“മിനിലോകം”

ഞാന്‍ മിനി... എന്റെ മനസ്സ് എന്റെ ലോകമാണ്. എന്റെ മനസ്സില്‍(ഓര്‍മ്മയില്‍) തങ്ങിനില്‍ക്കുന്ന കാര്യങ്ങള്‍,വേണ്ടതും വേണ്ടാത്തതും ഞാന്‍ ഇവിടെ പകര്‍ത്തുന്നു. ഇതു വായിക്കാം, അഭിപ്രായം എഴുതാം. ജീവിതത്തില്‍ നിന്നും ഞാന്‍ കണ്ടെത്തിയ ധാരാളം ചെറിയ‘വലിയ’ സംഭവങ്ങള്‍ ഉണ്ട്. അവയെല്ലാം ചിത്രങ്ങളോടൊപ്പം ഇവിടെ അവതരിപ്പിക്കുന്നു. എന്റെ ലോകത്തേക്ക് “മിനിലോക”ത്തിലേക്ക് ഞാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു... ചിരിക്കാം, കളിക്കാം, ചിന്തിക്കാം... എന്ന് നിങ്ങളുടെ: mini//മിനി

August 29, 2009

31. വീട്ടുകാരെ കാത്തിരിക്കും വീടുകള്‍

                
                    തലചായ്ക്കാന്‍ ഒരിടം ?
                    വളരെ മനോഹരമായ വീട്; ഫിനിഷിങ്ങ് പൂര്‍ത്തിയായ അഞ്ച് ബഡ്‌റൂം ഉള്ള എല്ലാ സൌകര്യത്തോടും കൂടിയ ആ വലിയ വീട് സ്ഥിതിചെയ്യുന്നത്, ഗ്രാമപ്രദേശത്തെ അതിവിശാലമായ പറമ്പിന്റെ നടുവിലാണ്. വീടിന്റെ മുറികളിലെല്ലാം പലതവണ ഞാന്‍ കയറിയിറങ്ങി മുക്കും മൂലയും പരിശോധിച്ചു. എന്തോ ഒരു പന്തികേട് തോന്നിയപ്പോള്‍ വീണ്ടും വീണ്ടും ശ്രദ്ധിച്ചുനോക്കി. ഒരു കുടും‌ബത്തിന് അവിടെ സ്ഥിരമായി ജീവിക്കാന്‍ വേണ്ട സംവിധാനങ്ങള്‍ ഒന്നും അവിടെ കാണപ്പെട്ടില്ല. വീട്ടുകാര്‍ക്ക് ദിവസേന ഉപയോഗിക്കേണ്ട വസ്ത്രങ്ങള്‍, പാത്രങ്ങള്‍, പുസ്തകങ്ങള്‍, അടുക്കള ഉപകരണങ്ങള്‍, ആദിയായവ ഒന്നും അവിടെ ഇല്ല.


                 ഇന്നലെ പുതിയതായി നിര്‍മ്മിച്ച വീടിന്റെ ഗൃഹപ്രവേശന കര്‍മ്മത്തിന് പങ്കെടുക്കാന്‍ പോയതാണ്. സര്‍ക്കാര്‍ സര്‍വീസില്‍ ജോലിയുള്ള, സ്വന്തമായിട്ടും ഭാര്യവീട്ടുകാരുടെ വകയായും ധാരാളം സ്വത്തും പണവും ഉള്ള ഒരു ബന്ധുവിന്റെതാണ് വീട്. സമ്മാനങ്ങള്‍ പാടില്ല, എന്ന് പ്രത്യേകം പറഞ്ഞതുകൊണ്ട്, വളരെ സന്തോഷത്തോടെ രണ്ട് കൈയും വീശിയാണ് പോയത്. ക്ഷണിക്കപ്പെട്ട ധാരാളം വീഐപി,കള്‍ ഉണ്ട്. ഭക്ഷണം അടിപൊളി; (ഇവിടെ കണ്ണൂരിലുള്ള ഒരു വലിയ വിഭാഗത്തിന് വിശേഷദിവസങ്ങളില്‍ നടക്കുന്ന ‘സദ്യ’ നോണ്‍ ആയിരിക്കും. പിറന്നാളിനും നാല്പതാം അടിയന്തിരത്തിനും കല്ല്യാണത്തിനും ഓണത്തിനും വിഷുവിനും യാത്രയയപ്പിനും; കത്തിവീഴുന്നത് കോഴികളുടെ കഴുത്തിലായിരിക്കും) ആ വീട്ടില്‍ എത്തിയപ്പോള്‍ വളരെ നല്ല സ്വീകരണം; വൈകുന്നേരം ‘മുത്തപ്പന്‍ വെള്ളാട്ടം’ കൂടിയുണ്ട്.


