“മിനിലോകം”

ഞാന്‍ മിനി... എന്റെ മനസ്സ് എന്റെ ലോകമാണ്. എന്റെ മനസ്സില്‍(ഓര്‍മ്മയില്‍) തങ്ങിനില്‍ക്കുന്ന കാര്യങ്ങള്‍,വേണ്ടതും വേണ്ടാത്തതും ഞാന്‍ ഇവിടെ പകര്‍ത്തുന്നു. ഇതു വായിക്കാം, അഭിപ്രായം എഴുതാം. ജീവിതത്തില്‍ നിന്നും ഞാന്‍ കണ്ടെത്തിയ ധാരാളം ചെറിയ‘വലിയ’ സംഭവങ്ങള്‍ ഉണ്ട്. അവയെല്ലാം ചിത്രങ്ങളോടൊപ്പം ഇവിടെ അവതരിപ്പിക്കുന്നു. എന്റെ ലോകത്തേക്ക് “മിനിലോക”ത്തിലേക്ക് ഞാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു... ചിരിക്കാം, കളിക്കാം, ചിന്തിക്കാം... എന്ന് നിങ്ങളുടെ: mini//മിനി

August 18, 2009

30. നെഗറ്റീവ് തേടി ഒരു യാത്ര...ഭാഗം2



ഹൃദയതാളം

എന്റെ ഹൃദയത്തിന് ചെറിയ റിപ്പെയര്‍ ആവശ്യമുണ്ടെന്നറിഞ്ഞ് അത് നടത്താന്‍ തയ്യാറായി തിരുവനന്തപുരം ശ്രീചിത്രയില്‍ പോയെങ്കിലും സംഭവം നടന്നില്ല. കൂടുതല്‍ പരിശോധകള്‍ നടത്തിയപ്പോള്‍ ഡോക്റ്റര്‍‌മാര്‍ കണ്ടെത്തിയത് ‘മനസ്സിന്റെ നൊമ്പരം കൊണ്ട് തകര്‍ന്ന എന്റെ ഒരു ഹൃദയവാല്‍‌വ്, മാറ്റി പകരം മറ്റൊരു വാല്‍‌വ് ഘടിപ്പിക്കണം’ എന്നാണ്. അങ്ങനെ ‘റിപ്പെയറിനു പകരം റീപ്ലേയ്‌സ്‘ ചെയ്യാന്‍ കോയമ്പത്തൂരിലെ ഒരു ആശുപത്രിയിലേക്ക് റക്കമന്റ് ചെയ്തു. ഇത് ശ്രീചിത്രയില്‍ വെച്ച് തന്നെ ചെയ്യാം. എന്നാല്‍ ഹൃദ്‌രോഗികളുടെ തിരക്ക് കാരണം ശസ്ത്രക്രീയ നടക്കാന്‍ കാലതാമസം വരും. അങ്ങനെ തകര്‍ന്ന ഹൃദയവും തകരാത്ത മനസ്സുമായി ഞങ്ങള്‍ (സഹോദരന്‍, ഭര്‍ത്താവ്, ഞാന്‍ )വീട്ടില്‍ തിരിച്ചെത്തി. രണ്ട് ദിവസം കഴിഞ്ഞ് നേരെ പോയത് കോയമ്പത്തൂരിലേക്ക്- തമിഴന്മാരുടെ ഇടയില്‍.


കോയമ്പത്തൂരിലെ അറിയപ്പെടുന്ന ഒരു ആശുപത്രിയിലാണ് ഞങ്ങള്‍ എത്തിയത്. ഹൃദ്‌രോഗത്തിനായി ഒരു പ്രത്യേക വിഭാഗവും കഴിവുള്ള ഡോക്റ്റര്‍മാരും ഇവിടെയുണ്ട്. ശ്രീചിത്രയില്‍ നിന്നും ഒരു പ്രധാന വ്യത്യാസം ഇവിടെ കാണപ്പെട്ടു. ‘ഇവിടെ രോഗം എന്നത് സാധാരണ സംഭവം മാത്രം. ഡോക്റ്റര്‍‌മാരും രോഗികളും, രോഗത്തെ ഒരു മഹാസംഭവമായി കാണുന്നില്ല. രോഗം മാറുക എന്നത് ശരീരത്തില്‍ കാണപ്പെടുന്ന അഴുക്ക് മാറ്റുന്നതു പോലെയാണ്. അതുകൊണ്ട് തന്നെ ‘ഞാന്‍ രോഗിയാണ് എന്ന ചിന്ത’ ഇല്ലാതെയാണ് ഒരോ രോഗിയും ഇവിടെ കഴിയുന്നത്‘
... പതിവ്‌ പോലെ എന്റെ ഹൃദയത്തിനുള്ളിലെ കാര്യങ്ങള്‍ പുറത്ത്‌നിന്ന് നിരീക്ഷിച്ച ശേഷം മൂന്നാഴ്ച കഴിഞ്ഞ ഒരു ശുഭമുഹൂര്‍ത്തത്തില്‍ അത് നടത്താന്‍ തീരുമാച്ചു:.. ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറിയും വാല്‍‌വ് റീപ്ലേയ്‌സ്‌മെന്റും.


