എന്റെ പുസ്തകലോകം
വി.പി.പി. യെക്കുറിച്ച് ആദ്യമായി കേട്ടത് എട്ടാം ക്ലാസ്സിൽ ഇംഗ്ലീഷ് പഠിക്കുമ്പോഴാണ്.
കോമ്പസിഷൻ എന്ന എഴുത്തുപരിപാടിയിൽ വായിക്കാനുള്ള പുസ്തകം ആവശ്യപ്പെട്ടുകൊണ്ട് അറിയപ്പെടാത്തതും
അകലെയുള്ളതുമായ പുസ്തക വില്പനക്കാർക്ക് അപേക്ഷ തയ്യാറാക്കുമ്പോൾ അത് വി.പി.പി. ആയി
അയച്ചുതരണമെന്നാണ് എഴുതിയത്,,, Kindly sent these books by VPP,,, അപ്പോൾ അക്കാര്യം
മറന്നെങ്കിലും, പഠനവും പഠിപ്പിക്കലും കഴിഞ്ഞ് എഴുത്തുകാരി എന്ന കെ.എസ് മിനി ആയി രൂപാന്തരപ്പെട്ടപ്പോഴാണ്
വി.പി.പി. എന്ന സംഭവം വീണ്ടും കടന്നുവന്നത്. ഏതാണ്ട് 800ൽ അധികം പുസ്തകങ്ങൾ വി.പി.പി.
ആയി ഞാൻ അയച്ചിട്ടുണ്ട്. ചിലത് തിരിച്ചു വന്നിട്ടുണ്ടെങ്കിലും വലിയ പ്രശ്നങ്ങളൊന്നും
ഉണ്ടായിട്ടില്ല. രണ്ട് തവണ അയച്ചിട്ടും പുസ്തകം തിരികെ വന്നിട്ടുണ്ട്. മൂന്നാം തവണ
അയച്ച പുസ്തകം ലഭിച്ചപ്പോൾ നന്ദി അറിയിച്ചവരും ഉണ്ട്. ഞാൻ എഴുതി പ്രസിദ്ധീകരിച്ച 6
പുസ്തകങ്ങളിൽ കൂടുതൽ ചെലവായത് ‘ടെറസ്സിലെ കൃഷിപാഠങ്ങൾ’,
എന്ന കാർഷിക ലേഖന സമാഹാരമാണ്.
സ്വന്തം പുസ്തകം വി.പി.പി. ആയി അയക്കാൻ കഴിഞ്ഞാൽ അയക്കുന്ന എഴുത്തുകാരനും ലഭിക്കുന്ന
വായനക്കാരനും ഒരുപോലെ സന്തോഷവും സംതൃപ്തിയും ഉണ്ടാവും. വായിക്കാൻ താല്പര്യമുള്ള പുസ്തകം
പോസ്റ്റ്‌മാൻ വീട്ടിലെത്തിക്കുന്നത് ഒരു അനുഗ്രഹം തന്നെയാണ്. അതുപോലെ സ്വന്തം പുസ്തകം
വായനക്കാരന്റെ കൈകളിൽ എത്തുന്നതും പ്രതിഫലം
ലഭിക്കുന്നതും എഴുത്തുകാരന് സന്തോഷം നൽകുന്നു. എന്നാൽ വി.പി.പി. അയക്കുന്നതിനെക്കുറിച്ച്
ശരിയായ അറിവ് പലർക്കും കുറവാണ്.
രണ്ടാമത്തെ പുസ്തകം (ഹാസ്യകഥാസമാഹാരം) |
വി.പി.പി. അയക്കാനുള്ള സംവിധാനം സബ്.