                    തിരിച്ച് പോരാന്‍‌നേരത്താണ് എനിക്ക് പ്രധാന വാര്‍ത്ത കിട്ടിയത്. ‘വീട്ടുകാര്‍ അവിടെ സ്ഥിരമായി താമസിക്കുകയില്ല’. അച്ഛനും അമ്മയും എട്ടാംക്ലാസ്സുകാരിയായ മകളും മാത്രമടങ്ങിയ മൈക്രോ കുടുംബത്തിന്റെതാണ് വീട്. അദ്ദേഹത്തിന് രണ്ട് വീടുകള്‍ സ്വന്തമായി ലഭിക്കാനുണ്ട്. ഒന്ന് അമ്മയുടെ വീട് - ‘പത്ത് വര്‍ഷം മുന്‍പ് അച്ഛന്‍ നിര്‍മ്മിച്ച പുതുമ മാറാത്ത കോണ്‍‌ക്രീറ്റ് വീടാണ്’. രണ്ടാമത് ഭാര്യവീട്‘ - ആധുനിക സൌകര്യങ്ങള്‍ നിറഞ്ഞ ആ വീട്ടിലാണ് ഭര്‍ത്താവും ഭാര്യയും മകളും സ്ഥിരമായി താമസ്സിക്കുന്നത്’.
                 ആദ്യത്തെ കണ്‍‌മണിക്ക് ശേഷം കണ്‍‌മണിയില്ലാത്ത ഇവര്‍ക്ക് അഞ്ച് ബഡ്‌റൂം ഉള്ള വീട് എന്തിന്നാണ് എന്ന് നിങ്ങളും ഞാനും ചോദിച്ചാല്‍ അദ്ദേഹത്തിന് ഉത്തരം ഉണ്ട്; “മകള്‍ വലുതായാല്‍ അച്ഛന്‍ അവള്‍ക്ക് വീട് നിര്‍മ്മിച്ചില്ല എന്ന പരാതി വേണ്ടല്ലോ. ഇടയ്ക്കിടെ വന്ന് ഇവിടെ താമസിക്കാമല്ലോ”.


                   തലചായ്ക്കാന്‍ ഒരിടം തേടി ആയിരമായിരം മനുഷ്യര്‍ അലയുകയാണ്. എന്നാല്‍ താമസിക്കാന്‍ ആളില്ലാതെ വര്‍ഷങ്ങളായി അടച്ചിട്ട വീടുകള്‍ എല്ലായിടത്തും കാണാന്‍ കഴിയും. ഇക്കാര്യത്തില്‍ പട്ടണങ്ങളും ഗ്രാമങ്ങളും തമ്മില്‍ വ്യത്യാസമില്ല. ആളില്ലാവീടുകളുടെ ഒരു കണക്കെടുപ്പ് നടത്തേണ്ടത് അത്യാവശ്യമാണ്. ചില വീടുകള്‍ നിര്‍മ്മാണത്തിനു ശേഷം മനുഷ്യഗന്ധം അറിയാത്തവയാണ്. ലക്ഷങ്ങളും കോടികളും ചെലവഴിച്ച് വീട് നിര്‍മ്മിക്കണമെന്നല്ലാതെ ‘അതില്‍ സ്ഥിരമായി താമസിക്കാന്‍ കഴിയുമോ?’ എന്ന ചിന്തയൊന്നും, ചില വീടുകളുടെ ഉടമസ്ഥന് ഇല്ല.


