ടെറസ്സിൽ ഒരു കൃഷിപാഠം; അദ്ധ്യായം1
ടെറസ്സിൽ ഒരു കൃഷിപാഠം; അദ്ധ്യായം2
ഇനി പാഠം3 ആരംഭിക്കാം
ഒരു ദിവസം ഉദ്യോഗസ്ഥയായ ഒരു വീട്ടമ്മ പരാതിയുമായി എന്റെ സമീപം വന്നു, ഒരു കൃഷികാര്യമാണ്,
“ടീച്ചറെ എന്റെ വീട്ടിലെ കിണറിനു സമീപം കയ്പയുടെ(പാവൽ) ചെടികൾ വളരുന്നുണ്ട്. കടയിൽനിന്ന് വാങ്ങിയ പഴുത്ത കയ്പ്പക്കയുടെ വിത്ത് വെളിയിൽകളഞ്ഞപ്പോൾ തനിയെ മുളച്ചതാണ്. ഇപ്പോൾ ദിവസേന ധാരാളം പൂക്കൾ വിടരാറുണ്ടെങ്കിലും എല്ലാം കൊഴിഞ്ഞുപോകുന്നതല്ലാതെ ഒന്നും കായ ആവുന്നില്ല. ആ ചെടിക്ക് എന്തെങ്കിലും രോഗമായിരിക്കുമോ?”
“അതെല്ലാം ആൺപൂക്കളായിരിക്കും; കയ്പയിലും വെള്ളരിയിലും ആദ്യം ധാരാളം ആൺപൂക്കളുണ്ടാവും. ഏതാനും ദിവസങ്ങൾ കഴിഞ്ഞ് പെൺപൂക്കളുണ്ടായാൽ അവയിൽ നിന്ന് കയ്പക്ക ഉണ്ടാവും”
ഞാൻ പറയുന്നത് കേട്ടപ്പോൾ അവർ ആശ്ചര്യപ്പെട്ടു,
“അല്ല ടീച്ചറെ ഒരേ ചെടിയിൽതന്നെ ആൺപൂക്കളും പെൺപൂക്കളും വേറെ വേറെ ഉണ്ടാവുമോ? ഉണ്ടെങ്കിൽതന്നെ അതെങ്ങനെ തിരിച്ചറിയും?”
അടുക്കളയിലും കടകളിലും കാണുന്ന പച്ചക്കറികൾ മാത്രം പരിചയമുള്ള ഒരു സർക്കാർ ജീവനക്കാരിയുടെ അഭിപ്രായം കേട്ടപ്പോൾ എനിക്ക് ആശ്ചര്യം തോന്നിയില്ല. ചെടിയോടും മണ്ണിനോടും അകലുന്ന നമ്മൾ മലയാളികൾക്ക് കൃഷി എത്രമാത്രം അന്യമാവുന്നു എന്നതിന് ഒരു ഉദാഹരണം മാത്രമാണ് ആ സംഭവം.
| രാത്രിയിലും വിളവെടുക്കാം, പാവൽ |
... ഇനി നമുക്ക് ടെറസ്സിലെ കൃഷിയിലേക്ക് പ്രവേശിക്കാം’
ചെടി നടുന്നത് ടെറസ്സിലാവുമ്പോൾ അവയെ എല്ലാദിവസവും പരിചരിക്കണം. ചുരുങ്ങിയത് രണ്ട്‌നേരമെങ്കിലും കർഷകൻ ടെറസ്സിൽ കയറണം. വളർച്ചയുടെ ഓരോ ഘട്ടത്തിലും അവയുടെ സമീപത്ത് വന്ന്; വെള്ളമൊഴിച്ച്, വളംചേർത്ത്, കീടങ്ങളെ നശിപ്പിച്ച്, പാകമായ പച്ചക്കറികൾ പറിച്ചെടുത്ത് അങ്ങനെ അവയോടൊപ്പം ഇത്തിരിനേരം നിൽക്കണം.