പോസ്റ്റ്‌ഓഫീസ് തൊട്ട് മുകളിൽ മാത്രമാണ്. (ബ്രാഞ്ചുകളിൽ ഇല്ല). നമുക്ക് പണം ലഭിക്കേണ്ട
പരിധിയിലെ സബ്. പോസ്റ്റ്‌ഓഫീസിൽ മാത്രമേ വി.പി.പി. അയക്കാൻ കഴിയുകയുള്ളൂ. നാട്ടിലെ
പോസ്റ്റ്‌ഓഫീസ് ഒഴിവാക്കിയിട്ട് ജില്ലാ ആസ്ഥാനത്ത് പോയിട്ട് അയക്കാൻ കഴിയില്ല (പോസ്റ്റ്
ഓഫീസുകാർ പറഞ്ഞതാണ്). പിന്നെ വി.പി.പി. മണിഓർഡർ ഫോറം വേണം. ഓൺലൈനായി മണിഓർഡർ അയക്കുന്ന
ഇക്കാലത്ത് പണ്ടത്തെ മണിഓർഡർ ഫോറം അന്വേഷിച്ച് സംഘടിപ്പിക്കണം. പിന്നെ പാർസൽ (പുസ്തകം)
പൊതിയാനുള്ള പേപ്പർ, അതിൽ അഡ്രസ്സ് എഴുതാനുള്ള സൌകര്യം ഒക്കെ ഉണ്ടാവണം. വി.പി.പി. ഫോറം
ലഭിച്ചില്ലെങ്കിൽ സാധാരണ മണിഓർഡർ ഫോറം ആയാലും മതി. പക്ഷെ അയക്കുന്ന ആളുടെയും (പുസ്തകം
വാങ്ങുന്നവൻ) പണം കിട്ടേണ്ട ആളുടെയും (പുസ്തകം അയക്കുന്നവൻ) പേര് ശ്രദ്ധിച്ച് പൂരിപ്പിക്കണം. കാരണം ഈ മണിഓർഡർ
ഫോറത്തിലാണ് പണം വാങ്ങുമ്പോൾ ഒപ്പിടേണ്ടത്. പിന്നെ ഇതെല്ലാം ഇംഗ്ലീഷിൽ എഴുതുന്നതാണ്
നല്ലത്. പ്രത്യേകിച്ച് അന്യസംസ്ഥാനങ്ങളിൽ അയക്കുമ്പോൾ,,,
വി.പി.പി. |
ഇതൊക്കെ
ശരിയായാൽ അയക്കേണ്ട പുസ്തകം (വസ്തു) പൊതിഞ്ഞു കെട്ടുക,,(പാർസൽ) അത് ഉൾവശത്തുള്ള ഐറ്റം
കാണുന്ന തരത്തിലാവണം, വശങ്ങൾ മുഴുവനായി പൊതിയരുത്. (സംശയമുണ്ടെങ്കിൽ പൊളിച്ചു നോക്കാൻ, അതുകൊണ്ട് ഇടക്ക് മറ്റൊന്നും
തിരുകിക്കയറ്റരുത്). അതിന്റെ മുകളിൽ VPL printed matter, VP for Rs ….. തുക അക്കത്തിലും അക്ഷരത്തിലും
എഴുതാം. (പുസ്തകവിലയോടൊപ്പം വി.പി.പി. ചാർജ്ജ് ആവശ്യമനുസരിച്ച് (സ്വീകർത്താവിന്റെ താല്പര്യം
അറിഞ്ഞ് ഉൾപ്പെടുത്താം) പിന്നെ അയക്കുന്ന ആളിന്റെയും ലഭിക്കേണ്ട ആളിന്റേയും അഡ്രസ്
വ്യക്തമായി എഴുതണം. പിൻകോഡ് ഇവിടെ നിർബന്ധമാണ്, പിന്നെ രണ്ടുപേരുടേയും ഫോൺ നമ്പർ കൂടി
ചേർക്കുന്നതാണ് നല്ലത്. ആവശ്യമുള്ളപ്പോൾ പോസ്റ്റ്‌മാന് വിളിച്ചു ചോദിക്കാമല്ലൊ. അതോടൊപ്പം
ഉള്ളിൽ എന്താണെന്നുകൂടി എഴുതണം. ഫോൺ നമ്പർ എഴുതിയാൽ ഭൂകമ്പം ഉണ്ടാവുമെന്ന് ചിന്തിക്കുന്നവർ
ഈ പണി ഒഴിവാക്കണം.
