അങ്ങനെയുള്ള ആ ഗ്രാമത്തില്‍ മാതാപിതാക്കളുടെ പത്ത് വര്‍ഷത്തെ മധുവിധു ആഘോഷത്തിന് അന്ത്യം കുറിച്ച് ഞാന്‍ ജനിച്ചു. എന്റെ ജനനത്തില്‍ പ്രധാന പങ്കാളികള്‍ എന്റെ അച്ഛനും അമ്മയും അല്ല എന്നും, അക്കാലത്ത് അറിയപ്പെടുന്ന അമ്പലങ്ങളിലെ ദേവീ-ദേവന്മാരാണ് എന്നും, അസൂയാലുക്കള്‍ പറയാറുണ്ട്. എന്നാല്‍ ഞാന്‍ രഹസ്യമായി അറിഞ്ഞതും വിശ്യസിച്ചതും മറ്റോന്നാണ്; ‘കുട്ടികളില്ലാത്ത ദുഖത്തോടെ എന്റെ അച്ഛന്‍ കടല്‍തീരത്തു കൂടി തിരയെണ്ണി നടക്കുമ്പോള്‍ തിരമാലകള്‍ക്കിടയിലൂടെ ഒഴുകുന്ന ‘കൊച്ചുകുട്ടിയായ എന്നെ‘ എടുത്തു വീട്ടില്‍ കൊണ്ടുപോയി വളര്‍ത്തി എന്നാണ്‘. എനിക്കു ധാരാളം കൂട്ടുകാരുണ്ടെങ്കിലും എന്റെ അമ്മയേ പേടിച്ച് ആരും എന്നെ കൂട്ടത്തില്‍ കൂട്ടാറില്ല. അങ്ങനെ കളിക്കാതെ, ചിരിക്കാതെ, കരയാതെ മറ്റുകുട്ടികളുടെ കളിയും ചിരിയും കരച്ചിലും കണ്ടുകൊണ്ട് ഞാന്‍ വളര്‍ന്നു.
അങ്ങനെയിരിക്കെ ഒരു ദിവസം എന്റെ കൂട്ടുകാരനായി അവന്‍ വന്നു-.... കാരണം പുതിയ സ്ക്കൂള്‍....- അഞ്ചാം ക്ലാസ് വരെ വീടിനടുത്ത് എല്‍.പി.സ്ക്കൂളില്‍. ആറിലേക്ക് പാസ്സായപ്പോള്‍ അടുത്ത സ്ക്കൂളില്‍ പോവാന്‍ മുപ്പത് മിനുട്ട് നടക്കണം. കുളം, വയല്‍, തോട്, കടല്‍, എന്നിവയുടെ സമീപത്തുകൂടി ഇടവഴിയിലൂടെയാണ് യാത്ര. മൂന്ന് പാലവും കടക്കണം. ഇത് മിക്കവാറും തെങ്ങിന്‍തടി കൊണ്ടുള്ള ‘ഒറ്റപ്പാലവും’ ആകാം. അപ്പോള്‍പിന്നെ കൊച്ചുകുട്ടിയായ എനിക്ക് എസ്ക്കോര്‍ട്ടായി ബോഡീഗാര്‍ഡായി ഒരാള്‍ വേണം. അമ്മ ആ പോസ്റ്റ് അയല്‍ വീട്ടിലുള്ള, എന്റെ സ്ക്കൂളില്‍,എന്റെ ക്ലാസ്സില്‍ പഠിക്കുന്ന അവനു നല്‍കി. അങ്ങനെ ഞങ്ങള്‍ കളിക്കൂട്ടുകാരായി മാറി. അവധി ദിവസങ്ങളിലും വൈകുന്നേരവും ഞങ്ങള്‍ ഒന്നിച്ച് കാനനഛായയില്‍ പശുവിനെ മേയ്ക്കാനും അണ്ണാനോടും കാക്കയോടും മാമ്പഴം കടം ചോദിക്കാനും കടപ്പുറത്തെ വെളുത്ത പൂഴിയില്‍ കളിവീടുണ്ടാക്കാനും തുടങ്ങി.
പാട്ടുപാടുകയും കഥ പറയുകയും ചെയ്യുന്നതിനിടയില്‍ ഇടയ്ക്കിടെ അവന്‍ എന്നോട് ഒരു കാര്യം ചോദിക്കും,‘വലുതാവുമ്പോള്‍ ഞാന്‍ നിന്നെ കല്ല്യാണം കഴിച്ചോട്ടെ?’.
ഒരു സീരിയലോ സിനിമയോ കാണാത്ത ഞാന്‍ ഒന്നും മനസ്സിലാവാതെ നില്‍ക്കും. മറുപടി അനുകൂലമല്ലെങ്കില്‍ ഇനി കൂടെകൂട്ടില്ല എന്ന് ഭീഷണി ഉയര്‍ത്തും. പിണക്കം ചിലപ്പോള്‍ ദിവസങ്ങളോളം നീളും. എന്നാല്‍ വൈകുന്നേരം കടല്‍ത്തീരത്തെ പാറക്കെട്ടില്‍ ഇരുന്ന് ‘അന്തിവെയില്‍ ചിതറും പൊന്‍ തളിക അറബിക്കടലില്‍ താഴുന്നത് ‘ കണ്ട് വീട്ടിലേക്ക് മടങ്ങുമ്പോള്‍ എല്ലാ പിണക്കവും മാറിയിരിക്കും.
‘പിന്നെ എന്താണ് സംഭവിച്ചത് എന്നോ; ‘ ഒന്നും സംഭവിച്ചില്ല. എസ്.എസ്.എല്‍.സി.യില്‍ തട്ടിത്തടഞ്ഞ അവന്‍ സ്വര്‍ണം വാരിയെടുക്കാന്‍ ഗള്‍ഫിലേക്ക് പോയി മില്ലിയനിയര്‍ ആയി മാറി. പഠനവും പരീക്ഷകളും ജീവിതത്തിന്റെ ഭാഗമാക്കിയ ഞാന്‍ സര്‍ക്കാര്‍ ശമ്പളം വാങ്ങുന്ന അപൂര്‍വം ചിലര്‍ ആയി മാറി .
ഇന്ന്, പട്ടണത്തിന്റെ തിരക്കുകള്‍ക്കിടയില്‍ വീണുകിട്ടുന്ന ഒഴിവുദിവസങ്ങളില്‍ ഞാന്‍ ‘എന്റെ പൊന്‍ തളിക’യെ അന്വേഷിച്ച് കടല്‍തീരത്ത് പോകാറുണ്ട്. ഞങ്ങള്‍ ഒഴുക്കിവിട്ട ആ പൊന്‍ തളിക ആഴിയുടെ അടിത്തട്ടിലൂടെ ഒഴുകി മുത്തും പവിഴവും കോരിയെടുത്ത് അജ്ഞാത തീരം തേടി ഇപ്പോഴും ഒഴുകുകയാണ്. ആ പൊന്‍ തളിക അറബിക്കടലിലൂടെ മാത്രമല്ല എന്റെ മനസ്സിലൂടെയും തീരങ്ങള്‍ തേടി അലയുന്നുണ്ടെന്ന് ഓരോ മടക്കയാത്രയിലും ഞാന്‍ തിരിച്ചറിയുന്നു.
ഓര്‍മ്മകളില്‍ നഷ്ട ബാല്യത്തിന്റെ നോവുകള്‍ വായിച്ചറിയാനാകുന്നുണ്ട്... കൊള്ളാം
ReplyDeleteആശംസകള്‍!
ReplyDelete