“മിനിലോകം”

ഞാന്‍ മിനി... എന്റെ മനസ്സ് എന്റെ ലോകമാണ്. എന്റെ മനസ്സില്‍(ഓര്‍മ്മയില്‍) തങ്ങിനില്‍ക്കുന്ന കാര്യങ്ങള്‍,വേണ്ടതും വേണ്ടാത്തതും ഞാന്‍ ഇവിടെ പകര്‍ത്തുന്നു. ഇതു വായിക്കാം, അഭിപ്രായം എഴുതാം. ജീവിതത്തില്‍ നിന്നും ഞാന്‍ കണ്ടെത്തിയ ധാരാളം ചെറിയ‘വലിയ’ സംഭവങ്ങള്‍ ഉണ്ട്. അവയെല്ലാം ചിത്രങ്ങളോടൊപ്പം ഇവിടെ അവതരിപ്പിക്കുന്നു. എന്റെ ലോകത്തേക്ക് “മിനിലോക”ത്തിലേക്ക് ഞാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു... ചിരിക്കാം, കളിക്കാം, ചിന്തിക്കാം... എന്ന് നിങ്ങളുടെ: mini//മിനി

April 16, 2009

14.ഒരു പെണ്ണുകാണല്‍ ചടങ്ങ് ‘കണ്ണൂര്‍ മോഡല്‍‘



പെണ്ണു കാണാന്‍ പോയ രസകരമായ വിശേഷങ്ങള്‍ ധാരാളം കേട്ടിട്ടുണ്ട്. എന്നാല്‍ ഇത് അല്പം വ്യത്യാസമുണ്ട്. വീട്ടില്‍ വരുന്ന ചെറുക്കനെയും ചെറുക്കന്റെ വീട്ടുകാരുടെയും വിശേഷങ്ങളെപറ്റി പെണ്ണിന്റെ വീട്ടുകാരുടെ കണ്ണിലൂടെ നോക്കി കാണുകയാണ്. പെണ്ണ് കാണാന്‍ വരുന്ന രക്ഷിതാക്കളുടെ ഭാവം കണ്ടാല്‍ ‘ആണ്‍ മക്കളുള്ള തന്തക്കും തള്ളക്കും കൊമ്പുണ്ടോ’ എന്ന് ചിലപ്പോള്‍ ചോദിക്കാന്‍ തോന്നും. ജനിച്ച മക്കള് ആണായത് ‍കൊണ്ട് ഇത്രയും അഹങ്കരിക്കണോ?

പല തരത്തിലാണ് പെണ്ണു കാണാനുള്ള വരവ്. പെണ്ണിന്റെ വീട്ടില്‍ ആദ്യമായി പോകുന്നത് പ്രത്യേക ക്രമത്തിലാണ്.

  1. ചെറുക്കന്‍ ഒറ്റക്ക് .


  2. ചെറുക്കനും ഒരു സുഹൃത്തും.


  3. ചെറുക്കനും ഒരു ബന്ധുവും.

  4. ചെറുക്കനും അവന്റെ അച്ഛനും.


  5. ചെറുക്കനും അവന്റെ അമ്മയും.


  6. ചെറുക്കനും നാലോ അതില്‍ കൂടുതല്‍ സുഹൃത്തുക്കളും.


  7. ചെറുക്കനും അവന്റെ ധാരാളം ബന്ധുക്കളും.

  8. ചെറുക്കന്റെ ബന്ധുക്കള്‍.


  9. ചെറുക്കന്റെ അച്ഛന്‍+ചെറുക്കന്റെ ഫോട്ടൊ.


  10. ചെറുക്കന്റെ ബന്ധുക്കള്‍+ചെറുക്കന്റെ ഫോട്ടൊ.


  11. ചെറുക്കന്റെ അച്ഛനും അച്ഛന്റെ സുഹൃത്തും.......