| ഒരേ ചാക്കിൽ വെണ്ടയും ചീരയും |
കൃഷി ടെറസ്സിലാവുമ്പോൾ ധാരാളം വെള്ളം ഒഴിക്കണം എന്ന ധാരണ പലർക്കും ഉണ്ട്; ‘കാരണം രാവിലെ മുതൽ വൈകുന്നേരം വരെ അവർ വെയിലു കൊള്ളുകയാണല്ലൊ’. അടുക്കളത്തോട്ടത്തിൽ, മണ്ണിൽ കൃഷി ചെയ്യുമ്പോൾ നമ്മൾ ധാരാളം വെള്ളം ഓരോ ചെടിക്കും ഒഴിക്കുന്നുണ്ട്. അങ്ങനെ ഒഴിച്ച വെള്ളത്തിൽ ചെടിയുടെ വേര് ആഗിരണം ചെയ്യുന്നതിനെക്കാൾ വലിയൊരു പങ്ക് മണ്ണിനടിയിൽ താഴുകയാണ് ചെയ്യുന്നത്. ടെറസ്സിൽ, ചട്ടിയിലായാലും ചാക്കിലായായാലും തറയിലായാലും പുറത്തേക്ക് ഒഴുകുന്ന ഘട്ടത്തിൽ വെള്ളം നനക്കുന്നത് നിർത്താം. അതിന് ഒരു ചെടിച്ചട്ടിയിൽ രണ്ട് ഗ്ലാസ്സ് വെള്ളം മതിയാവും. ചെടിയുടെ മുകളിൽ സ്പ്രേ ചെയ്യുന്നതാണ് ഏറ്റവും നല്ലത്. സസ്യവളർച്ചക്ക് സൂര്യപ്രകാശം പരമാവധി ലഭ്യമാവണം. അതേസമയം സൂര്യന്റെ ചൂട് വർദ്ധിക്കുന്നതിനനുസൃതമായി ഇലകൾക്ക് നീരാവിയാക്കി മാറ്റി പുറത്തുകളയാനുള്ള ജലം മുഴുവൻ വേര് മണ്ണിൽനിന്നും ആഗിരണം ചെയ്യും. ചെറിയ തൈകൾ പറിച്ചുമാറ്റി നടുമ്പോൾ മൂന്ന് ദിവസം അവ വെയിലേൽക്കാതെ ശ്രദ്ധിച്ച് ജലസേചനം നടത്തണം.
രാസവളങ്ങളും വിറക് കത്തിച്ച ചാരവും പച്ചക്കറികൃഷിക്ക് വളരെ കുറച്ച് മാത്രമേ ഉപയോഗിക്കാവൂ. ടെറസ്സിലാവുമ്പോഴും അവയുടെ ഉപയോഗം കുറക്കുക. ചെടികൾ നടാനായി മണ്ണ് തയ്യാറാക്കുമ്പോൾതന്നെ ധാരാളം കാലിവളവും കമ്പോസ്റ്റും ഉപയോഗിക്കണം. പിന്നെ നിലക്കടലപിണ്ണാക്ക്, മണ്ണിരക്കമ്പോസ്റ്റ്, കോഴിക്കാഷ്ടം, വേപ്പിൻപിണ്ണാക്ക്, മത്സ്യാവശിഷ്ടങ്ങൾ എന്നിവയൊക്കെ ഇടയ്ക്കിടെ ചേർത്താൽ സസ്യങ്ങൾ നന്നായി വളരും. ഒടുവിൽ പറഞ്ഞവ ചെടിയുടെ ചുവട്ടിൽനിന്നും അഞ്ച് സെന്റീമീറ്റർ അകലെയായി മാത്രം ചേർക്കുകയും പൂർണ്ണമായി മണ്ണിനടിയിൽ ആയിരിക്കുകയും വേണം. വേപ്പിൻപിണ്ണാക്ക് ചെടി നടുമ്പോൾ മണ്ണിനടിയിൽ വളരെകുറച്ച് മാത്രം ചേർത്താൽ മതി. രണ്ട് ആഴ്ചയിൽ ഒരു തവണയെങ്കിലും വളം ചേർക്കണം. ഇങ്ങനെ വളപ്രയോഗം നടത്തുമ്പോൾ പുതിയ മണ്ണ് ചെടിയുടെ ചുവട്ടിൽ ഇടുന്നതാണ് നല്ലത്.