                ‘ഫ്ലാറ്റുകൾ’ പട്ടണങ്ങളില്‍ നിന്നും ഗ്രാമങ്ങളിലേക്ക് കുടിയേറിയിരിക്കയാണ്. കാട്ടിലും മലയിലും കായലോരത്തും കടല്‍തീരത്തും ഫ്ലാറ്റുകള്‍ മാനം‌മുട്ടെ ഉയരുകയാണ്. അണുകുടുംബത്തിന് ഏറ്റവും നല്ലത് ഫ്ലാറ്റുകളാണ്. പലസ്ഥലത്തുനിന്ന് വന്ന, ഒറ്റപ്പെട്ടവരാണെങ്കിലും, ഒരു വലിയ കുടുംബത്തെപോലെ ഫ്ലാറ്റിലെ അന്തേവാസികള്‍ക്ക് ജീവിക്കാം. എന്നാല്‍ ഫ്ലാറ്റുകളുടെ പരസ്യത്തില്‍ തന്നെ പറയുന്നത്, അത് വാടകക്ക് കൊടുത്താല്‍ കിട്ടുന്ന ലാഭത്തെ കുറിച്ചാണ്. ഭൂമിയില്‍ നങ്കൂരമിട്ട വീടുകള്‍ക്ക് പകരം നില്‍ക്കാന്‍ ഫ്ലാറ്റുകള്‍ക്ക് കഴിയുമോ?


                   മനുഷ്യനെപോലെ വീടുകള്‍ക്കുമുണ്ട് ‘ശൈശവം,കൌമാരം, യൌവനം, വാര്‍ദ്ധക്ക്യം’ ആദിയായവ. ചില വീടുകള്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും യൌവനം കാത്തുസൂക്ഷിക്കുന്നവയാണ്. ചിലത് പെട്ടെന്ന്‌തന്നെ വാര്‍ദ്ധക്ക്യം ബാധിച്ച് തകരുന്നു. എന്നാല്‍ വേറിട്ടു നില്‍ക്കുന്ന ചില വീടുകളുണ്ട്; ശൈശവത്തില്‍ നിന്നും പിന്നെ വളര്‍ച്ചയില്ലാത്തവ. ഏതാനും വര്‍ഷം കഴിഞ്ഞാല്‍ അകാലവാര്‍ദ്ധക്ക്യം ബാധിച്ച് ചരമമടയുന്ന വീടുകളെ നമുക്ക് ചുറ്റും കാണാന് കഴിയും.


                   താമസക്കാരനില്ലാത്ത; വര്‍ഷങ്ങളായി ആരും കയറിവരാത്ത വീടുകളില്‍ അനേകം അന്തര്‍നാടകങ്ങള്‍ കാണും. രാത്രിയുടെ ഇരുട്ടില്‍, ചില രാത്രിഞ്ചരന്മാര്‍ ആദ്യം വീടിന്റെ പിന്നില്‍ കടന്ന് ജനലൊ വാതിലൊ പൊളിച്ച് അകത്തു കടക്കുന്നു. അങ്ങനെ അധോലോകത്തിന്റെ താവളമാകുന്ന വീടുകള്‍ക്ക് അനേകം കഥകള്‍ ഉടമസ്ഥനോട് പറയാന്‍ കാണും. സ്വയം പീഡനത്തിന്റെ കഥ, മദ്യപാനികള്‍ പൊട്ടിച്ച കുപ്പിയുടെയും തിന്ന കോഴിയുടെയും കഥ, ലഹരിയുടെ-മയക്കുമരുന്നിന്റെ കഥ, കുട്ടികളെ പീഡിപ്പിച്ച കഥ, രാത്രി മുഴുവന് അധ്വാനിച്ചതിന്റെ കൂലിക്ക് പകരം, കിട്ടിയ ഭീഷണിയുടെ മുന്നില് കരഞ്ഞിറങ്ങുന്ന ലൈംഗികതൊഴിലാളിയുടെ കണ്ണീരിന്റെ കഥ, കവര്‍ച്ചയും കൊലപാതകവും ആസൂത്രണം ചെയ്ത കഥ; അങ്ങനെ ഓരോ ദിവസവും പുതിയ കഥകളുമായി ആളില്ലാവീട് കാത്തിരിക്കുകയാണ്.


