ആവശ്യമുള്ളതെല്ലാം ഡ്യൂപ്ലിക്കേറ്റായി കിട്ടുന്ന കാലമാണിത്. അച്ഛനും അമ്മയും ബന്ധുക്കളും മാത്രമല്ല, അവനവന്റെ ഡ്യൂപ്ലിക്കേറ്റ് പോലും ആവശ്യമനുസരിച്ച് റഡിയാക്കാം. ഒറിജിനല്‍ അറിയാതെ ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റ് രംഗത്ത് വരാറുണ്ട്. ഈ ഡ്യൂപ്ലിക്കേറ്റിനെ കൊണ്ട് ചിലപ്പോള്‍ ഗുണവും ചിലപ്പോള്‍ ദോഷവും ഉണ്ടാവും. പ്രോഗ്രസ്സ് ഒപ്പിടാനും രക്ഷിതാക്കളുടെ മീറ്റിങ്ങിലും ഒറിജിനലിനെക്കാള്‍ ഡ്യൂപ്ലിക്കേറ്റുകളാണ് കാണപ്പെടുക. ‘ഞാന്‍ അവന്റെ അമ്മയെപ്പോലെയാണ്, ഞാന്‍ അവളുടെ അച്ഛനെപ്പോലെയാണ്’ എന്ന് പറയാന്‍ ധാരാളം പേരുണ്ടാവും. എന്നാല്‍ കുറ്റവാളിയായ കുട്ടികളുടെ രക്ഷിതാവായി ചമഞ്ഞ് വരുന്നവര്‍; അവന്‍ കൂടുതല്‍ കുറ്റം ചെയ്യാനുള്ള പ്രേരണ നല്‍കുകയാണ്. ഇനി സംഭവം.
…
...
സ്ക്കൂളുകളില്‍ സമരം അരങ്ങ് തകര്‍ക്കുന്ന കാലം. രാഷ്ട്രീയ പിന്‍ബലം ഉള്ളതിനാല്‍ സമരമുഖത്ത് സമരിക്കുന്നവര്‍ക്ക് കണ്ണു കാണില്ല. ഇക്കാര്യത്തില്‍ അദ്ധ്യാപക വിദ്യാര്‍ത്ഥി ബന്ധങ്ങള്‍ ഒന്നും കാണില്ല. അതായത് സമരത്തിന് മുന്നില് വന്നുപെടുന്ന എല്ലാവരും അവര്‍ക്ക് ശത്രുക്കളാണ്. ഇഷ്ടമില്ലാത്തതെല്ലാം അടിച്ചു തകര്‍ക്കാനും ഇഷ്ടമില്ലാത്തവര്‍ക്ക് രണ്ട് പൊട്ടിച്ചു കൊടുക്കാനും കഴിയുന്ന അപൂര്‍വ്വ അവസരം കൂടിയാണ് സമര ദിവസം. അങ്ങനെയൊരു സമര ദിവസമാണ് നമ്മുടെ കണക്ക് മാഷിന്റെ ബൈക്ക് തകരാറാക്കിയത്.
...
ഹൈസ്ക്കൂള്‍ അദ്ധ്യാപകരില്‍ ഒരാള്‍ക്ക് മാത്രമാണ് അക്കാലത്ത് മോട്ടോര്‍ബൈക്ക് ഉള്ളത്. അതും ഒരു അടിപൊളി ബൈക്ക്. നിത്യേന സുന്ദരന്‍ വണ്ടിയില്‍ ചെത്ത് സ്റ്റൈലില്‍ വരുന്ന കണക്ക്മാഷെ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും നോക്കിനിന്നു പോകും. എല്ലാ കണക്ക് സാറന്മാരെപ്പോലെ തന്നെ ചൂരല്‍ പ്രയോഗവും കണക്കായി പ്രയോഗിക്കാന്‍ അദ്ദേഹത്തിന്‍ നന്നായി അറിയാം. ഇക്കാരണത്താല്‍ ധാരാളം ശത്രുക്കള്‍ ശിഷ്യന്മാര്‍ക്കിടയിലുണ്ട്. സമരസമയത്ത് അദ്ധ്യാപകനോടുള്ള പക ബൈക്കിനോട് അവര്‍ തീര്‍ത്തു.
…
...
