“മിനിലോകം”

ഞാന്‍ മിനി... എന്റെ മനസ്സ് എന്റെ ലോകമാണ്. എന്റെ മനസ്സില്‍(ഓര്‍മ്മയില്‍) തങ്ങിനില്‍ക്കുന്ന കാര്യങ്ങള്‍,വേണ്ടതും വേണ്ടാത്തതും ഞാന്‍ ഇവിടെ പകര്‍ത്തുന്നു. ഇതു വായിക്കാം, അഭിപ്രായം എഴുതാം. ജീവിതത്തില്‍ നിന്നും ഞാന്‍ കണ്ടെത്തിയ ധാരാളം ചെറിയ‘വലിയ’ സംഭവങ്ങള്‍ ഉണ്ട്. അവയെല്ലാം ചിത്രങ്ങളോടൊപ്പം ഇവിടെ അവതരിപ്പിക്കുന്നു. എന്റെ ലോകത്തേക്ക് “മിനിലോക”ത്തിലേക്ക് ഞാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു... ചിരിക്കാം, കളിക്കാം, ചിന്തിക്കാം... എന്ന് നിങ്ങളുടെ: mini//മിനി

May 4, 2009

17. മകളുടെ അച്ഛന്‍



‘ജാതി ചോദിക്കരുത്, പറയരുത്, വിചാരിക്കരുത്, എന്നാണ് മലയാളിയായി പിറന്നവരുടെ വിശ്വാസം’. എന്നാല്‍ ജാതിയുടെ പേരിലുള്ള ഭരണഘടനാപരമായ തരം തിരിവും ആനുകൂല്യങ്ങളും ഉള്ള കാലത്തോളം ജാതി ആവശ്യമായി വരുന്ന അവസരങ്ങള്‍ ധാരാളം ഉണ്ട്.

....സ്ക്കൂളില്‍ ചേരുമ്പോള്‍, പരീക്ഷ എഴുതുമ്പോള്‍, ജോലി ലഭിക്കുമ്പോള്‍, കല്ല്യാണം കഴിക്കുമ്പോള്‍... തുടങ്ങി മലയാളിയുടെ ജീവിതത്തിലെ ഓരോ ഘട്ടത്തിലും ചോദിക്കാനും പറയാനും വിചാരിക്കാനും പാടില്ലാത്ത ജാതി ആവശ്യമായി വരുന്നു. അപ്പോള്‍ എന്ത് ചെയ്യും???

ഞങ്ങള്‍ അദ്ധ്യാപകര്‍ ചെയ്യുന്നത് : കുട്ടികളോട് ജാതി എഴുതാന്‍ പറയുന്നു…എഴുതിയ ജാതി നോക്കി അദ്ധ്യാപകര്‍ വായിക്കുന്നു. അതയാത് ക്ലാസ്സിലെ കുട്ടികളുടെ ജാതി എഴുതി വാങ്ങാറാണ് പതിവ്.(ജാതി എഴുതാം, എഴുതിയത് വായിക്കാം)
ജാതിയുടെ പേരില്‍ ആനുകൂല്യം ലഭിക്കേണ്ട കുട്ടിയാണെങ്കില്‍ –അവന്‍ ജാതി ചോദിച്ചാല്‍ ഒരിക്കലും പറയില്ല. അത് കൊണ്ട് എഴുതിക്കൊണ്ടുവരാന്‍ തന്നെ പറയണം. ഇങ്ങനെ എഴുതിക്കൊണ്ട് വന്നതില്‍ ചിലപ്പോള്‍ തെറ്റ് ഉണ്ടാവാം. ഇങ്ങനെ തെറ്റുന്നത് സ്വന്തം ജാതി മാത്രമായിരിക്കില്ല; അച്ഛന്റെ പേരും അമ്മയുടെ പേരും വരെ തെറ്റാറുണ്ട്. ഒരിക്കല്‍ ഒരു പയ്യന്‍;… അച്ഛന്റെ പേര് പറഞ്ഞത് “വാസു”. എഴുതിയത്, “വാസന്‍”. പിറ്റേദിവസം അവന്‍ എന്റെ പിന്നാലെ വന്ന് പതുക്കെ പറഞ്ഞു,“ടീച്ചറേ എന്റെ അച്ഛന്റെ പേര്‍ മാറ്റണം. അത് ഭാസ്ക്കരന്‍ എന്നാണ്”.