ഈ ലീസ്റ്റ് തുടരുന്നു…


ഇനി വീട്ടില്‍ എത്തിയാലോ??? വിജിലന്‍സ് പരിശോധനയും ചോദ്യം ചെയ്യലുമാണ്. പെണ്ണിനെ മാത്രമല്ല, വീട്ടിലുള്ള എല്ലാ അംഗങ്ങളെയും സിബീ‍ഐ മോഡല്‍ ചോദ്യമായിരിക്കും.

അപ്പോഴെക്കും ജാതകകുറിപ്പിന്റെ ഫോട്ടൊസ്റ്റാറ്റ്, ചായ എന്നിവ തയ്യാറാക്കി കൊടുക്കണം. പിന്നീട് പെണ്ണിനെ കാണാന്‍ വന്നവര്‍ ചേര്‍ന്ന് രഹസ്യ ചര്‍ച്ച. പിന്നെ ഒന്നും പറയാതെ പെണ്‍ വീട്ടുകാരെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട് ഒറ്റ പോക്കായിരിക്കും

ഞാന്‍ ഇതൊക്കെ പറയുന്നത് എന്റെ നാട്ടിലെ സംഭവങ്ങളാണ്. ഇത് കണ്ണൂരാണ്. ഇവിടെ തലശ്ശേരിക്കും പയ്യന്നൂരിനും ഇടയിലുള്ള” ഹിന്ദുക്കള്‍ക്കിടയില്‍ പ്രാധാന്യം പെണ്ണിനാണ്, ‘സ്ത്രീധനത്തിനല്ല‘. പെണ്ണിന്റെ അച്ഛനോട് മറുനാട്ടുകാരായ ചെറുക്കന്റെ ആള്‍ക്കാര്‍ സ്ത്രീധനം ചോദിച്ചപ്പോള്‍ ,“എനിക്കീ കല്ല്യാണം വേണ്ട” എന്ന് സദസ്സിനു മുന്നില്‍ വന്ന് പറഞ്ഞ പെണ്ണ് നമ്മുടെ നാട്ടിലുണ്ട്.



അത് പോലെ സ്വര്‍ണ്ണം—അത് കഴിവനുസരിച്ച് നല്‍കും. കല്ല്യാണത്തിനു മുന്‍പോ ശേഷമോ അതിന്റെ തൂക്കമോ അളവോ, വരന്റെ വീട്ടുകാരെ അറിക്കുകയില്ല. (അവര്‍ പിന്നീട് അറിഞ്ഞു കൊള്ളും). ബ്രോക്കര്‍മാര്‍ നാട്ടിലുണ്ടെങ്കിലും സ്ത്രീധനശതമാനം ഇല്ലാത്തത് കൊണ്ട് അവര്‍ക്ക് പറ്റിയ മണ്ണല്ല. മേരേജ് ബ്യൂറൊ അത് പച്ച പിടിച്ചു വരുന്നുണ്ട്.



സ്ത്രീധനം ഇല്ലെങ്കിലും അത്ര സന്തോഷിക്കേണ്ട. പെണ്ണു കാണാന്‍ വരുന്നവര്‍ ശ്രദ്ധിക്കുന്ന ധാരാളം കാര്യങ്ങളുണ്ട്. ഭാവിയില്‍ ലഭിക്കുന്ന സ്വത്ത്, പെണ്ണിന്റെ ജോലി, സ്വഭാവം, വീടും പരിസരവും, ബന്ധുക്കളുടെ സാമ്പത്തിക നില,….അങ്ങനെ പെണ്ണിന്റെ വകയായി ലഭിക്കുന്ന വരുമാനം കൃത്യമായി കണക്ക് കൂട്ടും. പിന്നെ ഭാര്യവീട്ടില്‍ താമസിച്ച് അത് സ്വന്തമാക്കന്‍ പറ്റുന്നാതാണോ എന്ന് കൂടി ചില സമര്‍ത്ഥന്മാര്‍ കണക്കെടുക്കും.