ഇവിടെ ആവശ്യത്തിന് പണം കൂടാതെ രക്തദാനം ചെയ്യാന്‍ തയ്യാറുള്ള എന്റെ രക്തഗ്രൂപ്പിലുള്ള {O-Negative} മൂന്ന് ആളുകളെകൂടി ഹാജരാക്കണം. ഒരാളെ സംഘടിപ്പിച്ചതും പോകാന്‍ സമയമായപ്പോള്‍, വീട്ടുകാര്‍ അയാളെ പൂട്ടിയിട്ടതുമായ സംഭവങ്ങള്‍ എന്റെ വീട്ടുകാരും നാട്ടുകാരും മറന്നിട്ടില്ല. ഇനി ഇപ്പോള്‍ മൂന്ന്‌പേരെ കണ്ടെത്താന്‍ ജില്ലാതലത്തില്‍ തന്നെ അന്വേഷണം വേണ്ടി വരുമെന്നാണ് തോന്നുന്നത്. ഒരിക്കല്‍ അക്കിടിപറ്റിയെങ്കിലും നമ്മുടെ യുവജന നേതാവ് ‘പ്രശാന്ത്‘ തന്നെ രണ്ടുപേരെ സംഘടിപ്പിക്കുന്ന കാര്യവും ഏറ്റു. മൂന്നാമനായി ഒരു ഒ-നെഗറ്റീവ് സഹോദരന്‍ ഉണ്ടല്ലൊ. പിന്നെ ഒരിക്കല്‍ അമളി പറ്റിയവരെതന്നെ വീണ്ടും ഏല്പിക്കുന്നത് ശരിയാണോ എന്ന ചോദ്യം ഇവിടെയുണ്ട്. അങ്ങനെയല്ലാതെ രക്തദാനം വിലകൊടുത്തു വാങ്ങാന്‍ ഞങ്ങള്‍ക്ക് ധൈര്യം വന്നില്ല. പ്രശാന്തിനോട് ഒരു കാര്യം പ്രത്യേകം പറഞ്ഞു, “ഒ-നെഗറ്റീവ് ആണെങ്കിലും കഴിഞ്ഞ തവണ പറ്റിച്ചവനെ വീണ്ടും നിര്‍ബന്ധിച്ച് വിളിച്ചേക്കരുത്”.


...
ഞങ്ങളെ ആശ്ചര്യപ്പെടുത്തിക്കൊണ്ട് വെറും രണ്ട് ദിവസത്തിനുള്ളില്‍ ‘ഒ-നെഗറ്റീവ്’ ആയ രക്തദാനത്തിന് തയ്യാറായ ഒരു വ്യക്തിയെ കണ്ടെത്തി. നാട്ടിലെ ഒരു നേതാവ് തന്നെ. സ്വന്തമായി നടത്തുന്ന പാരലല്‍ കോളേജ് പ്രിന്‍സിപ്പലാണ് അദ്ദേഹം. ഈ സന്തോഷവാര്‍ത്ത അറിയിച്ച പ്രശാന്ത് (യുവജന നേതാവ്) പറഞ്ഞു, “അടുത്ത ആളെയും പെട്ടെന്ന് ഞങ്ങള്‍ തന്നെ കണ്ടുപിടിക്കും”. ഒരാഴ്ച കഴിഞ്ഞപ്പോള്‍‌തന്നെ അടുത്ത ആളെയും കണ്ടെത്തി. ഒരു ചെറിയ ബന്ധം ഉള്ളവനാണ്; ഞങ്ങള്‍ അവനെ വിളിക്കുന്ന പേര്‍ ഷാജി (ഡിഗ്രി വിദ്യാര്‍ത്ഥിയാണ്). പിന്നെ മൂന്നാമന്‍ എന്റെ നാല് സഹോദരങ്ങളില്‍ ഒരാള്‍. (അവനും പാരലല്‍ കോളേജ് പ്രിന്‍സിപ്പലാണ്) എല്ലാവരും യുവാക്കള്‍ തന്നെ. ഇവിടെ രണ്ട് പ്രിന്‍സിപ്പല്‍‌മാരുടെയും കാര്യം ok. എന്നാല്‍ ഷാജിയുടെ കാര്യത്തില്‍ അല്പം സംശയം എനിക്ക് തോന്നിയിരുന്നു.