വി.പി.പി. മണി ഓർഡർ ഫോറം ഒട്ടിച്ചത് |
ഇനിയാണ് അടുത്ത ഘട്ടം,, മണിഓർഡർ ഫോറം പൂരിപ്പിച്ച് ഒപ്പിടുക. ഇവിടെ പണം അയക്കുന്നത്
പുസ്തകം വാങ്ങുന്ന ആളായതിനാൽ അവരുടെ പേരാണ് അയക്കുന്ന ആളിന്റെ സ്ഥാനത്ത് എഴുതേണ്ടത്.
പിന്നെ സ്വന്തം അഡ്രസാണ് പണം ലഭിക്കേണ്ട ആളിന്റെ സ്ഥാനത്ത് എഴുതേണ്ടത്. ലഭിക്കേണ്ട
തുകയൊക്കെ ശരിയായി എഴുതിയശേഷം മണിഓർഡർ ഫോറം മടക്കിയിട്ട് പാർസൽ കവറിന്റെ ഒപ്പം ചേർത്ത്
ഒട്ടിക്കുകയോ തുന്നിച്ചേർക്കുകയോ ചെയ്യുക.
പുസ്തകം 3: മനസ്സിൽ ലഡ്ഡുപൊട്ടുമ്പോൾ |
അതിനുശേഷം അടുത്തുള്ള സബ്. പോസ്റ്റ്ഓഫീസിൽ പോയി രജിസ്റ്റർ
ചെയ്ത് പണം (വി.പി.പി.ചാർജ്ജ്) അടക്കുക. പുസ്തകത്തിന്റെ തൂക്കം നോക്കിയിട്ട് അടക്കേണ്ട തുക പറയും. വി.പി.പി.
ചാർജ് 100 പേജ് പുസ്തകത്തിന് 25 രൂപയോ അതിൽ കുറവോ ആയിരിക്കും. ഇന്ത്യയിൽ എവിടെ എത്താനും
ഒരേ ചാർജ്ജാണ്. തൊട്ടടുത്ത പഞ്ചായത്തിലും അകലെയുള്ള ലക്ഷദീപിലോ തെലുങ്കാനയിലോ അയക്കാനും
25 രൂപ തന്നെ. കൊറിയർ പോലെ ദൂരത്തിനനുസരിച്ച് ചാർജ്ജ് കൂടുകയില്ല. ഒടുവിൽ രശീതി വാങ്ങിയിട്ട്
പോസ്റ്റ്മാൻ പണം കൊണ്ടുവരുന്നതു വരെ കാത്തിരിക്കുക.
പുസ്തകം 4: മിനിനർമകഥകൾ |
(ഇക്കാര്യം മറ്റുള്ളവരെ ഏല്പിച്ചിട്ട് അവർ ടീഎ.യും പാക്കിംഗ്
ചെലവും ഒക്കെ വാങ്ങുമ്പോൾ വി.പി.പി. യെയും പോസ്റ്റൽ ഡിപ്പാർട്ട്‌മെന്റിനെയും കുറ്റം
പറയുന്നത് ശരിയല്ല.)
കേരളത്തിലെ എല്ലാജില്ലകളിലും കൂടാതെ ലക്ഷദീപ്, അന്തമാൻ നിക്കോബാർ, തമിഴ്‌നാട്,
മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, വെസ്റ്റ് ബംഗാൾ, ആസാം, ഒറിസ്സ, ബീഹാർ, തെലുങ്കാന
തുടങ്ങി അനേകം മഹത്തായ സ്ഥലങ്ങളിൽ എന്റെ പുസ്തകം ‘ടെറസ്സിലെ കൃഷിപാഠങ്ങൾ’ ഞാൻ വി.പി.പി.