![]() |
| ഭക്ഷണം കഴിക്കുന്ന തിരക്കിലാണ് |
കീടനിയന്ത്രണം:
ടെറസ്സിലാണെങ്കിലും എല്ലായിനം കീടങ്ങളും രോഗങ്ങളും പച്ചക്കറിസസ്യങ്ങളെ ബാധിക്കും. മറ്റൊരിടത്തും കൃഷി ഇല്ലെങ്കിൽ പരിസരത്തുള്ള പറക്കാൻ കഴിയുന്ന ഷട്പദങ്ങളെല്ലാം പറന്നുവരും. പാവൽ, പടവലം എന്നിവയെ കായീച്ചകളും, പയറുവർഗ്ഗങ്ങളെ അരക്ക് ഷട്പദങ്ങളും(ഇലപ്പേൻ) ആക്രമിക്കും. പയറിന്റെ നീരുറ്റികുടിക്കുന്ന ഷട്പദങ്ങൾ ഒന്നോ രണ്ടോ വന്നാൽ പിറ്റേദിവസം കൂട്ടത്തോടെ പറന്നുവരും. ഇവ കൂടാതെ ഇലകൾ തിന്നുന്ന ലാർവ്വകൾ പലതരം കാണപ്പെടും. ലാർവ്വകൾ ഓരോ തരവും അതേ ഇനത്തിൽപ്പെട്ട ചെടികളെ മാത്രമാണ് ആഹാരമാക്കുന്നത്. പിന്നെ പച്ചക്കറി സസ്യങ്ങളിൽ കാണുന്ന മിക്കവാറും ഷട്പദലാർവ്വകൾ രാത്രിയിൽ മാത്രം പുറത്തിറങ്ങി ആഹാരം കഴിക്കുന്നവയാണ്. അതുകൊണ്ട് പകൽനേരങ്ങളിൽ നോക്കിയാൽ അവരുടെ അടയാളം മാത്രമേ കാണുകയുള്ളു.
കീടനിയന്ത്രണ മാർഗ്ഗങ്ങൾ പലതരം ഉണ്ട്. പുകയില കഷായം, കാന്താരി മിശ്രിതം, മണ്ണെണ്ണക്കുഴമ്പ് തുടങ്ങിയവ പ്രധാന ജൈവ കീടനാശിനികളാണ്. ഇവ കൂടാതെ നേരിട്ടല്ലാതെ കീടങ്ങളെ നശിപ്പിക്കാൻ പഴക്കെണി, തുളസിക്കെണി, ശർക്കരക്കെണി തുടങ്ങിയവയും പ്രയോഗിക്കാം.
പുകയിലക്കഷായം:
50 ഗ്രാം പുകയില, 500 മില്ലി ലിറ്റർ വെള്ളത്തിൽ 24 മണിക്കൂർ കുതിർത്തശേഷം പിഴിഞ്ഞെടുത്ത വെള്ളത്തിൽ 12ഗ്രാം അലക്കുസോപ്പ് പതയാക്കി ഇളക്കിച്ചേർത്ത് യോജിപ്പിക്കുക. ആവശ്യമനുസരിച്ച് അളന്നെടുത്ത് ആറിരട്ടി വെള്ളം ചേർത്ത് നേർപ്പിച്ച് ചെടികളിൽ തളിക്കാം.
മണ്ണെണ്ണ കുഴമ്പ്:
ഒരു ലിറ്റർ മണ്ണെണ്ണയിൽ, 50 ഗ്രാം ബാർസോപ്പ് അര ലിറ്റർ വെള്ളത്തിൽ കലക്കിയത് യോജിപ്പിച്ച് നന്നായി ഇളക്കിയിട്ട് 20 ഇരട്ടി വെള്ളം ചേർത്ത് ചെടിയിൽ തളിക്കുക.
പഴക്കെണി:
വെള്ളരി, പാവൽ, പടവലം എന്നിവയിൽ കായീച്ചയുടെ ഉപദ്രവം ഒഴിവാക്കാനാണ് പഴക്കെണി ഉപയോഗിക്കുന്നത്. നന്നായി പഴുത്ത മൈസൂർ പഴം വട്ടത്തിൽ മുറിച്ചത് ചിരട്ടയിൽ ഇട്ട് വെള്ളം ഒഴിച്ച് അതിൽ ഏതാനും തരി ഫുഡറാൻ ചേർക്കുക. ഇങ്ങനെയുള്ള ചിരട്ടക്കെണികൾ പാവൽ, പടവലം എന്നിവയുടെ പന്തലിനു ചുറ്റും തൂക്കിയിട്ടാൽ അവിടെ വരുന്ന ധാരാളം കായിച്ചകൾ പഴച്ചാർ കുടിച്ച് ചിരട്ടയിൽ ചത്തതായി കാണാം. അതുപോലെ തുളസിയില അരച്ചെടുത്ത നീരിൽ ഫുഡറാൻ കലർത്തിയത് ചിരട്ടകളിൽ തൂക്കിയിട്ടാലും കായിച്ചകൾ അവ കുടിക്കാൻ വരും.