                ഈ കാത്തിരിപ്പിനൊടുവില്‍ കാറ്റും മഴയും കലങ്ങിമറിയുന്ന ഒരു ദിവസം ആ വീട് നിലം‌പതിക്കുമെന്ന് വിശ്വസിച്ച നമുക്ക് തെറ്റി. ഇന്നത്തെ വീടുകള്‍ പണ്ടെത്തെപോലെ കല്ലും മണ്ണും ചേര്‍ന്ന് നിര്‍മ്മിച്ചതല്ല, സുനാമിയും ഭൂകമ്പവും അതിജീവിക്കാന്‍ വേണ്ടി നിര്‍മ്മിച്ച കോണ്‍‌ക്രീറ്റ് വീടാണ്. അതുകൊണ്ട് അവയവങ്ങള്‍ ഓരോന്നായി നഷ്ടപ്പെട്ട്; ‘ജേസീബിയുടെ കൈയാല്‍’ അന്ത്യത്തിനായി ആളില്ലാവീടുകള്‍ കാത്തിരിപ്പ് തുടരുകയാണ്.


                 ഒരു കാലത്ത് എന്റെ സര്‍ക്കാര്‍ സ്ക്കൂളില്‍ പരിസരവാസികളായ അദ്ധ്യാപകര്‍ ആരും‌തന്നെ ഉണ്ടായിരുന്നില്ല. ആദ്യമായി അയല്‍വാസിയായ ഒരു ടീച്ചര്‍, ട്രാന്‍‌സ്ഫര്‍ ആയി വന്നപ്പോള്‍ ഞങ്ങള്‍ സന്തോഷിച്ചു. വീട്ടില്‍‌നിന്നും പതിനഞ്ച് മിനിറ്റ് നടന്നാല്‍ ആ ഹിന്ദിടീച്ചര്‍ക്ക് സ്ക്കൂളിലെത്താം. ആദ്യദിവസം സ്ക്കൂളിലെത്തിയ ടീച്ചര്‍ സന്തോഷം കൊണ്ടു വീര്‍പ്പുമുട്ടിയിരുന്നു. ഭര്‍ത്താവിന്റെ വീട്ടിലാണ് താമസം. അവിടെ ടീച്ചറും, ഭര്‍ത്താവും, രണ്ടിലും നാലിലും പഠിക്കുന്ന കുട്ടികളും, കൂടാതെ പ്രായമായ അമ്മായിഅമ്മയും കൂടിയുണ്ട്. വര്‍ഷങ്ങള്‍ മൂന്ന് കഴിഞ്ഞു; ഒരു ദിവസം ഞങ്ങള്‍ അറിയുന്നത്, അയല്‍‌വാസിയായ ഹിന്ദിടീച്ചര്‍ കുടുംബസമേതം വളരെ അകലെയുള്ള ടീച്ചറുടെ അമ്മയുടെ വീട്ടിലേക്ക് താമസം മാറ്റി എന്നാണ്. അവിടെ അവര്‍ സ്വന്തമായി പുതിയ വീടുണ്ടാക്കാനുള്ള ശ്രമത്തിലാണ്. അപ്പോള്‍ ടീച്ചറുടെ ഭര്‍ത്താവിന്റെ അമ്മയോ?