ബൈക്ക് തകര്‍ത്ത പ്രധാനപ്രതി ഒന്‍പതാം ക്ലാസ്സുകാരനെ പിറ്റേദിവസം തന്നെ കണ്ടുപിടിച്ചു. ശിക്ഷയുടെ ഒന്നാം ഗഡുവായി ഇനി രക്ഷിതാവിനെ കൂട്ടി ക്ലാസ്സില്‍ വന്നാല്‍ മതിയെന്ന് അറിയിച്ചു. പുസ്തകമെടുത്ത് പുറത്തിറങ്ങിയ അവന്‍ വൈകുന്നേരം വരെ സ്ക്കൂള്‍ ഗേറ്റിനു സമീപം തന്നെ നില്പാണ്.... അങ്ങനെ മൂന്നു ദിവസമായി;… രക്ഷിതാവ് എത്തിയില്ല. അവനെ സഹായിക്കാന്‍ സമരാഹ്വാനം ചെയ്ത നേതാക്കളുമില്ല. പയ്യനാണെങ്കില്‍ ഗേറ്റിനു മുന്നിലും കടകളിലുമായി ചുറ്റിക്കറങ്ങുന്നു. അവന്റെ അടുത്ത വീട്ടിലെ കുട്ടികളോട് അന്വേഷിച്ചപ്പോഴാണ് ഒരു കാര്യം മനസ്സിലായയത്, ‘അവന്റെ അച്ഛന്‍ അമ്മയുമായി പിണങ്ങി രണ്ടു വര്‍ഷം മുന്‍പ് നാടു വിട്ടതാണ്’. അച്ഛനില്ലെങ്കില്‍ രക്ഷിതാവായി അമ്മ സ്ഥലത്തുണ്ടല്ലോ; അവന്റെ അമ്മയെ കാര്യം അറിയിക്കാനായി മറ്റു കുട്ടികളെ ഏല്പിച്ചു. അങ്ങനെ ഏല്പിച്ച ദിവസം തന്നെയാണ് പ്രതിയുടെ അച്ഛനാണെന്ന് പറഞ്ഞ് ഒരാള്‍ ഓഫീസില്‍ വന്ന് ഹെഡ് മാസ്റ്ററെ കണ്ടത്. വെള്ള മുണ്ടും ഷര്‍ട്ടും ധരിച്ച് ചുമലില്‍ ഒരു ഷാളുമായി ഒരു അറുപത് കഴിഞ്ഞ മാന്യനായ ഒരു ചെറുപ്പക്കാരന്‍. നാടുവിട്ട അച്ഛന്‍ തിരിച്ചു വന്നതാണെന്ന് ഞങ്ങള്‍ കരുതി. ഹെഡ് മാസ്റ്റര്‍ക്ക് രക്ഷിതാവ് വന്നത് ആശ്വാസം പകര്‍ന്നു. ബൈക്ക് കേസിന് ഒരന്ത്യം ഉണ്ടാകുമല്ലോ;.
...
...
രക്ഷിതാവ് സ്വയം പരിചയപ്പെടുത്തിയ ശേഷം പറഞ്ഞു, “എന്റെ മകനെ സ്ക്കൂളില്‍ നിന്ന് പുറത്താക്കിയെന്നു കേട്ടു. ചെറിയ കുട്ടിയെ മാഷ്ന്മാര്‍ ഇങ്ങനെ ചെയ്താല്‍”... അപ്പോള്‍ കുറ്റം അദ്ധ്യാപകര്‍ക്കാണ്.
“മകന്‍ ചെയ്ത കുറ്റം അറിയുമോ? അവനെന്താ നിങ്ങളുടെ കൂടെ വരാത്തത്?” ഹെഡ് മാസ്റ്റര്‍ ചോദിച്ചു.
“അവന്‍ നിങ്ങള്‍ ടീച്ചേര്‍സിനെ പേടിച്ച് വരാത്തതാണ്. ഗേറ്റിനു മുന്നില്‍ തന്നെയുണ്ട്.” നല്ല പേടിയുള്ള ശിഷ്യന്‍ തന്നെ.
അപ്പോഴേക്കും ബൈക്കിന്റെ ഉടമ കണക്ക് മാഷ് പ്രതിയുടെ അച്ഛന്‍ ഹാജരുണ്ടെന്നറിഞ്ഞ് ഓടിയെത്തി. അവിടെ ഹാജരായ അച്ഛനെകണ്ട് മാസ്റ്റര്‍ ഒന്നു ഞെട്ടി.
“അല്ല നിങ്ങള്‍ എന്റെ അയല്‍ക്കാരി മാധവിയമ്മയുടെ ഭര്‍ത്താവല്ലെ? ഒരു മകനുള്ളത് ഗള്‍ഫിലാണല്ലോ. പിന്നെ ഇവിടെ പഠിക്കുന്നവന്‍ ആരാണ്?”
അത് വരെ അദ്ധ്യാപകരെ കുറ്റം പറഞ്ഞിരുന്ന രക്ഷിതാവാണ് ഇപ്പോള്‍ ഞെട്ടുന്നത്. “അത് ഞാന്‍ ആ കുട്ടി വീട്ടില്‍ വന്ന് കരഞ്ഞതു കൊണ്ട് ഇവിടെ വന്നതാ. അച്ഛനാണെന്ന് പറഞ്ഞാല്‍ ക്ലാസ്സില്‍ കയറ്റുമെന്ന് അവന്‍ പറഞ്ഞു”.