കഞ്ഞിവെള്ളം:
പയറിനെ കൂട്ടമായി ആക്രമിക്കുന്ന അരക്ക് ഒഴിവാക്കാൻ നല്ല കൊഴുത്ത കഞ്ഞിവെള്ളം ഒരു ബ്രഷ് ഉപയോഗിച്ച് ആക്രമണം ഉള്ള ഭാഗങ്ങളിൽ പുരട്ടിയാൽ മതിയാവും. പച്ചപപ്പായ പലതായി മുറിച്ച് ഒരു പാത്രത്തിലെ വെള്ളത്തിൽ ഇട്ട് വെച്ചത്, ഏതാനും ദിവസം കഴിഞ്ഞ് ഇളക്കിയാൽ കുഴമ്പ് രൂപത്തിലാവും. ഇത് ബ്രഷ് ഉപയോഗിച്ച് തളിച്ചാൽ പയറിലുള്ള അരക്ക്(ഇലപ്പേൻ) ഒഴിവാകും. അരക്കിന്റെ ആക്രമണം ആരംഭത്തിൽതന്നെ ഒഴിവാക്കണം.
| പാവൽ |
ടെറസ്സിലാവുമ്പോൾ ഏറ്റവും നല്ല കീടനിയന്ത്രണ മാർഗ്ഗങ്ങൾ ചിലത് കൂടിയുണ്ട്. കായീച്ചയെ ഒഴിവാക്കാൻ പാവക്ക, പടവലം തുടങ്ങിയവ ഉണ്ടായതിന്റെ പിറ്റേദിവസംതന്നെ കടലാസുകൊണ്ട് പൊതിഞ്ഞാൽ മതിയാവും. വീട്ടിൽ കറിവെക്കാനുള്ള പച്ചക്കറികൾ ലക്ഷ്യമാക്കി കൃഷി ചെയ്യുന്നതിനാലും, ധാരാളം കായകൾ ഒന്നിച്ച് കായ്ക്കാത്തതിനാലും അവ പത്രക്കടലാസ് കൊണ്ട് പൊതിഞ്ഞ് സംരക്ഷിക്കുന്നതാണ് നല്ലത്. ഇലകളും കായകളും തിന്നുന്ന പുഴുക്കളെ തെരഞ്ഞ്‌പിടിച്ച് നിലത്തിട്ട് അമർത്തികൊല്ലുന്നതാണ് നല്ലത്.
രോഗനിയന്ത്രണം:
സാധാരണ കാണാറുള്ള രോഗങ്ങൾ ടെറസ്സിലെ പച്ചക്കറികൃഷിയിൽ കുറവായിരിക്കും. തക്കാളി, വഴുതന, മുളക്, എന്നിവയിൽ ഫംഗസ് കാരണം ഏതെങ്കിലും ഒരു ചെടിയിൽ വാട്ടം കണ്ടെത്തിയാൽ ഉടനെ പിഴുതുമാറ്റി നശിപ്പിക്കണം. നടുന്നതിനു മുൻപ് മണ്ണിൽ വെപ്പിൻപിണ്ണാക്ക് ചേർക്കുന്നത് രോഗങ്ങളെ നിയന്ത്രിക്കും. ചീരയിൽ ഇലപ്പുള്ളിരോഗം കണ്ടെത്തിയാലും അവ നശിപ്പിക്കുന്നതാണ് നല്ലത്. ശക്തിയുള്ള രാസവസ്തുക്കൾ ചെടിയിൽ തളിക്കാതിരിക്കുന്നതാണ് ഉത്തമം. നല്ലയിനം വിത്തുകൾ നടാൻ ഉപയോഗിച്ചാൽ രോഗങ്ങൾ ഒരു പരിധിവരെ ഒഴിവാക്കാം.