S.S.L.C. ബുക്കില്‍ (അത് പുസ്തകമായ കാലത്ത്) ബയോഡാറ്റ ചേര്‍ക്കാന്‍ ജാതി, മതം, അച്ഛന്‍, അമ്മ, രക്ഷിതാവ്, ആദിയായവയുടെ പേരും, അഡ്രസ്സും കൃത്യമായി വേണം. അതിനായി സ്ക്കൂളില്‍ നിന്നും ബയോഡാറ്റ പൂരിപ്പിക്കാനായി (എഴുതി കൊണ്ടു വരാന്‍) പ്രത്യേക ഫോറം ഓരോ കുട്ടിക്കും കൊടുക്കും. അവര്‍ രക്ഷിതാക്കളുമായി ചര്‍ച്ച ചെയ്ത് പൂരിപ്പിച്ച് കൊണ്ടു വന്നത് അഡ്മിഷന്‍ രജിസ്റ്ററുമായി ഒത്തു നോക്കി തെറ്റുകള്‍ തിരുത്തും.
...
ഇങ്ങനെ മറ്റു കുട്ടികള്‍ക്കൊപ്പം നമ്മുടെ കഥാനായികയ്ക്കും ബയോഡാറ്റ പൂരിപ്പിക്കാനായി ഒരു ഫോറം കിട്ടി. കഥാനായിക...; പത്ത് ഏ ക്ലാസ്സില്‍, ഒന്നാമത്തെ ബഞ്ചില്‍, രണ്ടാം സ്ഥാനത്ത് ഇരിക്കുന്നു. ഇരിപ്പിടം മുന്നിലാണെങ്കിലും പഠനത്തില്‍ ഏറ്റവും പിന്നിലാണ് സ്ഥാനം. ക്ലാസ്സിലെ നാല്പത്തി ഒന്ന് കുട്ടികളില്‍ നാല്പത്തി ഒന്നാം റാങ്ക്. (അത് ഒരു സൂത്രമാണ്. പഠനത്തില്‍ പിന്നിലായവരെ മുന്നിലിരുത്തി പീഡിപ്പിക്കുക.) ഉയരം കുറഞ്ഞ് , കാണാന്‍ സുന്ദരിയായ അവളും പാസായി 100% റിസല്‍ട്ട് ഉണ്ടാക്കിയെടുക്കാനുള്ള തീവ്രപരിശ്രമത്തിലാണ് ടീച്ചേര്‍സ് എല്ലാവരും. പിന്നെ ക്ലാസ്സ് ടീച്ചറെന്ന നിലയില്‍ ഞാന്‍ ഒരു കാര്യം കൂടി മനസ്സിലാക്കിയിരുന്നു, അവള്‍... അമ്മയുടെ മാത്രം മകളാണ്... ‘അച്ഛന്‍‘ – അങ്ങനെയൊന്ന് അവളുടെ ജീവിതത്തില്‍ ഉള്ളതായി അവളുടെ അമ്മ രമാവതി പോലും സമ്മതിക്കില്ല. ആ രഹസ്യം അനാവരണം ചെയ്യാനായി വീട്ടുകാരും നാട്ടുകാരും ചെയ്ത തീവ്രപരിശ്രമങ്ങളൊന്നും വിജയിച്ചില്ല എന്നാണ് എനിക്കു കിട്ടിയ വിവരം.