പെണ്ണായി പിറന്നവള്‍ക്ക് ചില പ്രത്യേക കാലങ്ങളിലാണ് അന്വേഷണങ്ങള്‍ വരുന്നത്.


  1. പഠിപ്പ് കഴിഞ്ഞ് വീട്ടിലിരിക്കുമ്പോള്‍.(ഇതില്‍ പത്താം ക്ലാസ്സും പി.ജി.യും ഒരു പോലെ)


  2. ജോലി കിട്ടിയ ഉടന്‍. (ഇതില്‍ കടയിലെ സെയില്‍സ് ഗേളും ഡോക്റ്ററും ഒരു പോലെ).

ചില സീസണില്‍ ചില പെണ്ണിന് അന്വേഷണങ്ങള്‍ വന്നു കൊണ്ടേയിരിക്കും. ചിലപ്പോള്‍ മാസങ്ങളോളം ഒരുത്തനും ആ വഴി വരില്ല.


അങ്ങനെ ഒരു ചൊവ്വാ‍ഴ്ച വീട്ടിലെ കമ്പ്യൂട്ടര്‍ അപ്രഖ്യാപിത പണിമുടക്ക് നടത്തി. സ്വയം ചികിത്സ ഫലിക്കാതെ വന്നപ്പോള്‍ ഓപ്പറേറ്റരെ വിളിച്ചു. അങ്ങനെ ഏതാണ്ട് പതിനൊന്ന് മണിയായപ്പോള്‍ ഓപ്പറേറ്റര്‍മാരായ രണ്ട് ചെറുപ്പക്കാര്‍ വന്ന് സിസ്റ്റം അഴിച്ച് പരിശോധിക്കുമ്പോഴാണ് രണ്ട് സീനിയര്‍ സിറ്റിസണ്‍ വീട്ടിലേക്ക് വന്നത്.


സ്വീകരിക്കാനായി പുറത്തിറങ്ങിയ ഗൃഹനാഥനോട് മുറ്റത്ത് നിന്ന് തന്നെ പറഞ്ഞു,

“ഞങ്ങള്‍ ഇവിടത്തെ കുട്ടിയെ പെണ്ണ് കാണാന്‍ വന്നതാ”.


ഗൃഹനാഥന്‍ (പെണ്ണിന്റെ അച്ഛന്‍) അവരെ സ്വീകരിച്ച് വരാന്തയിലുള്ള കസേരയില്‍ ഇരിക്കാന്‍ പറഞ്ഞു. എന്നാല്‍ അവര്‍ അത് കേള്‍ക്കാത്ത മട്ടില്‍ വീട്ടിനകത്ത് കടന്നു. കാറ്റും വെളിച്ചവും ശബ്ദവും ഉള്ളത് കൊണ്ടായിരിക്കണം അവര്‍ നേരെ കമ്പ്യൂട്ടര്‍ റിപ്പെയര്‍ ചെയ്തുകൊണ്ടിരിക്കുന്ന മുറിയിലേക്ക് കടന്ന് അവിടെയുള്ള ഇരിപ്പിടങ്ങളില്‍ ആസനസ്ഥരായി.

“നിങ്ങളുടെ മകളെ ഒന്ന് കാണണം, എന്റെ മകന് വേണ്ടിയാ, ജോലിയുള്ള കുട്ടിയാണെന്ന് പറയുന്ന കേട്ടു, കുറിപ്പും കിട്ടിയാല്‍ കൊള്ളാം”. കൂട്ടത്തില്‍ പ്രായം കൂടിയ ആ‍ള്‍ പറഞ്ഞു.


ഗൃഹനാഥന്‍ അസ്വസ്ഥനായി, റിപ്പെയര്‍ ചെയ്തുകൊണ്ടിരിക്കുന്ന അന്യ ചെറുപ്പക്കാരുടെ മുന്നില്‍ വെച്ച് വീട്ടുകാര്യം എങ്ങനെ പറയും,


“നമുക്ക് പുറത്തിരുന്ന് കാര്യങ്ങള്‍ പറയാം”.