പതിവിലും വളരെ സന്തോഷത്തോടെയാണ് ഞങ്ങള്‍ കോയമ്പത്തൂരിലേക്ക് പുറപ്പെട്ടത്. തിരുവനന്തപുരത്ത് പോയതുപോലെ ഞാനും സഹോദരനും ഭര്‍ത്താവും ചേര്‍ന്ന യാത്ര തന്നെ. കാര്യമായ ഒരു ശസ്ത്രക്രീയക്ക് പോകുമ്പോള്‍ കൂടെ വരാന്‍ മറ്റ് ബന്ധുക്കള്‍ തയാറുണ്ടെങ്കിലും ആവശ്യമില്ലെന്ന് പറഞ്ഞ് ഒഴിവാക്കി. കണ്ണൂര്‍ റെയില്‍‌വേ സ്റ്റേഷനില്‍ ഞങ്ങള്‍ എത്തുന്നതിന് മുന്‍പ്‌തന്നെ നേതാവ് പ്രശാന്തും എന്റെ രക്തദാതാക്കളും എത്തിച്ചേര്‍ന്നിരുന്നു. പിറ്റേദിവസം ആശുപത്രിയില്‍ എത്തി രക്തം കൊടുത്തുകഴിഞ്ഞാല്‍ അവര്‍ മൂന്ന് പേരുടെയും ഡ്യൂട്ടി കഴിഞ്ഞ് തിരിച്ച് പോരാം (സഹോദരന്‍ ഒഴികെ). സ്ക്കൂളില്‍ നിന്ന് ആവശ്യത്തിന് ലീവ് എടുത്തു പകരം സംവിധാനം ഏര്‍പ്പെടുത്തി. അങ്ങനെ ഒരു ഒക്റ്റോബര്‍ ഒന്നാം തീയ്യതി രാത്രി ഞങ്ങള്‍ യാത്രയായി. കേരളത്തിന് പുറത്ത് ഒരു ഉല്ലാസയാത്രയായിട്ടാണ് അപ്പോള്‍ എനിക്ക് തോന്നിയത്.


‘എനിക്ക് എന്താണ് രോഗം?‘ ഞാന്‍ എന്നോട് തന്നെ ചോദിക്കുന്ന സംശയമാണ്. ‘ശാരീരികമായ ക്ഷീണം‘; ജലദോഷം വന്നാലും കഠിനാധ്വാനം ചെയ്താലും ഒരു പോലെ ക്ഷീണം. പിന്നെ ചെറിയ കയറ്റം കയറിയാല്‍ ഹൃദയമിടിപ്പ് കൂടി നെഞ്ച്‌വേദന വരും. ‘ഇത്രയേ ഉള്ളു, അല്ലാതെ മറ്റൊന്നും ഇല്ല, കേട്ടോ,’. പിന്നെ എപ്പോഴും എന്റെ വീടും സ്ക്കൂളും സ്ഥിതിചെയ്യുന്നത് ‘നടത്തവും മേലോട്ടുള്ള കയറ്റവും’ ഒഴിവാക്കാന്‍ പറ്റാത്ത സ്ഥലങ്ങളിലാണ്. അധികം പ്രയാസമില്ലാതെ ഒന്ന് കോണിപ്പടി കയറുക അത് മാത്രമാണ് ഞാന്‍ കൊതിച്ചത്. ഡോക്റ്റര്‍‌മാര്‍ പറഞ്ഞത് ഇനിയും വൈകിയാല്‍ ഹൃദയത്തിന് ജോലിഭാരം കൂടുമ്പോള്‍ ചിലപ്പോള്‍ പണിമുടക്കും എന്നാണ്. അപ്പോള്‍‌പിന്നെ പെട്ടന്നുള്ള മാര്‍ഗ്ഗം നോക്കണമല്ലോ. ‘ശബരിമല കയറാന്‍ എനിക്ക് കൊതിയില്ല; എന്നാല്‍ പറശ്ശിനിക്കടവ് മുത്തപ്പനെ സന്ദര്‍ശ്ശിച്ചശേഷം പ്രയാസം കൂടാതെ പടികള്‍ കയറി തിരിച്ച് വരാന്‍ മാത്രം കഴിഞ്ഞാല്‍ മതി’.


