“മിനിലോകം”

ഞാന്‍ മിനി... എന്റെ മനസ്സ് എന്റെ ലോകമാണ്. എന്റെ മനസ്സില്‍(ഓര്‍മ്മയില്‍) തങ്ങിനില്‍ക്കുന്ന കാര്യങ്ങള്‍,വേണ്ടതും വേണ്ടാത്തതും ഞാന്‍ ഇവിടെ പകര്‍ത്തുന്നു. ഇതു വായിക്കാം, അഭിപ്രായം എഴുതാം. ജീവിതത്തില്‍ നിന്നും ഞാന്‍ കണ്ടെത്തിയ ധാരാളം ചെറിയ‘വലിയ’ സംഭവങ്ങള്‍ ഉണ്ട്. അവയെല്ലാം ചിത്രങ്ങളോടൊപ്പം ഇവിടെ അവതരിപ്പിക്കുന്നു. എന്റെ ലോകത്തേക്ക് “മിനിലോക”ത്തിലേക്ക് ഞാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു... ചിരിക്കാം, കളിക്കാം, ചിന്തിക്കാം... എന്ന് നിങ്ങളുടെ: mini//മിനി

June 22, 2018

വായനയുടെ ഓർമ്മകൾ

               ഓർമ്മവെച്ച കാലം മുതൽ പുസ്തകങ്ങളുടെ ലോകത്ത് കളിച്ചുവളർന്ന ഞാൻ വായന തുടങ്ങിയത് ഹരിശ്രീ എഴുതുന്നതിന് മുൻപെ ആയിരുന്നു. സമീപമുള്ള വായനശാലയും ലൈബ്രേറിയനായ അമ്മാവനും ചേർന്നാണ് വായനയുടെ ലോകത്തേക്ക് എന്നെ കടത്തിവിട്ടത്. ഒന്നാം തരത്തിൽ പഠിക്കുമ്പോൾ തന്നെ പത്രങ്ങളും വാരികകളും കഥാപുസ്തകങ്ങളും വായിച്ചിരുന്നു. ആദ്യമായി ഓർമ്മയിലെത്തുന്ന കഥാപുസ്തകം ഈസോപ്പ് കഥകളാണ്. ഒപ്പം തന്നെ അറബിക്കഥകൾ അടക്കം എല്ലാം തുടർന്ന് വായിച്ചു. വായിച്ചവയുടെ പേരുകൾ ഓർമ്മയുള്ളവ അനേകമാണ്. പഴയ കാലത്തെ പുസ്തകങ്ങളിൽ വായിക്കാത്തവ ഏതൊക്കെയാണെന്ന് പറയുന്നതായിരിക്കും കൂടുതൽ നല്ലത്. അവകാശികൾ, പാവങ്ങൾ, ഡോൺ ക്വിസ്ക്കോട്ട്, യുദ്ധവും സമാധാനവും, കിഴവനും കടലും, ഒരു ദേശത്തിന്റെ കഥ, നാം ജീവിക്കുന്ന ഈ ലോകം, തുടങ്ങി അക്കാലത്ത് ലഭ്യമായ എല്ലാ പുസ്തകങ്ങളും ഒക്കെ വായനയിൽ ഇടം പിടിച്ചു,,