അയച്ചിട്ടുണ്ട്. വാങ്ങിയവരെല്ലാം മലയാളികൾ തന്നെ,,,
ടെറസ്സിലെ കൃഷിപാഠങ്ങൾ, രണ്ടാം പതിപ്പ് |
വി.പി.പി. പുസ്തകം കൈപ്പറ്റാതെ തിരിച്ചു വരുന്നതിന് കാരണങ്ങൾ പലതാണ്. പുസ്തകം
ആവശ്യപ്പെട്ടവർ സ്ഥലത്തില്ലാതായാൽ അതേപറ്റി വിവരം ഇല്ലാത്ത വീട്ടുകാർ ആവശ്യമില്ല എന്നുപറഞ്ഞ്
തിരിച്ചയക്കാറുണ്ട്. നാട്ടിലുള്ളപ്പോൾ പുസ്തകം ആവശ്യപ്പെട്ട് അഡ്രസ്സ് അയക്കുന്ന ചിലർ
വീട്ടുകാരിയോട് സംഗതി പറയും, ‘പുസ്തകം കൊണ്ടുവരുമ്പോൾ പോസ്റ്റ്‌മാന് പൈസ കൊടുക്കണം’
എന്ന്. പറയുന്ന ആൾ പുസ്തകം വരുന്നതിനുമുൻപ് ഗൾഫിൽ എത്തിയിട്ടുണ്ടാവും. പോസ്റ്റ്‌മാൻ
പുസ്തകവുമായി വീട്ടിലെത്തുമ്പോൾ വീട്ടുകാരി കെട്ടിയവൻ പറഞ്ഞതൊക്കെ മറക്കും. എന്നിട്ട്
പോറ്റ്സ്‌മാൻ തട്ടിപ്പുമായി വന്നതാണെന്ന് പറഞ്ഞ് പുസ്തകം വേണ്ട എന്നു പറയുന്ന അനുഭവം
ഉണ്ടായിട്ടുണ്ട്. അഡ്രസ്സ് തെറ്റിയാൽ,, പ്രത്യേകിച്ച് പിൻകോഡ്,, തിരിച്ചുവരും. അപൂർവ്വം
ചിലർ തമാശയായി പുസ്തകം ആവശ്യപ്പെടും. വിലകൊടുത്ത് പുസ്തകം വാങ്ങാൻ മടി കാണിക്കുന്നവരും
ഉണ്ട്. (അതിന്റെയൊക്കെ കവർ ഞാൻ പ്രത്യേകം വെച്ചിട്ടുണ്ട്).
പുസ്തകം 5: മാക്രി മെമ്മോറിയൽ ഹൈസ്ക്കൂൾ |
അടുത്ത കാലത്തായി ഈ പണം പോസ്റ്റ് ഓഫീസിലുള്ള അക്കൌണ്ടിലേക്ക് ഓൺലൈനായി എത്തുന്ന
പരിപാടി കൂടി ഉണ്ടെന്ന് അറിയാൻ കഴിഞ്ഞു. അതായത് പുസ്തകം വാങ്ങുന്ന ആൾ നൽകുന്ന പണം അയച്ച
ആളിന്റെ അക്കൌണ്ടിൽ ചേർക്കുക. വലിയ പാർസൽ ആയതിനാൽ പോസ്റ്റ് ഓഫീസിൽ പോയിട്ട് സ്വീകരിക്കാൻ
വിളിച്ചപ്പോൾ ഞാൻ കൊടുത്ത പണം 236 രൂപ അയച്ച ആളിന്റെ അക്കൌണ്ടിൽ ചേർക്കുന്നു, എന്നാണ് പറഞ്ഞത്.
മണി ട്രാൻസ്ഫർ പോലെ,, പണം സ്വീകരിക്കേണ്ട വ്യക്തിക്ക് പോസ്റ്റ് ഓഫീസിൽ നിക്ഷേപം ഉണ്ടായിരിക്കണം.
ചെലവ് കൂടും (എന്ന് തോന്നുന്നു)
ലക്ഷദീപിലും അന്തമാൻ ദീപിലും പുസ്തകം അയച്ചപ്പോൾ പണം എത്തിയത് ഒരുമാസം കഴിഞ്ഞ്
ആയിരുന്നു. ഓൺലൈൻ ആയാൽ പെട്ടെന്ന് അക്കൌണ്ടിൽ കിട്ടുമല്ലോ.