വിളവെടുപ്പ്:
ടെറസ്സ്കൃഷിയിൽ ഒന്നിച്ച് ഒരു വിളവെടുപ്പ് നടത്തേണ്ടതില്ല. വെണ്ട, പച്ചമുളക്, വഴുതന, പയർ, പാവൽ, താലോരി, പടവലം എന്നിവയൊക്കെ മൂക്കുന്നതിനു മുൻപ് ദിവസേനയെന്നോണം പറിച്ച് ഉപയോഗിക്കാം. തക്കാളി പഴുത്തതിനുശേഷം പറിച്ചെടുക്കണം. ഒന്നിച്ച് ധാരാളം ഉണ്ടായാൽ പാകമായവയെല്ലാം പറിച്ച് റെഫ്രിജറേറ്ററിൽ വെക്കുകയോ, ബന്ധുക്കൾക്ക് നൽകുകയോ, വില്പന നടത്തുകയോ ചെയ്യണം. കയ്പ ഉണക്കി കൊണ്ടാട്ടമാക്കി മാറ്റാം. വെള്ളരി, മത്തൻ, ഇളവൻ തുടങ്ങിയവ ആവശ്യത്തിന് പറിച്ചെടുക്കുകയും അവശേഷിച്ചവ പാകമായി മൂത്തതിനുശേഷം പറിച്ച് സൂക്ഷിക്കുകയും ചെയ്യാം.
ടെറസ്സിൽ ചെയ്യുന്ന കൃഷി മഴക്കാലം ആരംഭിക്കുന്നതിനു മുൻപ് അവസാനിപ്പിക്കണം. മണ്ണ് ഒരിടത്ത് കൂട്ടിയിട്ട് മഴകൊള്ളാതെ പോളിത്തീൻ ഷീറ്റ് കൊണ്ട് മൂടിയാൽ അതേമണ്ണ് അടുത്ത വർഷം കൃഷിക്ക് ഉപയോഗിക്കാം. മഴകൊണ്ടാൽ മണ്ണ് ഒലിച്ചിറങ്ങുകയും മണ്ണിന്റെ ഘടകങ്ങളും ഘടനയും നഷ്ടപ്പെടുകയും ചെയ്യും.
ഇനി ഏതാനും പച്ചക്കറി സസ്യങ്ങളെ പരിചയപ്പെടാം.
വെണ്ട:
മുളപ്പിച്ച വിത്തുകൾ ചാക്കിലും ചെടിച്ചട്ടിയിലും ആണെങ്കിൽ ഒന്ന് വീതവും തറയിലെ മണ്ണിലാണെങ്കിൽ ഒന്നര അടി ദൂരത്തിലും നടണം. മൂന്ന് ഇലകൾ വന്നാൽ കാലിവളവും നിലക്കടല പുണ്ണാക്ക് പൊടിച്ചതും ചുവട്ടിൽ ഇട്ടതിനുശേഷം മണ്ണിട്ട് മൂടണം. പിന്നീട് പത്ത്ദിവസത്തിലൊരിക്കൽ എന്നതോതിൽ വളം ചേർക്കണം. പാകമായ കായകൾ ദിവസേന പറിച്ചെടുക്കണം.
തക്കാളി:
| കാലം തെറ്റിയ കായ്ക്കാത്ത തക്കാളിച്ചെടി വെണ്ടയോടൊപ്പം |
പയർ:
പയർ ചെടികൾ പലതരം ഉണ്ടെങ്കിലും ഇവിടെ പറയുന്നത് തോരനായി ഉപയോഗിക്കുന്ന നീളമുള്ള പയറിനെകുറിച്ചാണ്. ഇവ പടർന്നുവളരുന്നവ ആയതിനാൽ വളരുമ്പോൾ കമ്പുകൾ വെച്ച് കൊടുക്കണം. മറ്റു ചെടികൾ വളരുന്ന പന്തലുകൾക്ക് സമീപം പയറുകളും നട്ടാൽ അവയും ഒപ്പം വളരും. പയറിന്റെ ഇലയും തോരനായി ഉപയോഗിക്കാം.