“ഏതായാലും ഇനി പോലീസിനെ വിളിച്ച് കേസാക്കാം. അച്ഛനും മകനും ഒന്നിച്ച് പോലീസ് സ്റ്റേഷനില്‍ പോകുന്നതാണ് നല്ലത്, ബൈക്ക് റിപ്പെയറിന് ചെലവായ പണം കൂടി തരണം” ഹെഡ് മാസ്റ്റര്‍ ടെലിഫോണ്‍ എടുത്തു.
“അയ്യോ മാഷേ ഞാന്‍ പോകുവാ, ഏതായാലും ഇനി ഞാന്‍ ഇങ്ങോട്ടില്ല, ആകെ നാണക്കേടായി;”. അങ്ങനെ നമ്മുടെ ഡ്യൂപ്ലിക്കേറ്റ് അച്ഛന്‍ സൂപ്പര്‍ ഫാസ്റ്റായി സ്ഥലം വിട്ടു.
…
...
പിറ്റേ ദിവസം പുറത്താക്കപ്പെട്ട അവനും അവന്റെ അമ്മയും പത്ത് മണിക്ക് മുന്‍പായി സ്ക്കൂളില്‍ ഹാജരായി. കള്ളിച്ചെല്ലമ്മ മോഡല്‍ വനിതാരത്നം, സംഭാഷണവും അതേ മോഡല്‍. മകന്റെ എല്ലാ കുറ്റവും അറിഞ്ഞു കൊണ്ടാണ് വരവ്.
എല്ലാ കാര്യവും വിശദമായി അറിഞ്ഞപ്പോള്‍ ‘ഇനി എന്തങ്കിലും തെറ്റ് ചെയ്താല്‍ സ്ക്കൂള്‍ പഠനം നിര്‍ത്തി കൂലിപ്പണി ചെയ്യേണ്ടിവരും’ എന്ന് അവര്‍ മകനെ ഭീഷണിപ്പെടുത്തി. അങ്ങനെ ഒരു വലിയ, ചെറിയ പ്രശ്നം അവസാനിച്ച് ശിഷ്യന്‍ ക്ലാസ്സിലിരുന്ന് പഠിക്കാന്‍ തുടങ്ങി.
…
...
രണ്ട് ദിവസം കഴിഞ്ഞു, …അന്ന് വൈകുന്നേരം ഞാന്‍ ബസ് കാത്ത് നില്‍ക്കുകയാണ്. ബസ് സ്റ്റോപ്പിന്റെ എതിര്‍ വശത്ത് ആ നാട്ടിലെ റേഷന്‍ കടയാണ്. അതിനു മുന്നില്‍ നീണ്ട ക്യൂ…....ആ ക്യൂവില്‍ ശിഷ്യരും പൂര്‍വ്വ ശിഷ്യരും രക്ഷിതാകളും ഉണ്ട്. നോക്കിയിരിക്കെ പെട്ടന്ന് ഒരു ബഹളം; തുടര്‍ന്ന് പുരുഷന്റെയും സ്ത്രീയുടെയും ഉച്ചത്തിലുള്ള സംസാരം. നമ്മുടെ കള്ളിച്ചെല്ലമ്മ ഡ്യൂപ്ലിക്കേറ്റ് അച്ഛനെ പിടിച്ചു നിര്‍ത്തിയിരിക്കയാണ്. ആ മാന്യന്റെ കുപ്പായത്തില്‍ പിടിച്ച് കൊണ്ട് അവള്‍ ചോദിക്കുന്നു, “എടാ നീ എന്റെ മകന്റെ അച്ഛനാണെന്ന് പറഞ്ഞ് സ്ക്കൂളില്‍ പോയി. അതിനു സമാധാനം നാട്ടുകാരുടെ മുന്നില്‍ വെച്ച് പറയാതെ നിന്നെ വിടുന്ന പ്രശ്നമില്ല…”. …പിന്നെ പറഞ്ഞ തെറികള്‍ കേള്‍ക്കാന്‍ എനിക്കു ധൈര്യം വന്നില്ല. എന്റെ നാട്ടിലേക്ക് പോകുന്നതല്ലെങ്കിലും ആദ്യം വന്ന ബസ്സില്‍ കയറി ഞാന്‍ സ്ഥലം വിട്ടു.
good :)
ReplyDeleteഹ ഹ ഹ... അതു കലക്കി. നമ്മുടെ ഡ്യൂപ്ലിക്കേറ്റിന്റ്റെ അവസ്ഥ എന്തായിക്കാണും!!
ReplyDeleteഹ ഹ ഹ...കലക്കന്‍..:)
ReplyDeleteബോള്‍ഡ് ചെയ്യാതെ പോസ്റ്റ് ചെയ്യൂ..
വായിക്കാന്‍ കൂടുതല്‍ സുഖമുണ്ടാകും
very good
ReplyDeletecongrates
..nammude thottadayil oru peedika kkaranund..ayal ...3-4 pravasyam palarudeyum "achanaya" katha orma varunnu... nalla avatharanam..good..
ReplyDelete