വി.പി.പി. തിരികെ വരുമ്പോൾ നഷ്ടം പലതാണ്,, എനിക്കാണെങ്കിൽ സബ് ആയാലും ബ്രാഞ്ച്
ആയാലും പോസ്റ്റ് ഓഫീസിൽ എത്താൻ 10മിനിട്ട് നടന്നിട്ട് മിനിമം ചാർജിന് ബസ്സിൽ പോയി വരണം.
അതുകൊണ്ട് ആഴ്ചയിൽ ഒരിക്കലായിരിക്കും പോസ്റ്റൽ യാത്ര. പിന്നെ പൊതിയാനും കെട്ടാനും ഉള്ള
മെനക്കേട്, പുസ്തകം തിരികെ ലഭിക്കുമെങ്കിലും അതോടൊപ്പം അയച്ച വി.പി.പി. ചാർജ്ജ് മിനിമം
23 രൂപ പോയതു തന്നെ. ചിലപ്പോൾ മുഷിഞ്ഞതാണെങ്കിലും പുസ്തകം തിരിച്ചു കിട്ടിയല്ലോ എന്ന്
സമാധാനിക്കും.
ഒരിക്കൽ ചെന്നൈയിലെ ഓഫീസ് അഡ്രസ്സിൽ പുസ്തകം അയച്ചു. ഓഫീസർ തൊഴിലാളിയായ തമിഴനെ
ഏല്പിച്ചു. പണം കൊടുക്കണമെന്ന് കേട്ടപ്പോൾ ഏല്പിച്ച തൊഴിലാളി വാങ്ങാത്തതിനാൽ പുസ്തകം
തിരിച്ചുവന്നു. ഫോൺ ചെയ്തപ്പോഴാണ് പറ്റിയ അബദ്ധം അറിയുന്നത്. നഷ്ടം വന്ന തുക ഈടാക്കിക്കൊണ്ട് വീണ്ടും അയക്കാൻ
പറഞ്ഞപ്പോൾ അതേ പുസ്തകം രണ്ടാമതും അയച്ചു. അത്തവണ അതേ തൊഴിലാളിയെ പണം മുൻകൂട്ടി ഏല്പിച്ചിട്ട്
പുസ്തകം വാങ്ങാൻ പറഞ്ഞു. പോസ്റ്റ്‌മാൻ വന്നപ്പോൾ ഓഫീസർ പറഞ്ഞകാര്യം വീണ്ടും അവനങ്ങ്
മറന്നു. അപ്പോഴും പുസ്തകം എന്റെ വീട്ടിലെത്തി. ഓഫീസറെ ഫോൺ ചെയ്തപ്പോൾ ‘ഇത്തവണ അബദ്ധം
പറ്റില്ല’ എന്ന് ഉറപ്പു നൽകിയിട്ട് നഷ്ടപരിഹാരം എത്രയാണെങ്കിലും വീണ്ടും പുസ്തകം അയക്കാൻ
പറഞ്ഞു. അങ്ങനെ 70 രൂപയുടെ പുസ്തകം ആദ്യം 90 രൂപക്ക് അയച്ചത് ഒടുവിൽ 120 രൂപ ആയപ്പോൾ
പണം ലഭിച്ചു. 70+23=90+10=100+20=120രൂപ. ഇതുപോലുള്ള രസകരമായ വി.പി.പി. സംഭവങ്ങൾ ഉണ്ട്.
പുസ്തകം ‘ടെറസ്സിലെ കൃഷിപാഠങ്ങൾ’ തന്നെ,,,
മാക്രി മെമ്മോറിയൽ ഹൈസ്ക്കൂൾ, രണ്ടാം പതിപ്പ് അച്ചടിയിൽ |
*******
വി.പി.പി. സംഭവത്തിലൂടെ എന്റെ പുസ്തകലോകത്തേക്കൊരു യാത്ര
ReplyDeleteThank u for the info on vpp. In my childhood days, u heard abt it. Back to childhood memories.
ReplyDelete