പിറ്റേ ദിവസം എല്ലാവരും ബയോഡാറ്റ പൂരിപ്പിച്ച് എന്റെ കൈയില്‍ തന്നു. അവ ഓരോന്നും അഡ് മിഷന്‍ രജിസ്റ്ററുമായി ഒത്തുനോക്കി പരിശോധിച്ചു കൊണ്ടിരിക്കെ നമ്മുടെ കഥാനായികയുടെ കടലാസ് എടുത്തു, വായിച്ചു;
“നെയിം ഓഫ് ഫാദര്‍ : ‘രമാവതി‘,
നെയിം ഓഫ് മദര്‍ : ‘രമാവതി’,
നെയിം ഓഫ് ഗാര്‍ഡിയന്‍ : ‘രമാവതി’ “.
അങ്ങനെ ‘രമാവതിമയം’- ? കുട്ടിക്ക് ആകെ അറിയാവുന്നത് എഴുതിയിരിക്കുന്നു. പക്ഷെ എസ്. എസ്. എല്‍. സി. ബുക്കില്‍ ചേര്‍ക്കാന്‍ അച്ഛനെ ഇറക്കുമതി ചെയ്യണമല്ലൊ. ഞാന്‍ അവളെ അടുത്ത് വിളിച്ച് ദേഷ്യത്തോടെ കടലാസ് കൊടുത്തിട്ട് പറഞ്ഞു, “ഇതെന്താ അച്ഛനും അമ്മയും രക്ഷിതാവും ഒരാള്‍ ? നാളെ ശരിയാക്കി എഴുതിക്കൊണ്ടുവാ”. (ഇവിടെ ദേഷ്യപ്പെട്ടില്ലെങ്കില്‍ കുട്ടി ഒഴിഞ്ഞു മാറും. അവളുടെ അച്ഛനെ ഞാന്‍ കണ്ടുപിടിക്കേണ്ടി വരും.)
പിറ്റേന്ന് രാവിലെ അവള്‍ ബയോഡാറ്റ പൂരിപ്പിച്ച് കൊണ്ടുവന്നു. അമ്മയും രക്ഷിതാവും രമാവതി, അച്ഛന്‍ …. അത് ….നമ്മുടെ ഗ്രാമ പഞ്ചായത്തിലോ ബ്ലോക്ക് പഞ്ചായത്തിലോ കേള്‍ക്കാത്ത ഒരു നാമം. ആശ്വാസം ഇനി സമാധാനമായി S.S.L.C. ബുക്ക് എഴുതാമല്ലൊ.

....
ഒരാഴ്ച കഴിഞ്ഞപ്പോഴാണ് അച്ഛനെ കണ്ടെത്തിയ നമ്മുടെ കഥാനായികയുടെ വീട്ടിലെ ..ഞെട്ടിക്കുന്ന.. സംഭവങ്ങള്‍ ഞാന്‍ അറിയുന്നത്.

സംഭവം …

ഒന്നാം ദിവസം…

അമ്മയുടെ സഹായത്തോടെ ബയോഡാറ്റ പൂരിപ്പിക്കുന്നു.
“നെയിം ഓഫ് ഫാദര്‍ ? നെയിം ഓഫ് മദര്‍, നെയിം ഓഫ് ഗാര്‍ഡിയന്‍” മകള്‍ അമ്മയോട് ചോദിച്ചു.(മക്കള്‍ ചോദിക്കേണ്ട; അമ്മ ഉത്തരം പറയേണ്ട ചോദ്യം)
“അതെല്ലാം ഞാന്‍ തന്നെയാ”, അമ്മ അറിയിച്ചു.
കുട്ടി എഴുതി.. ‘രമാവതി’
….രണ്ടാം ദിവസം…
മകള്‍ ചോദിക്കുന്നു, “എല്ലാ കുട്ടികളും ഫോറത്തില്‍ അച്ഛന്റെ പേര്‍ എഴുതിയിട്ടുണ്ട്, എനിക്കും ഫോറം പൂരിപ്പിക്കാന്‍ അച്ഛന്റെ പേര് വേണം”.
“നിന്റച്ഛന്‍ മരിച്ചു പോയില്ലെ, പിന്നെ എന്തിനാ പേര് എഴുതുന്നത്?”
“മരിച്ചാലും ഇല്ലെങ്കിലും പത്താം ക്ലാസ്സില്‍ പരീക്ഷ എഴുതണമെങ്കില്‍ അച്ഛന്റെ പേര് ചേര്‍ക്കണം”.
“നിന്റെ ടീച്ചറോട് പറ അച്ഛനില്ല എന്ന്”.
“അതെങ്ങനെയാ എനിക്കു മാത്രം അച്ഛനില്ലാതാവുന്നത്? അമ്മക്ക് ടീച്ചറെ നന്നായി അറിയില്ലെ, അച്ഛന്റെ പേര് എഴുതിയില്ലെങ്കില്‍ നാളെ രാവിലെ ടീച്ചറിങ്ങോട്ട് വരും”.
“ടീച്ചറ് വന്നാല്‍ ഞാന്‍ പറഞ്ഞോളും ഇവള്‍ക്ക് തന്തയില്ല എന്ന്”.
“അമ്മ അച്ഛന്റെ പേര്‍ പറഞ്ഞില്ലെങ്കില്‍ ഞാന്‍ കിണറ്റില്‍ ചാടും”.
“നീ കിണറ്റില്‍ ചാടിയാലൊന്നും ഞാന്‍ പറയില്ല”.
“എന്നാല്‍ ഞാനിതാ ചാടുന്നേ, അമ്മ അച്ഛന്റെ പേര്‍ പറയുന്നുണ്ടോ???…”
അവള്‍ വീടിന്റെ വടക്ക് ഭാഗത്തുള്ള കിണറിനടുത്തേക്ക് നടന്നു.
…ഒരു നിമിഷം…രമാവതിക്കു ചിരി വന്നു…
അടുത്ത നിമിഷം…നായിക കിണറ്റിന്റെ കയറ് മാറ്റി, പിടിച്ചു മുകളില്‍ കയറി… സിനിമാ,സീരിയല്‍ മോഡല്‍….