               ടീച്ചറുടെ അമ്മായിഅമ്മക്ക് ആകെ അഞ്ച് മക്കള്‍. അതില് അഞ്ചാമന്‍ ഓമനക്കുഞ്ചുവാണ് ടീച്ചറുടെ ഭാര്‍ത്താവ്. മൂന്നാം കണ്മണി മാത്രം പെണ്മണി. അമ്മ താമസം അഞ്ചാമനോടൊത്ത് സ്വന്തം വീട്ടിലാണെങ്കിലും പെണ്മണിയോടാണ് കൂറ്. അഞ്ചാമന് ഒഴികെ എല്ലാവരും സ്വന്തമായി നിര്‍മ്മിച്ച വലിയ വീടുകളില്‍ താമസിക്കുന്നു. പെണ്മണി ബാംഗ്ലൂരില്‍ സ്വന്തം ഫ്ലാറ്റില്‍, ഓണത്തിനും വിഷുവിനും നാട്ടില് വരാതെ കണവനും മക്കളുമൊത്ത് താമസം. അമ്മയുടെ സ്വന്തമായ ‘രണ്ടുനില ഓടിട്ട വീട്’ കൂട്ടത്തില്‍ സാമ്പത്തികനില മോശമായ തനിക്ക് കിട്ടും എന്നാണ് ഇളയവന്റെ പ്രതീക്ഷ. എന്നാല്‍ ആ പ്രതീക്ഷകള്‍ തകിടം മറിച്ച് അമ്മ പ്രഖ്യാപിച്ചു, വീട് കൊടുക്കുന്നത് നാട്ടില്‍ വരാന്‍ ഇഷ്ടപ്പെടാത്തവളാണെങ്കിലും മകള്‍ക്ക് മാത്രം. അന്യവീട്ടില്‍നിന്നും വന്ന മരുമകള്‍‌ക്ക് വീട് കൊടുക്കില്ല എന്ന് പ്രഖ്യാപിച്ചു.


                   പിന്നെ കാര്യങ്ങളെല്ലാം പെട്ടെന്ന് നടന്നു. അമ്മയുടെ സ്വന്തം വീട് പൂട്ടി താക്കോല്‍ അമ്മയുടെ കൈയില്‍‌തന്നെ കൊടുത്തു. പ്രായമായ ആ അമ്മയെ സമീപത്തുള്ള മൂത്ത മകന്റെ വീട്ടില്‍ നിര്‍ത്തി; ഇളയവനും കുടുബവും നേരെ പോയത് ഭാര്യവീട്ടിലേക്ക്. പിറ്റേദിവസം മുതല്‍ ഒരു മണിക്കൂര്‍ യാത്രചെയ്ത് ടീച്ചര്‍ സ്ക്കൂളില്‍ വരാന്‍ തുടങ്ങി.


                   കാലം കുറച്ചു കൂടി കഴിഞ്ഞു, വര്‍ഷങ്ങള്‍ മുന്നോട്ട് പോയി. നമ്മുടെ ഹിന്ദിടീച്ചര്‍ അമ്മയുടെ വീടിനു സമീപം പുതിയ വീട്‌വെച്ച് താമസം തുടങ്ങി. ഒരു ദിവസം ഞാനും ഹിന്ദിടീച്ചറും കൂടി ഒരു വിദ്യാര്‍ത്ഥിയുടെ വീട്ടില്‍ പോയി തിരിച്ചു വരികയാണ്. ഇടവഴിയിലൂടെ നടന്ന് ഒരു തങ്ങിന്‍‌തടിപ്പാലം കടന്ന ടീച്ചര്‍ ഒരുനിമിഷം നിന്നു; തൊട്ടടുത്ത പറമ്പിലെ അടുക്കളഭാഗം പൊളിഞ്ഞ ഇരുനില വീട് എന്നെ കാണിച്ചു തന്നു,
“നമ്മുടെ വീട് കണ്ടോ; എന്റെ അമ്മായിഅമ്മ മകന് വീട് കൊടുത്തെങ്കില്‍ ഞാന്‍ എത്ര നന്നായി പരിപാലിക്കുമായിരുന്നു. എന്റെ സര്‍വീസ് തീരും വരെ ലോണും ഈ ബസ് യാത്രയുടെ കഷ്ടപ്പാടും ഒന്നും ഉണ്ടാകുമായിരുന്നില്ല”
“അപ്പോള്‍ ‘മദര്‍ ഇന്‍ ലോ’ എവിടെയാ താമസം” 
ഞാന്‍ ടീച്ചറോട് ചോദിച്ചു.
“മൂത്ത മക്കളെല്ലാം ഉപേക്ഷിച്ചു. ഇപ്പൊള് എന്റെ വീട്ടിലുണ്ട്, രോഗം വന്ന് കിടപ്പാണ്. ഇളയ മകനെ കണ്ട് കരഞ്ഞപ്പോള്‍ നേരെ വീട്ടില് കൂട്ടി വന്നു” ടീച്ചര്‍ മറുപടി പറഞ്ഞ് മുന്നോട്ട് നടക്കുമ്പോള്‍ കണ്ണുനീരിന്റെ നനവ് ഉണ്ടെന്ന് എനിക്ക് മനസ്സിലായി.