വെള്ളരി:
| വെള്ളരി |
| ടെറസിലെ വെള്ളരിക്ക |
പാവൽ:
| വളരാൻ തുടങ്ങുന്ന പാവൽ |
ഇന്നത്തെകാലത്ത് കൃഷി ചെയ്യുന്നത് ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യത്തിന് വളരെ നല്ലതാണ്. കൃഷി ടെറസ്സിലാവുമ്പോൾ ശരീരത്തിലെ അമിതമായ കൊഴുപ്പ് കുറക്കാനായി പ്രത്യേക വ്യായാമമൊന്നും ചെയ്യേണ്ടതില്ല. കീടനാശിനികൾ തളിക്കാത്ത പച്ചക്കറികൾ ഇഷ്ടംപോലെ കഴിക്കാനും കഴിയും. സ്വന്തമായി നട്ട് വളർത്തിയ ചെടികളിൽനിന്ന് വിളവെടുക്കിമ്പോഴുണ്ടാവുന്ന സന്തോഷം പറഞ്ഞറിയിക്കാനാവാത്തതാണ്.
ഒടുവിൽ ഒരു സ്വന്തം കാര്യംകൂടി,
ധാരാളം പച്ചക്കറികൾ ചിലകാലത്ത് ടെറസ്സിലുണ്ടാവുമ്പോൾ തൊട്ടടുത്ത കടയിൽ കൊണ്ടുപോയി വിൽക്കാറുണ്ടായിരുന്നു. രാവിലെ നേരത്തെയുണർന്ന് മുറിച്ചെടുത്ത ചീരകൾ വലിയ കെട്ടാക്കിമാറ്റി സ്ക്കൂളിലേക്ക് പോകുന്ന വഴിക്കുള്ള കടയിൽ ഞാൻ കൊടുക്കും; വൈകുന്നേരം പണം വാങ്ങും. ടെറസ്സിലെ ചീര പെട്ടെന്ന് വിറ്റുപോകാറുണ്ടെന്ന് കടയുടമ പറയാറുണ്ട്. ചീരയുമായി പോകുമ്പോൾ എന്നും എന്റെപിന്നാലെ പ്രായമായ പരിചയമില്ലാത്ത ഒരു വ്യക്തി നടക്കുന്നത് കാണാം. ‘ഞാൻ സ്ഥലംവിട്ടശേഷം ആകടയിൽനിന്ന് ചീര വാങ്ങാനായിരുന്നു അയാൾ പിന്നാലെ നടക്കുന്നത്’എന്ന്, മഴക്കാലമായി കൃഷിനിർത്തിയപ്പോഴാണ് എനിക്ക് മനസ്സിലായത്,,,







ടീച്ചറെ നല്ല ശ്രമം മുഴുവന്‍ അദ്ദ്യായങ്ങളും എഴുതി കഴിഞ്ഞിട്ട് അവസാനം പിഡ് എഫ് ഫൈല്‍ ആക്കി ഡൌണ്‍ലോഡാനുള്ള സൌകര്യം ചെയ്യണം
ReplyDeleteപണ്ടത്തെ വയലും വീടും ഓര്‍മ്മ വന്നു .......ശരിക്കും നല്ല ഒരു ക്ലാസ്സ് പോലെ തോന്നുന്നു.
ReplyDeleteടെറസ്സിൽ ഒരു കൃഷിപാഠമല്ല .....കൃഷിപാഠമാണ്
നന്ദി ടീച്ചറെ
teechere assalaayi,
ReplyDeletekrishipadam nannayirikkunnu, adutha sesonil njhanum terressel krishi thudangiyalo ennalojickunnu, teacher- kku ellavidha ashamsakalum , prethyekichu puthu valsarathinte,
ഇപ്പോൾ എന്റെ ടെറസ്സിൽ കൃഷി ചെയ്യുന്ന സമയമായതിനാൽ തൽക്കാലം കൃഷിപാഠം ഇവിടെ അവസാനിപ്പിക്കുന്നു. ഏതാനും മാസം കഴിഞ്ഞ് കൃഷിപാഠത്തിലേക്ക് വീണ്ടും വരാം. അഭിപ്രായം എഴുതിയ
ReplyDeletejamal|ജമാൽ-, MyDreams-, joejoseph-, എന്നിവർക്ക് നന്ദി.
beautiful... thalkkalam ,flatil thamasam aayathinal sramikkunnilla. bt ennengilum oru naal njanum ithokke cheyyum .