എന്നാല്‍ വന്നവര്‍ ഇതൊന്നും ശ്രദ്ധിക്കുന്ന മട്ടില്ല,

“നല്ല ചൂട്, ഇവിടെ ഇരിക്കാം” രണ്ടാമന്‍ പറഞ്ഞു. തുടര്‍ന്ന് ചെറുക്കന്റെ അച്ഛന്‍ മോണിറ്റര്‍ ചൂണ്ടി ചോദിച്ചു,

“ഇതെന്താ ഇവിടെ ഇത്ര ചെറിയ ടീവി, നമ്മളെ വീട്ടിലെ ടീവി ഇതിന്റെ നാലിരട്ടി വലുതാ“.


ചോദ്യം അവഗണിച്ച് കൊണ്ട് ഗൃഹനാഥന്‍ പറഞ്ഞു,

“നിങ്ങള്‍ വന്ന കാര്യം പറയ്”,


“അത് എന്റെ മകന്‍ വേണ്ടി പെണ്ണ് കാണാനാണ് ഞങ്ങള്‍ വന്നത്, ഇത് അവന്റെ കാരണവരാണ്. ഞങ്ങളുടെ വീട്……“.വീടിനെയും വീട്ടുകാരെപറ്റിയും ലഘുവിവരണം നല്‍കി.

“അപ്പോള്‍ മകന്‍ നാട്ടിലില്ലെ?” വിദേശത്ത് നല്ല ജോലിയായിരിക്കുമെന്ന് വിശ്വസിച്ച് ഗൃഹനാഥന്‍ (പെണ്ണിന്റെ അച്ഛന്‍) സന്തോഷിച്ചു.

“അവന്‍ പണിക്ക് പോയിരിക്കയാണ്. പിന്നെ ഞാന്‍ കണ്ട പെണ്ണിനെ എന്റെ മോന്‍ ഇഷ്ടപ്പെടും എന്ന് ഉറപ്പാണ്“. അനുസരണയുള്ള മകനെപറ്റി അച്ഛന്‍ വാചാലനായി.


പെണ്ണിന്റെ അച്ഛന്‍ ചിന്തിച്ചു,-വിദേശത്തല്ലെങ്കിലും ലീവ് എടുക്കാത്ത, ജോലിയോട് ആത്മാര്‍ത്ഥതയുള്ള പയ്യന്‍ –

അതിനിടയില്‍ ഒരു ട്രേയില്‍ ചായ കൊണ്ടു വന്ന ഗൃഹനാഥ വാതിലിനു സമീപം നിന്ന് അവരോടായി പറഞ്ഞു.

“മകള്‍ ഇവിടെയില്ലല്ലൊ, ബീ.ടെക്ക് കഴിഞ്ഞ ഉടന്‍ തന്നെ അവള്‍ക്ക് ബാഗ്ലൂരില്‍ ജോലി കിട്ടി“.

പയ്യന്റെ അച്ഛന് ചെറിയ നിരാശ വന്നു,



“എന്ത് ജോലിയാ?”



“മോള് കമ്പ്യൂട്ടര്‍ എഞ്ചിനീയറാണ്, നിങ്ങളുടെ മകന്റെ ജോലി?...”



“അവന്‍ ഗള്‍ഫില്‍ പോകാന്‍ ശ്രമിക്കുന്നുണ്ട്, അവിടെ എത്തിയാല്‍ എഞ്ചിനീയറുടെ പണി കിട്ടും. പോളീടെക്ക്നിക്കില്‍ നിന്ന് അലൂമിനിയം ഫാബ്രിക്കേഷന്‍ പഠിച്ച് പാസ്സായതാ. ഇപ്പോള്‍ കണ്ണൂരിലുള്ള ഒരു കമ്പനിയില്‍ ജോലിയാ. പിന്നെ വീട്ടില്‍ ഏഴ് പശുക്കളുണ്ട്. അരയേക്കര്‍ നെല്‍ കൃഷി ഇപ്പോഴും ഉണ്ട്. സ്വന്തമായുള്ള ഏതാണ്ട് ആറേക്കറോളം പറമ്പില്‍ തെങ്ങ് തന്നെയാ ഉള്ളത്”.