                  ഓരോ വീടിനും ആത്മാവുണ്ട്. ചൂടും വെളിച്ചവും പുകയും കരിയും ശബ്ദവും കുട്ടികളും കരച്ചിലും മുറ്റവും ചെടികളും പറവകളും എല്ലാം ചേര്‍ന്ന് വീടുകള്‍ക്ക് ജീവന്റെ തുടിപ്പ് നല്‍കുന്നു. ഒരു വീട് വീടായി മാറുന്നത് അത്  ആവശ്യക്കാരന്റെ കൈയില്‍ എത്തി പരിപാലിക്കുമ്പോഴാണ്. തലചായ്ക്കാനൊരിടമില്ലാതെ അനേകങ്ങള്‍ അലയുമ്പോഴും താമസിക്കാന്‍ ആളില്ലാതെ എത്രയോ വീടുകള്‍ വെയിലും മഴയും മഞ്ഞും കൊണ്ട് ദിവസ്സങ്ങള്‍ എണ്ണി കാത്തിരിക്കുകയാണ്.
താമസിക്കാൻ ആളില്ലാത്ത വീട്ടിൽ പട്ടികൾ കയറാതിരിക്കാൻ വെള്ളം നിറച്ച കുപ്പികൾ വെച്ചിരിക്കുന്നു. ഇത് പട്ടികളെ അകറ്റും എന്നാണ് വിശ്വസിക്കുന്നത്. ആദ്യം പറഞ്ഞ (ഗൃഹപ്രവേശനത്തിന് പോയ) വീടിന്റെ ഫോട്ടോ രണ്ട് വർഷത്തിന് ശേഷം എടുത്തത്)

14 comments:

  1. Adikamarum chithikkatha oru vishayamanu "MINILOKAM" Lokathinu kazhchavachathu....
    ellavarum ethu pole chinthichirunekkil.....

    practicalayittu enthenkillum cheyyan sadikkumo anne koodi nokku.....

    best wishes for a good future in malayala sahithya'lokam'......

    ReplyDelete
  2. മനുഷ്യനെപോലെ വീടുകള്‍ക്കുമുണ്ട് ‘ശൈശവം,കൌമാരം, യൌവനം, വാര്‍ദ്ധക്ക്യം’ ആദിയായവ. ചില വീടുകള്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും യൌവനം കാത്തുസൂക്ഷിക്കുന്നവയാണ്. ചിലത് പെട്ടെന്ന്‌തന്നെ വാര്‍ദ്ധക്ക്യം ബാധിച്ച് തകരുന്നു. എന്നാല്‍ വേറിട്ടു നില്‍ക്കുന്ന ചില വീടുകളുണ്ട്; ശൈശവത്തില്‍ നിന്നും പിന്നെ വളര്‍ച്ചയില്ലാത്തവ. ഏതാനും വര്‍ഷം കഴിഞ്ഞാല്‍ അകാലവാര്‍ദ്ധക്ക്യം ബാധിച്ച് ചരമമടയുന്ന വീടുകളെ നമുക്ക് ചുറ്റും കാണാന് കഴിയും.
    ----------------------------

    യാഥാർത്ഥ്യങ്ങളുടെ അസ്ഥിവാരം...
    നേർക്കാഴ്ച്ചകളുടെ ചുവരുകൾ...
    മേൽക്കൂരയില്ലാത്തവനായുള്ള ആത്മാർത്ഥമായ ശബ്ദം...