ReplyDeletechechi.... it is good.... i have started a small blog with my small thoughts.... anugrahickanam ....
ReplyDeleteപാവല്‍ പോലെ ഉള്ളവയില്‍ പുഴു പിടിക്കാതിരിക്കാന്‍ എന്റെ അമ്മാവന്‍ ചെയ്തിരുന്ന ഒരു വിദ്യ പാവല്‍ വള്ളിയില്‍ തന്നെ നീര്‍ എന്നു ഞങ്ങള്‍ വിളിക്കുന്ന പുളിയുറുമ്പ് - ചുവപ്പു നിറത്തിലുള്ള ഒരുതരം ഉറുമ്പിന്റെ കൂട് കൊണ്ടു വയ്ക്കുകയായിരിന്നു. കീടങ്ങളെ ഒക്കെ അവര്‍ തിന്നോളും, പാവയ്ക്ക നമുക്കും കിട്ടും.
ReplyDeleteറിട്ടയര്‍ ആയി വരട്ടെ എനിക്കും ഇതു തന്നെ പ്ലാന്‍
ടീച്ചറേ രാവിലെ തന്നെ വീണ്ടുമൊരു ചിയേർസ് കൂടി.. എന്റെ ഏറ്റവും ഇഷ്ടപ്പെട്ടൊരു വിഷയമാണു ഈ പോസ്റ്റിൽ പ്രതിപാദിച്ചിരിക്കുന്ന ടി.വിഷയങ്ങൾ.
ReplyDeleteഎന്ത്യേ ഈ പോസ്റ്റിനിത്രേം കമന്റ് കുറവ്..
ഉത്തരം ആദ്യ ഖണ്ഡികയിൽ നിന്നു തന്നെ നമുക്ക് വ്യക്തമാകുന്നുണ്ട്..!
ചെറിയ തോതിൽ വീട്ടാവശ്യത്തിനുള്ള പച്ചക്കറികൾ ഉല്പദിപ്പിക്കുന്ന ഒരുവനാണു ഞാനും..
എന്റെ ഗുൽമോഹർ ബ്ലോഗിൽ പലപ്പോഴായി വിളവെടുത്ത ഫലങ്ങളുടെ ഫോട്ടോകൾ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്..
അത്യന്തം രുചിപ്രദവും അതിനേക്കാളുപരി മാനസ്സികോല്ലാസം തരുന്നതുമാണു അടുക്കളത്തോട്ട നിർമാണവും അവയുടെ പരിപാലനവും മറ്റും..
പലരും ഈ മേഖലയിൽ അജ്ഞരാണ്..
സത്യത്തിൽ അവർ ഇതിനേക്കുറിച്ചറിയാൻ ശ്രമിക്കുന്നില്ല എന്നതാണു സത്യം..
സ്നേഹപൂര്‍വ്വം ശ്യാമ....(snehapoorvam syama)-, Suresh Alwaye-, ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritage-,
ReplyDeleteഅഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി. ഏതാനും വർഷം മുൻപ് സമീപമുള്ള മരത്തിലുള്ള ചുവന്ന ഉറുമ്പിനെ ഒരു കയറുവഴി ടെറസ്സിലേക്ക് മത്തിത്തല കാണിച്ച് ക്ഷണിച്ചു വരുത്തിയതാണ്. എന്നാൽ അവർ ഗുണത്തിനു പകരം എനിക്ക് ഉപദ്രവമാണ് ഉണ്ടാക്കിയത്. തേൻ കുടിക്കാൻ(പരാഗണം) വരുന്ന ശലഭങ്ങളെ പിടിക്കും. പിന്നെ പയറിൽ അരക്ക് ഇലപ്പേൻ വളർത്തലായിരുന്നു ഈ പുളിയുറുമ്പുകളുടെ തൊഴിൽ. ഇലപ്പേനുകൾക്ക് ഉറുമ്പുകൾ സംരക്ഷണം നൽകിയപ്പോൾ എന്റെ പയർ മുഴുവൻ നശിക്കാനിടയായി. കയറിവന്ന ഉറുമ്പുകൾ ഇപ്പോഴും പരിസരത്ത് കറങ്ങി നടക്കുന്നുണ്ട്. അതുകൊണ്ടാണ് പുളിയുറുമ്പുകളുടെ കാര്യം പറയാഞ്ഞത്. വീട്ടാവശ്യത്തിനു മാത്രമായ കൃഷി ആയതിനാൽ പാവക്ക ഉണ്ടാവുന്ന മുറക്ക് പൊതിയുന്നത് നമുക്ക് അവയോടുള്ള താല്പര്യം വർദ്ധിക്കാൻ ഇടയാവും. അഭിപ്രായം എഴുതിയതിന് നന്ദി.