പിറ്റേദിവസം കോയമ്പത്തൂരില്‍ എത്തി താമസ സ്ഥലം കണ്ടെത്തിയതിന് ശേഷം ആശുപത്രിയില്‍ പോയി പരിശോധന കഴിഞ്ഞ് ഞാന്‍ അവിടെ അഡ്‌മിറ്റ് ആയി. മൂന്ന് പുരുഷന്മാരുടെയും രക്തം പരിശോധനക്ക് ശേഷം ശേഖരിച്ചു. ഇതില്‍ നേതാവ് പ്രിന്‍സിപ്പല്‍ അന്ന് തന്നെ സ്ഥലം വിട്ടു. ഷാജി ഏതാനും ദിവസം കൂടി ആശുപത്രിയില്‍ തങ്ങാന്‍ തീരുമാനിച്ചു. ഷാജിയുടെ തിരിച്ചുപോക്കിന് ചെറിയ പ്രശ്നമുണ്ടെന്ന് അപ്പോഴാണ് മനസ്സിലായത്. അവന്റെ കോയമ്പത്തൂര്‍ യാത്രയും രക്തദാനവും വീട്ടുകാര്‍ അറിയില്ല. (ബന്ധുവാണെങ്കിലും വീട്ടുകാര്‍ രക്തദാനത്തിന്റെ കാര്യം അറിഞ്ഞാല്‍ സമ്മതിക്കില്ല എന്ന് ഉറപ്പാണ്) കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആക്സിഡന്റ് ആയി അഡ്‌മിറ്റ് ചെയ്ത ഒരു സുഹൃത്തിന്റെ കൂടെ ഒരാഴ്ച നില്‍ക്കാനുള്ള അനുവാദം വാങ്ങിയാണ് അവന്‍ വീട്ടില്‍‌നിന്ന് ഇറങ്ങിയത്. അതുകൊണ്ട് ഏതാനും ദിവസം കഴിഞ്ഞ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോയി സുഹൃത്തിനെ സന്ദര്‍ശ്ശിച്ചശേഷം മാത്രമാണ് ഷാജി സ്വന്തം വീട്ടില്‍ പോകുന്നത്. രക്തദാനത്തെ കുറിച്ച് വീട്ടുകാര്‍ അറിഞ്ഞ് അവനെ പൂട്ടിയിടാതിരിക്കാന്‍ നേതാവ് ഒപ്പിച്ച സൂത്രമാണിത്.


ഒരു ദിവസം കഴിഞ്ഞ് ഒക്റ്റോബര്‍ നാലാം തീയ്യതി എട്ട് മണിക്ക് ഓപ്പറേഷന്‍ തീയറ്ററിലേക്ക് പുറപ്പെട്ടു. അതായത് ഓപ്പറേഷന്‍ യൂനിഫോമില്‍ പൊതിഞ്ഞ് ഉന്തുവണ്ടിയില്‍ കിടന്നുള്ള യാത്ര പതുക്കെ, ഒരു മണിക്കൂര്‍ കൊണ്ടാണ് തീയറ്ററിനകത്ത് അവസാനിച്ചത്- ഒന്‍പത് മണിക്ക്. കാരണം ആ യാത്രക്കിടയില്‍ പരിശോധനകളും കുത്തിവെയ്പ്പും ചോദ്യം ചെയ്യലും ധാരാളം ഉണ്ടായിരുന്നു. (രോഗിയോട് ഇംഗ്ലീഷില്‍ സംസാരിക്കാനുള്ള അവസരം തമിഴ് മാത്രം സംസാരിച്ച് ശീലിച്ച വെള്ളപ്രാവുകള്‍ പരമാവധി പ്രയോജനപ്പെടുത്തി).