    ഇഷ്ടമായി...
    കവിത പോലെ...

    ഉഗ്രൻ

    ReplyDelete
  3. മനോഹരമായിരികുന്നു..


    ഓണാശംസകള്‍!

    ReplyDelete
  4. വളരെ അധികം നന്നായിട്ടുണ്ട് നിങ്ങളുടെ കഥ....(വീടുകളെ കുറിച്ച് ഉള്ളത്‌)
    ഇനിയും എഴുതണം...
    പ്രണയത്തെ പട്ടി എഴുതികൂടെ മിനിക്ക്?

    ReplyDelete
  5. Kathirikkan oru veedenkilum undallo....!!!

    Manoharamayirikkunnu, Ashamsakal...!!!!

    ReplyDelete
  6. എല്ലാ വീടുകളും വിടാനുള്ളവയാണ്.
    എത്ര ശ്രമിച്ചാലും ആർക്ക് കൊടുത്താലും.
    എങ്കിലും തല ചായ്ക്കാൻ ഇടമില്ലാതെ ആളുകൾ ഫുട്പാത്തിലുറങ്ങുന്ന, അവരുടെ മേൽ ബി.എം.ഡബ്ലിയു കയറ്റുന്ന ലോകത്തിന് ഒന്നും വേണ്ടപ്പോൾ ഓർമ്മ വരില്ല.
    നല്ല കുറിപ്പ്.
    അഭിനന്ദനങ്ങൾ.

    ReplyDelete
  7. thomachan (..
    വീടുകളുടെ പേരില്‍ കമന്റ് എഴുതിയതിനു നന്ദി.

    കെ ജി സൂരജ് (..
    അഭിപ്രായത്തിനു നന്ദി.

    kumaran|കുമാരന്‍ (..
    വളരെ നന്ദി.

    shyam (..
    അഭിപ്രായത്തിനു നന്ദി. പിന്നെ പ്രണയം അത് സ്വന്തമായി എഴുതാന്‍ മാത്രം ഇല്ലാത്തതു കൊണ്ടാണ്.

    Sureshkumar Punjhayil (..
    വളരെ നന്ദി.

    Ehmu Kutty (..
    ഒരു പഴയ തറവാട്ടിലെ വളരെ പഴയ തകര്‍ന്നുവീഴാറായ വീട്ടില്‍ ജീവിതത്തിന്റെ മുക്കാല്‍ പങ്കും കഴിച്ചുകൂട്ടിയ ഞാന്‍ പുതിയ ഏറ്റവും നല്ല വീടുകള്‍ അനാഥമായി കാണുമ്പോള്‍ മനസ്സില്‍ തോന്നിയത് എഴുതിയതാണ്. അഭിപ്രായത്തിനു നന്ദി.

    ReplyDelete
  8. Oro veedinum oru aathmaavundu..
    chilappol aathmavozhinju pokum..

    ReplyDelete
  9. .

    മിനി ടീച്ചറെ,

    ഇപ്പോള്‍ ജാഡ കാണിക്കാനുള്ള ഒരു ഉപാധിയായി വിടുകള്‍ മാറിക്കൊണ്ടിരിക്കുകയാണ്. ഓരോ വീടും കാണുമ്പോള്‍ അതിലെ ഏത് ഐറ്റമാണ് നമ്മുടെ വീട്ടിലേക്ക് കോപ്പിയടിക്കാന്‍ പറ്റുക എന്ന ചിന്തയോടെയാണു പലരും നോക്കുന്നതു തന്നെ..