                  മുട്ടത്തുവർക്കി, കേശവദേവ്, തകഴി, എസ്.കെ. പൊറ്റക്കാട്, സഞ്ജയൻ, വിലാസിനി തുടങ്ങി എത്രയെത്ര എഴുത്തുകാരാണ് വായനയിലൂടെ കടന്നുപോയത്. യാത്രാവിവരണങ്ങൾ, നോവൽ, കഥകൾ, ചരിത്രം, ആത്മകഥ, ജീവചരിത്രം, തുടങ്ങി എല്ലാമെല്ലാം. പിന്നെ എടുത്തുപറയേണ്ടത് ഡിക്റ്ററ്റീവ് നോവലുകളാണ്. വെളുത്ത ചെകുത്താൻ, മൃത്യുകിരണങ്ങൾ, ഒപ്പം കോട്ടയം പുഷ്പനാഥിന്റെ നോവലുകളും. ഒരു പുസ്തകം വായിച്ചാൽ രചയിതാവിന്റെ മറ്റുള്ള സൃഷ്ടികളും കണ്ടുപിടിച്ച് വായിക്കുന്ന ശീലം ഉണ്ടായിരുന്നു. കൂട്ടത്തിൽ ഇഷ്ടപ്പെട്ടത് ആരാണെന്നോ? അത് മറ്റാരുമല്ല,, എസ്.കെ. പൊറ്റക്കാട് തന്നെ,,,
                 ഒറ്റയടിക്ക് വായിക്കുക എന്നതാണ് അന്നത്തെ എന്റെ വായനാ രീതി. ഒരു പുസ്തകം ലഭിച്ചാൽ അത് തീരുന്നതുവരെ മറ്റാർക്കും കൊടുക്കാതെ തുടർന്ന് വായിക്കും. രണ്ട് ദിവസം ആവശ്യമായത് വിരലിലെണ്ണാവുന്ന പുസ്തകങ്ങൾ മാത്രം. മറ്റു തിരക്കുകൾ ഇല്ലാത്ത നേരത്തായിരിക്കും വായന തുടങ്ങുന്നത്. മിക്കവാറും രാത്രി മറ്റുള്ളവർ ഉറങ്ങുന്ന നേരത്ത് മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിലാണ് വായന. പുസ്തകത്തിന്റെ വലിപ്പം കണക്കാക്കിയിട്ട് ചിലപ്പോൾ പുലരുന്നതുവരെ വായിക്കും. ജീവിതത്തിന്റെ പകുതിയിൽ അധികവും മണ്ണെണ്ണ വെളിച്ചത്തിലായിരുന്നു. ഉറങ്ങുമ്പോൾ വായിച്ച പുസ്തകം തലയിണക്ക് സമീപം വെച്ചിട്ടുണ്ടാവും. അങ്ങിനെയൊരിക്കൽ വായിച്ചുതീർന്ന പുസ്തകവുമായി ഉറങ്ങാൻ കിടന്നെങ്കിലും ഭയം കൊണ്ട് ഉറക്കം വന്നില്ല. ഒടുവിൽ വസ്ത്രങ്ങൾ വെച്ചിരുന്ന ഇരുമ്പുപെട്ടിയിൽ പുസ്തകം വെച്ച് അടച്ചുപൂട്ടിയശേഷം ഉറങ്ങി,, ആ പുസ്തകത്തിന്റെ പേര്,,, ‘ഡ്രാക്കുള’.
               നീണ്ട 32 കൊല്ലത്തെ അദ്ധ്യാപന ജീവിതത്തിനിടയിലും ധാരാളം വായിച്ചു. എവിടെ എത്തിയാലും സ്ക്കൂൾ ലൈബ്രറി എന്റെ തട്ടകം ആയിരുന്നു. ഇതിന്റെ പേരിൽ സഹപ്രവർത്തകരുമായി പലതരം പ്രശ്നങ്ങൾ ഉണ്ടാക്കി. ‘ഇനിയങ്ങോട്ട് ടീച്ചർക്ക് പുസ്തകം തരില്ലെന്ന്’ എന്നോട് പറഞ്ഞ ലൈബ്രേറിയൻ, ഏതാനും മാസം കഴിഞ്ഞപ്പോൾ അലമാരയിൽ കിടന്ന് ചിതലുപിടിച്ച പുസ്തകങ്ങൾ വെയിലത്ത് ഉണക്കാനിട്ട ദയനീയ രം‌ഗത്തിന് ഞാൻ സാക്ഷിയാണ്. അങ്ങിനെ എന്തെല്ലാം വായന ഓർമ്മകൾ,,,
വിരമിച്ചശേഷം,, ഇനിയങ്ങോട്ട്,,,
വായനയോടൊപ്പം എഴുത്തിന്റെയും കാലമാണ്. മാതൃഭൂമി, സ്ത്രീശബ്ദം, നർമഭൂമി, ഭാരതദേശം, വയോജനശബ്ദം, വാർത്താസാന്ത്വനം, ചിരിമധുരം, ശ്രീരഞ്ജിനി,,, കൂടാതെ അനേകം സ്മരണികകൾ,, എല്ലാറ്റിലും എന്റെ രചനകൾ അച്ചടിക്കപ്പെട്ടു. നർമ്മഭൂമി മാസികയിൽ 8 വർഷമായി മുടങ്ങാതെ മിനിനർമം എഴുതുന്നുണ്ട്.
പുസ്തകങ്ങൾ 6 എണ്ണം അച്ചടിക്കപ്പെട്ടു. അവയിൽ 2 എണ്ണം രണ്ടാം പതിപ്പ് ഇറങ്ങി. പണിപ്പുരയിൽ ഏഴോളം പുസ്തകങ്ങൾ ഉണ്ട്. അവയുടെ എഡിറ്റിംഗും അച്ചടിയും പുരോഗമിക്കുന്നു.
എല്ലാം വായനയുടെ നേട്ടം മാത്രമാണ്. മറ്റുള്ളവർ എഴുതിയത്, ഞാൻ വായിക്കുന്നതുപോലെ, എന്റെ രചനകൾ മറ്റുള്ളവർ വായിക്കുന്നതു കാണുമ്പോൾ മനസ്സിൽ സന്തോഷം നിറയുകയാണ്.