അങ്ങനെ പോയി ഒടുവില്‍ ഓപ്പറേഷന്‍ തീയറ്ററില്‍ കടന്ന് മുകളിലുള്ള തീവ്രമായ പ്രകാശം കണ്ടത് ഓര്‍മ്മയുണ്ട്. സുഖകരമായ ഉറക്കത്തിലേക്ക് ഞാന്‍ ലയിച്ചത് എങ്ങനെയെന്നോ എപ്പോഴെന്നോ എനിക്കറിയില്ല. പിന്നെ ഇടക്ക് എപ്പോഴോ ഒരു സ്വപ്നം കണ്ടിരുന്നു-ഒരു ട്രാന്‍‌സ്‌ഫോര്‍മര്‍ പോലെ പലതരം കേബിളുകളും ഉപകരണങ്ങളും കൊണ്ട് എന്നെ ചുറ്റിയിരിക്കുന്നു- പിന്നെ വീണ്ടും സുഖകരമായ മയക്കത്തില്‍. ഒടുവില്‍ ഉറക്കം ഞെട്ടിയത് ഇതുവരെ കേള്‍ക്കാത്ത ഭാഷയില്‍ എന്റെ പേര്‍ ഉച്ചത്തില്‍ വിളിക്കുന്നത് കേട്ടാണ്. അപ്പോഴേക്കും ആറ് ദിവസം കഴിഞ്ഞിരുന്നു.


തിയ്യറ്ററില്‍ നിന്ന് വാര്‍ഡില്‍ വന്ന് ഒരാഴ്ച കഴിഞ്ഞ് കിടക്കയില്‍ കിടന്ന്‌തന്നെ ഞാന്‍ എന്റെ രോഗവിവരങ്ങള്‍ –അതുവരെ ആശുപത്രിയില്‍ നിന്ന് ചെയ്ത കാര്യങ്ങള്‍- വായിച്ചു. എന്റെ ഹൃദയത്തിന്റെ സ്വന്തമായ വാല്‍‌വ് മാറ്റി പകരം കൃത്രിമവാല്‍വ് പ്രവര്‍ത്തിക്കുകയാണെന്ന് തിരിച്ചറിഞ്ഞു. നാലാം തീയ്യതി ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറി വിജയകരമായി നടന്നു. എന്നാല്‍ ഒരു ദിവസം കഴിഞ്ഞ് ആറാം തീയ്യതി ഞാന്‍ പോലുമറിയാതെ വീണ്ടും ഒരു ശസ്ത്രക്രീയ കൂടി നടന്നു. Reopened and removed clots inside the heart.... പ്രശ്നം ഗുരുതരമായപ്പോള്‍ ഒന്നുകൂടി ഹൃദയം തുറന്ന് രക്തക്കട്ടകള്‍ നീക്കം ചെയ്തു. എല്ലാവരും ഭയപ്പെടുക മാത്രമല്ല, ഇതുവരെ നാട്ടിലുള്ള ഒരു ദൈവത്തിനെയും പ്രാര്‍ത്ഥിക്കാത്ത ഭര്‍ത്താവ് തമിഴ്‌നാട്ടിലെ മുരുകന്‍‌കോവിലില്‍ പോയി തൊഴുതു. അങ്ങനെ ഞാന്‍ സുഖമായി ഉറങ്ങുമ്പോള്‍ എന്റെ ഹൃദയം ഉണ്ടാക്കിയ പ്രശ്നങ്ങള്‍ തിരിച്ചറിഞ്ഞതോടെ പിന്നീടുള്ള എന്റെ ഉറക്കത്തിന്റെ സുഖം നഷ്ടപ്പെട്ടു..


ഞാന്‍ ഒരിക്കലും രോഗത്തിന്റെ അടിമയായിട്ടില്ല. ആശുപത്രി മരുന്ന് എല്ലാം ജീവിതത്തിന്റെ ഒരു ഭാഗമായി മാറുകയാണ് ചെയ്തത്. സംഭവിക്കാനുള്ളത് സംഭവിച്ചു എന്ന് തിരിച്ചറിഞ്ഞ് എല്ലാം വിധിയുടെ ഒരു തമാശയാണെന്ന് മനസ്സിലാക്കി ഞാന്‍ ചിരിക്കുന്നു.