രമാവതി ഞെട്ടി…ആഴമുള്ള കിണറ്റില്‍ ചാടാന്‍ കുതിക്കുമ്പോഴെക്കും ആ മാതൃഹൃദയം പിടഞ്ഞു, പിന്നെ അധികം വൈകിയില്ല, കിണറ്റിനടുത്ത് ഓടി മകളെ കെട്ടിപ്പിടിച്ച് കരയാന്‍ തുടങ്ങി. ഒടുവില്‍ S.S.L.C. ബുക്കില്‍ ചേര്‍ക്കാനായി മാത്രം അച്ഛന്റെ പേര് മകളുടെ ചെവിയില്‍ പറഞ്ഞു കൊടുത്തു. .

അങ്ങനെ സ്ക്കൂള്‍ രജിസ്റ്റര്‍ പൂര്‍ത്തിയായി.

….പിന്നീട്???....
നമ്മുടെ കഥാനായികയുടെ ജീവിത വിജയങ്ങള്‍ക്ക് അച്ഛന്റെ പേര് ആവശ്യമായി വന്നില്ല. എസ്.എസ്.എല്‍.സി. റിസല്‍ട്ട് വന്നപ്പോള്‍ അവള്‍ മാത്രം തോറ്റിരിക്കുന്നു. അദ്ധ്യാപകരുടെ 100% വിജയം എന്ന സ്വപ്നം തകര്‍ന്നു. എന്നാല്‍ മറ്റു കുട്ടികള്‍ വര്‍ഷങ്ങളായി പുസ്തകമങ്ങനെ തിന്നു കൊണ്ടിരിക്കുമ്പോഴേക്കും അവള്‍ കല്ല്യാണം കഴിഞ്ഞ് കുട്ടികളുടെ അമ്മയായി ഭര്‍ത്താവുമൊത്ത് കുടുംബിനിയായി സസുഖം കഴിയുന്നു.

4 comments:

  1. എല്ലാം വളരെ നന്നാവുന്നുണ്ട്.

    ReplyDelete
  2. chechi... areyum vedanippikkaruthe...
    very good presentation...
    aa 'makal' shishya tanneyano ?

    ReplyDelete
  3. നല്ല പോസ്റ്റ്.

    ReplyDelete
  4. Dear teacher,
    ഈ ബ്ലോഗ്‌ കാണാന്‍ വൈകി.. എല്ലാ പോസ്റ്റുകളും വളരെ ഇഷ്ടമായി :)

    ReplyDelete

എന്റെ മനസ്സിലെ ഈ കൊച്ചു മിനിലോകത്തിലേക്ക് എല്ലാവര്‍ക്കും സ്വാഗതം.