   എന്റെ പുസ്തകങ്ങൾ
  1. ടെറസ്സിലെ കൃഷിപാഠങ്ങൾ (രണ്ടാം പതിപ്പ്)
  2. അനിയൻബാബു ചേട്ടൻബാബു
  3. മനസ്സിൽ ലഡ്ഡുപൊട്ടുമ്പോൾ
  4. മിനിനർമകഥകൾ
5. മാക്രി മെമ്മോറിയൽ ഹൈസ്ക്കൂൾ (രണ്ടാം പതിപ്പ്)
6. പുട്ടും കടലയും

കൂടാതെ ഏഴ് കൂട്ടായ്മ കൃതികളിലും രചനകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്,
       1, മൌനത്തിനപ്പുറത്തേക്ക്
       2, നേരുറവകൾ
       3, ഭാവാന്തരങ്ങൾ
       4, ചിരുകകൾ ചിലയ്ക്കുമ്പോൾ
       5, കഥാവസന്തം
 6, പളുങ്കുമണികൾ
 7, സ്ത്രൈണസ്ഫുരണങ്ങൾ

പണിപ്പുരയിൽ ഉള്ളതും പ്രസിദ്ധീകരിക്കാൻ ഇടയുള്ളവയും,
       1, രാത്രിമണൽ
 2, മഞ്ചാടിക്കുന്നിലെ പഞ്ചവർണ്ണക്കിളികൾ
       3, കുട്ടിയമ്മയുടെ ആണി
       4, ആനജീവിതം
       5, പുരനിറഞ്ഞ പുരുഷൻ
       6, ടെറസ്സിലെ കൃഷി
       7, എട്ട് സുന്ദരികളും ഒരു സിനിമയും

             അന്ന് എന്റേത് ആയിരുന്ന ആശാൻ സ്മാരക വായനശാലയിലെ ഏതാനും പഴയ പുസ്തകങ്ങൾ ബാക്കിയുണ്ടെങ്കിൽ അവയുടെ കവർ‌പേജിൽ രണ്ടാം ക്ലാസുകാരിയായ ഞാൻ എഴുതിച്ചേർത്ത പുസ്തകനമ്പറും 1959ലെ തീയ്യതിയും കാണാൻ കഴിയും. എന്റെ സമയം എനിക്ക് സ്വതന്ത്രമായി വായിക്കാനും എഴുതാനും അനുവദിച്ചുതന്ന രക്ഷിതാക്കളോടും ബന്ധുക്കളോടും നാട്ടുകാരോടും സുഹൃത്തുക്കളോടും ഈ അവസരത്തിൽ ഞാൻ നന്ദി അറിയിക്കുന്നു.
നന്ദി, നന്ദി, നന്ദി,,,


3 comments:

  1. എന്റെ വായനാലോകത്തേക്ക് എല്ലാവർക്കും സ്വാഗതം,, ഈ പോസ്റ്റ് എല്ലാ സുഹൃത്തുക്കൾക്കും നാട്ടുകാർക്കും വീട്ടുകാർക്കും ബന്ധുക്കൾക്കുമായി സമർപ്പിക്കുന്നു,,,

    ReplyDelete
  2. ആറാം ക്ലാസ്സിലെ വലിയ അവധിയ്ക്ക് അച്ഛന്‍ ഒരു സമ്മാനം തന്നു.അവകാശികള്‍.ആ അവധി മുഴുവന്‍ വായിക്കാന്‍ .ഒരാഴ്ച കൊണ്ട് കൊണ്ട് ഒന്നാം ഭാഗം തീര്‍ന്നു.ഒരു മാസം കൊണ്ട് നാല് ഭാഗങ്ങളും.




    ഇപ്പോള്‍ അപൂര്‍വമായി മാത്രേ വായന നടക്കുന്നുള്ളൂ.

    ReplyDelete
    Replies
    1. അഭിപ്രായത്തിന് നന്ദി,,, അവകാശികൾ ഒന്നാം ഭാഗം ഞാൻ വായിച്ചത് 2ദിവസം കൊണ്ടായിരുന്നു. രാത്രി ഉറക്കമിളച്ച വായന ആയിരുന്നു. അന്ന് വായന അല്ലാതെ എന്നെപ്പോലുള്ള പെൺകുട്ടികൾക്ക് മറ്റു വിനോദങ്ങളൊന്നും ഉണ്ടായിരുന്നില്ല.ഞാൻ വായിച്ച പുസ്തകത്തിന് എന്റെ ഇളയവർ കാത്തിരിക്കുന്ന്nഉണ്ടാവും.

      Delete

എന്റെ മനസ്സിലെ ഈ കൊച്ചു മിനിലോകത്തിലേക്ക് എല്ലാവര്‍ക്കും സ്വാഗതം.