പിന്‍‌കുറിപ്പ്:

  1. ഈ പോസ്റ്റ് ശരിക്കും മനസ്സിലാവാന്‍ മിനിലോകത്തിലെ -23, 28- എന്നീ പോസ്റ്റുകള്‍ കൂടി ചേര്‍ത്ത് വായിക്കേണ്ടതാണ്.
  2. കയറ്റം-ഇറക്കം എന്നിവ ഞാന്‍ പോകുന്നിടത്തെല്ലാം എന്നെ പിന്‍‌തുടരും. വീട് മുതല്‍ ബസ്‌സ്റ്റോപ്പ് വരെ, ബസ്‌സ്റ്റോപ്പ് മുതല്‍ സ്ക്കൂള്‍ വരെ. ജനിച്ച് വളര്‍ന്ന വീട്ടിലും ഭര്‍ത്താവിന്റെ വീട്ടിലും സ്വന്തമായി താമസ്സിക്കുന്ന വീട്ടിലും കുന്ന് കയറ്റവും ഇറക്കവും ഉണ്ട്. പിന്നെ ട്രാന്‍‌സ്ഫര്‍ ലഭിച്ച് പോകുന്ന എല്ലാ സ്ക്കൂളുകളിലും കാണും കുന്നുകള്‍. ഒടുവില്‍ കയറ്റം തീരെയില്ലാത്ത റോഡ് സൈഡിലുള്ള സ്ക്കൂളില്‍ എത്തിയപ്പോള്‍ അവിടെയും ഉണ്ട് ‘കുന്ന്‘ – സ്ക്കൂളിന്റെ പേരില്‍ ഒരു ചെറിയ കുന്ന് – ഓപ്പറേഷന്‍ സമയത്ത് എന്നെ സഹിച്ചതും സഹായിച്ചതും അവിടെയുള്ളവരാണ്.
  3. ഹൃദയ ശസ്ത്രക്രീയ നടത്താന്‍ മാത്രമല്ല എല്ലാചികിത്സക്കും സര്‍ക്കാര്‍ ജീവനക്കാരി എന്നനിലയില്‍ സാമ്പത്തികമായ ആനുകൂല്യം അക്കാലത്ത് (15 വര്‍ഷം മുന്‍പ്) എളുപ്പത്തില്‍ ലഭ്യമായിരുന്നു.

14 comments:

  1. വേദനകളൊക്കെ നർമ്മത്തിൽ ചാലിച്ച് അതീവ രസകരമായി എഴുതിയിരിക്കുന്നു. മനോഹരമായ ആഖ്യാന ശൈലി.

    ReplyDelete
  2. നന്നയിട്ടുണ്ട്... ഹ്രുദയം ശസ്ത്രക്രിയക്കല്ലാതെ തുറന്നിരിക്കുന്നു.. ഈ പോസ്റ്റിലൂടെ

    ReplyDelete
  3. നന്നായി........ആശംസകള്‍..

    ReplyDelete
  4. in fact i was waiting for the 2nd part...nice ending...

    expect...more...you can do it.

    ReplyDelete
  5. കുമാരന്‍|kumaran (...
    അഭിപ്രായത്തിന് നന്ദി.
    രഞിത് വിശ്വം|ranjith viswam (...
    നന്ദി അറിയിക്കുന്നു.
    comicola (...
    നന്ദി അറിയിക്കുന്നു.
    Prasanth (...
    വളരെ നന്ദി.

    ReplyDelete
  6. (15 വര്‍ഷം മുന്‍പ്) എളുപ്പത്തില്‍ ലഭ്യമായിരുന്നു.
    ഇപ്പോള്‍ ആ സംവിധാനം ഇല്ലേ
    കൊള്ളാം നല്ല കുറിപ്പ് ഇഷ്ടപ്പെട്ടു

    ReplyDelete
  7. പാവപ്പെട്ടവന്റെ സംശയം ശരിയാണ്. മുന്‍പ് സര്‍ക്കാര്‍ ജീവനക്കാരെ (ആശൃതരെയും) സര്‍ക്കാരിന്റെ ഡോക്റ്റര്‍ ചികിത്സിച്ചാല്‍ വരുന്ന മരുന്നിന്റെ ബില്ല് തുക എളുപ്പത്തില്‍ reimbursement ചെയ്യാന്‍ കഴിഞ്ഞിരുന്നു. കണ്ണൂര്‍ ജില്ലയില്‍ അക്കാലത്ത് ഏറ്റവും കൂടുതല്‍ തവണ ഇങ്ങനെ ചെലവായ തുക വാങ്ങിയിയത് ഞാനായിരിക്കും. എന്നാല്‍ പിന്നീട് അതിന് പല തടസ്സങ്ങളും വന്നു. ഇന്ന് പല രോഗത്തിനും സഹായം ലഭിക്കുന്നുണ്ടെങ്കിലും അത്ര എളുപ്പമല്ല.( ഈ സഹായം ദുരുപയോഗപ്പെടുത്തിയവരും ഉണ്ട്)