അടുക്കളയിലേക്ക് നടക്കുമ്പോള്‍ ഗൃഹനാഥയുടെ തലയില്‍ നെല്ലിന്റെയും തെങ്ങിന്റെയും ഇടക്കുള്ള കാലിത്തൊഴുത്തില്‍ വെച്ച് കമ്പ്യൂട്ടര്‍ പ്രോഗ്രാം ചെയ്യുന്ന മകളുടെ രൂപം തെളിഞ്ഞു.

5 comments:

  1. അവസാനം ഊഹിച്ചു, എന്നാലും ചിരിപ്പിച്ചു

    ReplyDelete
  2. ഹേയ്...
    കണ്ണൂരിലോ... അങ്ങനെ ഉണ്ടാവില്ലല്ലോ..
    ഹ ഹ ഹ...
    എന്നാലും, ആരെങ്കിലും‌ വഴി തെറ്റി വന്നതാവുമെന്നേ...
    (ഇത് എന്റെ പെണ്ണുകാണൽ‌ വിശേഷത്തിന്റെ മറുമൊഴി ആണെന്നു പിടികിട്ടി..)

    ReplyDelete
  3. കുമാരസംഭവം വായിച്ചപ്പോള് പെണ്ണു കാണാനുള്ള യാത്ര പോസ്റ്റാക്കാം എന്ന് ആശയം ഉണ്ടായത്. ഞാനും ഇങ്ങനെ പോയിട്ടുണ്ട്. സഹോദരന് (ഗസറ്റ്ഡ് ഉദ്യോഗസ്ഥന്)നാല് സുഹൃത്തുക്കളുമായി പെണ്ണ് കാണാന് പോയപ്പോള് ചറുപ്പക്കാരായതിനാല് അവഗണിച്ച പിതാവിനെയും പിന്നെ വേറൊരിടത്ത് “എന്താ എന്റെ മോള് ടീച്ചറായപ്പോഴേക്കും വന്നത്?” എന്ന് ചൊദ്യം ചെയ്ത പിതാവിനെയും അറിയാം.
    .. പിന്നെ പലപ്പോഴായി പെണ്ണ് കാണാന് ഏതാണ്ട് അറുപതോളം പേര് വീട്ടില് വന്നത് കൂട്ടികലര്‍ത്തിയതാണ് ഈ പോസ്റ്റ്……മിനി

    ReplyDelete
  4. "അവന്‍ ഗള്‍ഫില്‍ പോകാന്‍ ശ്രമിക്കുന്നുണ്ട്, അവിടെ എത്തിയാല്‍ എഞ്ചിനീയറുടെ പണി കിട്ടും. പോളീടെക്ക്നിക്കില്‍ നിന്ന് അലൂമിനിയം ഫാബ്രിക്കേഷന്‍ പഠിച്ച് പാസ്സായതാ. "
    കണ്ണൂരില്‍ ഇമ്മാതിരി ഒരു പാട് എന്‍ജിനീയര്‍മാര്‍ ഉണ്ട് അല്ലെ ?

    ReplyDelete
  5. പോളിറ്റെക്നിക്കില്‍ അലുമിനിയം ഫാബ്രിക്കേഷന്‍ പഠിപ്പിക്കുന്നുണ്ടല്ലേ..അല്ല ടെക് എഡു.ഡ്യരക്റ്റര്‍ക്കും പുതിയ അറിവായിരിക്കും...
    സസ്നേഹം പാവംഞാന്‍

    ReplyDelete

എന്റെ മനസ്സിലെ ഈ കൊച്ചു മിനിലോകത്തിലേക്ക് എല്ലാവര്‍ക്കും സ്വാഗതം.