ഹരീഷ് തൊടുപുഴ-,
എന്റെ പോസ്റ്റുകളെല്ലാം വായിക്കുന്നവർ ധാരാളം ഉണ്ടെങ്കിലും കമന്റുകൾ പൊതുവെ കുറവ് ആയിരിക്കും. അതിനുള്ള കാരണങ്ങൾ പലതാണ്; ചിലത് ഗൌരവമുള്ള വിഷയങ്ങളാവും, ചിലത് ചിലർക്ക് ദഹിക്കില്ല. മഴക്കാലം കഴിഞ്ഞാൽ ടെറസ്സിൽ കൃഷി ചെയ്യാണമെന്ന് എനിക്ക് തോന്നും. കാരണം കൃഷി എന്നത് കുട്ടിക്കാലം മുതൽ കണ്ടും അറിഞ്ഞും വളർന്നവളാണ്. കൃഷിയുടെ ആദ്യ പോസ്റ്റിലാണ് ഇപ്പോഴും കമന്റ് വരുന്നത്; (എല്ലാ കാർഷിക പോസ്റ്റിലും ലിങ്ക് ഉണ്ട്) അഭിപ്രായം എഴുതിയതിന് നന്ദി.
ടീച്ചറേ.... മനം നിറഞ്ഞുള്ള അഭിനന്ദനങ്ങൾ.... ടീച്ചറുടെ ഈ പച്ചക്ക്രറി കൃഷിയിലെ അറിവുകൾ എല്ലാവർക്കും ഉപകാരപ്രദമാവട്ടെ... എന്ഡോസൾഫാൻ കഴിച്ച് മരിയ്ക്കുന്നതിനേക്കാൾ എത്രയോ നല്ലതല്ലെ ഒരു ചെറിയ ഇടത്തിൽ ഒരു നേരത്തേയ്ക്കുള്ള പച്ചക്കറി കിട്ടുന്ന രൂപത്തിൽ ആക്കിയാലും... ടീച്ചറുടെ അത്രയും വിപുലീകരിച്ചല്ലെങ്കിലും ചെറിയ രീതിയിൽ ഞാനും പച്ചക്കറിയും, കോഴി താറാവ് എന്നിവയും നടത്തുന്നുണ്ട്... അതുകൊണ്ട് 2 വർഷത്തിലധികമായി ഈ വീട്ടിലുള്ള ഞങ്ങൾ 5 പേരും പിന്നെ സഹചാരികളായ 2 ശുനകന്മാരും ‘നല്ല രീതിയിൽ’ കോഴി - താറാവ് മുട്ട ഉപയോഗിയ്ക്കുന്നു... വീണ്ടും കൃഷി വിജ്നാനങ്ങൾ പ്രതീക്ഷിയ്ക്കുന്നു
ReplyDeleteതാലോരി എന്താണ്?
ReplyDelete@റോബിൻ ഹൂഡ്-,
ReplyDeleteഅഭിപ്രായം എഴുതിയതിന് നന്ദി.
@അനില്‍_ANIL-,
താലോരി, പടവലം പോലെയുള്ള ചെറിയ ഇനമാണ്. നമ്മുടെ പച്ചക്കറികൾക്കും പക്ഷികൾക്കും മലയാളികൾ പലതരം പേരുകളാണല്ലൊ ഉപയോഗിക്കുന്നത്!!!കൃഷിപാഠം നാലാം അദ്ധ്യായം അടുത്തുതന്നെ എഴുതും. അപ്പോൾ താലോരിയുടെ ഫോട്ടോ കാണിക്കാം. അഭിപ്രായം എഴുതിയതിന് നന്ദി.
Valuable information. Thank you very much.
ReplyDelete