    ReplyDelete
  8. എന്തായാലും അന്നത്തെ ആ ഓപ്രേഷന്‍ കൊണ്ട്‌ ഇന്നും ആരോഗ്യത്തോടെ ഇരിക്കുന്നില്ലേ... ദൈവത്തിനു സ്തുതി. പിന്നെ ആ ഡോക്റ്റര്‍മാര്‍ക്കും.

    ReplyDelete
  9. Manoharam... thudaruka...!
    Ashamsakal...!!!

    ReplyDelete
  10. പ്രിയ്യ മിനി,

    ഒരു ബൈപ്പാസ്സ് ശസ്ത്രക്രീയക്ക് ഞാനും വിധേയനായിട്ടുണ്ട്, 18 കൊല്ലം മുമ്പ് ശ്രീ ചിത്രാ മെഡിക്കൽ സെന്ററിൽ വച്ച്. മിനിക്ക് സംഭവിച്ചതു പോലെ മൂന്നാം ദിവസം തുന്നിക്കെട്ടു മുഴുവൻ അഴിച്ച് നീക്കേണ്ടി വന്നു. കെട്ടിക്കിടക്കുന്ന രക്തം വാർത്തു കളയാൻ. സ്വന്തക്കാരേയും ബന്ധുക്കളേയും എല്ലാം അബോധാവസ്ഥയിലുള്ള എന്റെ ശരീരത്തിനെ ഒന്നു കൂടി കാണാനനുവദിച്ച ശേഴമാണ് തീയ്യേറ്ററിലേക്ക് കെട്ടിയെടുത്തതു.

    സത്യത്തിൽ ആശുപത്രിക്കാർക്കു പോലും ആശയില്ലായിരുന്നുവെന്നു എന്റെ ഭാര്യ പറയുന്നു.

    പക്ഷേ 18 വർഷങ്ങൾക്ക് ശേഷവും ഞാൻ ഇപ്പോഴും ഉഷാർ. ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഇല്ലെന്നു തന്നെ പറയാം. പ്രായാധിക്ക്യത്തിന്റെ പ്രശ്നം ഉണ്ട്. പക്ഷേ എല്ലാത്തിനും കൂടിയായി പ്രമേഹം പിടിപെട്ടു. അതു മതിയല്ലോ ജീവിതം കുട്ടിചോറാകാൻ.

    ReplyDelete
  11. മോഹനം (...
    വളരെ നന്ദി.
    Sureshkumar Punjhayil (...

    വളരെ നന്ദി.
    അങ്കിള്‍ (...
    അനുഭവങ്ങള്‍ പങ്ക് വെച്ച അഭിപ്രായം എഴുതിയതിനു വളരെ നന്ദി. പിന്നെ മാതൃഭാഷയില്‍ മനസ്സുതുറന്ന് മിനിലോകം തുറക്കാന്‍ സഹായിച്ച അങ്കിളിന് പ്രത്യേകം നന്ദി പറയുന്നു.

    ReplyDelete
  12. മിനിടീച്ചർ ഇതു ഞാൻ ഇപ്പോഴാ കണ്ടത്....വേദനയില്ലാത്ത...(മയക്കി കിടത്തി)യുള്ള കത്തിവക്കൽ പ്രസ്നമല്ലാ...പക്ഷേ വേദനയോടെയുള്ള കത്തിവക്കൽ ഭയങ്കർ വിഷമമാണ്..................തങ്കൾ കാര്യങ്ങൾ സരസ്സമയി പരഞ്ഞിരിക്കുന്നൂ..........ആയൂർ ആരോഗ്യം നേരുന്നൂ

    ReplyDelete
  13. ടീച്ചർ,
    ഇതെങ്ങിനെ സ്വന്തം കാര്യം ഇത്ര ലാഘവത്തോടെ എഴുതാൻ പറ്റുന്നു?

    ReplyDelete

എന്റെ മനസ്സിലെ ഈ കൊച്ചു മിനിലോകത്തിലേക്ക് എല്ലാവര്‍ക്കും സ്വാഗതം.