്‍ ‍അനുകരിക്കുന്ന നമ്മുടെ ഭാവി ശിഷ്യന്മാരെ പഠിപ്പിക്കാനുള്ള ‘ഭാവി കരിക്കുലം‘ ഏതായിരിക്കും “

    ചിന്തിയ്ക്കേണ്ട വിഷയം തന്നെ

    ReplyDelete
  3. നന്നായിരിക്കുന്നു...ഇനിയും പുതിയ പോസ്റ്റുകൾ ഇടുക....

    ReplyDelete
  4. ഒരു നടുക്കുന്ന അനുഭവം തന്നെ.

    ReplyDelete
  5. ഒരു നല്ല പാഠം തന്നെ അല്ലേ?

    ReplyDelete

എന്റെ മനസ്സിലെ ഈ കൊച്ചു മിനിലോകത്തിലേക്ക് എല്ലാവര്‍ക്കും സ്വാഗതം.