    വീടിനെ നമുക്കു താങ്ങും തണലും നല്‍കുന്ന, നമ്മുടെ ജീവിതത്തിലെ വലിയൊരു പങ്കും ചെലവഴിക്കുന്ന, നമ്മെ ഏറെ സ്വാധീനിക്കുന്ന ഒരു സ്ഥലമായുമൊക്കെ കാണേണ്ടിയിരിക്കുന്നു. അല്ലാതെ അതിനെ ഒരു വെറും കെട്ടിടമായി കാണുമ്പോളുള്ള കുഴപ്പമാണിതൊക്കെ

    വരും തലമുറകളെങ്കിലും വീടിനെ, ഒരു ആത്മാവുള്ള ഒന്നായി കാണട്ടെയെന്നു നമുക്കാശിക്കാം..

    joms 4 Maths Blog Team

    ReplyDelete
  10. നീലത്താമര വഴി വന്നതാ മിനി ടീച്ചറെ ..
    നല്ല ലേഖനം ..അതെ പലതും അനാവശ്യമാണ്
    ഇപ്പോള്‍ .ആവശ്യതിനല്ല ആടംബാരത്തിന് ആണ്
    പ്രാധാന്യം ..

    പിന്നെ എന്താണ് മുത്തപ്പന്‍ വെള്ളാട്ടം ?
    മെയില്‍ അയച്ചാല്‍ മതി .കമന്റ്‌ നോക്കാന്‍ പിന്നെ
    എപ്പോഴാ വരുന്നത് എന്ന് അറിയില്ലല്ലോ .....

    ReplyDelete
  11. വീട്‌ ഇപ്പോള്‍ ഒരു പ്രദര്‍ശന വസ്തുവായി മാറുന്നു എന്നതാണ്‌ ഏറ്റവും ദുഖകരമായ സത്യം. വീട്‌ വലുതാകുംതോറും ബന്ധങ്ങള്‍ അകലുമെന്നതും മറ്റൊരു സത്യം.

    വളരെ നല്ല പോസ്റ്റ്‌. ആശംസകള്‍.

    ReplyDelete
  12. നല്ല പോസ്റ്റ്. ആള്‍താമസമുള്ള വീട് അല്പ സ്വല്പം അലങ്കോലമായി ഒക്കെ ഇരിക്കണം. അല്ലാതെ അത് ഒരു ഡിസ്പേ ഷോറൂമല്ല. കാറ്റും വെളിച്ചവും കടന്നുവരുന്ന ആളുകള്‍ക്ക് മനസ്സമാധാനം-സന്തോഷം ഒക്കെ തരുന്ന വീടുകളാകണം ഉണ്ടാകേണ്ടത്.
    എന്റെ വീടിനും അഞ്ച് ബെഡ്രൂം വേണം, ഏരിയ സഹോദരന്റെ വീടിന്റെ പോലെ 3500 സ്ക്വയര്‍ഫീറ്റ് തന്നെ വേണം എന്ന് നിര്‍ബന്ധം പിടിക്കുന്ന പലരേയും കണ്ടു മുട്ടിയിട്ടുണ്ട്. മൂന്നുസെന്റിലെ കൊച്ചു വീട് ചെയ്യുന്ന സുഖം വേറേ ഇല്ല.

    ReplyDelete
  13. പ്രസക്തമായ വിഷയം.നന്നായി അവതരിപ്പിച്ചു. ചിന്തിക്കാനുള്ള വകയുണ്ട്.

    ReplyDelete
  14. ഒരു ഫോട്ടോ ചേർത്ത് പോസ്റ്റ് അപ്ഡേറ്റ് ചെയ്തിട്ടുണ്ട്.

    ReplyDelete

എന്റെ മനസ്സിലെ ഈ കൊച്ചു മിനിലോകത്തിലേക്ക് എല്ലാവര്‍ക്കും സ്വാഗതം.